ധീരോദാത്തമായ വര്‍ളികലാപം

പീപ്പിള്‍സ് ഡെമോക്രസി

വര്‍ളികളുടെ ജനകീയ മുന്നേറ്റത്തിന്‍റെ അടിസ്ഥാന കാരണം ക്രൂരന്മാരായ ഭൂപ്രഭുക്കള്‍ അവരെ അടിച്ചമര്‍ത്തിയിരുന്നതിലും അവരുടെ ദുരിതജീവിതത്തിന്‍റെ ദുസ്സഹമായ അവസ്ഥയിലുമാണ് തിരയേണ്ടത്. ഒരു നൂറ്റാണ്ടിലേറെയായി ഈ അവസ്ഥകളില്‍പെട്ട് അവര്‍ നരകിക്കുകയായിരുന്നു- ഈ അവസ്ഥയോട് അവര്‍ മടുത്തിരുന്നു; അതവര്‍ വെറുത്തിരുന്നു; എന്നാല്‍ ഭയവും നിസ്സഹായതയും അവരുടെ ഉള്ളിലെ രോഷാഗ്നിയെ തളര്‍ത്തിയിരുന്നു. കടുത്ത നിരാശയിലായിരുന്നു അവര്‍ ജീവിതം തള്ളിനീക്കിയത്; തങ്ങളുടെ അടിമത്തത്തിന് അറുതി വരുത്താന്‍ അവര്‍ തക്കം പാര്‍ത്തിരിക്കുകയായിരുന്നു; എന്നാല്‍ എങ്ങനെ അത് ചെയ്യാനാകുമെന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിലുള്ള കിസാന്‍ സഭയുടെ കടന്നുവരവ് ഈ കുറവ് നികത്തി. വര്‍ളികളുടെ വിമോചന പ്രക്ഷോഭം 1945 മെയ് മാസത്തില്‍ ആരംഭിച്ചു; അടിയാളത്തത്തിനെതിരായ കലാപത്തിന്‍റെ ചുവപ്പ് ബാനര്‍ അന്നാണവര്‍ ഉയര്‍ത്തിയത്. ഗോദാവരി പരുലേക്കറും അവരുടെ ഭര്‍ത്താവ് ശ്യാമറാവു പരുലേക്കറും വര്‍ളികളെ ഉത്തേജിതരാക്കാനും സംഘടിപ്പിക്കാനും അക്ഷീണം പ്രവര്‍ത്തിച്ചു.


ആദിവാസി കര്‍ഷകരില്‍ ഭൂരിപക്ഷവും വര്‍ളികളായിരുന്നു; അവര്‍ താനെ ജില്ലയിലെ ഉംബര്‍ഗാവ്, ദഹാനു, പാല്‍ഘര്‍, ജവഹര്‍ താലൂക്കുകളില്‍ അവിടവിടെയായിട്ടാണ് പാര്‍ത്തിരുന്നത്. സമ്പന്നരായ ഭൂപ്രഭുക്കളും പലിശക്കാരും തുച്ഛമായ തുകയ്ക്ക് അവരില്‍ നിന്ന് ഭൂമി തട്ടിയെടുത്തിരുന്നു. ക്രമേണ അവര്‍ അതേ ഭൂമിയില്‍ തന്നെ കുടിയാന്മാരായി പാര്‍പ്പുറപ്പിക്കുകയായിരുന്നു; ഉല്‍പ്പന്നത്തിന്‍റെ പകുതി പാട്ടമായി നല്‍കണമായിരുന്നു; അതിനുപുറമേ ഭൂപ്രഭുക്കളുടെ ഭൂമിയില്‍ കൂലിയില്ലാതെ വേല ചെയ്യേണ്ടതായും വന്നു. അടിയാളരായാണ് അവര്‍ ജീവിച്ചത്. ഭൂപ്രഭുക്കളില്‍ ചിലര്‍ക്ക് പുല്‍മേടുകള്‍ സ്വന്തമായുണ്ടായിരുന്നു; ചിലര്‍ വനം കരാറുകാരായും പ്രവര്‍ത്തിച്ചിരുന്നു; ആദിവാസി കര്‍ഷകരെ അവര്‍ തുച്ഛമായ കൂലിയ്ക്ക് പണിയെടുപ്പിച്ചിരുന്നു. വേത്ത് അഥവാ നിര്‍ബന്ധിത ജോലി (അടിമപ്പണി) വ്യാപകമായിരുന്നു. പണിയില്ലാത്ത സീസണില്‍ ആദിവാസി കര്‍ഷകര്‍ ഭൂപ്രഭുക്കളില്‍നിന്ന് ഖ്വാദി അഥവാ ڇനെല്ല്വായ്പچ വാങ്ങിയിരുന്നു; അതിനവര്‍ 50 ശതമാനം മുതല്‍ 200 ശതമാനം വരെ ഉല്‍പ്പന്നമായി തന്നെ പലിശയും നല്‍കണമായിരുന്നു.


