വംശീയതയ്ക്കും  മുതലാളിത്തത്തിനും എതിരെ.

പി എസ് പൂഴനാട്

വംശീയതയ്ക്കും 
മുതലാളിത്തത്തിനും എതിരെ...

ഒന്ന്


ജോര്‍ജ് ഫ്ളോയിഡ് എന്ന കറുത്ത മനുഷ്യനെ വംശീയവെറി പൂണ്ട വെള്ളക്കാരനായ അമേരിക്കന്‍ പൊലീസ് കഴുത്തുഞെരിച്ചു കൊന്നതിനെതുടര്‍ന്ന് അമേരിക്കയിലും ലോകത്തിന്‍റെ മറ്റിടങ്ങളിലും മനുഷ്യരായ മനുഷ്യരൊക്കെയും പോരാട്ടത്തിന്‍റെ തീ പാറുന്ന സമരവീഥികളില്‍ അണിനിരന്നുകൊണ്ടിരിക്കുന്ന ആവേശകരമായ ഒരു ചരിത്ര സന്ദര്‍ഭമാണിത്. കോവിഡ്-19 എന്ന മഹാമാരി മുമ്പെന്നുമില്ലാത്ത വിധത്തല്‍ മുതലാളിത്ത ലോകത്തിന്‍റെ മനുഷ്യത്വവിരുദ്ധതയെയും അതിന്‍റെ വൈരുദ്ധ്യങ്ങളെയും ആര്‍ക്കും മനസ്സിലാവുന്ന വിധത്തില്‍ വളരെ കൃത്യമായി പുറത്തുകൊണ്ടുവന്നിരിക്കുകയാണ്. വംശീയതയെയും വിഭജനതന്ത്രങ്ങളെയും സ്വന്തം നാഡീഞരമ്പുകളില്‍ നൈസര്‍ഗികമായി ആവാഹിച്ചിട്ടുള്ള രക്തദാഹിയായ ഒരു ഉല്‍പ്പാദനവ്യവസ്ഥയാണ് മുതലാളിത്തമെന്ന് ജോര്‍ജ് ഫ്ളോയിഡിന്‍റെ അതിനിഷ്ഠൂരമായ കൊലപാതകത്തെ തുടര്‍ന്ന് ഒരിക്കല്‍ക്കൂടി ലോകത്തിനുമുന്നില്‍ വെളിപ്പെട്ടിരിക്കുകയാണ്. മാര്‍ക്സും ലെനിനും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും മാല്‍ക്കം എക്സും ആന്‍ജ്ഞല ഡേവിസും ഉള്‍പ്പെടെയുള്ള വിമോചനപ്പോരാളികള്‍ വീണ്ടും സമൂഹത്തിന്‍റെ മുഖ്യധാരയിലേക്ക് കടന്നുവരികയാണ്. തൊഴിലെടുക്കുന്ന മനുഷ്യരെ മുഴുവന്‍ ശ്വാസംമുട്ടിച്ചുകൊല്ലുന്ന ഈ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ അതുകൊണ്ടുതന്നെ പ്രക്ഷോഭങ്ങള്‍ കടുക്കുകയാണ്. കോവിഡ് എന്ന വൈറസ് രോഗത്തിനെതിരായ പോരാട്ടമെന്നത് മുതലാളിത്തമെന്ന മഹാവ്യാധിയ്ക്കെതിരായ പോരാട്ടമായിക്കൂടി മാറിത്തീരേണ്ടതിന്‍റെ ആവശ്യകതയെകുറിച്ച് ലോകത്തിലെ വിവിധയിടങ്ങളിലുള്ള മനുഷ്യര്‍ പതിയെ എങ്കിലും തിരിച്ചറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഈയൊരു സവിശേഷ സന്ദര്‍ഭത്തില്‍ വിമോചനത്തെക്കുറിച്ച് സ്വപ്നം കാണുന്ന സര്‍വമനുഷ്യരെയും ആവേശഭരിതരാക്കിക്കൊണ്ട് മാല്‍ക്കം എക്സ് എന്ന ജ്വലിക്കുന്ന പോരാളിയുടെ ഓര്‍മകളും മുഖ്യധാരയിലേയ്ക്ക് എത്തപ്പെട്ടിരിക്കുന്നു.


