രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുമ്പോള്‍

പ്രദീപ്കുമാര്‍ കെ എസ്

വ ഉദാരവല്‍ക്കരണ നയങ്ങള്‍ അതിവേഗം നടപ്പാക്കുന്ന മോഡി സര്‍ക്കാര്‍ രാജ്യത്ത് വര്‍ദ്ധിക്കുന്ന പട്ടിണിയും പോഷകാഹാരക്കുറവും, തൊഴിലില്ലായ്മയും കാണാതെ പോകുന്നു. ദേശീയ കുടുംബാരോഗ്യ സര്‍വേ 2019-20 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് രാജ്യത്ത് പോഷകാഹാരക്കുറവ് വര്‍ദ്ധിക്കുകയാണെന്നാണ്. 2014-15 റിപ്പോര്‍ട്ടില്‍ 58.6 ശതമാനമായിരുന്ന കുറവ് 2019-20 ലെ റിപ്പോര്‍ട്ടില്‍ 59.1 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു. വിളര്‍ച്ച ബാധിച്ച കുട്ടികളുടെ എണ്ണം 2.1 ശതമാനത്തില്‍ നിന്ന് 3.4 ശതമാനമായി വര്‍ദ്ധിച്ചിരിക്കുന്നു.
    കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം 2.3 ശതമാനം വര്‍ദ്ധിച്ചു. ആഗോള പട്ടിണി സൂചികയില്‍ രാജ്യം ഓരോ വര്‍ഷവും പിന്നോട്ടു പോവുകയാണ്. 2020 ആഗോള വിശപ്പ് സൂചികയില്‍ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യ 2021ല്‍ 101-ാം സ്ഥാനത്തേക്ക് മാറിയിരിക്കുന്നു. ആളോഹരി വരുമാനത്തില്‍ ഇന്ത്യയെക്കാള്‍ വളരെ പിന്നോക്കം  നില്ക്കുന്ന രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള 116 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ 101-ാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. ദാരിദ്ര്യം ഗുരുതരമായ 31 രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ ഉള്ളത്. പോഷകാഹാരക്കുറവ്, അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഉയരത്തിന് ആനുപാതികമായ തൂക്കക്കുറവ്, ശിശുമരണ നിരക്ക് എന്നിവ കൂടി  പരിഗണിച്ചാണ് ഐറിഷ് സന്നദ്ധസംഘടനയായ കണ്‍സേണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ സ്ഥാപനമായ വെല്‍റ്റ് ഹങ്കര്‍ ഹില്‍ഫും ചേര്‍ന്ന് വിശപ്പ് സൂചിക തയ്യാറാക്കിയിരിക്കുന്നത്.
       ആഗോള വിശപ്പ് സൂചിക ശാസ്ത്രീയമായിട്ടല്ല  തയ്യാറാക്കിയതെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ വാദഗതിയെ തള്ളിക്കളയുന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ കുടുംബാരോഗ്യ സര്‍വേയുടെ റിപ്പോര്‍ട്ട്. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കിയശേഷം രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും അസന്തുലിതത്വവും ഒട്ടനവധി സാമൂഹിക അസമത്വങ്ങളുമാണ് അത് രാജ്യത്ത് സ്യഷ്ടിച്ചത്. മഹാ ഭൂരിപക്ഷം ജനങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ അത് തികഞ്ഞ പരാജയമായിരുന്നു. വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ, പട്ടിണി, ആത്മഹത്യാനിരക്ക്, തുടങ്ങിയവയുടെ കാരണം ഇതാണ്. ജനങ്ങളുടെ ജീവിതദുരിതം അനുദിനം വര്‍ദ്ധിക്കുകയാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കേരളം ഇന്ത്യയ്ക്ക് മാതൃകയായി തീരുന്നത് സംസ്ഥാനത്ത് നടപ്പാക്കിയ ബദല്‍ സാമ്പത്തിക നയങ്ങളിലൂടെയാണ്.
