സ്വകാര്യവത്കരണവും ഭരണഘടനയും

പ്രഭാത് പട്നായക്

പൊതുമേഖലാ ആസ്തികള്‍ മൊത്തത്തില്‍ സ്വകാര്യവത്കരിക്കുന്നതിനുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ പദ്ധതിയിലെ തികഞ്ഞ ഭരണഘടനാ വിരുദ്ധതയിലേക്ക്, അടുത്ത കാലത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ പൊതുമേഖലയും പൊതുസേവനങ്ങളും സംബന്ധിച്ച ജനകീയ കമ്മീഷന്‍ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി. ഭരണനിര്‍വഹണം നടത്തുന്നതിനുവേണ്ടിയുള്ള കേവലമൊരു കൂട്ടം നടപടിക്രമങ്ങളും ചട്ടങ്ങളുമല്ല രാജ്യത്തിന്‍റെ ഭരണഘടന. എല്ലാത്തിലുമുപരിയായി, ഭരണകൂടത്തിന്‍റെ വിവിധ അവയവങ്ങളുടെ സ്വഭാവത്തെ രൂപപ്പെടുത്തിയിട്ടുള്ളതും, രാജ്യം നിലവില്‍ വന്നതുമായി ബന്ധപ്പെട്ട അടിസ്ഥാനപരമായ വിശ്വാസങ്ങള്‍ അടങ്ങിയിട്ടുള്ളതുമായ ചില സാമൂഹ്യദര്‍ശനങ്ങള്‍ അത് പ്രകടിപ്പിക്കുന്നുണ്ട്. മുന്‍ കൊളോണിയല്‍ രാജ്യങ്ങളുടെ കാര്യത്തില്‍ ഇത് പ്രത്യേകിച്ചും ശരിയാണ്; കാരണം ഇവിടങ്ങളില്‍ രാഷ്ട്രത്തിന്‍റെ രൂപീകരണമെന്നത്, ചരിത്രപരമായിത്തന്നെ അഭൂതപൂര്‍വമായ ഐക്യത്തിലേക്ക് ജനങ്ങളെ ഒരുമിച്ചുകൂട്ടിയ കൊളോണിയല്‍ വിരുദ്ധസമരത്തിന്‍റെ അനന്തരഫലമായുണ്ടായതാണ്; പുതുതായി രൂപംകൊണ്ട ദേശരാഷ്ട്രത്തിന്‍റെ ഭരണഘടനയിലടങ്ങിയിട്ടുള്ള ആ സാമൂഹ്യദര്‍ശനം ഈ ഒന്നിച്ചുചേരലിന്‍റെ ആശയപരമായ അടിത്തറ മുന്നോട്ടുവയ്ക്കുന്നു.

ഭരണഘടനയുടെ "അടിസ്ഥാന ഘടന"യെന്ന സിദ്ധാന്തത്തെക്കുറിച്ച് സുപ്രീംകോടതി വളരെ വ്യക്തമായി എടുത്തു പറഞ്ഞിട്ടുണ്ട്; ഈ "അടിസ്ഥാനഘടന"യുടെ ഏറ്റവും വലിയ അടിസ്ഥാനമെന്നത് ഭരണഘടനയിലടങ്ങിയിട്ടുള്ള സാമൂഹ്യദര്‍ശനമാണ്. ഈ സാമൂഹ്യദര്‍ശനത്തെ മാറ്റുകയെന്നതിനര്‍ഥം ഭരണഘടനയെത്തന്നെ മാറ്റുകയെന്നതാണ്; അതിന് ഭരണഘടനയില്‍ പറഞ്ഞിട്ടുള്ള കര്‍ക്കശമായ നടപടിക്രമങ്ങള്‍ പിന്തുടരുക മാത്രമല്ല, വലിയ തോതില്‍ സമൂഹത്തില്‍ ഏറ്റവും വ്യാപകമായ ചര്‍ച്ച നടത്തുകയും വേണം; എന്നാല്‍ മാത്രമേ ദേശരാഷ്ട്രത്തെ സൃഷ്ടിച്ച ജനങ്ങളുടെ ഐക്യത്തിന്‍റേതായ ആശയപരമായ അടിത്തറ അട്ടിമറിക്കപ്പെടാതിരിക്കുകയുള്ളൂ. തീര്‍ച്ചയായും പാര്‍ലമെന്‍റില്‍ ഭൂരിപക്ഷമുണ്ടെന്ന പേരില്‍ ഒരു ഗവണ്‍മെന്‍റിന് ആ ഭൂരിപക്ഷം ഉപയോഗിച്ചുകൊണ്ട് ഇങ്ങനെ മാറ്റിമറിക്കുവാന്‍ സാധ്യമല്ല. എന്നിട്ടും പൊതുമേഖലാ ആസ്തികളുടെ സ്വകാര്യവത്കരണവും "പണവത്കരണവും" എന്ന അജന്‍ഡ നടപ്പിലാക്കുന്നതുവഴി ശരിക്കും ചെയ്യാന്‍ ശ്രമിക്കുന്നത് ഇതാണ്. തന്ത്രപ്രധാനമല്ലാത്ത മേഖലകളില്‍ പൊതുമേഖല ഏറിയും കുറഞ്ഞും അസ്വസ്ഥമാകുകയും, അതേസമയം തന്ത്രപ്രധാന മേഖലകളില്‍ അതൊരു സാന്നിധ്യമായി തുടരുകയും ചെയ്യും; എന്നാല്‍ ആ സാന്നിധ്യം ഒരു സ്മാരകം മാത്രമായിരിക്കും.

ഇന്ത്യയില്‍ പൊതുമേഖല സൃഷ്ടിക്കപ്പെട്ടത് അനേകം കാരണങ്ങളാലാണ്. വിദേശമൂലധനത്തിന്‍റെ പിടിയില്‍നിന്നും രാജ്യത്തെ അസംസ്കൃത വിഭവങ്ങളുടെ നിയന്ത്രണം പിടിച്ചെടുക്കുന്നതിന് (ഉദാ: എണ്ണ മേഖല); വിദേശ മൂലധനത്തെ ആശ്രയിക്കുകയും അതുവഴി അതിന്‍റെ ആധിപത്യത്തിലാകുകയും ചെയ്യുന്നതൊഴിവാക്കുന്നതിനുവേണ്ടി, സാങ്കേതിക വിദ്യയില്‍ സ്വയം പര്യാപ്തത നേടിയെടുക്കുന്നതിനുവേണ്ടി (ഉദാ: വന്‍കിട ഇലക്ട്രിക്കല്‍സ്); അവശ്യസേവനങ്ങള്‍ പൊതുജനത്തിന് കുറഞ്ഞ നിരക്കിലോ നിരക്കില്ലാതെയോ ലഭ്യമാക്കുന്നതിന് (ഉദാ: ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി); മൊത്തത്തിലോ അഥവാ ആവശ്യമായ അളവിലോ സ്വകാര്യവിഭവങ്ങള്‍ യാഥാര്‍ഥ്യമായിട്ടില്ലാത്ത പ്രത്യേക മേഖലകളില്‍ പൊതുവിഭവങ്ങള്‍ ചെലവഴിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിന് (ഉദാ: പശ്ചാത്തലസൗകര്യം); ഉത്പന്നങ്ങള്‍ ന്യായമായ വിലയ്ക്ക് സംഭരിക്കുന്നതുവഴി കര്‍ഷക കേന്ദ്രിത കൃഷിക്ക് പിന്തുണ നല്‍കുന്നതിന് (ഉദാ: എഫ്സിഐ); സഹായമെത്തിച്ചില്ലെങ്കില്‍ നശിച്ചുപോകാന്‍ സാധ്യതയുള്ള ചെറുകിട ഉത്പാദന മേഖലയ്ക്ക് വായ്പകള്‍ അനുവദിക്കുന്നതിന് (ഉദാ: പൊതുമേഖലാ ബാങ്കുകള്‍). പൊതുമേഖലയുടെ ആവിര്‍ഭാവത്തിലേക്കു നയിച്ച ഈ കാരണങ്ങളെല്ലാംതന്നെ സാമ്പത്തിക അപകോളനിവത്കരണ പ്രക്രിയയുടെ ഒരു ഭാഗവും, ഭരണഘടന മുന്നോട്ടുവച്ചിട്ടുള്ള നിര്‍ദേശകതത്ത്വങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാഴ്ചപ്പാടിന് അനുസൃതവുമായിരുന്നു. വാസ്തവത്തില്‍, പൊതുമേഖലയും പൊതുസേവനങ്ങളും സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഊന്നിപ്പറയുന്നതനുസരിച്ച്,  ഇന്ത്യയില്‍ ക്ഷേമ രാഷ്ട്രം സാക്ഷാത്കരിക്കുന്നതിനുള്ള അവശ്യ ഉപകരണം എന്ന നിലയ്ക്കാണ് പൊതുമേഖല സൃഷ്ടിക്കപ്പെട്ടത്.

