വിക്ടേഴ്സ് ചാനല്‍-പ്രചരണവും യാഥാര്‍ഥ്യവും

പി എ മുഹമ്മദ് റിയാസ്

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സ്ക്കൂളുകള്‍ തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഒന്ന് മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിക്ടേഴ്സ് ചാനല്‍ മുഖാന്തരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നല്‍കി കേരള സര്‍ക്കാര്‍ പുതിയ മാതൃക സ്വീകരിക്കുകയാണ്.
ഈ കാലാവസ്ഥയില്‍ വിക്ടേഴ്സ് ചാനലിന്‍റെ പിതൃത്വം ഏറ്റെടുത്ത്, വ്യാജ പ്രചരണങ്ങളിലൂടെ കളം പിടിക്കാന്‍ ശ്രമിക്കുകയാണ് ഉമ്മന്‍ ചാണ്ടി മുതല്‍ താഴോട്ടുള്ള കോണ്‍ഗ്രസുകാര്‍ വരെ.


വിക്ടേഴ്സ് ചാനലുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തീര്‍ത്തും അടിസ്ഥാനരഹിതമാണ്. ഐടി അറ്റ് സ്കൂള്‍ എന്ന ആശയം രൂപപ്പെടുന്നത് പ്രൊഫ. യു ആര്‍ റാവു അദ്ധ്യക്ഷനായൊരു കര്‍മ സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ്. ആ സമിതിയെ നിയോഗിച്ചത് 1996ലെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ് എന്നതാണ് വസ്തുത. പ്രസ്തുത സമിതിയുടെ റിപ്പോര്‍ട്ട് കിട്ടിയതും വിദ്യാഭ്യാസത്തില്‍ ഐടിയുടെ സാന്നിധ്യം ഉറപ്പാക്കിയതും നായനാര്‍ സര്‍ക്കാരിന്‍റെ കാലത്താണ്.


തുടര്‍ന്നു വന്ന യുഡിഎഫ് സര്‍ക്കാര്‍ മൈക്രോസോഫ്റ്റിന് വേണ്ടി പാഠപുസ്തകങ്ങള്‍ അടക്കം തയ്യാറാക്കിയപ്പോള്‍ അതിനെ എതിര്‍ത്തും സ്വതന്ത്ര സോഫ്റ്റ്വെയറിന് വേണ്ടിയും പോരാട്ടം നടത്തിയത് ഇടതുപക്ഷമാണ്.


മൈക്രോസോഫ്റ്റിനു വേണ്ടി മാത്രം നടത്തുന്ന പത്താംതരം ഐടി പരീക്ഷ ബഹിഷ്കരിച്ച് കുത്തക വിരുദ്ധപോരാട്ടം നടത്താന്‍ കെ.എസ്.ടി.എ പോലുള്ള അധ്യാപകസംഘടനകളുണ്ടായിരുന്നു. അതിന്‍റെ ഭാഗമായിട്ടാണ് ഇന്ന് സ്കൂളില്‍ സ്വതന്ത്ര സോഫ്റ്റ്വെയര്‍ മാത്രം ഉപയോഗിക്കുന്നത്.


യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസ മേഖല സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതാന്‍ തീരുമാനിച്ചത്.

വിദ്യാഭ്യാസമേഖലയിലെ ഏത് അവസരവും കച്ചവടത്തിനായി മാത്രം ഉപയോഗിക്കുക എന്നതായിരുന്നു യുഡിഎഫ് നിലപാട്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ആണ് വിക്ടേഴ്സ് ചാനല്‍ എന്ന ആശയം പ്രാവര്‍ത്തികമാക്കിയത്. ഐടി അറ്റ് സ്കൂള്‍ പദ്ധതിയുടെ പലവിധ സംരംഭങ്ങളില്‍ ഒന്നാണ് വിക്ടേഴ്സ് ചാനല്‍. ഇടതുപക്ഷം ആ ചാനലിനെ എതിര്‍ത്തിട്ടില്ല.


ആ ചാനലിന് എന്നല്ല കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലേക്ക് വിവര സാങ്കേതിക വിദ്യയുടെ കടന്നു വരവിനെ പ്രോത്സാഹിപ്പിക്കുക മാത്രമേ എല്‍ഡിഎഫ് ചെയ്തിട്ടുള്ളൂ.


വിക്ടേഴ്സ് ചാനലിലെ ഉദ്ഘാടനം നിര്‍വഹിച്ചത് 2006 ആഗസ്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദനായിരുന്നു.
ആ ശിലാഫലകം യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നശിപ്പിക്കപ്പെട്ടില്ലെങ്കില്‍ അത് അവിടെ കാണുമല്ലോ. എ പി ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്ത് ഇന്ത്യയില്‍ ഉടനീളം വിദ്യാഭ്യാസ ചാനല്‍ തുടങ്ങാന്‍ തീരുമാനത്തിന്‍റെ ഭാഗമായി തുടങ്ങിയ ചാനല്‍ ആണ് ഉമ്മന്‍ചാണ്ടി കല്ലിട്ടു എന്നൊക്കെ പറയുന്നത്.


1996-2001 കാലത്തെ നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ മേഖലയില്‍ ഐടിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് ഐ.എസ്.ആര്‍.ഒ യുടെ മുന്‍ ചെയര്‍മാനായിരുന്ന ഡോ.യു.ആര്‍. റാവുവിനെ ആയിരുന്നു. വളരെ ഭംഗിയായി ദീര്‍ഘവീക്ഷണത്തോടെ അദ്ദേഹം നായനാര്‍ സര്‍ക്കാറിന് നല്‍കി. അതിന്‍റെ പേരാണ് കഠ ഋഉഡഇഅഠകഛച ഢകടകഛച 2010.


