അമേരിക്കയ്ക്ക് ശ്വാസം മുട്ടുമ്പോള്‍

ജി വിജയകുമാര്‍

"അമേരിക്കയെപ്പോലെ ഇത്രയധികം കാലം വര്‍ണ വിവേചനത്തിന് പ്രാധാന്യമുണ്ടായിരുന്ന രാജ്യം ലോകചരിത്രത്തില്‍ വേറെയില്ല. കറുത്തവരെയും വെളുത്തവരെയും വേര്‍തിരിക്കുന്ന ഒരു രേഖയാണ് വര്‍ണരേഖയെന്ന് ഡബ്ല്യുഇബി ദുബോയ് വിളിക്കുന്നു. ഇത് ഇന്നും നമ്മോടൊപ്പം ഉണ്ടുതാനും. അതുകൊണ്ട് എങ്ങനെയാണ് അത് ആരംഭിച്ചത് എന്ന ചോദ്യം കേവലം ചരിത്രപരമായ ജിജ്ഞാസ മാത്രമല്ല; അതിലും പ്രധാനമായ ഒരു ചോദ്യമുണ്ട്. എങ്ങനെ അതവസാനിപ്പിക്കാം? മറ്റൊരുതരത്തില്‍ ചോദിച്ചാല്‍ വെളുത്തവര്‍ക്കും കറുത്തവര്‍ക്കും പരസ്പരം വെറുക്കാതെ സഹവസിക്കാന്‍ കഴിയുമോ?"
ഹോവാഡ് സിന്നിന്‍റെ "അമേരിക്കന്‍ ഐക്യനാടുകളുടെ ജനകീയചരിത്രം" എന്ന കൃതിയില്‍ രേഖപ്പെടുത്തുന്നതാണീ വരികള്‍ (ഭാഗം 1, അധ്യായം രണ്ട് പേജ് 55, മലയാളം പരിഭാഷ - ശാസ്ത്ര സാഹിത്യപരിഷത്ത് പ്രസിദ്ധീകരണം). അമേരിക്കന്‍ ഐക്യനാടുകളുടെ ചരിത്രം തന്നെ യൂറോപ്യന്‍ അധിനിവേശത്തിനു മുന്‍പ് അവിടെ ഉണ്ടായിരുന്ന ആദിമനിവാസികളുടെയും പിന്നീട് വെള്ളക്കാരുടെ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ ആഫ്രിക്കയില്‍നിന്ന് ബന്ധനസ്ഥരാക്കി കൊണ്ടുവന്ന കറുത്ത മനുഷ്യരുടെയും ജീവന്‍റെയും ചോരയുടെയും ചരിത്രമാണ്. വെള്ള മേധാവിത്വത്തിന്‍റെ ചതിയുടെയും വഞ്ചനയുടെയും കൊടുംക്രൂരതകളുടെയും ചരിത്രമാണ്.


ആഗോളമൂലധനത്തിന്‍റെ ഈ സ്വര്‍ഗരാജ്യത്തില്‍, മുതലാളിത്തം കൊട്ടിഘോഷിക്കുന്ന അമേരിക്കന്‍ മോഡല്‍ ജനാധിപത്യത്തിലും മനുഷ്യാവകാശത്തിലും കറുത്തവന്‍റെ സ്ഥാനം എന്താണെന്ന് വെളിപ്പെടുത്തുന്ന ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മിനിയാപൊളിസ് നഗരത്തില്‍ നടന്ന വംശീയകൊലപാതകം. പട്ടാപ്പകല്‍ ജോര്‍ജ് ഫ്ളോയിഡ് എന്ന ആഫ്രോ-അമേരിക്കന്‍ വംശജനായ 46 കാരനെ വിലങ്ങണിയിച്ച് റോഡില്‍ ഉന്തി തള്ളിയിട്ട് ഡെറിക് ചോവിന്‍ എന്ന വെള്ളക്കാരനായ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ കഴുത്തില്‍ ചവുട്ടി അതിഭീകരമായി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണുണ്ടായത്. ചോവിനൊപ്പം മറ്റു മൂന്നു പൊലീസുകാരുണ്ടായിരുന്നു. "എനിക്കു ശ്വാസംമുട്ടുന്നു"വെന്ന മരണ വെപ്രാളത്തിനിടയിലെ ജോര്‍ജ് ഫ്ളോയിഡിന്‍റെ വാക്കുകള്‍ ഇന്ന് അമേരിക്കയിലാകെ മാറ്റൊലി ക്കൊള്ളുകയാണ്.


