പുന്നപ്ര - വയലാറിന്‍റെ വീരഗാഥ

പീപ്പിള്‍സ് ഡെമോക്രസി

ആലപ്പുഴ ജില്ലയിലെ രണ്ട് ഗ്രാമങ്ങളാണ് പുന്നപ്രയും വയലാറും. ഭൂപ്രഭുക്കള്‍ നടത്തിയിരുന്ന ഭീകരമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ കൃഷിക്കാരും കര്‍ഷകത്തൊഴിലാളികളും നടത്തിയതും, കര്‍ഷകത്തൊഴിലാളികള്‍ തൊഴിലുടമകള്‍ക്കെതിരെയും തിരുവിതാംകൂര്‍ ദിവാന്‍റെ സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരെ ഉത്തരവാദിത്വ ഭരണത്തിനുവേണ്ടിയും നടത്തിയ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായിരുന്നു പുന്നപ്രയിലെയും വയലാറിലെയും സമരം. 1946 ഒക്ടോബറിലാണ് ഈ പ്രക്ഷോഭം ആരംഭിച്ചത്.


1938ല്‍ തിരുവിതാംകൂറില്‍ നടന്ന ആദ്യത്തെ രാഷ്ട്രീയ പൊതുപണിമുടക്കിന്‍റെ പ്രഭവ കേന്ദ്രങ്ങളായിരുന്ന ആലപ്പുഴ ജില്ലയും ആ രണ്ട് ഗ്രാമങ്ങളും രാജാവിന്‍റെയും ദിവാന്‍റെയും സ്വേച്ഛാധിപത്യവാഴ്ചയ്ക്കെതിരായ പ്രധാന സമരത്തിന്‍റെ കേന്ദ്രങ്ങളായി 1946ല്‍ വീണ്ടും പ്രാധാന്യം നേടുകയുണ്ടായി. സായുധസേനയും സ്വയം തയ്യാറാക്കിയ വാരിക്കുന്തങ്ങളല്ലാതെ മറ്റൊരായുധവുമില്ലാത്ത ഉശിരന്‍ തൊഴിലാളികളും തമ്മില്‍ നടന്ന രൂക്ഷമായ പോരാട്ടത്തിന്‍റെ വേദികളായിരുന്നതിനാലാണ് ഈ രണ്ട് ഗ്രാമങ്ങള്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിച്ചത്.


രണ്ടാം ലോകയുദ്ധം അവസാനിച്ചതിനെത്തുടര്‍ന്ന് തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായി. ഭക്ഷണസാധനങ്ങളും അരിയും തുണിയും പഞ്ചസാരയും മണ്ണെണ്ണയും മറ്റുമെല്ലാം കിട്ടാതായി; അവയെല്ലാം കരിഞ്ചന്തയില്‍ മാത്രമേ കിട്ടൂവെന്ന സ്ഥിതിയായി. ഈ പ്രദേശത്തെ കുടിയാന്മാരെയും കര്‍ഷകത്തൊഴിലാളികളെയും ഭൂപ്രഭുക്കള്‍ പലപ്പോഴും തല്ലിച്ചതയ്ക്കുമായിരുന്നു, കഠിനമായി ഉപദ്രവിച്ചിരുന്നു; സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടിരുന്നു; അവരുടെ പാര്‍പ്പിടങ്ങള്‍ അഗ്നിക്കിരയാക്കിയിരുന്നു. അടിമകളെ പോലെയാണ് ഭൂപ്രഭുക്കള്‍ അവരോട് പെരുമാറിയിരുന്നത്. ഭൂപ്രഭുവിന്‍റെ കാമപൂര്‍ത്തിക്ക് വഴിപ്പെടാന്‍ തയ്യാറാകാത്ത ഒരു കര്‍ഷകത്തൊഴിലാളി യുവതിയെ പിടികൂടി കയറുകൊണ്ട് ബന്ധിച്ച് അവളുടെ കുടിലിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും കഠിനമായി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തശേഷം അവളെ ഒരു കുഴിയിലാക്കി കഴുത്തിനൊപ്പം മണ്ണിട്ടു മൂടുകയും ചെയ്ത ആ പ്രമാണി അവളുടെ തലയില്‍ തൊഴിക്കുകയും ചെയ്തു.


