ജനശത്രുക്കളുടെ മനസ്സില്‍ ഭയം വിതച്ച് നേടിയ വിജയം -2

വിജൂ കൃഷ്ണന്‍

ദ്യ ദിവസം മുതല്‍ തന്നെ കര്‍ഷക ജനതയുടെ മുന്നോട്ടേക്കുള്ള മാര്‍ച്ചിനെ അടിച്ചമര്‍ത്താനുള്ള എല്ലാ ശ്രമങ്ങളും ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്നുണ്ടായി. ദ്വിമുഖമായ കടന്നാക്രമണമാണ് നടത്തിയത്. ഭരണകൂടത്തിന്‍റെ മര്‍ദന സംവിധാനങ്ങളുപയോഗിച്ച് സമരത്തെ കായികമായി അടിച്ചമര്‍ത്താന്‍ നടത്തിയ നീക്കങ്ങളായിരുന്നു ഒന്ന്;  ഭരണകൂടത്തിന്‍റെ പ്രചാരണ സംവിധാനങ്ങളുപയോഗിച്ച്, പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അപവാദങ്ങളും അധിക്ഷേപങ്ങളും ചൊരിയുകയെന്നതായിരുന്നു മറ്റൊന്ന്; പ്രധാനമന്ത്രി തന്നെയായിരുന്നു ഈ അപവാദ പ്രചാരണത്തിന് നേതൃത്വം നല്‍കിയത്. മാര്‍ച്ച് ചെയ്തു വരുന്ന കര്‍ഷകരെ തടയുന്നതിനായി ഹൈവേയില്‍ വലിയ ആഴമുള്ള കിടങ്ങുകള്‍ കുഴിക്കുകയും ഭീമന്‍ ഷിപ്പിങ് കണ്ടെയ്നറുകളും കോണ്‍ക്രീറ്റ് ബ്ലോക്കുകളും കൊണ്ടിടുകയും ചെയ്തു. സമാധാനപരമായി മാര്‍ച്ചു ചെയ്തുകൊണ്ടിരുന്ന മനുഷ്യരെ ഡല്‍ഹിയില്‍ എത്തുന്നത് തടയുന്നതിനായി ബാരിക്കേഡുകളും മുള്ളുവേലികളും ജലപീരങ്കികളും ടിയര്‍ ഗ്യാസും ലാത്തിച്ചാര്‍ജ്ജുമെല്ലാം ഉപയോഗിച്ചു. ലക്ഷക്കണക്കിന് കര്‍ഷകരാണ് തങ്ങളുടെ കുടുംബങ്ങള്‍ക്കൊപ്പം ഈ പ്രതിബന്ധങ്ങളെല്ലാം തരണം ചെയ്യുകയും ദേശീയ തലസ്ഥാനത്തിന്‍റെ അതിര്‍ത്തികള്‍ അധീനത്തിലാക്കുകയും ചെയ്തത്. പ്രതിഷേധ സമരം നടക്കുന്ന പ്രദേശത്തിനു ചുറ്റുവട്ടത്തുള്ള താമസക്കാരെ ബുദ്ധിമുട്ടിക്കുകയും കൃഷിക്കാര്‍ക്കെതിരെ അവരെ തിരിച്ചുവിടുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ ഇടറോഡുകള്‍ ബ്ലോക്കു ചെയ്തും വാഹനങ്ങളെ വഴിതിരിച്ചുവിട്ടും ബോധപൂര്‍വം ഗതാഗത തടസ്സങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു പൊലീസിന്‍റെ അടുത്ത നടപടി. പരമ്പരാഗതരീതിയായ ബാരിക്കേഡുകള്‍ കൂടാതെ ജയ്പ്പൂര്‍ - ഡല്‍ഹി നാഷണല്‍ ഹൈവേയില്‍ കോണ്‍ക്രീറ്റ് ബ്ലോക്കുകള്‍ ഉപയോഗിച്ച് ഭിത്തികള്‍ കെട്ടി ഉയര്‍ത്തുകയും ഹൈവേയില്‍ തങ്ങളുടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ട് റോഡുകളില്‍ മാര്‍ഗതടസ്സം സൃഷ്ടിക്കുന്നതിന് ട്രക്ക് ഡ്രൈവര്‍മാരെ നിര്‍ബന്ധിതരാക്കുകയും ചെയ്തു. പല അതിര്‍ത്തികളിലും കര്‍ഷകരെ പ്രകോപിപ്പിക്കുന്നതിന് പൊലീസ് ഏജന്‍റുമാരെ ഉപയോഗിച്ചു; പ്രക്ഷോഭകരായ കര്‍ഷകര്‍ പിടികൂടിയ അത്തരക്കാരില്‍ പലരും അവകാശപ്പെട്ടത് തങ്ങളെ പൊലീസ് തന്നെയാണ് റിക്രൂട്ട് ചെയ്ത് അയച്ചത് എന്നാണ്.  ഓരോ ദിവസവും വെളിപ്പെട്ടുകൊണ്ടിരുന്നത് എത്രമാത്രം പുതിയ പുതിയ ക്രൂരതകളാണ് അവര്‍ക്ക് നേരിടേണ്ടിവന്നത് എന്ന കാര്യമാണ് - റോഡുകളില്‍ കൂറ്റന്‍ ഉരുക്ക് കുറ്റികള്‍ സ്ഥാപിക്കല്‍, ഹൈവേകളില്‍ കോണ്‍ക്രീറ്റ് ഭിത്തികള്‍ കെട്ടി ഉയര്‍ത്തല്‍, സമരവേദികളെ തുറന്ന ജയിലുകളാക്കി മാറ്റുന്നതിനുള്ള നീക്കത്തിന്‍റെ ഭാഗമായി രണ്ട് ശത്രുരാജ്യങ്ങള്‍ക്കിടയിലെ അതിര്‍ത്തിയിലെന്നപോലെ മുള്ളുവേലികള്‍ സ്ഥാപിക്കല്‍. കീഴടങ്ങുന്നതിന് കര്‍ഷകരെ നിര്‍ബന്ധിതരാക്കാനുള്ള നീക്കത്തില്‍ വെള്ളവും വൈദ്യുതിയും ഇന്‍റര്‍നെറ്റുമെല്ലാം വിച്ഛേദിച്ചു; കര്‍ഷകരെ ഭീകരവാദികളെന്നും ദേശവിരുദ്ധരെന്നും ഖലിസ്താനികളെന്നും പാകിസ്താന്‍ ഏജന്‍റുമാരെന്നും ചൈനീസ് ഏജന്‍റുമാരെന്നും കൊള്ളക്കാരെന്നും അര്‍ബന്‍ നക്സലുകളെന്നുമെല്ലാം മുദ്രകുത്തി. പ്രധാനമന്ത്രി അവരെ ഇത്തിള്‍ക്കണ്ണികളെന്നും ആന്ദോളന്‍ ജീവികളെന്നും (പ്രതിഷേധം നടത്തി ജീവിക്കുന്നവര്‍) വിളിച്ച് ആക്ഷേപിച്ചു. ഗോദിമാധ്യമങ്ങള്‍ (ഓമനിച്ചു വളര്‍ത്തുന്ന മാധ്യമങ്ങള്‍) ഇത്തരം കാംപെയ്നുകള്‍ ഒന്നൊഴിയാതെ ഒപ്പിയെടുത്ത് പ്രചരിപ്പിക്കുകയും ഇത്തരം കഥകള്‍ മെനയാന്‍ രാപകല്‍ പണിയെടുക്കുകയും ചെയ്തു.

