ജീവിക്കുന്ന വിപ്ലവവീര്യം

പി എസ് പൂഴനാട്

"കറുത്ത മനുഷ്യര്‍ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ മൂലധനത്തിന്‍റെ ആഗോളവല്‍ക്കരണത്തിന്‍റെ സന്ദര്‍ഭത്തിനുള്ളില്‍ വെച്ച് പരിശോധിക്കേണ്ടത് അങ്ങേയറ്റം പ്രധാനപ്പെട്ട കാര്യമായി ഞാന്‍ കാണുന്നു".
- ആന്‍ജെല ഡേവിസ്.

ഒന്ന്


അമേരിക്കന്‍ ഭരണകൂടത്തിന്‍റെ അന്തര്‍ധാരകളെ അതിനിശിതമായ വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് പോരാളിയാണ് ആന്‍ജെല ഡേവിസ്. മാര്‍ക്സിസത്തിന്‍റെയും സ്ത്രീവിമോചനത്തിന്‍റെയും വംശീയവിരുദ്ധതയുടെയും അകക്കാമ്പുകളെ തന്‍റെ അന്വേഷണങ്ങളുടെ ജീവവായുവായി സ്വാംശീകരിക്കുകയും ജീവിതത്തിന്‍റെ എല്ലാ ഘട്ടങ്ങളിലും ഒരിക്കലും കീഴടങ്ങാത്ത സമരോത്സുകതയിലൂടെ ജീവിതത്തെയും ദര്‍ശനത്തെയും മുന്നോട്ടു പായിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വിപ്ലവ ചിന്തക  കൂടിയാണ് ആന്‍ജെല ഡേവിസ്. 1991 വരെ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അവര്‍ സജീവമായി തുടര്‍ന്നിരുന്നു.


എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ അംഗത്വത്തില്‍ നിന്നും വിട്ടുമാറിയതിനുശേഷവും മാര്‍ക്സിസത്തിന്‍റെയും സോഷ്യലിസത്തിന്‍റെയും വിപ്ലവ സ്വപ്നങ്ങളെ ഉശിരോടെ മുറുകെ പിടിച്ചു കൊണ്ടുതന്നെയാണ് അവരിപ്പോഴും നിരന്തരം പൊരുതിക്കൊണ്ടിരിക്കുന്നത്. വര്‍ഗം, വംശം, സ്ത്രീവിമോചനം, അമേരിക്കന്‍ ജയിലറകള്‍ എന്നിങ്ങനെ വിവിധ വിഷയപരിസരങ്ങളില്‍ അത്യഗാധമായ ഉള്‍ക്കാഴ്ചകളായിരുന്നു ആന്‍ജെല ഡേവിസ് മുന്നോട്ടുവെച്ചത്.
അതിഗംഭീരങ്ങളായ നിരവധി ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും പ്രഭാഷണങ്ങളും ആന്‍ജെല ഡേവിസ് നമുക്ക് സമ്മാനിച്ചിട്ടുണ്ട്. അപഗ്രഥനങ്ങളുടെ ആഴങ്ങള്‍കൊണ്ടും ചരിത്രപരമായ വിശകലനങ്ങളുടെ ആധികാരികതകൊണ്ടും വിപ്ലവ വിമോചന കാഴ്ചപ്പാടുകളുടെ വിശാലതകള്‍കൊണ്ടും അത് നിറഞ്ഞുനില്‍ക്കുന്നു. അമേരിക്കന്‍ ഐക്യനാടുകളിലെ ജയില്‍വ്യവസ്ഥയെക്കുറിച്ച് ഇത്ര ഗംഭീരമായി സംസാരിച്ചിട്ടുള്ള മറ്റാരും ഉണ്ടാവില്ല. ഒരു ജയില്‍ പരിഷ്ക്കരണവാദി എന്ന നിലയിലല്ല; മറിച്ച് ജയിലുകളുടെതന്നെ ഉന്മൂലനത്തെക്കുറിച്ചാണ് അവര്‍ സംസാരിക്കുന്നത്. അമേരിക്കയിലെ ജയില്‍ വ്യവസ്ഥയെ ഒരു ജയില്‍ വ്യവസായ സമുച്ചയമായിട്ടാണ് അവര്‍ വിലയിരുത്തുന്നത്. അതായത് സ്വകാര്യ മുതലാളിമാരാല്‍ നടത്തപ്പെടുകയും കൈയാളുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു സ്വകാര്യ വ്യവസായ സമുച്ചയമാണ് അമേരിക്കയിലെ ജയിലറകള്‍ - അതായത് ജയില്‍ വ്യവസായം. ജയിലുകളെ നിരോധിക്കുന്നതിനുവേണ്ടിയുള്ള ദേശീയതലത്തിലുള്ള ഒരു പ്രസ്ഥാനത്തിനും അവര്‍ രൂപം നല്‍കിയിട്ടുണ്ട്. ക്രിട്ടിക്കല്‍ റെസിസ്റ്റന്‍സ് എന്നാണ് ആ പ്രസ്ഥാനത്തിന്‍റെ പേര്.


