മഹാമാരിയുടെ കാലത്തും വര്‍ഗീയ വൈറസിനെ പടര്‍ത്തുന്ന മോഡി സര്‍ക്കാര്‍

വി ബി പരമേശ്വരന്‍

എഴുപത്തഞ്ച് ദിവസത്തെ അടച്ചു പൂട്ടലിനു ശേഷം ജൂണ്‍ എട്ടിന് രാജ്യം ഘട്ടം ഘട്ടമായി തുറക്കുകയാണ്. അടച്ചിട്ട ആരാധനാലയങ്ങളും മാളുകളും പോലും ഇതോടെ തുറക്കും. ബാറുകളും വിദ്യാലയങ്ങളും അന്താരാഷ്ട്ര വിമാന സര്‍വീസും മാത്രമാണ് ഇനി തുറക്കാന്‍ ബാക്കിയുള്ളത്. കെറോണ വൈറസ് പരത്തുന്ന കോവിഡ് 19 രോഗ ബാധ പടരുന്നത് തടയുക ലക്ഷ്യമാക്കിയാണ് രാജ്യത്ത് മാര്‍ച്ച് 25 മുതല്‍ ലോക്ക് ഡൗണ്‍(അടച്ചു പൂട്ടല്‍) പ്രഖ്യാപിച്ചത്. 'മഹാഭാരത യുദ്ധം വിജയിച്ചത് 18 ദിവസം കൊണ്ടാണെങ്കില്‍ 21 ദിവസം കൊണ്ട് കോവിഡിനെതിരായ യുദ്ധത്തില്‍ വിജയിക്കുമെന്നായിരുന്നു' പ്രധാനമന്ത്രി മോഡി ലോക്ക്ഡൗണിന് നാല് മണിക്കൂര്‍ മുമ്പ് രാഷ്ട്രത്തോട് നടത്തിയ അഭിസംബോധനയില്‍ പറഞ്ഞത്. പ്രധാനമന്ത്രി ഇത് പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം വെറും 600 ആയിരുന്നു. എന്നാല്‍ ജൂണ്‍ അഞ്ചിന് ഇത് 2.35 ലക്ഷം കടന്നു. മരണമാകട്ടെ 6600 ആയി ഉയര്‍ന്നു. അതായത് പ്രധാനമന്ത്രി പ്രഖ്യാപിച്ച രോഗവ്യാപനം തടയുക എന്ന ലക്ഷ്യവും കോവിഡിനെതിരായ യുദ്ധം വിജയിക്കാനാകുമെന്ന പ്രഖ്യാപനവും ജലരേഖയായി തീര്‍ന്നുവെന്ന് അര്‍ഥം.


ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികള്‍ ഉള്ള  ആറാമത്തെ രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ദിവസേന ഏറ്റവും കുടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന മൂന്നാമത്തെ രാജ്യമാണിന്ന് ഇന്ത്യ. ബ്രസീലും അമേരിക്കയും മാത്രമാണ് ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ളത്. മൊത്തം രോഗികളുടെ എണ്ണം 13 - 14 ദിവസം കൊണ്ട് ഇരട്ടിക്കുന്ന രാജ്യമാണിന്ന് ഇന്ത്യ. ജൂണിലെ ആദ്യ ആറ് ദിവസങ്ങളില്‍ മാത്രം അരലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ 70 ശതമാനം രോഗികളും പത്ത് നഗരങ്ങളില്‍ നിന്നുള്ളവരാണ്. മുംബൈ, പൂണെ, ഡല്‍ഹി, ചെന്നൈ, അഹമ്മദാബാദ്, ഇന്‍ഡോര്‍, ഉജൈയിനി തുടങ്ങിയ നഗരങ്ങളിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. മരിക്കുന്നവരില്‍ 90 ശതമാനവും മഹാരാഷ്ട്ര, ഗുജറാത്ത്, ഡല്‍ഹി, മധ്യപ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്താന്‍, യുപി എന്നീ സംസ്ഥാനങ്ങളിലാണ്. ദക്ഷിണേന്ത്യയില്‍ രോഗ വ്യാപനമുണ്ടെങ്കിലും മരണനിരക്ക് കുറവാണ്. മൊത്തം മരണസംഖ്യയുടെ 8 ശതമാനം മാത്രമാണ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുള്ളത്. രോഗവ്യാപനം തടയുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും വിജയിച്ച സംസ്ഥാനമെന്ന ബഹുമതി കേരളത്തിനുള്ളതാണ്.


