പ്രശ്നം ലോകാരോഗ്യ  സംഘടനയുടേതല്ല

ആര്യ ജിനദേവന്‍

അമേരിക്കയ്ക്ക് പിന്നാലേ ബ്രസീലും ലോകാരോഗ്യ സംഘടനയില്‍നിന്ന് പിന്‍മാറുന്നതിനെക്കുറിച്ച് പറഞ്ഞുതുടങ്ങിയിരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ കീഴിലുള്ള ഈ സംഘടനയ്ക്ക് അമേരിക്ക നല്‍കിയിരുന്ന സാമ്പത്തിക വിഹിതം ട്രംപ് നിര്‍ത്തലാക്കി. ലോകാരോഗ്യ സംഘടന ചൈനയോട് പക്ഷപാതപരമായ സമീപനം പ്രകടിപ്പിക്കുന്നു എന്നായിരുന്നു ട്രംപിന്‍റെ ആരോപണം. ട്രംപും അനുയായികളും അഭിപ്രായപ്പെട്ടതുപോലെ കൊറോണ വൈറസ് ഒരു ചൈനാ വൈറസാണെന്നും ചൈനയിലെ പരീക്ഷണശാലയില്‍ നിര്‍മിച്ചതാണെന്നും ലോകാരോഗ്യ സംഘടന പറയാന്‍ തയ്യാറാകാത്തതാണ് അമേരിക്കന്‍ ഭരണകൂടത്തെ പ്രകോപിപ്പിച്ചത്.
ഇതേ ആരോപണം ബ്രസീല്‍ പ്രസിഡന്‍റ് ബോള്‍സനാരോയ്ക്കുമുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോള്‍സനാരോ ലോകാരോഗ്യ സംഘടനയ്ക്കെതിരെ തിരിഞ്ഞത് സാധാരണ മലമ്പനിയുടെ ചികിത്സയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിന്‍ എന്ന മരുന്നുകൊണ്ടുതന്നെ കൊറോണ വൈറസിനെയും നേരിടാം എന്ന സിദ്ധാന്തം ഈ വിദഗ്ദ്ധരുടെ വേദി കണ്ണുമടച്ച് അംഗീകരിക്കാത്തതാണ്.മലമ്പനിയെപ്പോലെ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് കോവിഡ് 19 എന്ന നിലയില്‍ പല രാജ്യങ്ങളിലും ഹൈഡ്രോക്സി ക്ലോറോക്വിനും ഈ രോഗത്തിന്‍റെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നുണ്ട്.ലോകാരോഗ്യ സംഘടനയും അത് അംഗീകരിച്ചതാണ്. പക്ഷേ അത് കര്‍ശനമായും ഡോക്ടര്‍മാരുടെ നിയന്ത്രണത്തിലായിരിക്കണമെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിനെപ്പോലെ ബോള്‍സനാരോയും കോവിഡിന്‍റെ മറുമരുന്നായി ക്ലോറോക്വിന്‍ ഗുളികകള്‍ കഴിക്കാന്‍ ജനങ്ങളെ ഉപദേശിക്കുകയായിരുന്നു.     


ഹൈഡ്രോക്സി ക്ലോറോക്വിന്‍ ഗുളിക കഴിക്കുന്നത് സുരക്ഷിതമല്ലെന്നും അത് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമല്ലെന്നുമുള്ള ശാസ്ത്ര ഗവേഷകരുടെ പഠനങ്ങളെതുടര്‍ന്ന് ഈ മരുന്ന് കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതു സംബന്ധിച്ച പരീക്ഷണങ്ങള്‍ താല്‍കാലികമായി നിര്‍ത്തലാക്കാന്‍ ലോകാരോഗ്യ സംഘടന തീരുമാനിച്ചതാണ് ബോള്‍സനാരോയെ പ്രകോപിപ്പിച്ചത്. ഡബ്ല്യുഎച്ച്ഒ പ്രത്യയശാസ്ത്രപരമായ പക്ഷപാതിത്വം കൈവെടിഞ്ഞില്ലെങ്കില്‍ അമേരിക്കയെപ്പോലെ ബ്രസീലിനും ആ സംഘടനയില്‍നിന്നു പുറത്തുപോകുന്നതിനെക്കുറിച്ച് ആലോചിയ്ക്കേണ്ടതായി വരും എന്നാണ് ബോള്‍സനാരോ പറയുന്നത്. ട്രമ്പായാലും ബോള്‍സനാരോ ആയാലും ശാസ്ത്രീയമായ സമീപനത്തിനും നിലപാടിനും വേണ്ടിയല്ല, മറിച്ച് അശാസ്ത്രീയമായ സമീപനത്തിനായാണ് വാദിക്കുന്നത്.


