ലോക്ഡൗണ്‍ വേളയില്‍  മഹിളാരംഗത്തെ പ്രവര്‍ത്തനങ്ങള്‍

മറിയം ധാവ്ളെ

 

രണ്ടുമാസത്തെ പറഞ്ഞറിയിക്കാനാകാത്ത ക്ലേശങ്ങളും ദുരിതങ്ങളും, ആകെ താറുമാറായ ജീവിതവും ഉപജീവനവും, തുറിച്ചുനോക്കുന്ന കൊടും പട്ടിണി, കയ്യില്‍ ചില്ലിക്കാശില്ല, രക്ഷപെടാന്‍ യാതൊരു മാര്‍ഗവുമില്ല. ഇങ്ങനെ സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഒട്ടനവധിയാണ്. എന്നിട്ടും  ലോക്ഡൗണ്‍ വേളയില്‍  2020 ജൂണ്‍ 1ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ആഹ്വാനംചെയ്ത രാജ്യവ്യാപക പ്രക്ഷോഭത്തില്‍ സ്ത്രീകള്‍ വലിയതോതില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയുണ്ടായി. ജൂണ്‍ 3 വരെ ലഭിച്ച റിപ്പോര്‍ട്ടുകളനുസരിച്ച്, 20 സംസ്ഥാനങ്ങളിലെ 253 ജില്ലകളിലെ 3,445 കേന്ദ്രങ്ങളിലായി 43,000ത്തിലേറെ വനിതകള്‍ പങ്കെടുത്തു. 


പോസ്റ്ററുകളും പ്ലക്കാഡുകളും കയ്യിലേന്തി സ്ത്രീകള്‍ ഇങ്ങനെ മുദ്രാവാക്യങ്ങളുയര്‍ത്തി:


1. ലോക്ഡൗണ്‍ ആരംഭിച്ചതുമുതല്‍ പ്രതിമാസം 7500 രൂപ ഇന്‍കംടാക്സ് അടയ്ക്കാത്ത എല്ലാവരുടെയും അക്കൗണ്ടുകളിലേക്ക് അടിയന്തരമായും നല്‍കുക. 2. ആവശ്യമായ എല്ലാവര്‍ക്കും മാസംതോറും 10 കിലോ അരിവീതം 6 മാസത്തേക്ക് സൗജന്യമായി നല്‍കുക. 3. എല്ലാ അവശ്യ സാധനങ്ങളും പൊതുവിതരണ സമ്പ്രദായം വഴി സൗജന്യമായി നല്‍കുക. 4. തൊഴില്‍ ആവശ്യമായ എല്ലാവര്‍ക്കും തൊഴിലുറപ്പു പദ്ധതി (എംഎന്‍ആര്‍ഇജിഎ) വഴി 200 ദിവസം തൊഴില്‍ നല്‍കുക. 5. ടൗണ്‍ പഞ്ചായത്ത് പ്രദേശങ്ങളിലും തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുക. 6. നഗരപ്രദേശങ്ങളിലെ തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ പ്രദാനംചെയ്യുന്ന നഗര തൊഴിലുറപ്പ് പദ്ധതി (ഡൃയമി ഋാുഹീ്യാലിേ ഏൗമൃമിലേല ടരവലാല) അടിയന്തരമായും ആരംഭിക്കുക. 7. അനാവശ്യ ഗര്‍ഭധാരണം തടയുന്നതിന് സൗജന്യ ഗര്‍ഭനിരോധനമാര്‍ഗങ്ങള്‍ പ്രദാനംചെയ്യുന്നത് ഉറപ്പാക്കുക. സിഎഎ-എന്‍ ആര്‍ സി-എന്‍പിആര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ ചുമത്തിയ വ്യാജ കേസുകളിന്‍മേലുള്ള വിവേചനപരമായ അറസ്റ്റുകള്‍ അവസാനിപ്പിക്കുക. 10 വ്യാജകേസുകള്‍ ചുമത്തി ജയിലിലടച്ച ആക്ടിവിസ്റ്റുകളെ വിട്ടയയ്ക്കുക. 11. അതിക്രമങ്ങള്‍ക്കിരയായവര്‍ക്കെല്ലാം പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കുക.


