നമുക്കിനി ഭരണഘടന വായിക്കാം, ഗവര്‍ണറോടൊപ്പം

സെബാസ്റ്റ്യന്‍ പോള്‍

സംസ്ഥാനത്തെ ഗവര്‍ണര്‍ എന്ന നിലയിലും സര്‍വകലാശാലകളുടെ ചാന്‍സലര്‍ എന്ന നിലയിലും വൈരുധ്യമുള്ള ദ്വന്ദ്വഭാവമാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രകടിപ്പിക്കുന്നത്. ഭരണഘടനയനുസരിച്ച് സംസ്ഥാനത്ത് കാര്യങ്ങള്‍ ശരിയായി നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ നിയുക്തനായ ഗവര്‍ണര്‍ക്ക് സര്‍ക്കാരിന്‍റെ പ്രവര്‍ത്തനത്തില്‍ പരാതിയില്ല. ഉണ്ടെങ്കില്‍ അദ്ദേഹം രാഷ്ട്രപതിയെ വിവരം അറിയിക്കുമായിരുന്നു. അങ്ങനെയൊരു റിപ്പോര്‍ട്ടിനുവേണ്ടി കാത്തിരിക്കുന്നയാളാണ് കേന്ദ്രത്തിലെ ആഭ്യന്തരമന്ത്രി. ഗവര്‍ണര്‍ എന്ന നിലയില്‍ ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാനത്തെ സര്‍വകലാശാലകളുടെ എക്സ് ഒഫിഷ്യോ ചാന്‍സലറാണ്. നിയമസഭ പാസാക്കി ഗവര്‍ണര്‍ തുല്യം ചാര്‍ത്തിയ നിയമപ്രകാരം  സ്വാഭാവികമായി ലഭിക്കുന്ന പദവിയാണത്. ചാന്‍സലര്‍ പദവി താന്‍ ഒഴിഞ്ഞുവെന്നാണ് ഗവര്‍ണര്‍ പറയുന്നത്. എക്സ് ഒഫിഷ്യോ പദവി അങ്ങനെ ഒഴിയാന്‍ കഴിയുമോ? രാജ്യസഭയുടെ എക്സ് ഒഫിഷ്യോ അധ്യക്ഷനാണ് ഉപരാഷ്ട്രപതി. രാജ്യസഭയില്‍ പൊട്ടിക്കരയുകയും പൊട്ടിത്തെറിക്കുകയും ചെയ്തിട്ടുള്ള ഉപരാഷ്ട്രപതിമാര്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ ആരും എക്സ് ഒഫിഷ്യോ പദവി ഉപേക്ഷിച്ചിട്ടില്ല. ഉപേക്ഷിക്കാന്‍ കഴിയുകയുമില്ല. രാജ്യസഭയുടെ അധ്യക്ഷപദവി മാത്രമായി ഒഴിയാനാവില്ല. രാജ്യസഭാധ്യക്ഷപദവി വഹിക്കാന്‍ കഴിയില്ലെങ്കില്‍ ഒഴിയേണ്ടത് ഉപരാഷ്ട്രപതി എന്ന പദവിയാണ്.

രാജിവയ്ക്കാതെ ഒരു പദവിയും ഒഴിയാന്‍ കഴിയില്ല. ചാന്‍സലറെന്ന നിലയിലുള്ള രാജിക്കത്ത് ഗവര്‍ണര്‍ ആര്‍ക്കാണു നല്‍കിയത്. ആര്‍ക്കും നല്‍കാന്‍ കഴിയില്ല. കാരണം ചാന്‍സലറായി അദ്ദേഹത്തെ ആരും നിയമിച്ചിട്ടില്ല. ചാന്‍സലറായിരിക്കാന്‍ താത്പര്യമില്ലെങ്കില്‍ അദ്ദേഹം ഒഴിയേണ്ടത് ഗവര്‍ണര്‍പദവിയാണ്. ആ രാജി അദ്ദേഹം സമര്‍പ്പിക്കേണ്ടത് നിയമനാധികാരിയായ രാഷ്ട്രപതിക്കാണ്. ഗവര്‍ണറായിരിക്കെ അദ്ദേഹത്തില്‍ നിക്ഷിപ്തമായിരിക്കുന്ന ചുമതലയാണ് ചാന്‍സലറുടേത്. നിയമപരമായ ചുമതലകള്‍ ഭാഗികമായി നിറവേറ്റാനുള്ളതല്ല. കേരളത്തിലെ 13 സര്‍വകലാശാലകളുടെ എക്സ് ഒഫീഷ്യോ ചാന്‍സലറാണ് ഗവര്‍ണര്‍. തെരുവില്‍ ചാനല്‍ മൈക്കിലൂടെ പ്രഖ്യാപിച്ചൊഴിയാവുന്നതല്ല ആ പദവി. ചാന്‍സലര്‍ എന്ന അനുബന്ധപദവിയില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കണമെങ്കില്‍ അതിന് അധികാരമുള്ളത് നിയമസഭയ്ക്കാണ്. സര്‍വകലാശാലാനിയമം ഭേദഗതി ചെയ്ത് ചാന്‍സലര്‍ പദവി മറ്റൊരു അധികാരസ്ഥാനത്തിനു നല്‍കണം. ഇവ്വിധമൊന്നും ആലോചിക്കാതെ ഡിസംബര്‍ 8 മുതല്‍ ചാന്‍സലറുടെ ഔദ്യോഗികകൃത്യനിര്‍വഹണത്തില്‍നിന്നു വിട്ടുനിന്നുകൊണ്ട് സര്‍വകലാശാലകളില്‍ സ്തംഭനാവസ്ഥ സൃഷ്ടിച്ചിരിക്കുകയാണ് അന്യഥാ പരിണതപ്രജ്ഞനായ ഗവര്‍ണര്‍.

എഴുതിവയ്ക്കാതെയും നോക്കി വായിക്കാതെയും ഭരണഘടനയെ ആദരിക്കുകയും അനുസരിക്കുകയും ചെയ്യുന്നവരാണ് ബ്രിട്ടീഷുകാര്‍. ഗ്രന്ഥരൂപത്തിലും ഡിജിറ്റല്‍ രൂപത്തിലും വായിക്കാന്‍ കഴിയുന്നതും ആവശ്യത്തിലധികം വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ഉണ്ടായിക്കഴിഞ്ഞതുമാണ് ഇന്ത്യയില്‍ നമ്മുടെ ഭരണഘടന. എന്നിട്ടും പ്രവൃത്തിയില്‍ സ്ഖലിതങ്ങള്‍ ഉണ്ടാകുന്നു. അക്ഷരം വായിക്കുകയും അര്‍ത്ഥം അറിയാതിരിക്കുകയും ചെയ്യുമ്പോള്‍ സംഭവിക്കുന്ന അപകടമാണിത്. അക്ഷരങ്ങളേക്കാള്‍ പ്രധാനമാണ് അന്തര്‍ലീനമായ ചൈതന്യം. തന്നോടു തര്‍ക്കിക്കുന്നവര്‍ ഭരണഘടന വായിച്ചിരിക്കണമെന്ന് ഗവര്‍ണര്‍ പറഞ്ഞതില്‍ യുക്തിയുണ്ട്. അതേ യുക്തി അദ്ദേഹത്തിനും ബാധകമാണ്. ഭരണഘടനയെയും നിയമത്തെയും നിലനിര്‍ത്തുകയും സംരക്ഷിക്കുകയും പാലിക്കുകയും ചെയ്യുമെന്ന പ്രതിജ്ഞയോടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി പ്രവര്‍ത്തിക്കുന്നത്. ഭരണഘടന മാത്രമല്ല നിയമവും അദ്ദേഹത്തിനു ബാധകമാണ്. കേരള നിയമസഭ പാസാക്കിയിട്ടുള്ളതും പാസാക്കുന്നതുമായ നിയമങ്ങളും നിയമം എന്ന പദത്തില്‍ ഉള്‍പ്പെടുന്നു. സര്‍വകലാശാലാ നിയമങ്ങളെ ധിക്കരിച്ചുകൊണ്ടുള്ള ഗവര്‍ണറുടെ ശുണ്ഠിയും ശാഠ്യവും ഭരണഘടനയെ മുന്‍നിര്‍ത്തി അദ്ദേഹം ചെയ്തിട്ടുള്ള പ്രതിജ്ഞയ്ക്കു നിരക്കുന്നതല്ല.