വെള്ളക്കാരുടെ വംശീയാധിപത്യത്തിനെതിരെ അതിതീക്ഷ്ണമായി പടപൊരുതിനിന്ന അമേരിക്കന്‍ പൗരാവകാശ പോരാളിയായിരുന്നു മാല്‍ക്കം എക്സ്. മാസ്മരികമായ സാന്നിധ്യം കൊണ്ടും ത്രസിപ്പിക്കുന്ന പ്രഭാഷണ പരമ്പരകള്‍ കൊണ്ടും പോരാളികളായ മനുഷ്യരുടെ മനസ്സില്‍ മാല്‍ക്കം എക്സ് നിറഞ്ഞുനിന്നു. ആയിരത്തിത്തൊള്ളായിരത്തി അമ്പതുകളിലും അറുപതുകളുടെ ആദ്യപകുതിയിലും അമേരിക്കന്‍ ഭൂമികയില്‍ പുതിയൊരു പോരാട്ട പരിസരത്തെ അദ്ദേഹം നട്ടുമുളപ്പിക്കുകയായിരുന്നു. ചരിത്ര യാഥാര്‍ഥ്യങ്ങളുടെ സമൂര്‍ത്തതകള്‍ക്കനുസരിച്ച് മാല്‍ക്കം എക്സ് തന്‍റെ നിലപാടുകളെ നിരന്തരമെന്നോണം പുതുക്കിക്കൊണ്ടിരിക്കുകയും വികസിതമാക്കിക്കൊണ്ടിരിക്കുകയും ചെയ്തു. അവസാനവര്‍ഷങ്ങളില്‍ ഇടതുപക്ഷാവബോധത്തിന്‍റെ പുതിയൊരു തീക്കാറ്റായി അമേരിക്കന്‍ മണ്ണില്‍ അദ്ദേഹം പടരുകയായിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കന്‍ ഭരണവര്‍ഗത്തിന് മാല്‍ക്കം എക്സ് എന്ന വംശീയവിരുദ്ധതയുടെയും മുതലാളിത്ത വിരുദ്ധതയുടെയും തീപാറുന്ന പ്രതീകത്തെ അവസാനിപ്പിക്കണമായിരുന്നു. എന്നാല്‍ മാല്‍ക്കം എക്സിന്‍റെ ജീവനെ വംശീയഭരണങ്ങള്‍ തകര്‍ത്തെറിഞ്ഞെങ്കിലും പോരാട്ടത്തിന്‍റെ പുതിയൊരു പ്രതീക്ഷയും പ്രതീകവുമായി ആ ജീവിതവും ചിന്തകളും ലോകത്താകമാനം ഇപ്പോഴും പടര്‍ന്നുകൊണ്ടേയിരിക്കുന്നു.