    തൊഴില്‍രഹിത വളര്‍ച്ച
     നവ ഉദാരവല്‍ക്കരണ നയങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് രാജ്യത്തെ 2 ശതമാനം ഉണ്ടായിരുന്ന തൊഴില്‍ വളര്‍ച്ച അതിനുശേഷം ഒരു ശതമാനമായി കുറഞ്ഞു. 2018 ല്‍, കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കായ 6.1 ശതമാനത്തില്‍ എത്തി. 2021 നവംബറിലെ തൊഴിലില്ലായ്മ നിരക്ക് ഏഴ് ശതമാനമായി ഉയര്‍ന്നു നില്ക്കുകയാണ്. തൊഴിലില്ലായ്മയും, കുറഞ്ഞ വേതനവുമാണ് രാജ്യത്ത് ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നത്. നോട്ട് നിരോധനവും അശാസ്ത്രീയമായി ജിഎസ്ടി നടപ്പാക്കിയതും ഉല്പാദന സേവന മേഖലകളുടെ തകര്‍ച്ചയ്ക്ക് ഇടയാക്കി. ചെറുകിട സൂക്ഷ്മ ഇടത്തരം സംരംഭങ്ങള്‍ തകര്‍ന്നു. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും തൊഴിലില്ലായ്മയുടെ തോത് വര്‍ദ്ധിപ്പിച്ചു. തൊഴില്‍ മേഖലയ്ക്ക് വലിയ സംഭാവന നല്‍കുന്ന ചില്ലറ വ്യാപാര മേഖലയിലേക്ക് വന്‍കിട കോര്‍പറേറ്റുകളുടെ കടന്നുവരവും ഓണ്‍ലൈന്‍ വ്യാപാരവും വലിയതോതില്‍ തൊഴില്‍ നഷ്ടമാണ് ഉണ്ടാക്കിയത്. ജനങ്ങളുടെ ജീവിത ദുരിതം ഇത് വര്‍ദ്ധിപ്പിക്കുന്നു.
    കുറഞ്ഞ വേതനം
     മിനിമം കൂലി തൊഴിലാളികളുടെ മൗലിക അവകാശമാണെന്നും അത് നല്‍കാതിരിക്കുന്നത്, ഭരണഘടനയുടെ അനുച്ഛേദം 35 പ്രകാരം, അടിമപ്പണിയാണെന്നും പറയുന്നു. 1957 ലെ 15-ാമത് ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സാണ് മിനിമം വേതനം നിര്‍ണയിക്കാനുള്ള വ്യക്തമായ തത്ത്വങ്ങള്‍ക്ക് രൂപം നല്‍കിയത്. തൊഴിലാളികളുടെ ചികിത്സാച്ചെലവ്, വിനോദം, വാര്‍ദ്ധക്യകാല സംരക്ഷണം, മക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ കൂടി കണക്കിലെടുത്ത് മിനിമം കൂലിയില്‍ 25 ശതമാനം വര്‍ദ്ധനവ് 1992 ല്‍ സുപ്രീംകോടതി വിധിച്ചിരുന്നു. മിനിമം കൂലി നിശ്ചയിക്കപ്പെടുന്നത് പോഷകാഹാരത്തിന്‍റെ ലഭ്യത ഉറപ്പാക്കുന്നതുകൂടി പരിഗണിച്ചാണ്. വേതനത്തില്‍ ഉണ്ടായ കുറവ് പോഷകാഹാര ലഭ്യതയില്‍ ഇടിവ് ഉണ്ടാക്കി. നഗര മേഖലയില്‍ 2200 കലോറി ലഭിച്ചിരുന്നവര്‍ 1993- 94 ല്‍ 42 ശതമാനം ഉണ്ടായിരുന്നത് 2011-12 ല്‍ 38 ശതമാനവും ഗ്രാമീണമേഖലയില്‍ 2100 കലോറി ലഭിച്ചിരുന്നവര്‍ 1993-94 ല്‍ 43 ശതമാനം ആയിരുന്നത് 2011-12 ല്‍ 35 ശതമാനവുമായി കുറഞ്ഞു.
