കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കേണ്ട സാമ്പത്തിക നടപടികള്‍

സിപിഐ എം

മോഡി സര്‍ക്കാര്‍ ബിജെപിയുടെ കോര്‍പറേറ്റ്-ഹിന്ദുത്വ പ്രീണന നയങ്ങള്‍ തകൃതിയായി നടപ്പാക്കിവരികയാണ്. ദരിദ്രകര്‍ഷകരും ദിവസക്കൂലിക്കാരുമാണ് ജനങ്ങളില്‍ മഹാഭൂരിപക്ഷവും. അവര്‍ക്ക് അടിയന്തരാശ്വാസം എത്തിക്കുന്നതിനും സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി ഏതാനും നിര്‍ദേശങ്ങള്‍ 
സിപിഐ എം കേന്ദ്ര നേതൃത്വം രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും അയച്ചുകൊടുത്തിരുന്നു. അതിന്‍റെ  സംക്ഷിപ്ത രൂപമാണ് ഇവിടെ കൊടുക്കുന്നത്.


ഇപ്പോഴത്തെ കാലഘട്ടത്തില്‍ 
ആവശ്യമായ സാമ്പത്തിക 
നടപടികള്‍


കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു തൊട്ടുമുമ്പ് ഇന്ത്യയിലെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തോട് അടുക്കുന്ന കടുത്ത മെല്ലെപ്പോക്കിന്‍റേയും ഉത്പാദനത്തിലെ വലിയ തോതിലുള്ള പതനത്തിന്‍റേയും തൊഴില്‍ നഷ്ടത്തിന്‍റേയും കാര്‍ഷിക ദുരിതത്തിന്‍റേയും തൊഴിലില്ലായ്മ കുത്തനെ വര്‍ദ്ധിക്കുന്നതിന്‍റേയും പിടിയിലായിരുന്നു. ഈ അടച്ചിടലിലൂടെ സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാവുകയും ജനങ്ങളുടെ യാതന അതിരൂക്ഷമാവുകയും ചെയ്തിരിക്കുന്നു.


    ഈ സാഹചര്യത്തില്‍, സര്‍ക്കാര്‍ ഉടന്‍ ഏറ്റെടുക്കേണ്ട ഒരു സാമ്പത്തിക പദ്ധതി മുന്നോട്ടുവെയ്ക്കുകയാണ്. ഈ സാമ്പത്തിക പ്രതിസന്ധിയേയും, അതുമായി ബന്ധപ്പെട്ട ജനങ്ങളുടെ യാതനയേയും നേരിടേണ്ടത് അടിയന്തിര നടപടികളും ഇടക്കാല-ദീര്‍ഘകാല നടപടികളും കൈക്കൊണ്ടുകൊണ്ടാണ്. എന്നാല്‍ ഇവ മൂന്നിനും  ഇപ്പോള്‍ തന്നെ  തുടക്കം കുറിയ്ക്കേണ്ടതുണ്ട്.


    നമ്മുടെ സമ്പദ്വ്യവസ്ഥയിലേക്ക്, ജനങ്ങളുടെ ക്ഷേമത്തിലേയ്ക്കും ഗൗരവമായ ശ്രദ്ധ ക്ഷണിക്കുന്ന ഈ നിര്‍ദ്ദേശങ്ങള്‍ അടിയന്തരമായി പരിഗണിക്കണമെന്ന് സി.പി.ഐ(എം) കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. 
    നമ്മുടെ ജനങ്ങളിലെ എല്ലാ വിഭാഗങ്ങളോടും രാഷ്ട്രീയ പാര്‍ടികളോടും ബഹുജന പ്രസ്ഥാനങ്ങളോടും താഴെപ്പറയുന്ന കാര്യങ്ങള്‍ നടപ്പാക്കുന്നതിന് ബി.ജെ.പി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ നിര്‍ബന്ധിക്കുന്നതിനായി ഒന്നിച്ച് അണിനിരക്കണമെന്ന് സി.പി.ഐ(എം) അഭ്യര്‍ത്ഥിക്കുന്നു.


അടിയന്തര നടപടികള്‍


1.    അടിയന്തര പ്രശ്നം ദശലക്ഷക്കണക്കിന് അധ്വാനിക്കുന്ന ജനങ്ങള്‍ ഇപ്പോള്‍ വിശപ്പും തൊഴിലില്ലായ്മയും വരുമാനമില്ലായ്മയും നേരിടുന്നതും അവരില്‍ പലരും ക്വാറന്‍ടൈന്‍ ക്യാമ്പുകളില്‍ തളച്ചിടപ്പെട്ടിരിക്കുന്നതുമാണ്. അടച്ചിടല്‍ കോവിഡ് -19 രോഗബാധിതരുടെ എണ്ണത്തിന്‍റെ കുത്തനെയുള്ള വര്‍ദ്ധനയെ നിയന്ത്രണവിധേയമാക്കി മാറ്റിയെന്ന സര്‍ക്കാരിന്‍റെ അവകാശവാദം അംഗീകരിച്ചാല്‍ തന്നെ, അടച്ചിടല്‍ അവസാനിപ്പിക്കുന്നത് കുത്തനെയുള്ള വര്‍ദ്ധനയ്ക്ക് ഇടയാക്കാനാണ് സാധ്യത. അതേസമയം അടച്ചിടല്‍ തുടരുകയോ പകരം നിര്‍ബന്ധിതമായ ശാരീക അകലം പാലിക്കല്‍ ഏര്‍പ്പെടുത്തുകയോ ചെയ്താല്‍ ഈ ദശലക്ഷങ്ങളുടെ ജീവിതം രൂക്ഷമായി അലങ്കോലപ്പെടുത്തുന്നത് തുടരും. അവര്‍ക്ക് ഭക്ഷണത്തിന്‍റേയും പണത്തിന്‍റേയും രൂപത്തില്‍ സഹായം നല്‍കുന്നതിനാണ് അടിയന്തര മുന്‍ഗണന. കേന്ദ്രസര്‍ക്കാര്‍ 1.7 ലക്ഷം കോടി രൂപയുടെ പ്രാരംഭ പാക്കേജ് പ്രഖ്യാപിച്ച ശേഷം -അതുതന്നെ ചെറുതാണെന്നു മാത്രമല്ല നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ പലതും കൂട്ടികെട്ടിയതുമാണ് അതില്‍ ഏതാണ്ട് പകുതിയും - അത്ഭുതകരമെന്ന് പറയട്ടെ, കേന്ദ്രസര്‍ക്കാര്‍  യാതനയിലായ ദശലക്ഷങ്ങളെ  സഹായിക്കാന്‍ കാര്യമായി ഒന്നും ചെയ്തതുമില്ല. 