പൊതുമേഖലയുടെ സ്വകാര്യവത്കരണം എന്നതിനര്‍ഥം, കുറച്ചു വന്‍കുത്തകകള്‍ക്ക് അഥവാ അന്താരാഷ്ട്ര വന്‍കിട ബിസിനസിന് ആസ്തികള്‍ വിറ്റഴിക്കുക എന്നതാണ്; കാരണം, മറ്റാര്‍ക്കും ഇതത്രയും വാങ്ങുന്നതിനാവശ്യമായിട്ടുള്ള വിഭവങ്ങള്‍ ഒന്നിച്ചുകൊണ്ടുവരാന്‍ സാധിക്കില്ല. അതുകൊണ്ടുതന്നെ സ്വകാര്യവത്കരണം, ഭരണകൂടത്തിന്‍റെ ഉത്തരവാദിത്വങ്ങളില്‍ നിന്നും അത് സ്വയം ഒഴിവാകുകയെന്നതും, സമ്പദ്ഘടനയുടെ പുനഃകോളനിവത്കരണമടക്കം വരുന്ന ഒരു പ്രക്രിയ കെട്ടഴിച്ചുവിടുകയെന്നതും (സ്വാതന്ത്ര്യത്തിന് 75 വര്‍ഷങ്ങള്‍ക്കിപ്പുറം സമ്പദ്ഘടനയുടെ "കടിഞ്ഞാണ്‍" വികസിത മുതലാളിത്ത മൂലധനത്തിന് കൈമാറുന്നതുപോലെ), ഭരണഘടന മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശകതത്ത്വങ്ങളില്‍നിന്നും പിന്‍വലിയുകയെന്നതും അനിവാര്യമാക്കിതീര്‍ക്കുന്നു. ചുരുക്കത്തില്‍, ഭരണഘടന മുന്നോട്ടുവയ്ക്കുന്ന സാമൂഹ്യദര്‍ശനത്തിന് പൂര്‍ണമായും വിരുദ്ധമായിട്ടുള്ള ഒരു സാമൂഹ്യദര്‍ശനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നു; ക്ഷേമരാഷ്ട്രത്തോടുള്ള പ്രതിബദ്ധത ഉപേക്ഷിക്കുന്നതിനോടൊപ്പം വികസിത മുതലാളിത്ത രാജ്യങ്ങളുടെ താല്‍പ്പര്യങ്ങളെ അഭിവൃദ്ധിപ്പെടുത്തുന്ന ദര്‍ശനത്തെ സ്വീകരിക്കുന്നു.