അമേരിക്കയിലെ നെബ്രാസ്ക്കയിലെ ഒമാഹ എന്ന സ്ഥലത്ത് 1925 മെയ് 19നായിരുന്നു മാല്‍ക്കം ലിറ്റില്‍ എന്ന മാല്‍ക്കം എക്സ് ജനിക്കുന്നത്. മാല്‍ക്കം എക്സിന്‍റെ മാതാപിതാക്കളാകട്ടെ പാന്‍-ആഫ്രിക്കന്‍ ആക്ടിവിസ്റ്റായിരുന്ന മാര്‍ക്കസ് ഗാര്‍വെയുടെ (1887-1940) പാത പിന്തുടര്‍ന്നിരുന്ന രാഷ്ട്രീയ പോരാളികളായിരുന്നു. മാര്‍ക്കസ് ഗാര്‍വെയുടെ നേതൃത്വത്തിലുണ്ടായിരുന്ന യൂണിവേഴ്സല്‍ നീഗ്രോ ഇംപ്രൂവ്മെന്‍റ് അസോസിയേഷനിലെ (യുഎന്‍ഐഎ) പ്രവര്‍ത്തകരായിരുന്നു അവര്‍. വെള്ളക്കാരുടെ വംശീയാധിപത്യം കൊടികുത്തി വാഴുകയായിരുന്നു. ആഫ്രോ- അമേരിക്കന്‍ ജനതയുടെ യാതൊരു കൂട്ടായ്മയെയും അടിച്ചുതകര്‍ക്കാന്‍ കൂ ക്ലക്സ് ക്ലാന്‍ (ഗഗഗ) എന്ന വെള്ളവംശീയ വിദ്വേഷപ്രസ്ഥാനം എങ്ങും തിമിര്‍ത്താടിക്കൊണ്ടിരുന്നു. മാല്‍ക്കം എക്സിനെ ഗര്‍ഭത്തില്‍ വഹിച്ചുകൊണ്ടിരുന്ന സമയത്തുതന്നെ കൂ ക്ലക്സ് ക്ലാന്‍റെ വംശീയവാദികളാല്‍ മാല്‍ക്കം എക്സിന്‍റെ അമ്മ ആക്രമിക്കപ്പെട്ടിരുന്നു. അവര്‍ താമസിച്ചിരുന്ന സ്ഥലത്തുണ്ടായിരുന്ന കറുത്ത മനുഷ്യരുടെ ഒരു കൂട്ടായ്മയില്‍ മാര്‍ക്കസ് ഗാര്‍വെയുടെ പാന്‍-ആഫ്രിക്കന്‍ നിലപാടുകളെ അനുകൂലിച്ച് മാല്‍ക്കം എക്സിന്‍റെ അച്ഛന്‍ സംസാരിച്ചു എന്നതായിരുന്നു കാരണം. വംശീയവാദികളുടെ നിരന്തരമായ ഭീഷണിയെതുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് ആ കുടുംബം താമസം മാറ്റി. എന്നാല്‍ മാല്‍ക്കം എക്സിന് നാലുവയസ്സാകുമ്പോഴേക്കും ആ കുടുംബം താമസിച്ചിരുന്ന വീടിന് വെള്ളക്കാരായ വംശീയവാദികള്‍ തീയിട്ടിരുന്നു. എന്നാല്‍ ആര്‍ക്കും അപ്പോള്‍ ആളപായമുണ്ടായില്ല. രണ്ടുവര്‍ഷത്തിനുശേഷം തന്‍റെ പിതാവിന്‍റെ ചിന്നിച്ചിതറിയ ശരീരം മാല്‍ക്കം എക്സ് എന്ന കുട്ടിക്ക് കണ്ണീരോടെ നോക്കി നില്‍ക്കേണ്ടിവന്നു. കു ക്ലക്സ് ക്ലാന്‍റെ വംശീയവാദികളായിരുന്നു ആ പിതാവിനെ കൊന്നുതള്ളിയത്. അതിനെ തുടര്‍ന്ന് ആ കുടുംബം ആകെ ചിന്നിച്ചിതറാന്‍ തുടങ്ങി. പട്ടിണിയുടെയും പാരിവട്ടങ്ങളുടെയും ആഴങ്ങളിലൂടെ അവര്‍ അടിയുലഞ്ഞു. തന്‍റെ എട്ടുമക്കളെയും മാറോട് ചേര്‍ത്തുപിടിച്ചുകൊണ്ട് ആ അമ്മ അലറിക്കരഞ്ഞുകൊണ്ടേയിരുന്നു. മതിഭ്രമത്തിന്‍റെ ദുരന്തങ്ങളിലേയ്ക്ക് ആ അമ്മയുടെ ജീവിതം വീണുടയുകയായിരുന്നു. ഇതായിരുന്നു അന്നത്തെ കറുത്ത മനുഷ്യരുടെ ജീവിതത്തിന്‍റെ പൊതുചിത്രം.
കുട്ടിക്കാലത്തുണ്ടായ ഇത്തരം അതികഠിനമായ അനുഭവങ്ങളുടെ തീച്ചൂളകള്‍ മാല്‍ക്കം എക്സിനെ എക്കാലവും മഥിച്ചുകൊണ്ടിരുന്നു. ആദ്യഘട്ടങ്ങളിലൊക്കെ അതികഠിനമായി പണിപ്പെട്ട് ആ അമ്മ മക്കളെ പഠിക്കാനയച്ചിരുന്നു. മാല്‍ക്കമാകട്ടെ പഠിക്കാന്‍ അതിമിടുക്കനായിരുന്നു. ഒരു വക്കിലാകണമെന്നായിരുന്നു കുട്ടിക്കാലത്തെ ആഗ്രഹം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ അധ്യാപകനോട് ആ ആഗ്രഹം തുറന്നുപറയുകയും ചെയ്തിരുന്നു. എന്നാല്‍ ആ അധ്യാപകന്‍ മാല്‍ക്കമിനെ വംശീയമായി അധിക്ഷേപിക്കുകയാണുണ്ടായത്. 'നിന്നെപ്പോലുള്ള കറുപ്പന്മാര്‍ക്ക് വക്കീല്‍പണിയല്ല; മരപ്പണിയാണ് കൂടുതല്‍ യോജിക്കുന്നതെന്ന് വംശീയവാദിയായ ആ അധ്യാപകന്‍ മാല്‍ക്കമിന്‍റെ മുഖത്തുനോക്കി വിളിച്ചു പറഞ്ഞു. മാല്‍ക്കം തകര്‍ന്നുപോയി. വിദ്യാകേന്ദ്രങ്ങളില്‍ വേരുകളാഴ്ന്നുനിന്നിരുന്ന സ്ഥാപനവത്കരിക്കപ്പെട്ട വംശീയാധിപത്യത്തിന്‍റെ കൊടുംക്രൂരതകളിലേക്ക് മാല്‍ക്കമിന്‍റെ കണ്ണുകള്‍ അങ്ങനെയാണ് ചെന്നെത്തുന്നത്. പുറത്താണെങ്കില്‍ വെള്ളവംശീയതയുടെ കൂലിപ്പട്ടാളങ്ങള്‍ നിരന്തരം ചുറ്റിക്കറങ്ങികൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെ ഔപചാരിക വിദ്യാഭ്യാസത്തോട് എന്നെന്നേയ്ക്കുമായി മാല്‍ക്കമിന് വിടപറയേണ്ടിവന്നു. തുടര്‍ന്നങ്ങോട്ട് വിശന്നുവലയുന്ന വയറുമായി ഏതെങ്കിലുമൊരു ജോലി തേടിയുള്ള അലച്ചിലുകളായിരുന്നു. എന്നാല്‍ വംശീയതയും മഹാമാന്ദ്യവും അരങ്ങുവാണുകൊണ്ടിരുന്ന ആ ഘട്ടത്തില്‍ മാല്‍ക്കമിന് ഒരു ജോലിയും കണ്ടെത്താനായില്ല. ഇവിടെവെച്ചായിരുന്നു ഒരു സാധാരണ ഗ്രാമീണബാലനില്‍നിന്നും ഒരു തെരുവു ക്രിമിനലിന്‍റെ അവസ്ഥയിലേക്ക് മാല്‍ക്കം എക്സ് പരിവര്‍ത്തിക്കപ്പെട്ടത്.
അമേരിക്കന്‍ വ്യവസ്ഥയില്‍ അതിഗൂഢമായി തുടര്‍ന്നുകൊണ്ടിരിരുന്ന വംശീയാധിപത്യത്തിന്‍റെ ഭാഗമായി കറുത്ത മനുഷ്യര്‍ക്ക് ജീവിതം മുന്നോട്ടുനീക്കാന്‍ അനുയോജ്യമായ മാന്യമായൊരു തൊഴില്‍ കണ്ടെത്തുക എന്നത് അസാധ്യമായിരുന്നു. ജീവിക്കാനൊരു തൊഴില്‍ കിട്ടാത്തതുകൊണ്ടുതന്നെ ജീവിക്കാന്‍ വേണ്ടി കള്ളക്കടത്തിന്‍റെയും പിടിച്ചുപറിയുടെയും വേശ്യാവൃത്തിയുടെയും ചൂതുകളിയുടെയും അധോലോകവൃത്തങ്ങളിലേക്ക് കറുത്ത മനുഷ്യന്‍ എടുത്തെറിയപ്പെട്ടുകൊണ്ടിരുന്നു. അങ്ങനെ മാല്‍ക്കം എക്സും അവിടെ എത്തപ്പെട്ടു. പിടിച്ചുപറിയുടെയും മയക്കുമരുന്നു വ്യാപനത്തിന്‍റെയും കൂട്ടിക്കൊടുപ്പിന്‍റെയും കള്ളക്കടത്തിന്‍റെയും അഴുക്കുചാലുകളിലേയ്ക്ക് മാല്‍ക്കം എക്സ് കൂടുതല്‍ കൂടുതല്‍ പുതത്തുകൊണ്ടിരുന്നു. ക്രിമിനല്‍ വാസനയും പണവും കൈകളിലേയ്ക്ക് വന്നടിച്ചുകൊണ്ടിരുന്നു. എന്നാല്‍ ഈയൊരു അധോലോക ജീവിതവുമായി കൂടുതല്‍ കാലം മുന്നോട്ടുപോകാന്‍ മാല്‍ക്കം എക്സിന് കഴിഞ്ഞില്ല. അദ്ദേഹം പൊലീസ് പിടിയിലായി. അതിനെ തുടര്‍ന്ന് പത്ത് വര്‍ഷത്തെ കഠിനതടവിനായി ജയിലഴികള്‍ക്കുള്ളിലേക്ക് വലിച്ചെറിയപ്പെട്ടു. അന്ന് മാല്‍ക്കം എക്സിന് പ്രായം ഇരുപത് തികഞ്ഞിട്ടുണ്ടായിരുന്നില്ല.


