കൊറോണാനന്തരം  കറുപ്പിന്‍റെ ഗര്‍ജനം

ജി വിജയകുമാര്‍

അമേരിക്കയില്‍ ഇന്ന് മുഴങ്ങുന്നത്, ലോകമാകെ പ്രതിധ്വനിക്കുകയും അനുരണനങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നത് കറുപ്പിന്‍റെ ഗര്‍ജനമാണ്. ഇതിനര്‍ഥം ഇപ്പോള്‍ നടക്കുന്നത്, കറുത്തവരുടെ മാത്രം പ്രതിഷേധമാണെന്നോ കറുത്തവര്‍ക്കായി അവര്‍ക്കൊപ്പം വെളുത്തവരും കൂടി അണിനിരന്ന പ്രക്ഷോഭമാണെന്നോ അല്ല. മറിച്ച് ഇത് മൂലധനത്തിന്‍റെ ചൂഷണത്തിനെതിരെ ചൂഷിതരായവരുടെയാകെ പോരാട്ടമാണെന്നാണ്. മിനിയോപൊളീസില്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന മനുഷ്യനെ, കറുത്തനിറമുള്ളവനെ, വിലങ്ങണിയിച്ച് കമിഴ്ത്തി തള്ളിയിട്ട് കഴുത്തില്‍ ചവിട്ടി ശ്വാസംമുട്ടിച്ച് കൊന്നത് ഒരു നിമിത്തം മാത്രമായിരുന്നു, അണകെട്ടി നിര്‍ത്തപ്പെട്ടിരുന്ന പ്രതിഷേധമാകെ അണപൊട്ടിയൊഴുകുന്നതിന്‍റെ മുഴക്കമാണ് ആഗോളമൂലധനത്തിന്‍റെ കേന്ദ്രങ്ങളില്‍നിന്നെല്ലാം കേള്‍ക്കുന്നത്. വംശീയവും വര്‍ഗീയവുമായ വിവേചനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കുമെതിരെ, വേലയും കൂലിയുമില്ലാതായി പട്ടിണി കിടക്കേണ്ടതായി വരുന്ന അവസ്ഥയ്ക്കെതിരെ, അധ്വാനിക്കുന്നവന്‍റെ നട്ടെല്ല് ഒടിക്കുംവിധം അവനുമേല്‍ കടുത്ത ഭാരം അടിച്ചേല്‍പിക്കുന്ന മൂലധനത്തിന്‍റെ കൊള്ളയ്ക്കും കൊടുംക്രൂരതകള്‍ക്കുമെതിരെയുള്ള മര്‍ദിതന്‍റെ ഗര്‍ജനമാണ് ഭരണസിരാകേന്ദ്രങ്ങളുടെ ഉറക്കം കെടുത്തുന്നത്.


ലോകത്തെ പ്രമുഖ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് ജൂണ്‍ 7ന് റിപ്പോര്‍ട്ട് ചെയ്യുന്നത് നോക്കാം: "വാഷിങ്ടണിലെയും അമേരിക്കയിലെ ഡസന്‍കണക്കിന് മറ്റു നഗരങ്ങളിലെയും നഗര - ഗ്രാമ ഭേദമെന്യേ സര്‍വ പട്ടണങ്ങളിലെയും ജനക്കൂട്ടങ്ങള്‍ ശ്രദ്ധേയമാകുന്നത് മുന്‍കാലങ്ങളില്‍, പിന്നിട്ട വാരങ്ങളില്‍, കണ്ടതിനെക്കാള്‍ കൂടുതല്‍ സംഘര്‍ഷവും എതിര്‍പ്പും സമൂഹത്തിന്‍റെ അടിത്തട്ടോളം എത്തിയിരിക്കുന്നു എന്നതിലാണ്.


അമേരിക്കയില്‍ നിലനില്‍ക്കുന്ന ക്രിമിനല്‍ ജസ്റ്റിസ് സിസ്റ്റത്തില്‍ അടിമുടി പരിഷ്കരണമാവശ്യമാണെന്നും മത - വംശീയ ന്യൂനപക്ഷങ്ങളോടുള്ള ഭരണകൂടത്തിന്‍റെ സമീപനത്തില്‍ പൊളിച്ചെഴുത്തുവേണമെന്നുമുള്ള ചര്‍ച്ചയിലേക്ക് മുഖ്യധാരാ മാധ്യമങ്ങള്‍ക്കുപോലും പോകേണ്ടതായി വന്നിരിക്കുന്നുവെന്നും റോയിട്ടേഴ്സ് ചൂണ്ടിക്കാണിക്കുന്നു. പ്രക്ഷോഭം ശക്തമാകുന്നു എന്നുകണ്ടാണ്, കസ്റ്റഡിയില്‍ എടുത്ത ഒരാളിനുമേല്‍ രണ്ടാംമുറ പ്രയോഗം നടത്തിയതിനുള്‍പ്പെടെ കര്‍ക്കശമായ വകുപ്പുകള്‍ ചേര്‍ത്ത് മുഖ്യപ്രതിയായ ഡെറെക്ക് ചോവിനെതിരെ മാത്രമല്ല, അയാള്‍ക്കൊപ്പം ഈ കുറ്റകൃത്യത്തില്‍ പങ്കാളികളായ മറ്റു മൂന്ന് പൊലീസുകാര്‍ക്കെതിരെയും കേസെടുക്കാനും അറസ്റ്റുചെയ്യാനും അധികൃത നിര്‍ബന്ധിതമായത്.


