യുഡിഎഫ് വാഴ്ചയും എല്‍ഡിഎഫ് ഭരണവും: ഒരു താരതമ്യം

ഡോ. ടി എം തോമസ് ഐസക്

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നാലു വാര്‍ഷം പിന്നിട്ടു. ഇതുപോലെ കേരളം ദേശീയ, അന്തര്‍ദേശീയ മാധ്യമങ്ങളില്‍ ഉയര്‍ന്നുനിന്ന ഒരു കാലമുണ്ടോ? കൊവിഡ്മഹാമാരിയെ നിയന്ത്രിക്കുന്നതിലുണ്ടായ നമ്മുടെ വിജയം കേരളത്തിന്‍റെ വികസന നേട്ടങ്ങളിലേയ്ക്ക് ലോകത്തിന്‍റെ ശ്രദ്ധ കൊണ്ടുവന്നിരിക്കുന്നു. യുഡിഎഫ് സര്‍ക്കാരിന്‍റെ നാലാം വാര്‍ഷികം എങ്ങനെയായിരുന്നുവെന്ന് ആലോചിക്കുന്ന ഏതൊരാള്‍ക്കും അന്നും ഇന്നും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നതിന് പ്രയാസമുണ്ടാവില്ല.

 

* യുഡിഎഫ് ഭരണത്തില്‍ കേരള സമ്പദ്ഘടന വളര്‍ന്നത് ശരാശരി 4.9 ശതമാനം വീതമാണ്. എന്നാല്‍ കണക്ക് ലഭ്യമായ എല്‍ഡിഎഫിന്‍റെ ആദ്യ മൂന്നുവര്‍ഷക്കാലം കേരള സമ്പദ്ഘടനയുടെ വളര്‍ച്ചാ നിരക്ക് 7.2 ശതമാനം വീതമാണ്.

 

* ദേശീയ വ്യവസായോല്‍പ്പാദനത്തില്‍ കേരളത്തിന്‍റെ വിഹിതം 1.2 ശതമാനമായിരുന്നത് 2018-19ല്‍ 1.6 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പുരോഗതി കാണുന്നത്.

 

* 2015-16ല്‍ 213 കോടി രൂപ സഞ്ചിത നഷ്ടമുണ്ടാക്കിയ പൊതുമേഖലാസ്ഥാപനങ്ങള്‍ 2018-19 ല്‍ 102 കോടി രൂപ ലാഭത്തിലായി.

 

* 2015-16ല്‍ മത്സ്യോല്‍പ്പാദനം 7.28 ലക്ഷം ടണ്ണായിരുന്നത് 2018-19 ല്‍ 8.02 ലക്ഷം ടണ്ണായി ഉയര്‍ന്നു.

 

* നെല്‍വയല്‍ വിസ്തൃതി 2015-16 1.7 ലക്ഷം ഹെക്ടറായിരുന്നത് 2.03 ലക്ഷം ഹെക്ടറായി ഉയര്‍ന്നു.

 

* പ്രവാസിക്ഷേമനിധിക്ക് അഞ്ചു വര്‍ഷംകൊണ്ട് ചെലവഴിച്ചത് 68 കോടി രൂപ. ഇപ്പോള്‍ നാലുവര്‍ഷംകൊണ്ട് ചെലവഴിച്ചത് 152 കോടി രൂപ.

 

*  പൊതുവിദ്യാലയങ്ങളില്‍ യുഡിഎഫ് കാലത്ത് 4,99,450 കുട്ടികള്‍ കുറഞ്ഞു. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ അഞ്ചുലക്ഷത്തോളം കുട്ടികള്‍ മറ്റു വിദ്യാലയങ്ങളില്‍ നിന്നും റ്റിസി വാങ്ങി പൊതുവിദ്യാലയങ്ങളില്‍ ചേര്‍ന്നു.

 

* സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്ക്ക് എത്തുന്നവരുടെ എണ്ണം ഒരു കാലത്ത് ജനസംഖ്യയുടെ 28 ശതമാനമായി ശുഷ്കിച്ചതാണ്. അത് ഇപ്പോള്‍ 48 ശതമാനമായി ഉയര്‍ന്നിരിക്കുന്നു.

 

* 4.9 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ യുഡിഎഫ് കാലത്ത് കൊടുത്തു. നാലു വര്‍ഷംകൊണ്ട് 7.5 ലക്ഷം കുടിവെള്ള കണക്ഷനുകള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കി.

