അങ്ങത്തെയില്‍നിന്നും സഖാവിലേക്കുള്ള പരിവര്‍ത്തനം

യു വാസുകി

സ്ഥലം കൂടല്ലൂര്‍ ജില്ലയിലെ കോട്ടത്തായ് എന്ന ഗ്രാമം. മെയിന്‍ റോഡില്‍നിന്നും ആ ഗ്രാമത്തിലേക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ക്ക് കുറച്ചധികം യാത്ര ചെയ്യേണ്ടിവന്നു; അവിടെനിന്നും ഇരുളര്‍ എന്ന ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്നയിടത്തേയ്ക്ക് എത്താന്‍ കുണ്ടുംകുഴിയും നിറഞ്ഞ വഴിയിലൂടെ പിന്നെയും നടക്കേണ്ടിവന്നു. ഏതാണ്ട് 20 കുടുംബങ്ങള്‍ അവിടെ താമസമുണ്ട്. കോവിഡ് വ്യാപനത്തിന്‍റെ ഒന്നാം തരംഗത്തില്‍ സിപിഐ എം പറങ്കിപ്പേട്ട താലൂക്ക് കമ്മിറ്റി അവരുടെ പ്രദേശത്തും ചുറ്റുപാടുകളിലും ചില ആശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അതുകഴിഞ്ഞയുടന്‍ താലൂക്ക് കമ്മിറ്റിയുടെ സെക്രട്ടറിയായ രമേഷ് ബാബുവിന് ഇരുളവിഭാഗത്തില്‍പെട്ട രഞ്ജിതയുടെ ഫോണ്‍ കോള്‍ വന്നു. അവര്‍ ചോദിച്ചു, "അണ്ണാ, ഞങ്ങളുടെ ഗ്രാമത്തിലേക്കൊന്നു വരാമോ?" സഖാക്കള്‍ അവിടെ ചെന്നപ്പോള്‍ അവിടുത്തെ ജനങ്ങള്‍, കൂടുതലും സ്ത്രീകള്‍, തങ്ങള്‍ക്ക് ആധാറും ജാതി സര്‍ട്ടിഫിക്കറ്റുമടക്കം തിരിച്ചറിയല്‍ രേഖകളൊന്നുമില്ല എന്നു പറഞ്ഞ് ഹൃദയം പൊട്ടി കരഞ്ഞു. ഓരോ മഴയും അവര്‍ക്ക് എണ്ണമറ്റ കഷ്ടതകള്‍ ഉണ്ടാക്കും; അതിനോടൊപ്പം അനധികൃത കയ്യേറ്റത്തിന്‍റെ പേരുപറഞ്ഞ് അവരെ അവിടെ നിന്നും കുടിയിറക്കും എന്നൊക്കെയുള്ള ഭരണസംവിധാനത്തില്‍നിന്നുള്ള ഭീഷണിയും ഡെമോക്ലിസിന്‍റെ വാളുപോലെ തലയ്ക്കുമേലെ തൂങ്ങിക്കിടക്കുകയാണ്. അവര്‍ക്ക് സ്വന്തമായൊരിടം വേണം. അവര്‍ക്ക് പട്ടയമനുവദിച്ചുകൊണ്ട് ഗവണ്‍മെന്‍റ് ഉത്തരവ് നല്‍കിയെങ്കിലും ഇരുപത് വര്‍ഷം കഴിഞ്ഞിട്ടും, അതിപ്പോഴും യാഥാര്‍ത്ഥ്യമായിട്ടില്ല. ഭൂമി കൈവശം വച്ചിരിക്കുന്നതും നിയന്ത്രിക്കുന്നതും ചുരുക്കം വരുന്ന മേല്‍ജാതി കുടുംബങ്ങളാണ്. അവര്‍ ഗോത്ര ജനതയെ ഭീഷണിപ്പെടുത്തകയും വിരട്ടുകയും ചെയ്യുന്നു; അതിനാല്‍ വീടുവെയ്ക്കാനുള്ള സ്ഥലം നല്‍കുന്നത് കടലാസില്‍ മാത്രമായി അവശേഷിക്കുന്നു. ഈ വിഷയങ്ങളെല്ലാം കൈകാര്യം ചെയ്യുവാന്‍തന്നെ പാര്‍ടി തീരുമാനിച്ചു.