എഴുപത്തഞ്ച് ദിവസത്തെ അടച്ചുപൂട്ടലിനുശേഷവും രാജ്യത്ത് കൊവിഡ് വ്യാപനം കുറയ്ക്കാന്‍ എന്തുകൊണ്ടാണ് കഴിയാതിരുന്നത്? രോഗം അതിവേഗം പടരുമ്പോള്‍ അടച്ചുപൂട്ടല്‍ ഉപേക്ഷിക്കുന്നത് എന്തുകൊണ്ടാണ്? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുമ്പോഴാണ് വേണ്ടത്ര ഗൃഹപാഠം ചെയ്യാതെയാണ് സര്‍ക്കാര്‍ ലോക്ക് ഡൗണും അണ്‍ലോക്ക് ഡൗണും നടപ്പിലാക്കുന്നത് എന്നു മനസ്സിലാക്കാം. ജനകീയ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന മൂന്നു സംഘടനകള്‍ അടുത്തയിടെ പ്രധാനമന്ത്രിക്ക് അയച്ച സന്ദേശത്തില്‍ പറയുന്നത് വേണ്ടത്ര ആലോചനയില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതാണ് രോഗവ്യാപനത്തിന് പ്രധാനകാരണമെന്നാണ്.


മാര്‍ച്ച് 24 ന് അര്‍ധരാത്രി മുതലാണ് അടച്ചുപൂട്ടല്‍ നടപ്പില്‍ വന്നത്. അന്ന് രോഗവ്യാപനം വളരെ കുറഞ്ഞ സമയമായിരുന്നു. തുടക്കത്തില്‍ തന്നെ രാജ്യം അടച്ചുപൂട്ടി രോഗവ്യാപനം പകരുന്നത്  പൂര്‍ണമായും തടയാനാകുമെന്നായിരുന്നു സര്‍ക്കാര്‍ കണക്കുകൂട്ടിയത്. ആ ഘട്ടത്തില്‍ 14 കോടി വരുന്ന അതിഥിതൊഴിലാളികളെ സര്‍ക്കാര്‍ കണ്ടതേയില്ല. ഇവര്‍ക്ക് മുഴുവന്‍ ജോലി നഷ്ടപ്പെട്ടുവെന്നതാണ് വസ്തുത. മൂന്ന് ലക്ഷത്തോളം ഫാക്ടറികളാണ് അടഞ്ഞത്. ആറരക്കോടി മുതല്‍ ഏഴ് കോടി വരെയുള്ള ചെറുകിട ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഷട്ടറുകള്‍ താഴ്ത്തി. ഒമ്പത് കോടിയോളം കൂലിത്തൊഴിലാളികള്‍ക്ക് ജോലി നഷ്ടപ്പെട്ടു. രണ്ട് കോടിയോളം ശമ്പളം പറ്റുന്നവര്‍ക്കും തൊഴില്‍ നഷ്ടമായി. ഇത്രയും പേരോട് വീട്ടിലിരിക്കണമെന്നു പറഞ്ഞ സര്‍ക്കാര്‍ അവരെ വീട്ടിലിരുത്താനാവശ്യമായ പണമോ അവശ്യവസ്തുക്കളോ നല്‍കുന്നതിന് ഒരു നടപടിയും സ്വീകരിച്ചില്ല. ഡോ.ഡി സി എസ് റാവുവിനെ പോലുള്ള പൊതുജനാരോഗ്യ വിദഗ്ധര്‍ പറയുന്നത് അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച ഘട്ടത്തില്‍ തന്നെ അതിഥിതൊഴിലാളികളെ നാട്ടിലെത്തിച്ചിരുന്നുവെങ്കില്‍ രോഗവ്യാപനം ഇന്നു കാണുന്ന രീതിയില്‍ വ്യാപിക്കുമായിരുന്നില്ല എന്നാണ്. രോഗവ്യാപനം കുറഞ്ഞ ഘട്ടത്തില്‍ തന്നെ അതിഥിതൊഴിലാളികള്‍ ഗ്രാമങ്ങളില്‍ എത്തിയിരുന്നുവെങ്കില്‍ ഇന്നു കാണുന്ന രീതിയില്‍ രോഗം   ഗ്രാമങ്ങളിലേക്ക് പടരില്ലായിരുന്നു. ഒഡീഷ, ബിഹാര്‍ എന്നീ സംസ്ഥാനങ്ങളില്‍  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 75 - 80 ശതമാനം രോഗികളും ഗ്രാമങ്ങളിലുള്ളവരാണെന്നാണ് പുതിയ കണക്ക്. ഇതു തെളിയിക്കുന്നത് രോഗം നഗരങ്ങളില്‍ നിന്ന് അകലെയുള്ള ഗ്രാമങ്ങളിലേക്കും പടരുകയാണെന്നാണ്. ഈ ഘട്ടത്തിലാണ് അണ്‍ലോക്ക് ചെയ്യുന്നത്. സ്വാഭാവികമായും രോഗം കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിന് ഇത് സഹായിക്കുമെന്ന അഭിപ്രായമാണ് ആരോഗ്യ പ്രവര്‍ത്തകരടക്കം പങ്കുവെക്കുന്നത്. ലോക്ക്ഡൗണ്‍ കാലം പ്രതിരോധ പ്രവര്‍ത്തനം ശക്തമാക്കുന്നതിന് ഉപയോഗിച്ചില്ലെന്ന പരാതിയും വ്യാപകമാണ്.


