പ്രതിസന്ധിയിലാക്കാന്‍ കേന്ദ്രം പ്രതീക്ഷയേകാന്‍ കേരളം

ഡോ. വി ശിവദാസന്‍

കോവിഡ് 19 വിദ്യാഭ്യാസമുള്‍പ്പെടെയുള്ള പലമേഖലകളിലും പുതിയതായ പലപരീക്ഷണങ്ങള്‍ക്കും കാരണമായിരിക്കുന്നു. എന്നാല്‍ ലോകത്തിന്‍റെ ചരിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നത് ഏതുസംഭവവുമാകട്ടെ അതിലൂടെയുണ്ടാകുന്ന ലാഭസാധ്യതയാണ് മൂലധനം അന്വേഷിക്കുക. അത് വന്‍യുദ്ധമായാലും മഹാമാരിയായാലും വ്യത്യാസമില്ല. ഇന്നത്തെ ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയിലെ പരീക്ഷണങ്ങളേയും പരിഷ്ക്കാരങ്ങളേയും ഈയൊരു രാഷ്ട്രീയനിലപാടില്‍ നിന്നുകൊണ്ടാകണം നമ്മള്‍ മനസിലാക്കേണ്ടതും വിലയിരുത്തേണ്ടതും. ഇന്ത്യയിലെ ബഹുഭൂരിപക്ഷംവരുന്ന കുട്ടികള്‍ക്കും ഇന്നും മികച്ചവിദ്യാഭ്യാസം ലഭ്യമാകുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇന്ത്യന്‍ ഭരണകൂടത്തിന് വിദ്യാഭ്യാസസ്ഥാപനങ്ങളെന്നത് രക്ഷിതാക്കള്‍ തൊഴിലെടുക്കാന്‍ പോകുന്നവേളയില്‍ കുട്ടികളെ അടച്ചിടാനുള്ള ജയിലറകള്‍ മാത്രമാണ്. ഇന്ത്യയിലെ ഭരണവര്‍ഗം അങ്ങനെയാണ് വിദ്യാഭ്യാസത്തെകാണുന്നത്. മുതലാളിമാരുടെ ഫാക്ടറികളില്‍ തൊഴിലാളികളുടെ അദ്ധ്വാനശക്തി ഉപയോഗിക്കുന്നതിന് കുട്ടികള്‍ ഒരു തടസമായിക്കൂടാ. അതുകൊണ്ട് തൊഴിലാളികളുടെ കുട്ടികളെ ചങ്ങലയില്ലാതെ കെട്ടിയിടാനുള്ള സ്ഥലമായാണ് അവയില്‍ പലതും നിലനില്‍ക്കുന്നത്. ദരിദ്രരായ മനുഷ്യരുടെ മക്കള്‍ പഠിക്കുന്ന വിദ്യാലയങ്ങള്‍ കണ്ടാല്‍ അതു നമുക്ക് മനസ്സിലാക്കാനാകും. ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയില്‍ ദരിദ്ര-സമ്പന്ന വേര്‍തിരിവ് അതിശക്തമാണ്. അതിനെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് കേന്ദ്രനയം.  