2.    ഈ യാതന എത്രകാലം തുടരുമെന്നറിയില്ല, എന്നാല്‍ പ്രാരംഭമായി കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി കൊടുക്കേണ്ടവരല്ലാത്ത കുടുംബങ്ങള്‍ക്ക് പ്രതിമാസം 7500/- രൂപ വീതം  മൂന്ന് മാസത്തേക്ക് ലഭ്യമാക്കണം. ഓരോ വ്യക്തിക്കും പ്രതിമാസം 10 കി.ഗ്രാം ധാന്യങ്ങള്‍ സൗജന്യമായി ആറ് മാസക്കാലത്തേക്ക് നല്‍കണം. ഇപ്പോള്‍ എഫ്.സി.ഐയുടെ പക്കല്‍ 7.7 കോടി ടണ്‍ ഭക്ഷ്യധാന്യങ്ങളുണ്ട്. 2.4 കോടി ടണ്‍ ബഫറായും  ഉപയോഗയോഗ്യമായും വേണമെന്ന മാനദണ്ഡത്തിന്‍റെ സ്ഥാനത്താണിത്. ഇതിന്‍റെ കൂടെ 4 കോടി ടണ്‍ റാബി വിള കൂടി എത്തിച്ചേരും. അതിനാല്‍ വിതരണത്തിന് ധാരാളമായി ധാന്യം ലഭ്യമാണ്. അതുകൊണ്ട്  അരി ശേഖരത്തെ എഥനോള്‍ ഉത്പാദിപ്പിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടുവരികയാണ്. അത്തരം ഉപയോഗത്തേക്കാള്‍ മുന്‍ഗണന തീര്‍ച്ചയായും യാതന അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സൗജന്യഭക്ഷണമായി നല്‍കുന്നതിനുണ്ട്. ആര്‍ക്കൊക്കെ ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം ഇല്ലയോ, അവര്‍ക്ക് ധാന്യങ്ങള്‍ക്ക് പകരം പാകം ചെയ്ത ഭക്ഷണം നല്‍കാവുന്നതാണ്. ഇതിനായി രാജ്യമൊട്ടാകെയുള്ള ഉച്ചഭക്ഷണ പദ്ധതിയെ പ്രയോജനപ്പെടുത്താവുന്നതാണ്. ധാന്യങ്ങള്‍ക്ക് പുറമേ പയറുവര്‍ഗ്ഗങ്ങള്‍, ഭക്ഷ്യ എണ്ണ, മറ്റ് അവശ്യസാധനങ്ങള്‍ എന്നിവയും ഇക്കാലയളവില്‍ സൗജന്യമായി വിതരണം ചെയ്യേണ്ടതാണ്.


3.    ഈ തോതില്‍ പണവും, ഭക്ഷ്യവസ്തുക്കളും മേല്‍പ്പറഞ്ഞ കാലയളവിലേക്ക് വിതരണം ചെയ്യുന്നതിന് ജി.ഡി.പിയുടെ 3 ശതമാനത്തോളം വേണ്ടിവരുമെന്നാണ് മതിപ്പു കണക്ക്. ആനുകൂല്യം ലഭിക്കേണ്ടവരില്‍ നിന്ന് 20 ശതമാനം, ധനികര്‍ എന്ന നിലയില്‍ ഒഴിവാക്കുമെന്ന  കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണിത്. ഇതിനായി നികുതി ചുമത്തുന്ന കാര്യം ഒരു അനുബന്ധ ബജറ്റ് പിന്നീടത് ആവശ്യമായി വരുമ്പോള്‍  പരിഗണിക്കാവുന്നതാണ്. ആ ബജറ്റില്‍ സ്വത്തുനികുതി ഒരു നിര്‍ണ്ണായക പങ്കുവഹിക്കേണ്ടിവരും. അത് വിഭവങ്ങള്‍ സമാഹരിക്കുകയും  അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സ്വത്ത് അസമത്വത്തെ നിയന്ത്രിച്ചു നിര്‍ത്തുകയും ചെയ്യും. കൂടാതെ  അതിസമ്പന്നരൂടെ മേല്‍ ഒരു  നികുതി  ചുമത്തേണ്ടതാണ്. എന്നാല്‍, തത്ക്കാലം ഈ ചെലവ് മുഴുവന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നും കടമെടുത്ത് വഹിക്കേണ്ടതുണ്ട്. ഉപയോഗിക്കപ്പെടാത്ത ശേഷിയും, വിറ്റഴിക്കാത്ത ഭക്ഷ്യശേഖരവും വലിയ തോതില്‍  ഉണ്ടായിരിക്കുമ്പോള്‍  ഞങ്ങളുടെ വീക്ഷണത്തില്‍ ഇതൊരു പ്രയാസവും  രാജ്യത്ത് സൃഷ്ടിക്കുകയില്ല.


4.    ഇത്തരം വിതരണത്തിനുള്ള വിഭവങ്ങള്‍ നല്‍കേണ്ടത് കേന്ദ്രമാണ്. എന്നാല്‍ യഥാര്‍ത്ഥ കൈമാറ്റം നടപ്പാക്കേണ്ടത്  സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തിലാണ്. അതിനാല്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി ധാന്യക്കൈമാറ്റം നടത്തണം; പണം ഗ്രാന്‍റായി കൈമാറണം. അവ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് കേന്ദ്രത്തിന് എളുപ്പം പ്രാവര്‍ത്തികമാക്കാം. സാര്‍വത്രികമായിട്ടാണ് ഈ കൈമാറ്റങ്ങള്‍ എന്നതിനാല്‍ ജനസംഖ്യയാണ് നിര്‍ണ്ണയത്തിനുള്ള ഏക മാനദണ്ഡം. സംസ്ഥാനങ്ങള്‍ ഇതുപോലെ ഉചിതമായ തുകകള്‍ തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്ക് കൈമാറാം. ഈ കൈമാറ്റങ്ങള്‍ വിതരണം ചെയ്യുന്നതിന് അവയുടെ സഹായം ഒഴിവാക്കാനാവാത്തതാണ്. 