താനെ ജില്ലയിലെ തിത്ത്വാലഗ്രാമത്തില്‍ വച്ച് 1945ല്‍ മഹാരാഷ്ട്ര കിസാന്‍ സഭയുടെ ആദ്യസമ്മേളനം ചേര്‍ന്നു. ജില്ലയിലെ എല്ലാ താലൂക്കുകളില്‍നിന്നുമുള്ള കര്‍ഷകരുടെ പ്രതിനിധികളെ അണിനിരത്താന്‍ കിസാന്‍സഭ പ്രവര്‍ത്തകര്‍ പദ്ധതിയിട്ടു. സമ്മേളനത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് അവര്‍ ആദ്യമായി 1944 ഡിസംബറില്‍ ഉംബര്‍ഗാവ് താലൂക്കിലെ വര്‍ളികളുമായി ബന്ധപ്പെടുന്നത്.


ആ കാലത്ത് ഭൂപ്രഭുക്കളുടെ ആളുകളും പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തങ്ങളുടെ പ്രവര്‍ത്തന പരിധിക്കുള്ളില്‍ രാജാക്കന്മാരെ പോലെ ആയിരുന്നു. അവരുടെ സാന്നിധ്യത്തില്‍ തുറന്ന് സംസാരിക്കാന്‍ വര്‍ളികള്‍ ഭയപ്പെട്ടിരുന്നു. കിസാന്‍സഭ സംഘടിപ്പിച്ച യോഗങ്ങളിലൊന്നില്‍ ഇത്തരക്കാരെ കണ്ടപ്പോള്‍ യോഗത്തില്‍നിന്ന് പുറത്തേക്ക് പോകാന്‍ നേതാക്കള്‍ അവരോട് കര്‍ക്കശമായി പറഞ്ഞു. കുനിഞ്ഞ തലകളുമായി അവര്‍ക്ക് പുറത്തേക്ക് പോകേണ്ടതായി വന്നു. ഈ നടപടി തുറന്നു സംസാരിക്കാന്‍ വര്‍ളികള്‍ക്ക് ധൈര്യം നല്‍കി; തങ്ങളുടെ അവസ്ഥയെയും തങ്ങള്‍ നേരിടുന്ന ചൂഷണങ്ങളെയുംകുറിച്ചുള്ള അവരുടെ വികാരമാകെ പ്രകടിപ്പിക്കപ്പെട്ടു. തിത്ത്വാലയിലെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തങ്ങളുടെ ചില പ്രതിനിധികളെ അയക്കാമെന്ന് അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, സമ്മേളനത്തിനുശേഷം തങ്ങളെ സഹായിക്കാന്‍ തങ്ങള്‍ക്കൊപ്പം കിസാന്‍സഭാ പ്രവര്‍ത്തകരിലൊരാള്‍ നില്‍ക്കണമെന്ന ഒരു വ്യവസ്ഥ അവര്‍ മുന്നോട്ടുവച്ചു.


