അന്തഃസാരശൂന്യമായ  നിലപാടുകള്‍

സി പി നാരായണന്‍

 

ബിജെപി ആയാലും യുഡിഎഫ് ആയാലും പിണറായി വിജയന്‍ നയിക്കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെ ആക്രമിക്കുന്നത് കണ്ണും മൂക്കും നോക്കാതെയാണ്. വിവേകമില്ലാത്ത ചെയ്തികളെ അങ്ങനെയാണ് സാധാരണക്കാര്‍ വിശേഷിപ്പിക്കാറുള്ളത്. അങ്ങനെ ചെയ്യുന്നതില്‍ മുമ്പന്‍ കേന്ദ്രമന്ത്രികൂടിയായ വി മുരളീധരനാണ്. പല സംസ്ഥാനങ്ങളിലും കോവിഡ് മൂര്‍ഛിച്ചുകൊണ്ടിരിക്കെ ദേവാലയങ്ങള്‍ ജൂണ്‍ 8 മുതല്‍ തുറക്കാമെന്ന് നിര്‍ദേശിച്ചത് നരേന്ദ്രമോഡി നയിക്കുന്ന കേന്ദ്രസര്‍ക്കാരാണ്. സിപിഐ എം നയിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നാസ്തിക നിലപാട് കൈക്കൊള്ളുമെന്നും അതിനാല്‍ കേന്ദ്രം അനുവദിച്ചാലും കേരള സര്‍ക്കാര്‍ അനുവദിക്കാനിടയില്ലെന്നും കണക്കുകൂട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും കെ മുരളീധരനും ഉമ്മന്‍ചാണ്ടിയും ഒക്കെ അവ തുറക്കാന്‍ അനുവദിച്ചില്ലെങ്കില്‍ കാണിച്ചുതരാം എന്ന ഭീഷണി മുഴക്കിയിരുന്നു. 
കോവിഡ് -19മായി ബന്ധപ്പെട്ട അടച്ചിടലിന്‍റെയും മറ്റ് നിബന്ധനകളുടെയും കാര്യത്തില്‍ കേരള സര്‍ക്കാരിന്‍റെ നിലപാട് കാലേതന്നെ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുകയും കേന്ദ്ര തീരുമാനം നടപ്പാക്കുകയും ചെയ്യുക എന്നതാണെന്ന് മുഖ്യമന്ത്രി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. അതനുസരിച്ചാണ് ദേവാലയങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് മൂന്നുതരം ദേവാലയങ്ങളുടെയും നടത്തിപ്പുകാരുമായി സര്‍ക്കാര്‍ ബന്ധപ്പെട്ടത്. നഗരമേഖലകളില്‍ കൂടുതല്‍ ആളുകള്‍ എത്തിച്ചേരുന്ന വലിയ ദേവാലയങ്ങള്‍ ഉടന്‍ തുറക്കേണ്ടതില്ല എന്ന നിലപാട് അതത് മതമേധാവികള്‍ കൈക്കൊണ്ടു. പൊതുവില്‍ ദേവാലയങ്ങള്‍ തുറക്കുന്നതിനോട് സര്‍ക്കാരിന് വിയോജിപ്പില്ല, കൂടുതല്‍പേരെ കോവിഡ് ബാധിക്കുന്ന കാലമായതിനാല്‍ ബന്ധപ്പെട്ടവര്‍ എല്ലാ മുന്‍കരുതലും കൈക്കൊള്ളണം എന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. 


