സഫ്ദര്‍ ഹാഷ്മി പോരാളികള്‍ക്ക് എന്നും ആവേശം

ജിതിന്‍ ഗോപാലകൃഷ്ണന്‍

ല്‍ഹിയിലെ ഗാസിയാബാദിനടുത്തുള്ള സാഹിബാബാദിലെ ത്സന്താപ്പൂര്‍ മുനിസിപ്പല്‍ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമാനന്ദ് ഝായുടെ പ്രചരണാര്‍ത്ഥം കൂടിയായിരുന്നു ഇകാഡ സമരവേദിയില്‍ 1989 ജനുവരി ഒന്നിന് സഫ്ദര്‍ ഹാഷ്മിയും ജനനാട്യമഞ്ചും 'ഹല്ലാ ബോല്‍' അവതരിപ്പിച്ചത്. രാമാനന്ദ് ഝാ മത്സരിച്ചത് കോണ്‍ഗ്രസ് പാര്‍ടിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന മുകേഷ് ശര്‍മ്മക്കെതിരെയായിരുന്നു. അതേ മുകേഷ് ശര്‍മ്മയാണ് നാടകം കളിച്ചുകൊണ്ടിരുന്ന സഫ്ദര്‍ ഹാഷ്മിയെ കൊലചെയ്തത്. സഫ്ദര്‍ ഹാഷ്മിക്കൊപ്പം റാം ബഹാദൂര്‍ എന്നൊരു തൊഴിലാളിയും ആക്രമണത്തില്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. കോണ്‍ഗ്രസ് ഗുണ്ടകളുടെ കുത്തേറ്റ് സഫ്ദര്‍ ഹാഷ്മി മരിച്ചുവീഴുമ്പോള്‍ 'ഹല്ലാ ബോല്‍' എന്ന തെരുവുനാടകം അവതരിപ്പിച്ച് തീര്‍ന്നിരുന്നില്ല. 1989 ജനുവരി ഒന്നിന് കുത്തേറ്റുവീണ ആ ധീരവിപ്ലവകാരി രണ്ടാം തീയതി മരണത്തിന് കീഴടങ്ങി. പിറ്റേന്ന്, ജനുവരി മൂന്നിന് സഫ്ദറിന്‍റെ ജീവിതസഖി മാലശ്രീ ഹാഷ്മി സഫ്ദറിന് മുഴുമിപ്പിക്കാന്‍ കഴിയാതെ പോയ ആ തെരുവുനാടകം വലിയ ജനക്കൂട്ടത്തെ സാക്ഷിനിര്‍ത്തി അതേ തെരുവില്‍ സഫ്ദര്‍ അവസാനിപ്പിച്ചിടത്തുനിന്നും തുടര്‍ന്ന് അഭിനയിച്ച് തീര്‍ക്കുകയായിരുന്നു.

അടിസ്ഥാന വര്‍ഗത്തിനുവേണ്ടി നിലകൊണ്ടതിനാണ് സഫ്ദര്‍ ഹാഷ്മിക്ക് തന്‍റെ ജീവന്‍ നഷ്ടപ്പെട്ടത്. സഫ്ദറിന്‍റെ നിലപാടുകളും നാടകങ്ങളും രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കി. തനിക്ക് എളുപ്പം ലഭ്യമാവുമായിരുന്ന കംഫര്‍ട്ട് സോണിലെ ജീവിതം വേണ്ടെന്നുവെച്ചാണ് വളരെ ചെറുപ്പത്തിലേ അദ്ദേഹം മുഴുവന്‍ സമയ നാടക പ്രവര്‍ത്തകനായത്. അദ്ദേഹത്തിന്‍റെ എഴുത്തും ജീവിതവും തൊഴിലാളി വര്‍ഗത്തിനുവേണ്ടി ഉഴിഞ്ഞുവെച്ചവയായിരുന്നു.

1954 ഏപ്രില്‍ 2 ന് ഡല്‍ഹിയില്‍ ജനിച്ച സഫ്ദര്‍ വിദ്യാഭ്യാസ കാലത്ത് എസ്എഫ്ഐ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനില്‍ (ഇപ്റ്റ) അംഗമായിരുന്ന സഫ്ദര്‍ 1973 ല്‍ തന്‍റെ പത്തൊന്‍പതാം വയസ്സില്‍ സഖാക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഡല്‍ഹിയില്‍ ജനനാട്യ മഞ്ചിന് (ഖഅചഅങ) രൂപം നല്‍കി. ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1976 ല്‍ സിപിഐഎം അംഗമായി. ഏതാനും വര്‍ഷം കോളേജ് അധ്യാപകനായി ജോലി നോക്കിയ അദ്ദേഹം ഡല്‍ഹിയില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്‍റെ പ്രസ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായും പ്രവര്‍ത്തിക്കുകയുണ്ടായി. ഒടുവില്‍ 1983 ല്‍ മുഴുവന്‍ സമയ നാടകപ്രവര്‍ത്തകനായും പാര്‍ടി പ്രവര്‍ത്തകനായും തന്‍റെ ജീവിതം അടിസ്ഥാന വര്‍ഗത്തിന് സമര്‍പ്പിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

രാഷ്ട്രീയ തെരുവുനാടകങ്ങളുടെ ഉജ്വലനായ സൈദ്ധാന്തികനും പ്രയോക്താവുമായിരുന്നു സഫ്ദര്‍ ഹാഷ്മി.