എല്ലാവര്‍ക്കും വിദ്യാഭ്യാസം എല്ലാവര്‍ക്കും തൊഴില്‍ എന്നത് ദേശീയപ്രസ്ഥാനത്തിന്‍റെ കാലത്തുതന്നെ ഇന്ത്യയില്‍ ഉയര്‍ത്തപ്പെട്ട മുദ്രാവാക്യങ്ങളാണ്. എന്നാല്‍ ഇന്നേവരെ അത് യാഥാര്‍ത്ഥ്യമാക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടില്ല. അതിന്‍റെ കാരണം ഭരണകൂടത്തിന്‍റെ നയസമീപനങ്ങളാണെന്നത് വിശദീകരണങ്ങളാവശ്യമില്ലാത്തകാര്യമാണ്. കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസമേഖലയില്‍ നടപ്പിലാക്കുമെന്ന് കേന്ദ്രസര്‍ക്കാരും യുജിസിയും പറഞ്ഞുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ ഈയൊരു പശ്ചാത്തലത്തിലാണ് കാണേണ്ടത്. ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസമോ അല്ലെങ്കില്‍ തൊഴിലോ അല്ല അവരുടെലക്ഷ്യം. മറിച്ച് ഒരുന്യൂനപക്ഷംവരുന്ന കോര്‍പ്പറേറ്റ് ഭീമന്‍മാരുടെ ലാഭക്കൊതിമാത്രമാണ്. വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നടത്തിപ്പിലൂടെ എത്രമാത്രം കൂടുതല്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നാണ് കോര്‍പ്പറേറ്റുകള്‍ ചിന്തിക്കുന്നത്. സ്ഥാപനനടത്തിപ്പിന് വേണ്ടിവരുന്ന ഏറ്റവും പ്രധാനപ്പെട്ട ചെലവായി അവര്‍കാണുന്നത് കെട്ടിടങ്ങളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതും രണ്ടാമതായി അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളവുമാണ്. ഇതുരണ്ടും എങ്ങനെയൊഴിവാക്കാന്‍ കഴിയുമെന്നത് നീണ്ടകാലമായുള്ള അവരുടെ അന്വേഷണമാണ്. അതിന്‍റെ അടിസ്ഥാനത്തില്‍ നിരവധി നിര്‍ദ്ദേശങ്ങള്‍ അവര്‍ കേന്ദ്രസര്‍ക്കാരിന് നല്‍കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യ സര്‍വകലാശാലകളുടെ ഓഫ്ക്യാമ്പസുകള്‍, അവയുടെതന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍, അധ്യാപകരില്ലാത്ത, അവതാരകര്‍മാത്രമുള്ള, സ്ഥിരനിയമനങ്ങളില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവയെല്ലാം അങ്ങനെവന്ന ആശയങ്ങളായിരുന്നു. അത്തരം കാര്യങ്ങള്‍ നടപ്പിലാക്കിക്കൊടുക്കാനുള്ള ശ്രമം കേന്ദ്രസര്‍ക്കാരുകള്‍-കോണ്‍ഗ്രസിന്‍റെയും ബിജെപിയുടേയും-നിരന്തരം നടത്തിയിട്ടുണ്ട്. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിലധികമായി അത് ശക്തമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അത്തരം നിര്‍ദേശങ്ങളില്‍ പലതും അവര്‍ക്ക് നടപ്പിലാക്കാന്‍ കഴിയാതെപോകുന്നത് വിദ്യാര്‍ത്ഥികളും അധ്യാപകരുമുള്‍പ്പെടുന്ന വലിയൊരുവിഭാഗത്തിന്‍റെ ശക്തമായ ചെറുത്തുനില്‍പ്പുകള്‍ കാരണമാണ്. 