പാര്‍ടി അവരെയും സമീപ പ്രദേശങ്ങളില്‍ താമസിക്കുന്ന ഇരുളവിഭാഗം ജനങ്ങളെയും സംഘടിപ്പിക്കുകയും, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെടുകയും ചെയ്തു. സര്‍ട്ടിഫിക്കറ്റുകളില്ലാതെ വിദ്യാഭ്യാസ - തൊഴില്‍ അവസരങ്ങള്‍ ലഭിക്കാന്‍ പ്രയാസമാണ്. ആ സമയത്ത് ചെറുപ്പക്കാരനായ ഒരു ഐഎഎസ് ഓഫീസര്‍ സബ് കളക്ടറായി ചുമതലയേല്‍ക്കുകയും, ഞങ്ങളുടെ നിര്‍ബന്ധംമൂലം അദ്ദേഹം സ്ഥലം സന്ദര്‍ശിക്കുകയും, സാഹചര്യങ്ങള്‍ അദ്ദേഹത്തിന് ബോധ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഇടപെടല്‍ വഴി ഗോത്ര വിഭാഗത്തിലെ 115 വ്യക്തികള്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ പാര്‍ടിക്ക് സാധിച്ചു. കഴിഞ്ഞ 20 വര്‍ഷങ്ങളിലെ അവരുടെ ആദ്യത്തെ വിജയമായിരുന്നു ഇത്.


പൊലീസ് പീഡനം ഭയന്ന് പ്രദേശത്തെ പുരുഷന്മാര്‍ സമരത്തിലണിനിരക്കാന്‍ മടിച്ചുനില്‍ക്കുന്നതായി കണ്ടു. എന്നാല്‍ പാര്‍ടി പ്രവര്‍ത്തകര്‍ പൊലീസിനെ ശാന്തമായി നേരിടുന്നത് ഒരു വട്ടം കണ്ട അവര്‍ക്ക് അവരുടെ കൂടെ നില്‍ക്കുവാന്‍ ധൈര്യം നല്‍കി. അതൊരു പ്രത്യക്ഷമായ, ശ്രദ്ധേയമായ മാറ്റമായിരുന്നു.

അടുത്തതായി, അവരുടെ ഭൂമി വീണ്ടെടുക്കുകയെന്ന വിഷയം ഏറ്റെടുക്കപ്പെട്ടു. ഞങ്ങളുടെ പ്രക്ഷോഭങ്ങള്‍ മൂലം ഭൂമി അളക്കുകയും അവര്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്തു. ഈ സമയത്ത് ജനാധിപത്യ മഹിള അസോസിയേഷന്‍റെയും  ഡിവൈഎഫ്ഐയുടെയും ഓരോ ബ്രാഞ്ചുകള്‍ രൂപീകരിച്ചു. അവിടെ അടുത്തൊരു പ്രദേശത്ത് വ്യവസായ മലിനീകരണവുമായി ബന്ധപ്പെട്ടൊരു വിഷയത്തില്‍ ചെങ്കൊടി ഉയര്‍ത്തിയ പോരാട്ടത്തെക്കുറിച്ച് ജനങ്ങള്‍ കേട്ടിരുന്നു. അതുകൊണ്ടുതന്നെ പാര്‍ടിയിലുള്ള അവരുടെ വിശ്വാസം വളര്‍ന്നു. അവസാനം, 11 കുടുംബങ്ങള്‍ക്ക് മൂന്ന് സെന്‍റ് ഭൂമി വീതം കളക്ടര്‍ പട്ടയമനുവദിച്ചു നല്‍കുന്ന ദിവസം എത്തി. നമ്മുടെ സഖാക്കള്‍ക്കൊപ്പം ആ പാവങ്ങള്‍ എസി റൂമിലേക്ക് കടന്നുവന്ന അവരോട് അധികാരികള്‍ സോഫയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടു. ആ മനുഷ്യര്‍ നന്ദി അറിയിക്കുകയും കൈകൂപ്പി താണുവണങ്ങുകയും ചെയ്തു; ഈ പുതിയ അനുഭവം അവര്‍ക്ക് കൂടുതല്‍ കരുത്തേകി. യഥാര്‍ഥ പട്ടയം അവരുടെ കൈകളിലേക്ക് വെച്ചുകൊടുത്ത ആ നിമിഷം, അവര്‍ വല്ലാതെ വികാരം കൊണ്ടു. ആ കാഴ്ച സബ്കളക്ടറെയടക്കം പിടിച്ചുലയ്ക്കുകയും, നമ്മുടെ സഖാക്കളടക്കം കരഞ്ഞുപോകുകയും ചെയ്തു. ആ സമയത്ത് ഗര്‍ഭിണിയായിരുന്ന രഞ്ജിത ഏറെ വൈകാരികമാകുകയും, പാര്‍ടി സെക്രട്ടറിയുടെ കാലുതൊട്ടു വണങ്ങുവാന്‍ ശ്രമിക്കുകയും ചെയ്തു; എന്നാല്‍ അവരെ അതില്‍നിന്നും തടയുകയും, ഈ കിട്ടിയത് ആരുടെയും ഔദാര്യമല്ല, അവകാശമെന്ന നിലയില്‍ സ്വന്തം അന്തസിനുവേണ്ടി അവര്‍ നടത്തിയ പോരാട്ടമാണ് ഇവിടേക്കെത്തിച്ചത് എന്നവരോട് അദ്ദേഹം പറയുകയും ചെയ്തു.


