ഉടുക്കുകൊട്ടി പേടിപ്പിക്കണ്ട

ഗൗരി

ചുരുളിക്കു പിന്നാലെ മുരളിയും! വെറും മുരളിയല്ല സാക്ഷാല്‍ മിന്നല്‍ മുരളി! ഒ ടി ടിയില്‍ പടം പുറത്തിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ റിയല്‍ ലൈഫിലും ദാണ്ടെ വരുന്നു ഏതോ ഒരു മിന്നല്‍ മുരളി (ഒറിജിനല്‍). എന്നാല്‍ സിനിമാപ്പടത്തിലെ വില്ലന്‍ മിന്നല്‍ മുരളി, അതായത് ഷിബു (ഗുരു സോമസുന്ദരം) നായകനെക്കാള്‍ (ദുല്‍ഖര്‍ സല്‍മാന്‍) ജനസ്വീകാര്യത നേടിയത് വെറും കൂതറയാകാത്തതുകൊണ്ടാണ്. അതിയാന്‍റെ ക്രൂരതയ്ക്കു പിന്നില്‍ ചില ന്യായങ്ങളൊക്കെയുണ്ടെന്ന് ആളുകള്‍ക്ക് തോന്നുന്നതാണ് ആ കഥാപാത്രത്തിന്‍റെ സൃഷ്ടി. എന്നാല്‍ റിയല്‍ ലൈഫില്‍ വാര്‍ത്തയില്‍ കണ്ട ഡ്യൂപ്ലിക്കേറ്റ് മിന്നല്‍ വെറും കൂതറയാണെന്നാണ് പത്ര റിപ്പോര്‍ട്ട് പറയുന്നത്. സ്ഥലത്തെ പ്രധാന പൊലീസുകാരന്‍റെ വീടിനു കല്ലെറിഞ്ഞ് ജനല്‍ ചില്ലുകള്‍ പൊട്ടിച്ച്, അതുകൊണ്ടരിശംതീരാതവനവിടൊക്കെ മണ്ടി നടക്കുകയും പോരാഞ്ഞ് വീട്ടുമുറ്റത്ത് മലമൂത്രവിസര്‍ജനം നടത്തുകയുമാണുണ്ടായത്. എന്നാല്‍ സിനിമയിലെ ഷിബുവെന്ന വില്ലനോ മുരളിയെന്ന നായകനോ പൊലീസുമായി ഇടപാടുകളോ രാഗദ്വേഷങ്ങളോ ഒന്നുമില്ല.

ഇനി ചുരുളിയാണെങ്കില്‍ കള്ളനും പൊലീസും കളിയില്‍ എന്നപോലെ എല്ലാവരിലും, പൊലീസുകാരനിലും ഒരു കള്ളനുണ്ട്, അതേപോലെ എല്ലാവരിലും പെരുങ്കള്ളനില്‍പോലും ഒരു പൊലീസുമുണ്ട് എന്നാണ് പറഞ്ഞുവയ്ക്കുന്നത്. അതൊക്കെ അവിടെ നില്‍ക്കട്ടെ!

മ്മക്ക് റിയല്‍ ലൈഫിലേക്കു തന്നെ മടങ്ങാം. മ്മളെ നാട്ടില് പൊലീസെന്നു വച്ചാല് അതൊരു വില്ലന്‍ ഏര്‍പ്പാടാണ്. പഴേ നാലണ പൊലീസും കാലണ പൊലീസും പോരെങ്കില്‍ ഇടിയന്‍ നാറാപിള്ളമാരും ആവേശ കൊച്ചുരാമന്മാരുമെല്ലാം പൊലീസില്‍ ആവോളമുണ്ടെന്നത് നേരുതന്നെ. എന്നാല്‍ അത്തരക്കാരു മാത്രമാണോ കേരളത്തിലെ പൊലീസ് എന്നുകൂടി ശാന്തമായി നമ്മള് നോക്കണം. പൊലീസില് സംഘി-കോങ്കി-സുഡാപിയാദികളും ആവോളമുണ്ടെന്നതും കാണണം. പക്ഷേല് മ്മളെ മാധ്യമ സുന്ദരന്മാര്‍ക്ക് പൊലീസിനോടുള്ള പക വെറും കാക്കിയോടുള്ളതല്ല, മനുഷ്യത്വത്തോടും നന്മയോടുമുള്ള പ്രിയം കൊണ്ടുള്ള വിരോധവുമല്ല, മറിച്ച് ഇപ്പം കാക്കിയെന്നാല്‍ മുഖ്യമന്ത്രി പിണറായിയാണ്; പിണറായിയോടുള്ള അഥവാ എല്‍ഡിഎഫ് സര്‍ക്കാരിനോടുള്ള പകയും വിദ്വേഷവുമാണ് പ്രകടമാകുന്നത്.