തടസ്സങ്ങള്‍ തട്ടിനീക്കി, പാലങ്ങള്‍ നിര്‍മിച്ച്, 
അങ്കങ്ങള്‍ ജയിച്ച്

സംയുക്ത സമരത്തെ അടിച്ചമര്‍ത്താനായി ഗതികെട്ട നീക്കങ്ങള്‍ തേടിക്കൊണ്ടിരുന്ന ക്ഷമ നശിച്ച ഭരണവര്‍ഗങ്ങളില്‍നിന്ന് തികച്ചും വ്യത്യസ്തമായി കൃഷിക്കാര്‍ സ്വാഭാവികമായ ഒരു പോരാട്ടമാണ് നടത്തിയത്; പെട്ടെന്നുതന്നെയുള്ള പരിഹാരത്തിനായി നോക്കുകയും കയ്യോടെ ഫലം ഉണ്ടാകുന്നില്ലെങ്കില്‍ വളരെ എളുപ്പം വ്യാമോഹ വിമുക്തി നേടുകയും ചെയ്യുന്ന  ഒരു ലോകത്തിന് ബുദ്ധിമുട്ടുകളില്‍നിന്ന് മോചനം നേടുന്നതിനുള്ള അനുഭവപാഠങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണിത്. കര്‍ഷകജനതയുടെ അസംഖ്യം സംഘടനകളും വിദ്യാര്‍ഥി വിഭാഗങ്ങളും ഈ മൂന്നു നിയമങ്ങളുടെ പ്രതികൂലമായ അനന്തരഫലങ്ങളെ സംബന്ധിച്ച് ബഹുജനങ്ങളെയാകെ പഠിപ്പിക്കുന്നതിനുള്ള വമ്പിച്ച ഒരു കാംപെയ്ന്‍ നടത്തുകയുണ്ടായി. ലോക്ഡൗണും മഹാമാരിയെക്കുറിച്ചുള്ള ഭയവും ഉണ്ടായിട്ടും എഐകെഎസിന്‍റെയും മറ്റു സംഘടനകളുടെയും പ്രവര്‍ത്തകര്‍ ഗ്രാമങ്ങളിലേക്കു പോയി. ബിജെപി ഗവണ്‍മെന്‍റും കോര്‍പ്പറേറ്റ് മാധ്യമങ്ങളും പ്രചരിപ്പിക്കുന്ന പച്ചക്കള്ളങ്ങളെല്ലാം പൊളിച്ചടുക്കുന്നതിനായി വിദ്യാര്‍ഥികളും യുവജനങ്ങളും മുന്നോട്ടുവന്നു. ഇന്നേവരെ ഒരു പ്രചരണവും എത്തിക്കാന്‍ കഴിയാതിരുന്ന വിഭാഗങ്ങളിലേക്ക് എത്തിച്ചേരാന്‍ എല്ലാ സംഘടനകളും ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുകയും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുകയും ചെയ്തു. എഐകെഎസ് തയ്യാറാക്കിയ ലഘുലേഖകളും മറ്റും രാജ്യത്തെ എല്ലാ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തി. എഐകെഎസും സിഐടിയുവും കര്‍ഷകത്തൊഴിലാളി യൂണിയനും ഒന്നിച്ചു നടത്തിയ കാംപെയ്നുകള്‍ ഇന്ത്യയുടെ മുക്കിലും മൂലയിലും വരെ എത്തി. ആന്ധ്രാപ്രദേശില്‍ മാത്രം കാര്‍ഷിക നിയമങ്ങളുടെയും ലേബര്‍ കോഡുകളുടെയും പ്രതികൂലമായ അനന്തരഫലങ്ങളെയും സമരത്തിന്‍റെ മറ്റാവശ്യങ്ങളെയുംകുറിച്ച് വിശദീകരിക്കുന്ന 30 ലക്ഷം ലഘുലേഖകളുമായി 12,000ത്തിലധികം ഗ്രാമങ്ങളില്‍ കാംപെയ്ന്‍ നടത്തി. അത് സൃഷ്ടിച്ച ഇളക്കം അഞ്ഞൂറിലധികമുള്ള സംഘടനകളുടെ അനുഭവസമ്പന്നരായ നേതൃത്വത്തിനുപോലും ഗ്രഹിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. റിപ്പബ്ലിക് ദിന ട്രാക്ടര്‍ പരേഡിനു മുന്നോടിയായി 2021 ജനുവരിയിലെ ആദ്യവാരത്തില്‍ അതിന്‍റെ ഒരു റിഹേഴ്സല്‍ നടത്തി. ഹരിയാനയിലെ എഐകെഎസ് ഘടകം റിപ്പോര്‍ട്ടു ചെയ്തത് അതിന്‍റെ ബാനറിനുപിന്നില്‍ 150 ട്രാക്ടറുകള്‍ പങ്കെടുക്കുമെന്നാണ്; നൂറെണ്ണത്തെ അണിനിരത്താന്‍ കഴിഞ്ഞാല്‍ തന്നെ അത് മികച്ച പ്രകടനമായി കരുതപ്പെടുമെന്നിരിക്കെയാണിത്. ഒടുവില്‍ 480 തിലധികം