അമേരിക്കയിലെ പ്രതിഷേധ പ്രകടനം ലോകമെങ്ങുമുള്ള വംശീയ വിവേചന വിരുദ്ധ പോരാളികള്‍ക്ക് രംഗത്തിറങ്ങാന്‍ കരുത്ത് പകര്‍ന്നതായും ആസ്ട്രേലിയയിലെ ബ്രിസ്ബനും സിഡ്നിയും മുതല്‍ ലണ്ടനും പാരീസും ബെര്‍ലിനും മറ്റു പ്രമുഖ യൂറോപ്യന്‍ നഗരങ്ങളും കേന്ദ്രീകരിച്ച് ശക്തമായ പ്രതിഷേധ പ്രകടനങ്ങള്‍ മര്‍ദ്ദനനടപടികളെ നേരിട്ടുകൊണ്ട് നടക്കുന്നതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ടു ചെയ്യുന്നു. അമേരിക്കയില്‍ തന്നെ ടെക്സാസിനെയും വിഡോറിനെയും പോലെയുള്ള നൂറ്റാണ്ടുകളായുള്ള കൂ ക്ലക്സ് ക്ലാന്‍ ശക്തികേന്ദ്രങ്ങളില്‍ പോലും (ലോകത്തിലെ ഏറ്റവും പഴക്കമുള്ള വംശീയ ഭീകരവാദ സംഘടനയാണിത്) "കറുത്തവന്‍റെ ജീവനും വിലയുണ്ട്" (ബ്ലാക് ലൈവ്സ് മാറ്റര്‍) എന്ന പ്ലക്കാര്‍ഡുകളുയര്‍ത്തി കറുത്തവരും വെളുത്തവരുമായ ദരിദ്ര ജനത, അധ്വാനിച്ച് സമൂഹത്തില്‍ സമ്പത്തുല്‍പാദിക്കുന്നവര്‍, പ്രതിഷേധവുമായി തെരുവിലിറങ്ങുന്നുവെന്ന പ്രത്യേകതയും ഇപ്പോള്‍ കാണാം.
അമേരിക്കയിലെ വംശീയ വിവേചനത്തിന്‍റെ ഏറ്റവും പുതിയ ദൃഷ്ടാന്തങ്ങള്‍ ഈ കോവിഡ് കാലത്തു തന്നെ കാണാനാകും.

അമേരിക്കയിലെ ചിക്കാഗൊ നഗരത്തിലെ ജനസംഖ്യയില്‍ 30 ശതമാനം മാത്രമാണ് കറുത്തവര്‍ എന്നിരിക്കെ അവിടെ മൊത്തം കോവിഡ് ബാധിച്ച് മരിച്ചവരില്‍ 60 ശതമാനവും കറുത്തവരാണ് എന്ന് മെയ് 24ന് 'ദ ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ ആരോഗ്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന വംശീയ വിവേചനത്തിന്‍റെയും രൂക്ഷമായ അസമത്വത്തിന്‍റെയും സാക്ഷ്യമാണ് ഇതില്‍ കാണാനാവുന്നത്. ലൂസിയാനയില്‍ ജനസംഖ്യയില്‍ 33 ശതമാനം മാത്രമുള്ള കറുത്തവരാണ് കോവിഡ് മൂലം മരിച്ചവരില്‍ 70 ശതമാനവും. അലബാമയില്‍ 44 ശതമാനം കറുത്തവരാണ് കോവിഡ് ബാധിച്ച് മരിച്ചത്; അവിടത്തെ ജനസംഖ്യയില്‍ 26 ശതമാനം മാത്രമാണീ വിഭാഗം. സൗത്ത് കരോലിനയിലും ജോര്‍ജിയയിലുമെല്ലാം പഴയ തെക്കന്‍ സംസ്ഥാനങ്ങളിലും വടക്കന്‍ സംസ്ഥാനങ്ങളിലും ഒരേപോലെ കാണുന്നതാണിത്. 2005ലെ കത്രീന കൊടുങ്കാറ്റിന്‍റെയും മറിയ കൊടുങ്കാറ്റിന്‍റെയും ദുരന്തങ്ങളും ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടതായി വന്നത് ഇതേ വംശീയ വിഭാഗത്തിനാണ്. അമേരിക്കയിലെ രാഷ്ട്രീയ സംവിധാനത്തില്‍ തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടതാണ് ഈ വിവേചനവും. അമേരിക്കയിലെയെന്നല്ല മുതലാളിത്ത വ്യവസ്ഥയില്‍ തന്നെ, പ്രത്യേകിച്ചും നവലിബറലിസത്തിന്‍റെ കാലത്ത്, അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ് വംശീയതയും വര്‍ഗീയതയും. കാരണം ചൂഷണം പരമാവധിയാക്കണമെന്നുണ്ടെങ്കില്‍ മൂലധനാധിപത്യത്തിന് അധ്വാനിക്കുന്ന ജനതയെ വംശീയമായും വര്‍ഗീയമായുമെല്ലാം ചേരിതിരിച്ചു നിര്‍ത്തിയാലേ പറ്റൂ. മൂലധനാധിപത്യത്തിന്‍റെ സിരാകേന്ദ്രമായ അമേരിക്കയില്‍ അത് കുറച്ചേറെ പ്രത്യക്ഷത്തില്‍ തന്നെ കാണാവുന്നതാണ്. മുതലാളിത്തത്തിന്‍റെ ജീര്‍ണതയാണ്, ചീഞ്ഞുനാറലാണ് ഇതിലൂടെ വെളിവാകുന്നത്.