ത്രിപുരയിലെ 
അടിച്ചമര്‍ത്തല്‍ നടപടികള്‍


ത്രിപുരയിലും അഗര്‍ത്തലയിലും വനിതാ പ്രക്ഷോഭകര്‍ക്കുനേരെയുണ്ടായ പൊലീസ് നിഷ്ഠൂരതകളെ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ ശക്തിയായി അപലപിച്ചു. ഇരുന്നൂറോളം സ്ത്രീകള്‍ മേളാര്‍മതില്‍ ഒത്തുചേര്‍ന്ന് സമാധാനപരമായാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ത്രിപുരയിലെ ബിജെപി ഗവണ്‍മെന്‍റ് പൊലീസ് സേനയെ വലിയതോതില്‍ പ്രതിഷേധം നടക്കുന്ന സ്ഥലത്തേക്കയക്കുകയും പ്രതിഷേധിക്കാനുള്ള സ്ത്രീകളുടെ ജനാധിപത്യപരമായ അവകാശത്തെ തടയാന്‍ ശ്രമിക്കുകയും ചെയ്തു. അവര്‍ സ്ത്രീകളെ ആക്രമിച്ചു. അതില്‍ ചിലര്‍ക്ക് പരിക്കേറ്റു. മഹിളാ അസോസിയേഷന്‍ ലോക്കല്‍കമ്മിറ്റി സെക്രട്ടറിക്കും സബ്ഡിവിഷണല്‍ കമ്മിറ്റി അംഗത്തിനും സാരമായി പരിക്കേറ്റു. എന്നിട്ടും മഹിളാ അസോസിയേഷന്‍റെ എല്ലാ നേതാക്കളും പ്രക്ഷോഭത്തിലുണ്ടായിരുന്ന വനിതകളും പൊലീസ് നിഷ്ഠുരതയ്ക്കെതിരെ ചെറുത്തുനിന്നതുമൂലം പൊലീസിനെ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. പ്രതിഷേധത്തിനുശേഷം. ഭാനുഘോഷ് സ്മൃതിഭവനില്‍ യോഗം ചേരുകയുണ്ടായി. 
ഉയര്‍ത്തപ്പെട്ട പ്രശ്നങ്ങള്‍