പ്രതിഷേധം ശക്തമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡെറിക് ചോവിന്‍ എന്ന പൊലീസുകാരനെതിരെ കൊലപാതകത്തിനു കേസെടുക്കുകയും അറസ്റ്റു ചെയ്യുകയുമുണ്ടായി. പ്രതിഷേധം തണുപ്പിക്കുന്നതിനുള്ള നടപടിക്കപ്പുറം ഒന്നുമല്ല ഈ പ്രഹസനം. കൊലയാളിയെ രക്ഷപ്പെടുത്തുന്നതിനുള്ള പഴുതുകള്‍ ഇട്ടുകൊണ്ടുതന്നെയാണ് അറസ്റ്റ്. മാത്രമല്ല ഫ്ളോയിഡിനെ അറസ്റ്റുചെയ്യാനും മര്‍ദിക്കാനും ചോവിനൊപ്പമുണ്ടായിരുന്ന, സ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഫ്ളോയിഡിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടുന്നത് തടഞ്ഞ് ആളുകളെ ആട്ടിയോടിച്ചിരുന്ന മറ്റു മൂന്ന് പൊലീസുകാര്‍ കൂടി ഉണ്ടായിരുന്നു. അവര്‍ക്കെതിരെ കേസോ അറസ്റ്റോ ഉണ്ടായില്ല.


അമേരിക്കയില്‍ ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകം ആദ്യ സംഭവമല്ല. കറുത്തവര്‍ക്കുനേരെയുള്ള, പൊതുവില്‍ ദരിദ്രര്‍ക്കുനേരെയുള്ള ആക്രമണം ഭരണവര്‍ഗത്തിന്‍റെ, പ്രത്യേകിച്ച് വെള്ളക്കാരന്‍റെ അവകാശമാണെന്ന ഉറച്ച ധാരണയില്‍ നിന്നാണ് പൊലീസുകാര്‍ നിരന്തരം ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത്. എന്നാല്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു വരുമ്പോള്‍ അക്രമിയായ പൊലീസുകാരനെതിരെ കേസെടുക്കുകയും പിന്നീട് കേസ് തേച്ചുമാച്ച് കളയുകയും ചെയ്യുന്ന അനുഭവമുള്ളതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ ഫ്ളോയിഡിനെ കാല്‍മുട്ടുകൊണ്ട് കഴുത്ത് ഞെരിച്ച് ശ്വാസംമുട്ടിച്ചുകൊന്ന പൊലീസുകാരനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തിട്ടും പ്രതിഷേധം ഒടുങ്ങാതെ കൂടുതല്‍ ശക്തമാകുന്നത്.