രോഗം അതിവേഗം പടരുന്ന ഘട്ടത്തിലും കമ്പോളങ്ങളെല്ലാം തുറക്കുകയാണ്. അപ്പോഴും  ജനാധിപത്യത്തിന് പൂട്ടിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. പാര്‍ലമെന്‍റ് സമ്മേളനം വിളിച്ചുചേര്‍ക്കാനോ രാഷ്ട്രീയ പാര്‍ടികളുമായി ആശയ വിനിമയം നടത്തുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. പകര്‍ച്ചവ്യാധി സംബന്ധിച്ച് പ്രത്യേക നിയമനിര്‍മാണത്തിന്  പോലും മോഡി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. രോഗം സംബന്ധിച്ച വിവരങ്ങള്‍ പോലും മറച്ചുവെക്കപ്പെടുകയാണെന്ന പരാതി വ്യാപകമാണ്. തുടക്കത്തില്‍ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. ആരോഗ്യവകുപ്പ് ജോയിന്‍റ് സെക്രട്ടറി ലവ് അഗര്‍വാളായിരുന്നു ഈ വാര്‍ത്താസമ്മേളനം നടത്തിയിരുന്നത്. രോഗവ്യാപനം വര്‍ധിച്ചതോടെ ഈ വാര്‍ത്താസമ്മേളനം ഉപേക്ഷിക്കപ്പെട്ടു. ഗുജറാത്ത് സര്‍ക്കാരാകട്ടെ രോഗികളുടെ എണ്ണവും മരണം സംബന്ധിച്ച വിവരങ്ങളും പുറത്തുവിടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ്. കാര്യങ്ങള്‍ കൈവിട്ടുപോകുകയാണെന്ന സന്ദേശമാണ് ഇതൊക്കെ നല്‍കുന്നത്.