കോവിഡ് 19 കാരണം നിലനില്‍ക്കുന്ന പ്രതിസന്ധിയെ വിദ്യാഭ്യാസ മേഖലയില്‍ പ്രതിലോമനയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതിനുള്ള അവസരമാക്കിമാറ്റാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേന്ദ്ര ധനകാര്യമന്ത്രി അവതരിപ്പിച്ച 19 ലക്ഷം കോടിരൂപയുടെ പാക്കേജില്‍ വിദ്യാഭ്യാസ മേഖലയെക്കുറിച്ച് പറഞ്ഞിരിക്കുന്ന ഭാഗങ്ങളും മുന്നോട്ടുവച്ച കാഴ്ചപ്പാടും അതിന് ഉദാഹരണംതന്നെയാണ്. 'ഒരു രാജ്യം ഒരു ചാനല്‍' എന്നതാണ് അവര്‍ മുന്നോട്ടുവയ്ക്കുന്ന സങ്കല്‍പ്പം. ചാനല്‍ പത്തോ ഇരുപതോ എന്നതല്ല വിദ്യാര്‍ത്ഥികളുടെ പഠനസൗകര്യമൊരുക്കാന്‍ എന്തുചെയ്യുന്നുവെന്നതാണ് ചോദ്യം. ദരിദ്രരുടെ മക്കളെ പൂര്‍ണമായി അവഗണിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അവരാലോചിക്കുന്നത് പണിശാലകള്‍ പ്രവര്‍ത്തിക്കാത്തതുകൊണ്ട് പണിശാലകളില്‍ തൊഴിലാളികളുണ്ടാകില്ല,  അപ്പോള്‍പിന്നെ പണിക്കാരുടെ മക്കള്‍ പണിയെടുക്കുന്നവരുടെ സമയംപിടിച്ചെടുക്കുമെന്നതിനെക്കുറിച്ചവര്‍ക്ക് ചിന്തിക്കേണ്ടതില്ലെന്നായിരിക്കും. അതുകൊണ്ടുതന്നെ പണിയാളരുടെ മക്കളെ ജയിലിലടയ്ക്കേണ്ടകാര്യവും അവര്‍ക്കില്ലല്ലൊ. തൊഴിലെടുക്കുന്ന മനുഷ്യരെ  പരിഗണിക്കാതിരിക്കുന്നതുപോലെ അവരുടെ കുട്ടികളേയും പരിഗണിക്കുന്നില്ല. സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ പരിതാപാവസ്ഥയെ ഇല്ലാതാക്കുന്നതിന് യാതൊരു നടപടിയും ഇതുവരെയും കാണാന്‍ കഴിഞ്ഞിട്ടില്ല. കേന്ദ്ര ധനകാര്യമന്ത്രി തന്‍റെ പാക്കേജ് പ്രഖ്യാപനങ്ങളുടെ അഞ്ചാം നാളിലായിരുന്നല്ലോ വിദ്യാഭ്യാസമേഖലയിലെ കാര്യങ്ങള്‍ പറഞ്ഞത്. അവരുടെ പത്രസമ്മേളനത്തില്‍ അവര്‍ വാചാലയായത് രണ്ട് കാര്യങ്ങളെകുറിച്ചാണ്. അത് അധ്യാപകര്‍ക്കായുള്ള ഓണ്‍ലൈന്‍ പരിശീലനത്തെയും വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ കോഴ്സുകളെക്കുറിച്ചുമായിരുന്നു. മുന്നൂറ് ഓണ്‍ലൈന്‍ കോഴ്സുകള്‍ ആരംഭിക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്ത്യയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെയെടുത്താല്‍ അവരില്‍ ബഹുഭൂരിപക്ഷത്തിനും ഇന്‍റര്‍നെറ്റ് സൗകര്യങ്ങള്‍ നല്‍കുന്നില്ല. അവര്‍ ദരിദ്രരായതാണ് അതിന്‍റെ കാരണം.

ഉന്നതവിദ്യാഭ്യാസമേഖലയെടുത്താലും ഇതേപ്രശ്നം കാണാനാകും. സര്‍വകലാശാലകളിലും കോളേജുകളിലുമുള്ള അടിസ്ഥാനസൗകര്യങ്ങളാണ് അത്തരം വിദ്യാര്‍ത്ഥികള്‍ക്ക് അല്‍പ്പമെങ്കിലും സഹായമാകുന്നത്. എന്നാല്‍ പുതിയതായി പ്രഖ്യാപിക്കപ്പെട്ട പഠനരീതിയുടെയും കോഴ്സുകളുടേയും ദിശപരിശോധിക്കപ്പെടേണ്ടതാണ്. അത് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ വിദ്യാഭ്യാസമേഖലയിലെ ദാരിദ്രരുടെ പാര്‍ശ്വവല്‍ക്കരണത്തെയാണ് ശക്തിപ്പെടുത്തുക. 