ട്രാക്ടറുകള്‍ കിസാന്‍സഭയുടെ ചെങ്കൊടിക്കൊപ്പം അണിനിരന്നു. റിപ്പബ്ലിക് ദിനത്തില്‍ പല അതിര്‍ത്തികളിലായി അയ്യായിരത്തിലധികം ട്രാക്ടറുകള്‍ ചെങ്കൊടിയുമായി പങ്കെടുത്തു. ഡല്‍ഹിക്കു ചുറ്റും രാജ്യത്തുടനീളവും വമ്പിച്ച കിസാന്‍- മസ്ദൂര്‍ (തൊഴിലാളി - കര്‍ഷക) ട്രാക്ടര്‍ പരേഡിനായി ആസൂത്രണം ചെയ്യുന്നതിന്‍റെയും അത് സംഘടിപ്പിക്കുന്നതിന്‍റെയും മുന്‍നിരയില്‍ തന്നെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെയും എഐകെഎസ്സിസിയുടെയും മുഖ്യഘടകങ്ങളിലൊന്നായ എഐകെഎസ് ഉണ്ടായിരുന്നു. രാജ്യത്തുടനീളം സാന്നിധ്യമുള്ള ചുരുക്കം ചില സംഘടനകളില്‍ ഒന്നെന്ന നിലയില്‍ എഐകെഎസ് കര്‍ഷകത്തൊഴിലാളികളുടെയും തൊഴിലാളിവര്‍ഗത്തിന്‍റെയും സ്ത്രീകളുടെയും വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും ദളിതരുടെയും ആദിവാസികളുടെയുമെല്ലാം സഹോദര സംഘടനകളുമായി ഏകോപിച്ച് പ്രതിഷേധത്തിന്‍റെ അനുപമമായ രൂപത്തെ വിജയിപ്പിക്കാനായി പ്രവര്‍ത്തിച്ചു. ഗ്രാമങ്ങളാകെ പ്രതിഷേധത്തില്‍ ഉണര്‍ന്നെണീറ്റു; തൊഴിലാളി - കര്‍ഷക ട്രാക്ടര്‍ പരേഡില്‍ പങ്കാളികളായി. റിപ്പബ്ലിക് ദിനത്തിന്‍റെ ഏറ്റവും സമാധാനപരമായ ഈ ആഘോഷത്തില്‍, ബിജെപി ഗവണ്‍മെന്‍റിന്‍റെ, കോര്‍പ്പറേറ്റ് അനുകൂല നയങ്ങള്‍ക്കെതിരായ അതിവിശാലമായ ഈ ചെറുത്തുനില്‍പ്പില്‍ റിക്കാര്‍ഡ് പങ്കാളിത്തം ഉറപ്പാക്കുന്നതിന് സംയുക്ത കിസാന്‍ മോര്‍ച്ചയിലെയും എഐകെഎസ്സിസിയിലെയും മറ്റു ഘടക സംഘടനകളുമായി ഏകോപിച്ച് എഐകെഎസ് പ്രവര്‍ത്തിച്ചു.

ഒന്നരലക്ഷത്തിലധികം കൊടികളാണ് എഐകെഎസ് സെന്‍ററില്‍നിന്നും അച്ചടിച്ചത്; സംസ്ഥാനങ്ങള്‍ അതിലേറെയും അച്ചടിച്ചു. ഒരുലക്ഷം ബാഡ്ജുകളാണുണ്ടാക്കിയത്. ഓരോ കര്‍ഷകനും അതന്വേഷിച്ചെത്തുകയും അഭിമാനപൂര്‍വം അത് ധരിക്കുകയും ചെയ്തു. അസംഖ്യം സംഘടനകളുടെയും അവരുടെ പരിശ്രമങ്ങളുടെയും ഒന്നിച്ചുള്ള ഫലം, തൊഴിലാളിവര്‍ഗത്തിന്‍റെയും സമൂഹത്തിലെ മറ്റു വിഭാഗങ്ങളുടെയും കൂട്ടായ പരിശ്രമത്തിന്‍റെ ഫലം സമരത്തിന്‍റെ അനന്തരഫലത്തെ പല മടങ്ങ് വര്‍ധിപ്പിച്ചു. രാജ്യത്തുടനീളം നടന്ന കിസാന്‍ മഹാപഞ്ചായത്തുകളും ട്രാക്ടര്‍ റാലികളും രാഷ്ട്രത്തെയാകെ രോമാഞ്ചമണിയിച്ചു. ഇടതുപക്ഷത്തിന്‍റെ ശക്തമായ സാന്നിധ്യം അറിയപ്പെടാതിരുന്ന സംസ്ഥാനമായ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗര്‍ കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്തില്‍ ബുലന്ദ്ഷഹറില്‍ നിന്നുമാത്രം 91 ബസ് നിറയെ ആളുകള്‍ എഐകെഎസ് ബാനറിനു കീഴില്‍ എത്തി; ഉത്തര്‍പ്രദേശിന്‍റെ മറ്റു ഭാഗങ്ങളില്‍നിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നുമായി എഐകെഎസിന്‍റെ ചെങ്കൊടിയുമേന്തി അണിനിരന്നത് 20,000ത്തിലധികം ആളുകളാണ്.