അക്കാലത്ത് സഫ്ദറിന്‍റെ രചനയില്‍ അവതരിപ്പിക്കപ്പെട്ട മഷീന്‍, ഓരത്, ഗാവോം സെ ശഹര്‍ തക്, രാജ ക ബാജ, ഹത്യാര്‍ മുതലായ തെരുവുനാടകങ്ങള്‍ രാജ്യത്തെ പുരോഗമന നാടക പ്രസ്ഥാനത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റി. ജന നാട്യ മഞ്ചിന്‍റെ ഇടപെടലുകള്‍ ഇന്ത്യയില്‍ തിയേറ്റര്‍ മേഖലയില്‍ പുതിയ ഉണര്‍വ് സൃഷ്ടിച്ചു. അടിസ്ഥാന വര്‍ഗത്തിന്‍റെ ആകുലതകളും ജീവിത യാഥാര്‍ഥ്യങ്ങളും തെരുവുകളില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. രാജ്യത്തെ രാഷ്ട്രീയഭരണ രംഗത്തെ വരേണ്യ വര്‍ഗത്തെയും ദന്തഗോപുരങ്ങളില്‍ വസിക്കുന്ന അരാഷ്ട്രീയജീവികളെയും ജന നാട്യ മഞ്ച് ചോദ്യം ചെയ്തു. ബഹുജനങ്ങളെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ഉപാധിയായിരുന്നു സഫ്ദറിന് നാടകപ്രവര്‍ത്തനം. സഫ്ദറിന്‍റെയും സഖാക്കളുടെയും നാടകങ്ങള്‍ തെരുവുകളില്‍ അഗ്നി പടര്‍ത്തി. രാജ്യത്ത് ഉയര്‍ന്നുവരുന്ന സംഘപരിവാര്‍ രാഷ്ട്രീയ പദ്ധതികളെ നാടകങ്ങളിലൂടെ നിശിതമായി വിമര്‍ശന വിധേയമാക്കാന്‍ അദ്ദേഹം തയ്യാറായി. മതനിരപേക്ഷതയുടെ സംരക്ഷണത്തിനായി അദ്ദേഹം തെരുവുകളില്‍ നിന്നും തെരുവുകളിലേക്ക് നാടകങ്ങളുമായി സഞ്ചരിച്ചു. എണ്‍പതുകളുടെ അന്ത്യം സാമ്പത്തിക ഉദാരവല്‍ക്കരണത്തിന്‍റെ ആരംഭകാലമായിരുന്നു. സാമ്പത്തിക രംഗത്ത് ഭരണകൂടങ്ങള്‍ പിന്തുടരുന്ന കമ്പോളത്തിന്‍റെ യുക്തികളെ സഫ്ദര്‍ തന്‍റെ നാടകങ്ങളിലൂടെ തുറന്നെതിര്‍ത്തു. വലിയ ജനപിന്തുണയാണ് ജന നാട്യ മഞ്ചിന്‍റെ തെരുവുനാടകങ്ങള്‍ക്ക് അക്കാലത്ത് ലഭിച്ചിരുന്നത്. ഭരണവര്‍ഗത്തിന് ഇതെല്ലാം വലിയ അലോസരം സൃഷ്ടിച്ചു എന്ന് പ്രത്യേകം എടുത്തുപറയേണ്ട കാര്യമില്ലല്ലോ. അക്കാരണം കൊണ്ടാണ് അവര്‍ സഫ്ദറിനെ തീര്‍ത്തുകളഞ്ഞത്.

2003ല്‍ മുകേഷ് ശര്‍മ്മയുള്‍പ്പെടെ ഒന്‍പത് കോണ്‍ഗ്രസ്സുകാര്‍ സഫ്ദര്‍ ഹാഷ്മിയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു. പതിനാലുവര്‍ഷം വൈകിയാണ് സഫ്ദറിന് നീതി ലഭ്യമായത്. ജന നാട്യ മഞ്ചും സഫ്ദറിന്‍റെ സഖാക്കളും ഇന്നും തെരുവുകളില്‍ രാഷ്ട്രീയ നാടകങ്ങളുമായി സജീവമാണ്. ഭരണകൂടങ്ങളുടെ നവലിബറല്‍ സാമ്പത്തിക നയങ്ങളെയും വര്‍ഗീയ രാഷ്ട്രീയത്തെയും പ്രശ്നവല്‍ക്കരിച്ചുകൊണ്ട് അവര്‍ രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിനുവേണ്ടി തെരുവുകളില്‍ തീ പടര്‍ത്തുകയാണ്. സഫ്ദറിന്‍റെ ഉജ്വല സ്മരണ അവരുടെ പോരാട്ടങ്ങള്‍ക്ക് ഇന്നും ആവേശം നല്‍കുന്നു.•