അതേസമയം അമേരിക്കന്‍ ഭരണവൃത്തങ്ങളും മാധ്യമങ്ങളും ലോകാരോഗ്യ സംഘടന കോവിഡ്19 കൈകാര്യംചെയ്തതിനെ സംബന്ധിച്ചുയര്‍ത്തുന്ന വിമര്‍ശനങ്ങളില്‍ ശരിയുണ്ടോയെന്ന കാര്യം പരിശോധന അര്‍ഹിക്കുന്നതാണ്. അതായത് ലോകാരോഗ്യ സംഘടന ചൈനയിലെ വുഹാനില്‍ പുതിയതരം വൈറസ്ബാധമൂലം പകര്‍ച്ചവ്യാധി ഉണ്ടായതു സംബന്ധിച്ച വിവരങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് അമേരിക്കയുടെ ആരോപണം. അത് ചൈനയുടെ നിര്‍ദേശപ്രകാരമാണെന്നും അതുകൊണ്ടാണ് ഇത്രയേറെ രോഗവ്യാപനം ഉണ്ടായതെന്നും ട്രംപ് ആരോപിക്കുന്നു.     


എന്നാല്‍ വുഹാനില്‍ കോറോണാ വൈറസ് രോഗം സ്ഥിരീകരിച്ച ഉടന്‍ തന്നെ ചൈനീസ് അധികൃതര്‍ ലോകാരോഗ്യ സംഘടനയുടെ ബെയ്ജിങ് മേഖലാ ഓഫീസിനെ വിവരമറിയിച്ചുവെന്നു മാത്രമല്ല, ചൈനയുടെ പകര്‍ച്ചവ്യാധി നിയന്ത്രണകേന്ദ്രം ജനുവരി 3 നൂതന്നെ (പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള സ്ഥിരീകരണം 4 ദിവസത്തിനുള്ളിലുല്‍) അമേരിക്കയുടെ പകര്‍ച്ചവ്യാധിനിയന്ത്രണകേന്ദ്രം ഡയറക്ടറെ നേരിട്ട് അറിയിച്ചിരുന്നു. ലഭ്യമാകുന്നതും കണ്ടെത്തുന്നതുമായ ഓരോ വിവരങ്ങളും ചൈന അതാതു സമയത്തുതന്നെ ലോകാരോഗ്യ സംഘടനയ്ക്കും മറ്റു രാജ്യങ്ങള്‍ക്കും കൈമാറുകയും ചെയ്തിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടന രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ലോകരാജ്യങ്ങളെ ജാഗ്രതപ്പെടുത്തിയത്. ലോകത്തെ അറുപതോളം വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ വാക്സിന്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടങ്ങിയതും ചൈനയില്‍നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ്. 


അതേസമയം കോവിഡ്19 എന്നപേരില്‍ അറിയപ്പെടുന്ന വൈറസ് രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയ ഉടന്‍ തന്നെ ലോകാരോഗ്യ സംഘടന ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിച്ചില്ലെന്നും കോവിഡ്19 ഒരു മഹാമാരിയായി പ്രഖ്യാപിക്കുന്നതില്‍ കാലതാമസം വന്നുവെന്നുമുള്ള വിമര്‍ശനത്തില്‍ കഴമ്പുള്ളതായി കാണാം, പക്ഷേ അതിന് ഡബ്ല്യുഎച്ച്ഒയ്ക്കു അവരുടേതായ ന്യായീകരണമുണ്ട്.


