ജനവിരുദ്ധ നിയമ നിര്‍മ്മാണങ്ങള്‍

ഡോ. വി ശിവദാസന്‍

നാധിപത്യ നിഷേധത്തിന്‍റെ കിരാതമാതൃകയായി ഇന്ത്യന്‍ പാര്‍ലമെന്‍റ് മാറിക്കൊണ്ടിരിക്കുന്നതിന്‍റെ ചിത്രമാണ് നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്നത്. നിയമനിര്‍മ്മാണ സഭയില്‍ എണ്ണത്തിലുള്ള ഭൂരിപക്ഷം ചര്‍ച്ചകളേതുമില്ലാതെ ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയെടുക്കുന്നതിനുള്ള അവസരമായാണ് കേന്ദ്രസര്‍ക്കാര്‍ കാണുന്നത്. ബിജെപി ഭരണകാലത്തെ മുന്‍ സെഷനുകളിലെന്നതുപോലെ പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനത്തിലും അതുതന്നെയാണ് സംഭവിച്ചത്. ഓരോ ബില്ലും എത്രമേല്‍ ജനവിരുദ്ധമായ ഉള്ളടക്കത്തോടുകൂടിയാണ് അവതരിപ്പിക്കപ്പെട്ടതെന്നത് നാം കാണേണ്ടതാണ്. അതില്‍ ചിലതാണ് ഇവിടെ പ്രതിപാദിക്കുന്നത്. 

ഡാം സുരക്ഷാ നിയമം 2021 
ഇന്ത്യ നിലനില്‍ക്കുന്നത് നാം ജനാധിപത്യ ഉള്ളടക്കത്തോടെ രൂപപ്പെടുത്തിയ ഭരണഘടനാ മൂല്യങ്ങളുടെ കരുത്തിനാലും സുരക്ഷയാലുമാണ്. ഡാമുകളുടെ സുരക്ഷയെക്കുറിച്ച് വാതോരാതെ സംസാരിച്ച് ഭരണഘടനയേയും ആത്യന്തികമായി ഡാമിന്‍റേയും ജനങ്ങളുടേയും സുരക്ഷയെ അപകടപ്പെടുത്തുകയാണ് ഈ നിയമം ചെയ്യുന്നത്. ഇന്ത്യയില്‍ ഡാമുകള്‍ സ്ഥാപിക്കപ്പെട്ടത് മോഡി അധികാരത്തിലെത്തിയതിനുശേഷമല്ലെന്ന് ബിജെപി എംപിമാരുള്‍പ്പെടെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. നദികളും നദീതിരവും ജനതയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നതില്‍ വഹിച്ച പങ്ക് ചരിത്രത്തില്‍ സംശയലേശമന്യെ വിവരിക്കപ്പെട്ടതാണ്. മനുഷ്യ പുരോഗതിയുടെ ചുവടുവെപ്പുകളിലൊന്നായാണ് അണക്കെട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. നദിയുടെ ഒഴുക്കിനെ തടഞ്ഞു നിര്‍ത്തുകയും അതുവഴി കുടിവെള്ളത്തിനും ജലസേചനത്തിനുമുള്ള സൗകര്യങ്ങള്‍ വിപുലപെടുത്തുകയും ചെയ്യുകയുണ്ടായി. പിന്നീട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിലേക്ക് വികസിപ്പിച്ചു. ഇന്ത്യയില്‍ എഡി രണ്ടാം നൂറ്റാണ്ടിലുള്‍പ്പെടെ നിര്‍മ്മിച്ച ഡാമുകളുണ്ടെന്നത് നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ ഈമേഖലയില്‍ മനുഷ്യര്‍ നേടിയ സാങ്കേതികമികവിനെ അടയാളപ്പെടുത്തുന്നതാണ്.

ഡാമുകളും അവയുടെ ചരിത്രപരമായ സവിശേഷതകളുമൊന്നും മനസിലാക്കാതെയാണ് നിലവില്‍ ഡാം സുരക്ഷാ നിയമം കൊണ്ടുവന്നിട്ടുള്ളത്. നാളിതുവരെയുള്ള ഒരു സര്‍ക്കാരും ചെയ്യാത്തത്രയും ചരിത്രബോധമില്ലാതെയാണ് നിലവിലുള്ള കേന്ദ്ര സര്‍ക്കാര്‍ പെരുമാറിക്കൊണ്ടിരിക്കുന്നത്.  ഇന്ത്യയില്‍ 5701 വലിയ ഡാമുകളുണ്ട്. അതില്‍ 619 എണ്ണം അമ്പത് വര്‍ഷം പിന്നിട്ടുകഴിഞ്ഞു. ഡാം സുരക്ഷയെന്നത് ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട വിഷയമാണ്. അതുകൊണ്ടുതന്നെ അതിനാവശ്യമായ നീരീക്ഷണത്തിനും മേല്‍നോട്ടത്തിനും അവയെ പ്രവര്‍ത്തിപ്പിക്കുന്നതിലും നല്ല ജാഗ്രത ആവശ്യമാണ്. എന്നാല്‍ ആ നിലയിലല്ല നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുന്നത്. 2019 ആഗസ്ത് 2ന് ലോക്സഭയും 2021 ഡിസംബര്‍ 2ന് രാജ്യസഭയും പാസാക്കിയ ഡാം സുരക്ഷാ ബില്‍ പലവിധ ആശങ്കകള്‍ക്ക് ഇടയാക്കുന്നതാണ്. 