വീടു പണിയാന്‍ അവരെ സഹായിക്കണമെന്ന് ഞങ്ങള്‍ ഗവണ്‍മെന്‍റിനോട് വീണ്ടും ആവശ്യപ്പെട്ടു. ഇരുപത് വര്‍ഷത്തെ അവരുടെ സ്വപ്നം, അത് സാധ്യമാകാന്‍ പോവുകയാണ്. ആ പ്രദേശത്തിന് 'ചെങ്കൊടി നഗര്‍' എന്ന് പേരിടണമെന്ന് അവര്‍ പറഞ്ഞു; വീടുകള്‍ പണികഴിഞ്ഞാല്‍ അത് ഉദ്ഘാടനം ചെയ്യണമെന്ന് അവര്‍ പാര്‍ടിയോടാവശ്യപ്പെട്ടു.


മേല്‍ജാതിക്കാരിയായ ഒരു സ്ത്രീ തങ്ങളുടെ നിയന്ത്രണത്തില്‍നിന്നും ഭൂമി വീണ്ടെടുത്ത് മറ്റവര്‍ക്ക് നല്‍കിയതില്‍ രോഷാകുലയാകുകയും നമ്മുടെ സഖാക്കളെ അസഭ്യം പറഞ്ഞധിക്ഷേപിക്കുകയും ചെയ്തു, "മാന്യമായ വസ്ത്രമൊക്കെ ധരിച്ചിട്ടുണ്ടല്ലോ നിങ്ങള്‍, പിന്നെന്തിനാണ് ഈക്കളെ സഹായിക്കാന്‍ നടക്കുന്നത്?" ഒരാളുടെ അടിസ്ഥാന അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്നതില്‍ മാന്യതയ്ക്കെന്താണ് കാര്യം? അടിച്ചമര്‍ത്തലില്‍ അധിഷ്ഠിതമായ ജാതി എന്ന ആശയം സൃഷ്ടിച്ച യാഥാസ്ഥിതിക മനോഭാവം  അനാവൃതമായി, അത്ര തന്നെ.

ഇന്ന് സര്‍, അണ്ണ തുടങ്ങിയ വാക്കുകളെല്ലാം അപ്രത്യക്ഷമായിരിക്കുന്നു; അവര്‍ ഞങ്ങളെ 'സഖാക്കള്‍' എന്നാണ് വിളിക്കുന്നത്. അങ്ങനെ വിളിക്കാന്‍ അവരെ ആരും നിര്‍ബന്ധിച്ചിട്ടില്ല, ഈ പോരാട്ടമൊക്കെ അങ്ങനെ മാറ്റിവിളിക്കുവാന്‍  അവരെ പഠിപ്പിക്കുകയായിരുന്നു.

അതിനുശേഷം, ജില്ലയിലെ മറ്റു താലൂക്കുകളിലേക്കും പോരാട്ടം വിപുലീകരിച്ചു. വൃഥചലം താലൂക്കില്‍ ഇരുള ഗോത്ര ജനതയ്ക്ക് ജാതി സര്‍ട്ടിഫിക്കറ്റും വീടിനുള്ള സ്ഥലവും നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ടി തഹസില്‍ദാറുടെ കാര്യാലയം ഉപരോധിച്ചു. അനേകം ജനങ്ങള്‍ പങ്കെടുത്തു. കാട്ടുമന്നാര്‍ഗുഡി താലൂക്കില്‍ വീടുവെയ്ക്കാന്‍ സ്ഥലമാവശ്യപ്പെട്ടതിന് മലൈ കുറുവ വിഭാഗത്തെ മേല്‍ജാതിക്കാര്‍ ആക്രമിക്കുകയുണ്ടായി. പാര്‍ടി ആ ദുര്‍ബലജനങ്ങളോടൊപ്പം നില്‍ക്കുകയും അവരുടെ വിഷയം ഏറ്റെടുക്കുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു •