നേട്ടമെല്ലാം  കോര്‍പറേറ്റുകള്‍ക്ക്


'രാജ്യത്ത് കോവിഡ് വ്യാപനം ഉത്കണ്ഠ ഉള്ളവാക്കുന്ന സ്ഥിതിയിലാണ് ഇപ്പോള്‍ എന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ വക്താക്കള്‍ തന്നെ പറയാന്‍ തുടങ്ങി. പ്രധാനപ്പെട്ട കുറെയേറെ നഗരങ്ങള്‍ സമൂഹ വ്യാപനത്തിന്‍റെ ഘട്ടത്തിലാണ് എന്ന സൂചനയുണ്ട്. രാജ്യം രണ്ടുമാസത്തിലേറെ അടച്ചിട്ടശേഷമാണ് ഈ സ്ഥിതി. പ്രധാനമന്ത്രിയുടെ അടച്ചിടല്‍ തീരുമാനത്തിന്‍റെ സദ്ഫലമാണ് ഇന്ത്യയില്‍ രോഗബാധിതര്‍ കുറഞ്ഞിരിക്കുന്നത് എന്ന അവകാശവാദത്തെ പൊളിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. പ്രധാനമന്ത്രിയുടെ ഗീര്‍വാണവും കിണ്ണംകൊട്ടാനുള്ള ആഹ്വാനവും കൊണ്ട് പേടിച്ചോടുന്ന ഭീരുവാണ് കോവിഡ് 19 എന്ന് അദ്ദേഹവും മറ്റും വ്യാമോഹിച്ചു.


അടച്ചിടുമ്പോള്‍ പണിയും വരുമാനവും ഇല്ലാതാകുന്ന കോടിക്കണക്കിനു ജനങ്ങള്‍ക്ക് പട്ടിണികിടക്കാതെ ജീവിക്കാനുള്ള വക നല്‍കേണ്ടതായിരുന്നു. അങ്ങനെ ചെയ്യണമെന്ന് രാഷ്ട്രീയ പാര്‍ടികളും സാമ്പത്തികവിദഗ്ധരും ആവര്‍ത്തിച്ചു നിര്‍ദേശിച്ചിട്ടും മോഡി സര്‍ക്കാര്‍ സഹായിച്ചത് കോര്‍പറേറ്റുകളെ മാത്രം. ഇന്ത്യയില്‍ 25-30 കോടി പേര്‍ തങ്ങളുടെ വീടുകളില്‍ നിന്ന് അകലെ പോയി ജോലി ചെയ്യുന്നു. അവര്‍ക്കൊക്കെ വീട്ടിലെത്താനുള്ള സമയവും സൗകര്യവും നല്‍കിയ ശേഷമായിരുന്നു രാജ്യമാകെ അടച്ചിടേണ്ടിയിരുന്നത്. അങ്ങനെ സര്‍ക്കാര്‍ ചെയ്യാത്തത് കോടിക്കണക്കിനാളുകള്‍ക്ക് വലിയ നരകമാണ് പ്രദാനം ചെയ്തത്. അക്കാലത്ത് രോഗലക്ഷണമുള്ളവരെ ആശുപത്രിയിലോ ക്വാറന്‍റൈനിലോ പ്രവേശിപ്പിക്കാതിരുന്നതിനാല്‍ അന്യസംസ്ഥാന തൊഴിലാളികളും മറ്റും സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുമ്പോഴേക്ക് അവരില്‍ പലരും രോഗബാധിതരോ രോഗവാഹകരോ ആയി. ആദ്യം കോവിഡ് ബാധ ഇല്ലാതിരുന്ന ഇടങ്ങളില്‍ ഇപ്പോള്‍ അത് പടരാന്‍ കാരണം സര്‍ക്കാര്‍ വിവേകമില്ലാതെ ആദ്യം അന്യസംസ്ഥാന തൊഴിലാളികളെ തടഞ്ഞതും പിന്നീട് പോകാന്‍ അനുവദിച്ചതുമാണ്. അതാകട്ടെ, അവരില്‍ ഒരു വലിയ വിഭാഗത്തെ 700 ഉം 1000ഉം കി.മീ കാല്‍നടയായി നാട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കി. മോഡി സര്‍ക്കാരിന്‍റെ വിവേകമില്ലായ്മയും ജനവിരുദ്ധതയും ഇത്രയേറെ പ്രകടമാകാനില്ല. എന്നിട്ടും ആ സമീപനം തിരുത്തുകയല്ല, തുടരുകയാണ്.