ആ പ്രദേശത്തെ ജനങ്ങള്‍, പ്രത്യേകിച്ച് തൊഴിലാളികളും കര്‍ഷകത്തൊഴിലാളികളും കുടിയാന്മാരും കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍റെയും കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതൃത്വത്തിന്‍കീഴില്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനത്തില്‍ സ്വയം സംഘടിതരാകാന്‍ തുടങ്ങി. മറ്റു തൊഴിലാളികളും സംഘടിതരായിരുന്നു. 1944 - 45ല്‍ തന്നെ ചേര്‍ത്തല താലൂക്കിലുടനീളം കര്‍ഷകത്തൊഴിലാളികള്‍ വാര്‍ഡ് കമ്മിറ്റികള്‍ക്ക് രൂപം കൊടുത്തു കഴിഞ്ഞിരുന്നു. 


 തിരുവിതാംകൂര്‍ ഭരണാധികാരിയും അദ്ദേഹത്തിന്‍റെ ദിവാനും ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് ചെവികൊടുക്കാന്‍ വിസമ്മതിച്ചുവെന്ന് മാത്രമല്ല, തിരുവിതാംകൂര്‍ പ്രവിശ്യയെ ഇന്ത്യാ രാജ്യത്തില്‍നിന്നും വേര്‍പെടുത്താനുള്ള നീക്കവും അവര്‍ തുടങ്ങി. നിലവില്‍ വരാന്‍ പോകുന്ന സ്വതന്ത്ര ഇന്ത്യയില്‍ തിരുവിതാംകൂര്‍ ചേരില്ലെന്നും അത് ഒരു സ്വതന്ത്രരാജ്യമായി തുടരുമെന്നും ദിവാന്‍ പ്രഖ്യാപിച്ചു. ഉത്തരവാദ ഗവണ്‍മെന്‍റിനായുള്ള സമരം സ്വതന്ത്ര തിരുവിതാംകൂറിനെതിരായ സമരവുമായി ലയിച്ചു ചേര്‍ന്നു.


തിരുവിതാംകൂര്‍ ഭരണാധികാരികളും ജനാധിപത്യ പ്രതിപക്ഷശക്തികളും തമ്മിലുള്ള മറ്റൊരു തര്‍ക്കം "അമേരിക്കന്‍ മോഡല്‍" എന്നു വിളിക്കപ്പെടുന്നതിനെക്കുറിച്ചുള്ളതായിരുന്നു. താന്‍ എക്സിക്യൂട്ടീവ് പ്രസിഡന്‍റായിട്ടുള്ള അമേരിക്കന്‍ മോഡലിനെ പിന്താങ്ങുന്നുവെന്നാണ് ദിവാന്‍ പറഞ്ഞത്. ദിവാന്‍റെ ഈ നിര്‍ദ്ദേശത്തിന് പുന്നപ്രയിലെയും വയലാറിലെയും ഉശിരന്‍ തൊഴിലാളിവര്‍ഗത്തില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടതായിവന്നു. ആലപ്പുഴയിലെ ഉശിരന്‍ തൊഴിലാളിവര്‍ഗവും കമ്യൂണിസ്റ്റു പാര്‍ടിയും "അമേരിക്കന്‍ മോഡല്‍ അറബിക്കടലില്‍" എന്ന മുദ്രാവാക്യമുയര്‍ത്തി.


 1945 ജൂലൈ - ആഗസ്ത് കാലത്ത് ആലപ്പുഴയിലെയും ചേര്‍ത്തലയിലെയും മുഹമ്മയിലെയും തൊഴിലാളികള്‍ അവശ്യസാധനങ്ങള്‍ ന്യായവിലയ്ക്ക് കിട്ടണമെന്നാവശ്യപ്പെട്ട് ഒരു പൊതുപണിമുടക്കിന് ആഹ്വാനം ചെയ്തു. തുടക്കത്തില്‍ തിരുവിതാംകൂര്‍ ഗവണ്‍മെന്‍റ് അവശ്യസാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ഒരു സംവിധാനത്തിന് രൂപം നല്‍കാമെന്ന് സമ്മതിച്ചു. എന്നാല്‍ തൊഴിലില്ലായ്മയ്ക്കും പട്ടിണിക്കുമെതിരെ തൊഴിലാളികള്‍ പ്രക്ഷോഭം ആരംഭിച്ചതോടെ ഗവണ്‍മെന്‍റ് ഈ പ്രസ്ഥാനത്തെ അടിച്ചമര്‍ത്താന്‍ നിശ്ചയിച്ചു. പട്ടാളനിയമം പ്രഖ്യാപിക്കപ്പെട്ടു. പൊലീസിനെ അവരുടെ ഇഷ്ടാനുസരണം പ്രവര്‍ത്തിക്കാന്‍ കയറൂരി വിട്ടു. സംസ്ഥാനത്തെ പട്ടാളവും റിസര്‍വ് പൊലീസും കൊല്ലത്തും ആലപ്പുഴയും കോട്ടയത്തും പുനലൂരും മറ്റിടങ്ങളിലും തയ്യാറായിനിന്നു. പ്രകടനങ്ങളും പണിമുടക്കുകളുമെല്ലാം നിരോധിക്കപ്പെട്ടു. പൊലീസ് ഭീകരതയെക്കുറിച്ചും നിഷ്ഠുരതകളെക്കുറിച്ചും ഒരു റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കരുത് എന്ന് പത്രങ്ങള്‍ക്ക് ഉത്തരവു നല്‍കി. പൊലീസും ഗുണ്ടകളും സര്‍വത്ര അഴിഞ്ഞാടി. യൂണിയനാഫീസുകള്‍ കയ്യേറുകയും ചുട്ടെരിക്കുകയും തകര്‍ക്കുകയും ചെയ്തു. പ്രക്ഷോഭത്തിന്‍റെ നേതാക്കളെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഈ ഭീകരവാഴ്ച നടപ്പാക്കുന്നതില്‍ ഭൂപ്രഭുക്കള്‍ സജീവ പങ്കുവഹിച്ചു.