മാത്രമല്ല, ആസ്തികള്‍ അവയുടെ യഥാര്‍ഥ വിലയേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് വില്‍ക്കുന്നത് എന്നതുകൊണ്ടു തന്നെ, അവിടെ മൂലധനത്തിന്‍റെ ആദിമ സഞ്ചയ പ്രക്രിയ നടക്കുന്നു: ഉദാഹരണത്തിന്, അവ വാങ്ങുന്ന വികസിത മുതലാളിത്ത മൂലധനത്തിന് അഥവാ വന്‍കിട ഇന്ത്യന്‍ മുതലാളിത്ത കുടുംബത്തിന് 100 രൂപയുടെ ആസ്തികള്‍ വില്‍ക്കുമ്പോള്‍ ഗവണ്‍മെന്‍റിന് തിരിച്ചുകിട്ടുന്നത് ഏറ്റവും ചെറിയ തുക, അതായത് 50 രൂപ ആയിരിക്കും. ഇത് രാജ്യത്ത് സമ്പത്തിന്‍റെ അസമത്വം രൂക്ഷമാക്കുന്നു; സമ്പത്തിന്‍റെ അസമത്വമാണ് വരുമാനത്തിന്‍റെ അസമത്വം പരിപോഷിപ്പിക്കുന്നത് എന്നതുകൊണ്ടുതന്നെ, അത് വരുമാനത്തിന്‍റെ അസമത്വവും വഷളാക്കുന്നു. വളരെ വ്യക്തമായി പറഞ്ഞാല്‍, രാജ്യത്തിന്‍റെ ഭരണനിര്‍വഹണത്തിന്‍റെ സ്പഷ്ടമായ ലക്ഷ്യമായി സാമ്പത്തിക അസമത്വം കുറയ്ക്കുക എന്നതിനെ മുന്നോട്ടുവയ്ക്കുന്ന ഭരണഘടനയിലെ നിര്‍ദേശകതത്വങ്ങള്‍ക്കെതിരാണ് ഇവയെല്ലാം. അതുകൊണ്ടുതന്നെ രാജ്യത്തിന്‍റെ ഭരണഘടനയ്ക്കെതിരായി മോഡി ഗവണ്‍മെന്‍റ് ചെയ്യുന്ന ഈ പാതകം കേവലമൊരു കൈപ്പിശകല്ല, മറിച്ച് ഏറ്റവും നഗ്നമായ രീതിയിലുള്ള ബോധപൂര്‍വമായ പ്രയോഗമാണ്.

വിരോധാഭാസമെന്നു പറയട്ടെ, ഭരണഘടനയുടെ സാമൂഹ്യദര്‍ശനത്തെ കൈവെടിയുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലുമൊരു പൊതുചര്‍ച്ച നടത്തുകയോ ഇങ്ങനെ കൈവെടിയുന്നതിനുള്ള കാരണങ്ങള്‍ വിശദീകരിക്കുകയോ ഒന്നും തന്നെ ഗവണ്‍മെന്‍റ് ചെയ്തിട്ടില്ല. എല്ലാവര്‍ക്കും ഉപകാരപ്രദമായി നിലനില്‍ക്കുന്ന പൊതുമേഖല എന്തുകൊണ്ട് സ്വകാര്യവല്‍ക്കരിക്കുന്നു എന്നത് ഒരിക്കലും വ്യക്തമാക്കിയിട്ടില്ല; ഈ സ്വകാര്യവത്കരണത്തിന് നല്‍കിയിട്ടുള്ള ഒരേയൊരു കാരണം പൊതുമേഖലയ്ക്ക് സമ്പദ്ഘടനയില്‍ വളരെ ചെറിയൊരു സാന്നിധ്യം മാത്രമേയുള്ളൂ എന്ന മോഡി ഗവണ്‍മെന്‍റിന്‍റെ പ്രസ്താവനയാണ്. ലൂയി കാരളിന്‍റെ നിരര്‍ഥകപദ്യമായ "ദ ഹണ്ടിങ് ഓഫ് ദ സ്റ്റാര്‍ക്കില്‍"چഞാന്‍ നിന്നോട് മൂന്നുതവണ പറയുന്നതെന്താണോ, അത് സത്യമാണ്" എന്നൊരു കഥാപാത്രം പറയുന്നതുപോലെ, മോഡി മൂന്ന് തവണ പറയുന്നതൊക്കെയും ശരിയാണെന്ന് കരുതണം, അതില്‍ പ്രത്യക്ഷത്തില്‍ ഒരു തര്‍ക്കത്തിന്‍റെയും ചര്‍ച്ചയുടെയും ആവശ്യമില്ല. ഇത് ഭരണഘടനയോട് കാണിക്കുന്ന നിന്ദയുടെ, അവജ്ഞയുടെ പ്രകടനമാണ്; അത് തികച്ചും സ്വീകാര്യമല്ലാത്തതും എന്തുവില കൊടുത്തും ചെറുക്കേണ്ടതുമാണ്.