കോവിഡുമായി ബന്ധപ്പെട്ട ലോക്ഡൗണ്‍ ലംഘനങ്ങള്‍ക്ക് അമേരിക്കയില്‍ ആകെ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 235 കേസുകള്‍. എന്നാല്‍ അതില്‍ 217 എണ്ണവും കറുത്തവര്‍ക്കെതിരെയാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ലോക്ഡൗണിനെതിരെ ഡെമോക്രാറ്റുകള്‍ ഭരിക്കുന്നിടത്ത് ആയുധമെടുത്തും പോരാടണമെന്ന് തന്‍റെ അനുയായികളോട് ആഹ്വാനം ചെയ്ത പ്രസിഡന്‍റ് ഭരിക്കുന്ന നാട്ടില്‍ കറുത്തവര്‍ക്കെതിരെ, ദരിദ്രര്‍ക്കെതിരെ മാത്രം ലോക്ഡൗണ്‍ ലംഘനത്തിനു കേസെടുക്കുന്നതില്‍ അല്‍ഭുതപ്പെടാനില്ലല്ലോ. അല്ലെങ്കില്‍ തന്നെ അമേരിക്കന്‍ ജയിലുകളില്‍ അടയ്ക്കപ്പെട്ടിട്ടുള്ളവരില്‍ മഹാഭൂരിപക്ഷവും കറുത്തവരുമാണല്ലോ. തടവറകള്‍ തന്നെ വാണിജ്യവല്‍ക്കരിക്കുകയും കൊള്ളലാഭമുണ്ടാക്കാനുള്ള സംവിധാനമായിരിക്കുകയും ചെയ്യുന്ന രാജ്യത്ത് നഗ്നമായ ഈ വംശീയ വിവേചനത്തില്‍ അല്‍ഭുതപ്പെടേണ്ടതില്ല.


തുടര്‍ച്ചയായി 12 ദിവസം പിന്നിടുമ്പോഴും, ഭരണവര്‍ഗങ്ങളും ഭരണകൂടവും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതുള്‍പ്പെടെ പല വിട്ടുവീഴ്ചകള്‍ക്കും തയ്യാറായിട്ടും പ്രതിഷേധം അല്‍പവും ദുര്‍ബലമാകാതെ ശക്തമായി തുടരുന്നതില്‍നിന്നു തന്നെ അമര്‍ന്നുകിടന്നിരുന്ന പ്രതിഷേധത്തിന്‍റെ കനല്‍ക്കട്ടകളുടെ ആളിക്കത്തല്‍ കാണാനാകും. അത് അമേരിക്കന്‍ വ്യവസ്ഥിതിയുടെ സിരാകേന്ദ്രങ്ങളില്‍ തന്നെ വിള്ളല്‍ വീഴ്ത്തിയിരിക്കുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണ് സര്‍വസൈന്യാധിപന്‍ കൂടിയായ പ്രസിഡന്‍റ് ട്രംപ് പ്രതിഷേധക്കാരെ കൊന്നൊടുക്കാന്‍ സൈന്യത്തെ ഇറക്കാന്‍ പറഞ്ഞിട്ടും ഡിഫെന്‍സ് സെക്രട്ടറി മാര്‍ക്ക് എസ്പെറും സൈനികാസ്ഥാനമായ പെന്‍റഗണിലെ മറ്റുന്നതരും അതിനു ചെവി കൊടുക്കാതിരുന്നത്. 1960കളിലെ പൗരാവകാശ പ്രക്ഷോഭകാലത്തും വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭവേളയിലും സൈന്യത്തിന്‍റെ താഴേത്തലങ്ങളില്‍ ഇളക്കമുണ്ടായെങ്കിലും പെന്‍റഗണിനെ അതു ബാധിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പെന്‍റഗണിനുള്ളില്‍പോലും ചെറിയ തോതിലെങ്കിലും ഇളക്കമുണ്ടായിരിക്കുന്നു.


