സെമി കേഡര്‍ നയത്തിന്‍റെ രാഷ്ട്രീയം

സന്തോഷ് കെ പി

 കേഡര്‍ എന്ന വാക്കിന്‍റെ അര്‍ത്ഥം ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി പരിശീലിപ്പിച്ച് എടുത്ത സംഘം എന്നാണ്. സിപിഐ എമ്മിന് കേഡര്‍ നയം ഉണ്ട്.  ലോകത്തുള്ള ഏതൊരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേഡര്‍ നയം ഉണ്ടാകും. അതില്ലാതെ അതിനു മുന്നോട്ടു പോകാന്‍ കഴിയില്ല

കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു ലക്ഷ്യമുണ്ട്. അതിനെ പരിപാടി അല്ലെങ്കില്‍ തന്ത്രം എന്നു പറയും. തന്ത്രം വിജയിപ്പിക്കുന്നതിനുവേണ്ടി അതതു കാലഘട്ടത്തിലെ രാഷ്ട്രീയ പ്രശ്നങ്ങളെ മുറിച്ചു കടക്കാന്‍ ആവശ്യമായ അടവുകള്‍ സ്വീകരിക്കുവാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സ് ചേരുകയും ആവശ്യമായ അടവുകള്‍ സ്വീകരിക്കുകയും ചെയ്തുകൊണ്ട് മുന്നോട്ടു പോവുക അതിന്‍റെ ഒരു രീതിയാണ്. ഇത് പ്രവൃത്തിമണ്ഡലത്തില്‍ വരണമെങ്കില്‍ അംഗങ്ങളെ രാഷ്ട്രീയമായി ആയുധമണിയിക്കുമ്പോള്‍  അച്ചടക്കമില്ലാത്ത പാര്‍ട്ടിയാണങ്കില്‍ അതില്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാവുക സ്വാഭാവികം. ഇതിന്‍റെ ഭാഗമായി അപ്രായോഗികം എന്നു പറഞ്ഞ് അടവും തന്ത്രവും അംഗങ്ങള്‍ തള്ളാവുന്ന സ്ഥിതി വരെ ഉണ്ടാകാം.

കേഡര്‍ നയം സ്വീകരിക്കുന്ന ഏതൊരു സംഘടനയ്ക്കും അച്ചടക്കം പ്രധാനമാണ്.അതുകൊണ്ടുതന്നെ ഭരണഘടനയും പ്രധാനമാണ്.ശക്തമായ ഒരു ഭരണഘടനയ്ക്കു കീഴിലാണ് കേഡര്‍ നയം സ്വീകരിക്കുന്ന പാര്‍ടി  പ്രവര്‍ത്തിക്കുക.അത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണെങ്കില്‍ ലെനിനിസ്റ്റ് സംഘടനാതത്ത്വം പാലിച്ചുകൊണ്ടായിരിക്കും. 

മേല്‍ ഘടകം എടുക്കുന്ന ഏതൊരു തീരുമാനത്തെ സംബന്ധിച്ചും ഒരംഗത്തിന് അവര്‍ അംഗമായ ഘടകത്തില്‍ മേല്‍ ഘടകം എടുത്ത തീരുമാനത്തെ സംബന്ധിച്ച് അഭിപ്രായം പറയാനുള്ള ജാനാധിപത്യപരമായ അവകാശമുണ്ട്. എന്നാല്‍ താന്‍ ഉള്‍ക്കൊള്ളുന്ന ഘടകത്തില്‍ പറഞ്ഞ അഭിപ്രായങ്ങള്‍ പുറത്തുപറഞ്ഞാല്‍ അത് അച്ചടക്കലംഘനമായിരിക്കും. ലെനിനിസ്റ്റ് സംഘടനാ തത്ത്വമനുസരിച്ച് വ്യക്തി, ഘടകത്തിനും ഘടകം മേല്‍ ഘടകത്തിനും കീഴ്പ്പെട്ട് പ്രവര്‍ത്തിക്കണം. അതുപോലെ ഭൂരിപക്ഷ തീരുമാനം ന്യൂനപക്ഷം അംഗീകരിക്കുകയും അത് നടപ്പിലാക്കാന്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുകയും ചെയ്യണം. ഇതുസംബന്ധിച്ച് ഒരു വിശദീകരണം ഇവിടെ ഉദ്ദേശിക്കുന്നില്ല. അഖിലേന്ത്യാ തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പാര്‍ടിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തു മാത്രമായി ഇങ്ങനെ നയം നടപ്പിലാക്കാന്‍ പറ്റുമോ? കോണ്‍ഗ്രസ് അഖിലേന്ത്യാ ഘടകത്തില്‍ നിന്നും വേര്‍പിരിഞ്ഞു സ്വതന്ത്ര ഘടകമായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്ന് പറയാതെ പറയുകയാണ് സുധാകരന്‍ ചെയ്തത്. സെമികേഡര്‍ നയപ്രഖ്യാപനത്തിലൂടെ സുധാകരന്‍ ലക്ഷ്യം വെയ്ക്കുന്നത് ഭാവിയില്‍  കേരളത്തില്‍ രൂപംകൊള്ളാന്‍പോകുന്ന തീവ്രവലതുപക്ഷരാഷ്ട്രീയശക്തിയായി  കോണ്‍ഗ്രസ്സിനെ രൂപപ്പെടുത്തിയെടുക്കുക; ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെപോലെ രൂപംകൊണ്ട് ആക്രമണോത്സുകത മുറ്റിനില്‍ക്കുന്ന ഒരു വലതുപക്ഷത്തെ രൂപപ്പെടുത്തിയെടുക്കുക; എല്ലാ തീവ്രവാദ ശക്തികളെയും ഏകോപിപ്പിച്ച് അധികാരം പിടിച്ചെടുക്കുക എന്നിവയാണ്. കേരളത്തില്‍ ബിജെപിയില്‍ അണിനിരന്നവരേയും  ആകര്‍ഷിക്കുംവിധം പ്രകടനപരമായി നിരന്തരം അദ്ദേഹം മുക്രയിടുന്നുണ്ട്. അക്രമരാഷ്ട്രീയം കേരളത്തില്‍ അത്രവേഗം വേരോടുന്ന മണ്ണല്ല. മതനിരപേക്ഷത ശാസ്ത്രീയമായി രൂപംകൊണ്ട സാമൂഹ്യഘടനയാണ് നമുക്കുള്ളത്. മുതലാളിത്ത ഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോള്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് വളര്‍ന്നു പന്തലിക്കാന്‍ കഴിഞ്ഞതുവഴി മുതലാളിത്ത സാമൂഹ്യഘടന രൂപംകൊള്ളുമ്പോള്‍തന്നെ വളര്‍ന്നുവന്ന തൊഴിലാളിവര്‍ഗത്തിന്‍റെ വര്‍ഗബോധത്തിലധിഷ്ഠിതമായ പോരാട്ടങ്ങളിലൂടെ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ടു. 