കോവിഡ് 19 പശ്ചാത്തലത്തില്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ പരിമിതമായ വരുമാനമാര്‍ഗങ്ങളുള്‍പ്പെടെ പ്രതിസന്ധിയിലാണ്. നിലവില്‍തന്നെ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനുവേണ്ടി മാറ്റിവെക്കാനൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരാണവര്‍. അത്തരക്കാര്‍ക്ക് മുകളില്‍ പുതിയ സാഹചര്യമുണ്ടാക്കുന്ന വെല്ലുവിളിയെന്താണെന്നതിന് തുടര്‍ വിശദീകരണങ്ങളാവശ്യമില്ല. അത്തരം ജനവിഭാഗങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളേതും നടത്താതെയാണ് കേന്ദ്രസര്‍ക്കാര്‍ നേരത്തെയും ഇപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസകാര്യത്തില്‍ മുഖ്യചുമതല നിര്‍വഹിച്ചുവരുന്നത് സംസ്ഥാനസര്‍ക്കാരുകളാണ്. കോവിഡ് കാലത്തും അതങ്ങനെതന്നെയാണ്. എന്നാല്‍ സംസ്ഥാനസര്‍ക്കാരുകളുടെ നികുതിവരുമാനം കേന്ദ്രസര്‍ക്കാര്‍ പൂര്‍ണ്ണമായിതന്നെ പിടിച്ചെടുത്തിരിക്കുന്നതിനാല്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനങ്ങളുടെ കയ്യില്‍ പണമില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇത്തരമൊരു ഘട്ടത്തില്‍പോലും വിദ്യാഭ്യാസരംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംസ്ഥാനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സാമ്പത്തികവിഹിതം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ല. അതിനൊപ്പം സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളെ പരിഗണിക്കാതെ വിദ്യാഭ്യാസകാര്യങ്ങളില്‍ ഇടപെടുകയും ചെയ്യുന്നു. കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ രംഗത്തെ ഫെഡറല്‍ ഘടനയെ മാനിക്കുന്നില്ല, ഒപ്പം സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടുന്ന സാമ്പത്തിക വിഹിതം നല്‍കുന്നുമില്ല. ഇത് സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ ഗുരുതരമായിതന്നെ ബാധിക്കും.  


കോവിഡ് കാലത്തെ കേരളം


കേന്ദ്രസര്‍ക്കാര്‍ സമീപനത്തില്‍ നിന്നും വ്യത്യസ്തമായ സമീപനമാണ് കേരളം ഈ വിഷയത്തില്‍ സ്വീകരിച്ചത്. സംസ്ഥാനത്തെ എല്ലാകുട്ടികളുടേയും വിദ്യാഭ്യാസം തങ്ങളുടെ ഉത്തരവാദിത്വമെന്നനിലയില്‍ സ്വയമേറ്റെടുക്കുകയാണ് സംസ്ഥാനസര്‍ക്കാര്‍ ചെയ്തത്. കോവിഡ് 19 രോഗബാധയില്‍ നിന്നും ജനങ്ങളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തിനൊപ്പം വിദ്യാഭ്യാസം മുടങ്ങാതിരിക്കുന്നതിനുള്ള ജാഗ്രതയും സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായി. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാനടത്തിപ്പുള്‍പ്പെടെ നിരവധി ഉദാഹരണങ്ങള്‍ കാണാനാകും. കേരളമെന്നത് ഇന്ത്യാ റിപ്പബ്ലിക്കിന്‍റെ ഭാഗമാണ്. എന്നാല്‍ ഇന്ത്യ) റിപ്പബ്ലിക്കിന്‍റെ ഇതരഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ വിദ്യാഭ്യാസ പുരോഗതി രൂപപ്പെടുത്തിയെടുക്കുന്നതിന് ഇവിടെ സാധിച്ചിട്ടുണ്ട്. അതാകട്ടെ ദേശീയപ്രസ്ഥാനത്തിന്‍റെ കാലംമുതലിങ്ങോട്ട് ഉയര്‍ന്നുവന്ന പുരോഗമന പ്രസ്ഥാനങ്ങളുടേയും കമ്യൂണിസ്റ്റുകാരാല്‍ നയിക്കപ്പെട്ട മന്ത്രിസഭകളുടേയും സംഭാവനയാണ്. അതിനെയാകെ ജനകീയമായ നിലയില്‍ മുന്നോട്ടുകൊണ്ടുപോകുന്നതിനും ശക്തിപ്പെടുത്തുന്നതിനുമാണ് കേരളസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. 2016ല്‍ പിണറായി വിജയന്‍റെ നേതൃത്വത്തില്‍ എല്‍ഡിഎഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതലിങ്ങോട്ട് നടത്തിയ പ്രവര്‍ത്തനങ്ങളെയാകെ പരിശോധിച്ചാലാണ് അത് മനസിലാക്കാന്‍ കഴിയുക.


