നവലിബറലിസത്തിനെതിരെ തൊഴിലാളിവര്‍ഗ ചെറുത്തുനില്‍പ്പ്
എ ആര് സിന്ധു
2022ഫെബ്രുവരി 23, 24 തീയതികളില്‍ രാജ്യവ്യാപക പൊതു പണിമുടക്കിന് രാജ്യത്തെ തൊഴിലാളി സംഘടനകളുടെ ഐക്യവേദി ആഹ്വാനം ചെയ്തിരിക്കുന്നു. രാജ്യമെങ്ങും തൊഴിലാളികള്‍ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ അതിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലാണ്. ഈ ദ്വിദിന പണിമുടക്ക് നവ ഉദാരവത്കരണനയങ്ങള്ക്കെതിരായ ഇരുപത്തി ഒന്നാമത്തെ പൊതുപണിമുടക്കാണ്. മൂന്നു പതിറ്റാണ്ടുകളുടെ നവലിബറലിസത്തിനെതിരായ തൊഴിലാളി വര്‍ഗ പോരാട്ട ചരിത്രത്തില്‍ ഏറ്റവും പങ്കാളിത്തമുള്ളതാകും ഈ പണിമുടക്ക്. മുപ്പതാണ്ട് നീണ്ട പോരാട്ടത്തില്‍ ഈ പണിമുടക്കിന്റെ ഏറ്റവും വലിയ പ്രത്യേകതയും നേട്ടവും ഈ ആഹ്വാനം നടത്തിയ തൊഴിലാളി സംഘടനകളുടെ ഐക്യവേദിയോടൊപ്പം വേദിയടക്കം പങ്കിട്ടുകൊണ്ട് ഈ പണിമുടക്കിന്റെ ആഹ്വാനം ഐതിഹാസിക കര്‍ഷക സമരവിജയം നേടിയ, കര്‍ഷക സംഘടനകളുടെ ഐക്യവേദിയായ സംയുക്ത കിസാന്‍ മോര്ച്ചകൂടി ഏറ്റെടുത്തു എന്നുള്ളതാണ്.
ലോക മുതലാളിത്ത വ്യവസ്ഥാ
പ്രതിസന്ധിയും
മൂര്‍ഛിക്കുന്ന വൈരുധ്യങ്ങളും
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ പോരാട്ടത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക ഘട്ടത്തിലാണ് ഈ പണിമുടക്ക് ആഹ്വാനം ചെയ്യപ്പെട്ടത്. ലോകമുതലാളിത്തത്തിന്റെ വ്യവസ്ഥാപ്രതിസന്ധി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സാമൂഹ്യ വൈരുധ്യങ്ങള്‍ എല്ലാം പ്രത്യേകിച്ച് സാമ്രാജ്യത്വവും മൂന്നാംലോകരാജ്യങ്ങളും തമ്മിലുള്ള വൈരുധ്യം കൂടുതല്‍ മൂര്‍ഛിക്കുന്നു. നവലിബറലിസം അതിന്റെ അവസാനത്തിലേക്ക് എത്തിയതായി പ്രസിദ്ധ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനായ പ്രൊഫസ്സര്‍ പ്രഭാത് പട്നായിക് സമര്‍ഥിക്കുന്നു. പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തത്തെ രക്ഷിക്കാനായുള്ള അവസാന ശ്രമത്തില്‍ ഭരണകൂടങ്ങള്‍ തങ്ങളുടെ എല്ലാ മുഖംമൂടികളും അഴിച്ചു വച്ച് ജനവിരുദ്ധ നയങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയാണ്. അതിനു തടസ്സം നില്ക്കുന്ന എല്ലാ ജനാധിപത്യ സംവിധാനങ്ങളും തകര്‍ത്ത് തികഞ്ഞ ഏകാധിപത്യ സ്വഭാവത്തിലേക്കാണ് ഇന്ത്യയിലടക്കം ഭരണകൂടങ്ങള്‍ മാറുന്നത്.