അമേരിക്കയിലെ പൊലീസ് സംവിധാനം തന്നെ ഏറെക്കുറെ സൈനികവല്‍കൃതമായ ഒന്നാണ്. ദേശീയ (ഫെഡറല്‍) ഗവണ്‍മെന്‍റ് ടാങ്കുകള്‍ ഉള്‍പ്പെടെ സൈന്യം ഉപയോഗിക്കാറുള്ള ആയുധങ്ങള്‍ സംസ്ഥാന ഗവണ്‍മെന്‍റുകള്‍ക്കും കൗണ്ടികള്‍ക്കും കീഴിലുള്ളവയുള്‍പ്പെടെ പൊലീസിന് യഥേഷ്ടം നല്‍കാന്‍ തുടങ്ങിയിട്ടുതന്നെ ദശകങ്ങളായി. റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും ഒരേപോലെ (ബില്‍ ക്ലിന്‍റണും ഒബാമയും ഉള്‍പ്പെടെ) അഫ്ഗാനിസ്ഥാനിലും ഇറാഖിലും മറ്റും പ്രയോഗിച്ചിരുന്നവപോലെയുള്ള പടക്കോപ്പുകള്‍ (ബോംബുകള്‍ ഒഴികെ) ലോക്കല്‍ പൊലീസിനു വരെ കളിപ്പാട്ടങ്ങള്‍ പോലെ എത്തിച്ചുകൊടുക്കുകയാണ്. പൊലീസിന്‍റെ നടപടികളെ (ഫ്ളോയിഡിനെപ്പോലുള്ളവരെ കൊല്ലുന്ന നടപടികളെയടക്കം) ചോദ്യം ചെയ്താല്‍ അത് ഭരണകൂടത്തെ വെല്ലുവിളിക്കുന്നതായി കണക്കാക്കിയാണ് അമേരിക്കന്‍ ഭരണസംവിധാനം നേരിട്ടിരുന്നത്. പക്ഷേ ഇപ്പോള്‍ അങ്ങനെ കഴിയാത്തവിധം പെന്‍റഗണിനുള്ളില്‍ ഉള്‍പ്പെടെ സൈന്യത്തില്‍ വിള്ളല്‍ വീണിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നത്.
മറ്റൊരു കാര്യം, വ്യവസ്ഥയില്‍ ഉള്‍ച്ചേര്‍ക്കപ്പെട്ട സ്ഥാപനവല്‍കൃതമായ വംശീയതയാണ് അമേരിക്കയില്‍ തുടക്കംമുതല്‍ നിലനിന്നിരുന്നത്. അധ്വാനിക്കുന്ന ബഹുജനങ്ങളെ അടിത്തട്ടില്‍ ഭിന്നിപ്പിച്ചുനിര്‍ത്താനും വെള്ളക്കാരായ കൂലി അടിമകളെ കറുത്ത അടിമകള്‍ക്കെതിരെ തിരിച്ചുനിര്‍ത്താനും കഴിഞ്ഞതാണ് അമേരിക്കന്‍ വംശീയ മുതലാളിത്തത്തിന്‍റെ ശക്തി. ഇന്ന് നാം കാണുന്നത് നീതിക്കും തുല്യതയ്ക്കുംവേണ്ടി (വംശീയ തുല്യത മാത്രമല്ല സാമ്പത്തിക - സാംസ്കാരിക തുല്യതയും) അധ്വാനിക്കുന്നവര്‍ ഒരുമിച്ചു വരുന്നതായാണ്. അതിലും ശ്രദ്ധേയമായ സംഗതി പ്രക്ഷോഭത്തിലുടനീളമുള്ള സ്ത്രീപങ്കാളിത്തവും അവരുടെ നേതൃത്വപരമായ സാന്നിധ്യവുമാണ്. ട്രംപ് അധികാരമേല്‍ക്കുന്നതിനെതിരെ 2016ല്‍ നടന്ന വനിതാ മാര്‍ച്ചും 2014ല്‍ രൂപംകൊണ്ട ബ്ലാക് ലൈവ്സ് മാറ്ററും സ്ത്രീകളുടെ നേതൃത്വം ഉറപ്പാക്കുന്നതാണ്.


