ചിലിയിലെ കമ്യൂണിസത്തിന്‍റെ തായ്വേര്

പി എസ് പൂഴനാട്

"തൊഴിലാളിവര്‍ഗത്തിന്‍റെ വിമോചനത്തിനുള്ള പ്രധാനപ്പെട്ട ഉപാധികളിലൊന്ന് വായനയാണ്. അതുകൊണ്ടുതന്നെ ഒരുപാടൊരുപാട് വായിക്കാന്‍ ഞങ്ങള്‍ തൊഴിലാളികളോട് നിര്‍ദേശിക്കുന്നു."
                - ലൂയിസ് എമീലിയോ റിക്കാബറെന്‍ (1876-1924)

ലാറ്റിനമേരിക്കയിലെ ഭൂമികയിലേയ്ക്ക് മാര്‍ക്സിസത്തിന്‍റെ വിപ്ലവ വിത്തുകളെ നട്ടുമുളപ്പിക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ലാറ്റിനമേരിക്കയിലെ ആദ്യകാല കമ്യൂണിസ്റ്റ് പോരാളിയായിരുന്നു ലൂയിസ് എമീലിയോ റിക്കാബറെന്‍. പെറുവിന് ഹോസെ കാര്‍ലോസ് മരിയാതെഗിയെയും ക്യൂബയ്ക്ക് ജൂലിയോ ആന്‍റോണിയോ മെല്ലയെയും പോലെയായിരുന്നു ചിലിക്ക് ലൂയിസ് എമീലിയോ റിക്കാബറെന്‍. ചിലിയിലെ ആദ്യത്തെ മാര്‍ക്സിസ്റ്റായിരുന്നു റിക്കാബറെന്‍. തൊഴിലാളിവര്‍ഗത്തിന്‍റെ അധ്യാപകനായും സമരോത്സുകനായ ഒരു പത്രപ്രവര്‍ത്തകനായും അദ്ദേഹം ജ്വലിച്ചുനിന്നു. ചിലിയില്‍ കമ്യൂണിസ്റ്റ് പാര്‍ടിക്ക് രൂപംകൊടുത്ത വിപ്ലവപ്പോരാളിയും റിക്കാബറെനായിരുന്നു. തൊഴിലാളികളുടെ രാഷ്ട്രീയ വിദ്യാഭ്യാസത്തിന് പ്രഥമ പരിഗണന നല്‍കിക്കൊണ്ട് നിരവധി പ്രസിദ്ധീകരണങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കി. അറുനൂറ്റി മുപ്പതോളം ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. തൊഴിലാളികളുടെ അടിത്തട്ടുവരെ ചെന്നെത്തിയിരുന്ന, തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയങ്കരനായിരുന്ന നേതാവുകൂടിയായിരുന്നു റിക്കാബറെന്‍.


ഭൂപ്രഭുക്കളുടെയും വന്‍കിട കച്ചവടക്കാരുടെയും റോമന്‍ കത്തോലിക്കാ പൗരോഹിത്യത്തിന്‍റെയും ഒരു സംയുക്ത സഖ്യമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം ചിലിയുടെ അധീശത്വ ശക്തികളായി നിലകൊണ്ടിരുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയോടെ ഈയൊരു അധീശത്വസഖ്യത്തിന്‍റെ തണലില്‍ പുതിയൊരു വിഭാഗം ഖനി മുതലാളിമാര്‍ ചിലിയുടെ മണ്ണില്‍ ഉയര്‍ന്നുവന്നു. കോപ്പറിന്‍റെയും നൈട്രേറ്റുകളുടെയും വലിയതരത്തിലുള്ള ഖനനം ചിലിയന്‍ സമ്പദ്ഘടനയുടെ സ്വഭാവത്തെത്തന്നെ അഴിച്ചുപണിയുന്ന ഒന്നായിരുന്നു. ക്രമേണ ധാതുവിഭവങ്ങള്‍ ബ്രിട്ടനിലേയ്ക്കും ജര്‍മനിയിലേയ്ക്കും വലിയ അളവില്‍ കയറ്റിയയക്കുന്ന വിധത്തില്‍ ഖനന മേഖലകള്‍ വിപുലപ്പെട്ടുകൊണ്ടിരുന്നു. കയറ്റുമതിയിലധിഷ്ഠിതമായ ഈയൊരു സമ്പദ്ഘടന ചിലിയിലെ വരേണ്യവിഭാഗത്തെ വീണ്ടും വീണ്ടും കൊഴുപ്പിച്ചു. അതോടൊപ്പം ഖനനമേഖലയില്‍ പണിയെടുത്ത് ജീവിതം മുന്നോട്ടുതള്ളി നീക്കുന്ന തൊഴിലാളികളുടെ വലിയൊരു വിഭാഗവും ചിലിയില്‍ ഉയര്‍ന്നുവന്നു. വരേണ്യവിഭാഗങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടുകൊണ്ടിരുന്ന ഭരണകൂട സംവിധാനങ്ങളും തൊഴിലാളിവര്‍ഗ താല്‍പ്പര്യവും തമ്മിലുള്ള സംഘര്‍ഷങ്ങളും വൈരുദ്ധ്യങ്ങളും മൂര്‍ച്ഛിച്ചുകൊണ്ടിരുന്നു.