കോവിഡ് മഹാമാരിയുടെ കാലത്തുപോലും ഏറ്റവുമധികം ജനപിന്തുണ പിടിച്ചുപറ്റാനുള്ള സാധ്യത നിലനില്‍ക്കുമ്പോഴാണ് ഏറ്റവും ജനവിരുദ്ധമായ നയങ്ങള്‍ തികഞ്ഞ ഏകാധിപത്യ സ്വഭാവത്തില്‍ പാര്ലമെന്റിനെയടക്കം മറികടന്നുകൊണ്ട് ജുഡിഷ്യറിയെയടക്കം ഉപയോഗപ്പെടുത്തി ഫെഡറലിസത്തെ കാറ്റില്‍ പറത്തി മോഡി സര്‍ക്കാര്‍ നടപ്പാക്കിയത്. കര്‍ഷകരുടെ കാര്‍ഷിക വ്യവസ്ഥ (ുലമമെിേ മഴൃശരൗഹൗൃലേ) ഇല്ലാതാക്കുന്ന കര്‍ഷക കരിനിയമങ്ങള്‍ ഈ കോവിഡ് കാലഘട്ടത്തില്‍ തന്നെ കൊണ്ടുവന്നത് ഈ നയത്തിന്റെ ഭാഗമാണ്. പരിമിതമായെങ്കിലും കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് മിനിമം വില ഉറപ്പു വരുത്തുന്ന എല്ലാ സംവിധാനങ്ങളും തകര്‍ക്കുക, ഭൂമിയുടെ വിനിയോഗത്തിന്റെ മേലുള്ള പരോക്ഷമായ അധികാരം കോര്‍പറേറ്റുകളുടെ കയ്യിലെത്തിക്കുക, ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ സാമ്രാജ്യത്വ ശക്തികളുടെ അധീനതയിലാക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നു മൂന്ന് കാര്‍ഷിക കരിനിയമങ്ങള്കഴി ഉദ്ദേശിച്ചത്. തൊഴില്‍ മേഖലയില്‍, മിനിമം വേതനവും എട്ടു മണിക്കൂര്‍ ജോലിയും സംഘടിക്കാനുള്ള അവകാശങ്ങളും കവരുന്നതോടൊപ്പം തൊഴിലാളികള്‍ തങ്ങളുടെ ജീവിതകാല സമ്പാദ്യം മുഴുവന്‍ നിക്ഷേപിച്ച സാമൂഹ്യ സുരക്ഷാനിധികളിലെ സമ്പത്താകെ കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുകകൂടിയാണ് നാലു ലേബര്‍ കോഡുകള്‍ വഴി ഭരണകൂടം ഉറപ്പാക്കിയത്. സ്വകാര്യവത്കരണം അതിന്റെ എല്ലാ പൊയ്മുഖങ്ങളും അഴിച്ചു വച്ച്, ജനങ്ങളുടെയും രാജ്യത്തിന്റെയും സമ്പത്തു നേരിട്ട് സൗജന്യമായി കോര്‍പറേറ്റുകള്‍ക്ക് കൈമാറുന്നതിലേക്കു മാറിയതാണ് ഏറ്റവുമൊടുവില്‍ കൊണ്ടുവന്ന നാഷണല്‍ മോണിട്ടൈസേഷന്‍ പൈപ്പ് ലൈന്‍. വൈദ്യുതി ബാങ്കിംഗ് ഇന്‍ഷുറന്‍സ് സ്വകാര്യവത്കരണ ശ്രമങ്ങള്‍ തുടരുന്നതോടൊപ്പം വീണ്ടും പ്രോവിഡന്റ് ഫണ്ട് സ്വകാര്യവത്കരണതിനായി നിയമം കൊണ്ടുവന്നിരിക്കുകയാണ് സര്‍ക്കാര്‍. തൊഴിലാളി ചെറുത്തു നില്‍പ്പുകളെ തടയാനായി എസ്മ പോലുള്ള നിയമങ്ങള്‍ നിലനില്ക്കുമ്പോള് തന്നെയാണ് എസ്സെന്‍ഷ്യല്‍ ഡിഫന്‍സ് സര്‍വീസ് നിയമം പാസ്സാക്കിയിരിക്കുന്നത്.