2020 മാര്‍ച്ചുമുതല്‍ ആരംഭിച്ച കോവിഡ് ലോക്ഡൗണ്‍ ഘട്ടത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളിലും മഹിളാ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റികള്‍ മുന്‍നിരയിലായിരുന്നു. ഈ ദുരിതാശ്വാസ പ്രര്‍ത്തനത്തിന്‍റെ ഘട്ടത്തില്‍ സ്ത്രീകളുടെ പരിതാപകരമായ അവസ്ഥ വെളിവാക്കപ്പെട്ടു. അരികുവല്‍കൃതരും ദുര്‍ബലരുമായ കുടുംബങ്ങള്‍ക്കും അതുപോലെ സ്വയംസഹായ സംഘങ്ങളിലെ സ്ത്രീകള്‍ക്കും, ഗാര്‍ഹിക-വീടധിഷ്ഠിത തൊഴിലുകളിലേര്‍പ്പെട്ടിരുന്നവര്‍ക്കും മറ്റും തൊഴിലും ഉപജീവനവും നഷ്ടമായതുമെല്ലാംനിത്യവൃത്തി കഴിച്ചുകൂട്ടുന്നതിന് അവരെ കടക്കാരാക്കിമാറ്റി. മിക്ക സംസ്ഥാനങ്ങളിലും സൗജന്യറേഷന്‍ വിതരണം നടന്നെങ്കിലും എല്ലാ സ്ത്രീകള്‍ക്കും അത് ലഭിക്കുകയുണ്ടായില്ല. റേഷന്‍കാര്‍ഡില്ലാത്ത സ്ത്രീകള്‍ക്ക് ഒന്നും കിട്ടിയുമില്ല. ചിലയിടങ്ങളില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുന്നതായി ഞങ്ങള്‍ക്ക് അറിവു ലഭിച്ചിരുന്നു. അവശ്യസാധനങ്ങള്‍ക്ക് ക്ഷാമം നേരിടുകയും അവയുടെ വില കുതിച്ചുയരുകയും ചെയ്തു. പാവപ്പെട്ടവര്‍ക്ക് പാചകവാതക സിലിണ്ടര്‍ വീണ്ടും കിട്ടുന്നത് അപ്രാപ്യമായി. ഉജ്ജ്വലയുടെ ഗുണഭോക്താക്കളില്‍ ദരിദ്രവിഭാഗത്തില്‍പ്പെട്ട എല്ലാവരും ഉള്‍പ്പെടുത്തപ്പെടാത്തതിനാല്‍, ഈ പ്രതിസന്ധിഘട്ടത്തില്‍ പിടിച്ചുനില്‍ക്കുന്നതിനായി സൗജന്യ റേഷനോടൊപ്പം ഗ്യാസ് സിലിണ്ടറുകള്‍കൂടി സൗജന്യമായി വിതരണംചെയ്യണം. നിലവിലെ സാഹചര്യം പട്ടിണി വര്‍ധിപ്പിക്കുന്നതിലേക്ക് നയിക്കും.
ബഹുഭൂരിപക്ഷം തൊഴിലാളികളുടെയും ഉപജീവനം നഷ്ടമായത് കുടുംബങ്ങളുടെ ബുദ്ധിമുട്ട് ഇരട്ടിയാകുന്നതിലൂടെ സ്ത്രീകളുടെ ഭാരം ഗണ്യമായി വര്‍ധിക്കുന്നതിനിടയാക്കി. നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന കുടിയേറ്റത്തൊഴിലാളികളുടെ ദയനീയമായ അവസ്ഥയും ഭരണകൂടത്തിന്‍റെയും പൊലീസിന്‍റെയും സ്ത്രീകളോടുള്ള വിവേകശൂന്യമായ പെരുമാറ്റവും അങ്ങേയറ്റം വേദനാജനകമാണ് മാസങ്ങളായി നാം ഇത് കണ്ടുകൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയിലെ പ്രതിസന്ധി രൂക്ഷമായത് കര്‍ഷക സ്ത്രീകളെയും കര്‍ഷകത്തൊഴിലാളി സ്ത്രീകളെയും-അവരില്‍ ഭൂരിഭാഗത്തിനും തൊഴിലില്ലാതെയായി-ദോഷകരമായി ബാധിച്ചിരിക്കുകയാണ്. 


ദരിദ്രരായ സ്ത്രീകളെ, വളരെ എളുപ്പത്തില്‍ ലഭിക്കുമെന്ന് പ്രലോഭിപ്പിച്ച് വലിയ പലിശയ്ക്ക് ലോണുകള്‍ നല്‍കിയ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ (ങഎക) വായ്പാ തിരിച്ചടവിന് സമ്മര്‍ദം ചെലുത്തുകയാണ്. ഗവണ്‍മെന്‍റിന് ഈ മൈക്രോഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കുമേല്‍ യാതൊരു മേല്‍നോട്ടവുമില്ല. വായ്പകള്‍ തിരിച്ചുപിടിക്കുന്നതും വായ്പയെടുത്തവരെ പീഡിപ്പിക്കുന്നതും അടിയന്തരമായും അവസാനിപ്പിക്കണം. 


നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ സൗകര്യങ്ങളൊന്നും സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. ഗര്‍ഭിണികളായ സ്ത്രീകളെ ആശുപത്രികളില്‍നിന്നും പറഞ്ഞുവിട്ട നിരവധി സംഭവങ്ങളുണ്ടായി. ഗര്‍ഭഛിദ്രം നടത്താനുള്ള സൗകര്യമില്ലാത്തതിനാല്‍ സ്ത്രീകള്‍ അനാവശ്യ ഗര്‍ഭംധരിക്കാന്‍ നിര്‍ബന്ധിതരാകും. 


ജനങ്ങള്‍ക്ക് ഭക്ഷണവും ജോലിയും നല്‍കാനുള്ള ഉത്തരവാദിത്വം നിര്‍വഹിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു; ജനങ്ങളെ പ്രത്യേകിച്ച് സ്ത്രീകളെ അതിക്രമങ്ങളില്‍നിന്നും രക്ഷിക്കുന്നതിലും സര്‍ക്കാര്‍ പരാജയപ്പെട്ടു. പ്രധാനമന്ത്രി മോഡിയുടെ പ്രസംഗങ്ങളിലൊന്നും ഈ ആശങ്കകള്‍ പ്രകടിപ്പിച്ചിട്ടില്ല. ദേശത്തോടുള്ള അദ്ദേഹത്തിന്‍റെ അഭിസംബോധനകള്‍ പൊള്ളത്തരങ്ങളുടെ ഒരു പരമ്പരയാണ്; അദ്ദേഹത്തിന്‍റെ പാക്കേജുകളെല്ലാം കാപട്യവും മിഥ്യയുമാണ്. 


മാതൃകാപരമായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍


സെന്‍റര്‍-അഖിലേന്ത്യാ മഹിളാ അസോസിയേഷന്‍ സെന്‍റര്‍ നാല് മെമ്മോറാണ്ഡങ്ങള്‍ പ്രധാനമന്ത്രിക്കും ഒന്നുവീതം ധനകാര്യ- ആരോഗ്യ മന്ത്രിമാര്‍ക്കും നല്‍കി. സ്ത്രീകള്‍ നേരിടുന്ന നിലവിലെ പ്രശ്നങ്ങളെ സംബന്ധിച്ചും മോഡി ഗവണ്‍മെന്‍റ് വിദ്യാര്‍ഥികളായ പെണ്‍കുട്ടികള്‍ക്കുമേല്‍ വ്യാജവും കെട്ടിച്ചമച്ചതുമായ കുറ്റംചുമത്തി അവരെ അറസ്റ്റുചെയ്തതുസംബന്ധിച്ചും പത്രപ്രസ്താവന ഇറക്കി. മറ്റു വനിതാ സംഘടനകളുമായി ചേര്‍ന്നുകൊണ്ട് ഓണ്‍ലൈന്‍ പ്രതിഷേധം സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. സംഘടനയെ സജീവമായി നിലനിര്‍ത്തുന്നതിനും സര്‍ക്കാരിന്‍റെ പരാജയങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനും സോഷ്യല്‍മീഡിയ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളും നടന്നു. 


കേന്ദ്ര സെക്രട്ടറിയറ്റിന്‍റെ രണ്ടുമണിക്കൂര്‍ യോഗം മെയ് 25ന് നടന്നു; 30 കേന്ദ്ര സെക്രട്ടറിയറ്റ് അംഗങ്ങളില്‍ 28 പേര്‍ പങ്കെടുത്തു. ജൂണ്‍ 1ന് രാജ്യവ്യാപകമായി യൂണിറ്റുതലത്തിലുള്ള പ്രതിഷേധത്തിന് ആഹ്വാനംചെയ്യുകയും  പശ്ചിമബംഗാളില്‍ ചുഴലിക്കാറ്റ് ബാധിച്ചവര്‍ക്ക് 5 ലക്ഷം രൂപ സമാഹരിക്കുവാന്‍ ആഹ്വാനംചെയ്യുക തുടങ്ങി നിരവധി തീരുമാനങ്ങളെടുത്തു. വനിതകള്‍ക്കിടയില്‍ ഞങ്ങളുടെ കാഴ്ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നതിനും അവ ജനകീയമാക്കുന്നതിനും വ്യത്യസ്ത വിഷയങ്ങളില്‍ നിലകൊള്ളുന്നതിനുമായി ഇംഗ്ലീഷിലും ഹിന്ദിയിലും എഐഡിഡബ്ല്യുഎയുടെ ഒരു ഓണ്‍ലൈന്‍ വാര്‍ത്താകുറിപ്പ് കൊണ്ടുവരാന്‍ തീരുമാനിച്ചു. ഗാര്‍ഹികജോലി ചെയ്യുന്നവരുടെ അവസ്ഥ മനസ്സിലാക്കുന്നതിനായി എല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ സര്‍വെ നടത്തും. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കും. 