തൊഴിലാളികളും മറ്റ് അധ്വാനിക്കുന്ന ജനവിഭാഗങ്ങളും തങ്ങളുടെ ജീവിത സാഹചര്യങ്ങളുടെ നിലനില്‍പ്പിനും മെച്ചപ്പെടലിനും വേണ്ടിയുള്ള നിരന്തരമായ പോരാട്ടങ്ങളിലൂടെയായിരുന്നു പിന്നീട് കടന്നു പൊയ്ക്കൊണ്ടിരുന്നത്. പണിമുടക്കുകളും സമരപോരാട്ടങ്ങളും നിരന്തരം പൊട്ടിപ്പുറപ്പെട്ടു. 1890നും 1910നും ഇടയില്‍ ഇരുനൂറ്റി അമ്പതിലധികം പണിമുടക്കുകള്‍ക്കായിരുന്നു ചിലി വേദിയായിത്തീര്‍ന്നത്. തൊഴിലാളികളും വരേണ്യവിഭാഗങ്ങളുടെ പ്രതിനിധികളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും രക്തച്ചൊരിച്ചിലിലാണ് അവസാനിച്ചിരുന്നത്. 1907ല്‍ ഖനിത്തൊഴിലാളികളുടെ അതിരൂക്ഷമായ ഒരു പണിമുടക്കു സമരത്തെ കൂട്ടക്കൊലയിലൂടെയായിരുന്നു ഭരണകൂടത്തിന്‍റെ പട്ടാളം നേരിട്ടത്. യൂണിയന്‍റെ പ്രവര്‍ത്തനം നിയമവിധേയമായിരുന്നില്ല. എങ്കിലും തൊഴിലാളികളുടെ പ്രക്ഷോഭങ്ങള്‍ നിരന്തരമെന്നോണം ഉയര്‍ന്നുപൊങ്ങിക്കൊണ്ടിരുന്നു. ഈ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി അപകട ഇന്‍ഷുറന്‍സ്, ഞായറാഴ്ച അവധി തുടങ്ങി ചില നിയമപരമായ ആനുകൂല്യങ്ങള്‍ പാര്‍ലമെന്‍റില്‍നിന്നും നേടിയെടുക്കാന്‍ തൊഴിലാളികള്‍ക്കായി. എന്നാല്‍ തൊഴിലാളികളുടെ ജീവിത സാഹചര്യങ്ങള്‍ അതികഠിനവും ദുരിതപൂര്‍ണവുമായി തുടര്‍ന്നു. ഈ തൊഴിലാളികള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുകൊണ്ടും അവരെ സംഘടിപ്പിച്ചുകൊണ്ടുമായിരുന്നു ലൂയിസ് എമിലീയോ റിക്കാബറെന്‍ എന്ന പോരാളി ചിലിയുടെ മുഖ്യധാരയിലേയ്ക്ക് ഉയര്‍ന്നുവരുന്നത്.