ജനുവരി 22 നും 23നും 30നുമായി രണ്ടു തവണ ഡബ്ല്യുഎച്ച്ഒയുടെ ഇന്‍റര്‍നാഷണല്‍ ഹെല്‍ത്ത് റെഗുലേഷന്‍സ് എമര്‍ജെന്‍സി കമ്മിറ്റി യോഗം ചേര്‍ന്നിരുന്നു. ആദ്യ യോഗത്തില്‍ ആഗോള അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാന്‍വേണ്ട ഗൗരവ സ്വഭാവമുള്ളതാണ് ഈ പുതിയ വൈറസ് രോഗമെന്നു സ്ഥാപിക്കുന്ന തെളിവുകള്‍ ഇല്ലെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു.ജനുവരി 30ന്‍റെ യോഗത്തിലാണ് ഡബ്ല്യുഎച്ച്ഒ ആഗോള ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പിന്നേയും ഒരുമാസത്തിലേറെ കഴിഞ്ഞ് മാര്‍ച്ച് 11 നാണ് കോവിഡ്19 ആഗോള മഹാമാരിയാണെന്ന് (ുമിറലാശര) ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചത്.ഡബ്ല്യുഎച്ച്ഒയുടെ ഈ മെല്ലെപോക്കുമൂലമാണ് ലോകത്ത് ഇത്രയേറെ രോഗവ്യാപനം ഉണ്ടായത് എന്നാണ് അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ആരോപണം. എന്നാല്‍ കോവിഡ്19 ആഗോള മഹാമാരിയാണെന്ന് ഡബ്ല്യുഎച്ച്ഓ പ്രഖ്യാപിച്ചശേഷവും അമേരിക്ക പ്രശ്നത്തെ വേണ്ട ഗൗരവത്തില്‍ കണ്ടില്ലെന്നതാണ് വസ്തുത.


1969ല്‍ പുറപ്പെടുവിച്ചതും പിന്നീട് ചില്ലറ ഭേദഗതികള്‍ പല ഘട്ടങ്ങളിലായി വരുത്തിയതുമായ ഡബ്ല്യുഎച്ച്ഒയുടെ ഇന്‍റര്‍നാഷനല്‍ ഹെല്‍ത്ത് റഗുലേഷന്‍സ് അപര്യാപ്തമാണെന്ന നിഗമനത്തില്‍ വിദഗ്ധര്‍ എത്തിയത് 1990 കളുടെ ഒടുവിലാണ്. എബോളയെയും പക്ഷിപ്പനിയെയും പോലുള്ള മാരകമായ വൈറസ് രോഗങ്ങളെല്ലാം പൊട്ടിപ്പുറപ്പെട്ടത് ഈ കാലത്താണ്. പുതിയ രോഗങ്ങളെ നിയന്ത്രിക്കുന്നതിന് 1969 ലെ റഗുലേഷന്‍ അപര്യാപ്തമായി. മാത്രമല്ല വ്യോമയാന യാത്രകള്‍ 1969ലേതിനെക്കാള്‍ 1990കളായപ്പോള്‍ എത്രയോ മടങ്ങ് വര്‍ധിച്ചിരുന്നു. വ്യോമഗതാഗതം വൈറസ് രോഗങ്ങള്‍ ആഗോളാടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്ന സ്ഥിതിയുമുണ്ടായി. അങ്ങനെയാണ് 2005 മേയില്‍ ചേര്‍ന്ന 58മത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി 1969ലെ റഗുലേഷന്‍ ഭേദഗതി ചെയ്തു. എന്നാല്‍ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ വ്യാപനവും ആഗോളമഹാമാരി വ്യാപനവുമെല്ലാം വ്യോമഗതാഗതത്തെയും ആഗോള വ്യാപാരത്തെയും ബാധിക്കാത്തവിധമായിരിക്കണമെന്ന് അമേരിക്കയും കാനഡയും യൂറോപ്യന്‍ യൂണിയനും നിര്‍ബന്ധംപിടിക്കുകയുമുണ്ടായി. റഗുലേഷനില്‍ സമ്പന്നമുതലാളിത്ത രാജ്യങ്ങളുടെ ശാഠ്യത്തിന് വഴങ്ങിയതാണ് പിന്നീട് ഡബ്ല്യുഎച്ച്ഒയ്ക്കു പ്രതിബന്ധമായിമാറിയത്.


2009 ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയിലും അമേരിക്കയിലും എച്ച് 1 എന്‍ 1 വൈറസ് ബാധമൂലമുള്ള ഇന്‍ഫ്ളുവന്‍സ രോഗം (പന്നിപ്പനി എന്നാണ് അത് അറിയപ്പെടുന്നത്) പടര്‍ന്നുപിടിച്ചപ്പോഴാണ് 2005ലെ റഗുലേഷനനുസരിച്ച് ഡബ്ല്യുഎച്ച്ഒയ്ക്കു ആദ്യമായി പ്രവര്‍ത്തിക്കേണ്ടതായി വന്നത്. ഏപ്രില്‍ 15നാണ് ഈ പുതിയ വൈറസിനെ ശാസ്ത്രഗവേഷകര്‍ തിരിച്ചറിഞ്ഞത്.ഏപ്രില് 24ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി നിയന്ത്രണകേന്ദ്രം (സിഡിസി) പുതിയ വൈറസിന്‍റെ ജനിതകഘടന പുറത്തുവിട്ടു. വൈറസ് കണ്ടെത്തി പത്താം ദിവസം, അതായത് ഏപ്രില്‍ 25ന് ണഒഛ ആഗോള അടിയന്തരാവസ്ഥ ഒ1 ച1 പൊട്ടിപ്പുറപ്പെട്ടതുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 11ന് ഇതൊരു ആഗോളമഹാമാരിയാണെന്നും ഡബ്ല്യുഎച്ച്ഒ പ്രഖ്യാപിച്ചു.