കഴിഞ്ഞ ദിവസം ഒരു 12 വയസ്സുകാരി ഒരു കിടു ചോദ്യം ഗൗരീനോട് ചോദിച്ചു - കോവളത്തെ ആ പൊലീസ് എന്ത് തെറ്റാണ് ചെയ്തത്? എന്താ സംഭവം? ഒരു വിദേശി മദ്യം വാങ്ങി വരുന്നു. പൊലീസ് അതിയാനോട് ബില്ല് ചോദിക്കുന്നു; ബില്ലില്ലാതെ മദ്യംകൊണ്ടു പോകാനാവില്ലെന്ന് ശാഠ്യം പിടിക്കുന്നു. പ്രകോപിതനായ വിദേശ പൗരന്‍ മദ്യം തറയില്‍ ഒഴിക്കുന്നു. പൊലീസ് അതിയാനെ ചുരുളീലെ ഭാഷ വിളിക്കുന്നില്ല, തല്ലുന്നില്ല. എന്നാല്‍ സംഭവം വീഡിയോയില്‍ ആരോ പകര്‍ത്തി; അത് വൈറലാകുന്നു. മന്ത്രിമാര്‍ കൃത്യമായും സംഭവത്തെ അപലപിക്കുന്നു; മുഖ്യമന്ത്രി സംഭവം അറിഞ്ഞയുടന്‍തന്നെ കമ്മീഷണറോട് വിശദീകരണം ചോദിക്കുന്നു; കമ്മീഷണര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യുന്നു. അന്തിച്ചര്‍ച്ചയ്ക്ക് കോവളം കേസ് എത്തുംമുന്‍പുതന്നെ ഇതെല്ലാം നടന്നുകഴിഞ്ഞു. അപ്പം പിന്നെന്തിനാ ഒരു ചര്‍ച്ച? അവിടെയാണ് ചര്‍ച്ചക്കാരുടെ അജന്‍ഡ തെളിഞ്ഞുവരുന്നത്; ലക്ഷ്യം പൊലീസോ വിദേശപൗരനോടുള്ള പൊലീസിന്‍റെ പെരുമാറ്റമോ അല്ല, മറിച്ച് പിണറായീന്‍റെ പള്ളയ്ക്കിട്ട് കേറ്റലുതന്നെ.

ഇനി തിരിഞ്ഞൊന്ന് ആലോചിച്ചാലോ? കോവളത്തെ പൊലീസ് നിയമപരമായ ചുമതല നിറവേറ്റുകയായിരുന്നില്ലേ ചെയ്തത് എന്ന ചോദ്യം പ്രസക്തമായി ഉയരുന്നു. ശരിയാണ്, നിയമപരമായ ഒരു കാര്യമാണ് ചെയ്യുന്നതെങ്കിലും പൊലീസിന്‍റെ പെരുമാറ്റം സൗമ്യവും സഭ്യവുമായിരിക്കണമെന്നതില്‍ രണ്ടുപക്ഷമില്ല; അതല്ലാത്തൊരു പെരുമാറ്റം സര്‍ക്കാരിനും സ്വീകാര്യമല്ല എന്നതുകൊണ്ടാണല്ലോ മന്ത്രിമാര്‍ അപലപിച്ചതും ഉടന്‍ തന്നെ നടപടി സ്വീകരിച്ചതും. അപ്പോള്‍ ആ ചര്‍ച്ച തന്നെ അപ്രസക്തവും അധികപ്രസംഗവുമാണല്ലോ.അമ്മാതിരി ഏര്‍പ്പാടുകള്‍ നല്‍കുന്ന സന്ദേശമാകട്ടെ, ആര്‍ക്കു വേണമെങ്കിലും യഥേഷ്ടം മദ്യം കടത്താം; വിദേശിയാണെങ്കില്‍ പ്രത്യേകിച്ചും. പൊലീസ് അതില്‍ ഇടപെടരുതെന്നല്ലേ പറഞ്ഞുവരുന്നത്. അതവിടെ നില്‍ക്കട്ടെ.

