നവലിബറല്‍കാലത്തെ വികസനവും ഇടത് പരിപ്രേക്ഷ്യവും

കെ എ വേണുഗോപാലന്‍

ഡിബി വായ്പയുമായി ബന്ധപ്പെടുത്തി വിദേശ ധനമൂലധനവും കമ്യൂണിസ്റ്റുകാരും തമ്മിലുള്ള ബന്ധം വിവാദമാക്കിയതുപോലെ കെ റെയിലുമായി ബന്ധപ്പെടുത്തി ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനും തെറ്റിദ്ധാരണ പരത്താനുമുള്ള ശ്രമങ്ങള്‍ കേരളത്തിലെ കപട ഇടതുപക്ഷം ആരംഭിച്ചിട്ടുണ്ട്. വിദേശ ധനമൂലധനത്തോട് കമ്യൂണിസ്റ്റുകാര്‍ സ്വീകരിക്കേണ്ട നിലപാട് എന്ത് ?

ലോകത്ത് ആദ്യമായി സോഷ്യലിസ്റ്റ് വിപ്ലവം നടക്കുകയും സോഷ്യലിസം കെട്ടിപ്പടുക്കാന്‍ ആരംഭിക്കുകയും ചെയ്ത രാജ്യം സോവിയറ്റ് യൂണിയനാണ്. മഹാനായ ലെനിനാണ് അതിന് നേതൃത്വം നല്‍കിയത്. വിദേശ ധനമൂലധന ശക്തികളെ സംബന്ധിച്ച മാര്‍ക്സിയന്‍ കാഴ്ചപ്പാട് വികസിപ്പിച്ചതും ലെനിന്‍ തന്നെയാണ്. സാമ്രാജ്യത്വം മുതലാളിത്തത്തിന്‍റെ പരമോന്നത ഘട്ടം എന്ന പുസ്തകത്തിലാണ് ലെനിന്‍ അത് ചെയ്തത്. പുത്തന്‍ സാമ്പത്തിക നയത്തിന്‍റെ കാലത്ത് വിദേശ മൂലധനത്തെ സ്വന്തം വ്യവസായങ്ങള്‍ വളര്‍ത്തുന്നതിനായി ഉപയോഗിക്കേണ്ടതിന്‍റെ പ്രാധാന്യം ലെനിന്‍ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യലിസം കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ മുതലാളിത്തത്തെ ഉപയോഗിക്കുന്നതിന്‍റെ ഭാഗമായാണ് ലെനിന്‍ ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. 'നാം മുതലാളിത്തത്തെ പുനഃസൃഷ്ടിക്കുക' യെന്നാണ് ഒരളവോളം അതിനര്‍ത്ഥം. നാം അത് പരസ്യമായാണ് ചെയ്യുന്നത്.അത് സ്റ്റേറ്റ് മുതലാളിത്തമാണ്.എന്നാല്‍ അധികാരം മൂലധനത്തിന്‍റെ വരുതിയിലായ (മുതലാളിത്തം) ഒരു സമൂഹത്തിലെ സ്റ്റേറ്റ് മുതലാളിത്തവും തൊഴിലാളിവര്‍ഗ ഭരണകൂടത്തിന്‍ കീഴിലെ സ്റ്റേറ്റ് മുതലാളിത്തവും തികച്ചും വ്യത്യസ്തങ്ങളായ രണ്ടു കാഴ്ചപ്പാടുകളാണ്. ഒരു മുതലാളിത്ത രാജ്യത്തെ സ്റ്റേറ്റ് മുതലാളിത്തം എന്നതിനര്‍ത്ഥം ബൂര്‍ഷ്വാസിക്ക് പ്രയോജനകരമായും തൊഴിലാളിവര്‍ഗത്തിന് ഹാനികരമായും ഭരണകൂടം അതിനെ അംഗീകരിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണ്. തൊഴിലാളിവര്‍ഗ രാജ്യത്ത് അതേ കാര്യങ്ങള്‍ ചെയ്യുന്നത് തൊഴിലാളിവര്‍ഗത്തിന്‍റെ നേട്ടത്തിനും അപ്പോഴും ശക്തമായ നിലയില്‍ തുടരുന്ന ബൂര്‍ഷ്വാസിയെ അതിജീവിക്കുന്നതിനും അതിനെതിരെ പോരാടുന്നതിനുമാണ്. വിദേശ ബൂര്‍ഷ്വാസിക്ക്,വിദേശ മൂലധനത്തിന് നാം ഇളവുകള്‍ അനുവദിക്കണമെന്നത് എടുത്തു പറയേണ്ടതില്ലല്ലോ? ദേശസാല്‍ക്കരണത്തില്‍ തെല്ലുപോലും കുറവുവരുത്താതെ തന്നെ നാം ഖനികളും വനങ്ങളും എണ്ണപ്പാടങ്ങളും വിദേശ മുതലാളിമാര്‍ക്ക് പാട്ടത്തിന് കൊടുക്കുകയും പകരമായി നിര്‍മ്മിത ചരക്കുകള്‍, യന്ത്രോപകരണങ്ങള്‍ മുതലായവ സ്വീകരിച്ച് അതുവഴി നമ്മുടെ സ്വന്തം വ്യവസായത്തെ പുനഃസ്ഥാപിക്കുകയും വേണം.' ( ലെനിന്‍ : സമാഹൃതകൃതികള്‍, വാള്യം 32 പേജ് 491) സോഷ്യലിസ്റ്റ് വിപ്ലവം നടന്ന സോവിയറ്റ് റഷ്യയില്‍ പോലും വിദേശമൂലധനം ഉപയോഗപ്പെടുത്തേണ്ടതിന്‍റെ ആവശ്യകതയാണ് ലെനിന്‍ ഇവിടെ വിശദീകരിക്കുന്നത്.

ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസ്റ്റ് നിര്‍മാണത്തിലും വിദേശമൂലധനം ഇന്ന് വ്യാപകമായ തോതില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മുതലാളിത്തത്തിനും കമ്യൂണിസത്തിനും ഇടയിലുള്ള ഒരു അന്തരാള ഘട്ടമാണ് സോഷ്യലിസം എന്നതിനാല്‍ സോഷ്യലിസം കമ്യൂണിസത്തിന്‍റെ പ്രാഥമിക ഘട്ടം മാത്രമാണ്. എന്നാല്‍ വിപ്ലവത്തിന്‍റെ ഘട്ടത്തിലെ ഉല്പാദനശക്തികളുടെ നിലവാരത്തെ ആശ്രയിച്ച് ഈ അന്തരാളഘട്ടത്തില്‍ തന്നെ പല ഘട്ടങ്ങളുമുണ്ടെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി പറയുന്നത്. വിപ്ലവ ഘട്ടത്തില്‍ അര്‍ധഫ്യൂഡല്‍, അര്‍ധ കൊളോണിയല്‍ പിന്നാക്ക രാജ്യമായിരുന്നു ചൈന എന്നതിനാല്‍ വളരെ താഴ്ന്ന നിലയില്‍ നിന്ന് സമ്പദ്വ്യവസ്ഥയുടെ സോഷ്യലിസ്റ്റ് പരിവര്‍ത്തനം നടത്തേണ്ടിയിരുന്നു. അതിനാലാണ് ചൈനീസ് സവിശേഷതകളോടുകൂടിയ സോഷ്യലിസം കെട്ടിപ്പടുക്കല്‍ എന്ന പ്രക്രിയക്ക് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി നേതൃത്വം കൊടുത്തത്.

ഈ പരിഷ്കരണങ്ങള്‍ മുഖേനെ ഉല്പാദനശക്തികളെ അതിവേഗം വികസിപ്പിക്കുന്നതിനും അങ്ങനെ സോഷ്യലിസത്തെ ദൃഢീകരിക്കുന്നതിനുമാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ശ്രമിക്കുന്നത്. 