ഇപ്പോള്‍, 2020ല്‍ 2009ലേതില്‍നിന്നുവ്യത്യസ്തമായി ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനമുണ്ടായത് വൈറസ്ബാധ സ്ഥിരീകരിച്ച് ഒരു മാസത്തിനു ശേഷമാണ്. എന്നാല്‍ അതൊരു ആഗോളമഹാമാരിയാണെന്ന പ്രഖ്യാപനമുണ്ടായത് 2009ലെ അതേകാലപരിധിക്കുള്ളിലാണ്. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് ഇപ്രാവശ്യം കാലതാമസമുണ്ടായത് 2009ലെ അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ്. എച്ച് 1 എന്‍ 1 വൈറസ് ഡബ്ല്യുഎച്ച്ഒ ഭയന്നതുപോലെ അത്രമാരകമായ ഒന്നായില്ല. ഒരു വര്‍ഷത്തിനുള്ളില്‍  6.08 കോടി ആളുകളെ ബാധിച്ച വൈറസ് മൂലം മരണമടഞ്ഞത് 12,469 പേരാണെന്നാണ് ഡബ്ല്യുഎച്ച്ഒയുടെ കണക്ക്. ഇതിനെ തുടര്‍ന്ന് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഡബ്ല്യുഎച്ച്ഒ 2009 ജൂണ്‍ 11ന് തിരക്കിട്ട് എച്ച് 1 എന്‍ 1 വൈറസ് രോഗത്തെ മഹാമാരിയായി പ്രഖ്യാപിച്ചതിനെതിരെ രംഗത്തുവന്നു. ആ പ്രഖ്യാപനത്തില്‍ വിശ്വസിച്ച് രാജ്യങ്ങള്‍ വന്‍തോതില്‍ മരുന്നുകള്‍ സംഭരിച്ചുവെന്നും അത് ഭീമമായ നഷ്ടം വരുത്തിയെന്നുമായിരുന്നു വിമര്‍ശനം.


2009 ഡിസംബറില്‍ യൂറോപ്യന്‍ കൗണ്‍സില്‍ ഡബ്ല്യുഎച്ച്ഒയുടെ പ്രഖ്യാപനത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചു. ഡബ്ല്യുഎച്ച്ഒയുടെ പ്രഖ്യാപനം ശുദ്ധതട്ടിപ്പായിരുന്നുവെന്നും ശാസ്ത്രജ്ഞരെയും പൊതുജനാരോഗ്യസംരക്ഷണത്തിനു ഔദ്യോഗിക ഏജന്‍സികളെയും ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ സ്വാധീനിക്കുകയായിരുന്നെന്നും യൂറോപ്യന്‍ കൗണ്‍സിലിലെ 14 അംഗങ്ങള്‍ പ്രസ്താവിച്ചു. ഡബ്ല്യുഎച്ച്ഒയിലെ ശാസ്ത്രജ്ഞര്‍ പ്രതീക്ഷിച്ചത്ര വ്യാപനമുണ്ടാകാത്തതാണ് അവര്‍ക്കുനേരെ രൂക്ഷമായ വിമര്‍ശനത്തിനും ആക്രമണത്തിനും ഇടയാക്കിയത്. എന്തായാലും 2009ല്‍ ഉയര്‍ന്നുവന്ന വിമര്‍ശനം ഡബ്ല്യുഎച്ച്ഒയിലെ അധികൃതരെ കൂടുതല്‍ കരുതലോടെ നീങ്ങാന്‍ പ്രേരിപ്പിച്ചുവെന്നതാണ് വസ്തുത. കഴിഞ്ഞ ഒരു പതിറ്റാണ്ടുകാലം തങ്ങളുടെ വിശ്വാസ്യത വീണ്ടെടുക്കാനുള്ള പരിശ്രമത്തിലായിരുന്നു ണഒഛ. 2014ല്‍ എബോള പൊട്ടിപ്പുറപ്പെട്ടപ്പോഴും 2016ല്‍ സിക്ക വൈറസ്ബാധയുണ്ടായപ്പോഴും ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപനമൊന്നും ഉണ്ടായില്ല. ഈ വര്‍ഷം ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്ത് ഒരു മാസം നിരീക്ഷിച്ച ശേഷമാണ് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്; മൂന്നുമാസത്തിനുള്ളില്‍ ഇത് ആഗോളമഹാമാരിയാണെന്ന പ്രഖ്യാപനവും വന്നു.