തിരഞ്ഞെടുപ്പുകളില്‍ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും തങ്ങളുടെ വര്ഗതാല്പര്യത്തില് നിന്ന് പിന്നോട്ടുപോകാതിരിക്കാന്‍ സര്‍ക്കാരുകളെ നിര്‍ബന്ധിതമാക്കുന്നത് മുതലാളിത്ത പ്രതിസന്ധിയാണ്. പകരം വര്‍ഗീയതയെയും വംശീയതയെയും അക്രമത്തെയും കൂട്ടുപിടിച്ച് തിരഞ്ഞെടുപ്പുകളെ നേരിടുകയാണ് തീവ്ര വലതുപക്ഷം ചെയ്യുന്നത്. ഇനി വരും നാളുകളില്‍ ഈ അവസ്ഥ അതിരൂക്ഷമാകാന്‍ പോകുകയാണ്. ഇന്ത്യയില്‍ ആര്‍എസ്എസ്സിന്റെ അജന്‍ഡ കോര്‍പ്പറേറ്റ് താല്പര്യത്തിനു ഏറ്റവും അനുയോജ്യമാണ്. ആര്എസ്എസ്സിനാകട്ടെ ഒരു കാലത്തും സാമ്രാജ്യത്വ നവലിബറല്‍ വിരുദ്ധ നിലപാട് ഉണ്ടായിരുന്നിട്ടില്ല. അതുകൊണ്ടുതന്നെ കോര്‍പറേറ്റ് അജന്‍ഡ, ഹിന്ദുത്വ വര്‍ഗീയത എന്നിവയുടെ മാരക മിശ്രിതമാണ് ജനങ്ങള്‍ക്കുമേല്‍ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്.
നവ ലിബറലിസത്തിനെതിരായ പ്രതിരോധസമരങ്ങളും ഇന്ത്യന്‍ ഭരണ വര്‍ഗങ്ങള്‍ക്കിടയിലെ
ഭിന്നിപ്പും
കഴിഞ്ഞ ഒരു വര്‍ഷക്കാലം നീണ്ടുനിന്ന ഐതിഹാസികമായ കര്‍ഷക സമരത്തിന്റെ വിജയം സാമ്രാജ്യത്വത്തിനേറ്റ വലിയ തിരിച്ചടിയാണ്. സമരത്തിന്റെ വമ്പിച്ച ജനപിന്തുണയും വിവിധ കര്‍ഷക വര്ഗങ്ങള്ക്കിടയിലുണ്ടായ ഐക്യവും ഇന്ത്യന്‍ ഭരണ വര്‍ഗങ്ങളെ ഒരുചുവടു പിന്നോട്ടുപോകാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുന്നു. താത്കാലികമായാലും കാര്‍ഷിക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മോഡി സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു.
ഭരണകൂടം പിന്തുടരുന്ന തീവ്ര നവലിബറല്‍ നയങ്ങളും കഴിഞ്ഞ കാലഘട്ടങ്ങളില്‍ നവ ലിബറലിസത്തിനെതിരായി ഉയര്‍ത്തിക്കൊണ്ടുവന്ന പ്രതിരോധസമരങ്ങളും ഇന്നു ഇന്ത്യന്‍ ഭരണ വര്ഗങ്ങള്ക്കിടയില് ഭിന്നിപ്പുളവാക്കിയിരിക്കുന്നു.
ഒന്നാമതായി പണമൂലധനത്തോട് കൂട്ടുചേരുന്ന വന്‍കിട ബൂര്‍ഷ്വാസിയും ധനിക കര്‍ഷകരില്‍ ഒരു വിഭാഗമടക്കമുള്ള ഇന്ത്യന്‍ കര്‍ഷകവര്‍ഗവും തമ്മില്‍ വലിയ തോതില്‍ ഭിന്നിപ്പ് വളര്‍ന്നിരിക്കുന്നു. ഇന്ത്യന്‍ ഭരണവര്‍ഗങ്ങളില്‍ വന്‍കിട, വന്‍കിടേതര ബൂര്‍ഷ്വാസികള്‍ തമ്മിലും ഒരു ഭിന്നിപ്പ് രൂപപ്പെട്ടിരിക്കുന്നു. ഇതിന്റെ പ്രതിഫലനമാണ് കഴിഞ്ഞയാഴ്ച ചെറുകിട ഇടത്തരം വ്യവസായികളുടെ (ങടങഋ) സംഘടന നടത്തിയ രാജ്യവ്യാപക പണിമുടക്ക്.
സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ നിരന്തരം കവര്‍ന്ന് സംസ്ഥാനങ്ങള്‍ക്ക് നിത്യചെലവിനുള്ള വരുമാനം പോലും നിഷേധിക്കുന്ന ഭരണ, സാമ്പത്തിക സാമൂഹിക രാഷ്ട്രീയാധികാര കേന്ദ്രീകരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലും ഭിന്നിപ്പ് രൂപീകരിച്ചിരിക്കുന്നു. ഈ കാലയളവില്‍ നിരവധി പ്രാദേശിക പാര്‍ട്ടികള്‍ വിവിധ വിഷയങ്ങളില്‍ ബിജെപി വിരുദ്ധ നിലപാടുകള്‍ എടുക്കുവാനും മുന്നണിയടക്കം വിട്ടുപോകാനും നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകള്‍ നിരന്തരം വിട്ടുവീഴ്ചയില്ലാതെ ഇടതുപക്ഷത്തിന്റെ നേതൃത്വത്തില്‍ ട്രേഡ് യൂണിയനുകളുടെ മേല്‍ക്കൈയില്‍ വിവിധ ബഹുജന വിഭാഗത്തെയാകെ അണിനിരത്തി നടക്കുന്ന സാമ്രാജ്യത്വ നവ ലിബറല്‍ വിരുദ്ധ സമരങ്ങളുടെ ഫലമാണ് ഈ ഭിന്നിപ്പ്.