പ്രതിവര്‍ഷം ആയിരത്തിലേറെ ആളുകളാണ് പൊലീസ് അക്രമത്തില്‍ അമേരിക്കയില്‍ കൊല്ലപ്പെടുന്നത്. ഈ വര്‍ഷം ഇതേവരെ തന്നെ നാനൂറോളം ദരിദ്രരായ ആളുകളാണ്, അതില്‍  മഹാഭൂരിപക്ഷവും കറുത്തവരുമാണ്, പൊലീസിന്‍റെ അക്രമത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുമുന്‍പ് ഏറ്റവും ഒടുവില്‍ അമേരിക്കയെ പിടിച്ചുകുലുക്കിയ, കറുത്തവര്‍ക്കെതിരായി പൊലീസ് നടത്തിയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് പ്രക്ഷോഭമുയര്‍ന്നത് 2014ലാണ്. 2014 ജൂലൈ 17ന് ന്യൂയോര്‍ക്ക് നഗരത്തില്‍ എറിക് ഗാര്‍ണറെ,  ഡെറെക് പാന്‍റലോ എന്ന പൊലീസുകാരന്‍ റോഡില്‍ തള്ളിയിട്ട് ശ്വാസംമുട്ടിച്ച് കൊന്നതിനെയും 2014 ആഗസ്തില്‍ മിസ്സൗറി സ്റ്റേറ്റിലെ ഫെര്‍ഗൂസണ്‍ നഗരത്തില്‍ മൈക്കേല്‍ ബ്രൗണിനെ പൊലീസ് വെടിവച്ചു കൊന്നതിനെയും തുടര്‍ന്ന് അമേരിക്കയെ പിടിച്ചുകുലുക്കിയ വലിയ പ്രക്ഷോഭം ഉയര്‍ന്നുവന്നതാണ്. എറിക് ഗാര്‍ണറും ഇപ്പോള്‍ ഫ്ളോയിഡ് വിലപിച്ചപോലെ "എനിക്ക് ശ്വാസംമുട്ടുന്നു"വെന്ന് പലതവണ കേണപേക്ഷിച്ചിരുന്നു. പൊലീസിനെതിരെ നടപടിയെടുത്തതായ പ്രഖ്യാപനത്തെ തുടര്‍ന്ന് പ്രക്ഷോഭം ശക്തിക്ഷയിച്ച് പിന്‍വലിക്കുകയാണുണ്ടായത്. ഈ കേസുകളിലും ഇതിനു മുന്‍പും പിന്‍പും നടന്ന കറുത്തവര്‍ക്കെതിരായ സമാന അക്രമങ്ങളിലും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പൊലീസ് അക്രമത്തില്‍ ആറായിരത്തോളം പേര്‍ കൊല്ലപ്പെട്ടതായാണ്- അതില്‍ മഹാഭൂരിപക്ഷവും കറുത്തവര്‍, സ്പാനിഷ് വംശജര്‍, ഏഷ്യന്‍ വിഭാഗങ്ങള്‍, മുസ്ലീങ്ങള്‍ എന്നിവരുമാണ്- റിപ്പോര്‍ട്ട്.


ഇപ്പോള്‍ ജോര്‍ജ് ഫ്ളോയിഡിന്‍റെ നിഷ്ഠുരമായ അരുംകൊലയ്ക്കെതിരായ പ്രതിഷേധം അമേരിക്കന്‍ ഭൂഖണ്ഡത്തിന്‍റെ അതിര്‍ത്തിയും കടന്ന് അറ്റ്ലാന്‍റിക്കിന്‍റെ മറുകരയില്‍ യൂറോപ്പിലും ആഞ്ഞുവീശുകയാണ്. യൂറോപ്യന്‍ തലസ്ഥാനങ്ങളിലെല്ലാം ശക്തമായ പ്രതിഷേധ പ്രകടനങ്ങളാണ് നടക്കുന്നത്. അമേരിക്കയില്‍ മിനിയാപൊളീസും മിനെസോട്ടയും കടന്ന് അമേരിക്കയിലാകെ പടര്‍ന്നു പിടിച്ചിരിക്കുന്നു. പ്രതിഷേധ പ്രക്ഷോഭത്തിനെതിരെ പ്രകോപനപരമായി പ്രതികരിച്ച പ്രസിഡന്‍റ് ട്രംപിനു തന്നെ വൈറ്റ് ഹൗസിന്‍റെ നിലവറയില്‍ ഒളിച്ചിരിക്കേണ്ട അവസ്ഥയിലായി. അമേരിക്കന്‍ ഭരണകൂടത്തിന്‍റെ സിരാകേന്ദ്രങ്ങളെയാകെ പിടിച്ചുകുലുക്കിക്കൊണ്ട് ലക്ഷക്കണക്കിനാളുകളാണ് തെരുവുകള്‍ കയ്യടക്കിയിരിക്കുന്നത്.
കടുത്ത മര്‍ദന നടപടികളാണ് പ്രതിഷേധിക്കുന്നവര്‍ക്കെതിരെ അമേരിക്കന്‍ ഭരണകൂടം അഴിച്ചുവിടുന്നത്. വെടിയുണ്ടയും ഇരുമ്പു ദണ്ഡും മുളകുപൊടിയുമെല്ലാം പ്രയോഗിച്ചു പൊലീസ് നടത്തുന്ന നരനായാട്ടില്‍ ഏതാനും ചെറുപ്പക്കാര്‍ കൊല്ലപ്പെടുകയും ചെയ്തു. ആയിരക്കണക്കിനാളുകള്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ഇത് വെളുത്തവര്‍ക്കെതിരായ കറുത്തവരുടെ വംശീയമായി ചേരിതിരിഞ്ഞുള്ള പ്രതിഷേധമെന്നതിലുപരി വെള്ളക്കാരന്‍റെ വംശീയ ഭീകരവാഴ്ചയ്ക്കെതിരെയുള്ള വലിയൊരു ജനമുന്നേറ്റമാണ്. ഈ പ്രതിഷേധത്തില്‍ കറുത്തവരും വെളുത്തവരും ഹിസ്ഹനിക്കുകളും (സ്പാനിഷ്) ഏഷ്യക്കാരുമുള്‍പ്പെടെ അധ്വാനിക്കുന്നവരാകെ, പുരോഗമന ജനാധിപത്യ വിഭാഗങ്ങളാകെ അണിനിരന്നിട്ടുണ്ട്. 