1876 ജൂലൈ ആറിനായിരുന്നു റിക്കാബറെന്‍ ജനിക്കുന്നത്. റിക്കാബറെന്‍റെ മാതാപിതാക്കള്‍ അതിദരിദ്രാവസ്ഥകളിലൂടെയായിരുന്നു ജീവിതം തള്ളിനീക്കിയത്. ചെറുപ്രായത്തില്‍ തന്നെ കുടുംബത്തെ മുന്നോട്ടുനീക്കാന്‍ ആ കുട്ടിക്കും പണിസ്ഥലങ്ങളിലേയ്ക്ക് യാത്രയാകേണ്ടിവന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്‍റെ ചില തുരുത്തുകളില്‍ മാത്രമേ ആ കുട്ടിക്ക് എത്തപ്പെടാനായുള്ളൂ. എന്നാല്‍ വായനയോടും അക്ഷരങ്ങളോടും അടങ്ങാത്ത അഭിനിവേശമായിരുന്നു. വായനയുടെ അഗാധതയിലേയ്ക്ക് ആ കുട്ടി നിരന്തരം ആണ്ടുകൊണ്ടിരുന്നു. സ്വയം പഠനമായിരുന്നു മുന്നിലുണ്ടായിരുന്ന മാര്‍ഗം.

ചിലിയിലെ വിവിധ ഇടങ്ങളിലൂടെയുള്ള യാത്രകളായിരുന്നു കഷ്ടപ്പെടുന്ന തൊഴിലാളി ജീവിതങ്ങളുടെ ദുരിതക്കാഴ്ചകളെ റിക്കാബറെന്‍റെ കണ്ണുകളിലേയ്ക്ക് ആദ്യമായി എത്തിച്ചത്. നൈട്രേറ്റ് ഖനികളിലെ തൊഴിലാളികളുടെ ദാരിദ്ര്യവും പട്ടിണിയും റിക്കാബെറന്‍ നേരിട്ടുകണ്ടു; തൊഴിലാളികള്‍ക്കൊപ്പം കൂടാന്‍  തീരുമാനിച്ചു. അങ്ങനെയാണ് തന്‍റെ പതിനെട്ടാമത്തെ വയസ്സില്‍ ചിലിയിലെ ഡെമോക്രാറ്റ് പാര്‍ടിയില്‍ റിക്കാബറെന്‍ അംഗമായി ചേരുന്നത്. പ്രഭാഷണത്തിന്‍റെ തീവ്രവും മാസ്മരികവുമായ സാന്നിധ്യം കൊണ്ടും ഏറ്റവും ഉന്നതമായ ധാര്‍മിക മൂല്യങ്ങള്‍കൊണ്ടും തൊഴിലാളികള്‍ക്കിടയില്‍ റിക്കാബറെന്‍ സജീവമായി നിലകൊണ്ടു. തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നിരവധി സംഘടനകള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കും അദ്ദേഹം രൂപം നല്‍കി.


"വര്‍ക്ക്", "വാന്‍ഗാര്‍ഡ്" തുടങ്ങിയുള്ള പത്രങ്ങളും അദ്ദേഹം ആരംഭിച്ചു. തൊഴിലാളിവര്‍ഗ താല്‍പ്പര്യങ്ങളെ ആ പത്രങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു. സര്‍ക്കാരിന്‍റെ തൊഴിലാളി വിരുദ്ധനയങ്ങള്‍ക്കെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ തൊടുത്തുകൊണ്ടിരുന്നു. ഗവണ്‍മെന്‍റിന്‍റെ നയങ്ങളെ വിമര്‍ശിച്ചതിന്‍റെ പേരില്‍ എട്ട് മാസത്തോളം ജയിലഴിക്കുള്ളില്‍ അടയ്ക്കപ്പെട്ടു. ഈ ഘട്ടങ്ങളിലെല്ലാം തൊഴിലാളി സമരങ്ങളുടെയും സംഘടനാരൂപങ്ങളുടെയും ആശയാവലികളായി ചിലിയില്‍ നിലനിന്നിരുന്നത് അനാര്‍ക്കോ-സിന്‍ഡിക്കലിസ്റ്റ് ആശയരൂപങ്ങളായിരുന്നു.