രണ്ട്


ജയിലറകള്‍ക്കുള്ളിലെ ജീവിതം മാല്‍ക്കം എക്സില്‍ പുതിയൊരു  പരിവര്‍ത്തനത്തിന് വഴിയൊരുക്കി. ലഹരി വസ്തുക്കളോടുള്ള ആസക്തിയും ക്രിമിനല്‍വാസനയും മറികടക്കാന്‍ മാല്‍ക്കം സ്വയം പരിശീലിച്ചുകൊണ്ടിരുന്നു. ജയിലില്‍വച്ച് പരിചയപ്പെട്ട ഒരു മുന്‍ കുറ്റവാളിയായിരുന്നു ജയിലറകള്‍ക്കുള്ളിലുണ്ടായിരുന്നു ആ പുസ്തകശാലയിലേയ്ക്ക് മാല്‍ക്കമിനെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് ആ ഗ്രന്ഥാലയത്തെ സ്വന്തം സര്‍വകലാശാലയാക്കി മാല്‍ക്കം മാറ്റിത്തീര്‍ക്കുകയായിരുന്നു. അറിവിന്‍റെയും വായനയുടെയും പുതിയൊരു ധൈഷണികജീവിതത്തിലേയ്ക്ക് മാല്‍ക്കം പതിയെപ്പതിയെ കാലെടുത്തുവയ്ക്കുകയായിരുന്നു. ആ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങള്‍ ഓരോന്നായി മാല്‍ക്കം കരണ്ടുതിന്നാന്‍ തുടങ്ങി. തത്വശാസ്ത്രത്തിന്‍റെയും ചരിത്രത്തിന്‍റെയും പുതിയ വാക്കുകള്‍ മാല്‍ക്കമിന്‍റെ മനസ്സില്‍ തുളച്ചുകയറി അവിടെയുണ്ടായിരുന്ന നിഘണ്ടുകള്‍പോലും ആദ്യാവസാനം അകത്താക്കി. ക്രിസ്തുമതത്തിന്‍റെയും ഇസ്ലാം മതത്തിന്‍റെയും വിശുദ്ധ ഗ്രന്ഥങ്ങളും പഠിച്ചുതീര്‍ത്തു. ഈയൊരു സന്ദര്‍ഭത്തിലായിരുന്നു തന്‍റെ ജ്യേഷ്ഠസഹോദരന്‍റെ ഉപദേശംകൂടി പരിഗണിച്ച് കറുത്തവര്‍ഗക്കാരായ മുസ്ലീം വിഭാഗങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ദി നേഷന്‍ ഓഫ് ഇസ്ലാം എന്ന പ്രത്യേക മതഗ്രൂപ്പിലെ അംഗമായി മാല്‍ക്കം എക്സ് ചേരുന്നത്.