കറുത്തവര്‍ക്കെതിരെയുള്ള അക്രമം അമേരിക്കന്‍ വ്യവസ്ഥിതിയില്‍ തന്നെ ഉള്‍ച്ചേര്‍ക്കപ്പെട്ടതാണ്. അതാണ് "വെള്ളക്കാരിലെ ഏറ്റവും ദരിദ്രര്‍ക്കും സവിശേഷാവകാശമുണ്ട്" എന്ന വിഖ്യാത ഹോളിവുഡ് ചലച്ചിത്രതാരം ജെയിന്‍ ഫോണ്ടയുടെ പ്രസ്താവന വിരല്‍ചൂണ്ടുന്നത്. 1967ല്‍ കറുത്തവര്‍ക്കെതിരായ പൊലീസിന്‍റെയും വെള്ളക്കാരായ വംശീയവാദികളുടെയും അക്രമങ്ങളെ തുടര്‍ന്നുണ്ടായ പ്രക്ഷോഭം കമ്യൂണിസ്റ്റ് ഗൂഢാലോചനയും ഒരു വിഭാഗം മാധ്യമങ്ങള്‍ വൈകാരികമായി വിഷയം അവതരിപ്പിച്ചതുമൂലവുമാണെന്ന ഭരണവര്‍ഗ ധാരണയെ തുടര്‍ന്ന് നിയോഗിക്കപ്പെട്ട കെര്‍ണര്‍ കമ്മീഷന്‍ (പ്രസിഡന്‍റ് ലിണ്ടന്‍ ജോണ്‍സണ്‍ 1967 ജൂലൈയില്‍ നിയമിച്ച ഇല്ലിനോയി ഗവര്‍ണറായ ഓട്ടോ കെര്‍ണര്‍ അധ്യക്ഷനായുള്ള 11 അംഗ കമ്മീഷന്‍) ഗൂഢാലോചനാ സിദ്ധാന്തത്തെ തള്ളിക്കളയുകയും അമേരിക്കയില്‍ പ്രതിഷേധ പ്രക്ഷോഭവും കലാപങ്ങളും ആവര്‍ത്തിക്കുന്നത് "ഘടനാപരമായി തന്നെയുള്ള വംശീയത"യുടെ പ്രതിഫലനമാണെന്ന് സ്ഥാപിക്കുകയും ചെയ്തു.