ഇതായിരുന്നില്ല യുഡിഎഫും ബിജെപിയും പ്രതീക്ഷിച്ചത് എന്ന് അവരുടെ നേതാക്കളുടെ പ്രതികരണങ്ങളില്‍നിന്ന് സ്പഷ്ടമാണ്. ദേവാലയങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കിയതിനാല്‍ മുമ്പ് ഭീഷണി മുഴക്കിയ ചെന്നിത്തലയ്ക്കും കെ മുരളീധരനും മറ്റും ഒന്നും പറയാനില്ലാതായി. എതിര്‍ക്കാന്‍ ഒരു വഴിയുമില്ലല്ലോ. ഒന്നും പറയാന്‍ നിവൃത്തിയില്ലാത്തതിനാല്‍ അവര്‍ക്ക് വായടയ്ക്കേണ്ടിവന്നു. 
എന്നാല്‍ കേന്ദ്രമന്ത്രി മുരളീധരനും ബിജെപിക്കും എന്തെങ്കിലും പറഞ്ഞേതീരൂ. ക്ഷേത്രങ്ങള്‍ തുറക്കാന്‍ അനുവദിച്ചതിനെക്കുറിച്ചായി അവരുടെ ഭള്ളുപറച്ചില്‍. അതിന്‍റെ രത്നച്ചുരുക്കം അവരോട് ആലോചിച്ചില്ല എന്നാണ്. എന്തിന് ആലോചിക്കണം! അവരുടേത് മത സംഘടന അല്ലല്ലോ. മുസ്ലീം, ക്രിസ്ത്യന്‍, ഹിന്ദു ദേവാലയങ്ങള്‍ തുറക്കുന്നതുസംബന്ധിച്ച് അതത് ദേവാലയങ്ങളുടെ ഭാരവാഹികളുമായാണ് സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. അവരാണ് അതത് ദേവാലയം തുറക്കുന്നതു സംബന്ധിച്ചുള്ള അഭിപ്രായം സര്‍ക്കാരിനെ അറിയിച്ചത്. ഇക്കൂട്ടത്തില്‍ വരുന്നതല്ല രാഷ്ട്രീയപാര്‍ടിയായ ബിജെപി. ആര്‍എസ്എസിനോ അത് സംഘടിപ്പിച്ചിട്ടുള്ള വിവിധ സംഘടനകള്‍ക്കോ ഹിന്ദു സമൂഹത്തിന്‍റെ പ്രാതിനിധ്യം അവകാശപ്പെടാനാവില്ല. അവര്‍ കൃത്യമായ നയസമീപനമുള്ള ഒരു വര്‍ഗീയ രാഷ്ട്രീയ ശക്തിയാണ്. ക്ഷേത്രങ്ങളുടെ കാര്യത്തില്‍ അഭിപ്രായം പറയേണ്ടത് ദേവസ്വംബോര്‍ഡുകളും തന്ത്രിമാരുമാണ്. അവരുമായി നടന്ന ചര്‍ച്ചകള്‍ക്കുശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. 


വി മുരളീധരന്‍ കേന്ദ്രമന്ത്രി ആയതിനാല്‍ കേരളത്തില്‍ ഏതു കാര്യവും തീരുമാനിക്കുംമുമ്പ് സര്‍ക്കാര്‍ തന്നോട് ചോദിക്കണമെന്ന് അദ്ദേഹത്തിന് ആശ കാണും. കേന്ദ്രത്തില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഒക്കെയാണല്ലോ, അല്ലെങ്കില്‍ ക്യാബിനറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ള സെക്രട്ടറിമാരാണല്ലോ കാര്യങ്ങള്‍ തീരുമാനിച്ച് സംസ്ഥാനങ്ങളെ വിവരം അറിയിക്കുക. അതില്‍ വി മുരളീധരന്‍ ഒരു കക്ഷിയില്ല. അതിനാല്‍ കേന്ദ്ര തീരുമാനം അദ്ദേഹം അറിയുന്നുപോലും ഉണ്ടാവില്ല എന്നും ഇതിനകം തെളിഞ്ഞിട്ടുണ്ട്.


നേരത്തെ പ്രവാസികളെ വിദേശത്തുനിന്ന് വിമാനംവഴി കൊണ്ടുവരുന്ന കാര്യത്തില്‍ മുരളീധരന്‍ ആവശ്യമില്ലാതെ കേരള സര്‍ക്കാരിനെക്കുറിച്ച് ആക്ഷേപം ഉന്നയിച്ചിരുന്നു. കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ യഥാകാലം വിവരം അറിയിച്ചിരുന്നു. മുരളീധരന്‍ അത് അറിയാത്തതിന് കേരളസര്‍ക്കാര്‍ എന്തുപിഴച്ചു? സംസ്ഥാന സര്‍ക്കാരിന്‍റെ നടപടികളില്‍ ഒരു പിഴവുമില്ല എന്ന് ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ വകുപ്പ് വ്യക്തമാക്കിയിട്ടുമുണ്ട്. 


2018ലെ പ്രളയകാലത്ത് കേരളത്തിലെ സകല നദികളിലും വനത്തില്‍നിന്നുള്ള മണ്ണും മണലും കല്ലുകളും വന്നടിഞ്ഞിരുന്നു. തത്ഫലമായി അവയുടെ ആഴം വല്ലാതെ കുറഞ്ഞു. സാധാരണ പെയ്യുന്ന മഴക്കാലത്ത് പോലും നദികള്‍ വഴിഞ്ഞൊഴുകാനുള്ള സാധ്യത ഇതുമൂലം ഉണ്ടായി. നദികളില്‍ പതിവില്ലാതെ വന്നടിഞ്ഞ വസ്തുക്കള്‍ വാരിമാറ്റുന്നതിന്‍റെ ആവശ്യം ഉത്തരവാദപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി. അങ്ങനെ നദികളിലെ എക്കലും മണലും മറ്റും എടുത്തുമാറ്റി വര്‍ഷകാലം ആകുമ്പോഴേക്ക് നീരൊഴുക്ക് സുഗമമാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കപ്പെട്ടു. പല നദികളിലും ഈ പ്രവര്‍ത്തനം പല ഘട്ടങ്ങളിലാണ്. 


അതിനിടെയാണ് പ്രതിപക്ഷ നേതാവ് പമ്പാനദിയില്‍ ശബരിമല തീര്‍ഥാടകര്‍ വന്നുചേരുന്ന ത്രിവേണിയില്‍നിന്ന് സര്‍ക്കാര്‍ മണല്‍വാരി വില്‍ക്കുന്നു, അതില്‍ അഴിമതിയുണ്ട് എന്ന ആരോപണവുമായി രംഗത്തുവന്നത്. മലയാളമനോരമ പത്രം അത് ഏറ്റുപിടിച്ചു. പമ്പയില്‍ ഏതാണ്ട് 80,000 ക്യൂബിക് മീറ്റര്‍ മണ്ണ്-മണല്‍-കല്ല് നിക്ഷേപമുണ്ട് എന്ന് ഒരു സര്‍ക്കാര്‍ വകുപ്പും അതല്ല, ഒരു ലക്ഷത്തിലേറെ ക്യൂബിക് മീറ്റര്‍ നിക്ഷേപമുണ്ട് എന്ന് മറ്റൊരു വകുപ്പും അളന്നു തിട്ടപ്പെടുത്തിയിട്ടുണ്ട്. അതില്‍ ഏറെ ഭാഗം നീക്കിയില്ലെങ്കില്‍ നല്ല മഴ ഉണ്ടായാല്‍ പമ്പാനദിയില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. 


ഈ പശ്ചാത്തലത്തിലാണ് മഴക്കാലത്തിനുമുമ്പ് പമ്പയിലെ അധിക മണ്ണുനിക്ഷേപം എടുത്തുമാറ്റി ഒഴുക്കു സുഗമമാക്കാന്‍ വെള്ളപ്പൊക്ക നിവാരണ ലക്ഷ്യത്തോടെ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. മണല്‍ വില്‍ക്കുന്ന കാര്യത്തില്‍ എല്ലാ നടപടി ക്രമങ്ങളും പാലിച്ചു വിറ്റാല്‍ മതി. പക്ഷേ, മഴയ്ക്കുമുമ്പ് നദിയില്‍നിന്ന് അതിലുള്ള അധികപ്പടി മണ്ണും മണലും നീക്കിയില്ലെങ്കില്‍ ആ പ്രദേശത്തുകാര്‍ രണ്ടുവര്‍ഷംമുമ്പ് അനുഭവിച്ചതുപോലെയുള്ള ദുരന്തത്തെ വീണ്ടും നേരിടേണ്ടിവരും.


കോവിഡ്-19ന്‍റെ ആഘാതം നേരിടുന്ന കേരളത്തെ തക്കതായ പ്രതിരോധ നടപടികളിലൂടെ കാത്തുരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന് കഴിയുന്നത് പ്രതിപക്ഷ പാര്‍ടികള്‍ക്കും അവയുടെ മെഗാഫോണായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ക്കും അശ്ശേഷം സഹിക്കുന്നില്ല. എങ്ങനെയെങ്കിലും ഈ സര്‍ക്കാരിനെ വഴിതെറ്റിച്ച് ജനങ്ങളുടെ പഴിക്ക് പാത്രമാക്കണമെന്ന തീവ്രശ്രമത്തിലാണ് പ്രതിപക്ഷങ്ങളും അവയുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളും. 


കാര്യങ്ങള്‍ ആ വഴിക്ക് നീങ്ങാത്തതിലുള്ള ഉല്‍ക്കണ്ഠ വെളിപ്പെടുത്തുന്നതാണ് വിദേശത്തുനിന്ന് വരുന്നവരുടെ ക്വാറന്‍റൈന്‍ സംവിധാനമാകെ പാളിയെന്ന പ്രതിപക്ഷ നേതാവിന്‍റെയും പിന്തുണയ്ക്കുന്ന മാധ്യമങ്ങളുടെയും മറ്റും മുറവിളി. വിദേശത്തുനിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും ധാരാളം പ്രവാസികള്‍ രക്ഷതേടി തിരിച്ചെത്തുന്നുണ്ട്. അവരില്‍ പലരും രോഗവാഹകരാകാം. അത് പ്രകടമാകുന്നത് ഇവിടെ വന്ന് ദിവസങ്ങള്‍ കഴിയുമ്പോള്‍ ആകാം. അതുകൊണ്ടാണ് കഴിഞ്ഞമാസം ആദ്യം 16വരെയായി കുറഞ്ഞ രോഗബാധിതരുടെ എണ്ണം ദിവസേന വര്‍ദ്ധിച്ച് ഇപ്പോള്‍ ആയിരത്തില്‍പരമായിരിക്കുന്നത്. ഈ വര്‍ധനയെ ചൂണ്ടിക്കാട്ടി ഇവിടെ സാമൂഹ്യവ്യാപനമുണ്ട് എന്നുവരെ പറയുന്നവരുണ്ട്. പുറത്തുനിന്ന് വന്നവര്‍ക്കാണ് 90 ശതമാനത്തോളം രോഗബാധ.