തിത്ത്വാല സമ്മേളനത്തില്‍ ഉംബര്‍ഗാവ് താലൂക്കില്‍ നിന്നുള്ള 15 വര്‍ളി പ്രതിനിധികള്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള കര്‍ഷകര്‍ അണിനിരന്നത് വര്‍ളികളെ ആവേശഭരിതരാക്കുകയും അവരില്‍ പരിവര്‍ത്തനം വരുത്തുകയും ചെയ്തു. തങ്ങളുടെ മര്‍ദകരുടെ സാന്നിധ്യം അവരെ ഇനിയൊരിക്കലും ഭയപ്പെടുത്തില്ല എന്നു മാത്രമല്ല അവര്‍ തിരിച്ചടിക്കാന്‍ തുടങ്ങുകയും ചെയ്തു. അവര്‍ തങ്ങള്‍ക്കൊപ്പം കുറച്ച് ചെങ്കൊടികളും കൂടികൊണ്ടുപോയി; തങ്ങളുടെ വഴികാട്ടിയും സുഹൃത്തും തത്ത്വചിന്തകനുമെല്ലാമായാണ് അവര്‍ ചെങ്കൊടിയെ കണ്ടത്.


സമ്മേളനത്തിനായുള്ള പ്രചാരണ പ്രവര്‍ത്തനത്തിനിടയില്‍ കിസാന്‍ സഭയുടെ നേതാക്കള്‍ അടിമപ്പണിയെടുക്കാനുള്ള ഭൂപ്രഭുക്കളുടെ ആവശ്യത്തെ ചെറുക്കാനും അത് നിര്‍ത്തലാക്കാനും വര്‍ളികളെ സഹായിച്ചു. ഈ വിജയങ്ങള്‍ സമരത്തിന്‍റെ ആദ്യഘട്ടം വിജയകരമാക്കി; ചെറുത്തുനില്‍പ്പിനുള്ള ആവേശം ഉയര്‍ത്തി; ശത്രുവിനെ തങ്ങള്‍ക്ക് അനായാസം പരാജയപ്പെടുത്താന്‍ കഴിയുമെന്ന് വര്‍ളികളില്‍ ആത്മവിശ്വാസം വളര്‍ത്തി. ഒരു പുതിയ ഉണര്‍വും പുതിയൊരു ബോധവും ജനിച്ചു.


കിസാന്‍സഭ സമ്മേളനം അടിയാളത്ത സമ്പ്രദായവും അടിമവേലയും അവസാനിപ്പിക്കുന്നതിനുള്ള അടിയന്തര പരിപാടി അംഗീകരിച്ചു. മുഖ്യവും ലളിതവുമായ നാല് മുദ്രാവാക്യങ്ങള്‍ക്ക് അത് രൂപം നല്‍കി (ശ) ദിവസക്കൂലി പണമായി നല്‍കുന്നില്ലെങ്കില്‍ ഭൂപ്രഭുവിന്‍റെ സ്വകാര്യഭൂമി കൃഷി ചെയ്യരുത്; (ശശ) ഭൂപ്രഭുവിന് വേണ്ടി ഒരു സൗജന്യ സേവനവും ചെയ്യരുത്; (ശശശ) ഭൂപ്രഭു നിങ്ങളെ ആക്രമിച്ചാല്‍ ചെറുത്തു നില്‍ക്കുക; (ശ്) നിങ്ങള്‍ ഒറ്റക്കെട്ടായിരിക്കണം.


നിര്‍ബന്ധിത ജോലി ചെയ്യാനുള്ള ഭൂപ്രഭുക്കളുടെ ആവശ്യത്തെ ചെറുക്കുന്നത് സമ്മേളനം സമാപിച്ച ആ നിമിഷം തന്നെ ആരംഭിച്ചു. സമ്മേളനം സമാപിച്ച് 24 മണിക്കൂറിനുള്ളില്‍ സമ്മേളനത്തിന്‍റെ സന്ദേശവും മുദ്രാവാക്യവും മുക്കിലും മൂലയിലുംവരെ എത്തി. വര്‍ളികള്‍ 100 ശതമാനവും ഐക്യം ഊട്ടിയുറപ്പിച്ചു. ചെറുത്തുനില്‍പ്പ് അനായാസം വ്യാപകമായി; അതിവേഗം അത് കരുത്താര്‍ജിക്കുകയും ചെയ്തു; അങ്ങനെ മൂന്നുമാസത്തിനുള്ളില്‍ നിര്‍ബന്ധിത ജോലി (അടിമപ്പണി) ഭൂതകാല സംഭവമായി മാറി.