1906ല്‍ ഡെമോക്രാറ്റ് പാര്‍ടിയുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് ഒരു പ്രവിശ്യയുടെ ഡെപ്യൂട്ടിയായി റിക്കാബറെന്‍ തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ ബൈബിളില്‍ തൊട്ട് സത്യം ചെയ്ത് അധികാരമേല്‍ക്കാന്‍ റിക്കാബറെന്‍ തയ്യാറല്ലായിരുന്നു. നിരീശ്വരവാദിയായ അദ്ദേഹം തന്‍റെ ആദര്‍ശങ്ങളിലും സ്വയംബോധ്യങ്ങളിലും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത സത്യസന്ധതയുടെ പ്രതീകമായിരുന്നു. തൊഴിലാളികളുടെ സമരങ്ങളും പ്രക്ഷോഭങ്ങളും കടുത്തുകൊണ്ടിരുന്നു. ഭരണകൂടത്തിന്‍റെ നോട്ടപ്പുള്ളിയായി റിക്കാബറെനും മാറി. അതുകൊണ്ടുതന്നെ ജയിലറകളും രാജ്യം വിടലും റിക്കാബറെന്‍റെ പിന്നീടുള്ള ജീവിതത്തെ നിരന്തരം പിന്തുടര്‍ന്നുകൊണ്ടിരുന്നു. ഭരണകൂട നടപടികളില്‍നിന്നും രക്ഷനേടുന്നതിനുവേണ്ടി 1908ല്‍ അദ്ദേഹം അര്‍ജന്‍റീനയിലേയ്ക്ക് കടന്നു. അര്‍ജന്‍റീനയില്‍വച്ചായിരുന്നു അദ്ദേഹം സോഷ്യലിസ്റ്റ് പാര്‍ടിയില്‍ അംഗമായി ചേരുന്നത്. ഈ ഘട്ടത്തില്‍ സ്പെയിനിലേയ്ക്കും ഫ്രാന്‍സിലേയ്ക്കും ബെല്‍ജിയത്തിലേയ്ക്കും അദ്ദേഹം യാത്രചെയ്തു. എന്നാല്‍ യാത്ര കഴിഞ്ഞ് ചിലിയില്‍ മടങ്ങിയെത്തിയ റിക്കാബറെനെ കാത്തിരുന്നത് ജയിലറകളായിരുന്നു. വീണ്ടും 18 മാസക്കാലം ജയിലഴികള്‍ക്കുള്ളില്‍ കഴിയേണ്ടിവന്നു.

ഡെമോക്രാറ്റ് പാര്‍ടിയുടെ നിലപാടുകളോടും വര്‍ഗകാഴ്ചപ്പാടുകളോടും റിക്കാബറെന്‍റെ തൊഴിലാളിപക്ഷ നിലപാടുകള്‍ക്ക് സംഘര്‍ഷത്തിലേര്‍പ്പെടേണ്ടി വന്നു. റിക്കാബറെന്‍റെ വീക്ഷണത്തിലും പ്രത്യയശാസ്ത്രത്തിലുമുണ്ടായിക്കൊണ്ടിരുന്ന വളര്‍ച്ചയുടെയും വികാസത്തിന്‍റെയും ലക്ഷണമായിരുന്നു അത്. അങ്ങനെയാണ് വിപ്ലവാത്മകമായ കാഴ്ചപ്പാടുകളെ ഉയര്‍ത്തിപ്പിടിക്കുന്ന പുതിയൊരു പാര്‍ടിക്ക് 1912ല്‍ അദ്ദേഹം രൂപംകൊടുക്കുന്നത്. ആ പാര്‍ടിയുടെ പേര് സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി എന്നായിരുന്നു. ഈ പാര്‍ടിയാണ് പിന്നീട് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചിലിയായി മാറിയത്.