തിരിഞ്ഞുനോക്കുമ്പോള്‍, 2014ല്‍ മോഡി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത വേളയിലേക്ക് സാര്‍ക് രാജ്യങ്ങളുടെ ഭരണത്തലവന്മാരെ മുഴുവന്‍ ക്ഷണിച്ചത് രാജ്യത്തിനു അകത്തും പുറത്തും സ്വാഗതം ചെയ്യപ്പെട്ടു. ആറുവര്‍ഷം കഴിഞ്ഞപ്പോഴത്തെ സ്ഥിതി എന്താണ്? ആ രാജ്യങ്ങളില്‍ ഒന്നുമായിട്ടും മോഡി സര്‍ക്കാരിനു നല്ല ബന്ധമില്ല. അതിനുകാരണം മോഡി സര്‍ക്കാരിന്‍റെ മതപരവും മറ്റുമായ സങ്കുചിത വീക്ഷണവും ഇവയെല്ലാമായുള്ള സൗഹൃദം രാജ്യത്തിന്‍റെ പുരോഗതിക്ക് ആവശ്യമാണ് എന്ന തിരിച്ചറിവ് ഇല്ലാത്തതുമാണ്.


ഒന്നാം മോഡി സര്‍ക്കാരിന്‍റെ കാലത്ത് കൈക്കൊണ്ട രണ്ടു പ്രധാന സാമ്പത്തിക പരിഷ്കാരങ്ങളായിരുന്നു 2016 നവംബറിലെ നോട്ട് റദ്ദാക്കലും 2017 ജൂലൈയിലെ ജിഎസ്ടി ഏര്‍പ്പെടുത്തലും. ഒരു മുന്നൊരുക്കവും ഇല്ലാതെയാണ്, ബന്ധപ്പെട്ട വിദഗ്ധരുടെ പ്രധാന ഉദ്യോഗസ്ഥരുടെ സഹകരണം ഉറപ്പാക്കാതെയാണ് ഈ രണ്ടുനടപടികളും ഉണ്ടായത് എന്ന് പിന്നീട് വെളിപ്പെട്ടു. നോട്ട് റദ്ദാക്കലിന്‍റെ ഉദ്ദിഷ്ട ലക്ഷ്യങ്ങളായി അത് നടപ്പാക്കുന്നതിനു തൊട്ടുമുമ്പ് മോഡി രാഷ്ട്രത്തോട് പ്രഖ്യാപിച്ച കാര്യങ്ങളൊന്നും തന്നെ സാക്ഷാല്‍കരിക്കപ്പെട്ടില്ല. സമ്പദ്വ്യവസ്ഥയുടെ നട്ടെല്ല് തകര്‍ന്നതും കോടിക്കണക്കിനു തൊഴിലാളികള്‍ക്ക് കുറേ കാലത്തേക്ക് തൊഴില്‍ നഷ്ടപ്പെട്ടതും മാത്രം മിച്ചം.


ഇതു തന്നെയാണ് ജിഎസ്ടിയുടെയും സ്ഥിതി. സംസ്ഥാനങ്ങളുടെ നികുതി കൂടി കേന്ദ്ര സര്‍ക്കാര്‍ പിരിക്കുന്ന ഏര്‍പ്പാടാണ് ജിഎസ്ടി. എല്ലാം ഓണ്‍ലൈനില്‍. പക്ഷേ, അതിനു അവശ്യം വേണ്ട തയ്യാറെടുപ്പില്ലാതിരുന്നതുകൊണ്ട് അവ തയ്യാറാക്കിയപ്പോഴേക്ക് ആ സാമ്പത്തികവര്‍ഷം കടന്നുപോയി, നികുതി പിരിക്കാന്‍ കഴിയാതെ. ഇപ്പോഴും അതിന്‍റെ പരിക്കുകളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കര കയറിയിട്ടില്ല എന്തിനാണ് തിരക്കിട്ട് ഈ പരിഷ്കാരം നടപ്പാക്കിയത്? ആര്‍ക്കുഗുണം? ഗുണം വന്‍ ബിസിനസ്സുകാര്‍ക്ക്. വന്‍കിട ഉല്‍പ്പാദകര്‍ക്കും വ്യാപാരികള്‍ക്കും. നഷ്ടം വില്‍പ്പന നികുതി ഒടുക്കേണ്ടി വന്ന ഉപഭോക്താക്കള്‍ക്കും അത് ലഭിക്കാതിരുന്ന കേന്ദ്ര സംസ്ഥാന- സര്‍ക്കാരുകള്‍ക്കും. കണക്കുകളില്‍ കൃത്രിമംകാട്ടി രാജ്യം സാമ്പത്തികമായി പുരോഗമിക്കുകയാണെന്ന് മോഡി സര്‍ക്കാര്‍ അവകാശപ്പെട്ടപ്പോള്‍, വാസ്തവത്തില്‍ രാജ്യം മാന്ദ്യത്തിലേക്ക് വഴുതി വീഴാന്‍ തുടങ്ങിയിരുന്നു.