സിഖ് ഗുരുദാ്വരകളോ വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളോ സ്ഥാപിച്ച ലാങ്കാറുകളോ സമൂഹ അടുക്കളകളോ ആണ് സമരത്തില്‍ പങ്കെടുക്കുന്ന ഒരാളും പട്ടിണികിടക്കില്ലെന്ന് ഉറപ്പാക്കിയത്. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ 2021 ഡിസംബര്‍ 13 മുതല്‍ സമരം വിജയകരമായി അവസാനിക്കുന്നതുവരെ ഇത്തരത്തിലൊരു അടുക്കള സംഘടിപ്പിച്ചത് കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവും സിപിഐ എമ്മിന്‍റെ മുന്‍ എംഎല്‍എയുമായ പവന്‍ ദുഗ്ഗല്‍ ആയിരുന്നു; അത് നിര്‍ണായകമായ പങ്കാണ് വഹിച്ചത്. ജിന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഇത്തരത്തിലുള്ള മറ്റൊരു അടുക്കള പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ വന്നും പോയും നിന്ന എല്ലാ ആളുകള്‍ക്കും ഭക്ഷണം വിളമ്പുന്നുവെന്ന് ഉറപ്പാക്കി. വിവിധ ധാബകളുടെ (വഴിയോര ചായക്കടകളുടെ) ഉടമസ്ഥരും അടുത്തുള്ള ഗ്രാമങ്ങളും കടയുടമസ്ഥരും ഒപ്പം അണിനിരന്നു. കേരളത്തിലെ കോറമ്പാടം സര്‍വീസ് സഹകരണ സംഘം ഒരു ടണ്ണിലധികം ഭക്ഷ്യസാധനങ്ങള്‍ നല്‍കി. വിദ്യാഭ്യാസത്തിനും തൊഴിലിനുമായി വിദേശത്തുപോയിരിക്കുന്ന ഇന്ത്യക്കാര്‍ ഭക്ഷ്യധാന്യങ്ങളും ബ്ലാങ്കറ്റുകളും ടെന്‍റുകളും സംഭാവന നല്‍കി. "രാജ്യത്തിന് ഭക്ഷണം നല്‍കുന്നവര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍"എന്നതായിരുന്നു ബ്രിട്ടനിലെ സഖാക്കള്‍ നടത്തിയ ഒരു കാംപെയ്ന്‍. ഡിവൈഎഫ്ഐയും എസ്എഫ്ഐയും ബ്ലാങ്കറ്റുകളും ബെഡ്ഷീറ്റുകളും സംഭാവന ചെയ്തു. മേവാത്തിലെ ആളുകള്‍ ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ ഒരു ചായക്കട സ്ഥാപിച്ചത് അവസാനംവരെ മുടക്കംകൂടാതെ പ്രവര്‍ത്തിച്ചു. കര്‍ഷകരോടുള്ള ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി റിട്ടയര്‍ ചെയ്ത സൈനികരും കായികതാരങ്ങളും തങ്ങളുടെ മെഡലുകള്‍ ഉപേക്ഷിച്ചു. പഞ്ചാബില്‍നിന്നുള്ള നിരവധി ഗായകര്‍ കര്‍ഷകര്‍ക്ക് പിന്തുണയായി തങ്ങളുടെ ഗാനങ്ങളുമായി സമരവേദികളിലെത്തി; അവ അതിവേഗം ജനപ്രിയമായി മാറുകയും ജനങ്ങളെ സമരവേദികളിലേക്ക് ആകര്‍ഷിക്കുകയും ചെയ്തു. കേരളത്തില്‍നിന്നുള്ള ഊരാളി എന്ന ജനകീയ ഗായക സംഘം തങ്ങളുടെ ഗാനങ്ങളുമായി സമരവേദികളിലെത്തി ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. കര്‍ഷകരെയും അവരുടെ കുടുംബങ്ങളെയും ആവേശം കൊള്ളിച്ചുകൊണ്ട് ജനത്തിന്‍റെയും ദസ്തക്കിന്‍റെയും പ്രവര്‍ത്തകര്‍ സമരവേദികളില്‍ സ്ഥിരമായി എത്തി. 80 വയസ്സുകഴിഞ്ഞ പ്രമുഖ സാമൂഹിക പ്രവര്‍ത്തക ദയാബായി അതിര്‍ത്തിയിലെ വിവിധ സമരവേദികളില്‍ വീണ്ടും വീണ്ടും എത്തുകയും അവസാനം ഷാജഹാന്‍പൂരില്‍ സ്ഥിരമായി നിലയുറപ്പിക്കുകയും അവരുടെ നാടകങ്ങള്‍ അവതരിപ്പിച്ച് ക്യാമ്പിലെ യുവജനങ്ങളെ ആവേശഭരിതരാക്കുകയും ചെയ്തു. നാഗരാജ് കല്‍ക്കുടാഗര്‍ എന്ന കര്‍ണാടകത്തില്‍നിന്നുള്ള യുവ എന്‍ജിനീയര്‍ കൃഷിക്കാരോടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് 196 ദിവസം കൊണ്ട് 540 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ബംഗളൂരുവില്‍ നിന്ന് ഡല്‍ഹിയിലെ സമരവേദിയിലെത്തി. ഈ സമരം കെട്ടഴിച്ചുവിട്ട ഉറവവറ്റാത്ത ഊര്‍ജ്ജം ഒട്ടേറെ ശ്രദ്ധേയമായ ഓര്‍മക്കുറിപ്പുകള്‍ സൃഷ്ടിച്ചിട്ടുണ്ട്.