കേരളം: സംസ്ഥാനത്തെ ഓരോ എഐഡിഡബ്ല്യുഎ യൂണിറ്റും 100 രൂപ വീതം സമാഹരിച്ച് മൊത്തം 20 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനനല്‍കി. "ബ്രേക്ക് ദി ചെയിന്‍" പ്രതിരോധ പ്രവര്‍ത്തനത്തില്‍ മഹിളാ അസോസിയേഷന്‍ യൂണിറ്റുകളും വില്ലേജ് കമ്മിറ്റികളും സജീവമായി പങ്കെടുത്തു. വില്ലേജ് കമ്മിറ്റികള്‍ പ്രധാന കവലകള്‍തോറും 'കൈകഴുകല്‍' കേന്ദ്രങ്ങള്‍ ക്രമീകരിച്ചു. 6,62,778 മാസ്കുകള്‍ തയ്ച്ച് പൊതുജനങ്ങള്‍ക്ക് വിതരണംചെയ്തു. വനിതാ പ്രവര്‍ത്തകര്‍ പൊതുജനങ്ങളില്‍നിന്ന് ഭക്ഷ്യധാന്യങ്ങള്‍ ശേഖരിച്ച് അവ സമൂഹ അടുക്കളകള്‍ക്ക് കൈമാറി. മാത്രമല്ല, ഭക്ഷണം തയ്യാറാക്കാനും അവ ആവശ്യക്കാര്‍ വിതരണംചെയ്യാനും സഹായിച്ചു. 


സുശീലാഗോപാലന്‍റെപേരില്‍ ഓണ്‍ലൈന്‍ സ്കൂള്‍ വിദ്യാഭ്യാസ പരിപാടികള്‍ ആരംഭിക്കുകയും ഇതുവരെ അഞ്ച് ക്ലാസുകള്‍ സംഘടിപ്പിക്കുകയും ചെയ്തു. യൂണിറ്റുതലത്തിലുള്ള ക്ലാസുകള്‍ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ നടക്കുന്നു. സംസ്ഥാനകമ്മിറ്റി, അതിന്‍റെ ഫേസ്ബുക്ക് പേജില്‍ 22 തല്‍സമയ പരിപാടി നടത്തി. മൊത്തം 2,500 അംഗങ്ങളുള്ള വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ കണ്ണൂര്‍ ജില്ലാകമ്മിറ്റി "ബ്രോഡ്ബാന്‍ഡ് ടെലികാസ്റ്റ് സിസ്റ്റം" ആരംഭിച്ചു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം ഏരിയ കമ്മിറ്റി "അറിയാത്ത അക്ഷരങ്ങള്‍" എന്നപേരില്‍ ഒരു ഡിജിറ്റല്‍ മാഗസിന്‍ പ്രസിദ്ധീകരിച്ചു. ഗാര്‍ഹികാതിക്രമങ്ങള്‍ക്കെതിരെ എല്ലാ ജില്ലകളിലും ഓണ്‍ലൈന്‍ ഹെല്‍പ് ഡെസ്കുകള്‍ ആരംഭിച്ചു. 


    കേരളത്തിലെ എല്ലാഭാഗത്തും വെറുതെ കിടക്കുന്ന ഭൂമിയില്‍ കൃഷിനടത്തുന്നതിനായുള്ള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ "സുഭിക്ഷ" പരിപാടിയുടെ ഭാഗമായി, എല്ലാ യൂണിറ്റ് കമ്മിറ്റികളും ഓരോ വീട്ടിലും അടുക്കളത്തോട്ടം ആരംഭിക്കുന്നതിന്‍റെ ഭാഗമായി പച്ചക്കറി വിത്തുകളും വൃക്ഷത്തൈകളും നട്ടു. കോഴിക്കോടു ജില്ലയിലെ രണ്ട് വില്ലേജ് കമ്മിറ്റികള്‍ ഈ പരിപാടിയുടെ ഭാഗമായി 5 ഏക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചു. 


പശ്ചിമബംഗാള്‍: പശ്ചിമബംഗാളിലെ ജനങ്ങള്‍ക്ക് സൗജന്യ റേഷന്‍ ലഭിക്കുന്ന എഐഡിഡബ്ല്യുഎ ഫലപ്രദമായി ഇടപെട്ടു. തൃണമൂലുകള്‍ റേഷനുകളെല്ലാം നിയമവിരുദ്ധമായി അടിച്ചെടുത്തതിനാല്‍ ജനങ്ങള്‍ക്ക് ലഭിച്ചില്ല. മിക്കവാറും എല്ലാ ജില്ലകളിലെയും എഐഡിഡബ്ല്യു പ്രതിനിധികള്‍ സൗജന്യ റേഷന്‍ വിതരണത്തിനായി ജില്ലാ മജിസ്ട്രേട്ടുമാരെ കണ്ടു. പ്രക്ഷോഭത്തെതുടര്‍ന്ന് റേഷന്‍ വിതരണം വിജയകരമായി നടന്നു. എല്ലാ ജില്ലകളിലുമായി 41,734 പേര്‍ക്ക് ഭക്ഷ്യസാധനങ്ങളും, മാസ്ക്, സോപ്പ്, സാനിറ്റൈസര്‍, നാപ്കിന്‍ തുടങ്ങിയവയും വിതരണംചെയ്തു.