ഇതെല്ലാമായിട്ടും മോഡിയും ബിജെപിയും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ഒരു ഭാഗത്ത് പ്രതിപക്ഷത്തെ ശൈഥില്യവും മറുവശത്ത് മോഡി പ്രഭൃതികള്‍ അഴിച്ചുവിട്ട കടുത്തവര്‍ഗീയതയുടെയും സങ്കുചിത ദേശീയതയുടെയും അതുഗ്രമായ പ്രചരണം കൊണ്ടുമായിരുന്നു. വന്‍ കോര്‍പറേറ്റുകള്‍ മാധ്യമങ്ങളിലൂടെയും പണം ഒഴുക്കിയും സഹായിച്ചു. അതിനു മോഡി സര്‍ക്കാര്‍ ഒന്നാം ബജറ്റില്‍ തന്നെ സര്‍ക്കാരിനു 1.45 ലക്ഷം കോടിരൂപയുടെ വാര്‍ഷിക നഷ്ടംവരുന്ന തരത്തില്‍ സ്വത്ത് നികുതി 20 ശതമാനമായി കുറച്ച് അവരെ പ്രീണിപ്പിച്ചു. അതിനുപുറമെ മാന്ദ്യത്തെ നേരിടാനെന്ന പേരില്‍ ആ വര്‍ഷം തന്നെ 70,000 കോടി രൂപയുടെ സഹായവും നല്‍കി. എന്നിട്ടും 2020 ജനുവരി 1 -മാര്‍ച്ച് 31 കാലത്ത് ജിഡിപി വളര്‍ച്ച 3.1 ശതമാനമായി ഇടിഞ്ഞു. അത് കാണിക്കുന്നത് രണ്ടാം മോഡി സര്‍ക്കാരിന്‍റെ ആരംഭം രാജ്യത്തെ മാന്ദ്യത്തിന്‍റെ പടുകുഴിയില്‍ എത്തിച്ചു എന്നാണ്.


ഇതില്‍ നിന്നു വെളിവാകുന്നത് മോഡി സര്‍ക്കാരിനു രാജ്യത്തെ നേര്‍വഴിക്കും പുരോഗതിയിലേക്കും നയിക്കാനുള്ള ശേഷിയോ ദീര്‍ഘവീക്ഷണമോ ഇല്ല എന്നാണ്. അധികാരമെല്ലാം ഒരാളില്‍, മോഡിയില്‍, കേന്ദ്രിതമാണ്. മറ്റെല്ലാ മന്ത്രിമാരും, അവര്‍ എത്ര ഉന്നതരായാലും, മോഡിയുടെ കല്‍പ്പനക്ക് കാത്തുനില്‍ക്കണം. ഉദ്യോഗസ്ഥരുടെയും ഉപദേശം നല്‍കേണ്ട വിദഗ്ധരുടെയും കാര്യം പിന്നെ പറയേണ്ടതില്ലല്ലൊ. മോഡി സര്‍ക്കാരിനെ സഹായിക്കാനും ഉപദേശിക്കാനും നിയമിച്ച വിദഗ്ധരും ബിജെപിയിലെ തന്നെ പ്രഗത്ഭരും, അകന്നത് മോഡിയുടെ ഈ സമീപനം മൂലമാണ്. അദ്ദേഹത്തിനാണെങ്കില്‍ ഏതിനും സിദ്ധൗഷധം, ഗോമൂത്രം, ചാണകം, ഇന്ത്യയില്‍ പണ്ടേ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നതിനുതെളിവ് ഗണപതി മുതലായ ആശയങ്ങളില്‍നിന്ന് അപ്പുറം വിജ്ഞാനമില്ല എന്നത് ഭുവനപ്രസിദ്ധം. അതൊക്കെ ട്രമ്പിനെ പോലുള്ളവര്‍ വിദഗ്ധമായി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുന്നു.