കേരളത്തിലെ ഐടി അധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ചരിത്രം അവിടെയാണ് തുടങ്ങുന്നത്. ഐടി അറ്റ് സ്കൂള്‍ പദ്ധതിയുടെ ക്രെഡിറ്റ്  എടുക്കാന്‍ വരുന്നതിനു മുന്‍പ് ലീഗുകാര്‍ കാണേണ്ട ഉത്തരവുണ്ട്. 2000 ഒക്ടോബര്‍ ആറാം തീയതി ജിയോ ആര്‍ ടി 4072/2000/ജനറല്‍ എഡ്യൂക്കേഷന്‍ നമ്പര്‍, ഉത്തരവ്.
2002-03 ഓടെ ഹൈസ്കൂള്‍ തലത്തില്‍ ഐടി അധിഷ്ഠിത വിദ്യാഭ്യാസം നടപ്പാക്കാനുള്ള കൃത്യമായ രൂപരേഖയാണ് ഈ ഉത്തരവ്. നായനാര്‍ സര്‍ക്കാറിന്‍റെ വിഷന്‍ ആണ് കേരളത്തില്‍ ഐടി അറ്റ് സ്കൂള്‍ യാഥാര്‍ഥ്യമായത്. ആ രൂപ രേഖയുടെ അടിസ്ഥാനത്തില്‍ സ്വാഭാവികമായും നടപ്പിലാക്കിയ ഒരു പദ്ധതിയുടെ ക്രെഡിറ്റ് എടുക്കാന്‍ വന്ന അവരോട് സഹതാപം മാത്രമേയുള്ളൂ


2001 ഫെബ്രുവരി 26 തിങ്കളാഴ്ച കേരള നിയമസഭയില്‍ എം.പി വര്‍ഗീസ്, എം.വി. വിജയന്‍, ആനത്തലവട്ടം ആനന്ദന്‍, എം. എ.തോമസ്, ഗിരിജാ സുരേന്ദ്രന്‍ എന്നിവരുടെ ചോദ്യങ്ങള്‍ക്ക് നായനാര്‍ സര്‍ക്കാരിന്‍റെ കാലത്ത് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന പി ജെ ജോസഫ് സംസ്ഥാന ഐടി അറ്റ് സ്കൂള്‍ പദ്ധതി നടപ്പിലാക്കിയതിനെ പറ്റി കൃത്യമായി പറയുന്നുണ്ട്.


അതില്‍ മന്ത്രിയുടെ മറുപടിയുടെ ഒരു ഭാഗം ഇതാണ്: "സംസ്ഥാനത്ത് ഹൈസ്കൂള്‍ തലത്തില്‍ വിദ്യാര്‍ത്ഥികളുടെ പഠന മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി കമ്പ്യൂട്ടറിനെ ഒരു അധ്യാപന പഠനം എന്ന നിലയില്‍ അംഗീകരിക്കുകയും അതിലൂടെ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍ സാക്ഷരത ഉണ്ടാക്കിയെടുക്കുകയും ആണ് ഐടി അറ്റ് സ്കൂള്‍ പദ്ധതിയുടെ ലക്ഷ്യം".


പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞയായും ആ കാര്യത്തില്‍ ഹൈസ്കൂള്‍ തലത്തില്‍ കൈക്കൊണ്ട നടപടികളെപ്പറ്റിയും മന്ത്രി മറുപടിയില്‍ വിശദമാക്കുന്നുണ്ട്. 2002-03 വര്‍ഷത്തില്‍ പദ്ധതിയുടെ ഭാഗമായി കമ്പ്യൂട്ടര്‍ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതും മന്ത്രി പറഞ്ഞ മറുപടിയില്‍ നമുക്ക് നിയമസഭയില്‍ വായിക്കാം.


ഇതൊരു വിദ്യാഭ്യാസ ചാനല്‍ ആയി മാറുന്നത് 2006 ആഗസ്തില്‍ എം എ ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോഴാണ്. 2009 ല്‍ വിക്ടേഴ്സ് പ്രാദേശിക കേബിള്‍ ശൃംഖല ലഭ്യമാക്കുകയും സംപ്രേക്ഷണ സമയം 17 മണിക്കൂറിലേക്ക് ഉയര്‍ത്തുകയും ചെയ്തു.


അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരുന്ന സമയത്ത് 2015ല്‍ ചാനല്‍ അടച്ചുപൂട്ടി. സമഗ്ര പോര്‍ട്ടലുമായി ബന്ധിപ്പിച്ച് ചാനല്‍ പുതിയ രൂപത്തിലാക്കുകയും 24 മണിക്കൂറും ലഭ്യമായ ചാനലാക്കുകയും ചെയ്ത് വിക്ടേഴ്സിന് പുതുജീവന്‍ നല്‍കിയത് പിണറായി വിജയന്‍ മുഖ്യമന്ത്രിയും രവീന്ദ്രന്‍ മാഷ് വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുമായ കാലത്താണ്.


ഇതാണ് വാസ്തവമെന്നിരിക്കെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും നടത്തുന്ന പോസ്റ്റ് ട്രൂത്ത് നുണപ്രളയത്തെ കൂടി അതിജീവിക്കാന്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. $