ചിലിയന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെ ആദ്യ നാളുകളിലെ നേതാക്കളില്‍ മാര്‍ക്സിസ്റ്റ് പ്രത്യയശാസ്ത്രത്തിന്‍റെ പ്രാഥമിക പാഠങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നത് ലൂയിസ് എമീലിയോ റിക്കാബറെന്‍ മാത്രമായിരുന്നു. മാര്‍ക്സിനെയും എംഗല്‍സിനെയും ആവേശത്തോടെ അദ്ദേഹം വായിച്ചിരുന്നു. രാഷ്ട്രീയ പക്വതയിലും പ്രത്യയശാസ്ത്രപരമായ പഠനത്തിലും മറ്റുള്ളവരെക്കാള്‍ ഒരുപാട് മുന്നിലായിരുന്നു റിക്കാബറെന്‍. റിക്കാബറെന്‍ എഴുതിയ 'എന്താണ് സോഷ്യലിസം' (What is Socialism, 1912) എന്ന പുസ്തകം ചിലിയന്‍ തൊഴിലാളിവര്‍ഗത്തിന്‍റെ പഠനപ്രക്രിയയില്‍ ഏറ്റവും നിര്‍ണായകമായ പങ്കാണ് നിര്‍വഹിച്ചത്. മാര്‍ക്സിന്‍റെ "മൂലധന"ത്തിന്‍റെ ഒന്നാം വോള്യത്തെക്കുറിച്ച് റിക്കാബറെനുണ്ടായിരുന്ന അഗാധമായ ജ്ഞാനത്തിന്‍റെ തെളിവായിട്ടുകൂടി "എന്താണ് സോഷ്യലിസം" എന്ന പുസ്തകത്തെ പില്‍ക്കാല പഠിതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്. (The educational Philosophy of Luis Emilio Recabarren, Routledge 2020). തൊഴിലാളികളുടെ രാഷ്ട്രീയ സംസ്കാരത്തെ ഉയര്‍ത്തുകയായിരുന്നു റിക്കാബറെന്‍റെ ലക്ഷ്യം. തൊഴിലാളിപ്രസ്ഥാനത്തിനുള്ളിലേയ്ക്ക് സ്ത്രീകളെ വലിയ അളവില്‍ ഉള്‍ച്ചേര്‍ക്കുന്നതിലും റിക്കാബറെന്‍ സവിശേഷ ശ്രദ്ധ പുലര്‍ത്തിയിരുന്നു. മാര്‍ക്സിന്‍റെയും എംഗല്‍സിന്‍റെയും ആശയങ്ങളോടൊപ്പം എമിലി സോളയും ടോള്‍സ്റ്റോയിയും പ്രൂധോനും റിക്കാബറെന് പ്രിയപ്പെട്ടവരായിരുന്നു.

1910 ഓടെ കൃത്യമായൊരു മാര്‍ക്സിസ്റ്റ് നിലപാടിലേയ്ക്ക് റിക്കാബറെന്‍ എത്തിച്ചേര്‍ന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിലേയ്ക്ക് കടന്ന ചിലിയുടെ ചരിത്ര യാഥാര്‍ഥ്യത്തെ മാര്‍ക്സിസ്റ്റ് തെളിച്ചത്തോടെ റിക്കാബറെന്‍ മനസ്സിലാക്കിയെടുക്കുന്നുമുണ്ട്. ഈയര്‍ഥത്തില്‍ ചിലിയന്‍ തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനുള്ളില്‍ നിലനിന്നിരുന്ന അനാര്‍ക്കോ-സിന്‍ഡിക്കലിസ്റ്റ് പ്രവണതകളെയും പരിഷ്കരണവാദ പ്രവണതകളെയും അദ്ദേഹം മറികടന്നിരുന്നു. യഥാര്‍ഥത്തില്‍ ലാറ്റിനമേരിക്കയിലെ തന്നെ മാര്‍ക്സിസത്തിന്‍റെ ആദ്യത്തെ വഴികാട്ടിയായിരുന്നു റിക്കാബറെന്‍. ഹോസെ മരിയാതെഗിയുടെയും ജൂലിയോ അന്‍റോണിയോ മെല്ലയുടെയും മുന്‍ഗാമിയായിട്ടാണ് റിക്കാബറെന്‍ നിലകൊള്ളുന്നതെന്ന് കാണാന്‍ കഴിയും.


റിക്കാബറെന്‍റെ പുതിയ ഉള്‍ക്കാഴ്ചകളുടെ ആവിഷ്ക്കാരമായിട്ടായിരുന്നു സോഷ്യലിസ്റ്റ് വര്‍ക്കേഴ്സ് പാര്‍ടി രൂപീകരിക്കപ്പെടുന്നത്. 1918ല്‍ റിക്കാബറെന്‍ അര്‍ജന്‍റീനയില്‍ വീണ്ടും എത്തുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് അര്‍ജന്‍റീനയുടെ രൂപീകരണയോഗത്തില്‍ പങ്കെടുക്കാനായിരുന്നു ആ യാത്ര. രൂപീകരണ യോഗത്തില്‍ പങ്കെടുക്കുകയും പാര്‍ടിയുടെ ആദ്യത്തെ ദേശീയ കമ്മിറ്റിയില്‍ അംഗമായിത്തീരുകയും ചെയ്തു.