സമരങ്ങളുടെ നൈരന്തര്യം
1991 നവംബറില്‍ നടന്ന ഒന്നാമത്തെ പൊതു പണിമുടക്ക് മുതല്‍ 2020 നവംബര്‍ 26ന്റെ പൊതുപണിമുടക്കും 26, 27ന്റെ പാര്‍ലമെന്റ് മാര്‍ച്ചും ആ കാലഘട്ടങ്ങളിലാകെ നടന്ന ആയിരക്കണക്കായ വിവിധ പ്രാദേശിക,തൊഴില്‍ മേഖലാടിസ്ഥാനതിലുള്ള തൊഴിലാളി വര്‍ഗ സമരങ്ങളും കിസാന്‍ ലോങ്ങ് മാര്‍ച്ച് അടക്കമുള്ള കര്‍ഷക പ്രക്ഷോഭങ്ങളും വിദ്യാര്‍ത്ഥി യുവജന വനിതാ ദളിത് പാര്‍ശ്വവത്കൃത സമരങ്ങളും ചേര്‍ന്നാണ് ഈയൊരു സാഹചര്യം സൃഷ്ടിച്ചത്. സിഐടിയു നേതൃത്വം നല്കി ഇടതുപക്ഷ ട്രേഡ് യുണിയനുകള്‍ ആഹ്വാനം ചെയ്ത ആദ്യത്തെ പണിമുടക്കില്‍ നിന്നു തൊഴിലാളി സംഘടനകളുടെ ഐക്യവേദി ആഹ്വാനം ചെയ്ത, 25 കോടി പേര് പങ്കെടുത്ത 20-ാം പണിമുടക്കിലേക്കുള്ള ദൂരം ഐക്യവും സമരവും എന്ന മുദ്രാവാക്യമുയര്‍ത്തി നിരന്തരമായ വിട്ടുവീഴ്ചയില്ലാത്ത സിഐടിയുവിന്റെ വിവിധ സ്വതന്ത്ര സമരങ്ങളുടെയും അതുവഴി ഉണ്ടായ വര്‍ഗ ഐക്യം അതിന്റെ സമ്മര്‍ദ്ദത്താല്‍ രൂപം കൊണ്ട സമ്പൂര്‍ണ ട്രേഡ് യൂണിയന് ഐക്യത്തിന്റെയും കൂടിയാണ്.
ഐതിഹാസിക വിജയം നേടിയ കര്ഷകസമരമുന്നണി സംയുക്ത കിസാന്‍ മോര്‍ച്ച ڊ രൂപീകരണത്തിലേക്കു നയിച്ചതും അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ ഇത്തരത്തില്‍ നടത്തിയ ഇടപെടലുകള്‍ തന്നെയാണ്.
സിഐടിയു, അഖിലേന്ത്യാ കിസാന്‍ സഭ, അഖിലേന്ത്യാ കര്‍ഷകതൊഴിലാളി യൂണിയന് എന്നീ സംഘടനകളുടെ മുന്‍കൈയില്‍ ബോധപൂര്‍വമായി നടത്തിയ ഇടപെടലുകളും നിരന്തര ഐക്യദാര്ഢ്യസമരങ്ങളും യോജിച്ച പ്രചാരണ പ്രവര്‍ത്തനങ്ങളും സമരങ്ങളും തന്നെയാണ് തൊഴിലാളി സംഘടനകളുടെ ഐക്യവേദിയും അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി (സംയുക്ത കിസാന്‍ മോര്‍ച്ച രൂപീകരിക്കുന്നതിനു മുന്‍പുള്ള സംയുക്ത വേദി)യും ചേര്‍ന്നുള്ള 2020 നവംബര്‍ 26-27 ന്റെ പണിമുടക്കിന്റെയും പാര്‍ലമെന്റ് മാര്‍ച്ചിന്റെയും സംയുക്ത ആഹ്വാനത്തിലേക്ക് നയിച്ചത്. ഇതില്‍ 2019 അഗസ്ത് മാസം 9ന്റെ ജയില്‍ നിറയ്ക്കലും സെപതംബര്‍ 5ന്റെ രണ്ടു ലക്ഷം പേര് പങ്കെടുത്ത പാര്‍ലമെന്റ് മാര്‍ച്ചും വഹിച്ച പങ്കു വിലയിരുത്തപ്പെടേണ്ടതാണ്.
ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷക സമരത്തിലും വന്‍കിട കൃഷിക്കാര്‍ മുതല്‍ കര്‍ഷക തൊഴിലാളികള്‍ വരെയുള്ള കര്ഷകവര്ഗങ്ങളുടെയാകെ ഐക്യം നിലനിര്‍ത്തുവാനും തൊഴിലാളി കര്‍ഷക ഐക്യം വളര്‍ത്തിയെടുക്കുവാനും വളരെ ബോധപൂര്‍വമായ ഇടപെടലുകള്‍ നിരന്തരം വേണ്ടിവന്നിരുന്നു. ഇതില്‍ എടുത്തു പറയേണ്ടത് ഈ സമരത്തെ പഞ്ചാബ്, ഹര്യാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നീ സ്ഥലങ്ങളില്‍ മാത്രമൊതുങ്ങുന്ന ഒരു സമരമെന്ന നിലയില്‍ നിന്ന് ഒരു അഖിലേന്ത്യാ സമരമായി വളര്‍ത്തി നിലനിര്‍ത്താനും ഭരണകൂടത്തിന്റെ ദേശ ദ്രോഹ ആരോപണങ്ങളടക്കം എല്ലാ കുതന്ത്രങ്ങളേയും അതിജീവിക്കാനും പ്രാപ്തമാക്കിയ, നേതൃത്വത്തിന്റെ ആഹ്വാനത്തിന് കാത്തുനില്‍ക്കാതെ തന്നെ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ എല്ലാ ആഹ്വാനങ്ങളെയും വിജയത്തിലെത്തിച്ച, ഇന്ത്യന്‍ തൊഴിലാളി വര്‍ഗത്തിന്റെ രാഷ്ട്രീയ പക്വതയാണ്. ഈ രാഷ്ട്രീയ പക്വത വര്‍ഗീയതയെ ചെറുക്കുവാനും ഫ്യൂഡല്‍ സാമൂഹ്യ ബന്ധങ്ങളില്‍ ഇടപെടാനും ഈ സമരത്തെ സഹായിച്ചു.
ജനങ്ങളുടെ യഥാര്‍ഥ പ്രശ്നങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിഷയങ്ങളാകാന്‍ ഈ സമരങ്ങള്‍ വലിയ പങ്കു വഹിച്ചു. വര്‍ഗ രാഷ്ട്രീയം തിരഞ്ഞെടുപ്പു രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കാന്‍ തക്ക ശേഷി ആര്‍ജ്ജിച്ചിരിക്കുന്നു.
ഈ പശ്ചാത്തലത്തിലാണ് നവംബര്‍ 11നു നടന്ന തൊഴിലാളി സംഘടനകളുടെ ഐക്യവേദിയുടെ അഖിലേന്ത്യാ കണ്‍വെന്‍ഷനില്‍ ദ്വിദിന പണിമുടക്കിന് ആഹ്വാനം ചെയ്യുന്ന വേദിയില്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വം അതിനു പൂര്‍ണ പിന്തുണയുമായി രംഗത്ത് വന്നത്. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല, അതിവേഗം ശക്തി പ്രാപിക്കുന്ന കോര്‍പറേറ്റ് വിരുദ്ധ തൊഴിലാളി കാര്‍ഷക ഐക്യം കൂടിയാണ് തിരഞ്ഞെടുപ്പു വിജയം മാത്രമല്ല, തങ്ങളുടെ വര്‍ഗ താത്പര്യം സംരക്ഷിക്കുക കൂടിയാണ് കര്‍ഷക കരിനിയമങ്ങള്‍ പിന്‍വലിക്കാന്‍ മോഡിയുടെ കോര്‍പറേറ്റ് ഭരണത്തെ പ്രേരിപ്പിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഈ ഫെബ്രുവരിമാസം നടക്കുന്ന ഇരുപത്തി ഒന്നാമത്തെ ദ്വിദിന പണിമുടക്ക്. ഇന്ത്യന്‍ ട്രേഡ് യൂണിയന് പ്രസ്ഥാനം ഈ പണിമുടക്കിലേക്ക് പോകുന്നത് നിരവധിയായ തൊഴില്‍ മേഖലാടിസ്ഥാനത്തിലുള്ള സമരങ്ങളുടെയും പണിമുടക്കുകളുടെയും തുടര്‍ച്ചയായാണ്. ബാങ്കിംഗ് രംഗത്തെ സ്വകാര്യവത്കരണത്തെ ചെറുത്ത രണ്ടു ദിവസത്തെ വിജയകരമായ ബാങ്ക് പണിമുടക്ക്, നിര്‍മാണ തൊഴിലാളികളുടെ ദ്വിദിന പണിമുടക്ക്, പദ്ധതി തൊഴിലാളികളുടെ നിരവധിയായ സമരങ്ങളും പണിമുടക്കും, ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ മേഖലാ ജീവനക്കാരുടെ പണിമുടക്കുകള്‍, ഐതിഹാസികമായ വിശാഖപട്ടണം സ്റ്റീല്‍ പ്ലാന്റ് സംരക്ഷണ സമരം, സിംഗരേനി കോളിയേരി ജീവനക്കാരുടെ സമരം അങ്ങനെ സംഘടിത അസംഘടിത മേഖലകളില്‍ എല്ലാം സമരങ്ങള്‍ വ്യാപകമാണ്.