ഇവിടെയുള്ളവരില്‍ രോഗബാധ ഏതാണ്ട് 10 ശതമാനത്തിനുമാത്രം. അത് സ്പഷ്ടമാക്കുന്നത് സാമൂഹ്യ വ്യാപനസാധ്യത ഇപ്പോഴില്ല എന്നാണ്. 


സര്‍ക്കാരിനെ കയറിത്തല്ലാന്‍ എന്തും ആയുധമാക്കുന്നവരാണ് മേല്‍പറഞ്ഞവര്‍ എന്നതിന് ഉദാഹരണമാണ് അതിരപ്പിള്ളി പദ്ധതിയെക്കുറിച്ച് ഇപ്പോള്‍ ഉന്നയിച്ചിട്ടുള്ള വിവാദം. അതിന് കേന്ദ്രസര്‍ക്കാരിന്‍റെ എല്ലാ അനുമതിയും ലഭിച്ചിരുന്നു. കേരളത്തില്‍ അഭിപ്രായ സമന്വയമില്ലാതെ പദ്ധതി നടപ്പാക്കില്ല എന്നാണ് എല്‍ഡിഎഫ് നിലപാട്. പദ്ധതി നേരത്തെ നല്‍കിയ അനുമതി കാലഹരണപ്പെട്ടു എന്നും അനുമതി വേണമെങ്കില്‍ വീണ്ടും അപേക്ഷിച്ച് മുമ്പ് നേടിയ അനുമതികളെല്ലാം വീണ്ടും നേടണമെന്നും തെര്യപ്പെടുത്തിയത് കേന്ദ്രസര്‍ക്കാരാണ്. ഇന്നത്തെ സ്ഥിതിയില്‍ ജലവൈദ്യുതിയാണ് ഏറ്റവും സ്വീകാര്യമെന്നും അത് അഭിപ്രായപ്പെട്ടിട്ടുമുണ്ട്. ആ സ്ഥിതിയില്‍ പദ്ധതി സംബന്ധിച്ച അനുമതികള്‍ നേടാന്‍ വൈദ്യുതിബോര്‍ഡിനെ പ്രാപ്തമാക്കുന്ന എന്‍ഒസിക്ക് അതിന്‍റെ അപേക്ഷപ്രകാരം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എല്‍ഡിഎഫിലും യുഡിഎഫിലും അത് നടപ്പാക്കുന്നതു സംബന്ധിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. അതുകൊണ്ടാണ് അത് നടപ്പാക്കാത്തത്. എന്നാല്‍, എന്നെങ്കിലും അഭിപ്രായ സമന്വയമുണ്ടായാല്‍ നടപ്പാക്കാന്‍ കഴിയുമാറ് അതിനുള്ള കേന്ദ്രസര്‍ക്കാരിന്‍റെയും മറ്റും അനുമതി നേടുന്നതിന്‍റെ തുടക്കംകുറിക്കാന്‍ വേണ്ട പ്രാഥമിക നടപടിയാണ് കേരള സര്‍ക്കാരിന്‍റെ എന്‍ഒസി അപേക്ഷ. മുമ്പും പലതവണ കേരളസര്‍ക്കാര്‍ നല്‍കിയ എന്‍ഒസി ഇപ്പോള്‍ വിവാദമാക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാരിനെ വിവാദത്തിനുമുന്നില്‍ നിര്‍ത്താന്‍വേണ്ടി മാത്രമാണ്. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതിനെല്ലാം കുറ്റം എന്ന പഴമൊഴിയെ സാര്‍ഥകമാക്കുകയാണ് പ്രതിപക്ഷവും ചില മാധ്യമങ്ങളും. അവയുടെ അന്തഃസാരശൂന്യത ഇതിലേറെ തുറന്നുകാട്ടപ്പെടാനില്ല.