ദി നേഷന്‍ ഓഫ് ഇസ്ലാം എന്ന മതഗ്രൂപ്പിന്‍റെ തത്വശാസ്ത്രമാകട്ടെ സവിശേഷമായ ഒന്നായിരുന്നു. യാക്കൂബ് എന്ന് പേരുള്ള ഒരു ഭ്രാന്തന്‍ ശാസ്ത്രജ്ഞന്‍റെ പരീക്ഷണത്തിലൂടെയാണ് വെള്ളക്കാരായ മനുഷ്യര്‍ സൃഷ്ടിക്കപ്പെട്ടതെന്നന്ന് അവര്‍ വിശ്വസിച്ചു. ഈ വെള്ളക്കാരായ "പിശാചുക്കള്‍" ഈ ലോകത്തിലെ യാഥാര്‍ഥവാസക്കാരായ കറുത്ത മനുഷ്യരെ ചില സൂത്രങ്ങളിലൂടെ പാട്ടിലാക്കുകയും അതിലൂടെ സമൂഹത്തിന്‍റെ നിയന്ത്രണം കൈക്കലാക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കറുത്ത മനുഷ്യരുടെ അവബോധം വീണ്ടും ഉണര്‍ന്നെഴുന്നേക്കേണ്ടതുണ്ട്. ഈ അവബോധത്തിന്‍റെ അടിസ്ഥാനത്തില്‍ കറുത്ത മനുഷ്യര്‍ അവരുടെ പഴയ അധികാരവും ആര്‍ജവവും തിരിച്ചുപിടിക്കേണ്ടതുണ്ട്. വെള്ളക്കാരുടെ സമൂഹവുമായുള്ള സമ്പൂര്‍ണ വിച്ഛേദമായിരുന്നു അവരുടെ ലക്ഷ്യം. വെള്ളക്കാര്‍ക്ക് സമാന്തരമായി കറുത്തവര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യമുള്ള ഒരു മുതലാളിത്തത്തെ (ആഹമരസ ഇമുശേമഹശാെ) വികസിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനും അവര്‍ ആഹ്വാനം ചെയ്തിരുന്നു. ഇതിന്‍റെ സാക്ഷാത്ക്കാരമെന്ന നിലയിലായിരുന്നു 4500 ഏക്കറുള്ള ഒരു ഫാം ജോര്‍ജിയാനയില്‍ അവര്‍ വാങ്ങിയത്. അതിനെ തുടര്‍ന്ന്, സ്വന്തമായുള്ള ഭക്ഷണശാലകളും വ്യാപാരകേന്ദ്രങ്ങളും അവര്‍ തുറന്നു. വംശീയതയുടെ അകക്കാമ്പുകള്‍ അത്യഗാധമായി തുന്നിച്ചേര്‍ക്കപ്പെട്ടിട്ടുള്ള ഒരു സാമൂഹ്യവ്യവസ്ഥയ്ക്കുള്ളില്‍ നിന്നുകൊണ്ട് ദി നേഷന്‍ ഓഫ് ഇസ്ലാം മുന്നോട്ടുവച്ച ദാര്‍ശനിക കാഴ്ചപ്പാടുകളെ അത്രപെട്ടെന്നൊന്നും അവഗണിക്കാനാവില്ലെന്നതും യാഥാര്‍ഥ്യമാണ്. അതുകൊണ്ടുതന്നെ ഈയൊരു തത്വശാസ്ത്രത്തിന് അതിന്‍റേതായ സ്വീകാര്യതയും ലഭിച്ചിരുന്നു. കറുത്ത മനുഷ്യരുടെ ആത്മാഭിമാനത്തെ തൊട്ടുണര്‍ത്താനുള്ള ഈ മതഗ്രൂപ്പിന്‍റെ പരിശ്രമങ്ങളും നിരവധി മനുഷ്യരെ ഈ ഗ്രൂപ്പിലേയ്ക്ക് വലിച്ചടുപ്പിച്ചിരുന്നു.