ജനുവരി 4ന്‍റെ മനോരമയില്‍ ഒരു മുഖപ്രസംഗം നല്‍കീറ്റുണ്ട്. "മാനുഷികത മറക്കുമ്പോള്‍. ട്രെയിന്‍ യാത്രക്കാരനോടുള്ള പൊലീസ് ക്രൂരത അപലപനീയം". ക്രൂരത ആരുടെ ഭാഗത്തുനിന്നുണ്ടായതായാലും അപലപനീയം തന്നെയാണ്. പ്രത്യേകിച്ച് നിയമം പാലിക്കേണ്ട പൊലീസിന്‍റെ ഭാഗത്തുനിന്നാകുമ്പോള്‍. എന്നാല്‍ അങ്ങനെ അപലപിക്കുമ്പോഴും സംഭവത്തിനു പിന്നിലുള്ള കാരണമെന്തെന്ന ചോദ്യം പ്രസക്തമാണല്ലോ. മനോരമ പറയണത് ടിക്കറ്റില്ലാതെ യാത്ര ചെയ്ത യാത്രക്കാരനെ പൊലീസ് തൊഴിച്ചുപുറത്താക്കിയെന്നാണ്. ടിക്കറ്റ് ഇല്ലാതെയാണോ തീവണ്ടി യാത്രയെന്ന് പരിശോധിക്കാന്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്കാണ് അധികാരമെന്നിരിക്കെ പൊലീസ് അതുചെയ്യാന്‍ പാടില്ലെന്നു മനോരമ പറയുന്നതും മ്മക്ക് സമ്മതിക്കാം. അധികാരമില്ലാത്തിടത്തെല്ലാം കേറി പൊലീസ് ഇടപെടുന്നതിന് ന്യായീകരണവുമില്ല.

പക്ഷേല്, അത്രയുമാണോ സംഭവമെന്ന ഒരു പരിശോധന കൂടി വേണ്ടതല്ലേ? ഒന്നാമത് അതിയാന്‍ മദ്യപിച്ചിരുന്നുവെന്നും ആ കംപാര്‍ട്ടുമെന്‍റിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് മോശമായി പെരുമാറിയിരുന്നുവെന്നും അറിയുന്നുണ്ടല്ലോ മനോരമേ! ആ കംപാര്‍ട്ടുമെന്‍റിലെ യാത്രക്കാരായ പെണ്‍കുട്ടികള്‍ തന്നെ അക്കാര്യം പറയുന്നുണ്ടല്ലോ. അശ്ലീലമായ പദപ്രയോഗങ്ങളും ചേഷ്ഠകളും അതിയാന്‍റെ ഭാഗത്തുനിന്നുണ്ടായതായും പരാതി ഉണ്ടായല്ലോ. അതിനു പരിഹാരമായല്ലേ അയാളെ ഇറക്കി വിടാന്‍ പൊലീസ് ശ്രമിച്ചത്. അതിനു തയ്യാറാകാതെ വന്നപ്പോഴാണല്ലോ ടിക്കറ്റുണ്ടോയെന്ന ചോദ്യവും തുടര്‍ന്നുള്ള അപലപനീയമായ നടപടികളുമെല്ലാമുണ്ടായത്.

സ്ത്രീകള്‍ക്കെതിരായ നടപടികളെന്തെങ്കിലും ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അവിടെ പൊലീസ് ശക്തമായ നടപടി സ്വീകരിക്കണ്ടയെന്നാണോ മനോരമയും ചാനല്‍ ചര്‍ച്ചക്കാരും പറയുന്നത്?

ഇനി പൊലീസുകാര്‍ ഒരാളെ, അത് എന്തു കാരണത്താലായാലും തൊഴിക്കുന്നതും തൊഴിച്ചു പുറത്താക്കുന്നതും അപലപനീയമാണെന്നു മാത്രമല്ല, കടുത്ത ശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യം കൂടിയാണെന്നതില്‍ സംശയമേയില്ല. സര്‍ക്കാരിന്‍റെ, മന്ത്രിമാരുടെ, മുഖ്യമന്ത്രിയുടെയെല്ലാം ഭാഗത്തുനിന്നുള്ള ശക്തമായ പ്രതികരണവും ആ നിലപാടിന്‍റെ അംഗീകാരമാണല്ലോ. സംഭവം അറിഞ്ഞ ഉടന്‍ തന്നെ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡു ചെയ്യുകയും മേല്‍നടപടികള്‍ സ്വീകരിക്കുകയും ചെയ്ത ശേഷവും അതൊന്നും കണ്ട മട്ടുകാണിക്കാതെ ചര്‍ച്ചയും മുഖപ്രസംഗവുമായി നീങ്ങുമ്പോഴാണ് എന്താ നിങ്ങടെ അജന്‍ഡ എന്ന കാര്യം ചോദിക്കേണ്ടതായി വരണത്.