കമ്യൂണിസ്റ്റ് പാര്‍ടിയുടെ നേതൃത്വത്തില്‍ വിപ്ലവം നടന്ന രണ്ടു രാജ്യങ്ങളിലെ അനുഭവമാണ് മേല്‍ വിവരിച്ചത്. എന്നാല്‍ ഇന്ത്യയുടെ സ്ഥിതി അതല്ല. ഇന്ത്യ ഇപ്പോഴും മുതലാളിത്ത വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യമാണ്. ഇന്ത്യയിലെ ഭരണാധികാരി വര്‍ഗത്തിന് നേതൃത്വം കൊടുക്കുന്നത് വന്‍കിട ബൂര്‍ഷ്വാസിയാണ്. അവരാകട്ടെ ഭൂപ്രഭുത്വവുമായി സന്ധി ചെയ്യുന്നവരും സാമ്രാജ്യത്വവുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നവരുമാണ്. അങ്ങനെയുള്ള ഒരു രാജ്യത്ത് പരിമിതമായ അധികാരങ്ങളോടെ ഒരു സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയാണ് സിപിഐ എം. സാമ്പത്തിക നയം തീരുമാനിക്കുന്നത് കേന്ദ്ര ഗവണ്‍മെന്‍റാണ്. അതിന്‍റെ നാലതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് പരമാവധി ജനോപകാരപ്രദമായ വിധത്തില്‍ അധികാരം ഉപയോഗിക്കാന്‍ മാത്രമാണ് സംസ്ഥാനങ്ങള്‍ക്ക് കഴിയുക.

സാമ്രാജ്യത്വവുമായി സഹകരിക്കുന്ന ഈ നയത്തിന്‍റെ ഭാഗമായാണ് നവലിബറല്‍ സാമ്പത്തിക നയം നടപ്പിലാക്കപ്പെട്ടത്. മുമ്പ് കേന്ദ്രമാണ് സംസ്ഥാനങ്ങള്‍ക്ക് വികസനത്തിന് ആവശ്യമായ ഫണ്ട് നേരിട്ട് അനുവദിച്ചിരുന്നത്. എന്നാല്‍ നവ ലിബറല്‍ നയങ്ങള്‍ നടപ്പിലാക്കപ്പെട്ടതോടെ കേന്ദ്രസര്‍ക്കാര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് വായ്പ വാങ്ങി കൊടുക്കുന്ന ഒരു ഇടനിലക്കാരന്‍റെ റോളിലേക്ക് മാറി എന്നു മാത്രമല്ല സംസ്ഥാന സര്‍ക്കാരുകളുടെ സ്രോതസ്സുകളില്‍ ഒക്കെ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തു. ഈ സ്ഥിതിവിശേഷത്തിലാണ് വിദേശ മൂലധനം ഉപയോഗപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉയര്‍ന്നുവന്നത്. വിദേശമൂലധനം സമം സാമ്രാജ്യത്വം എന്ന ലളിതവല്‍ക്കരണത്തിലൂടെ അതുമായി കൂട്ടിത്തൊടുന്നതുതന്നെ വിപ്ലവ വിരുദ്ധം എന്ന ചിന്താഗതി ഒരുവശത്തും നവലിബറല്‍ കാലത്ത് ഇതല്ലാതെ മറ്റു മാര്‍ഗമില്ല എന്ന ചിന്താഗതി മറുഭാഗത്തും വളര്‍ന്നുവരാന്‍ തുടങ്ങി. ഈ കാര്യത്തില്‍ വലത് - ഇടത്  വ്യതിയാനങ്ങള്‍ ക്കിരയാവാതെ ശരിയായ മാര്‍ക്സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാട് ഉയര്‍ത്തിപ്പിടിക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു. അതാണ് പതിനെട്ടാം പാര്‍ടി കോണ്‍ഗ്രസ് അംഗീകരിച്ച ചില നയ പ്രശ്നങ്ങളെപ്പറ്റി എന്ന രേഖയുടെ പ്രാധാന്യം.