ഈ പ്രക്ഷോഭം എണ്ണത്തിലും പുരോഗമനപരമായ ഉള്ളടക്കത്തിലും അനുദിനം ശക്തിപ്പെട്ടുവരുമ്പോള്‍ രാജ്യത്തിന്‍റെയാകെ സമ്പത്തില്‍ 50 ശതമാനത്തിലധികം കയ്യടക്കിവച്ചിട്ടുള്ള ജനസംഖ്യയിലെ 0.01 ശതമാനം മാത്രം വരുന്ന വളരെ ചെറിയൊരു വിഭാഗത്തിന്‍റെ കൊള്ളലാഭം സംരക്ഷിക്കുന്നതിനായുള്ള സംവിധാനം മാത്രമായി അമേരിക്കന്‍ ഭരണകൂടം തുറന്നുകാട്ടപ്പെടുകയാണ്. സത്യത്തോടും നീതിയോടും മനുഷ്യജീവനോടും പോലും യാതൊരു പരിഗണനയുമില്ലാത്ത കോര്‍പ്പറേറ്റ് ശതകോടീശ്വരന്മാരുടെ, ധനമൂലധനത്തിന്‍റെ താല്‍പര്യങ്ങള്‍ക്കപ്പുറം മറ്റൊരു പരിഗണനയുമില്ലാത്ത ട്രംപിന്‍റെ ഭ്രാന്തന്‍ ഭരണത്തിനെതിരെ ഭരണവര്‍ഗത്തിനുള്ളില്‍പോലും ശക്തമായ വിള്ളല്‍ വീഴ്ത്താന്‍ ഈ കറുപ്പിന്‍റെ ഗര്‍ജനത്തിനു കഴിഞ്ഞിരിക്കുന്നു.


ഇവാഞ്ചലിക്കല്‍ ക്രിസ്തുമതവും വെള്ള വംശീയ മേധാവിത്വവും അജ്ഞതയും അഹന്തയും കൈമുതലായുള്ള ട്രംപ് ഭരണത്തിനുള്ള തിരിച്ചടിയായി; ഈ പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തിലാണ് വാഷിങ്ടണ്‍ ബിഷപ്പ്, ക്രിസ്തുവിന്‍റെ സന്ദേശം സ്നേഹവും സമാധാനവുമാണെന്നും പകവീട്ടലും യുദ്ധക്കൊതിയുമല്ലെന്നും പ്രസ്താവിച്ചത്. കടുത്ത ഇവാഞ്ചലിക്കല്‍ മതഭ്രാന്തനെന്നറിയപ്പെടുന്ന പാറ്റ്റോബിന്‍സണെപോലുള്ളവര്‍പോലും ട്രംപിനെതിരെ പ്രതികരിച്ചത് ഇവാഞ്ചലിക്കല്‍ മതവിശ്വാസികള്‍ക്കിടയില്‍ (ട്രംപിന്‍റെ ശക്തിസ്രോതസാണ് ഈ വിഭാഗം) ട്രംപിന്‍റെ പിന്തുണ ഇടിയുന്നതായാണ് കാണിക്കുന്നത്. ചൈനാവിരോധം പടര്‍ത്തി നവംബറിലെ തിരഞ്ഞെടുപ്പുവിജയം സ്വപ്നം കണ്ടിരുന്ന ട്രംപ് പക്ഷത്തിന് ഈ പുതിയ സംഭവവികാസം ആഘാതമായിരിക്കുകയാണ്. കറുത്തവരെന്നോ വെളുത്തവരെന്നോ ഭേദമില്ലാതെ അമേരിക്കയില്‍ ഇന്ന് പ്രകടനക്കാരില്‍നിന്ന് ഉച്ചത്തില്‍ ഉയരുന്ന മുദ്രാവാക്യം "നീതിയില്ലെങ്കില്‍ സമാധാനവുമില്ല" എന്നതാണ്. വംശീയമായ ചേരിതിരിവ് സൃഷ്ടിച്ച് അത് കൈമുതലാക്കി ആധിപത്യമുറപ്പിച്ചിരുന്ന ട്രംപിന് ഇനിയും ഈ കളി തുടരാനാവില്ലെന്ന താക്കീതാണ് അമേരിക്കന്‍ തെരുവുകളില്‍നിന്നുയരുന്നത് - വംശീയതകള്‍ക്കതീതമായ മാനവ ഒരുമയുടെ ഗര്‍ജനം.