5.    ഇത്തരം കൈമാറ്റങ്ങള്‍ക്ക് ആവശ്യമായ തുകയ്ക്കപ്പുറമുള്ള ചെലവു നടത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആഗ്രഹിക്കും. ജി.എസ്.ടി നഷ്ടപരിഹാര തുകകള്‍ നല്‍കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയിരുന്നതാണെങ്കിലും അവ പോലും ആഗസ്തിന് ശേഷം നല്‍കപ്പെട്ടിട്ടില്ല എന്നത് അത്ഭുതകരമാണ്. ഈ തുക ഉടനടി നല്‍കപ്പെടേണ്ടതാണ്. അതിനു പുറമേ സംസ്ഥാന സര്‍ക്കാരുകളുടെ വായ്പാ പരിധി ഇരട്ടിയാക്കണം. ഓരോ സംസ്ഥാനത്തിന്‍റേയും വായ്പാപരിധി ഇരട്ടിയാക്കുന്നതിനായിരിക്കണം അടിയന്തര നടപടി. അവരെ പൊതുകമ്പോളത്തിനു പകരം കേന്ദ്രസര്‍ക്കാരില്‍ നിന്ന് കടം കൊള്ളുന്നതിന് അനുവദിക്കേണ്ടതാണ്. സംസ്ഥാന ബോണ്ടുകള്‍ പൊതുകമ്പോളത്തില്‍ ലേലം ചെയ്യുമ്പോള്‍ പലിശ നിരക്ക്  അടുത്തകാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തികമായി ഇതിനകം പ്രതിസന്ധിയിലായ  സംസ്ഥാനങ്ങളുടെ മേല്‍  അത് വലിയഭാരം കയറ്റിവെയ്ക്കും. ഈ പാത അവലംബിക്കുന്നതിനു പകരം ആര്‍.ബി.ഐ സംസ്ഥാനങ്ങളുടെ ബോണ്ടുകളെ റിപ്പോ നിരക്കില്‍  (കൊമേഴ്സ്യല്‍ ബാങ്കുകള്‍ ആര്‍.ബി.ഐയില്‍ നിന്ന് കടംകൊള്ളുന്നതിന്‍റെ പലിശ നിരക്ക്) വാങ്ങേണ്ടതാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ്, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇംഗ്ലണ്ട് എന്നിവയും വിവിധ വികസ്വര രാജ്യങ്ങളിലെ  പല കേന്ദ്രബാങ്കുകളും ഇത് വിവിധ രീതികളില്‍ ചെയ്യുന്നു. ഇതൊക്കെ ചെയ്യുന്നത്  കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പി.എം കെയറിന്‍റെ പേരില്‍ രൂപീകരിച്ചിട്ടുള്ള സ്വകാര്യ ഫണ്ടില്‍ ശേഖരിക്കുന്ന ആയിരക്കണക്കിന് കോടി രൂപയില്‍ നിന്ന്  മഹാമാരിയെ നേരിടുന്നതിനും വെന്‍റിലേറ്റര്‍, മാസ്ക്, സംരക്ഷണത്തിനുള്ള ഉടുപ്പുകള്‍, ടെസ്റ്റിനുള്ള ഉപകരണങ്ങള്‍ മുതലായവയുടെ വിതരണം വര്‍ദ്ധിപ്പിക്കുന്നതുപോലെയുള്ള സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കേന്ദ്രം, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കേണ്ട തുകയ്ക്ക് പുറമേയാകണം.


6.    കടുത്ത രോഗബാധിതര്‍ക്ക് ആവശ്യമായ ചികിത്സാ സഹായം നിഷേധിക്കപ്പെടുന്നില്ലായെന്ന് മഹാമാരിയെ ചെറുക്കുന്നതിത് ആവശ്യമായ നടപടികളെല്ലാം കൈക്കൊള്ളുമ്പോള്‍ തന്നെ കേന്ദ്രസര്‍ക്കാര്‍ അടിന്തരമായി ഉറപ്പു വരുത്തേണ്ടതാണ്. മഹാമാരിയ്ക്കെതിരായ നമ്മുടെ പോരാട്ടത്തോടൊപ്പം  നമ്മുടെ കുട്ടികള്‍ക്ക് ജീവരക്ഷയ്ക്ക് ഉതകുന്ന കുത്തിവെയ്പ്പുകളും ഗര്‍ഭിണികളായ അമ്മമാര്‍ക്കുള്ള കുത്തിവെയ്പ്പുകളും ഉറപ്പുവരുത്തേണ്ടതാണ്. മരുന്നുകള്‍ ശേഖരിച്ചു വയ്ക്കുന്നതോടൊപ്പം തന്നെ രക്തം മുതലായവയുടെ ശേഖരണവും യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തേണ്ടതാണ്. 