ദി നേഷന്‍ ഓഫ് ഇസ്ലാമിന്‍റെ ആശയപരിസരത്തിനുള്ളിലേയ്ക്ക് മാല്‍ക്കം എക്സും അഗാധമായി ഉള്‍ച്ചേര്‍ന്നുകൊണ്ടിരുന്നു. 1953ല്‍ ജയില്‍മോചിതനായതിനെതുടര്‍ന്ന് ഈ പ്രസ്ഥാനത്തിന്‍റെ ഏറ്റവും മാസ്മരികമായ നിത്യസാന്നിധ്യമായി മാല്‍ക്കം എക്സ് ഉയര്‍ന്നുവന്നു. ദി നേഷന്‍ ഓഫ് ഇസ്ലാമിന്‍റെ ആത്മീയാചാര്യനായിരുന്ന എലിജാ മുഹമ്മദുമായുള്ള കൂടിക്കാഴ്ചയെതുടര്‍ന്ന് മാല്‍ക്കം ലിറ്റില്‍ എന്ന പേരില്‍ നിന്നും മാല്‍ക്കം എക്സ് എന്ന പേരിലേയ്ക്ക് അദ്ദേഹം മാറിത്തീരുകയും ചെയ്തു. മുഹമ്മദ് സംസാരിക്കുന്നു(Muhammad Speaks) എന്നൊരു മാസികയ്ക്കും ഈ ഘട്ടത്തില്‍ മാല്‍ക്കം എക്സ് രൂപം നല്‍കുന്നുണ്ട്.


ദി നേഷന്‍റെ നിലപാടുകളാകട്ടെ തീവ്രവും കാര്‍ക്കശ്യമേറിയതുമായിരുന്നു. തലമുടി വെട്ടിയൊതുക്കി കറുത്ത വസ്ത്രങ്ങള്‍ അണിഞ്ഞുകൊണ്ടായിരുന്നു അവര്‍ മുഖ്യധാരയില്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്. ഈ പ്രസ്ഥാനത്തെ കൂടുതല്‍ അത്യാകര്‍ഷകമാക്കുന്നതില്‍ മാല്‍ക്കം എക്സിന്‍റെ പങ്ക് വലുതായിരുന്നു. ഹെവിവെയ്റ്റ് ബോക്സിങ് ചാമ്പ്യനായിരുന്ന മുഹമ്മദ് അലിയെ ഈ പ്രസ്ഥാനത്തിലേയ്ക്ക് ആകര്‍ഷിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ചതും മാല്‍ക്കം എക്സായിരുന്നു. കറുത്ത മനുഷ്യരുടെ പോരാട്ടങ്ങളും രാഷ്ട്രീയത്തിലുള്ള ഇടപെടലുകളും പൊതുവേ വര്‍ധിതമായിക്കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നാല്‍ ദി നേഷനുമായുള്ള ബന്ധപരിസരങ്ങളില്‍ മാല്‍ക്കം എക്സ് നിരന്തരം നിരാശനായി മാറിക്കൊണ്ടിരിക്കുകയായിരുന്നു. എലിജാ മുഹമ്മദിന്‍റെ ഏകാധിപത്യപ്രവണതകളോടും ലൈംഗിക അരജകജീവിതത്തോടും മാല്‍ക്കം എക്സിന് യോജിക്കാനായില്ല. അതോടൊപ്പം മറ്റ് പ്രസ്ഥാനങ്ങളുമായി ഒരുതരത്തിലും കൂട്ടുചേരാത്ത കടുത്ത വിഭാഗീയനിലപാടുകളോടും മാല്‍ക്കം എക്സിന്‍റെ വിയോജിപ്പുകള്‍ കടുത്തുകൊണ്ടിരുന്നു.
എലിജാ മുഹമ്മദിന്‍റെ പ്രസ്ഥാനവുമായുള്ള കടുത്തവിയോജിപ്പുകള്‍ 1963ന്‍റെ അവസാനഘട്ടങ്ങളില്‍ നേരിട്ടുള്ള ഏറ്റുമുട്ടലുകളിലേയ്ക്ക് വളര്‍ന്നു. 1963 ആഗസ്റ്റ് 28ന് പൗരാവകാശപ്രവര്‍ത്തകരുടെയും മനുഷ്യാവകാശപ്രവര്‍ത്തകരുടെയും ഒരു വമ്പന്‍ മാര്‍ച്ച് ആസൂത്രണം ചെയ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ പോരാളിയായ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍റെ സതേണ്‍ ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനവും മറ്റ് നിരവധി പൗരാവകാശ പ്രസ്ഥാനങ്ങളും സംയുക്തമായിട്ടായിരുന്നു ഈ മാര്‍ച്ച് ആസൂത്രണം ചെയ്തത്. വാഷിംട്ണിലേയ്ക്കുള്ള ഈ മാര്‍ച്ചില്‍ തന്‍റെ അനുയായികള്‍ ആരുംതന്നെ പങ്കെടുക്കരുതെന്ന് എലിജാ മുഹമ്മദ് അന്ത്യശാസനം നല്‍കിയിരുന്നു. മാല്‍ക്കം എക്സും ഈ ഔദ്യോഗിക നിലപാടിനൊപ്പം തന്നെയായിരുന്നു നിലയുറപ്പിച്ചത്. മാര്‍ച്ചിന് ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ മാര്‍ച്ചിനെ തള്ളിക്കൊണ്ട് ഇത് വാഷിങ്ടണിലേയ്ക്കുള്ള ഒരു പ്രഹസനമാണെന്ന് മാല്‍ക്കം എക്സ് വിളിച്ചുപറഞ്ഞിരുന്നു. എന്നാല്‍ മാര്‍ട്ടിന്‍ ലൂതര്‍ കിങ്ങിന്‍റെ നേതൃത്വത്തിലുള്ള ആ വാഷിങ്ടണ്‍ മാര്‍ച്ചില്‍ കറുത്ത മനുഷ്യരും വെളുത്ത മനുഷ്യരും ഉള്‍പ്പെടെ രണ്ടരലക്ഷത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. 1963 നവംബറില്‍ നടന്ന പ്രധാനപ്പെട്ട മറ്റൊരു പ്രഭാഷണത്തിലും ആ വാഷിങ്ടണ്‍ മാര്‍ച്ചിനെ ഒരു സര്‍ക്കസ് എന്ന നിലയില്‍ മാല്‍ക്കം എക്സ് പുച്ഛിച്ചുതള്ളിയിരുന്നു.