താഴേതട്ടിലുള്ള ഉദ്യോഗസ്ഥര്‍ അവര്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തപ്പെടുമ്പോള്‍, മോഡി ഗവണ്‍മെന്‍റിന്‍റെ വിപുലമായ സ്വകാര്യവത്കരണ പദ്ധതികളെ പിന്തുണയ്ക്കുന്ന അഭിപ്രായങ്ങളൊന്നും നടത്തുന്നില്ലെങ്കിലും, ഗവണ്‍മെന്‍റിന്‍റെ ബജറ്റിലേക്കുള്ള വിഭവങ്ങള്‍ ഉയര്‍ത്തുന്നതിനുവേണ്ടിയുള്ള മാര്‍ഗമെന്ന നിലയില്‍ സ്വകാര്യവത്കരണത്തിന്‍റെ നേട്ടങ്ങള്‍ പൊതുവായി പരാമര്‍ശിക്കുന്നുണ്ട്. എന്നാല്‍ യുക്തിപരമായി ഇത് തികച്ചും വികലമായ ഒരു വാദമാണ്. വിഭവങ്ങള്‍ സ്വരുക്കൂട്ടുന്നതിനുള്ള ഒരു മാര്‍ഗമെന്ന നിലയ്ക്ക് സ്വകാര്യവത്കരണം തീര്‍ച്ചയായും ധനക്കമ്മിയില്‍ നിന്നും അതിന്‍റെ സ്ഥൂല സാമ്പത്തിക പ്രത്യാഘാതങ്ങളില്‍ ഒട്ടും വ്യത്യസ്തമല്ല; അതേ സമയം അതിന്‍റെ മറ്റ് അനന്തരഫലങ്ങള്‍ മാരകവുമാണ്.

ഇവിടെ നമ്മള്‍ "സ്റ്റോക്കും" "പ്രവാഹവും" (stocks and flows) തമ്മില്‍ വേര്‍തിരിക്കേണ്ടതുണ്ട്. ഗവണ്‍മെന്‍റിന്‍റെ വരുമാനത്തിനും മുകളിലുള്ള അധികചെലവിനെയാണ് 'ധനക്കമ്മി' എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ചെലവും വരുമാനവും പ്രവാഹം (ഫ്ളോ) ആയതിനാല്‍ അതൊരു ഒഴുക്കന്‍ ആശയമാണ്. അത് സമ്പദ്ഘടനയിലെ മൊത്തം ഡിമാന്‍റിന്‍റെ തലം കൂട്ടും; ഇത്തരത്തിലൊരു കൂട്ടല്‍ ഉല്‍പ്പാദനത്തെയൊ തൊഴിലവസരങ്ങളെയാ വര്‍ധിപ്പിക്കുമെന്നതിനാല്‍, അഥവാ അധ്വാനിക്കുന്ന ജനങ്ങളുടെ പണവരുമാനത്തിന് ആപേക്ഷികമായി വില വര്‍ധിപ്പിക്കുമെന്നതിനാല്‍ (ഉല്‍പ്പാദന വര്‍ധനവ് സാധ്യമല്ലാത്തപക്ഷം) അത് എങ്ങനെയും സ്വകാര്യസമ്പാദ്യം ഉയര്‍ത്തുകയും ആയതിനാല്‍ തന്നെ സമ്പാദ്യത്തിലെ ഈ വര്‍ധനവ് കടമെടുക്കുവാന്‍ ഗവണ്‍മെന്‍റിനെ പ്രാപ്തമാക്കുകയും ചെയ്യും. യഥാര്‍ഥത്തില്‍ ഗവണ്‍മെന്‍റ് കടമെടുക്കുന്ന ആ സമ്പാദ്യം സ്വകാര്യ കൈകളിലേക്ക് ഗവണ്‍മെന്‍റ് വിട്ടുകൊടുത്തതിന് തുല്ല്യമാണ്. ഉപഭോഗം ചെയ്യുന്നയാള്‍ യാതൊന്നും ത്യജിക്കാതെതന്നെ അയാളുടെ സ്വകാര്യസമ്പാദ്യം ഉയരുന്നു. എല്ലാ സമ്പാദ്യവും സ്വത്തിനു പുറമേയുള്ളതായതിനാല്‍ ധനക്കമ്മി അകാരണമായി സ്വത്ത് അസമത്വം വര്‍ധിപ്പിക്കുന്നു.