ഈ വിജയത്തോടെ, അടിയളാത്ത സമ്പ്രദായം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനവുമായി വര്‍ളികള്‍ മുന്നോട്ടുപോയി. ഭൂപ്രഭുക്കളുടെ ഭൂമിയില്‍ സൗജന്യമായി കൃഷി ചെയ്യാന്‍ അവര്‍ വിസമ്മതിച്ചു; കൃഷി ചെയ്യണമെന്നുമുണ്ടെങ്കില്‍ കിസാന്‍ സഭ നിശ്ചയിച്ച നിരക്കില്‍ കൂലി നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഈ കടന്നാക്രമണം ഉംബര്‍ഗാവിലാകെ അതിവേഗം ചുഴലിക്കൊടുങ്കാറ്റിന്‍റെ കരുത്താര്‍ജിച്ചു; ഭൂപ്രഭുക്കള്‍ മുട്ടുമടക്കി. അടിയാള സമ്പ്രദായം നിര്‍മാര്‍ജനം ചെയ്യപ്പെട്ടു.


ഉംബര്‍ഗാവ് വര്‍ളികളുടെ വിജയകരമായ മുന്നേറ്റത്തിന്‍റെ വാര്‍ത്ത അതിര്‍ത്തികള്‍ കടന്ന് ദഹാനുവരെയെത്തി. കിസാന്‍ സഭയ്ക്കുവേണ്ടി കാത്തിരിക്കാതെ തന്നെ, നിത്യേന പൊതുയോഗങ്ങള്‍ ചേര്‍ന്നുകൊണ്ട് അവര്‍ തങ്ങളുടെ പ്രക്ഷോഭം ആരംഭിച്ചു. കിസാന്‍സഭാ പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോള്‍ ആ പ്രദേശമാകെ അതിഭീമമായ, ശക്തമായ ഒരു ബഹുജന മുന്നേറ്റത്തിന്‍റെ പിടിയില്‍പെട്ടതായി കണ്ട് അവര്‍ അത്ഭുതപ്പെട്ടു.


ചെങ്കൊടി പ്രസ്ഥാനത്തെ തങ്ങളുടെ വിമോചന പ്രസ്ഥാനമായാണ് വര്‍ളികള്‍ കണ്ടത്; കടക്കെണിയില്‍ അടിമകളാക്കപ്പെട്ടവരുടെ മോചനം അതിന്‍റെ അവിഭാജ്യഭാഗമായും തിരിച്ചറിയപ്പെട്ടു. ദഹാനു താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ചെങ്കൊടിയുമായി മാര്‍ച്ച് ചെയ്തു; ആയിരത്തോളം അടിമകളെ മോചിപ്പിച്ചു. അടിമകളുടെ വിമോചനപ്രസ്ഥാനം അടിമകളുടെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചു; അതിലും ഏറെ പ്രധാനപ്പെട്ട കാര്യം ഈ പ്രസ്ഥാനം അടിമയുടെ ഭാര്യയെ ഭൂപ്രഭുവിന്‍റെ കാമാര്‍ത്തിയില്‍ നിന്നും രക്ഷിച്ചുവെന്നതാണ്.


500 പൗണ്ട് പുല്ല് വെട്ടുന്നതിന് 2.50 രൂപ മിനിമം നിരക്ക് എന്ന മറ്റൊരാവശ്യവും കിസാന്‍ സഭ ഉയര്‍ത്തി. ആയിരക്കണക്കിന് ഏക്കര്‍ഭൂമിയില്‍ പുല്ല് വളര്‍ന്നിരുന്നു; ഭൂപ്രഭുക്കള്‍ പുല്ല് വിറ്റ് വന്‍ലാഭമുണ്ടാക്കിയിരുന്നു. വര്‍ളികള്‍ പുല്ലരിയാന്‍ വിസമ്മതിച്ചതോടെ ഭൂപ്രഭുക്കള്‍ പ്രസ്ഥാനത്തെ തകര്‍ക്കാന്‍ ശ്രമിച്ചു. ഗോദാവരി പരുലേക്കര്‍ പ്രസംഗിക്കുന്ന യോഗം പൊളിക്കാന്‍ ഗുണ്ടകളെ കൊണ്ടുവന്നിട്ടുള്ളതായി അവര്‍ കിംവദന്തി പരത്തി.