ചരിത്രപരമായി തന്നെ അമേരിക്കയിലെ വെള്ളക്കാരില്‍-കൃത്യമായി പറഞ്ഞാല്‍ ആംഗ്ലോസാക്സന്‍ വിഭാഗത്തിന്‍റെ പിന്‍മുറക്കാരില്‍ ഗണ്യമായൊരു വിഭാഗം വംശീയവും വര്‍ഗീയവുമായ ചേരിതിരിവ് വച്ചുപുലര്‍ത്തുന്നവരാണ്. ഇത് അമേരിക്കന്‍ ഭരണവര്‍ഗ പ്രത്യയശാസ്ത്രത്തിന്‍റെ ഭാഗമാണ്. വംശീയതയും വര്‍ഗീയതയും കൈവെടിഞ്ഞാണ് മുതലാളിത്തവികാസം തുടങ്ങിയതെങ്കിലും ആധുനികതൊഴിലാളി വര്‍ഗത്തിന്‍റെ വളര്‍ച്ചയോടെ അതിനെ നേരിടാന്‍ മുതലാളിത്തം വംശീയതയെയും വര്‍ഗീയതയെയും പോലുള്ള മുതലാളിത്ത ശീലങ്ങളോട് സന്ധിചെയ്യുകയായിരുന്നു. ബ്രിട്ടനില്‍ നിന്ന് നാടുകടത്തപ്പെട്ടും കുടിയേറിയും അമേരിക്കയില്‍ എത്തി, അവിടത്തെ ആദിമനിവാസികളെ ചതിയിലും വഞ്ചനയിലും കുടുക്കികൊന്നൊടുക്കുകയും കൂടുതല്‍ ഉള്‍പ്രദേശങ്ങളിലേക്ക് ആട്ടിയോടിക്കുകയും ചെയ്ത് ആ മണ്ണില്‍ ആധിപത്യം സ്ഥാപിക്കുകയുമായിരുന്നല്ലോ. അവിടെ തോട്ടങ്ങളില്‍ അധ്വാനിച്ച് സമ്പത്ത് സൃഷ്ടിച്ചതാകട്ടെ ആഫ്രിക്കയില്‍നിന്ന് ബലമായി പിടിച്ചുകൊണ്ടുവന്ന് അടിമകളാക്കപ്പെട്ട കറുത്ത മനുഷ്യരുമാണ്. അതായത് അമേരിക്കയെന്ന ഇന്നത്തെ മുതലാളിത്ത ഭീമന്‍റെ വളര്‍ച്ചയില്‍ ആദിമനിവാസികളുടെയും ആഫ്രിക്കന്‍ വംശജരുടെയും, വിയര്‍പ്പും കണ്ണീരും ചോരയും കലര്‍ന്നിട്ടുണ്ട്.
5 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനൊടുവില്‍ പ്രസിഡന്‍റ് എബ്രഹാം ലിങ്കണ്‍ 1865 ഡിസംബര്‍ 18ന് അടിമത്തം നിരോധിച്ച് നിയമമുണ്ടാക്കിയെങ്കിലും അത് പിന്നെയും അമേരിക്കയില്‍ ഏട്ടിലെ പശു തന്നെ ആയിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ടിക്കാരനായ ലിങ്കണ്‍ കൊല്ലപ്പെട്ട് ഏറെ കഴിയുംമുന്‍പ് കറുത്തവനെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുകയും അവന് പൗരാവകാശം നിഷേധിക്കുകയും ചെയ്യുന്ന നിയമങ്ങള്‍ 1870കളിലും 1880കളിലുമായി സംസ്ഥാന നിയമസഭകള്‍ പാസ്സാക്കി. ജിംക്രോ നിയമങ്ങള്‍ എന്നറിയപ്പെടുന്ന അവ പാസ്സാക്കാന്‍ റിപ്പബ്ലിക്കന്‍മാരും ഡെമോക്രാറ്റുകളും കൈകോര്‍ത്തുവെന്നതും ചരിത്രം. 1896ല്‍ ജിംക്രോ നിയമങ്ങള്‍ക്ക് അമേരിക്കന്‍ സുപ്രീംകോടതി ഭരണഘടനാ സാധുതയും നല്‍കി. ഇവിടെ നമ്മള്‍ ഓര്‍ക്കേണ്ടത് അപ്പോഴും ഫെഡറല്‍ നിയമപുസ്തകങ്ങളില്‍ അടിമത്തവും വംശീയവിവേചനവും നിരോധിക്കുന്ന നിയമം അങ്ങനെ തന്നെ നില്‍പ്പുണ്ടായിരുന്നുവെന്നാണ്. ജനാധിപത്യത്തിന്‍റെയും മനുഷ്യാവകാശങ്ങളുടെയും അപ്പോസ്തലനായി ലോകം മുഴുവന്‍ വേട്ടക്കിറങ്ങുന്ന അമേരിക്കയുടെ ചരിത്രം തന്നെ വലിയൊരു ജനവിഭാഗത്തിന് വംശത്തിന്‍റെ പേരില്‍ ഈ അവകാശങ്ങള്‍ നിഷേധിച്ചതിന്‍റേതാണ്.