ഗവര്‍ണര്‍ ഭരണഘടനയുടെ പ്രചാരകനാകുന്നത് ഉചിതമാണ്. ഭരണഘടനയും നിയമവും വായിച്ചു മനസിലാക്കിവേണം വിവാദങ്ങളില്‍ പ്രതികരിക്കേണ്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞു. അദ്ദേഹം ഉദ്ദേശിച്ചത് ആരെയെന്ന് വ്യക്തമല്ല. പ്രതിപക്ഷനേതാവിനെ ആകാനാണ് സാധ്യത. ഭരണപക്ഷത്തുനിന്ന് ഗവര്‍ണര്‍ക്കെതിരെ വലിയ ആക്ഷേപമുണ്ടായിട്ടില്ല. ഗവര്‍ണറെ നീക്കണം എന്നു തുടങ്ങി ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉയരുന്ന പല്ലവികള്‍ ഇതുവരെ കേട്ടു തുടങ്ങിയിട്ടില്ല. രാജ്ഭവനില്‍ ഇരുന്നുകൊണ്ട് അദ്ദേഹത്തിന് നിയമപരമായ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാതിരിക്കാനാവില്ല. ഭരണഘടനയും നിയമവും മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് ഗവര്‍ണറോട് ജനങ്ങള്‍ പറയേണ്ടതായ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിയിരിക്കുന്നു.

സംസ്ഥാനത്തെ സര്‍വാധികാരിയായ ഗവര്‍ണര്‍ ഇരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും രാജ്ഭവനിലാണ്. അദ്ദേഹത്തിനു സംസാരിക്കണമെങ്കില്‍ മാധ്യമപ്രവര്‍ത്തകരെ അങ്ങോട്ടു വരുത്താം. അതിനുപകരം പൊതുഇടങ്ങളിലെ ഇടനാഴിയിലും കാര്‍ പോര്‍ച്ചിലും നിന്നുള്ള ഇംപ്രോംപ്ടു വാചകമടികള്‍ ദുര്‍ഗ്രാഹ്യമാകുന്നു. ആതന്‍സില്‍ സെനോയുടെ താത്ത്വികപ്രബോധനം പൊതുമണ്ഡപത്തിന്‍െറ പോര്‍ച്ചില്‍ ഇരുന്നായിരുന്നു. ആധുനികകാലത്ത് സംസ്ഥാനത്തിന്‍െറ നിര്‍വാഹകാധികാരി സംസാരിക്കേണ്ടത് ഇവ്വിധമല്ല. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം സാധുവാണെന്ന് ഹൈക്കോടതി കണ്ടതിനുശേഷവും സമ്മര്‍ദത്തിനു വഴങ്ങിയാണ് താന്‍ ആ ഉത്തരവില്‍ ഒപ്പിട്ടതെന്ന് ഗവര്‍ണര്‍ പറഞ്ഞതില്‍ ദുരുദ്ദേശ്യപരമായ ദുരൂഹതയുണ്ട്. ചെയ്തത് ശരിയെന്ന് കോടതി പറഞ്ഞതിനുശേഷവും സ്വയം തെറ്റ് ആരോപിച്ച് പാപബോധത്തില്‍ ഉഴലുന്നത് മാനസികമായ ഏതോ പ്രശ്നത്തിന്‍െറ ലക്ഷണമാണ്. രാഷ്ട്രപതിക്ക് ഇഷ്ടമുള്ളിടത്തോളം ഗവര്‍ണര്‍ക്ക് പദവിയില്‍ തുടരാമെന്നിരിക്കെ ആരുടെ സമ്മര്‍ദത്തിനാണ് ആരിഫ് മുഹമ്മദ് ഖാന് വഴങ്ങേണ്ടി വന്നത്? സമ്മര്‍ദത്തിനു വഴങ്ങി മന:സാക്ഷിക്ക് നിരക്കാത്ത കാര്യങ്ങള്‍ ചെയ്യേണ്ടിവന്നാല്‍ ആ നിമിഷം ആ പദവി ഉപേക്ഷിക്കണം. അവ്വിധമുള്ള ആര്‍ജവം പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ കാണിച്ചിട്ടുള്ള ആളാണ് വി പി സിങ്ങിന്‍െറ സഹപ്രവര്‍ത്തകനായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. 