അഖില തിരുവിതാംകൂര്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ് പൊതുപണിമുടക്കിന് ആഹ്വാനം നല്‍കി; 1946 ഒക്ടോബര്‍ 22 ന് പണിമുടക്ക് ആരംഭിച്ചു. അസംഖ്യം തൊഴിലാളികള്‍ പ്രകടനം ആരംഭിച്ചു; സ്വാതന്ത്ര്യത്തിനായുള്ള ആവശ്യമുന്നയിച്ച് അവര്‍ പുന്നപ്രയിലെ പൊലീസ് ക്യാമ്പിലേക്ക് മാര്‍ച്ച് ചെയ്തു. ക്യാമ്പിന്‍റെ ചുമതലക്കാരനായ പൊലീസ് ഉദ്യോഗസ്ഥന്‍ പ്രകടനത്തിനുനേരെ വെടിവയ്ക്കാന്‍ ഉത്തരവിട്ടു. പൊലീസ് വെടിയുണ്ടയേറ്റ് നിരവധി പ്രകടനക്കാര്‍ മരിച്ചുവീണു; അതേസമയം ഏറ്റുമുട്ടലില്‍ ഓഫീസറും 5 പൊലീസുകാരും കൊല്ലപ്പെട്ടു. പുന്നപ്രയിലെ സംഘട്ടനത്തിന്‍റെ 24 മണിക്കൂറിനുള്ളില്‍ അമ്പലപ്പുഴ, ചേര്‍ത്തല താലൂക്കുകള്‍ പട്ടാളത്തിനു കൈമാറി. ഗ്രാമങ്ങളില്‍ നരനായാട്ട് പതിവായി. ആളുകളെ പിടികൂടി വെടിവെച്ച് കൊല്ലുകയോ തല്ലിക്കൊല്ലുകയോ പതിവായി. പൊലീസ് അതിക്രമങ്ങളെ ചെറുക്കുന്നതിനായി വയലാറില്‍ ഒരു ക്യാമ്പ് രൂപീകരിക്കപ്പെട്ടു. 1946 ഒക്ടോബര്‍ 27ന് ക്യാമ്പിലെ അന്തേവാസികള്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ, പെട്ടെന്ന് പട്ടാളം ക്യാമ്പ് വളയുകയും വെടിവയ്പ് ആരംഭിക്കുകയും ചെയ്തു; നിരവധി ആളുകള്‍ കൊല്ലപ്പെട്ടു (കൃത്യം എത്ര പേരെന്നത് ഇന്നും അജ്ഞാതമാണ്). വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവെയ്പ് തുടര്‍ന്നു. എന്നിട്ടും ജീവന്‍ ബാക്കിയായവരെ കൊല്ലുന്നതിനു ബയണറ്റുകള്‍ പ്രയോഗിച്ചു.