അമേരിക്കയിലെ ജയിലറകളെ അടിമക്കച്ചവടത്തിന്‍റെ പുതിയൊരു രൂപമായിട്ടും അവര്‍ വിശകലനം ചെയ്യുന്നുണ്ട്. പത്തൊമ്പതാം നൂറ്റാണ്ടിലെ അന്ത്യഘട്ടങ്ങള്‍ മുതല്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ പകുതിവരെയുള്ള ഘട്ടങ്ങളില്‍ അമേരിക്കയില്‍ ജയിലുകളുടെ എണ്ണം തഴച്ചുവളരുകയായിരുന്നു. എന്നാല്‍ ഈ ഘട്ടങ്ങളില്‍ കുറ്റകൃത്യങ്ങളുടെ എണ്ണമാകട്ടെ കുറഞ്ഞുകൊണ്ടിരിക്കുകയാണ് ചെയ്തത്. പിന്നെ എന്തിനാണ് ഇത്രയധികം ജയിലുകള്‍ അമേരിക്കയില്‍ തഴച്ചുവളര്‍ന്നു കൊണ്ടിരുന്നത്? അമേരിക്കന്‍ സമൂഹത്തില്‍ രൂഢമായിക്കൊണ്ടിരിക്കുന്ന വംശീയതയുടെ പ്രകാശനമായിരുന്നു ഇത്.

ജയിലറകള്‍ക്കുള്ളില്‍ കഴിയുന്ന ആഫ്രോ - അമേരിക്കന്‍ ജനതയുടെ എണ്ണം ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജയിലറകള്‍ കാലഹരണപ്പെട്ടോ? (അൃല ജൃശീിെെ ഛയീഹെലലേ?) എന്ന പുസ്തകത്തില്‍ ആന്‍ജെല ഡേവിസ് എഴുതുന്നു: "പരിഷ്ക്കരണങ്ങളെക്കുറിച്ച് മറന്നേയ്ക്കൂ. അമേരിക്കന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജയിലറകളെ നിരോധിക്കുന്നതിനെക്കുറിച്ച് സംസാരിക്കേണ്ട സമയമാണിത്".