    തൊഴില്‍ നിയമങ്ങള്‍ ഭേദഗതി ചെയ്ത മോഡി സര്‍ക്കാര്‍ പകരമായി കൊണ്ടുവന്ന കോഡ് ഓണ്‍ വേജസ്സില്‍ മിനിമം കൂലിക്കു പകരം നാഷണല്‍ ഫ്ളോര്‍ വേജസ് എന്ന പുതിയ വേതന തത്ത്വമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്പോള്‍ നിശ്ചയിച്ചിരിക്കുന്ന നാഷണല്‍ ഫ്ളോര്‍ വേജസ് 202 രൂപയാണ്. ഒരു ദിവസത്തെ കുറഞ്ഞ വേതനം 700 രൂപയാക്കണമെന്ന തൊഴിലാളി സംഘടനകളുടെ ആവശ്യം ചര്‍ച്ച ചെയ്യാന്‍ പോലും മോഡി സര്‍ക്കാര്‍ തയ്യാറാകുന്നില്ല കോര്‍പ്പറേറ്റുകളുടെ ലാഭം വര്‍ദ്ധിക്കുമ്പോഴും മാനേജ്മെന്‍റ് എക്സിക്യൂട്ടീവുകളുടെ ശമ്പളം ഗണ്യമായി ഉയര്‍ത്തുമ്പോഴും സാധാരണ തൊഴിലാളികള്‍ക്ക് ദാരിദ്ര്യരേഖയ്ക്ക് മുകളില്‍ എത്താനുള്ള കൂലി പോലും ലഭിക്കുന്നില്ല. ഒരു കോര്‍പ്പറേറ്റ് എക്സിക്യൂട്ടീവിന്‍റെയും തൊഴിലാളിയുടെയും വേതനത്തിലുള്ള അന്തരം 1000:1 ആണ്
വിലക്കയറ്റം
     രാജ്യത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ നിത്യോപയോഗ സാധനങ്ങളുടെ വില ഇരട്ടിയായി വര്‍ദ്ധിച്ചു. പെട്രോള്‍ ഡീസല്‍ പാചകവാതകം തുടങ്ങി എല്ലാ അവശ്യ ഉല്പന്നങ്ങളുടെയും വില വര്‍ദ്ധിക്കുകയാണ്. പെട്രോളിന്‍റെ നികുതി 9.48 രൂപയില്‍ നിന്ന് 32.98 രൂപയായും, ഡീസലിന്‍റ നികുതി 3.56 രൂപയില്‍ നിന്ന് 31.3 രൂപയായും വര്‍ദ്ധിപ്പിച്ചു. നികുതി വര്‍ധനവ് മാത്രം ഏതാണ്ട് 250 ശതമാനത്തിലധികമാണ് ഉണ്ടായിരിക്കുന്നത്. ഒരു വര്‍ഷത്തിനിടയില്‍ പാചകവാതകത്തിന്‍റെ വിലയില്‍ 285 രൂപയുടെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. പെട്രോളിയം ഉല്പന്നങ്ങളുടെ വിലവര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് ഇടയാക്കിയിട്ടുണ്ട്. പച്ചക്കറിയുടെ വിലയില്‍ 7.45 ശതമാനത്തിന്‍റെ വര്‍ദ്ധന ഉണ്ടായിരിക്കുന്നു. 
2019 ജൂണില്‍ 3.18 ശതമാനമായിരുന്ന പണപ്പെരുപ്പം 4.91 ശതമാനമായി ഉയര്‍ന്നുനില്ക്കുന്നു. വിലക്കയറ്റം ജനങ്ങളെ വിപണിയില്‍ നിന്ന് അകറ്റുന്നു.