നവലിബറല്‍ പ്രക്രിയയില്‍ ഇടപെടല്‍ നടത്തിക്കൊണ്ട് മാത്രമേ അതിനെ മാറ്റിമറിക്കാനാവൂ എന്ന ഏറ്റവും ശരിയായ കാഴ്ചപ്പാടാണ് പ്രമേയം മുന്നോട്ടുവച്ചത്. "നിലവിലുള്ള വ്യവസ്ഥയെ വിപ്ലവകരമായി മാറ്റിമറിക്കുക എന്ന അടിസ്ഥാനത്തിലായിരിക്കണം ഒരു ബദല്‍ സോഷ്യലിസ്റ്റ് ക്രമത്തിന് വേണ്ടിയുള്ള പോരാട്ടം നടത്തേണ്ടത്. ഇതിനായി വിപ്ലവ ശക്തികള്‍ നിലവിലുള്ള ലോക യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ട് പ്രതികരിക്കേണ്ടതുണ്ട്. ഇതിന്‍റെ ഒരേയൊരു ലക്ഷ്യം സോഷ്യലിസത്തിന് അനുകൂലമായി ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്തുക എന്നതാണ്. ഇത്തരത്തില്‍ ഇടപെട്ടുകൊണ്ടുള്ള പ്രതികരണത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കണം വിപ്ലവകരമായ മാറ്റത്തിനുള്ള പ്രക്രിയ നടക്കേണ്ടത്. മറിച്ച് നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് ഒളിച്ചോടാമെന്ന ചിന്തകളിലല്ല. ലോക തൊഴിലാളി വര്‍ഗത്തിന്‍റെ നേതൃത്വത്തിലുള്ള എല്ലാ വിപ്ലവകരമായ പ്രസ്ഥാനങ്ങളുടേയും ചരിത്രമാകെ സോഷ്യലിസത്തിന്‍റെ ബദല്‍ സ്ഥാപിച്ചെടുക്കുന്നതിന് ആവശ്യമായ ഭൗതിക ശക്തികളെ രൂപപ്പെടുത്തുന്നതിനു വേണ്ടി നിലവിലുള്ള യാഥാര്‍ത്ഥ്യങ്ങളില്‍ ഇടപെട്ട് പ്രതികരിച്ചതിന്‍റേതാണ്. "ഇടപെട്ട് പ്രതികരിക്കുക എന്ന പ്രയോഗമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇതിന് രണ്ടു വശങ്ങളുണ്ട്. അതില്‍ ഒന്നാമത്തേത് പ്രതികരിക്കല്‍ തന്നെയാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരെ സോഷ്യലിസ്റ്റ് ബദല്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടവും പ്രചാരണ പ്രക്ഷോഭവും എന്നാണ് പ്രതികരണം എന്നതുകൊണ്ട് നയരേഖ ഉദ്ദേശിക്കുന്നത്. രണ്ടാമത്തേതാകട്ടെ ഇടപെടലാണ്. നവലിബറല്‍ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ കൂടുതല്‍ കൂടുതല്‍ ജനങ്ങളെ അണിനിരത്താവുന്ന വിധത്തില്‍,ശാക്തിക ബലാബലത്തില്‍ മാറ്റം വരുത്താവുന്ന വിധത്തില്‍ ഇന്നുള്ള സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് ഭാഗികമായിട്ടെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ വേണ്ടി നടത്തുന്ന പ്രവര്‍ത്തനമാണ് ഇടപെടല്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

കെ.റെയില്‍ ഒരു പൊതുമേഖലാ സ്ഥാപനമാണ്. യൂണിയന്‍ ഗവണ്‍മെന്‍റ് പൊതുമേഖലാസ്ഥാപനമായ റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിനുവേണ്ട നീക്കങ്ങള്‍ നടത്തുന്ന കാലമാണിത്. പല റെയില്‍വേ സ്റ്റേഷനുകളും ഇതിനകം സ്വകാര്യവല്‍ക്കരിക്കപ്പെട്ടു കഴിഞ്ഞു. പല റൂട്ടുകളിലും ഓടുന്നത് സ്വകാര്യ തീവണ്ടികളാണ്. അവസാനം വില്‍ക്കാന്‍ വെച്ച റൂട്ടുകളും സ്റ്റേഷനുകളും ലാഭകരമല്ലാത്തതിനാലാണ് വിറ്റഴിക്കപ്പെടാതെ പോയത്. ഈ സ്വകാര്യവല്‍ക്കരണ നീക്കത്തിനി ടയിലാണ് ഒരു പൊതുമേഖലാ സ്ഥാപനം ആരംഭിക്കുന്നതിനു സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നത്. അങ്ങനെ ഒരു നീക്കം നടത്തിയാല്‍, അത് നവലിബറല്‍ നയങ്ങള്‍ക്ക് ഒരു ബദലാണ് എന്നതുകൊണ്ട് അതിനെ അനുകൂലിക്കേണ്ടവര്‍ പോലും അഴിമതി നടത്താനുള്ള ഒരു മാര്‍ഗ്ഗമാണെന്ന് പറഞ്ഞ് എതിര്‍ക്കാനാണ് മുന്നോട്ടുവന്നത്.

രണ്ടാമത്തെ ആക്ഷേപം ഇത് സമ്പന്നര്‍ക്ക് വേണ്ടിയുള്ള ഒരു പദ്ധതിയാണ് എന്നാണ്. സിപിഐ എം മാത്രമല്ല ഇന്ത്യയിലെ മറ്റ് ഇടതുപക്ഷ പാര്‍ടികളും മുഖ്യശത്രുവായി കാണുന്നത്  വന്‍കിട ബൂര്‍ഷ്വാസികളേയും സ്വാമ്രാജ്യത്വ വാദികളെയും ഭൂപ്രഭുക്കളെയുമാണ്. കേരളത്തില്‍ ഭൂപ്രഭുക്കള്‍ ഇല്ല. വന്‍കിട ബൂര്‍ഷ്വാസികളും ഇല്ല.  കേരളത്തിലെ സമ്പന്നര്‍ ഇടത്തരക്കാരാണ്. അതില്‍ മേല്‍ത്തട്ടുകാരും താഴെ തട്ടുകാരുമുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്കിങ് - ഇന്‍ഷുറന്‍സ് മേഖലകളിലെ ജീവനക്കാര്‍, ഡോക്ടര്‍മാര്‍, അഭിഭാഷകര്‍, എന്‍ജിനീയര്‍മാര്‍, മറ്റു ബുദ്ധിജീവി വിഭാഗങ്ങള്‍ എന്നിവരെല്ലാം ഉള്‍പ്പെടുന്നതാണ് പരമ്പരാഗത ഇടത്തരക്കാര്‍. ഇവരെക്കൂടാതെ  നവലിബറല്‍ നയങ്ങളുടെ നടത്തിപ്പിന്‍റെ ഭാഗമായി സേവന മേഖലകളില്‍ നിന്ന് പുത്തന്‍ ഇടത്തരക്കാരും രൂപപ്പെട്ടിട്ടുണ്ട്. ഐടി, ബിപിഓ, ഔഷധം, പാശ്ചാത്തല വികസനം, സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍, സ്വകാര്യ വിദ്യാഭ്യാസ ആരോഗ്യ മേഖലകള്‍, മാധ്യമം, ടൂറിസം, വാര്‍ത്താവിനിമയം മുതലായവയുമായി ബന്ധപ്പെട്ടാണ് ഇവര്‍ വളര്‍ന്നുവന്നിട്ടുള്ളത്. ഇവരില്‍ നല്ലൊരു പങ്കും താരതമ്യേന ഉയര്‍ന്ന വേതനം പറ്റുന്നവരാണ്. അതേസമയം തന്നെ ഉയര്‍ന്നതോതിലുള്ള ചൂഷണത്തിനും ഇവര്‍ വിധേയമാവുന്നു. ഓരോ വ്യക്തിയുടെയും പ്രകടനത്തിന് വിശദാംശങ്ങള്‍ സംബന്ധിച്ച് രേഖപ്പെടുത്തുകയും അളന്നു തിട്ടപ്പെടുത്തുകയും ചെയ്യുന്നു. അതിനനുസരിച്ചാണ് അവര്‍ക്ക് വേതനം ലഭിക്കുന്നത്. എട്ടു മണിക്കൂര്‍ തൊഴില്‍ എന്നത് അവരെ സംബന്ധിച്ചിടത്തോളം മിഥ്യയാണ്. തൊഴിലിന്‍റെ സവിശേഷത കൊണ്ട് സംഘടിക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ് അവര്‍. ഇവരെല്ലാം ചേര്‍ന്നതാണ് ഇന്നത്തെ കേരളത്തിലെ സമ്പന്നര്‍. ഇവരില്‍ ഒരു വിഭാഗം ഇന്നലെ പാവപ്പെട്ടവരായിരുന്ന വരില്‍ നിന്ന് ഉയര്‍ന്ന് വന്നവരാണ്. സൗജന്യ വിദ്യാഭ്യാസവും ഭൂപരിഷ്കരണ നടപടികളും ആണ് അതിന് ഇടയാക്കിയത്. പാവപ്പെട്ടവരില്‍ നിന്നുതന്നെ ഇന്നും വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വളര്‍ന്നുവരുന്നുണ്ട്. തങ്ങളുടെ വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള നല്ല വരുമാനമുള്ള തൊഴിലുകളാണ് അവരും പ്രതീക്ഷിക്കുന്നത്. കേരള വികസന മാതൃകയുടെ അനന്തരഫലമായി സമൂഹത്തില്‍ പാവപ്പെട്ടവരുടെ എണ്ണം കുറയുകയും ഇടത്തരക്കാരുടെ എണ്ണം കൂടുകയുമാണ്. ഇവരുടെ എല്ലാം പ്രതീക്ഷകള്‍ക്ക് ഉതകും വിധം കേരളത്തെ ഒരു ജ്ഞാന സമ്പദ് വ്യവസ്ഥയാക്കി മാറ്റുന്നതിനാണ് ഇന്ന് ഇടതുപക്ഷം ശ്രമിക്കുന്നത്. അതില്‍ വലിയൊരു പങ്കു വഹിക്കാന്‍ കെ. റെയില്‍ പോലുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്ക് കഴിയും.