സ്ത്രീ, വംശം, വര്‍ഗ്ഗം (ണീാലി, ഞമരല & രഹമൈ) എന്ന പുസ്തകം പ്രസ്തുത വിഷയത്തിലുള്ള ഏറ്റവും മൗലികമായ ഗ്രന്ഥങ്ങളിലൊന്നായി തുടരുകയാണ്. അടിമത്തവിരുദ്ധ കാലഘട്ടം മുതല്‍ സമകാലിക സന്ദര്‍ഭം വരെയുള്ള അമേരിക്കയിലെ സ്ത്രീ പ്രസ്ഥാനങ്ങളെക്കുറിച്ചുള്ള ഗഹനമായ പഠനഗ്രന്ഥമാണ് ഈ പുസ്തകം. അമേരിക്കന്‍ സ്ത്രീപ്രസ്ഥാനങ്ങളെ എങ്ങനെയൊക്കെയായിരുന്നു വംശീയവും വര്‍ഗപരവുമായ കാഴ്ചപ്പാടുകളിലുണ്ടായിരുന്ന തെറ്റായ പ്രവണതകള്‍ വഴിതെറ്റിച്ചതെന്ന് ഈ പുസ്തകത്തിലൂടെ ആന്‍ജെല ഡേവിസ് വ്യക്തമാക്കുന്നു. വര്‍ഗപരമായ അടിച്ചമര്‍ത്തലിന്‍റെ അടരുകള്‍ക്കുള്ളിലാണ് വംശീയതയുടെയും ലിംഗപരമായ വേര്‍തിരിവിന്‍റേയും (ടലഃശാെ) അടിവേരുകള്‍ അമര്‍ന്നുകിടക്കുന്നതെന്ന് ഈ പുസ്തകത്തിലൂടെ അവര്‍ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ വംശീയതയെയും ലിംഗപരമായ വേര്‍തിരിവിനെയും തകര്‍ക്കണമെങ്കില്‍ പിതൃമേധാവിത്വത്തിലധിഷ്ഠിതമായ സാമ്പത്തികക്രമത്തെ തകര്‍ത്തെറിയണം. ഇങ്ങനെ എല്ലാ തലങ്ങളിലും സമരോത്സുകവും വിപ്ലവാത്മകവുമായ പുതുചിന്തകള്‍ നിരന്തരം വിതറിക്കൊണ്ടാണ് ആന്‍ജെല ഡേവിസ് എന്ന വിമോചന പോരാളി ഇപ്പോഴും ജീവിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് എന്ന വംശവെറിയന്‍ ഭരണാധികാരിയുടെ സ്ത്രീവിരുദ്ധതയ്ക്കെതിരെ അമേരിക്കന്‍ തെരുവുകളില്‍ കത്തിപ്പടര്‍ന്ന പോരാട്ടങ്ങളിലും ആന്‍ജെല ഡേവിസ് മുന്നില്‍ തന്നെ നിലയുറപ്പിച്ചു. ജോര്‍ജ്ജ് ഫ്ളോയിഡ് എന്ന കറുത്ത മനുഷ്യനെ കഴുത്തുഞെരിച്ചു കൊന്ന വംശീയ മുതലാളിത്ത വ്യവസ്ഥയ്ക്കെതിരെ പോരാട്ട പരിസരങ്ങള്‍ നിരന്തരം കടുത്തുകൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ആന്‍ജെല ഡേവിസിന്‍റെ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും വീണ്ടും വീണ്ടും പ്രാധാന്യമേറിക്കൊണ്ടിരിക്കുകയാണ്.


രണ്ട്


അമേരിക്കയിലെ അലബാമയിലുള്ള ഒരു ആഫ്രോ - അമേരിക്കന്‍ കുടുംബത്തിലായിരുന്നു 1944 ജനുവരി 26ന് ആന്‍ജെല ഡേവിസ് ജനിക്കുന്നത്. കറുത്ത കുട്ടികള്‍ക്കുവേണ്ടി മാത്രം പണിയപ്പെട്ടിട്ടുള്ള ഒരു സ്കൂളിലായിരുന്നു ആന്‍ജെല തന്‍റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ആന്‍ജെലയുടെ അമ്മയാകട്ടെ സമരോത്സുകയായ ഒരു രാഷ്ട്രീയ പ്രക്ഷോഭകയായിരുന്നു. ദക്ഷിണ അമേരിക്കയിലെ ആഫ്രോ-അമേരിക്കന്‍ വിഭാഗങ്ങളെ സംഘടിപ്പിക്കുന്നതിനുവേണ്ടി രൂപം കൊണ്ട സതേണ്‍ നീഗ്രോ യൂത്ത് കോണ്‍ഗ്രസ് എന്ന പ്രസ്ഥാനത്തിന്‍റെ പ്രധാന സംഘാടകയായിരുന്നു അവര്‍. അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടായിരുന്നു ആ പ്രസ്ഥാനം പ്രവര്‍ത്തിച്ചിരുന്നത്. ഇങ്ങനെ തനിക്കുചുറ്റും നിറഞ്ഞുനിന്നിരുന്ന കമ്യൂണിസ്റ്റ് സംഘടനാ പ്രവര്‍ത്തകരുടെയും ചിന്തകരുടെയും സ്വാധീനവലയത്തിനുള്ളിലായിരുന്നു ആന്‍ജെല ഡേവിസ് എന്ന കുട്ടി വളര്‍ന്നത്. പെണ്‍കുട്ടികളുടെ സ്കൗട്ട് പ്രസ്ഥാനത്തിലും കുട്ടിക്കാലത്ത് ആന്‍ജെല സജീവമായി പങ്കുകൊണ്ടിരുന്നു. വംശീയമായ അരികുവല്‍ക്കരണങ്ങള്‍ക്കെതിരെ അരങ്ങേറിക്കൊണ്ടിരുന്ന നിരവധി പ്രതിഷേധ മാര്‍ച്ചുകളിലും കുട്ടിക്കാലത്തുതന്നെ ആന്‍ജെലയും പങ്കാളിയായിത്തീര്‍ന്നിരുന്നു. ഹൈസ്കൂള്‍ പഠനകാലത്തുതന്നെ കമ്യൂണിസ്റ്റ് യൂത്ത് ഗ്രൂപ്പിലും ആന്‍ജെല അംഗമായി തീര്‍ന്നു.