അഖിലേന്ത്യാ കിസാന്‍ സഭ (എഐകെഎസ്) കര്‍ഷക പ്രക്ഷോഭത്തെ അഖിലേന്ത്യാ സമരമാക്കി മാറ്റുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തി; സിഐടിയുവിന്‍റെയും കര്‍ഷകത്തൊഴിലാളി യൂണിയന്‍റെയും മറ്റു സഹോദര ബഹുജന സംഘടനകളുടെയും സജീവ പങ്കാളിത്തത്തോടെ എല്ലാ സംസ്ഥാനങ്ങളിലും നിരന്തരം സമരപരിപാടികള്‍ സംഘടിപ്പിച്ചു. ഷാജഹാന്‍പൂര്‍ അതിര്‍ത്തി ഒരു 'മിനി ഇന്ത്യ'യായി മാറി; ഇന്ത്യയിലുടനീളമുള്ള ആളുകള്‍ അവിടെ എത്തുകയും സമരമുന്നണി ശക്തിപ്പെടുത്തുകയും ചെയ്തു. കിസാന്‍ ലോങ്മാര്‍ച്ചിലെ ധീര നായകര്‍ നിരവധി വാഹനങ്ങളിലായി നാസിക്കില്‍ നിന്നും മറ്റു സ്ഥലങ്ങളില്‍ നിന്നും ഡല്‍ഹിയില്‍ എത്തി നൂറുകണക്കിനാളുകളാകണ് ഈ ദൂരമത്രയും പിന്നിട്ട് ഡല്‍ഹിയിലെത്തിയത്. കേരളത്തില്‍നിന്ന്, ഇന്ത്യയുടെ തെക്കേയറ്റത്തുനിന്ന് ആയിരത്തിലേറെ ആളുകള്‍ നിരവധി ബസ്സുകളിലായി എത്തിച്ചേര്‍ന്നു; സമരമുന്നണിയിലെ മുഖ്യആശ്രയമായ രാജസ്താനില്‍ നിന്നും ഹരിയാനയില്‍നിന്നുമുള്ള സഖാക്കള്‍ക്കു പുറമെ ജമ്മുകാശ്മീര്‍, പശ്ചിമബംഗാള്‍, ആസാം, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടകം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നും ആളുകള്‍ എത്തി. ഗുജറാത്തില്‍നിന്നുള്ള ആവേശഭരിതരായ ഒരു സംഘം സഖാക്കള്‍ക്ക്, അറസ്റ്റ് ഒഴിവാക്കുകയും  വീടുകളില്‍ തടഞ്ഞുവയ്ക്കാനുള്ള പൊലീസിന്‍റെ നീക്കങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യുന്നതിനുവേണ്ടി രാജസ്താനിലെ ഉദയ്പ്പൂരില്‍ എത്തിയ ശേഷം വളഞ്ഞുചുറ്റി വരേണ്ടതായി വന്നു. ഏറ്റവുമധികം ജനപങ്കാളിത്തമുണ്ടായിരുന്ന സിംഘു അതിര്‍ത്തിയിലും തിക്രി അതിര്‍ത്തിയിലും സമരത്തിന്‍റെ നട്ടെല്ലായിരുന്ന പഞ്ചാബില്‍നിന്നും ഹരിയാനയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ചെങ്കൊടി, സദാ പറപ്പിച്ചുകൊണ്ടിരുന്നു. ഹിമാചല്‍പ്രദേശ്, ആസാം, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും തമിഴ്നാട് വിവസായികള്‍ സംഘത്തിന്‍റെയും ട്രാന്‍സ്പോര്‍ട്ട് തൊഴിലാളികളുടെയും 500ല്‍ അധികം പ്രവര്‍ത്തകര്‍ വീതമുള്ള രണ്ടു പ്രത്യേക ബാച്ചുകളും കുറച്ചേറെക്കാലം സമരത്തില്‍ അണിനിരന്നു. ഘാസിപ്പൂര്‍ സമരമുന്നണി സജീവമായിരുന്നത് ഉത്തര്‍പ്രദേശ് കിസാന്‍ സഭയുടെയും ഉത്തരാഖണ്ഡ് കിസാന്‍സഭയുടെയും ബിഹാറില്‍നിന്നുള്ള നൂറുകണക്കിനു സഖാക്കളുടെയും ശക്തമായ സാന്നിധ്യം കൊണ്ടായിരുന്നു. പല്‍വാര്‍ സമരമുന്നണി സജീവമാക്കിയിരുന്നത് പ്രധാനമായും ഹരിയാന കിസാന്‍ സഭയുടെയും ഉത്തര്‍പ്രദേശ് കിസാന്‍സഭയുടെയും ശ്രമഫലമായിരുന്നു; മധ്യപ്രദേശില്‍നിന്നും ഛത്തീസ്ഗഢില്‍നിന്നും ഒഡീഷയില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ ഇതിന് കരുത്തു കൂട്ടുകയും ചെയ്തു. മേവാത്ത് സമരമുന്നണിയില്‍ പ്രധാനമായും പ്രാദേശിക ജനതയാണുണ്ടായിരുന്നത്; മറ്റു സംഘടനകളിലെ സഖാക്കള്‍ തങ്ങളുടെ പങ്കാളിത്തം കൊണ്ട് അതിന് കരുത്തു പകര്‍ന്നു. അംഗന്‍വാടി തൊഴിലാളികളും സ്ത്രീകളും എല്ലാ സമരവേദികളിലും വലിയ അളവില്‍ വന്നിരുന്നു. കര്‍ഷക സ്ത്രീകളുടെ വന്‍തോതിലുള്ള പങ്കാളിത്തം ഈ സമരത്തിലെ നിര്‍ണായകമായ ഒരു ഘടകമായിരുന്നു; പഞ്ചാബിലെയും ഹരിയാനയിലെയും പല സംഘടനകളും ഫലപ്രദമായവിധം ഇത്തരത്തില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി.