എന്നാല്‍ വ്യക്തിപരമായും സ്വകാര്യമായും മുഹമ്മദിന്‍റെ തീട്ടുരങ്ങളോട് മാല്‍ക്കം എക്സ് വിയോജിച്ചുകൊണ്ടിരുന്നു. അതുകൊണ്ടുതന്നെ ആ വാഷിങ്ടണ്‍ മാര്‍ച്ചില്‍ ഒരു കാഴ്ചക്കാരനായി മാല്‍ക്കം എക്സും സന്നിഹിതനായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനോടുള്ള കടുത്ത വിയോജിപ്പുകള്‍ നിലനിറുത്തുമ്പോള്‍ തന്നെ, ജനങ്ങളെ പ്രചോദിപ്പിക്കാനും സംഘടിപ്പിക്കാനുമുള്ള പൗരാവകാശപ്രസ്ഥാനത്തിന്‍റെ ശേഷിയെ അദ്ദേഹം വിലമതിച്ചിരുന്ന. അമേരിക്കയില്‍ അരങ്ങുവാണുകൊണ്ടിരിക്കുന്ന വംശീയമായ അനീതിയെ ലോകത്തിന്‍റെ ശ്രദ്ധയിലേക്ക് കൊണ്ടുവരുന്നതില്‍ ആ മാര്‍ച്ച് വഹിച്ച പങ്കിനെ തള്ളിക്കളയാനും മാല്‍ക്കം എക്സിലെ ആക്ടിവിസ്റ്റിന് കഴിയുമായിരുന്നില്ല.