 

* വൈദ്യുതിയുടെ പുതിയ ഉല്‍പ്പാദനം യുഡിഎഫിന്‍റെ കാലത്ത് 87 മെഗാവാട്ടായിരുന്നു. നാലു വര്‍ഷംകൊണ്ട് 205 മെഗാവാട്ട് അധികമായി എല്‍ഡിഎഫ് ഭരണത്തില്‍ ഉല്‍പ്പാദിപ്പിച്ചു.

 

* യുഡിഎഫ് കാലത്ത് പൊതുമരാമത്ത് 7,780 കിലോമീറ്റര്‍ റോഡാണ് നിര്‍മ്മിച്ചത്. നാലു വര്‍ഷംകൊണ്ട് എല്‍ഡിഎഫ് ഭരണം 14,623 കിലോമീറ്റര്‍ നിര്‍മിച്ചു.

 

* യുഡിഎഫ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും 503 കോടി രൂപ വിതരണം ചെയ്ത സ്ഥാനത്ത് പ്രളയദുരിതാശ്വാസം മാറ്റിനിര്‍ത്തിയാല്‍പ്പോലും 1216 കോടി രൂപ എല്‍ഡിഎഫ് സര്‍ക്കാര്‍ വിതരണം ചെയ്തു.

 

* അഞ്ചു വര്‍ഷംകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ ക്ഷേമപെന്‍ഷനുകള്‍ക്ക് നല്‍കിയത് 9,311 കോടി രൂപ. നാലു വര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ നല്‍കിയത് 22,000 കോടി രൂപ.

 

* തദ്ദേശഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതം 24 ശതമാനമായിരുന്നത് 25.93 ശതമാനമായി ഉയര്‍ത്തി. ഇതിനു പുറമേ റീബില്‍ഡ് പദ്ധതിയില്‍ നിന്ന് 1000 കോടി രൂപ അധികമായി സര്‍ക്കാര്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.

 

* യുഡിഎഫ് ഭരണകാലത്ത് മൊത്തം മൂലധനച്ചെലവ് 29,689 കോടി രൂപയാണ്. നാലു വര്‍ഷംകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ 40,497 കോടി രൂപ ചെലവഴിച്ചു. ഈ ബജറ്റ് തുകയ്ക്ക് പുറമേ 35,028 കോടി രൂപ കിഫ്ബിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.

 

* കിഫ്ബി വഴി നടപ്പാക്കിക്കൊണ്ടിരിക്കുന്നത് 675 പ്രോജക്ടുകള്‍: 2985 കിലോമീറ്റര്‍ ഡിസൈന്‍ഡ് റോഡുകള്‍, 43 കിലോമീറ്റര്‍ നീളമുള്ള 10 ബൈപ്പാസുകള്‍, 22 കിലോമീറ്റര്‍ നീളമുള്ള 20 ഫ്ളൈഓവറുകള്‍, 54 കിലോമീറ്റര്‍ നീളമുള്ള 74 പാലങ്ങള്‍

 

* 85 ലക്ഷം ചതുരശ്രയടി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, 46 ലക്ഷം ചതുരശ്രയടി ആശുപത്രികള്‍, 37 ലക്ഷം ചതുരശ്രയടിയുള്ള 44 സ്റ്റേഡിയങ്ങള്‍.

 

* 4,384 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍, 1,5200 ലക്ഷം ലിറ്റര്‍ സംഭരണശേഷി, 2,480 കിലോമീറ്റര്‍ വിതരണ ശൃംഖല. 85 ലക്ഷം ഉപഭോക്താക്കള്‍.

* തീരദേശത്തിന് 5000 കോടി രൂപയുടെ പാക്കേജില്‍ 2020-21ല്‍ 1500 കോടി രൂപ ചെലവഴിക്കും.

 

യുഡിഎഫ് അഞ്ചു വര്‍ഷംകൊണ്ട് നേടിയ ലക്ഷ്യങ്ങള്‍ നാലു വര്‍ഷംകൊണ്ട് എത്രയോ കാതം എല്‍ഡിഎഫ് സര്‍ക്കാര്‍ പിന്നിലാക്കിയിരിക്കുന്നു. ഇനി ഈ വര്‍ഷം ചെയ്യാന്‍ പോകുന്നത് ബോണസ്സാണ്. ചുമ്മാതല്ല യുഡിഎഫ് നേതാക്കള്‍ക്ക് ഇത്ര വെപ്രാളം.