    മിക്കവാറും എല്ലാ ജില്ലകളിലും സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിച്ചു. നൂറുകണക്കിന് അഗതികള്‍ക്ക് ധനസഹായം നല്‍കി. ഉച്ചഭക്ഷണപദ്ധതിയും ഐസിഡിഎസ് സെന്‍ററുകളും പ്രവര്‍ത്തനം നിര്‍ത്തിവെച്ചതിനാല്‍ ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് ഒരുമാസത്തേക്കുള്ള ഭക്ഷ്യശേഖരം നല്‍കി. എടുക്കേണ്ട മുന്‍കരുതലുകളെയും ആരോഗ്യനിര്‍ദേശങ്ങളെയുംപറ്റി അവബോധം വനിതാ പ്രവര്‍ത്തകര്‍ ജനങ്ങളില്‍ സൃഷ്ടിക്കുന്നു. ഒറ്റപ്പെട്ടുപോയ ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളുമായി ആശയവിനിമയം നടത്തി. ഭക്ഷണത്തോടൊപ്പം വസ്ത്രങ്ങളും അവര്‍ക്ക് നല്‍കി. ഡോകടര്‍മാര്‍, നഴ്സുമാര്‍, ആശാപ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍, ശുചീകരണത്തൊഴിലാളികള്‍ തുടങ്ങിയവരുടെ സംരക്ഷണത്തിനായുള്ള ആരോഗ്യ ഉപകരണങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. മറ്റു സംഘടനകളുമായി ചേര്‍ന്നുകൊണ്ട് നഗരങ്ങളിലെ ചേരികളിലും ചുവന്ന തെരുവുകളിലും ദുരിതാശ്വാസമെത്തിച്ചു. സമൂഹ അടുക്കളകള്‍വഴി നഗരചേരികളിലെ കൂടുതല്‍ ദുരിതബാധിതര്‍ക്ക് ആശ്വാസമെത്തിച്ചു. ഇപ്പോള്‍ എഐഡിഡബ്ല്യുഎ മറ്റ് സഹോദര സംഘടനകളുമായി ചേര്‍ന്ന് പശ്ചിമബംഗാളിലെ ചുഴലിക്കാറ്റ്ബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. 


ആന്ധ്രപ്രദേശ്: എഐഡിഡബ്ല്യുഎ പ്രതിഷേധം സംഘടിപ്പിച്ചതുവഴി, സീറോ ഇന്‍ററസ്റ്റ് സ്കീംവഴി സ്വയംസഹായ സംഘങ്ങള്‍ക്ക് 1,400 കോടി രൂപ ഗവണ്‍മെന്‍റ് അനുവദിച്ചു. 


റിസര്‍വ്ബാങ്ക് നിര്‍ദേശമനുസരിച്ച് ലോണ്‍ തിരിച്ചടവിന് സ്വയംസഹായ സംഘങ്ങള്‍ക്കുമേല്‍ സമ്മര്‍ദംചെലുത്തരുതെന്ന് ബാങ്കുകള്‍ക്കും എസ്ഇആര്‍പിയ്ക്കും (ടീരശല്യേ ളീൃ ഋഹശാശിമശേീി ീള ജീ്ലൃ്യേ)  നിര്‍ദേശം നല്‍കപ്പെട്ടു. മുഖ്യമന്ത്രിക്കും ലീഡ്ബാങ്ക് മാനേജര്‍ക്കും മെമ്മോറാണ്ഡം നല്‍കി. 5000ത്തിലേറെ സ്വയംസഹായ സംഘങ്ങളിലെ വനിതകള്‍ അവരുടെ ആവശ്യങ്ങളുന്നയിച്ച് ബന്ധപ്പെട്ട മന്ത്രിമാര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു. 