സജീവമായ തൊഴിലാളി-കര്‍ഷക ഐക്യത്തിന്‍റെ ഉത്തമദൃഷ്ടാന്തമാണ് ഐതിഹാസികമായ ഈ കര്‍ഷകസമരം. സമരസഹായ പ്രവര്‍ത്തനങ്ങളിലും ഐക്യദാര്‍ഢ്യപ്രകടനങ്ങളിലും ഒതുങ്ങുന്നതായിരുന്നില്ല തൊഴിലാളികളുടെ, പ്രത്യേകിച്ചും സിഐടിയു അംഗങ്ങളായവരുടെ, ഈ സമരത്തിലെ ഇടപെടല്‍. അസംഘടിതമേഖലകളില്‍പെട്ടവരും സ്കീം തൊഴിലാളികളും സമരത്തിന്‍റെ ആദ്യദിനം മുതല്‍ വിജയകരമായ പര്യവസാനംവരെ സമരവേദികളില്‍ വലിയതോതില്‍ പങ്കെടുത്തിരുന്നു. സമരത്തിനാവശ്യമായ ഫണ്ട് സമാഹരിച്ച് എത്തിക്കുന്നതിലും ശ്രദ്ധേയമായ പങ്കാണ് തൊഴിലാളികള്‍ വഹിച്ചത്. എല്ലാ വിഭാഗങ്ങളിലുംപെട്ട അധ്വാനിക്കുന്നവരുടെ സ്ത്രീ - പുരുഷഭേദമെന്യേയുള്ള വലിയൊരു മുന്നേറ്റത്തിനാണ് മഹത്തായ ഈ സമരം സാക്ഷ്യം വഹിച്ചത്.

സമരവേദികളിലെ കര്‍ഷകര്‍ മഹത്തായ ത്യാഗങ്ങളാണ് സഹിച്ചത്. തങ്ങളുടെ വീടുകളിലെ സുഖ സൗകര്യങ്ങളെല്ലാം ഉപേക്ഷിച്ചാണ്  അവര്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സമരത്തിനെത്തിയത്; ചെറുപ്പക്കാരും വൃദ്ധരുമെല്ലാം തങ്ങളുടെ ഭാവി അപകടത്തിലാണെന്ന് ബോധ്യപ്പെട്ട് സമരത്തിലേര്‍പ്പെടുകയായിരുന്നു. കാലം തെറ്റിയ കനത്തമഴയും മൂടല്‍മഞ്ഞും കാറ്റും ഉള്‍പ്പെടെ കൊടും തണ്ണുപ്പും പോലെയുള്ള തീവ്രമായ കാലാവസ്ഥ, പ്രശ്നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കി. ഷാജഹാന്‍പൂര്‍ അതിര്‍ത്തിയില്‍ ചുരുങ്ങിയത് മൂന്ന് സന്ദര്‍ഭങ്ങളിലെങ്കിലും രൂക്ഷമായ കാറ്റില്‍ ടെന്‍റുകളെല്ലാം നശിക്കുകയുണ്ടായി; അതിന്‍റെ അവശിഷ്ടങ്ങള്‍ ഏതാനും കിലോമീറ്റര്‍ അകലെയാണ് കണ്ടെത്തിയത്. എല്ലാ സമരവേദികളും കനത്ത മഴയില്‍പ്പെട്ട് അവരുടെ സാധനസാമഗ്രികളാകെ വെള്ളത്തില്‍ മുങ്ങി. എന്നിട്ടും കാര്യങ്ങള്‍ മെച്ചപ്പെട്ട ആദ്യ നിമിഷം തന്നെ അല്‍പ്പവും വൈകാതെ പഴയതുപോലെ ടെന്‍റുകള്‍ ഉയര്‍ന്നുപൊങ്ങിയത് കര്‍ഷകജനതയുടെ സമരശേഷിയുടെ സാക്ഷ്യപത്രമാണ്; ബഹുജനങ്ങളില്‍നിന്നുണ്ടായ സങ്കല്‍പ്പാതീതമായ ഐക്യദാര്‍ഢ്യത്തിന്‍റെ സാക്ഷ്യപത്രവുമാണത്.

മുന്‍പൊരിക്കലും ഉണ്ടായിട്ടില്ലാത്തത്ര സാര്‍വദേശീയ 
ഐക്യദാര്‍ഢ്യപ്രക്ഷോഭം

ആഗോളതലത്തില്‍ തന്നെ ഈ സമരത്തിന് അഭൂതപൂര്‍വമായ പിന്തുണയാണ് ലഭിച്ചത്; വിദേശ ഇന്ത്യക്കാരില്‍നിന്നു മാത്രമല്ല, മറിച്ച് തൊഴിലാളികളും കര്‍ഷകരും ട്രേഡ് യൂണിയനുകളും ആക്ടിവിസ്റ്റുകളും വിദ്യാര്‍ഥികളും  സര്‍വകലാശാലകളും രാഷ്ട്രത്തലവന്മാരും രാഷ്ട്രീയ പാര്‍ടികളും ഉള്‍പ്പെടെ സമൂഹത്തിലെ വിപുലമായ വിഭാഗങ്ങളില്‍നിന്നുള്ള പിന്തുണയാണുണ്ടായത്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂണിയന്‍സ്, ട്രേഡ് യൂണിയന്‍ ഇന്‍റര്‍നാഷണല്‍ ഇന്‍ അഗ്രികള്‍ച്ചര്‍, ലവായ കാമ്പെസിന, ബ്രസീലിലെ ഭൂരഹിത തൊഴിലാളി പ്രസ്ഥാനം, അംബേദ്കര്‍ കിങ് സ്റ്റഡി സര്‍ക്കിള്‍, പ്രോഗ്രസ്സീവ് ഇന്‍റര്‍നാഷണല്‍, വിര്‍ജീനിയ പ്രോഗ്രസ്സീവ്സ്, സിഖുകാരുടെ വിവിധ സംഘടനകള്‍ എന്നിവയെല്ലാം ഐക്യദാര്‍ഢ്യവുമായി വന്നു. സമരനേതാക്കള്‍ ആഗോളതലത്തില്‍തന്നെ വിവിധ സര്‍വകലാശാലാ വിദ്യാര്‍ഥികളെയും ഐക്യദാര്‍ഢ്യ ഗ്രൂപ്പുകളെയും അഭിസംബോധന ചെയ്തു. വിവിധ രാജ്യങ്ങളില്‍ വമ്പിച്ച ട്രാക്ടര്‍റാലികള്‍, കാര്‍ റാലികള്‍, ഇന്ത്യന്‍ എംബസികള്‍ക്കു മുന്നില്‍ പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവയെല്ലാം സ്ഥിരം സവിശേഷതയായി മാറി. കനേഡിയന്‍ പ്രധാനമന്ത്രിയും ജെറമി കോര്‍ബിന്‍, നോം ചോംസ്കി തുടങ്ങിയ ചില രാഷ്ട്രീയ നേതാക്കളുമെല്ലാം ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ നിര്‍ദയമായ സമീപനത്തിനെതിരെ സംസാരിച്ചു. സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ ഇന്ത്യന്‍ കര്‍ഷകജനതയ്ക്ക് പിന്തുണ നല്‍കുന്ന ഒരു പ്രമേയം പാസാക്കി; ഇന്ത്യന്‍ വംശജയായ കൗണ്‍സിലര്‍ ക്ഷമാ സാവന്താണ് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്തത്. 2021 മാര്‍ച്ച് 8ന് ബ്രിട്ടീഷ് പാര്‍ലമെന്‍റ് ഇന്ത്യയിലെ പത്ര സ്വാതന്ത്ര്യത്തെയും പ്രതിഷേധക്കാരുടെ സുരക്ഷയെയും സംബന്ധിച്ച് ചര്‍ച്ച ചെയ്തു; നമ്മുടേതു പോലെയുള്ള സംഘടനകളുടെ ലഘുലേഖകളിലെ വിവരങ്ങളനുസരിച്ചാണ് ആ ചര്‍ച്ച നടന്നത്. പാര്‍ലമെന്‍ററി നടപടിക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനുള്ള ലിങ്ക് എനിക്ക് ലഭ്യമായിരുന്നു; ജെറമി കോര്‍ബിനും ബ്രിട്ടീഷ് പാര്‍ലമെന്‍റിലെ മറ്റംഗങ്ങളും ഇന്ത്യന്‍ കര്‍ഷകര്‍ക്കു വേണ്ടി സംസാരിക്കുന്നത് ശ്രദ്ധിക്കാന്‍ എനിക്ക് അങ്ങനെ അവസരം ലഭിച്ചു. ഗായിക റിഹാന, കാലാവസ്ഥാ പ്രവര്‍ത്തക ഗ്രേറ്റ തൂണ്‍ബെര്‍ഗ്, വിവിധ രാജ്യങ്ങളിലെ ഒട്ടനവധി നടീനടന്മാര്‍, അതുപോലെ സ്പോര്‍ട്സ് താരങ്ങള്‍ എന്നിങ്ങനെ നാനാമേഖലകളിലെ പ്രമുഖര്‍ കര്‍ഷകരെ പിന്തുണച്ച് രംഗത്തുവന്നു. നമ്മുടെ അയല്‍രാജ്യങ്ങളുള്‍പ്പെടെ വിവിധ ഏഷ്യന്‍ രാജ്യങ്ങളിലെ സംഘടനകള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായെത്തി. ഇന്ത്യന്‍ എംബസികളില്‍ ആഗോളാടിസ്ഥാനത്തില്‍ തന്നെ പ്രതിഷേധ പരിപാടികള്‍ നടത്തി.

ജനശത്രുക്കളുടെ മനസ്സില്‍ ഭയം വിതച്ച്, ബഹുജനങ്ങളില്‍ പ്രതീക്ഷ ജനിപ്പിച്ച്
വിദ്യാര്‍ഥി സമരങ്ങളിലും കര്‍ഷകപ്രക്ഷോഭങ്ങളിലും ഞാന്‍ ഇടപെട്ട അനുഭവമുള്ള കഴിഞ്ഞ 25 വര്‍ഷത്തിനിടയില്‍, മൂന്ന് കര്‍ഷകവിരുദ്ധ ബില്ലുകള്‍ക്കെതിരായ ചെറുത്തുനില്‍പ്പാണ് ഞാന്‍ കണ്ട ഏറ്റവും ബൃഹത്തായ പ്രക്ഷോഭം; രാജ്യത്തിന്‍റെ തെക്കുമുതല്‍ വടക്കുവരെയും പടിഞ്ഞാറുമുതല്‍ കിഴക്കുവരെയും വ്യാപിച്ച സമരമാണിത്. കര്‍ഷകരോട് അധ്വാനിക്കുന്ന ജനത പ്രകടിപ്പിച്ച സജീവമായ ഐക്യദാര്‍ഢ്യം അനുപമമായ ഒരനുഭവമായിരുന്നു; അതൊരിക്കലും ഒരു നിത്യസംഭവമായിരുന്നില്ല. കോവിഡ് 19 മഹാമാരിയും പല സംസ്ഥാനങ്ങളിലും നിയന്ത്രണങ്ങളും അടിച്ചമര്‍ത്തലുകളും മഴയുമെല്ലാം ഉണ്ടായിട്ടും പ്രതിഷേധ പ്രക്ഷോഭത്തിലെ പങ്കാളിത്തം അഭൂതപൂര്‍വമായിരുന്നു. ഈ സംയുക്തപ്രക്ഷോഭം, ദിവസം കഴിയുന്തോറും ശക്തിപ്പെട്ടുകൊണ്ടിരുന്ന, ആഴവും പരപ്പും വര്‍ധിച്ചുകൊണ്ടിരുന്ന ഈ സംയുക്ത പ്രക്ഷോഭം കര്‍ഷകപ്രസ്ഥാനത്തിന്‍റെ ചരിത്രത്തിലെ നിര്‍ണായകമായ ഒരു നിമിഷത്തില്‍ ഉയര്‍ന്നുവന്നതാണെന്നതിനു പുറമെ നവലിബറല്‍ നയങ്ങള്‍ക്കും വര്‍ഗീയ, ജാതീയ ശക്തികള്‍ക്കുമെതിരായും ഇന്ത്യയിലെ മതനിരപേക്ഷ ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായും ദൃഢനിശ്ചയത്തോടെ മുന്നോട്ടുവയ്ക്കാവുന്ന ജനപക്ഷബദല്‍ കേന്ദ്രീകരിച്ചുള്ള സമരം കെട്ടിപ്പടുക്കുന്നതിനുള്ള ദിശാസൂചികയും കൂടിയാണ്.