ഇനി പൊലീസ് ക്രൂരതയില്‍ മനംനൊന്ത് വല്ലാണ്ട് നിലവിളിക്കണ മനോരമയോടൊരു ശോദ്യം. എന്നും നിങ്ങടെ നിലപാടിതു തന്നെയായിരുന്നോന്ന്. അങ്ങനല്ലാരുന്നൂന്ന് ഇന്നാട്ടുകാര്‍ക്കറിയാമെന്നും കൂടി ഓര്‍ക്കുക. ആളോളുടെ ഓര്‍മ പരീക്ഷിക്കരുതേ! ഉമ്മന്‍ചാണ്ടിക്കാലത്താണല്ലോ കോഴിക്കോട് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ സമരം നടന്നപ്പോള്‍ പ്രത്യേക പ്രകോപനമൊന്നുമില്ലാതെ ഭരണക്കാരുടെ സില്‍ബന്ധിയായിരുന്ന ഒരു ഡിവൈഎസ്പി കൈത്തോക്കെടുത്ത് വെടിപൊട്ടിച്ചത്? അന്നതിനെ ന്യായീകരിക്കയായിരുന്നല്ലോ ഭരണക്കാര്‍? മനോരമയും മറ്റു മുഖ്യധാരക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നല്ലോ. പിന്നൊരു സംഭവം പെട്ടെന്നോര്‍മേല് വരുന്നത് ഉമ്മന്‍ചാണ്ടീടെ സോളാര്‍ സങ്കതിക്കെതിരെ നടന്ന ജനകീയസമരകാലത്ത് പ്രതിഷേധ പ്രകടനം നടത്തിയ ചെറുപ്പക്കാരിലൊരാളുടെ ജനനേന്ദ്രിയത്തില്‍ ഒരു പൊലീസുകാരന്‍ വണ്ടി
ക്കാളയെ വരിയുടയ്ക്കുന്ന പോലെ പിടിച്ചു കശക്കി രസിച്ച ആ ക്രൂരതയുണ്ടല്ലോ അതപലനീയമാണെന്നു പറയാത്ത, തോന്നാത്ത മനോരമ ഇപ്പം ഇങ്ങനെ മുഖപ്രസംഗം ചമയ്ക്കുമ്പോള്‍ അത് വിലകെട്ട വാക്കുകളായിട്ടേ കാണാനാവൂ.

ഇതൊക്കെ പറയുമ്പോള്‍ പൊലീസ് അതിക്രമങ്ങളെ ന്യായീകരിക്കുകയാണെന്ന് കാണുകയേ വേണ്ട. അതംഗീകരിക്കാനാവില്ലെന്നു മാത്രമല്ല, അത്തരം ക്രിമിനല്‍ സ്വഭാവമുള്ള പൊലീസുകാര്‍ക്കെതിരെ കര്‍ക്കശമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നതും വസ്തുതയാണ്. മനോരമ, മാതൃഭൂമിയാദികള്‍ കണ്ണടയ്ക്കുന്നതുകൊണ്ടു മാത്രം അവ മൂടിവയ്ക്കാനാവില്ലല്ലോ.