തെലങ്കാന: 7,04,000 രൂപ വിലയുള്ള അരിയും 36,90,000 രൂപ വിലവരുന്ന പച്ചക്കറികളും 10,000 മാസ്കുകളും എഐഡബ്ല്യുഎ 18 ജില്ലകളിലായി വിതരണംചെയ്തു. കുടിയേറ്റത്തൊഴിലാളികള്‍ക്ക് ഉച്ചഭക്ഷണവും പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സാനിറ്റൈസറുകളും വിതരണംചെയ്തു. മദ്യഷോപ്പുകള്‍ തുറക്കുന്നതിനെതിരെ വ്യാപകമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചു. 


തമിഴ്നാട്: 23 ജില്ലകളിലായി 16,78,300 രൂപ വിലവരുന്ന പലവ്യഞ്ജനങ്ങളും പച്ചക്കറികളും മാസ്കുകളും എഐഡിഡബ്ല്യുഎ വിതരണംചെയ്തു. ഈ ഗണ്യമായ സംഭാവന ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായി. മിക്ക കേന്ദ്രങ്ങളിലും മദ്യവിരുദ്ധ പ്രക്ഷോഭം നടത്തിയത് ചില ഷോപ്പുകള്‍ അടയ്ക്കാന്‍ നിര്‍ബന്ധിതമാക്കി. പുരോഗമന നേതാക്കളുടെയും ബുദ്ധിജീവികളുടെയും പ്രഭാഷണങ്ങള്‍ ഫേസ്ബുക്കിലൂടെ സംഘടിപ്പിച്ചു.


മറ്റു സംസ്ഥാനങ്ങള്‍: മിക്ക സംസ്ഥാനങ്ങളിലും എഐഡിഡബ്ല്യുഎ വലിയതോതിലുള്ള പ്രവര്‍ത്തനമാണ് നടത്തിയത്, പ്രത്യേകിച്ച് പട്ടിണിയും ദാരിദ്ര്യവും അനുഭവിക്കുന്ന കുടുംബങ്ങള്‍ക്കുവേണ്ടി അവശ്യസാധനങ്ങളടങ്ങിയ ലക്ഷക്കണക്കിന് കിറ്റുകളാണ് വിവിധ സംസ്ഥാനങ്ങളില്‍ വിതരണം നടത്തിയത്. മിക്ക സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാര്‍ക്ക് മെമ്മോറാണ്ഡം നല്‍കി. വലിയൊരു വിഭാഗം വരുന്ന പ്രവര്‍ത്തകരാണ് പാകംചെയ്ത ഭക്ഷണം, റേഷന്‍, മറ്റ് അവശ്യ ഇനങ്ങള്‍, സാനിറ്ററി പാഡുകള്‍ എന്നിവ ശേഖരിക്കുന്നതിലും അവ വിതരണംചെയ്യുന്നതിലും പങ്കാളികളായത്. ചില സംസ്ഥാനങ്ങളില്‍ ലോക്കല്‍ കമ്മിറ്റികള്‍ സമൂഹ അടുക്കളകള്‍ പ്രവര്‍ത്തിപ്പിച്ചു. രാജ്യത്തെ മിക്കയിടങ്ങളിലും സഹോദരസംഘടനകളുമായി ചേര്‍ന്ന് കുടിയേറ്റത്തൊഴിലാളികള്‍ക്ക് സഹായമേകി. ദുരിതത്തില്‍പെട്ട സ്ത്രീകളെയും ഗാര്‍ഹികപീഡനത്തിനിരയാകുന്നവരെയും സഹായിക്കുന്നതിനായി വിവിധ സംസ്ഥാനങ്ങളിലെ മിക്ക ജില്ലകളിലും ഹെല്‍പ്ലൈനുകള്‍ക്ക് രൂപംനല്‍കി. ഓണ്‍ലൈന്‍ മീറ്റിങ്ങുകളും ക്ലാസുകളും സംഘടിപ്പിക്കുന്നതിന് ആവേശപൂര്‍വം ശ്രമങ്ങള്‍ നടത്തി. തത്സമയ അഭിമുഖങ്ങള്‍, സംഭാഷണങ്ങള്‍, ചര്‍ച്ചകള്‍ എന്നിവയ്ക്കായി സംസ്ഥാനതല ഫേസ്ബുക്ക് പേജുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.