പറഞ്ഞറിയിക്കാനാവാത്തത്ര ഭീകരമായ പൊലീസ് അക്രമങ്ങള്‍ക്ക് ആളുകള്‍ വിധേയരാക്കപ്പെട്ടു. ഒട്ടനവധി പേര്‍ക്ക് തങ്ങളുടെ വീടുവിട്ട് തിരുവിതാംകൂറിനു പുറത്ത് ഒളിസങ്കേതങ്ങള്‍ തേടേണ്ടതായിവന്നു. ജില്ലയിലുടനീളം നടന്ന സമരങ്ങളില്‍ നൂറുകണക്കിന് ഉശിരന്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു; അതിലേറെ പേര്‍ക്ക് പരിക്കേറ്റു; നൂറുകണക്കിന് വീടുകള്‍ അഗ്നിക്കിരയാക്കപ്പെട്ടു; ആ പ്രദേശമൊന്നാകെ അങ്ങനെ അക്ഷരാര്‍ഥത്തില്‍ മരുഭൂമി പോലെയാക്കപ്പെട്ടു. സര്‍വ അധികാരങ്ങളും കയ്യടക്കിയിരുന്ന ദിവാന്‍ ധിക്കാരപൂര്‍വം അവകാശപ്പെട്ടത് ആലപ്പുഴയിലെ കമ്യൂണിസ്റ്റുകാരെ നിശ്ശേഷം നാമാവശേഷമാക്കിയെന്നാണ്. ഇത്തരം ദുരന്തപൂര്‍ണമായ സംഭവങ്ങളുണ്ടായിട്ടും ആലപ്പുഴയിലേയും അയല്‍പ്രദേശങ്ങളിലേയും ഉശിരന്‍ തൊഴിലാളിവര്‍ഗ പോരാളികള്‍ പ്രകടമാക്കിയതുപോലുള്ള ധീരോദാത്തമായ നടപടികള്‍ക്ക് തിരുവിതാംകൂര്‍ മുന്‍പൊരിക്കലും സാക്ഷ്യം വഹിച്ചിട്ടില്ല.
സമാനതകളില്ലാത്ത ഈ പോരാട്ടത്തില്‍, പ്രാകൃതമായ ആയുധങ്ങളുമേന്തി തൊഴിലാളിവര്‍ഗ വളണ്ടിയര്‍മാര്‍ ആലപ്പുഴ പട്ടണത്തിലും സമീപ ഗ്രാമപ്രദേശങ്ങളിലുമാകെ തിരുവിതാംകൂര്‍ പട്ടാളവുമായും പൊലീസുമായും സര്‍ക്കാര്‍ പിന്തുണയുള്ള സാമൂഹികവിരുദ്ധ സംഘങ്ങളുമായും പൊരുതി.തിരുവിതാംകൂറിലെ കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതാക്കളുടെ മേന്മയും കഴിവുമാണ് ഇതില്‍ പ്രകടമായത്; അക്ഷരാര്‍ഥത്തില്‍ തന്നെ നിരായുധരായി സര്‍ക്കാരിന്‍റെ കടന്നാക്രമണത്തെ നേരിടാന്‍ അവര്‍ സജ്ജരായിരുന്നു. 


തൊഴിലാളിവര്‍ഗത്തെ പരാജയപ്പെടുത്തിയെങ്കിലും സംസ്ഥാനത്തെ രാഷ്ട്രീയ അന്തരീക്ഷം ആകപ്പാടെ മാറി. ഈ പോരാട്ടത്തില്‍നിന്നും ഉയര്‍ന്നുവന്ന "വയലാര്‍ രക്തം, നമ്മുടെ രക്തം" എന്ന മുദ്രാവാക്യവും അവരുടെ ത്യാഗങ്ങളും നിഷ്ഫലമായില്ല. 


ശക്തമായ ചെറുത്തുനില്‍പ്പിനായി ധീരോദാത്തതയും മനസ്സാന്നിധ്യവും പ്രകടിപ്പിച്ചത് തൊഴിലാളിവര്‍ഗം മാത്രമാണെങ്കിലും ക്രമേണ വിപുലമായ ജനവിഭാഗങ്ങള്‍ സ്വേച്ഛാധിപത്യ വാഴ്ചയ്ക്കെതിരായ നിലപാടെടുത്തു. ആലപ്പുഴയിലെ സംഘടിത തൊഴിലാളിവര്‍ഗത്തിനും അതിനു നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് പാര്‍ടിക്കും തിരുവിതാംകൂറിലെയും ഇന്ത്യയിലുടനീളവുമുള്ള ജനാധിപത്യ പ്രസ്ഥാനത്തിന്‍റെയാകെയും അനുഭാവവും പിന്തുണയും ലഭിക്കുകയുണ്ടായി. തിരുവിതാംകൂറില്‍ ജനങ്ങള്‍ ഒന്നടങ്കം (ഉന്നത ജാതികളിലെ ചെറിയൊരു ന്യൂനപക്ഷ വിഭാഗമൊഴികെ) ദിവാന്‍ വാഴ്ചയ്ക്കെതിരായിരുന്നു. ഇതില്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ണ ഹിന്ദുക്കളും ഗണ്യമായ ന്യൂനപക്ഷ വിഭാഗമായ ക്രിസ്ത്യാനികളും ചെറിയൊരു ന്യൂനപക്ഷമായ മുസ്ലീങ്ങളും ഉള്‍പ്പെട്ടിരുന്നു. അങ്ങനെ ഈ സമരം സ്വാതന്ത്ര്യം കൈവരിച്ചശേഷം ഇന്ത്യയെ ഒന്നിച്ചു നിര്‍ത്തുന്നതിനു ഇന്ത്യന്‍ ജനത അഴിച്ചുവിട്ട സമരത്തിന്‍റെ ഭാഗമായി. 