7.    സംസ്ഥാനങ്ങള്‍ക്ക്  കേന്ദ്രത്തിന് നല്‍കാന്‍ കഴിയുന്ന സഹായം ഉണ്ടായിരിക്കെത്തന്നെ മഹാമാരിയെ പ്രത്യക്ഷത്തില്‍ നേരിടേണ്ടിവരുന്ന സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പൊതുജനാരോഗ്യ സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്ന പക്ഷം ലക്ഷ്യം കൈവരിക്കാന്‍ കഴിഞ്ഞെന്നുവരില്ല. അതിനാല്‍ മഹാമാരി നിലനില്‍ക്കുന്ന കാലത്തോളമെങ്കിലും സ്പെയിന്‍ ചെയ്തതുപോലെ  സ്വകാര്യ ആരോഗ്യരക്ഷാ സംവിധാനങ്ങളെ പൊതു ആവശ്യങ്ങള്‍ക്കായി  ഉപയോഗപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. ഈ സംവിധാനങ്ങളില്‍ ആളുകളെ പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യാം. ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം മിതമായ നിരക്കില്‍ ഉപയോഗപ്പെടുത്താന്‍ സര്‍ക്കാരിന് ഏര്‍പ്പാട് ചെയ്യുകയുമാകാം. സ്വകാര്യ ആരോഗ്യരക്ഷാ സംവിധാനങ്ങളില്‍ സൗജന്യ പരിശോധന നടത്തണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ നിലപാടില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയത് അമ്പരപ്പുളവാക്കുന്നു. അത് സര്‍ക്കാരിന്‍റെ ഇടപെടല്‍ തീര്‍ത്തും അനിവാര്യമാക്കുന്നു. കേന്ദ്രസര്‍ക്കാരിന്‍റെ അനാസൂത്രിതവും വികലമായി ആവിഷ്കരിക്കപ്പെട്ടതുമായ അടച്ചിടല്‍ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കടുത്ത യാതനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴത്തെ പ്രതിസന്ധികള്‍ക്കിടയില്‍  സ്വകാര്യ ചികിത്സാ സംവിധാനങ്ങളുടെ സേവനം നിര്‍ബന്ധിതമാക്കാത്തപക്ഷം അത് പ്രകടമാക്കുന്നത് ഞെട്ടലുളവാക്കുന്ന വര്‍ഗ്ഗപക്ഷപാതമായിരിക്കും. അത് മഹാമാരിയോട് പോരാടുന്നതിന് അവശ്യം വേണ്ട ദേശീയ ഐക്യദാര്‍ഢ്യത്തെ തകര്‍ക്കുന്നതുമായിരിക്കും.


8.    തൊഴില്‍ നഷ്ടമോ, കൂലി വെട്ടിക്കുറയ്ക്കലോ ഉണ്ടാകുന്നില്ല എന്ന് സ്ഥിരമായി ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊള്ളേണ്ടതാണ്. സ്ത്രീകള്‍, പ്രത്യേകിച്ച് ആദിവാസികള്‍, ദളിതര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവരടങ്ങുന്ന കായികദ്ധ്വാനം നടത്തുന്ന ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ തീര്‍ത്തും സംരക്ഷിക്കപ്പെടുന്നതില്‍ പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ടതാണ്. ലോകത്തിലെ പല രാജ്യങ്ങളും കൂലിയുടെ 80 ശതമാനം വരെ ഉറപ്പുവരുത്തുന്ന പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇത്തരമൊരു പ്രസ്താവന ചെയ്യേണ്ടതാണ്.


9.    സാര്‍വത്രികമായ കൈമാറ്റങ്ങളുടെ സജ്ജീകരണം പ്രശ്നങ്ങള്‍  ഉണ്ടാക്കുമെന്നതില്‍ സംശയമില്ല. ഗുണഭോക്താക്കളുടെ നിലവിലുള്ള പട്ടികകളൊന്നും മതിയാവില്ല, റേഷന്‍ ഷോപ്പുകള്‍ പോലെ  നിലവിലുള്ള വിതരണ ശൃംഖലകളൊന്നും എല്ലാവരിലും സേവനങ്ങള്‍ എത്തിക്കുന്നതില്‍ മതിയാവാത്തതുപോലെ. ഈ പ്രശ്നം ഗ്രാമീണ മേഖലകളെ അപേക്ഷിച്ച്  നഗരപ്രദേശങ്ങളിലായിരിക്കും കൂടുതല്‍ രൂക്ഷം. ധാന്യവിതരണം തിരിച്ചറിയല്‍ രേഖകളുടെ  (പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, തൊഴിലുറപ്പ് തൊഴില്‍ കാര്‍ഡ് മുതലായവ) കൂടി അടിസ്ഥാനത്തിലുള്ള  സ്ഥിരീകരണത്തിന്‍റെ അടിസ്ഥാനത്തിലാകാം. ഇതിനുപുറമേ ഇത്തരത്തിലുള്ള ഒരു കാര്‍ഡും ഇല്ലാത്തവര്‍ക്ക് സഹായം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിന്  എം.എല്‍.എ, ഗ്രാമപഞ്ചായത്ത്/മുന്‍സിപ്പല്‍ അധ്യക്ഷന്മാര്‍ക്കും വാര്‍ഡ് അംഗങ്ങള്‍ക്കും ഒരളവുവരെ വിവേചനാധികാരം അനുവദിക്കാവുന്നതാണ്. വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ (ചില ഒഴിവാക്കല്‍ മാനദണ്ഡങ്ങളോടെ) എല്ലാവര്‍ക്കും പണമായി സഹായം നല്‍കുന്നതിന് വിവിധ മാര്‍ഗ്ഗങ്ങള്‍  ഇതിനകം തന്നെ  സ്വീകരിച്ചിട്ടുണ്ട്. അത് നിലവിലുള്ള ഗുണഭോക്തൃ പട്ടികയെയോ ബാങ്ക് അക്കൗണ്ടുകളെയോ തീര്‍ത്തും ആശ്രയിച്ചു കൊണ്ടല്ല. ഇവ കൂടുതല്‍ വികസിപ്പിക്കേണ്ടതാണ്.