2005 ലെ ദുരന്ത നിവാരണ നിയമം അനുസരിച്ചാണ് ലോക്ക്ഡൗണ്‍പോലും പ്രഖ്യാപിച്ചിട്ടുള്ളത്.  ലോകത്തില്‍ കോവിഡ് വ്യാപനമുണ്ടായ ഭൂരിപക്ഷം രാഷ്ട്രങ്ങളും പാര്‍ലമെന്‍റ് സമ്മേളനംവിളിച്ചു ചേര്‍ത്ത് പകര്‍ച്ചവ്യാധി നിവാരണ നിയമം പാസ്സാക്കിയാണ് ലോക്ക്ഡൗണും മറ്റും പ്രഖ്യാപിച്ചിട്ടുള്ളത്. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അടുത്തറിയാനും തെറ്റുകള്‍ ചൂണ്ടിക്കാട്ടി തിരുത്താനും ജനാധിപത്യ വേദികള്‍ തുറക്കുന്നതിലൂടെ സാധിക്കും. രോഗവ്യാപനം ഏറ്റവും കൂടുതലുള്ള ഇംഗ്ലണ്ടും ഇറ്റലിയും പോലും പാര്‍ലമെന്‍റ് സമ്മേളനങ്ങള്‍ വിളിച്ചുചേര്‍ക്കുകയുണ്ടായി. പാര്‍ലമെന്‍റ് അംഗങ്ങളില്‍ പകുതി പേര്‍ പാര്‍ലമെന്‍റില്‍ നേരിട്ടെത്തിയും മറ്റുള്ളവര്‍ വീഡിയോ കോണ്‍ഫ്രന്‍സിലൂടെയുമാണ് പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇത്തരമൊരു രീതി ഇന്ത്യക്കും അവലംബിക്കാവുന്നതാണ്. പൂര്‍ണമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ സമ്മേളനം ചേര്‍ന്ന രാജ്യങ്ങളും ഉണ്ട്. കാനഡതന്നെ ഉദാഹരണം.  ഇന്ത്യന്‍ ഭരണഘടന വെര്‍ച്വല്‍ സമ്മേളനം അനുവദിക്കുന്നുമുണ്ട്. പ്രസിഡന്‍റ് തീരുമാനിക്കുന്ന സമയത്തും സ്ഥലത്തും സമ്മേളനം ചേരാവുന്നതാണ് എന്നാണ് ഭരണഘടന പറയുന്നത്. ജനാധിപത്യ പ്രക്രിയക്ക് താഴിടുമ്പോഴും വര്‍ഗീയ ഫാസിസ്റ്റ് അജന്‍ഡ നടപ്പാക്കുന്നതില്‍ ഒരു കുറവും മോഡി സര്‍ക്കാരും ഭരണകക്ഷിയും കാട്ടുന്നുമില്ല. ഭീം കൊറേഗാവ് കേസില്‍ ഗൗതം നവ്ലേഖയെയും തെല്‍തുംബ്ഡെയെയും ജയിലയിടച്ചതും പൗരവകാശ നിയമത്തിനെതിരെ പോരാടിയ വിദ്യാര്‍ഥിനികള്‍ ഉള്‍പ്പെടെയുള്ളവരെ യുഎപിഎ കേസില്‍ പെടുത്തി അറസ്റ്റ് ചെയ്തതും മറ്റും ഉദാഹരണം. അതിലെ ഏറ്റവും അവസാനത്തെ കണ്ണിയാണ് മണ്ണാര്‍ക്കാട് സ്ഫോടകവസ്തു ഉപയോഗിച്ച് ഗര്‍ഭിണിയായ ആനയെ വധിച്ച സംഭവത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ സംഘപരിവാര്‍ നടത്തിയ ശ്രമം. മഹാമാരിയെപ്പോലും വര്‍ഗീയ വൈറസ് പരത്താനുള്ള അവസരമായി ഉപയോഗിക്കപ്പെടുകയാണിന്ന്. മഹാമാരി തടയുന്നതിലല്ല മറിച്ച് വര്‍ഗീയ വൈറസിനെ പടര്‍ത്തുന്നതിലാണ് കേന്ദ്ര സര്‍ക്കാരും കേന്ദ്ര ഭരണകക്ഷിയും ഏര്‍പ്പെട്ടിരിക്കുന്നത്. രാജ്യം നേരിടുന്ന ഏറ്റവും വലിയ ദുരന്തവും ഇതു തന്നെയാണ്.