അങ്കിള്‍ ടോംസ് കാബിനിലെ വേട്ടപ്പട്ടികളുമായി അടിമ വേട്ടയ്ക്കിറങ്ങുന്ന സൈമണ്‍ ലെഗ്രിയെ ഓര്‍മിപ്പിക്കുന്ന, പ്രസിഡന്‍റ് ട്രംപ് പൊലീസിന്‍റെയും പട്ടാളത്തിന്‍റെയും മസില്‍ പവറില്‍ അഭയം തേടാനുള്ള വ്യഗ്രത വര്‍ദ്ധിച്ച തോതില്‍ പ്രകടമാക്കുന്നുവെന്നാണ് ഇന്ന് കാണുന്നത്. തീവ്രവലതുപക്ഷക്കാരും മത - വംശീയ ഭ്രാന്തന്മാരുമായ തന്‍റെ അനുയായിവൃന്ദത്തെ വേട്ടിപ്പട്ടികളെപ്പോലെ ജനക്കൂട്ടത്തിനുനേരെ എംഎജിഎ  (മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍ - അമേരിക്കയെ വീണ്ടും മഹദ്രാഷ്ട്രമാക്കുക) എന്ന് രേഖപ്പെടുത്തിയ തൊപ്പിയുമണിഞ്ഞിറങ്ങാന്‍ കയറൂരി വിട്ടിരിക്കുകയാണ്. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയൊയും ട്രംപിന്‍റെ ഇപ്പോഴത്തെ വിശ്വസ്ത ഉപദേശകനായ റൂഡി ഗ്വിലിയാനിയെയും പോലുള്ളവര്‍ പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിനുനേരെ വാഹനമോടിച്ചു കയറ്റിയ ന്യൂയോര്‍ക്ക് പൊലീസിന്‍റെ നടപടിയെ ന്യായീകരിക്കുന്നതില്‍ കാണാന്‍ കഴിയുന്നത് ഭരണവര്‍ഗം കൂടുതല്‍ അക്രാമകമായ നിലയിലേക്ക് നീങ്ങുന്നതായാണ്.


ഈ പ്രതിഷേധ പ്രക്ഷോഭം കോര്‍പറേറ്റ് മാധ്യമങ്ങളുടെ നിഷ്പക്ഷതാ നാട്യവും പൊലീസിനെയും പ്രക്ഷോഭകരെയും ഒരേപോലെ അക്രമികളെന്നു വിശേഷിപ്പിക്കുന്നതിലെ കാപട്യവും തുറന്നുകാണിക്കുന്നു. മിനിയോപൊളിസില്‍ മാധ്യമ പ്രവര്‍ത്തകരെ വ്യാപകമായി പൊലീസ് ആക്രമിച്ച നടപടി റിപ്പോര്‍ട്ടു ചെയ്യേണ്ടതായിവന്ന ന്യുയോര്‍ക്ക് ടൈംസ് പോലുള്ള പത്രങ്ങള്‍ തങ്ങളുടെ നിഷ്പക്ഷത പ്രകടമാക്കുന്നതിന് ട്രംപിനുവേണ്ടി പ്രക്ഷോഭകര്‍ക്കെതിരെ നുണക്കഥ ചമച്ച ഫോക്സ് ന്യൂസിന്‍റെ ലേഖകനെ ജനക്കൂട്ടം നേരിട്ട ഒറ്റപ്പെട്ട സംഭവത്തെ പെരുപ്പിച്ച് പൊലീസിനെപോലെ പ്രതിഷേധക്കാരും മാധ്യമ പ്രവര്‍ത്തകരെ വേട്ടയാടുകയാണെന്ന പ്രചരണം നടത്തുകയാണ്. വര്‍ഗസമരം രൂക്ഷമായി വരുമ്പോള്‍ ഭരണവര്‍ഗത്തിന്‍റെ സമസ്ത ഉപകരണങ്ങളും കപടനാട്യങ്ങളെല്ലാം കൈവെടിഞ്ഞ് ആക്രമണോത്സുകരായി രംഗത്തുവരുന്നുവെന്നതാണ് ഇത് കാണിക്കുന്നത്.