ധനക്കമ്മിക്കുപകരം പണം കണ്ടെത്തുന്നതിനുവേണ്ടി ഗവണ്‍മെന്‍റ് പൊതുമേഖലാ ആസ്തികള്‍ വിറ്റഴിക്കുകയാണെങ്കില്‍ മേല്‍പറഞ്ഞ പ്രക്രിയയ്ക്കാകെ സ്വല്‍പംപോലും മാറ്റം വരുകയില്ല. ധനക്കമ്മിക്കു പണം കണ്ടെത്തുന്നതിനു വേണ്ടി ഗവണ്‍മെന്‍റ് ബാങ്കുകളില്‍നിന്നും കടമെടുക്കുന്നതിനുപകരം പൊതുമേഖലാ ആസ്തികള്‍ വാങ്ങുന്നതിനായി മുതലാളിമാര്‍ ബാങ്കുകളില്‍നിന്നും കടമെടുക്കുകയും ഗവണ്‍മെന്‍റിന് ചെലവഴിക്കാനായി അത് കൈമാറുകയും ചെയ്യുന്നു എന്നതാണ് ഒരേയൊരു വ്യത്യാസം സ്ഥൂല സാമ്പത്തിക പ്രത്യാഘാതങ്ങളില്‍, ഗവണ്‍മെന്‍റിന്‍റെ ചെലവഴിക്കലിനായി ബാങ്ക് വായ്പ ലഭ്യമാക്കുന്ന ഈ രണ്ടാമത്തെ, പരോക്ഷമായ വഴി ഗവണ്‍മെന്‍റ് നേരിട്ട് വായ്പയെടുക്കുന്നതില്‍ നിന്നും ഒട്ടുംതന്നെ വ്യത്യസ്തമല്ല: അത് മൊത്തം ചോദനത്തിലേക്ക് സമാനമായ തുക തന്നെ കൂട്ടുകയും, സ്വത്ത് അസമത്വത്തില്‍ അതേ വര്‍ധനവുതന്നെ ഉണ്ടാക്കുകയും ചെയ്യും. ധനക്കമ്മിയുടെ കാര്യത്തില്‍ സ്വകാര്യമേഖല ഗവണ്‍മെന്‍റിനു മേല്‍ പ്രത്യക്ഷമായോ പരോക്ഷമായോ പേപ്പര്‍ ക്ലെയിമുകള്‍ വയ്ക്കുന്നു. (ഗവണ്‍മെന്‍റ് ബോണ്ടുകളുടെ രൂപത്തില്‍) സ്വകാര്യവത്കരണത്തിന്‍റെ കാര്യത്തില്‍ അത് പൊതുമേഖലാ കമ്പനികളിലെ ഓഹരികള്‍ കൈവശപ്പെടുത്തുന്നു. (അങ്ങനെ പൊതുമേഖലയെത്തന്നെ അവ നിയന്ത്രിക്കുന്നു). അതുകൊണ്ടുതന്നെ സ്ഥൂല സാമ്പത്തിക ഫലങ്ങള്‍ സമാനമായിരിക്കവെ, ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാവുന്നതിനല്ല, മറിച്ച് ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി കമ്പനികളുടെ നടത്തിപ്പ് ഏറ്റെടുക്കുവാന്‍ സ്വകാര്യമേഖലയെ സ്വകാര്യവത്കരണം അനുവദിക്കുന്നു.