നവകേരളകര്‍മ്മ പദ്ധതിയുടെ ഭാഗമായി രൂപപ്പെടുത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം അതില്‍ പ്രധാനമാണ്. കമ്പ്യൂട്ടര്‍ വിദ്യാഭ്യാസം അല്ലെങ്കില്‍ ഓണ്‍ലൈന്‍ കോഴ്സുകള്‍ എന്ന വട്ടത്തില്‍ മാത്രമായി ചുറ്റിക്കറങ്ങുന്നതല്ലത്. സാങ്കേതിക വിദ്യയെ വിദ്യാര്‍ത്ഥി സൗഹൃദമായി രൂപപ്പെടുത്തുകയായിരുന്നു. സാങ്കേതികോപകരണങ്ങളെ അവരുടെ പഠനപ്രവര്‍ത്തനങ്ങളുടെ സഹായോപാധിയാക്കാന്‍ അതുവഴി വിദ്യാര്‍ത്ഥികള്‍ക്ക് കഴിഞ്ഞു. വിദ്യാലയങ്ങളിലെ എല്ലാ ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ് റൂമുകളാക്കി മാറ്റാന്‍നടത്തിയ ശ്രമം എത്രമാത്രം ശ്രദ്ധേയമായിരുന്നുവെന്നത് ഓര്‍ക്കുക. ഈ സര്‍ക്കാര്‍ മുഴുവന്‍ സ്കൂളുകളിലും ഡിജിറ്റല്‍ സാങ്കേതികവിദ്യയെത്തിക്കുകയുണ്ടായി. ഹയര്‍ സെക്കന്‍ഡറികളില്‍ 45,000 ഹൈടെക് ക്ലാസ്മുറികളൊരുക്കുകയുണ്ടായി. 1,19,054 ലാപ്ടോപ്പുകള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കായി നല്‍കുകയുണ്ടായി. 69,943 മള്‍ട്ടി മീഡിയ പ്രൊജക്ടുകള്‍, 4578 ക്യാമറകള്‍, 47,20 വെബ് ക്യാമുകള്‍, 100,472 യുഎസ്ബി സ്പീക്കറുകള്‍ തുടങ്ങിയവയും വിദ്യാലയങ്ങളില്‍ നല്‍കുകയുണ്ടായി. സാങ്കേതികവിദ്യയെ സമൂഹത്തിലെ ഏറ്റവും താഴേക്കിടയുള്ളവരുടെ കൈകളില്‍, അഥവാ അതിന്‍റെ യഥാര്‍ത്ഥനിര്‍മ്മാതാവിന്‍റെ കൈകളില്‍ എത്തിക്കുകയെന്ന ദൗത്യമാണ് അതിലൂടെ കേരളസര്‍ക്കാര്‍ നിര്‍വഹിച്ചത്. 