1917-19 കാലഘട്ടത്തില്‍ ചിലിയിലെ തൊഴിലാളി പ്രക്ഷോഭങ്ങള്‍ വീണ്ടും കരുത്താര്‍ജിക്കാന്‍ തുടങ്ങിയിരുന്നു. ഒന്നാം ലോകമഹായുദ്ധം സമ്മാനിച്ച യാതനകള്‍ക്കെതിരെയുള്ള തൊഴിലാളികളുടെ രോഷമായിരുന്നു ആ പ്രക്ഷോഭങ്ങളിലൂടെ അലയടിച്ചുകൊണ്ടിരുന്നത്. തൊഴിലാളി പ്രസ്ഥാനങ്ങളിലുള്ള അനാര്‍ക്കിസ്റ്റ് സിന്‍ഡിക്കലിസ്റ്റ് സ്വാധീനം ദുര്‍ബലപ്പെടുന്ന കാഴ്ചയ്ക്കും ഈ പ്രക്ഷോഭങ്ങള്‍ വേദിയായിത്തീര്‍ന്നു. ഈ ഘട്ടമാകുമ്പോഴേക്കും ചിലിയിലെ ഏറ്റവും പ്രധാനപ്പെട്ട തൊഴിലാളി നേതാവായി ലൂയിസ് എമീലിയോ റിക്കാബറെന്‍ മാറിത്തീര്‍ന്നിരുന്നു. സോഷ്യലിസ്റ്റുകളെയും അനാര്‍ക്കോ-സിന്‍ഡിക്കലിസ്റ്റുകളെയും മാര്‍ക്സിസ്റ്റ് ദിശയിലേയ്ക്ക് റിക്കാബറെന്‍ നയിക്കുകയായിരുന്നു. ക്രമേണ ഇത്തരം ധാരകളെ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അദ്ദേഹം ലയിപ്പിക്കുകയായിരുന്നു. അങ്ങനെ ചിലിയില്‍ തൊഴിലാളിപ്രസ്ഥാനത്തിന്‍റെ മുഖ്യപ്രേരകഘടകമായി കമ്യൂണിസം മാറിത്തീര്‍ന്നു. ഇതിന്‍റെ തുടര്‍ച്ചയില്‍വച്ചായിരുന്നു 1922 ജനുവരി 22ന് കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചിലി പിറവിയെടുക്കുന്നത്. പിന്നീട് ലാറ്റിനമേരിക്കയിലെ ഏറ്റവും ശക്തിയുറ്റ കമ്യൂണിസ്റ്റ് പാര്‍ടിയായി കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ചിലി വളരുകയായിരുന്നു.


ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്‍റെ ഊര്‍ജമായിരുന്നു റിക്കാബറെന്‍റെ സിരകളിലൂടെ ഒഴുകിക്കൊണ്ടിരുന്നത്. മോസ്ക്കോയില്‍വച്ച് നടന്ന മൂന്നാം ഇന്‍റര്‍നാഷണലില്‍ പങ്കെടുത്ത ചിലിയില്‍നിന്നുള്ള ഏകപ്രതിനിധിയും റിക്കാബറെനായിരുന്നു. 1924 ഡിസംബര്‍ 19ന് മതിഭ്രമത്തിന്‍റെ ഏതോ രോഗാതുരമായ നിമിഷത്തില്‍, സ്വയം മരണത്തിന് കീഴടങ്ങുന്നതുവരെ ആ വിപ്ലവ പ്രതിഭ ചിലിയുടെ മണ്ണില്‍ ഒരു രക്തതാരകമായി ഉയര്‍ന്നുനില്‍ക്കുകയായിരുന്നു. ചിലിയുടെ മണ്ണില്‍ ഇടതുപക്ഷത്തിന്‍റെ പുതിയ ഭരണക്രമം കൊടികളുയര്‍ത്തിയ സമകാലിക സന്ദര്‍ഭത്തില്‍, ലൂയിസ് എമീലിയോ റിക്കാബറെനെപ്പോലുള്ള ചിലിയുടെ ആദ്യകാല പോരാളികളും അവര്‍ പടുത്തുയര്‍ത്തിയ പ്രസ്ഥാനവും, പുതിയൊരു ഊര്‍ജ പ്രവാഹമായി ചരിത്രത്തിന്‍റെ വര്‍ത്തമാനത്തിലേയ്ക്ക് വീണ്ടും ഉയര്‍ന്നുവരികയാണ് •