പഠനത്തില്‍ അതീവ സമര്‍ത്ഥയായിരുന്നതുകൊണ്ടുതന്നെ സ്കോളര്‍ഷിപ്പുകളോടുകൂടിയായിരുന്നു ഉന്നത പഠന രംഗങ്ങളിലേയ്ക്ക് ആന്‍ജെല ഡേവിസ് പ്രവേശിച്ചത്. ക്യൂബന്‍ മിസൈല്‍ പ്രതിസന്ധിയുടെ കാലഘട്ടത്തിലായിരുന്നു ഫ്രാങ്ക് ഫര്‍ട്ട് സ്കൂളിലെ ചിന്തകനും മാര്‍ക്സിസ്റ്റുമായിരുന്ന ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിനെ ആന്‍ജെല ആദ്യമായി കണ്ടുമുട്ടുന്നത്. ഹെര്‍ബര്‍ട്ട് മാര്‍ക്യൂസിന്‍റെ ആശയപരിസരങ്ങള്‍ അഗാധമായി ആന്‍ജെലയെ സ്വാധീനിച്ചിരുന്നു. അതോടൊപ്പം ഫ്രഞ്ച് ഭാഷാ പഠനത്തിനുവേണ്ടി ഫ്രാന്‍സിലേയ്ക്കും ആന്‍ജെല പറന്നിറങ്ങി. ഴാങ് പോള്‍ സാര്‍ത്രിന്‍റെ ആശയങ്ങളുമായി കൂടുതല്‍ അടുത്തിടപഴകുന്നത് ഈ ഘട്ടത്തിലായിരുന്നു. അതോടൊപ്പം കമ്യൂണിസ്റ്റ് ഗ്രൂപ്പുകളിലും സജീവമായി നിലകൊണ്ടു. ഫ്രഞ്ച് ഭാഷയില്‍ ബിരുദം നേടിയതിനുശേഷം തത്ത്വശാസ്ത്രത്തിലേയ്ക്കായിരുന്നു ആന്‍ജെലയുടെ താല്പര്യം വളര്‍ന്നത്. അങ്ങനെയായിരുന്നു ഫ്രാങ്ക്ഫര്‍ട്ട് സ്കൂളില്‍ തത്ത്വശാസ്ത്രം പഠിക്കാന്‍ ആന്‍ജെല എത്തിച്ചേര്‍ന്നത്. വിദ്യാര്‍ഥി രാഷ്ട്രീയത്തിന്‍റെ കൂടുതല്‍ തീക്ഷ്ണതകളിലേക്ക് ഇവിടെ വെച്ചായിരുന്നു ആന്‍ജെല ഇഴകിച്ചേര്‍ന്നത്. കിഴക്കന്‍ ജര്‍മനിയില്‍ അരങ്ങേറിയ മെയ്ദിനാഘോഷപരിപാടികളില്‍ അതീവ താല്പര്യത്തോടെ പങ്കുചേര്‍ന്നു. ആന്‍ജെലയുടെ വിദ്യാര്‍ഥി സുഹൃത്തുക്കളില്‍ ബഹുഭൂരിപക്ഷവും സോഷ്യലിസ്റ്റ് ജര്‍മന്‍ സ്റ്റുഡന്‍റ് യൂണിയനിലെ സജീവ പ്രവര്‍ത്തകരായിരുന്നു. ഈ റാഡിക്കല്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രക്ഷോഭ പരിപാടികളിലെല്ലാം ആന്‍ജെലയും സജീവമായി പങ്കു ചേര്‍ന്നിരുന്നു. ഇതേ സന്ദര്‍ഭത്തിലായിരുന്നു അമേരിക്കയില്‍ ബ്ലാക്ക് പാന്തര്‍ പാര്‍ടിയുടെ രൂപീകരണം നടക്കുന്നത്.


ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നും ഹെര്‍ബര്‍ട്ട് മാര്‍ക്യൂസ് കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലേക്ക് മടങ്ങിയതിനെത്തുടര്‍ന്ന് ആന്‍ജെല ഡേവിസും മടങ്ങിയെത്തി. അതിനിടയില്‍ ലണ്ടനില്‍വെച്ച് 'വിമോചനത്തിന്‍റെ വൈരുദ്ധ്യാത്മകത' എന്ന പേരിലുള്ള ഒരു സെമിനാറിലും പങ്കെടുത്തു. കറുത്തവര്‍ഗക്കാരുടെ വിമോചന സൈദ്ധാന്തികരായ സ്റ്റോക്കി കാര്‍മൈക്കേല്‍, മാല്‍ക്കം എക്സ് എന്നിവരും ആ സെമിനാറില്‍ സന്നിഹിതരായിരുന്നു. സ്റ്റോക്കി കാര്‍മൈക്കേലിന്‍റെയും മറ്റു സൈദ്ധാന്തികരുടെയും ഭാഷാപരമായ അതിവൈകാരിക പ്രഭാഷണങ്ങള്‍ ആകര്‍ഷകമായിരുന്നുവെങ്കിലും കറുത്ത ദേശീയവാദത്തിന്‍റെ (ആഹമരസ ചമശേീിമഹശാെ) കമ്യൂണിസ്റ്റ് വിരുദ്ധതയോട് ആന്‍ജെലയ്ക്ക് യോജിക്കാനായില്ല. കമ്യൂണിസമെന്നത് വെളുത്തവര്‍ഗത്തിന്‍റെ കാര്യപരിപാടിയാണെന്ന വിമര്‍ശനത്തെയും അവര്‍ക്ക് ഉള്‍ക്കൊള്ളാനായില്ല.


അമേരിക്കയില്‍ തിരിച്ചെത്തിയതിനുശേഷം അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ കീഴിലുള്ള കറുത്തവര്‍ഗക്കാരുടെ വിമോചന ഗ്രൂപ്പായ ചെ - ലുമുംബ ക്ലബ്ബിലായിരുന്നു ആന്‍ജെല ഡേവിസ് അംഗമായി ചേര്‍ന്നത്. തുടര്‍ന്ന് 1968ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍നിന്നും മാസ്റ്റര്‍ ബിരുദവും കിഴക്കന്‍ ബര്‍ലിനിലെ ഹംബോള്‍ട്ട് യൂണിവേഴ്സിറ്റിയില്‍നിന്നും പിഎച്ച്ഡിയും കരസ്ഥമാക്കി. അങ്ങനെ ഒരേ സമയം തന്നെ ഒരു അക്കാദമിക് ചിന്തകയും രാഷ്ട്രീയ ആക്ടിവിസ്റ്റും പണ്ഡിതയും വിപ്ലവകാരിയുമായി അവര്‍ മാറി. 1969ല്‍ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ തത്ത്വശാസ്ത്ര അധ്യാപികയായി അവര്‍ ചുമതലയേറ്റു. ഒരു റാഡിക്കല്‍ ഫെമിനിസ്റ്റും ആക്ടിവിസ്റ്റും എന്ന നിലയില്‍ അവര്‍ പരിചിതയായിരുന്നു. അതോടൊപ്പം അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയിലെ അംഗവുമായിരുന്നു. ബ്ലാക്ക് പാന്തര്‍ പാര്‍ടിയുമായും അവര്‍ ബന്ധം പുലര്‍ത്തിയിരുന്നു.


കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ ഭരണനിര്‍വഹണ സമിതിയാകട്ടെ കമ്യൂണിസ്റ്റ് എന്ന ഒറ്റക്കാരണത്താല്‍ ആന്‍ജെല ഡേവിസിനെ ജോലിയില്‍നിന്നും പിരിച്ചുവിടുകയാണുണ്ടായത്. ശീതയുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ അമേരിക്കയില്‍ ഒരു കമ്യൂണിസ്റ്റായി തുടരുക എന്നത് എത്രത്തോളം അപകടം പിടിച്ച ഒന്നായിരുന്നുവെന്ന് ആന്‍ജെല ഡേവിസിന്‍റെ പില്‍ക്കാല ജീവിതം വ്യക്തമായി കാട്ടിത്തരുന്നു. എന്നാല്‍ ചില നിയമപരമായ മാര്‍ഗങ്ങളിലൂടെ ആന്‍ജെല ഡേവിസ് ജോലിയില്‍ തിരികെ പ്രവേശിച്ചെങ്കിലും അവരുടെ പ്രസംഗങ്ങളിലും സംഭാഷണങ്ങളിലും തീപിടിപ്പിക്കുന്ന വാക്കുകളാണ് നിറഞ്ഞു നില്‍ക്കുന്നതെന്ന് ആരോപിച്ചുകൊണ്ട് വീണ്ടുമവരെ ജോലിയില്‍നിന്നും പിരിച്ചുവിട്ടു.
തുടര്‍ന്ന് കാലിഫോര്‍ണിയയിലെ മാരിന്‍റ കൗണ്ടിയില്‍ നടന്ന ഒരു ജഡ്ജിയെ തട്ടിക്കൊണ്ടുപോയതിന്‍റെയും അതിനെത്തുടര്‍ന്നുണ്ടായ കൊലപാതകത്തിന്‍റെയും കുറ്റങ്ങള്‍ വ്യാജമായി ആന്‍ജെല ഡേവിസില്‍ ആരോപിക്കപ്പെടുകയും ആന്‍ജെലയെ അറസ്റ്റ് ചെയ്ത് ജയിലലടയ്ക്കുകയും ചെയ്തു. ഇതിനെതിരെ കമ്യൂണിസ്റ്റ് പാര്‍ടിയുടെയും മറ്റ് റാഡിക്കല്‍ പ്രസ്ഥാനങ്ങളുടെയും നേതൃത്വത്തില്‍ അമേരിക്കയ്ക്കകത്തും പുറത്തും വമ്പന്‍ പ്രതിഷേധ ജ്വാലകളാണ് ഉയര്‍ന്നുവന്നത്. അമേരിക്കന്‍ പ്രസിഡണ്ട് റിച്ചാര്‍ഡ് നിക്സനാകട്ടെ അമേരിക്കയിലെ ഏറ്റവും അപകടം പിടിച്ച സ്ത്രീയെ ജയിലഴികള്‍ക്കുള്ളില്‍ അടച്ച ഉന്മാദത്തിലായിരുന്നു. എന്നാല്‍ വമ്പന്‍ പ്രതിഷേധങ്ങളെ തുടര്‍ന്ന്, 1972-ല്‍ 16 മാസത്തെ തടവിനുശേഷം ആന്‍ജെല ഡേവിസിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം നിര്‍ബന്ധിതമായിത്തീര്‍ന്നു.