ഈ സമരം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിനു മുന്‍പുതന്നെ, "കമ്യൂണിസ്റ്റ് കലാപ"ത്തെ ഉന്മൂലനം ചെയ്യുകയാണ് തന്‍റെ ലക്ഷ്യമെന്ന് കരുതി നടപടിയെടുത്ത ദിവാന് അപമാനിതനായി ഈ നാടുവിടേണ്ടതായിവന്നു. ദിവാന്‍ നാടുവിട്ടോടിയതിനെ തുടര്‍ന്ന് ജനങ്ങളുടെ രാഷ്ട്രീയ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് രാജാവ് പ്രഖ്യാപനം നടത്തി. പ്രായപൂര്‍ത്തി വോട്ടവകാശത്തിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പ് നടത്തുന്നതിനും തിരഞ്ഞെടുക്കപ്പെടുന്ന നിയമസഭാംഗങ്ങളോട് ഉത്തരവാദിത്വമുള്ള ജനാധിപത്യ ഗവണ്‍മെന്‍റ് സ്ഥാപിക്കുന്നതിനും വേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. 
തിരുവിതാംകൂറിലെ പുന്നപ്രയിലും വയലാറിലും നടന്ന ഉശിരന്‍ ചെറുത്തുനില്‍പ്പ് ഒറ്റപ്പെട്ട സംഭവവികാസമായിരുന്നില്ല. ആ കാലഘട്ടത്തില്‍ കേരളത്തില്‍ പല തരത്തിലും തീവ്രതയിലും ആഞ്ഞുവീശിയ ജനകീയസമരങ്ങളുടെ ഉശിരന്‍ വേലിയേറ്റത്തിന്‍റെ ഭാഗമായിരുന്നു. അവയില്‍ പ്രമുഖമായത് മലബാറിലെ കരിവെള്ളൂരിലെയും കാവുമ്പായിയിലെയും തില്ലങ്കേരിയിലെയും കര്‍ഷകസമരങ്ങളായിരുന്നു. 


പല പ്രദേശങ്ങളിലും ക്ഷാമവും പട്ടിണിയും നടമാടി; അരി കൈവശമുണ്ടാവുകയെന്നാല്‍ സ്വര്‍ണം കൈവശമുണ്ടായിരിക്കുന്നതിലും പ്രിയപ്പെട്ടതായിരുന്നു. കരിവെള്ളൂരില്‍ ഭൂപ്രഭുക്കളുടെ പത്തായങ്ങള്‍ നെല്ലുകൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നപ്പോള്‍ ദരിദ്ര കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൊടും പട്ടിണിയിലായിരുന്നു. ഭൂപ്രഭുക്കള്‍ പൂഴ്ത്തിവെച്ചിരുന്ന ധാന്യം പൊലീസിന്‍റെയും സര്‍ക്കാര്‍ സംവിധാനത്തിന്‍റെയും പൂര്‍ണമായ ഒത്താശയോടെ കരിഞ്ചന്തയില്‍ എത്തിയിരുന്നു; മലബാര്‍ മേഖലയില്‍ ഭരണം നടത്തിയിരുന്ന കൊളോണിയല്‍ ഭരണാധികാരികള്‍ കരിഞ്ചന്തയ്ക്കെതിരെ ശബ്ദമുയര്‍ത്തിയവരെ അടിച്ചമര്‍ത്താന്‍ മലബാര്‍ സ്പെഷ്യല്‍ പൊലീസിനെ കയറൂരി വിട്ടു. നെല്ല് കരിവെള്ളൂരില്‍ നിന്നും കൊണ്ടു പോകരുതെന്ന ജനങ്ങളുടെ അഭ്യര്‍ഥന ഭൂപ്രഭുക്കളുടെ ബധിര കര്‍ണങ്ങളിലാണ് പതിച്ചത്.ഭൂപ്രഭുക്കളുടെ സില്‍ബന്തികള്‍ നെല്ല് ശേഖരിക്കുന്നത് ജനങ്ങള്‍ ചെറുത്തപ്പോള്‍ 1946 ഡിസംബര്‍ 20ന് പൊലീസ് ജനങ്ങളെ വെടിവെച്ചു. ഈ ചെറുത്തുനില്‍പ്പിന് നേതൃത്വം നല്‍കിയ പാര്‍ടി നേതാക്കള്‍ പൊലീസ് വെടിയുണ്ടയേറ്റ് മരിച്ചു വീണു. നൂറുകണക്കിനാളുകള്‍ അറസ്റ്റുചെയ്യപ്പെട്ടു; അവര്‍ക്കുമേല്‍ പലവിധ കുറ്റാരോപണങ്ങളും ചുമത്തപ്പെട്ടു. 