കര്‍ഷകരില്‍നിന്നുള്ള സന്ദേശം വളരെ വ്യക്തമാണ്. സമരം അവസാനിക്കില്ല; എല്ലാ ആവശ്യങ്ങളും നേടുംവരെയും അത് തീവ്രമായി നില്‍ക്കും. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ ദ്വിദിന പണിമുടക്കിന് തീരുമാനിച്ചിരിക്കുന്നു; തൊഴിലാളികളുടെ ആ പോരാട്ടത്തില്‍ അധ്വാനിക്കുന്ന ജനതയോട് തോളോടുതോളുരുമ്മി കര്‍ഷക ജനതയുമുണ്ടാകും. ഐതിഹാസികമായ ഈ പോരാട്ടത്തിനിടയില്‍ കര്‍ഷകരും തൊഴിലാളികളും ഭയമെന്ന വികാരത്തെ തന്നെ അതിജീവിച്ചിരിക്കുന്നു; സുബ്രഹ്മണ്യഭാരതിയെ പോലെ അവര്‍ തറപ്പിച്ച് പറയുന്നതിങ്ങനെ: "ആകാശം ഇടിഞ്ഞുവീണാലും ഞങ്ങള്‍ക്ക് അല്‍പ്പവും ഭയമുണ്ടാവില്ല; ഞങ്ങള്‍ക്കു ഭയമേയില്ല; ഭയം ഞങ്ങളെ ബാധിക്കില്ല". തൊഴിലാളികളും കര്‍ഷകരും ഭരണവര്‍ഗങ്ങളുടെ മനസ്സില്‍ ഭയം വിതച്ചിരിക്കുകയാണ്. ലെനിനെ ഇവിടെ ഉദ്ധരിക്കുന്നത് ഉചിതമായിരിക്കും. "ഒന്നും സംഭവിക്കാത്ത ദശകങ്ങള്‍ തന്നെയുണ്ട്; ദശകങ്ങള്‍ കൊണ്ട് നടക്കുന്ന കാര്യങ്ങള്‍ സംഭവിക്കുന്ന ആഴ്ചകളുമുണ്ട്." ഇന്ത്യന്‍ കര്‍ഷകര്‍ ചരിത്രത്തില്‍ പുതിയൊരു അധ്യായമെഴുതിയിരിക്കുകയാണ്; ഈ സമരം ഉടന്‍തന്നെ പരാജയപ്പെടുമെന്നുള്ള പ്രവചനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിക്കൊണ്ടാണ് അവര്‍ ഈ നൂതനചരിത്രം രചിച്ചത്; സംയുക്തസമരം തേഞ്ഞുമാഞ്ഞു പോവുകയാണെന്ന നുണപ്രചാരണങ്ങളെയും അതിജീവിച്ചാണ് ഈ ഐതിഹാസിക നേട്ടം സാധ്യമാക്കിയത്. തൊഴിലാളിവര്‍ഗത്തിന്‍റെയും ബഹുജനങ്ങളുടെയാകെയും അഭൂതപൂര്‍വമായ പിന്തുണയോടെയാണ് സംയുക്ത കര്‍ഷകസമരം, അഹങ്കാരിയായ നരേന്ദ്രമോഡി നയിക്കുന്ന ബിജെപി ഗവണ്‍മെന്‍റിനെ മുട്ടുകുത്തിച്ചുകൊണ്ടും കര്‍ഷകരോട് മാപ്പുപറയാനും മൂന്ന് കര്‍ഷകവിരുദ്ധ നിയമങ്ങളും റദ്ദാക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനും നിര്‍ബന്ധിതമാക്കിക്കൊണ്ടും ചരിത്ര വിജയം നേടിയത്; കേസുകള്‍ പിന്‍വലിക്കുക, രക്തസാക്ഷികളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക, വൈദ്യുതി ഭേദഗതി നിയമവുമായി മുന്നോട്ടുപോകരുത്. താങ്ങുവിലയ്ക്ക് നിയമപരമായ ഗ്യാരന്‍റി ഉറപ്പാക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുക തുടങ്ങിയ മറ്റാവശ്യങ്ങളും നടപ്പാക്കണമെന്ന് സമ്മതിക്കാനും ഗവണ്‍മെന്‍റ് നിര്‍ബന്ധിതമായി. ഈ രാജ്യത്തിന്‍റെ രാഷ്ട്രീയത്തില്‍ ഈ വിജയം തുടര്‍ചലനങ്ങള്‍ക്കിടയാക്കും; അജയ്യമെന്ന് കരുതപ്പെട്ടിരുന്ന വ്യക്തിത്വങ്ങളുടെ ദൗര്‍ബല്യം തുറന്നുകാണിക്കപ്പെട്ടു; നുണകള്‍കൊണ്ട് പടുത്തുയര്‍ത്തിയ നെടുങ്കോട്ടകള്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. ആസന്നമായ ആഴ്ചകളില്‍ ദശകങ്ങള്‍ തന്നെ സംഭവിക്കും; ജനപക്ഷ ബദലിനായുള്ള ഞങ്ങളുടെ പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. ഭയലേശമില്ലാത്ത മനസ്സുകളും കുനിയാത്ത ശിരസ്സുകളുമായി നാം ജനശത്രുക്കള്‍ക്ക് ഇനിയുമേറെ പരാജയങ്ങള്‍ ഏല്‍പ്പിക്കുക തന്നെ ചെയ്യും. 
                         (അവസാനിച്ചു)