കേരളം ഇപ്പോള്‍  വര്‍ഗീയസംഘര്‍ഷങ്ങളില്ലാത്ത കേരളമായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനുവേണ്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന്ന വര്‍ഗീയവിരുദ്ധ നിലപാട് മുസ്ലീം ജനവിഭാഗങ്ങള്‍ ഏറെ അംഗീകരിച്ചു കഴിഞ്ഞു. അതിന്‍റെ ഏറ്റവും വലിയ ഉദാഹരണമാണ് യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള വ്യത്യാസം, മലപ്പുറം ജില്ലയില്‍165000 വോട്ടിന്‍റേത് മാത്രമാണ് എന്നത്. ഇത് എല്ലാവരും മനസ്സിലാക്കി പ്രവര്‍ത്തിക്കണം. അടുത്തകാലത്ത് വര്‍ഗീയ ചുടലക്കളമാക്കി മാറ്റാന്‍  ഉപകരിക്കുന്ന ഒരു രാഷ്ട്രീയ ഇടപെടല്‍ ആയിരുന്നു കേന്ദ്ര ബിജെപി സര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട വിഷയം. ആ വിഷയം ഉപയോഗിച്ചു വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന സംഘടനകളെ മാറ്റി നിര്‍ത്തിക്കൊണ്ട്, മുസ്ലിം ജനവിഭാഗത്തിന്‍റെ സംരക്ഷണം കേരള സര്‍ക്കാര്‍ ഏറ്റെടുത്തുകൊണ്ടുള്ള പിണറായി വിജയന്‍റെ പ്രഖ്യാപനം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ഉണ്ടാക്കിയിട്ടുള്ളത്. അതുപോലെതന്നെ മുത്തലാക്ക് വിഷയത്തിലും ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ടു കൊണ്ടുള്ള വിഷയത്തിലും ലൗ ജിഹാദ് വിഷയത്തിലും വിവാഹപ്രായപ്രശ്നത്തിലും ഇങ്ങനെ  ന്യൂനപക്ഷ വിഭാഗത്തെ ഒറ്റപ്പെടുത്തി ആക്രമിക്കുവാനും  തകര്‍ക്കുവാനുമുള്ള ശ്രമങ്ങളെയെല്ലാം ധീരോദാത്തമായി നേരിടാന്‍ സംസ്ഥാന ഗവണ്‍മെന്‍റിലും അതിനെ നയിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലുംമുന്നണിക്ക് നേതൃത്വം കൊടുക്കുന്ന സിപിഐഎമ്മിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ അവരുടെ വിശ്വാസം അര്‍പ്പിച്ചിരിക്കുന്നു. തുടര്‍ഭരണം നേടുവാനുള്ള കാരണങ്ങളില്‍ ഒന്ന് ഇതായിരുന്നുവെന്ന് മനസ്സിലാക്കേണ്ടവര്‍ മനസ്സിലാക്കേണ്ടതുണ്ട്. ഇവര്‍ ഓര്‍ക്കേണ്ടത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നാളിതുവരെയുള്ള മുന്നേറ്റത്തിന്‍റെ ചരിത്രത്തില്‍ രക്തസാക്ഷികളായവരുടെ ഇടനെഞ്ചിലേക്കാണ് ശത്രുവിന്‍റെ ആയുധം തുളച്ചുകയറിയത്. അതുകൊണ്ടാണ് ഓരോ രക്തസാക്ഷിയും ഒരായിരം പോരാളികള്‍ക്ക് ജന്മം നല്‍കുന്നത്. അതുകൊണ്ട് അക്രമ രാഷ്ട്രീയമാണ് കേഡര്‍ നയം എന്നാണ് സുധാകരനും കൂട്ടരും മനസ്സിലാക്കിയതെങ്കില്‍ അവര്‍ക്കുതെറ്റി. മതനിരപേക്ഷ ജനാധിപത്യ മൂല്യങ്ങള്‍ ജീവന്‍ കൊടുത്തും കാത്തുസൂക്ഷിക്കുന്നത് സിപിഐഎം ആണെന്ന്എല്ലാ ജനാധിപത്യ വിശ്വാസികള്‍ക്കും ബോധ്യപ്പെട്ടു. അതുകൊണ്ടാണ് കോണ്‍ഗ്രസിനോട് വിടപറഞ്ഞു വരുന്നവരുടെ നീണ്ടനിര കേരളത്തില്‍ കാണാന്‍ കഴിയുന്നത്. •