കോവിഡിന്റെ മൂന്നാം തരംഗം അസഹനീയമായ വിലക്കയറ്റത്തോടൊപ്പം ആരോഗ്യ വിദ്യാഭ്യാസ രംഗത്തെ അപര്യാപ്തതകളെ വീണ്ടും ജനങ്ങളുടെ അതിജീവന പ്രശ്നമായി മുന്നിലെത്തിക്കുന്നു. രൂക്ഷമായ തൊഴിലില്ലയ്മയ്ക്കിടയിലാണ് തൊഴിലുറപ്പ് പദ്ധതിയ്ക്കുവേണ്ടിയുള്ള ഫണ്ട് ഇല്ലാത്തതിനാല്‍ മാസങ്ങളായി കൂലി മുടങ്ങിയിരിക്കുന്നത്. കോവിഡ് കാലത്തെ റേഷന്‍ നിര്‍ത്തിയിട്ട് മാസങ്ങളായിരിക്കുന്നു. ഇന്ത്യയിലെ പകുതിയിലധികം ജനങ്ങളും പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കുന്നു. ബിജെപി വീണ്ടും വര്‍ഗീയതയെയും വിദ്വേഷത്തെയും കൊലപാതകങ്ങളെയും ആശ്രയിച്ചു തിരഞ്ഞെടുപ്പിനെ നേരിടുകയാണ്.
ഈ അവസരത്തില്‍ നിരന്തര സമരങ്ങളിലൂടെ രൂപപ്പെടുത്തിയ തൊഴിലാളി കര്‍ഷക ഐക്യത്തിന്റെയും കര്‍ഷക സമരവിജയം വഴി രൂപപ്പെട്ട പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും സമരാന്തരീക്ഷത്തില്‍ പ്രതിസന്ധിയിലകപ്പെട്ട മുതലാളിത്തത്തില്‍ ഭരണവര്‍ഗങ്ങള്‍ക്കിടയിലെ ഭിന്നത രൂക്ഷമാക്കാന്‍ ഈ പണിമുടക്ക് വഴിവക്കും.
ഈ പണിമുടക്കിന്റെ മുദ്രാവാക്യങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതത്തെ ബാധിക്കുന്നവയാണ്. രാജ്യത്തിന്റെ നിലനില്‍പ്പിനെ ത്തന്നെ ബാധിക്കുന്ന നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാന്‍ ഒരു ഇടതുപക്ഷ ബദല്‍ മുന്നോട്ടുവച്ചുകൊണ്ട് കൂടുതല്‍ ജനപിന്തുണയാര്ജിച്ചു ബഹുജന മുന്നേറ്റമായി ഇതിനെ വികസിപ്പിക്കാനും അതുവഴി സമൂഹ്യമാറ്റത്തിലേക്ക് നയിക്കാനുമുള്ള സാധ്യതയാണ് നമുക്കു മുന്നിലുള്ളത്. ഈ പണിമുടക്കിന്റെ വിജയം ആ ദിശയിലേക്കുള്ള പോരാട്ടത്തിന്റെ അടുത്ത ഘട്ടത്തിന്റെ തുടക്കം കുറിക്കും.•