അമേരിക്കന്‍ റിപ്പബ്ലിക്കിന്‍റെ സ്ഥാപകശിലയില്‍ തന്നെ, ബ്രിട്ടനില്‍നിന്ന് സ്വാതന്ത്ര്യം നേടാനുള്ള പോരാട്ടത്തില്‍ മനുഷ്യാവകാശ പ്രഖ്യാപനവും സ്വാതന്ത്ര്യത്തിന്‍റെയും തുല്യതയുടെയും മഹനീയതയുമെല്ലാം ഉയര്‍ത്തിപ്പിടിച്ചിരുന്നെങ്കിലും അതെല്ലാം തന്നെ വെറും വാക്കുകളായി പില്‍ക്കാലത്ത് സ്ഥാപിക്കപ്പെടുകയായിരുന്നു. "എല്ലാ മനുഷ്യരും തുല്യ അവകാശങ്ങളോടെയാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്" എന്ന് 1776ലെ സ്വാതന്ത്ര്യ പ്രഖ്യാപനത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അമേരിക്കയുടെ ആദ്യത്തെ 12 പ്രസിഡന്‍റുമാരില്‍ (സ്ഥാപക പ്രസിഡന്‍റായ ജോര്‍ജ് വാഷിങ്ടണും തോമസ് ജഫേഴ്സണുമുള്‍പ്പെടെ) 10 പേരും അടിമ ഉടമകളായിരുന്നുവെന്നത് ആ വാക്കുകളിലെ പൊള്ളത്തരം തുറന്നു കാണിക്കുന്നതാണ്. അടിമ ഉടമകളുടെ - പ്രത്യക്ഷത്തിലായാലും പരോക്ഷമായിട്ടായാലും - ആധിപത്യത്തിന്‍കീഴിലാണ്, ചവിട്ടടിക്കുള്ളിലാണ് തുടക്കം മുതല്‍ ഇന്നേവരെ അമേരിക്കന്‍ ഭരണകൂടം. അതുകൊണ്ടാണ് അടിമകളുടെ മോചനത്തിനായി വാദിച്ച എബ്രഹാംലിങ്കണ്‍ വെള്ള ഭീകരതയുടെ വെടിയുണ്ടയ്ക്കിരയായത്; മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയും മാല്‍ക്കം എക്സിനെയും പോലെ അനേകം പോരാളികള്‍ കൂ ക്ലക്സ് ക്ലാന്‍ ഭീകരരുടെ തോക്കിനിരയായി ചോര ചിന്തിയത്. തങ്ങളുടെ ചൊല്‍പ്പടിയില്‍നിന്നു വഴുതിപ്പോകുമോയെന്ന സംശയമുണ്ടായപ്പോള്‍ തന്നെയാണ് ജോണ്‍ എഫ് കെന്നഡിയുടെ നെഞ്ചിന്‍കൂട് തകര്‍ത്ത് വെള്ള വംശീയ ഭീകരതയുടെയും യുദ്ധാസക്തിയുടെയും പ്രതീകങ്ങളില്‍നിന്നുള്ള വെടിയുണ്ട തുളഞ്ഞു കയറിയത്.


അടിമകളുടെ മോചനം ലക്ഷ്യമായുള്ള 1860കളിലെ ആഭ്യന്തര യുദ്ധത്തെ തെക്കന്‍ സംസ്ഥാനങ്ങളും വടക്കന്‍ സംസ്ഥാനങ്ങളും തമ്മിലുള്ള അധികാരവടംവലിയായി ചരിത്രത്തെ വക്രീകരിക്കുന്നതും അടിമ ഉടമ വര്‍ഗത്തിനാധിപത്യമുള്ള തെക്കന്‍ സംസ്ഥാനങ്ങള്‍ക്ക് എക്കാലവും ഭരണകൂടത്തിന്‍റെ ചുക്കാന്‍ പിടിക്കാന്‍ കഴിയുന്ന ഘടന നിലനില്‍ക്കുന്നതും ചോരക്കറ പുരളാതെ മൂലധനാധിപത്യത്തിനു നിലനില്‍പ്പില്ലാത്തതുകൊണ്ടാണ്. ആഭ്യന്തര യുദ്ധത്തിനൊടുവില്‍ പ്രസിഡന്‍റ് ലിങ്കണ്‍ വധിക്കപ്പെടുകയും തെക്കന്‍ സ്റ്റേറ്റുകളും വടക്കന്‍ സ്റ്റേറ്റുകളും സമവായത്തിലെത്തി കറുത്തവന്‍റെ പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും നിഷേധിക്കുന്ന ജിം ക്രോ നിയമങ്ങള്‍ സ്റ്റേറ്റുകള്‍ ഒന്നൊന്നായി പാസ്സാക്കുകയും ചെയ്തത് മൂലധനാധിപത്യത്തിന് അടിമത്തം (അത് വര്‍ണവെറി അംഗീകരിക്കുന്ന അടിമത്തമായാലും കൂലി അടിമത്തമായാലും) അനിവാര്യമായതിനാലാണ്.


ജനാധിപത്യവും പൗരാവകാശങ്ങളും ഉദ്ഘോഷിക്കുന്ന അമേരിക്കയില്‍ കറുത്തവര്‍ക്കും സ്ത്രീകള്‍ക്കും വോട്ടവകാശം നേടാന്‍ തന്നെ വര്‍ഷങ്ങള്‍ നീണ്ട പൗരാവകാശ പ്രക്ഷോഭം വേണ്ടി വന്നു. അതുപോലും 1960കളിലാണ് സാക്ഷാത്കരിക്കപ്പെട്ടത്. ഈ 21-ാം നൂറ്റാണ്ടിലും അത് പൂര്‍ണമായും നടപ്പാക്കുന്നതിന് കടമ്പകള്‍ ഏറെയാണ്. അമേരിക്കന്‍ ജനസംഖ്യയില്‍ നിയമാനുസരണം വോട്ടവകാശമുള്ള 20 ശതമാനത്തോളം പേരും വോട്ടര്‍ പട്ടികയില്‍പോലും ഇടം പിടിക്കാറില്ല. അങ്ങനെ ബഹിഷ്കൃതരാകുന്നവരില്‍ മഹാഭൂരിപക്ഷവും കറുത്തവരാണ്; അതുപോലെ സ്പാനിഷ്, ഏഷ്യന്‍ ന്യൂനപക്ഷങ്ങളാണ്; സ്ത്രീകളും ലൈംഗിക ന്യൂനപക്ഷങ്ങളുമാണ്. ഇതാണ് അമേരിക്കന്‍ മോഡല്‍ ജനാധിപത്യം.