മൂന്ന്


ജയില്‍ മോചിതയായതിനെത്തുടര്‍ന്ന് ഒരു അന്താരാഷ്ട്ര പ്രഭാഷണ പരമ്പരയ്ക്ക് ആന്‍ജെല ഡേവിസ് തുടക്കം കുറിച്ചു. അതിന്‍റെ ഭാഗമായി അവര്‍ ക്യൂബയിലും എത്തിച്ചേര്‍ന്നു. എന്നാല്‍ 1969ല്‍ തന്നെ അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രതിനിധി എന്ന നിലയില്‍ അവര്‍ ക്യൂബ സന്ദര്‍ശിച്ചിട്ടുണ്ടായിരുന്നു. മുമ്പെന്നപോലെ ഇപ്പോഴും അത്യാവേശത്തോടെയായിരുന്നു ക്യൂബന്‍ ജനത ആന്‍ജെല ഡേവിസിനെ അഭിവാദ്യം ചെയ്തത്. ക്യൂബന്‍ ജനതയുടെ സ്നേഹാഭിവാദ്യങ്ങളില്‍ മുങ്ങിത്താണതിന്‍റെ ഫലമായി സംസാരിക്കാനുള്ള വാക്കുകള്‍പോലും അവരില്‍നിന്നും പുറത്തു വന്നില്ല. ഒരു തരത്തിലുമുള്ള വംശീയ വിവേചനങ്ങളും നിലവിലില്ലാത്ത രാജ്യമായിട്ടായിരുന്നു ക്യൂബയെ അവര്‍ അടയാളപ്പെടുത്തിയത്. സോഷ്യലിസ്റ്റ് വ്യവസ്ഥയ്ക്കുള്ളില്‍ മാത്രമേ വംശീയതയുടെ എല്ലാ വേരുകളും അറ്റുമാറുകയുള്ളൂവെന്ന് ആന്‍ജെല ഡേവിസ് ഒരിക്കല്‍ക്കൂടി തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. ഫെഡറേഷന്‍ ഓഫ് ക്യൂബന്‍ വിമെന്‍റെ രണ്ടാം കോണ്‍ഗ്രസ് 1974ല്‍ നടക്കുന്ന ഘട്ടത്തിലും അവര്‍ ക്യൂബയില്‍ എത്തിയിരുന്നു.
സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ കേന്ദ്ര കമ്മിറ്റിയുടെ ക്ഷണപ്രകാരം 1972ല്‍ സോവിയറ്റ് യൂണിയനിലും ആന്‍ജെല ഡേവിസ് എത്തിച്ചേര്‍ന്നു. മോസ്ക്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍നിന്നും ഹോണററി ഡോക്ടറേറ്റ് ബിരുദവും ഏറ്റുവാങ്ങി. 1979ലെ ലെനിന്‍ സമാധാന സമ്മാനം ലഭിച്ചതും ആന്‍ജെല ഡേവിസിനായിരുന്നു. കിഴക്കന്‍ ജര്‍മനിയും വമ്പന്‍ സ്വീകരണമായിരുന്നു ആന്‍ജെല ഡേവിസിന് നല്‍കിയത്.


അമേരിക്കയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ അവര്‍ അധ്യാപികയായി തുടര്‍ന്നു. തീവ്ര ആക്ടിവിസ്റ്റായി തുടരുകയും ചെയ്തു. പല യൂണിവേഴ്സിറ്റികളും ആന്‍ജെല ഡേവിസിന്‍റെ ക്ലാസുകള്‍ വളരെ രഹസ്യമായിട്ടായിരുന്നു കൈകാര്യം ചെയ്തിരുന്നത്. കാരണം കുട്ടികളില്‍ കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം കുത്തിവയ്ക്കുന്നവളായിട്ടായിരുന്നു അന്നത്തെ മുഖ്യധാരാ ബോധം ആന്‍ജെല ഡേവിസിനെ നിരന്തരം അടയാളപ്പെടുത്തിക്കൊണ്ടിരുന്നത്.
സ്ത്രീ വിമോചനത്തിന്‍റെയും പൗരാവകാശ പോരാട്ടങ്ങളുടെയും വംശീയവിരുദ്ധതയുടെയും തീക്കാറ്റായി അവര്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടിയും വധശിക്ഷ അവസാനിപ്പിക്കുന്നതിനുവേണ്ടിയും അവര്‍ പോരടിച്ചുകൊണ്ടിരുന്നു. സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിയുടെ തകര്‍ച്ച  മറ്റെല്ലാവരെയും പോലെ ആന്‍ജെല ഡേവിസിലും വലിയ ആഘാതങ്ങള്‍ ഏല്‍പ്പിച്ചു. അമേരിക്കന്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍നിന്നും അവര്‍ വിട്ടുമാറി. എന്നാല്‍, അംഗമല്ലാതായി തുടരുമ്പോഴും കമ്യൂണിസ്റ്റ് പാര്‍ടിയുമായി സജീവമായ ബന്ധമാണ് ഇപ്പോഴുമവര്‍ നിലനിറുത്തിപ്പോരുന്നത്.