ഡിസംബര്‍ 30ന്‍റെ മനോരമേലെ 6-ാം പേജിലെ ഒരു റിപ്പോര്‍ട്ടു നോക്കാം: "വാളയാറിലെ കുട്ടികള്‍ നേരിട്ടത് നീചമായ പീഡനം: സിബിഐ." വാളയാര്‍ കേസില്‍ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്‍റെ റിപ്പോര്‍ട്ടാണിത്. ഇതിങ്ങനെ ഒതുക്കത്തില്‍ കൊഞ്ചിക്കുഴഞ്ഞ് അവതരിപ്പിക്കുമ്പോള്‍ സിബിഐ അന്വേഷണത്തിനിടയാക്കിയ സംഭവങ്ങള്‍ കൂടി മനോരമ ഓര്‍മിപ്പിക്കണമായിരുന്നു. സംസ്ഥാന പൊലീസ് അന്വേഷിച്ച് കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ച് വിചാരണയും നടന്ന കേസാണിത് എന്നോര്‍ക്കുക. പൊലീസ് കേസന്വേഷിച്ചതിലും വിചാരണയിലും പെണ്‍കുട്ടികളുടെ അമ്മ അതൃപ്തി അറിയിച്ചതിനെതുടര്‍ന്ന് പുനരന്വേഷണത്തിനും പുനര്‍വിചാരണയ്ക്കും സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ച കേസുമാണിത്. അതില്‍ സംതൃപ്തി രേഖപ്പെടുത്തിയ പെണ്‍കുട്ടികളുടെ അമ്മ പെട്ടെന്നൊരുള്‍വിളിപോലെ സിബിഐ അന്വേഷണം എന്നാവശ്യപ്പെട്ട ഉടനെ സര്‍ക്കാര്‍ അതംഗീകരിക്കുകയുമാണുണ്ടായത്. ഇത്രയുമായപ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടണമെന്ന വാദവുമായി അമ്മയും അവരെക്കൊണ്ട് കുഞ്ചിരാമന്‍ ചാടിച്ചിരുന്ന ചില 'സംരക്ഷണസമിതി'ക്കാരും മാധ്യമ ഊളകളും സംഘി കോങ്കി ചെകുത്താന്മാരും രംഗത്തവതരിക്കുകയാണുണ്ടായത്. ഈ സംഘത്തിലെ ആര്‍ക്കൊക്കെയോ വിരോധമുള്ള എന്നാല്‍ കേസന്വേഷണം ശരിയായ വിധം നടത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെതിരെയാണ് നടപടിയാവശ്യപ്പെട്ടത്. മാത്രമല്ല, സംസ്ഥാന പൊലീസിന്‍റെ പ്രത്യേക സംഘം ഈ കേസന്വേഷണം നടത്തുന്നത് മുതലെടുപ്പ് സംഘത്തിലെ ചില പൊന്നുമോന്മാരെ അങ്കലാപ്പിലാക്കിയിട്ടുമുണ്ടാകും. അതോണ്ടാണല്ലോ പെട്ടെന്ന് സിബിഐ അന്വേഷണം എന്ന വാദവുമായി വന്നത്.

എന്നിട്ട് ജാഗ്രതയോടെ സിബിഐ നേരറിയാന്‍ എത്തിയിട്ട് എന്തായീന്നാണ് മനോരമാദികള്‍ ഈ സമൂഹത്തോട് തുറന്നു പറയേണ്ടത്. എന്നാല്‍ കമ്യൂണിസത്തോട് കുരിശുയുദ്ധം പ്രഖ്യാപിച്ച് അഴിഞ്ഞാടുന്ന, അതിനായി കോര്‍പറേറ്റുകളില്‍നിന്നും വിദേശത്തുനിന്നും പണംപറ്റി കുംഭ വീര്‍പ്പിക്കുന്ന തെമ്മാടി സംഘത്തില്‍ നിന്ന് ന്യായവും സത്യസന്ധതയും പ്രതീക്ഷിക്കാനാവില്ലല്ലോ. സംസ്ഥാന പൊലീസ് കണ്ടതിനെക്കാള്‍ മറ്റെന്തെങ്കിലും കണ്ടെത്തല്‍ നടത്താന്‍ സിബിഐക്ക് കഴിഞ്ഞോ? ഇല്ലല്ലോ. സംസ്ഥാന പൊലീസ് അന്വേഷിച്ച രീതി തെറ്റിപ്പോയി എന്നുപറയാന്‍ പോലും ഒരു കോപ്പും സിബിഐ വശം ഉണ്ടായിരുന്നില്ലല്ലോ.

ഇതുതന്നെയാണെല്ലോ പെരിയകേസിലും സംഭവിച്ചത്. 2009ലെ മുത്തൂറ്റ് ജോര്‍ജ് വധത്തിലെ സിബിഐ അന്വേഷണത്തിന്‍റെ ഗതിയും ഓര്‍ക്കേണ്ടതാണ്. കിളിരൂര്‍ കേസിലെ സിബിഐ അന്വേഷണത്തില്‍ കണ്ട നേരുകള്‍ വാളയാറില്‍ കൂടുതല്‍ പ്രസക്തമാണെന്നതും മറക്കണ്ട. വാളയാറിലെ "നീചമായ പീഡനം" നടത്തിയത് ആ കുടുംബവുമായി രക്തബന്ധമുള്ള ഉറ്റബന്ധുക്കളും അതിലും അടുപ്പമുള്ള സുഹൃത്തുക്കളുമാണെന്നാണല്ലോ സിബിഐയും കണ്ടത്. അവരില്‍ ആര്‍ക്കെങ്കിലും എന്തേലും രാഷ്ട്രീയബന്ധമുണ്ടേല്‍ അത് ബിജെപി ബന്ധമാണെന്നതും മറക്കണ്ട. അപ്പോള്‍ മാധ്യമവേതാളങ്ങളും പരിസ്ഥിതി-സ്ത്രീ സംരക്ഷണ ഊളകളും അഴിഞ്ഞാടണത് നാട്ടില്‍ നേരും നെറിയും നടക്കാനക്കൊണ്ടല്ല, മറിച്ച് അതിനെതിരായിട്ടാണ്.

29ന്‍റെ മനോരമയുടെ 10-ാം പേജില്‍ "അതിഥിക്കലാപം: ദൃശ്യങ്ങള്‍ പരിശോധിച്ചു പൊലീസ്. പിടിയിലായ 164 പേരെയും റിമാന്‍ഡ് ചെയ്തു." എന്നൊരൈറ്റം കാണാം. ഒരു കോര്‍പറേറ്റ് മൊയ്ലാളി നടത്തിയ, ഗുണ്ടായിസത്തെ മൂടിവയ്ക്കാന്‍ നല്‍കിയ തലക്കെട്ടായേ ഇതിനെ കാണാനാവൂ. എങ്ങനെയാണ് കിഴക്കമ്പലത്ത് പൊലീസിനു നേരെ നടന്ന അക്രമത്തെ "അതിഥിക്കലാപം" എന്ന് വിശേഷിപ്പിക്കാനാവുന്നത്? സാബുമൊയ്ലാളീടെ കലിപ്പ് തീര്‍ക്കാന്‍ പാവം അതിഥി തൊഴിലാളികളെ കരുക്കളാക്കുകയായിരുന്നെന്ന് അറിയാതെയല്ല മനോരമക്കാര്‍ ഈ തലവാചകം നല്‍കിയത്; മറിച്ച് പൊലീസിനുനേരെ നടന്ന അക്രമം മനോരമയുടെയും കൂടി ആഗ്രഹസാക്ഷാത്കാരമായിരുന്നു എന്നുവേണം കരുതാന്‍.

ജനുവരി ഒന്നിന് മനോരമ ഒരു സൂപ്പര്‍ മുഖപ്രസംഗം എഴുതീറ്റുണ്ട്: "തോറ്റുപോകരുത് നമ്മുടെ കേരളം. സ്വപ്നങ്ങളിലേക്ക് വാതില്‍ തുറന്ന് പുതുവര്‍ഷം." എന്നു ശീര്‍ഷകം. അപ്പം കേരളത്തെ തോല്‍പ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ക്കെതിരെയല്ലേ മനോരമ വിരല്‍ചൂണ്ടേണ്ടത്? എന്നാല്‍ അങ്ങനെ ഒന്നിനും മനോരമ തയ്യാറാകുന്നില്ല. നാട്ടില്‍ വര്‍ഗീയ ചേരിതിരിവും കലാപവുമുണ്ടാക്കാന്‍ കൊലപാതകം വരെ നടത്തുന്ന സംഘി-സുഡാപ്പികള്‍ക്കുനേരെ പോലും കണ്ണടയ്ക്കാന്‍ കണ്ടത്തിലുകാരുടെ പത്രത്തിനുമടിയില്ല. നാട്ടില്‍ വികസനമെത്തിക്കുന്നതിനു കൊണ്ടുവരുന്ന നൂതനപദ്ധതികള്‍ക്കെതിരെ കലാപമഴിച്ചുവിടാനും സര്‍ക്കാര്‍ അതുമായി മുന്നോട്ടുപോയാല്‍ കുറ്റിയൂരുമെന്നും ഹരാക്കിരി നടത്തുമെന്നും പറയുന്ന കോങ്കി-സംഘി-സുഡാപ്പികള്‍ക്കെതിരെയും മനോരമയ്ക്ക് ഒന്നും പറയാനില്ല. അപ്പം പിന്നെന്തിനാ ഹേ ഇങ്ങനൊരു സാധനം? കേരളത്തെ തോല്‍പ്പിക്കുന്നതിന് കച്ചമുറുക്കി മുന്നില്‍ നില്‍ക്കുന്നവരില്‍ മനോരമയും ഉണ്ടെന്നതാണ് സത്യം.•