    ഉപഭോഗത്തിലും ഇടിവ്
     കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിവച്ചിരുന്ന നാഷണല്‍ സാമ്പിള്‍ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 2011-12-നും 2017-18-നും ഇടയില്‍ പ്രതിശീര്‍ഷ ഉപഭോഗ ചെലവില്‍ 9 ശതമാനത്തിന്‍റെ കുറവുണ്ടായിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ജനങ്ങളുടെ വരുമാനവും വാങ്ങല്‍ശേഷിയും ഇടിയുന്നതും, ദാരിദ്ര്യം വര്‍ദ്ധിക്കുന്നതും ചേര്‍ത്തു വായിക്കേണ്ടതാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേയുടെ 2017-18 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഉപഭോക്തൃ ചെലവില്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും വലിയ കുറവാണ് ഉണ്ടായിരിക്കുന്നത് എന്നാണ്.
    മോഡി സര്‍ക്കാര്‍ പിന്തുടരുന്ന കോര്‍പ്പറേറ്റ് പ്രീണന നയങ്ങളാണ് രാജ്യത്തെ കൂടുതല്‍ ദാരിദ്ര്യത്തിലേക്ക് നയിച്ചത്. ധാരാളം തൊഴിലവസരങ്ങള്‍ പ്രദാനം ചെയ്യുന്ന ചെറുകിട ഉല്പാദന മേഖലയുടെ വിപുലീകരണത്തിനുള്ള ധനസഹായങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കി. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് താങ്ങുവില നല്‍കുന്നതിനോ വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനോ സര്‍ക്കാര്‍ തയ്യാറായില്ല. കാര്‍ഷികമേഖലയുടെ തകര്‍ച്ച ജനങ്ങളുടെ ദാരിദ്ര്യം  വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കി. ഗ്രാമീണ മേഖലയിലെ പട്ടിണിയുടെ തോത് അല്പമെങ്കിലും കുറയ്ക്കാന്‍ കഴിയുന്നത് തൊഴിലുറപ്പുപദ്ധതി കൊണ്ടാണ്. 2020ല്‍  1.1 ലക്ഷം കോടി രൂപയാണ് മാറ്റി വെച്ചിരുന്നെങ്കില്‍ 2021 ലെ ബജറ്റില്‍ അനുവദിച്ചത് 72000 കോടി രൂപ മാത്രമാണ്. പദ്ധതി വിഹിതത്തില്‍ 35 ശതമാനം കുറവാണ് വരുത്തിയത്. കോര്‍പ്പറേറ്റുകളുടെ നികുതി കുടിശ്ശികയും, കിട്ടാക്കടവും എഴുതിത്തള്ളുന്നതോടൊപ്പം കോര്‍പ്പറേറ്റ് നികുതിയില്‍ കുറവ് വരുത്തിക്കൂടിയും മോഡി സര്‍ക്കാര്‍ അവരെ സഹായിക്കുന്നു. കോര്‍പ്പറേറ്റുകള്‍ കൂടുതല്‍ അതിസമ്പന്നര്‍ ആകുമ്പോള്‍ രാജ്യത്തെ ജനങ്ങളെ കൂടുതല്‍ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും തള്ളിവിടുന്നു
കേരളം ബദല്‍ മാതൃക
     ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നിതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ ബഹുമുഖ ദാരിദ്ര്യ സൂചികയില്‍ ഏറ്റവും കുറച്ച് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്. പട്ടികപ്രകാരം കേരളത്തില്‍ ദാരിദ്ര്യം നേരിടുന്നവര്‍. 0.73 ശതമാനം മാത്രമാണ്. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങള്‍, ശിശുമരണ നിരക്ക്, വൈദ്യുതി, പാര്‍പ്പിടം തുടങ്ങി നിരവധി സൂചികകള്‍ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ദരിദ്രര്‍ ബീഹാറിലാണെന്ന് സര്‍വേ പറയുന്നു. നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായിട്ടുള്ള ശരിയായ ബദല്‍ ആവിഷ്കരിച്ചതുകൊണ്ടാണ് കേരളത്തിന് ഈ മുന്നേറ്റം സാധ്യമാക്കാന്‍ കഴിഞ്ഞത്. •