ലിങ്കണ്‍ കൊല്ലപ്പെട്ടത് അടിമത്തം അവസാനിപ്പിക്കുന്ന നിയമം പാസ്സാക്കിയതിനെ തുടര്‍ന്നാണെങ്കില്‍ ഒരു നൂറ്റാണ്ട് പിന്നിട്ടപ്പോള്‍ കറുത്തവരുടെ പൗരാവകാശ പ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന നിലപാട് സ്വീകരിച്ചേക്കുമെന്ന് ഭരണവര്‍ഗം സംശയിച്ച് പ്രസിഡന്‍റ് ജോണ്‍ എഫ് കെന്നഡിയെയും വെടിവച്ചുകൊല്ലുകയാണുണ്ടായത്. കെന്നഡിയെ വെടിവെച്ചയാള്‍ എന്ന പേരില്‍ ഫെഡറല്‍ പൊലീസ് പിടികൂടിയ ലീ ഹാര്‍വെ ഓസ്വാര്‍ഡ് എന്ന മുന്‍ പട്ടാളക്കാരനെ ജയിലില്‍ വച്ച് ജാക്ക് റൂബി എന്ന മറ്റൊരു വെള്ളക്കാരന്‍ വെടിവച്ച് കൊന്നതോടെ കെന്നഡി വധത്തിനു പിന്നിലുള്ള ഭരണവര്‍ഗ ഗൂഢാലോചന അടഞ്ഞ അധ്യായമായി. ഇതാണ് അമേരിക്കയിലെ മഹത്തായ ജനാധിപത്യവും മനുഷ്യാവകാശവും പൗരാവകാശവുമെല്ലാം ഭരണവര്‍ഗതാല്‍പ്പര്യങ്ങള്‍ക്കു നേരെ വിരല്‍ചൂണ്ടുന്നിടത്ത് അവസാനിക്കും മുതലാളിത്തത്തില്‍.


1954 മുതല്‍ റോസ പാര്‍ക്സിനെയും ജോ ആന്‍ റോബിന്‍സനെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെയുംപോലുള്ളവരുടെ നേതൃത്വത്തില്‍ നടന്ന പൗരാവകാശ പ്രക്ഷോഭത്തിനായുള്ള നിരന്തരമായ പോരാട്ടത്തെ തുടര്‍ന്നാണ് ബസില്‍ വെള്ളക്കാര്‍ക്കൊപ്പം സീറ്റിലിരുന്ന് യാത്ര ചെയ്യാനും റെസ്റ്റോറന്‍റുകളില്‍ ഭക്ഷണം കഴിക്കാന്‍ തുല്യഅവകാശത്തിനും തുല്യവിദ്യാഭ്യാസാവകാശത്തിനും തൊഴിലവകാശത്തിനും സര്‍വോപരി വോട്ടവകാശത്തിനുമെല്ലാമുള്ള നിയമങ്ങള്‍ 1960കളുടെ മാധ്യമത്തോടെ പാസ്സാക്കപ്പെട്ടത്. കറുത്തവര്‍ക്കു മാത്രമല്ല വെള്ളക്കാരായ സ്ത്രീകള്‍ക്കും, അമേരിക്കയില്‍ വോട്ടവകാശം ലഭിച്ചത് 1960 കളിലെ പൗരാവകാശ പ്രക്ഷോഭത്തെ തുടര്‍ന്നാണ്. ആ പ്രക്ഷോഭം കറുത്തവരുടെ മാത്രമോ സ്ത്രീകളുടെ മാത്രമോ ആയിരുന്നില്ല. ജനാധിപത്യത്തിനായുള്ള സാധാരണക്കാരുടെ, പുരോഗമനവാദികളുടെയാകെ പ്രക്ഷോഭമായിരുന്നു. അതാണ് വിയറ്റ്നാം യുദ്ധവിരുദ്ധ പ്രക്ഷോഭമായും പരിവര്‍ത്തനപ്പെട്ടത്.


ഈ പ്രക്ഷോഭവും നിയമനിര്‍മാണവുമെല്ലാം ഉണ്ടായിട്ടും 1970കളില്‍ ബ്ലാക്പാന്തേഴ്സിന്‍റെ പോരാട്ടങ്ങള്‍ക്കു ശേഷവും അമേരിക്കയില്‍ ഇന്നും ഭരണകൂടത്തിന്‍റെ ഒത്താശയോടെ നിരന്തരം വംശീയവിവേചനവും ആക്രമണങ്ങളും നടന്നുകൊണ്ടിരിക്കുന്നുവെന്നതിന്‍റെ ഒടുവിലത്തെ ദൃഷ്ടാന്തമാണ് ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകം.