ജനകീയ ജനാധിപത്യ വിപ്ലവം നടപ്പിലാക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന പാര്‍ടിയാണ് സിപിഐ എം. അതിന് ജനകീയ ജനാധിപത്യമുന്നണി കെട്ടിപ്പടുക്കേണ്ടതുണ്ട്. ഭരണവര്‍ഗങ്ങളായ വന്‍കിട ബൂര്‍ഷ്വാസിയും ഭൂപ്രഭുവും സാമ്രാജ്യത്വ ശക്തികളും ഒഴികെ ഇന്ത്യക്കാരായ മറ്റെല്ലാവരും അണിനിരക്കുന്ന മുന്നണിയാണ് ജനകീയ ജനാധിപത്യ മുന്നണി. അതില്‍ ഈ പറഞ്ഞ ഇടത്തരക്കാരും പെടും. സമ്പന്നരോ അധികം ശമ്പളം പറ്റുന്നവരോ ആയതുകൊണ്ട് അവരെ ഒഴിവാക്കി നിര്‍ത്തണമെന്ന് സിപിഐ എമ്മിന്‍റെ പാര്‍ടി പരിപാടി പറയുന്നില്ല. കെ. റെയില്‍ സമ്പന്നര്‍ക്കു വേണ്ടി മാത്രമാണ് എന്നത് ഒരു പച്ചക്കള്ളമാണ്.  ഒരു ജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ച് അതൊരു അനിവാര്യതയാണ്. •