വിദ്യാഭ്യാസത്തെ കേവലം സാങ്കേതികജ്ഞാനം നേടുന്നതിനുള്ള ഏര്‍പ്പാടുമാത്രമായി കാണുന്നവരല്ല ഇടതുപക്ഷം. സാങ്കേതികവിദ്യയെ വിദ്യാഭ്യാസ പ്രക്രിയ കൂടുതല്‍ വികസിതമാക്കുന്നതിനുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. മനുഷ്യന്‍റെ സാമൂഹ്യജീവിയെന്ന നിലയിലുള്ള വളര്‍ച്ചക്ക് സഹജീവികളുമായി ഇഴുകിച്ചേര്‍ന്ന ജീവിതവും പഠനവും ഒഴിവാക്കാനാകാത്തതാണ്. പഠനമെന്നത് കേവലമായ അക്ഷര പരിചയവും അക്ക പരിചയവും സാങ്കേതിക ജ്ഞാനവും മാത്രമല്ല. അതിജീവനത്തിന്‍റെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള കാഴ്ചപ്പാട് രൂപപ്പെടുത്തലും കൂടിയാണ്. അതുകൊണ്ട് സ്കൂളുകളും കോളേജുകളും അടച്ചു പൂട്ടി അധ്യാപകരും വിദ്യര്‍ത്ഥികളുമില്ലാത്ത കലാലയങ്ങളെ  സങ്കല്‍പ്പിക്കുന്നവരില്‍നിന്നും വ്യത്യസ്തമായ മാതൃകയല്ല ജനതയ്ക്ക് വേണ്ടത്. അതിന്‍റെ അടിസ്ഥാനത്തിലാണ് കേരളസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്.  


2016ല്‍ കേരളത്തില്‍ എല്‍ഡിഫ് അധികാരത്തില്‍ വന്നതിനുശേഷമുള്ള എല്ലാ വര്‍ഷങ്ങളിലും പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ രണ്ടരപതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഇത്തരത്തില്‍ തുടര്‍ച്ചയായി പൊതുവിദ്യാലയങ്ങളിലിങ്ങനെ കുട്ടികള്‍ വര്‍ദ്ധിക്കുന്നത്. പൊതുവിദ്യാലയങ്ങളിലെ പഠനാന്തരീക്ഷത്തിലുണ്ടായ പുരോഗതിയാണ് അതിന്‍റെ പ്രധാനകാരണം. അതിനൊപ്പം കേരളത്തിലെ  കോളേജുകളും സര്‍വകലാശാലകളും ശാക്തീകരിക്കുന്നതിന് സമഗ്രമായ പദ്ധതികളും ആസൂത്രണം ചെയ്തു. അതിന്‍റെ ഭാഗമായുള്ള പുരോഗതികള്‍ അവിടങ്ങളിലും കാണാനാകുന്നു. സിലബസ് പരിഷ്ക്കരണവും നൂതനമായ കോഴ്സുകള്‍ ആരംഭിക്കുന്നതിനുവേണ്ടിയുള്ള ശ്രമവും അതിന്‍റെ ഭാഗമായുണ്ടായതാണ്. അതിനൊപ്പം നേരത്തെയാരംഭിച്ച നൂതനവിഷയങ്ങളിലെ കോഴ്സുകള്‍ പൂര്‍ത്തീകരിച്ചവര്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങളും തുടരുകയാണ്. സംസ്ഥാനത്തെ സര്‍വകലാശാലകളാകെ കൂടിയാലോചിച്ച് രൂപപ്പെടുത്തിയ ഏകീകൃത കലണ്ടര്‍ മറ്റൊന്നാണ്. പുതിയതായി നടത്തിയ അധ്യാപകനിയമനത്തിലൂടെയും ഈ സര്‍ക്കാര്‍ മാതൃകയായി. സാങ്കേതികവിദ്യയെ ഉന്നതവിദ്യാഭ്യാസ രംഗത്തെ മുഴുവനാളുകള്‍ക്കും ഉപയോഗിക്കാനാകുന്നനിലയില്‍ സൗകര്യമൊരുക്കാന്‍ ജനകീയമായ ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍തന്നെ മുന്നില്‍ നില്‍ക്കുന്നു.   