ഇന്ന് അമേരിക്കയില്‍ ആഞ്ഞുവീശുന്നത് 1960കളിലെ പോലെയും 1860കളിലെ പോലെയും വംശീയതക്കെതിരെ അധ്വാനിക്കുന്നവരുടെയാകെ പോരാട്ടമാണ്; പുരോഗമന-ജനാധിപത്യശക്തികളാകെ അണിനിരക്കുകയാണതില്‍. ഫ്ളോയിഡിന്‍റെ കൊലപാതകം അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന അസമത്വത്തിലും ദാരിദ്ര്യത്തിലും തൊഴില്‍ സുരക്ഷയില്ലായ്മയിലും തൊഴിലില്ലായ്മയിലുമെല്ലാമുള്ള പ്രതിഷേധം പൊട്ടിത്തെറിക്കാനുള്ള നിമിത്തമായി മാറുകയായിരുന്നു. പ്രത്യേകിച്ചും കോവിഡ് മഹാമാരിയില്‍ ചികിത്സ കിട്ടാതെ മരിക്കുന്നവരില്‍ ഏറെയുമ ആഫ്രോ അമേരിക്കക്കാരുള്‍പ്പെടെയുള്ള ദരിദ്ര ജനതയണെന്നതിലെ ജനരോഷത്തിന്‍റെ കൂടി പൊട്ടിത്തെറിയാണ് അമേരിക്കയില്‍ അലയടിക്കുന്നത്. അമേരിക്കയിലെ സാധാരണക്കാരന്‍ അനുഭവിക്കുന്ന ശ്വാസംമുട്ടലിനോടുള്ള, വ്യവസ്ഥിതിയോടുള്ള പ്രതിഷേധം.


പ്രതിഷേധിക്കുന്നവരോട് മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്‍റെ സമാധാനപാത പിന്തുടരാന്‍ ചില ഡെമോക്രാറ്റുകാരായ നേതാക്കള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. സമാധാനത്തിന്‍റെ പാതയില്‍നിന്ന് വ്യതിചലിക്കാതിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിനെ അമേരിക്കന്‍ ഭരണവര്‍ഗ കിങ്കരര്‍ നേരിട്ടത് വെടിയുണ്ട കൊണ്ടാണെന്നത് ഇവര്‍ മറച്ചുപിടിക്കുകയാണ്. ഇപ്പോള്‍ തന്നെ സമാധാനപരമായ പ്രതിഷേധ പ്രകടനങ്ങളെ ഭരണകൂടം ഭീകരമായി അടിച്ചമര്‍ത്തുന്നതിന്‍റെ ദൃശ്യങ്ങളും നമുക്ക് കാണാം. പ്രക്ഷോഭത്തെ മര്‍ദിച്ചൊതുക്കുന്ന കാര്യത്തില്‍ റിപ്പബ്ലിക്കന്മാരും  ഡെമോക്രാറ്റുകളും ഒന്നിച്ചാണ് നില്‍പ്പ്.


കറുത്തവര്‍ഗത്തില്‍പെട്ടൊരാള്‍ പ്രസിഡന്‍റായതുകൊണ്ടോ സെനറ്റിലും പ്രതിനിധി സഭയിലും കുറേ കറുത്തവര്‍ വന്നതുകൊണ്ടോ തീരുന്നതല്ല അമേരിക്കയിലെ, മുതലാളിത്തവ്യവസ്ഥിതിയിലെ, അടിച്ചമര്‍ത്തലിന്‍റെ പ്രശ്നം എന്ന് ഒബാമയുടെ ഭരണകാലം തന്നെ തെളിയിച്ചതാണ്. കോണ്ടലിസ റൈസ് എന്ന ആഫ്രോ അമേരിക്കന്‍ വനിത ബുഷ് ഭരണത്തിലെ ശക്തികേന്ദ്രമായിരുന്നിട്ടും അമേരിക്കയിലെ കറുത്തവരോടുള്ള വിവേചനവും അവരെ അടിച്ചമര്‍ത്തുന്നതും വര്‍ധിച്ചതല്ലാതെ കുറഞ്ഞില്ല.