10.    ആഗോള സമ്പദ്വ്യവസ്ഥയില്‍ ശക്തമായ ഭീഷണി ഇന്ത്യ നേരിടുകയും നമ്മുടെ അടവു ശിഷ്ടം സമ്മര്‍ദ്ദത്തിലാവുന്നതിനുള്ള സാധ്യത ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഈ നടപടികള്‍ കൈക്കൊള്ളേണ്ടിവരിക. മുതലാളിത്ത ആഗോളവത്കരണത്തിന്‍റെ പടുകുഴികളെ  ഈ മഹാമാരി വ്യക്തമായി വെളിവാക്കിയിരിക്കുന്നു. ഒരു വശത്ത് അതിര്‍ത്തികള്‍ കടന്നുള്ള വൈറസ്സിന്‍റെ കടന്നുവരവ് ധനത്തിന്‍റെ അതിര്‍ത്തി കടന്നുള്ള വരവുപോലെ ശീഘ്രഗതിയിലായിരിക്കുന്നു. മറുവശത്ത് അതിര്‍ത്തി കടന്നുള്ള ധനത്തിന്‍റെ നീക്കം ദേശീയ സര്‍ക്കാരുകളെ  ഭീതിപ്പെടുത്തിയിരിക്കുന്നു. പ്രത്യേകിച്ച്  ഇന്ത്യാ സര്‍ക്കാരിനെ ധനത്തിന്‍റെ ഓരോ ചാഞ്ചാട്ടങ്ങള്‍ക്കും മുമ്പില്‍ തല കുനിപ്പിക്കുന്നു. മോഡി ഗവണ്‍മെന്‍റ് മഹാമാരിക്കിടയ്ക്കുപോലും ധനക്കമ്മിപോലുള്ള നിയന്ത്രണങ്ങള്‍ക്കു മുമ്പില്‍ വീണ്ടുവിചാരമില്ലാതെ കീഴടങ്ങുന്നതിനും ദശലക്ഷക്കണക്കിലുള്ള അധ്വാനിക്കുന്ന  ജനങ്ങളുടെ യാതന അകറ്റുന്നതിന് ആവശ്യമായ തുക ചെലവഴിക്കാതിരിക്കുന്നതിനും തയ്യാറാകുന്നു.  എന്നാല്‍ ഇപ്പോഴും ധനത്തിന്‍റെ കല്പനകളെ ഇന്ത്യാ സര്‍ക്കാര്‍ ശിരസ്സാവഹിക്കുകയും യാതന അകറ്റുന്ന കാര്യത്തില്‍ അങ്ങേയറ്റം പിശുക്ക് കാണിക്കുകയും കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ  ക്ഷാമബത്ത നല്‍കുന്നതിന് വിസമ്മതിക്കുകയും ചെയ്യുമ്പോഴും, ധനം രാജ്യം വിട്ടു പോവുകയാണ്. അത് ഡോളറുമായി ബന്ധപ്പെട്ടുള്ള  രൂപയുടെ വില അഭൂതപൂര്‍വമായി ഇടിയുന്നതിന് ഇടയാക്കി. ഇത്തരത്തിലുള്ള പണത്തിന്‍റെ ബഹിര്‍ഗമനം മൂന്നാംലോകത്തിലാകെ സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ ഏതാണ്ട് അരലക്ഷം കോടി ഡോളറിന്‍റെ വിദേശനാണയ ശേഖരം കയ്യിലുണ്ടെന്നത് ഇന്ത്യയുടെ സ്ഥിതിയെ മറ്റു ചില മൂന്നാം ലോക രാജ്യങ്ങളുടേതില്‍ നിന്ന് മെച്ചപ്പെട്ട നിലയിലാക്കിയിട്ടുണ്ട്. ഈ കുറിപ്പില്‍ പറഞ്ഞിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നപക്ഷം ധനം രാജ്യംവിട്ടോടുന്ന ഈ പ്രവണത കുറേക്കൂടി ശക്തമായേക്കും. ഇതിനെ നേരിടുന്നതിന് അടിയന്തിരമായി രണ്ടു കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഒന്നാമത്, ധനം പുറത്തേക്കൊഴുകുന്നതിനുമേല്‍  ഒരു പരിധിയോളം പ്രത്യക്ഷ നിയന്ത്രണം ഏര്‍പ്പെടുത്തണം. മൂലധനം പുറത്തേയ്ക്ക് ഒഴുകുന്നതിനെ സഹായിക്കുന്ന രീതിയില്‍ നമ്മുടെ നാണ്യ ശേഖരണത്തെ ധൂര്‍ത്തടിച്ചുകൂടാ. രണ്ടാമത്തേത്, ഐഎംഎഫ് ഗണ്യമായ അളവില്‍ പുതിയ സ്പെഷ്യല്‍ ഡ്രായിങ് റൈറ്റ്സ് (എസ്.ഡി.ആര്‍) ഇറക്കുന്നതുമായി ബന്ധപ്പെട്ടാണ്. സര്‍ക്കാര്‍ ചെയ്തതുപോലെ അതിനെ യുക്തിരഹിതമായി എതിര്‍ക്കുകയല്ല വേണ്ടത്. ഇന്ത്യ അതിനെ സജീവമായി പിന്താങ്ങണം. യു.എസ്. ഫെഡറല്‍ റിസര്‍വ് ബോര്‍ഡിന്‍റെ സ്വാപ് ലൈന്‍സ് ഉള്‍പ്പെടെയുള്ള എല്ലാ വായ്പകളില്‍ നിന്നും വ്യത്യസ്തമായി എസ്.ഡി.ആറുകള്‍ വിവേചനപരമോ യുക്തം പോലെ നല്‍കുന്നതോ പലിശ കൊടുക്കേണ്ടതോ തിരിച്ചടയ്ക്കേണ്ടതോ അല്ല. അവയുമായി ബന്ധപ്പെട്ട "വ്യവസ്ഥ"കളോ സമ്മര്‍ദ്ദതന്ത്രമോ ഇല്ല.