പ്രോ-ചാന്‍സലറായ ഉന്നത വിദ്യാഭ്യാസ മന്ത്രി വൈസ് ചാന്‍സലര്‍ നിയമനം സംബന്ധിച്ച നിര്‍ദേശമോ അഭിപ്രായമോ ചാന്‍സലറായ ഗവര്‍ണറെ അറിയിച്ചത് വലിയ തെറ്റായിപ്പോയി എന്ന ഒരു പക്ഷമുണ്ട്. അറിയിക്കുമ്പോഴാണ് അറിയേണ്ടവര്‍ അറിയുന്നത്. ആ അറിയിപ്പിന് നിര്‍ബന്ധസ്വഭാവമില്ല. മന്ത്രിയുടെ ഉപദേശമല്ല, മന്ത്രിസഭയുടെ ഉപദേശമനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്. ആ ഉപദേശമാകട്ടെ നല്‍കേണ്ടത് മുഖ്യമന്ത്രിയാണ്. മന്ത്രിസഭയുടെ ഉപദേശം ചാന്‍സലര്‍ക്ക് ആവശ്യമില്ല. വൈസ് ചാന്‍സലര്‍ നിയമനത്തില്‍ അങ്ങനെ എന്തെങ്കിലും ഉപദേശം നല്‍കപ്പെട്ടതായി വെളിപ്പെടുത്തലില്ല. സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ചാന്‍സലറും പ്രോ-ചാന്‍സലറുമായി ആശയവിനിമയം നടത്തുന്നതിന് വിലക്കില്ല. വിലക്കാത്തതെല്ലാം അനുവദനീയമാണ്. ഗവര്‍ണര്‍ക്ക് മന്ത്രി കത്ത് നല്‍കിയത് തെറ്റാണെന്ന് മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞതിനോടു യോജിക്കാന്‍ കഴിയില്ല. ഗവര്‍ണര്‍ക്ക് മന്ത്രിമാര്‍ എന്തെങ്കിലും ഉപദേശം നല്‍കിയിട്ടുണ്ടോ എന്നതും ഉണ്ടെങ്കില്‍ എന്തുപദേശമാണ് നല്‍കിയതെന്നതും കോടതിക്കുപോലും അന്വേഷിക്കാന്‍ കഴിയാത്ത കാര്യമാണ്.

വൈസ് ചാന്‍സലര്‍ക്ക് പുനര്‍നിയമനം നിര്‍ദേശിച്ച മന്ത്രിയുടെ നടപടിയില്‍ അനൗചിത്യം കാണുന്നവര്‍ ഡി ലിറ്റ് വിവാദത്തില്‍ ഉയരുന്ന അനൗചിത്യം കാണുന്നില്ല. ഗവര്‍ണറുടെ സ്ഥിരീകരണമോ നിഷേധമോ ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ലാത്തതിനാല്‍ രമേശ് ചെന്നിത്തലയുടെ പ്രസ്താവനയെ അടിസ്ഥാനമാക്കി പ്രതികരിക്കുന്നതിലും അപകടമുണ്ട്. ചെന്നിത്തല പറഞ്ഞതു ശരിയെങ്കില്‍ രാഷ്ട്രപതിക്കു ഡി ലിറ്റ് (ഡോക്ടര്‍ ഓഫ് ലെറ്റേഴ്സ്) നല്‍കാന്‍ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തതു ശരിയായില്ല. അത് സര്‍വകലാശാലയുടെ സെനറ്റ് സ്വതന്ത്രമായി എടുക്കേണ്ട തീരുമാനമാണ്. ഗവര്‍ണറെ നിയമിക്കുന്ന രാഷ്ട്രപതിക്ക് ഗവര്‍ണര്‍ നല്‍കുന്ന കാഴ്ചയായി ഡി ലിറ്റിനെ മാറ്റാന്‍ പാടില്ല. കേരളത്തിലെ ഒരു സര്‍വകലാശാലയില്‍നിന്ന് തന്‍െറ സാമന്തനായ ഗവര്‍ണര്‍ സമ്മര്‍ദം ചെലുത്തി നല്‍കുന്ന ബിരുദം രാംനാഥ് കോവിന്ദിന് അധികഭൂഷണമാവില്ല. ഭരണഘടനാസ്ഥാപനങ്ങളെ ആദരിക്കണമെന്ന മൗലികകര്‍ത്തവ്യം ഗവര്‍ണര്‍ ഓര്‍മിപ്പിച്ചത് ചെന്നിത്തലയെ ആയിരിക്കാം. ആദരം വിമര്‍ശനത്തെ ഇല്ലാതാക്കുന്നില്ല. അടിയന്തരാവസ്ഥയില്‍ സെന്‍സര്‍ഷിപ്പിനെ വകവയ്ക്കാതെ രാഷ്ട്രപതിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ രചിച്ച അബു എബ്രഹാമിന്‍െറ നാടാണിത്. ഗവര്‍ണര്‍ വിമര്‍ശനത്തിന് അതീതനല്ലെന്ന് വി ഡി സതീശന്‍ പറഞ്ഞത് ശരിയാണ്. ഉദ്യോഗകാലത്ത് ക്രിമിനല്‍ നടപടികള്‍ ആരംഭിക്കുകയോ തുടരുകയോ ചെയ്യുന്നതില്‍നിന്നുള്ള പരിരക്ഷ മാത്രമാണ് ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിട്ടുള്ളത്. •