തങ്ങളാണ് ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പണം നല്‍കുന്ന് എന്നതിന്‍റെ പേരില്‍ അശാസ്ത്രീയമായ നിലപാടുകളും രാഷ്ട്രീയവും സാമ്പത്തികവുമായ താത്പര്യത്തോടെ അടിച്ചേല്‍പ്പിച്ച്  ലോകവേദിയുടെ സ്വാതന്ത്ര്യംതന്നെ ഇല്ലാതാക്കുകയാണ് സാമ്രാജ്യത്വ ശക്തികള്‍. സ്വന്തം നിലയില്‍ നിഗമനങ്ങളിലും തീരുമാനങ്ങളിലും എത്തിച്ചേരുവാനുള്ള ശാസ്ത്രലോകത്തിന്‍െറ സ്വാതന്ത്ര്യമാണ് ആക്രമിക്കപ്പെടുന്നത്. അമേരിക്കയുടെ കോപത്തിന് വിധേയമാകുന്ന ആദ്യ അന്താരാഷ്ട്ര ഏജന്‍സിയല്ല ഡബ്ല്യുഎച്ച്ഒ. ഇതിനുമുന്‍പ് യുഎന്‍ ഡെവലപ്മെന്‍റ് പ്രോഗ്രാം,യൂണിസെഫ്, യുനെസ്കോ,യുഎന്‍ വിമെന്‍, യുഎന്‍ പോപ്പുലേഷന്‍ ഫണ്ട്, യുഎന്‍ ഹൈക്കമീഷ്ണര്‍ ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് എന്നിവയും അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ആക്രമണങ്ങള്‍ക്ക് ഫണ്ട് വെട്ടികുറയ്ക്കലിനും വിധേയമായിട്ടുണ്ട്. ട്രംപിന്‍റെ ഭരണകാലമായപ്പോള്‍ ഈ പ്രവണത വര്‍ധിച്ചു. 2018ല്‍ ട്രംപ് യുഎന്‍ പലസ്തീന്‍ ഏജന്‍സിക്കു അമേരിക്ക കരാര്‍ പ്രകാരം നല്കിയിരുന്ന ഫണ്ട് നിര്‍ത്തലാക്കി. ഐക്യരാഷ്ട്രസഭ ആയാലും അതിന്‍റെ അനുബന്ധ സംഘടനയായാലും തങ്ങളുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ചുനില്‍ക്കുന്നിടത്തോളം നല്ലത് അല്ലെങ്കില്‍ അതിനെതിരെ ആക്രമണമഴിച്ചുവിടുകയും ഫണ്ട് നിഷേധിക്കുകയുമാണ് അമേരിക്കന്‍ സമീപനം.


യഥാര്‍ഥത്തില്‍ ഇപ്പോള്‍ അമേരിക്കയില്‍ വലിയതോതില്‍ രോഗവ്യാപനവും ആള്‍നാശവുമുണ്ടായത് ഡബ്ല്യുഎച്ച്ഒ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലോ കോവിഡ്19 മഹാമാരിയാണെന്ന് പ്രഖ്യാപിക്കുന്നതിലോ ഉണ്ടായകാലതാമസമല്ല, മറിച്ച് അമേരിക്കന്‍ ഭരണകൂടം ഡബ്ല്യുഎച്ച്ഒയുടെയും അമേരിക്കയിലടക്കമുള്ള  ശാസ്ത്രജ്ഞരുടെയും നിര്‍ദേശങ്ങള്‍ അവഗണിച്ചതുമൂലമാണ്. മാത്രമല്ല ഇതുപോലൊരു പകര്‍ച്ചവ്യാധിയെ നേരിടാന്‍വേണ്ട പൊതു ആരോഗ്യസംവിധാനത്തിന്‍റെ അഭാവവും വലിയ പങ്കുവഹിച്ചു.