ധനക്കമ്മി എന്നത് ഗവണ്‍മെന്‍റിന് കടമുണ്ടാക്കല്‍ ആകുമ്പോള്‍, സ്വകാര്യവത്കരണം കടമുണ്ടാക്കലല്ലായെന്നും അതുകൊണ്ടുതന്നെ ഗവണ്‍മെന്‍റിന് പിന്നീട് പലിശയടവുമായി ബന്ധപ്പെട്ട ബാധ്യതകളൊന്നുമുണ്ടാവില്ലെന്നും ഒരഭിപ്രായമുണ്ട്. ഈ വാദം വിട്ടുകളയുന്നതെന്താണെന്നു വച്ചാല്‍, സ്വകാര്യവത്കരണം സ്വകാര്യ മുതലാളിമാരുടെ കൈകളിലേക്ക് വരവിന്‍റെ ഒരു പ്രവാഹം തന്നെ ഉണ്ടാക്കുന്നുണ്ട് എന്നതും സ്വകാര്യവത്കരണം നടത്താതിരുന്നുവെങ്കില്‍ ഈ വരവ് ഗവണ്‍മെന്‍റിലേക്ക് ചെല്ലേണ്ടതായിരുന്നു എന്നതുമാണ്. മുന്‍കൂട്ടി തീര്‍ച്ചപ്പെടുത്തിയ ഈ വരവ് പലിശയടവിന് സമാനമാണ്; ആയതിനാല്‍ ഈ രണ്ട് കേസിലും ഗവണ്‍മെന്‍റിന് വരുമാന നഷ്ടത്തിന്‍റെ ഒരു പ്രവാഹമുണ്ടാകും; ഈ പ്രവാഹം ഇല്ലാതിരിക്കണമെങ്കില്‍ ഗവണ്‍മെന്‍റ് വരുമാനത്തിനോ സ്വത്തിനോ നികുതി ഏര്‍പ്പെടുത്തുന്നതിലൂടെ വിഭവങ്ങള്‍ കണ്ടെത്തണം; അല്ലാതെ സ്വകാര്യവത്കരണത്തിലൂടെ വിഭവങ്ങള്‍ കണ്ടെത്താന്‍ നോക്കിയാല്‍ അത് നടക്കില്ല.

അതിനാല്‍, വികലമായ സാമ്പത്തിക യുക്തിയുടെ അടിസ്ഥാനത്തില്‍ നമ്മുടെ ഭരണഘടനയിലെ അടിസ്ഥാന സാമൂഹ്യദര്‍ശനത്തെ മോഡി ഗവണ്‍മെന്‍റ് ഉപേക്ഷിക്കുകയാണ്; എന്നിട്ട് പൊതുമേഖലയാകെ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള ഏതാനും ചില ശിങ്കിടികള്‍ക്ക് കൈമാറുകയാണ്. അതിനോടൊപ്പം തന്‍റെ ഗവണ്‍മെന്‍റ് അഴിമതിമുക്തമാണെന്ന് മോഡി വീമ്പിളക്കുകയും ചെയ്യുന്നു. എന്നാല്‍ പൊതുമേഖല സംരംഭങ്ങളുടെ നിര്‍ദ്ദിഷ്ട സ്വകാര്യവത്കരണം, സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട അഴിമതിയുടെ ഏറ്റവും നാണംകെട്ട ഉദാഹരണമാണ് •