മോഡി പ്രഭൃതികളുടെ ലക്ഷ്യം ഹിന്ദുരാഷ്ട്ര സ്ഥാപനമാണെന്ന് മെയ് 30നു രണ്ടാം മോഡി സര്‍ക്കാരിന്‍റെ ഒന്നാം വാര്‍ഷികവേളയില്‍ ഇന്ത്യയിലെ പൗരര്‍ക്കായി അദ്ദേഹം എഴുതിയ കത്തില്‍ നിന്ന് വ്യക്തമാണ്. തന്‍റെ സര്‍ക്കാരിന്‍റെ ആദ്യവര്‍ഷ നേട്ടങ്ങളായി ജമ്മുകാശ്മീരിനെ വിഭജിച്ചതു ഉള്‍പ്പെടെയുള്ള പരിഷ്കാരങ്ങളും സിഎഎയും ഒക്കെ അദ്ദേഹം എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ടല്ലൊ.


കോവിഡ് -19ന്‍റെ ആക്രമണം ഉണ്ടാകുമെന്ന് ജനുവരി മാസം മുതല്‍ വ്യക്തമായിരുന്നല്ലൊ. രാജ്യത്തെ ആശുപത്രികളിലെ സൗകര്യങ്ങള്‍, ഉപകരണങ്ങള്‍, ഔഷധങ്ങള്‍, ഡോക്ടര്‍മാരും നഴ്സുമാരും മറ്റ് ജീവനക്കാരും -ഇവയെല്ലാം ആവശ്യാനുസരണം വര്‍ധിപ്പിക്കാനുള്ള വ്യക്തമായ ആസൂത്രണമൊന്നും മോഡി സര്‍ക്കാര്‍ നടത്തിയിട്ടില്ല. അതിനു തെളിവാണ് മോഡി ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഗുജറാത്തിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും കോവിഡ് 19 കൊടികുത്തി വാഴുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി പല സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. അന്യസംസ്ഥാന തൊഴിലാളികള്‍ തിരിച്ചെത്തിയ യുപി, ബിഹാര്‍, ഝാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ രോഗം ഗ്രാമങ്ങളിലേക്ക് പടര്‍ന്നിരിക്കുന്നു എന്നാണ് വാര്‍ത്തകള്‍.


മോഡി സര്‍ക്കാരിന്‍റെ പിടിപ്പുകേടിന്‍റെ പാരമ്യമാണ് രണ്ടര മാസമായി രാജ്യം മുഴുവന്‍ അടച്ചിട്ടിട്ടും രോഗം രാജ്യമാകെ വ്യാപിക്കുന്നത്. ഈ സര്‍ക്കാരിന്‍റെ പിടിപ്പുകേടിനു ഇതില്‍പരം തെളിവൊന്നും ആവശ്യമില്ല. വേണമെന്ന് തോന്നുന്നവര്‍ക്ക് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പരിശോധിച്ചാല്‍ എല്ലാ സംശയവും തീരും. കോവിഡ് രോഗത്തിന്‍റെ പശ്ചാത്തലത്തിലാണ് അത് പ്രഖ്യാപിച്ചത്. രോഗവ്യാപനം തടയാനോ അതുമൂലം തൊഴിലില്ലാതെ പട്ടിണിയിലായവരെയടക്കം ജനസാമാന്യത്തെ സഹായിക്കാനോ അതില്‍ പറയത്തക്ക പദ്ധതികളില്ല. കോര്‍പറേറ്റുകള്‍ക്കും വന്‍ വ്യാപാരി-കര്‍ഷകമുതലാളിമാര്‍ക്കുമാണ് അതുകൊണ്ട് എന്തെങ്കിലും പ്രയോജനം. മോഡി വാഴ്ച-അവര്‍ക്കുവേണ്ടി മാത്രമായി തീര്‍ന്നിരിക്കുകയാണ് ഇപ്പോള്‍.