ഇടക്കാല നടപടികള്‍, 
അന്യ സംസ്ഥാനത്തൊഴിലാളികള്‍


11.    ഈ അടിയന്തര കാല്‍വെയ്പ്പുകളെത്തുടര്‍ന്ന് അടച്ചിടല്‍ സംവിധാനം ഒഴിവാക്കപ്പെടുമ്പോള്‍ ഇടക്കാല നടപടികള്‍ കൈക്കൊള്ളേണ്ടിവരും. അവയില്‍ നാലെണ്ണമാണ് പ്രധാനം. ഒന്നാമത്തേത് തൊഴിലുറപ്പു പ്രവര്‍ത്തനം ഫലത്തില്‍ നിര്‍ത്തലാക്കപ്പെട്ടിരിക്കുന്നു. തൊഴിലുറപ്പു പദ്ധതിയിന്‍ കീഴിലുള്ള പ്രവര്‍ത്തനം പുനരാരംഭിക്കേണ്ടതുണ്ട്. മുകളില്‍ നിര്‍ദ്ദേശിച്ച തരത്തിലുള്ള പണക്കൈമാറ്റം നിലച്ചുപോകുന്നതോടെ അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ അടച്ചിടല്‍മൂലം സ്വന്തം ഗ്രാമങ്ങളിലേക്ക് തിരിച്ചുപോകുകയും ഇപ്പോള്‍ ഒരു വരുമാനവും ഇല്ലാത്തവരായിരിക്കുകയും ചെയ്താലും അവര്‍ക്കു ഉപജീവനത്തിനു ചില ഉപാധികള്‍ കണ്ടെത്താനാകും. തൊഴിലുറപ്പുമായി ബന്ധപ്പെട്ട് നാല് നടപടികള്‍ നിര്‍ണ്ണായകമാണ്. ഒന്നാമത്, ഈട്ടം കൂടിയ കൂലിക്കുടിശ്ശിക ഉടനെ കൊടുത്തുതീര്‍ക്കണം. രണ്ടാമത്, പട്ടണങ്ങളില്‍ നിന്നും തിരിച്ചുവന്നവരെ ഉള്‍പ്പെടുത്താനായി തൊഴില്‍ ആവശ്യപ്പെടുന്ന ആര്‍ക്കും, കഴിഞ്ഞ കാലത്ത് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമല്ല, ആവശ്യപ്പെടുന്നതിന് അനുസരിച്ച് തൊഴില്‍ നല്‍കണം. ഇപ്പോഴത്തെ വിളവുകാലത്ത് ചെറുകിട-ഇടത്തരം കൃഷിക്കാര്‍ ഉപയോഗപ്പെടുത്തുന്ന കൂലി, കൃഷിയിട തൊഴിലിനെ മുഴുവന്‍ ഉള്‍ക്കൊള്ളത്തക്കവിധം തൊഴിലുറപ്പു പദ്ധതി വികസിപ്പിക്കണം. മൂന്നാമത്, നൂറ് ദിവസത്തെ തൊഴില്‍ എന്ന വാഗ്ദാനം കുടുംബങ്ങള്‍ക്കായി പരിമിതപ്പെടുത്തിക്കൂടാ, പ്രായപൂര്‍ത്തിയായവരിലേക്കൊക്കെ അത് വ്യാപിപ്പിക്കണം. നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതുപോലെ തൊഴില്‍ നല്‍കാന്‍ കഴിയാത്ത സന്ദര്‍ഭങ്ങളില്‍ തൊഴിലില്ലായ്മ വേതനം നല്‍കപ്പെടണം. നാലാമത്, തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്കു നീട്ടണം. നഗരപദ്ധതിയിലെ തൊഴില്‍ ചെറുകിട സംരംഭങ്ങളെ വിശേഷിച്ച്, അവശ്യ വസ്തുക്കളും സേവനങ്ങളും പ്രദാനം ചെയ്യുന്നവയെ ഉള്‍പ്പെടുത്തണം. ഇത് ചെറുകിട സംരംഭങ്ങള്‍ക്ക് ഒരുതരത്തില്‍ സബ്സിഡി നല്‍കലായിരിക്കും. സര്‍ക്കാര്‍ ഫലത്തില്‍ ഒരു കാലയളവിലേക്ക് ചെറുകിട സംരംഭങ്ങളുടെ കൂലിച്ചെലവ് നല്‍കുകയായിരിക്കും. തൊഴിലാളികളെ നല്‍കിക്കൊണ്ടും അവര്‍ക്ക് വേതനം നല്‍കേണ്ട ബാധ്യത ഒഴിവാക്കിയും ഇത്തരം സംരംഭങ്ങളെ സാവധാനത്തില്‍ പുനരുജ്ജീവിപ്പിക്കലായിരിക്കും ഒരു തരത്തില്‍ ഇത്.


എം.എസ്.എം.ഇകള്‍ 
(സൂക്ഷ്മ ചെറുകിട-ഇടത്തരം സംരംഭങ്ങള്‍)


12.    രണ്ടാമത്തെ ഇടത്തരം നടപടി എം.എസ്.എം.ഇകളും, കൃഷിയുമായി പ്രത്യേകിച്ച് ബന്ധപ്പെട്ടതാണ്. ഈ സംരംഭങ്ങള്‍ക്ക് നഗര തൊഴില്‍ ഉറപ്പ് പദ്ധതിയില്‍ നിന്ന് തൊഴിലാളികളെ കൊടുത്തുകൊണ്ടുമാത്രം മതിയാവില്ല. അവയ്ക്ക് അതിനുപുറമെ കാര്യമായ പിന്തുണ ആവശ്യമാണ്. വലിയ ഈട് ആവശ്യപ്പെടാതെ ബാങ്കുകള്‍ തക്കസമയത്ത് അവയ്ക്ക് വായ്പ നല്‍കണം. അതിനായി സര്‍ക്കാര്‍ അവയ്ക്ക് വായ്പാ ഗാരണ്ടി നല്‍കണം. കൂടാതെ, ഇത്തരം സംരംഭങ്ങള്‍ക്കുള്ള വായ്പകള്‍ക്കുള്ള ആര്‍.ബി.ഐയുടെ മൊറട്ടോറിയം നിശ്ചിതമായ മൂന്നു മാസത്തില്‍ നിന്ന് ഒരു വര്‍ഷമായി വര്‍ദ്ധിപ്പിക്കണം. ഡിമാന്‍റ് പെട്ടെന്ന് സ്തംഭിക്കുകയോ കുത്തനെ ഇടിയുകയോ ചെയ്യുന്നത് ഇത്തരം സംരംഭങ്ങളില്‍ മിക്കതിനും സാധാരണ സ്ഥിതി വരുന്നതുവരെ നിലനില്‍ക്കുക തന്നെ പ്രയാസമാകുമെന്നതിനാല്‍, കൂടുതല്‍ നീണ്ട അനുകൂല കാലപരിധി അനുവദിക്കണം. അതോടൊപ്പം പലിശ നിരക്കുകള്‍ക്കെല്ലാം ബാധകമായ കൈത്താങ്ങ് സര്‍ക്കാര്‍ നല്‍കുകയും വേണം. കൃഷിയുടെ കാര്യത്തില്‍ കൃഷിക്കാര്‍ക്ക് കടം റദ്ദാക്കല്‍ വേണം. സര്‍ക്കാര്‍ പലിശ നല്‍കുന്ന രീതിയില്‍ പുതിയ വായ്പയ്ക്കുള്ള വ്യവസ്ഥ വേണം. ഇതിനുപുറമെ സഹകരണ ഡയറികള്‍ക്ക് ഓരോ ലിറ്റര്‍ പാലിനും അഞ്ചു രൂപ നിരക്കില്‍ സബ്സിഡി നല്‍കുന്നത് ഡയറി കൃഷിക്കാരെ സഹായിക്കാനും പാലിന് ഡിമാന്‍റ് വര്‍ദ്ധിപ്പിക്കാനും ആവശ്യമാണ്. 