വാസ്തവത്തില്‍ കിസാന്‍ സഭ അങ്ങനെയൊരു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നതേയില്ല. ഭൂപ്രഭുക്കളുടെ ചതിമനസ്സിലാക്കാതെ ആയിരക്കണക്കിന് വര്‍ളികള്‍ തടിച്ചുകൂടി. ഒക്ടോബര്‍ 10ന് പാതിരാത്രിയോടുകൂടി സായുധ പൊലീസ് സംഘം എത്തിച്ചേരുകയും സമാധാനപരമായി കൂടിനിന്നിരുന്ന വര്‍ളികള്‍ക്കുനേരെ ഓടിക്കൊണ്ടിരുന്ന മോട്ടോര്‍ വാനിന്‍റെ മുകളില്‍നിന്ന് പൊലീസുകാര്‍ വെടിവയ്ക്കുകയും ചെയ്തു. പൊലീസുകാര്‍ ലക്കും ലഗാനുമില്ലാതെ എല്ലാ ദിശകളിലേക്കും തുടര്‍ച്ചയായി വെടിവച്ചുകൊണ്ടിരുന്നു; ഒക്ടോബര്‍ 11ന് വൈകുന്നേരം മൂന്നുമണിവരെ ഈ വെടിവയ്പ് തുടര്‍ന്നു. 5 വര്‍ളികള്‍ കൊല്ലപ്പെട്ടു; അസംഖ്യം പേര്‍ക്ക് പരിക്കേറ്റു.


വര്‍ളികള്‍ സാഹസികമായി മരണത്തെ വെല്ലുവിളിക്കുന്നതിന്‍റെ ആവേശകരമായ കാഴ്ചയായിരുന്നു ഈ സംഭവം; ചെങ്കൊടിയോടുള്ള അവരുടെ വിശ്വാസത്തിന്‍റെയും വിധേയത്വത്തിന്‍റെയും അവരില്‍ അപൂര്‍വമായി മാത്രം കണ്ടിരുന്ന ധീരതയുടെ പിറവിയുടെയും പ്രകടനമായിരുന്നു അത്. 15 മണിക്കൂര്‍ നേരം അവരിലേക്ക് ചീറിപ്പാഞ്ഞെത്തിയ വെടിയുണ്ടകളെ ധീരതയോടെ അവര്‍ നേരിട്ടു. ആ 15 മണിക്കൂര്‍ നേരവും അവര്‍ ഉയര്‍ത്തിയ ചെങ്കൊടിയെ തങ്ങളുടെ ദേഹത്തോട് ചേര്‍ത്തുവച്ച് സംരക്ഷിച്ചു. പൊലീസ് വാന്‍തങ്ങള്‍ നിന്നിരുന്ന സ്ഥലത്തുകൂടി കടന്നുപോകുകയും പൊലീസ് വെടിവയ്ക്കുകയും ചെയ്തതോടെ അവര്‍ ചെങ്കൊടിയ്ക്കുചുറ്റും കൂടിനിന്ന്. അവര്‍ ചിന്തിച്ചത് പൊലീസ് ചെങ്കൊടിയെ വെടി വച്ചിടാനാണ് ശ്രമിക്കുന്നതെന്നാണ്; തങ്ങളുടെ ജീവന്‍ കൊടുത്തും ചെങ്കൊടിയെ കാത്തുരക്ഷിക്കേണ്ടത് പരിപാവനമായ കടമയായി അവര്‍ കരുതി. ആ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന്‍റെ വെടിവയ്പിനായില്ല. ഒരു കിസാന്‍സഭാ പ്രവര്‍ത്തകന്‍ ഓടിയെത്തി ഭൂപ്രഭുക്കളുടെ ചതി അവരെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് അവര്‍ പിരിഞ്ഞുപോയത്. ഭൂപ്രഭുക്കളുടെ ചതിയില്‍പെടുകയായിരുന്നു തങ്ങളെന്ന് ബോധ്യപ്പെട്ടപ്പോള്‍ ഭൂപ്രഭുക്കള്‍ക്കും ഗവണ്‍മെന്‍റിനുമെതിരെ കടുത്ത വിദ്വേഷത്തോടെയാണ് അവര്‍ വീടുകളിലേക്ക് മടങ്ങിയത്.