അതുകൊണ്ടാണ് കറുത്തവരായ മഹാഭൂരിപക്ഷത്തിനും, അധ്വാനിക്കുന്നവരായ ദരിദ്രജനവിഭാഗങ്ങള്‍ക്കാകെ ചികിത്സ പോലും, മനുഷ്യാവകാശങ്ങളില്‍ പ്രാഥമികമായ ജീവിക്കാനുള്ള അവകാശംപോലും നിഷേധിക്കപ്പെടുന്നത്. കൊറോണ വൈറസ് ഏറ്റവുമധികം ബാധിക്കുന്നതും ഇയാംപാറ്റകളെപോലെ ചത്തൊടുങ്ങുന്നതും അമേരിക്കന്‍ ഭരണസംവിധാനത്തില്‍ തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടിട്ടുള്ള അസമത്വംമൂലമാണ്.


കോവിഡിന്‍റെ ചാവുനിലങ്ങളില്‍നിന്നുയരുന്ന നിലവിളികളാണ് ജോര്‍ജ് ഫ്ളോയിഡിന്‍റെ "എനിക്ക് ശ്വാസം മുട്ടുന്നു"വെന്ന മരണമൊഴിയുമായി ചേര്‍ന്ന് അമേരിക്കയിലും മൂലധനാധിപത്യത്തിന്‍റെ തലസ്ഥാന കേന്ദ്രങ്ങളിലും രോഷത്തിന്‍റെ അഗ്നിജ്വാലകളായി പടര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡ് കാലം ലോകത്തിനു മുന്നില്‍ പകല്‍പോലെ തെളിയിച്ചത്, മനുഷ്യന്‍റെ ഉപജീവനത്തിനു മാത്രമല്ല മനുഷ്യജീവന്, സംരക്ഷണമൊരുക്കാനും മുതലാളിത്തം അശക്തമാണെന്നാണ്. സാമൂഹിക - സാമ്പത്തിക - രാഷ്ട്രീയ വ്യവസ്ഥകള്‍ തമ്മിലുള്ള അന്തരമാണ് കൊറോണയുടെ വ്യാപനം പുറത്തുകൊണ്ടുവന്നത്. അതുകൊണ്ടാണ് കോവിഡാനന്തര കാലം പുതിയ സാമൂഹിക ചലനങ്ങളുടെ കാലമായിരിക്കുമെന്ന ചിന്തകള്‍ ലോകമാസകലം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. അത്തരം ചുവന്ന ചിന്തകളുടെ ചീന്തുകള്‍, സ്വപ്നങ്ങളുടെ നിറച്ചാര്‍ത്തുകള്‍ അമേരിക്കന്‍ തെരുവുകളില്‍ പടരുന്ന ചോരയില്‍ പ്രതിഫലിക്കുന്നു. കോവിഡാനന്തരകാലം കറുപ്പിന്‍റെ ഗര്‍ജനമായി മുഴങ്ങേണ്ട കാലം കൂടിയാണെന്ന് അമേരിക്കയിലെ പോര്‍നിലങ്ങളില്‍ ഉയരുന്ന സോഷ്യലിസത്തിന്‍റെ ചുവന്ന മുദ്രാവാക്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥിക്കായുള്ള പ്രാഥമിക മത്സരത്തില്‍ ബേണി സാന്‍ഡേഴ്സ് ഉയര്‍ത്തിയ തുല്യതയുടെയും സഹകരണത്തിന്‍റെയും ശബ്ദത്തെ ഞെരിച്ചൊതുക്കാന്‍ അമേരിക്കന്‍ ഭരണവര്‍ഗത്തിനായെങ്കിലും തെരുവില്‍ മുഴങ്ങുന്ന നീതിയ്ക്കായുള്ള മുറവിളികളെ തല്ലിക്കെടുത്താനാവില്ല. ന്യൂയോര്‍ക്ക് മേയര്‍ ബില്‍ ഡി ബ്ലാസിയോയുടെ മകള്‍പോലും ദരിദ്ര ജനകോടികള്‍ക്കൊപ്പം പൊലീസിന്‍റെ ബാരിക്കേഡുകള്‍ തകര്‍ത്ത് അറസ്റ്റു വരിക്കുന്ന പുതിയ അമേരിക്കയാണ് ഇന്നത്തെ നേര്‍ക്കാഴ്ച. ഇത് വെറുമൊരു ആള്‍ക്കൂട്ടത്തിന്‍റെ ആഘോഷമല്ല; പുതിയൊരു ലോകത്തിനായുള്ള മഹാവിസ്ഫോടനമാണ്.