അവശ്യചരക്കുകളുടെ 
വിതരണം


13.    നാലാമത്തേത്, ഇടക്കാല നടപടി അവശ്യവസ്തുക്കളുടെയും വ്യാപകമായി ഉപഭോഗം ചെയ്യപ്പെടുന്ന ഇനങ്ങളുടെയും തുടര്‍ച്ചയായും വേണ്ടത്രയുമുള്ള വിതരണം ന്യായമായ വിലയ്ക്ക് ഉണ്ടാകുന്നു എന്ന് ഉറപ്പുവരുത്തലുമായി ബന്ധപ്പെട്ടതാണ്. അടച്ചിടല്‍ ഇതിനകം വിതരണ ശൃംഖല തകര്‍ത്തിരിക്കുന്നു. പല അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ഉല്‍പ്പാദനത്തെ ബഹുമുഖമായി അസാധ്യമാക്കിയിട്ടുണ്ട്. ഇവയെ പുനരുദ്ധരിപ്പിക്കുന്നതിന് അത്തരം ഉല്‍പ്പാദനത്തെ നിയന്ത്രിക്കുന്ന ഇന്‍പുട്ട്-ഔട്ട്പുട്ട് ബന്ധങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിയതവും ഏകോപിതവുമായ യത്നങ്ങള്‍ ആവശ്യമാണ്. ഇതിന് രാജ്യത്താകെ ഏതെങ്കിലും തരത്തിലുള്ള ആസൂത്രണ സംവിധാനത്തിന്‍റെ പുനഃസ്ഥാപനം ഫലപ്രദമായി നടപ്പാക്കേണ്ടതുണ്ട്.


ഗ്രാമീണ സമ്പദ്വ്യവസ്ഥയെ 
പുനരുദ്ധരിക്കല്‍


14.    അഞ്ചാമത്തെ ഇടക്കാല നടപടി നിരവധി രംഗങ്ങളില്‍ തദ്ദേശവിഭാഗങ്ങളെ, സംസ്കരണം പോലുള്ള ഗ്രാമതലത്തിലുള്ള ചെറുകിട സംരംഭങ്ങള്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയില്‍ സ്ഥാപിക്കലാണ്. എന്തെല്ലാം യത്നങ്ങളും ഉറപ്പുകളും ഉണ്ടായാലും അന്യസംസ്ഥാനത്തൊഴിലാളികളില്‍ നിരവധി പേര്‍ പലരും ഗ്രാമീണമേഖലകളില്‍ താമസിക്കാനാണ് പോകുന്നത്. അവര്‍ക്ക് തൊഴിലുറപ്പ് പദ്ധതിക്ക് പുറത്തും അതു കൂടാതെയും തൊഴിലവസരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. കാര്‍ഷിക ബിസിനസ് പ്രവര്‍ത്തനങ്ങളെ വികസിപ്പിക്കുന്നതിന് ശീതീകൃതമായി ചരക്കുകള്‍ സൂക്ഷിക്കുന്നതിനും മാര്‍ക്കറ്റിങ്ങിനും വേണ്ട പശ്ചാത്തല സൗകര്യസംവിധാനങ്ങള്‍ നല്‍കേണ്ടത് ആവശ്യമാണ്. ഗ്രാമസമ്പദ്വ്യവസ്ഥയെ പുനരുദ്ധരിക്കുന്നതിനും തൊഴില്‍ കേന്ദ്രിതമായ ദിശയില്‍ വികസനത്തിനുള്ള പാതയ്ക്ക് ബദല്‍ ഊന്നല്‍ നല്‍കുന്നതിനുമുള്ള ഒരു മാര്‍ഗമായിരിക്കും ഇത്. ഈ ലക്ഷ്യത്തോടെ ബാങ്ക് വായ്പകള്‍ ലഭ്യമാക്കേണ്ടതാണ്. അതോടൊപ്പം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നല്‍കാവുന്ന സാങ്കേതിക മാനേജ്മെന്‍റ് സംബന്ധിയായ വിദഗ്ധ ഉപദേശവും ആവശ്യമാണ്. 


പൊതുമുതല്‍മുടക്ക് 
വര്‍ദ്ധിപ്പിക്കുക


15.    ഇനി ഞങ്ങള്‍ ദീര്‍ഘകാല നടപടികളിലേക്ക് വരുന്നു. അവയും ഇപ്പോള്‍ തന്നെ ആരംഭിക്കേണ്ടതുണ്ട്. ആഭ്യന്തര കമ്പോളത്തിന്‍റെയും അതുകൊണ്ട് കാര്‍ഷികവളര്‍ച്ചയുടെയും - ഇതാണ് ഈ കമ്പോളത്തിന്‍റെ വളര്‍ച്ചയെ ആത്യന്തികമായി നിര്‍ണ്ണയിക്കുന്നത്- അടിസ്ഥാനത്തില്‍ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയുടെ തന്ത്രത്തെ പുനഃക്രമീകരിക്കേണ്ടത് ആവശ്യമാണ്. അടുത്തകാലത്താകെ കൃഷി അവഗണിക്കപ്പെട്ടിരിക്കുകയാണ്. എന്നിട്ടും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് കൃഷിയാണ് അവസാനത്തെ അഭയമെന്ന് അടച്ചിടല്‍ പ്രയോഗത്തില്‍ കാണിച്ചിരിക്കുന്നു. കൃഷിയുടെ അവഗണനയെ നേരെ എതിര്‍ദിശയിലാക്കേണ്ടതുണ്ട്. ഇത് നിരവധി നടപടികളിലൂടെ ആകണം. ഉദാഹരണത്തിന്, ആദായകരമായ സംഭരണ വിലകള്‍, മുമ്പുണ്ടായിരുന്നതുപോലെ സംഭരണ നടപടികള്‍ നാണ്യവിളകളിലേക്ക് വ്യാപിപ്പിക്കല്‍, ആഗോളതലത്തിലെ വിലയുടെ ഏറ്റിറക്കങ്ങളില്‍ നിന്ന് ആഭ്യന്തരവിളകളെ മുക്തമാക്കുന്നതിന് താരിപ്പുകളെ ഉപയോഗിക്കല്‍, വിളവര്‍ദ്ധിപ്പിക്കുന്നതിനുള്ള രീതികള്‍ സംബന്ധിച്ച ഗവേഷണം, ജലോപയോഗം കുറഞ്ഞ ഇനങ്ങള്‍ വികസിപ്പിക്കല്‍, തരിശുഭൂമിയുള്ള പ്ലാന്‍റേഷനുകളില്‍ നിന്ന് ആരംഭിച്ചുകൊണ്ട് മിച്ചഭൂമി ഭൂരഹിതര്‍ക്ക് വിതരണം ചെയ്യല്‍ എന്നിവ. ഇന്ത്യയിലെ അദ്ധ്വാനിക്കുന്ന ജനസാമാന്യത്തിന്‍റെമേല്‍ ദാരിദ്ര്യത്തിന്‍റെ നീരാളിപ്പിടിത്തം തകര്‍ക്കുന്നതിന്‍റെ മര്‍മ്മം കൃഷിക്കാരുടെയും കര്‍ഷകത്തൊഴിലാളികളുടെയും ആളോഹരി കാര്‍ഷികവരുമാനത്തെ ഉയര്‍ത്തലാണ്.