വര്‍ളികളുടെ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യം മനസ്സിലായതോടെ, സാമ്രാജ്യത്വ ഉദ്യോഗസ്ഥ മേധാവികളുടെ സമീപനം അതേ വരെ ഇടപെടാതിരുന്നതില്‍ നിന്നു നിഷ്ഠുരമായ അടിച്ചമര്‍ത്തലിന്‍റേതായി. ആദിവാസി കര്‍ഷകര്‍ക്കിടയില്‍ കമ്യൂണിസ്റ്റ് സ്വാധീനം വളര്‍ന്നുവരുന്നത് പ്രവിശ്യയിലെ കോണ്‍ഗ്രസ് ഭരണാധികാരികളെയും പരിഭാന്ത്രരാക്കി. അത് ഭൂപ്രഭുകളുടെ പക്ഷം ചേരുകയും ഭീകരത അഴിച്ചുവിട്ട് പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു. ആ പ്രദേശത്ത് പൊതുയോഗങ്ങളും പ്രകടനങ്ങളും അഞ്ചിലധികം ആളുകള്‍ ഒത്തുകൂടുന്നതും നിരോധിക്കപ്പെട്ടു. ആ പ്രദേശത്തുനിന്ന് എല്ലാ കമ്യൂണിസ്റ്റുകാരെയും ഗവണ്‍മെന്‍റ് പുറത്താക്കി. പൊലീസ് പ്രയോഗിച്ച ചില രീതികള്‍ നാസികളെ വെല്ലുന്ന നിഷ്ഠുരതയുടെയും സമാനതകളില്ലാത്ത ക്രൂരതകളുടെയും പ്രകടനമായിരുന്നു. എന്നാല്‍ നിര്‍ഭയരായിരുന്ന വര്‍ളികള്‍ മുന്നോട്ടുതന്നെ നീങ്ങി.


കര്‍ഷകര്‍ ഒരു വര്‍ഷത്തെ പാട്ടം മാത്രം നല്‍കിയാല്‍ മതിയെന്നും കുടിശ്ശിക കൊടുക്കേണ്ടതില്ലെന്നും കൂലി വര്‍ധന ആവശ്യപ്പെടണമെന്നും 1946 ആദ്യം കിസാന്‍ സഭ സമ്മേളനം തീരുമാനിച്ചു. 1946ലെ ശരത്കാലത്ത് പുല്ലരിയേണ്ട കാലമായപ്പോഴാണ് വര്‍ളി പ്രക്ഷോഭം അതിന്‍റെ പാരമ്യത്തില്‍ എത്തിയത്. പുല്‍മേടുകളുടെ ഉടമകളായ ഭൂപ്രഭുക്കള്‍ക്കുപുറമെ കൂലിപ്പണിക്ക് ആദിവാസികളെ നിയോഗിച്ചിരുന്ന വനം കോണ്‍ട്രാക്ടര്‍മാരുണ്ടായിരുനു. കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ അവര്‍ തയ്യാറല്ലായിരുന്നു. കിസാന്‍ സഭ പണിമുടക്കിന് ആഹ്വാനം ചെയ്തു.