ഇപ്പോള്‍ ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ കത്തിജ്വലിക്കുന്നത് വര്‍ഗസമരം തന്നെയാണ്; ഒരു ശതമാനത്തിന്‍റെ ആധിപത്യത്തിനെതിരെ 99 ശതമാനത്തിന്‍റെ മുന്നേറ്റം. പക്ഷേ അതിനു ദിശാബോധമുള്ള നേതൃത്വവും പരിപാടിയും സംഘടനയും ഇല്ലെന്നത് 2011ലെ വാള്‍സ്ട്രീറ്റ് പ്രക്ഷോഭത്തിന്‍റെയെന്നപോലെ വലിയൊരു ദൗര്‍ബല്യമാണ്.


"കറുത്ത തൊലിക്ക് അടിമത്തം കല്‍പ്പിക്കുമ്പോള്‍ വെളുത്ത തൊലിക്ക് മാത്രമായി അധ്വാനശക്തിയുടെ മോചനം നേടാനാവില്ല. പക്ഷേ, അടിമത്തം അതിന്‍റെ അന്ത്യശാസം വലിച്ചപ്പോള്‍ ഒരു പുതിയ ജീവിതം പെട്ടെന്നുതന്നെ അവിടെ ഉയിര്‍ക്കൊണ്ടു. ആഭ്യന്തരയുദ്ധത്തിന്‍റെ ആദ്യത്തെ ഫലം എട്ടുമണിക്കൂറിനുവേണ്ടിയുള്ള പ്രക്ഷോഭമായിരുന്നു. ആ സമരം അത്ലാന്‍റിക്കുമുതല്‍ ശാന്തസമുദ്രം വരെയും ന്യൂ ഇംഗ്ലണ്ടുമുതല്‍ കാലിഫോര്‍ണിയ വരെയും അതിവേഗം പടര്‍ന്നുപിടിച്ചു". (കാറല്‍ മാര്‍ക്സ്. മൂലധനം ഒന്നാം വാല്യം, ഭാഗം മൂന്ന് പേജ്. 473. മൂലധനം മലയാള പരിഭാഷ, എസ്പിസിഎസ് പ്രസിദ്ധീകരണം 2010).


അമേരിക്കയിലെ കറുത്തവരുടെ മോചനത്തിന് മാര്‍ക്സ് എത്രമാത്രം പ്രാധാന്യം നല്‍കിയിരുന്നുവെന്നതിന്‍റെ ദൃഷ്ടാന്തമാണ് "മൂലധന'ത്തിലെ ഈ വരികള്‍. അടിമത്തത്തിനെതിരെ ശബ്ദമുയര്‍ത്തിയ എബ്രഹാം ലിങ്കണ്‍ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒന്നാം ഇന്‍റര്‍നാഷണല്‍ സ്വാഗതം ചെയ്ത് പ്രമേയം പാസ്സാക്കിയതും മാര്‍ക്സ് ലിങ്കന് ആശംസ അര്‍പ്പിച്ച് കത്തെഴുതിയതും അതുകൊണ്ടാണ്. 1861-65 കാലത്തെ അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തെക്കുറിച്ച് 'ന്യൂയോര്‍ക്ക് ഡെയിലി ട്രിബ്യൂണി'ല്‍ മാര്‍ക്സും എംഗല്‍സും നിരന്തരം ലേഖനങ്ങള്‍ എഴുതിയതും അതിന്‍റെ പ്രാധാന്യം കണ്ടാണ്.
ഇന്ന് ജോര്‍ജ് ഫ്ളോയിഡിന്‍റെ കൊലപാതകത്തെ തുടര്‍ന്ന് അമേരിക്കയില്‍ പ്രതിഷേധം കത്തിജ്വലിക്കുമ്പോള്‍ അതിന്‍റെ  പരിമിതികള്‍ക്കെല്ലാമുപരി അത് സാര്‍വദേശീയ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും വര്‍ഗസമരത്തിനും കരുത്തുപകരുന്നുവെന്നതാണ് വസ്തുത.