ചെറുത്തുനില്‍പ്പിന്‍റെ ദീര്‍ഘകാല പാരമ്പര്യമുള്ള മലബാറിലെ മറ്റൊരു ഗ്രാമമായ കാവുമ്പായിയില്‍ ഭൂപ്രഭുക്കള്‍ ധാന്യങ്ങള്‍ പൂഴ്ത്തിവെച്ച ഗോഡൗണുകളില്‍ മിന്നല്‍ പരിശോധന നടത്താന്‍ കമ്യൂണിസ്റ്റ് പാര്‍ടി തീരുമാനിച്ചു. ഈ നടപടികളെ ചെറുക്കാന്‍ പൊലീസിന്‍റെ പിന്തുണയോടെ ഭൂപ്രഭുക്കള്‍ ശ്രമിച്ചു. ഈ പോരാട്ടങ്ങളില്‍ പങ്കെടുത്ത് നിരവധി സഖാക്കള്‍ രക്തസാക്ഷികളായി; അതേസമയം നൂറുകണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും കൊടിയ പീഡനങ്ങള്‍ക്കിരയാവുകയും ചെയ്തു. മലബാറിലെ ഈ കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത നിരവധി നേതാക്കള്‍ സേലം ജയിലില്‍ അടയ്ക്കപ്പെട്ടിരുന്നു; അവിടെ അവര്‍ ജയിലിനുള്ളില്‍ മെച്ചപ്പെട്ട സൗകര്യങ്ങള്‍ വേണമെന്നാവശ്യപ്പെട്ട് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തു (1950 ഫെബ്രുവരി). കോണ്‍ഗ്രസ് ഭരണത്തിലെ പൊലീസ് ആ കമ്യൂണിസ്റ്റ് തടവുകാരെ വെടിവച്ചു; വെടിവയ്പില്‍ 22 സഖാക്കള്‍ രക്തസാക്ഷികളായി.  
പുന്നപ്രയിലും വയലാറിലും മരിച്ചുവീണ നൂറുകണക്കിനു രക്തസാക്ഷികളുടെയും ഒട്ടേറെ കഷ്ടപ്പാടുകള്‍ അനുഭവിച്ച മറ്റ് ആയിരക്കണക്കിന് ആളുകളുടെയും ത്യാഗങ്ങള്‍ നിഷ്ഫലമായില്ല.  ഈ സമരം പുതിയൊരു പ്രക്രിയയുടെ തുടക്കമായിരുന്നു; ഇതിന്‍റെ ഫലമായി തിരുവിതാംകൂര്‍, കൊച്ചി എന്നീ രണ്ട് നാട്ടുരാജ്യങ്ങള്‍ ആദ്യം ലയിച്ച് തിരുവിതാംകൂര്‍ - കൊച്ചി എന്നറിയപ്പെടുന്ന സംസ്ഥാനമായി. ഏഴ് വര്‍ഷത്തിനുശേഷം അവ ബ്രിട്ടീഷ് ഭരണത്തിലായിരുന്ന മദ്രാസ് പ്രസിഡന്‍സിയിലെ മലബാര്‍ ജില്ലയുമായി ലയിച്ച് പുതിയൊരു സംസ്ഥാനമായി മാറി - ഐക്യകേരളം എന്ന ഭാഷാ സംസ്ഥാനം.