ലഹരിപാനീയത്തിനുപയോഗിക്കുന്ന ഒരിനം ഇല കെട്ടിയ ഒരു വടി അയച്ചുകൊടുത്താണ് ആദിവാസി കര്‍ഷകര്‍ ഗ്രാമങ്ങളില്‍നിന്ന് ഗ്രാമങ്ങളിലേക്ക് പണിമുടക്ക് സന്ദേശം കൈമാറിയത്. ഒരു ഗ്രാമത്തില്‍ ഈ വടി എത്തിക്കഴിഞ്ഞാല്‍ ഉടന്‍ തന്നെ, ആദിവാസി കര്‍ഷകര്‍ പണി നിര്‍ത്തുന്നു. കാളവണ്ടി ഓടിക്കുന്ന ആദിവാസി കര്‍ഷകര്‍പോലും ജോലി ചെയ്യാന്‍ വിസമ്മതിച്ചു. ആദിവാസിതൊഴിലാളികുടെ ഈ പണിമുടക്ക് 200 ഗ്രാമങ്ങളില്‍ പടര്‍ന്നുപിടിച്ചു; ഇത്തരത്തിലൊന്ന് മഹാരാഷ്ട്രയില്‍ ഇതാദ്യമായിരുന്നു.


ഒരു മാസത്തോളം നീണ്ടുനിന്നപ്പോഴും പണിമുടക്ക് ദുര്‍ബലമാകുന്നതിന്‍റെ സൂചനയൊന്നും ഉണ്ടായില്ല. കനത്ത നഷ്ടം നേരിട്ട തടിക്കച്ചവടക്കാരും ഭൂപ്രഭുക്കളും എങ്ങനെയും പണിമുടക്ക് ഒത്തുതീര്‍പ്പാക്കിയാല്‍ മതിയെന്ന അവസ്ഥയിലെത്തി; ഡിമാന്‍ഡുകള്‍ അംഗീകരിച്ചു. 1946 നവംബര്‍ 10ന് പണിമുടക്ക് അവസാനിച്ചു. വര്‍ളികളെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയമായിരുന്നു. അവര്‍ വിജയകരമായി പൊരുതുകയും ഭൂപ്രഭുക്കളുടെയും തടിക്കച്ചവടക്കാരുടെയും കടന്നാക്രമണങ്ങളെയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രവിശ്യാ ഗവണ്‍മെന്‍റിന്‍റെ മര്‍ദന നടപടികളെയും നേരിടുകയും ചെയ്തു. കൂടുതല്‍ കരുത്താര്‍ജിച്ചും കൂടുതല്‍ ഐക്യത്തോടെയും വര്‍ളികള്‍ ഉയര്‍ന്നുവന്നു; യഥാര്‍ഥ മിത്രങ്ങള്‍ ആരെന്നും ശത്രുക്കള്‍ ആരെന്നും അവര്‍ നല്ല ധാരണയില്‍ എത്തുകയുമുണ്ടായി. സംഘടനയാണ് ഒരേയൊരു ശക്തിയെന്ന് അവര്‍ തിരിച്ചറിഞ്ഞു.


സമരങ്ങളുടെ അനുഭവങ്ങള്‍ വര്‍ളികളെ അതിവേഗം പരിവര്‍ത്തനപ്പെടുത്തി. അവര്‍ പുതിയ മനുഷ്യരായി മാറുന്ന വിധം തീവ്രമായ പരിവര്‍ത്തനത്തിനാണ് വിധേയരായത്. അറിവാര്‍ജിക്കാനുള്ള അദമ്യമായ ദാഹം അവരില്‍ വളര്‍ന്നുവന്നു. സോഷ്യലിസത്തെക്കുറിച്ചും സോവിയറ്റ് റഷ്യയെകുറിച്ചും എല്ലാ കാര്യങ്ങളും അറിയാന്‍ അവര്‍ അതീവശ്രദ്ധ ചെലുത്തി. ഭൂപ്രഭുക്കളുടെ അപവാദപ്രചരണം അവരുടെ നിശ്ചയ ദാര്‍ഢ്യം വര്‍ധിപ്പിച്ചു.

സാമ്പത്തികമണ്ഡലത്തിലെ അവരുടെ അവകാശങ്ങളെക്കുറിച്ച് ഈ സമരം അവരെ ബോധവന്മാരാക്കി; പൗരാവകാശങ്ങളുടെയും രാഷ്ട്രീയ അവകാശങ്ങളുടെയും വിലയും ഈ സമരത്തിലൂടെ അവര്‍ മനസ്സിലാക്കി.