കേരളത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ നടത്തുന്ന പദ്ധതികളും പരിപാടികളും ഉദ്യോഗസ്ഥമേധാവിത്വത്തിലൂടെയുള്ള അടിച്ചേല്‍പ്പിക്കലായിരുന്നില്ല. അതിനെയെല്ലാം എങ്ങനെ ജനകീയോല്‍സവങ്ങളാക്കി നടപ്പിലാക്കാമെന്നാണ് സര്‍ക്കാര്‍ ശ്രമിച്ചത്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ തുടക്കത്തില്‍ സ്കൂളുകളുടെ അടിസ്ഥാന സൗകര്യവികസനത്തിനുവേണ്ടി നടത്തിയ ജനകീയ പ്രവര്‍ത്തനങ്ങള്‍ ഓര്‍ക്കുക. ഇപ്പോള്‍ ഡിജിറ്റല്‍ ഡിവൈഡ് (സാങ്കേതിക വിദ്യയിലെ പാര്‍ശ്വവല്‍ക്കരണം) രാജ്യത്ത് ശക്തിപ്പെട്ടുവരികയാണ്. കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ അതിനെ തീവ്രമാക്കുന്നു. അത്തരം സാഹചര്യത്തില്‍ എല്ലാവീട്ടിലും ടിവി, എല്ലാവീട്ടിലും കമ്പ്യൂട്ടര്‍, എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ്  എന്ന നിലയിലേക്ക് കേരളം മാറുകയാണ്. അതിനുവേണ്ടിയുള്ള തീവ്രപ്രവര്‍ത്തനങ്ങള്‍ക്കാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നേതൃത്വം നല്‍കിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും വിദ്യാഭ്യാസമേഖലയിലെ വിഷയങ്ങള്‍ സംമ്പന്ധിച്ച വിഷയങ്ങളില്‍ വ്യത്യസ്തമായ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വാഭാവികമാണ്. വ്യത്യസ്തമായ അഭിപ്രായങ്ങള്‍ കേള്‍ക്കുന്നത് കൂടുതല്‍ വ്യക്തതയാര്‍ന്ന തീരുമാനത്തിലെത്താന്‍ നമ്മളെ സഹായിക്കുകയും ചെയ്യും. ഇവിടെ ഉയര്‍ന്നുവരുന്ന അഭിപ്രായങ്ങളെ സര്‍ക്കാര്‍ ഏതുനിലയില്‍ സമീപിക്കുന്നുവെന്നതും നമ്മള്‍ മനസിലാക്കേണ്ടതാണ്. അതിങ്ങനെയാണ്, വിദ്യാഭ്യാസ മേഖലയില്‍ കച്ചവടതാല്‍പര്യം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികളോട് യോജിപ്പില്ലെന്നത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ്. എന്നാല്‍ ജനതാല്‍പര്യത്താല്‍ ഉയര്‍ന്നുവരുന്ന വിമര്‍ശനങ്ങളേയും നിര്‍ദേശങ്ങളേയും ഉയര്‍ന്ന ജനാധിപത്യ സമീപനത്തോടെ സര്‍ക്കാര്‍ പരിഗണിക്കുകയും ചെയ്യുന്നു.

മനുഷ്യസ്നേഹത്തിന്‍റെ മഹത്തായ ദാര്‍ശനിക പിന്‍ബലംതന്നെയാണ് വിദ്യാഭ്യാസമേഖലയില്‍ ഇങ്ങനെ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും അവ നടപ്പിലാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാരിന് കരുത്താകുന്നത്.