മുഹമ്മദുമായും അദ്ദേഹത്തിന്‍റെ പ്രസ്ഥാനവുമായും മാല്‍ക്കം എക്സിന്‍റെ അകല്‍ച്ച കൂടുതല്‍ കൂടുതല്‍ തീവ്രമായിക്കൊണ്ടിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റായിരുന്ന ജോണ്‍ എഫ് കെന്നഡി 1963 നവംബര്‍ 22-ാം തീയതി വെടിയേറ്റുമരിച്ചു വീണു. വെള്ളക്കാരുടെ അധികാരത്തിനെതിരെ പടപൊരുതിക്കൊണ്ടിരിക്കുന്ന ഒരു പ്രസ്ഥാനമെന്ന നിലയില്‍ ജോണ്‍ എഫ് കെന്നഡിയുടെ വധത്തോടുള്ള ദി നേഷന്‍റെ അഭിപായമെന്തന്നറിയാന്‍ പൊതുസമൂഹത്തിന് താല്‍പ്പര്യമുണ്ടായിരുന്നു. എന്നാല്‍, ഈ വധത്തിനോട് അനുയായികള്‍ ഒരു തരത്തിലും പ്രതികരിക്കരുതെന്ന നിലപാടായിരുന്നു എലിജാ മുഹമ്മദ് കൈക്കൊണ്ടത്. ലോകത്തിലെ ഏറ്റവും ശക്തനായി നിലകൊണ്ട ഒരു സാമ്രാജ്യത്വ ഭരണാധികാരിയുടെ വധത്തെക്കുറിച്ചുള്ള പ്രതികരണത്തെ "ഞങ്ങളുടെ പ്രസിഡന്‍റിനെ നഷ്ടപ്പെട്ടതിലുള്ള" ഒരു നടുക്കത്തില്‍ ഒടുക്കുക മാത്രമായിരുന്നു എലിജാ മുഹമ്മദ് ചെയ്തത്. എന്നാല്‍ എലിജാ മുഹമ്മദിന്‍റെ നിലപാടായിരുന്നില്ല മാല്‍ക്കം എക്സ് പങ്കുവച്ചത്. ജോണ്‍ എഫ് കെന്നഡിയുടെ വധമെന്നത് അദ്ദേഹം ചെയ്ത പ്രവൃത്തികളുടെ അനന്തരഫലമായിരുന്നു എന്നാണ് മാല്‍ക്കം എക്സ് പ്രതികരിച്ചത്. ജോണ്‍ എഫ് കെന്നഡി ഉള്‍പ്പെടെയുള്ളവര്‍ പരിപോഷിപ്പിച്ചുകൊണ്ടിരുന്ന സ്ഥാപനവത്ക്കരിക്കപ്പെട്ട വംശീയതയുടെ ഫലമായി സമുഹത്തിനുള്ളില്‍ നടമാടിക്കൊണ്ടിരിക്കുന്ന ഹിംസയുടെ പ്രകാശമാനമായിരുന്നു കെന്നഡിയുടെ വധം. ഈയൊരു നിരീക്ഷണത്തിന്‍റെ പേരില്‍ വലിയതരത്തിലുള്ള വിമര്‍ശനങ്ങളായിരുന്നു മാല്‍ക്കം എക്സ് ഏറ്റുവാങ്ങിയത്. ഇതിനെതുടര്‍ന്ന് ദി നേഷന്‍ ഓഫ് ഇസ്ലാമില്‍ നിന്നും മാല്‍ക്കം എക്സ് പുറത്താക്കപ്പെട്ടു. പിന്നീടൊരിക്കലും ദി നേഷനുമായുള്ള ബന്ധം മാല്‍ക്കം തുടര്‍ന്നില്ല.


1964 മാര്‍ച്ചില്‍ മുസ്ലീം മോസ്ക് ഇന്‍ക് എന്നൊരു പുതിയ പ്രസ്ഥാനത്തിന് മാല്‍ക്കം എക്സ് രൂപം നല്‍കി. ദി നാഷനില്‍ നിന്നും ആളുകളെ തിരിച്ചുപിടിക്കുന്നതും പുതിയൊരു അവബോധത്തിന് അടിത്തറയിടലുമായിരുന്നു അതിന്‍റെ ലക്ഷ്യം.


മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ പൗരാവകാശ പ്രസ്ഥാനത്തിന് ജനങ്ങളെ സംഘടിപ്പിക്കാനുള്ള ശേഷിയെ വലിയ ആദരവോടെയാണ് ഈ ഘട്ടത്തില്‍ മാല്‍ക്കം എക്സ് നോക്കിക്കണ്ടത്. എന്നാല്‍ ആ ഘട്ടത്തിലും തന്നെയൊരു കറുത്ത ദേശീയവാദിയായിട്ടായിരുന്നു മാല്‍ക്കം എക്സ് സ്വയം അടയാളപ്പെടുത്തിക്കൊണ്ടിരുന്നത്. കറുത്ത മനുഷ്യര്‍ അമേരിക്കക്കാരായിരുന്നു എന്ന ആശയത്തെ അദ്ദേഹം അംഗീകരിച്ചില്ല. കറുത്ത മനുഷ്യര്‍ യഥാര്‍ഥത്തില്‍, കൊളോണിയല്‍ അധികാരശക്തികളാല്‍ അടിച്ചമര്‍ത്തപ്പെട്ട ആഫ്രിക്കക്കാരാണ്. ദേശീയബോധത്തിലൂടെ ആഫ്രിക്കയിലെ മനുഷ്യര്‍ സാമ്രാജ്യത്വനുകത്തെ കൂടഞ്ഞെറിയുന്നത് മാല്‍ക്കമിനെ ആവേശഭരിതനാക്കി. സമരപ്രക്ഷോഭങ്ങളില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കുന്നതിനുപകരം, മറ്റ് പ്രസ്ഥാനങ്ങളിലെ കറുത്ത മനുഷ്യരുമായി സമരസ്ഥലികളില്‍ ഐക്യപ്പെടാന്‍ തന്നോടൊപ്പം ചേര്‍ന്നു നില്‍ക്കുന്നവരോട് അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെ എങ്ങനെയാണ് ഒരു യഥാര്‍ഥ വിപ്ലവം നടക്കുന്നതെന്ന്  മറ്റുള്ളവര്‍ക്ക് കാണിച്ചുകൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പഴയകാല നിലപാടുകളില്‍നിന്നുള്ള ഗുണപരമായ വൃതിയാനം ഇവിടെ കൃത്യമായി തെളിഞ്ഞുവരുന്നത് കാണാവുന്നതാണ്.
(തുടരും)