        കൂടാതെ, കാര്‍ഷികേതര പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് അവയുടെ പാരിസ്ഥിതികമായ സുസ്ഥിരതയയെയും തൊഴില്‍ സൃഷ്ടിക്കുന്നതിനുള്ള അവയുടെ ശേഷിയെയും മുന്‍നിര്‍ത്തിയാകണം. ഹരിത ഉല്‍പ്പാദനത്തിനും രക്ഷാസേവനങ്ങള്‍ക്കുള്ള സാധ്യതവികസിപ്പിക്കുന്നതിനും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതാണ് എന്നാണ് ഇതിനര്‍ത്ഥം.


        രാജ്യത്തെ ആരോഗ്യരക്ഷാ സംവിധാനത്തിന്‍റെ കടുത്ത പരിമിതികളെ മഹാമാരിക്കെതിരായ പോരാട്ടം വ്യക്തമായി വെളിവാക്കിയിരിക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നമ്മുടെ ജി.ഡി.പിയുടെ മൂന്നു ശതമാനമെങ്കിലും ചെലവഴിച്ചുകൊണ്ട് സാര്‍വത്രികമായ ആരോഗ്യരക്ഷാ സംവിധാനം സ്ഥാപിക്കുന്നതിന് അടിയന്തിര യത്നങ്ങള്‍ നടത്തേണ്ടതുണ്ട്. ഈ വ്യവസ്ഥ സൃഷ്ടിക്കുന്നതിന് ഈ സംഖ്യയുടെ കൂടെ സംസ്ഥാന സര്‍ക്കാരുകള്‍ തങ്ങളുടെ വിഹിതം കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. മരുന്നുകളുടെമേലുള്ള സി.ജി.എസ്.ടി തോത് കുറയ്ക്കേണ്ടതാണ്. മരുന്നുകളുടെ ആഭ്യന്തരോല്‍പ്പാദനത്തിലുള്ള സ്വാശ്രയത്തിനുവേണ്ട പൊതുപശ്ചാത്തല സൗകര്യങ്ങള്‍ ശക്തിപ്പെടുത്തേണ്ടതാണ്. വിദ്യാഭ്യാസത്തില്‍ കാര്യമായ നിക്ഷേപം ഇതോടൊപ്പം വേണം. പ്രത്യേകിച്ച് സ്കൂള്‍ വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള വിഹിതം ജി.ഡി.പിയുടെ 6%മായെങ്കിലും വര്‍ദ്ധിപ്പിക്കേണ്ടതാണ്.


അമിതാധികാര 
ആക്രമണങ്ങളെ ചെറുക്കുക


16. എല്ലാവരും ഒത്തൊരുമയോടെ സഹകരിക്കാനുള്ള അവസരമാണ് മഹാമാരി. അതിനുള്ള യഥാര്‍ത്ഥവും അന്തിമവുമായ പരിഹാരം ഒരു പുതിയ ദേശീയ ഐക്യം ഊട്ടിയുണ്ടാക്കലാണ്. സര്‍ക്കാരിന്‍റെ, വ്യക്തമായ പിന്തുണയോടെ മഹാമാരിയെ വര്‍ഗീയവല്‍ക്കരിക്കുന്നത്, പൗരസ്വാതന്ത്ര്യങ്ങള്‍ക്കുവേണ്ടിയും സി.എ.എ പോലുള്ള നടപടികള്‍ക്കെതിരായും പോരാടുന്നവരെ യു.എ.പി.എ. പോലുള്ള കാടന്‍ നിയമങ്ങള്‍ പ്രയോഗിച്ചുകൊണ്ട് ഭീഷണിപ്പെടുത്തുന്നതിന് ഈ സമയത്തെതന്നെ ഉപയോഗിക്കുന്നത്, സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമപ്രവര്‍ത്തകരെ ഉന്നംവെച്ച് മാധ്യമസ്വാതന്ത്ര്യത്തെ ആക്രമണവിധേയമാക്കുന്നത്, ഇവയെല്ലാം അമിതാധികാര അജന്‍ഡയുടെ ഭാഗമാണ്. ഈ സന്ദര്‍ഭത്തിലോ മറ്റേതെങ്കിലും സമയത്തോ ആവശ്യമായ സമീപനത്തിന്‍റെയും നടപടിയുടെയും നേര്‍വിപരീതമാണ് അവ. എന്നിട്ടും അടച്ചിടലിന്‍റെ മറവില്‍ അവയെയൊക്കെയാണ് സര്‍ക്കാര്‍ മുന്നോട്ട് നീക്കുന്നത്. ഇതു മാറ്റാന്‍ കഴിയുന്നതുവരെ നമ്മുടെ രാജ്യത്തിനും ജനങ്ങള്‍ക്കും മഹാമാരിയെ ഫലപ്രദമായി നേരിടാന്‍ കഴിയില്ല.