കേന്ദ്രത്തിന്‍റെ അധികാരക്കവര്‍ച്ച
സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനാപരമായി അനുവദിക്കപ്പെട്ട അവകാശങ്ങളുടെ മുകളിലേക്കുള്ള കടന്നു കയറ്റം ബില്ലിന്‍റെ ഭാഗമായി കാണാനാകും. സംസ്ഥാന ലിസ്റ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട വിഷയങ്ങള്‍ കുറുക്കുവഴികളിലൂടെ കേന്ദ്ര ലിസ്റ്റിലേക്ക് കൊണ്ടുവരികയാണ് നിയമത്തിലൂടെ ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ സംസ്ഥാന ലിസ്റ്റ് എന്‍ട്രി 17 പ്രകാരം ജലം, എന്നുവച്ചാല്‍, കുടിവെള്ള വിതരണം, ജലസേചനം, കനാലുകള്‍, ഓവുചാലുകള്‍, ജലസംഭരണം, ജലവൈദ്യുതി ഇവയെല്ലാം സംസ്ഥാന വിഷയമാണ്. യൂണിയന്‍ ലിസ്റ്റ് എന്‍ട്രി 56 പ്രകാരം ഒന്നിലധികം സംസ്ഥാനങ്ങളുടെ ഭാഗമാകുന്ന നദികള്‍, നദീതീരം, ഇവ സംബന്ധിച്ച വിഷയത്തില്‍ പാര്‍ലമെന്‍റ് നിര്‍മ്മിക്കുന്ന നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ പൊതുതാല്‍പര്യത്തെ മുന്‍നിര്‍ത്തി കേന്ദ്ര സര്‍ക്കാരിന് ഇടപെടാവുന്നതാണ്. നിയമ നിര്‍മ്മാണ പ്രക്രിയക്കിടയില്‍ പൊതുതാല്‍പര്യമെന്ന വാക്ക് കൂട്ടിച്ചേര്‍ത്ത് ഏതധികാരവും കവരാനുള്ള അവസരമല്ല എന്‍ടി 56ലെ പൊതുതാല്‍പര്യമെന്ന പദം നല്‍കുന്നതെന്നത് ബോധപൂര്‍വം വിസ്മരിച്ചുകൊണ്ടാണ് കേന്ദ്രം പ്രസ്തുത പദം നിയമത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍ ഒരു സംസ്ഥാനത്തിനകത്തുള്ള നദികള്‍, ജലാശയങ്ങള്‍, ഡാമുകള്‍ ഇവയുടെ കാര്യത്തില്‍ കേന്ദ്രം ഇടപെടാന്‍ പാടില്ലെന്ന് എന്‍ട്രി 56 കൃത്യമായി പറഞ്ഞിട്ടുണ്ട്. 

ഇന്ത്യന്‍ പാര്‍ലമെന്‍റ് ഡാം സുരക്ഷയെ മുന്‍ നിര്‍ത്തി ആദ്യമായി നടത്തുന്ന നിയമ നിര്‍മ്മാണ ശ്രമമല്ല ഇത്. 2010ല്‍ ഡാം സുരക്ഷയെക്കുറിച്ച് ഒരു ബില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടതാണ്. എന്നാല്‍ അത് പിന്നീട് കാലഹരണപ്പെടുകയാണുണ്ടായത്. ബില്‍ പാസാക്കുന്നതിനുമുമ്പു തന്നെ പതിനഞ്ചാം ലോക്സഭയുടെ കാലാവധി കഴിഞ്ഞിരുന്നു. ഡാം സുരക്ഷാ നിയമം 2019ല്‍ നിന്നും വ്യത്യസ്തമായി പ്രസ്തുത ബില്ലില്‍ അവതരിപ്പിക്കപ്പെട്ടത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 252 അനുസരിച്ചായിരുന്നു. അത് രണ്ട് സംസ്ഥാനങ്ങളുടെ ആവശ്യം മുന്‍നിര്‍ത്തി അവയ്ക്ക് ബാധകമാകുന്ന നിലയിലാണ് അവതരിപ്പിക്കപ്പെട്ടത്. അന്ന് അവതരിപ്പിക്കപ്പെട്ട ബില്ലിന്‍റെ ആമുഖത്തില്‍ തന്നെ യൂണിയന്‍ സര്‍ക്കാരിന് സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഏകീകൃതമായ ഡാം സുരക്ഷാ പ്രക്രിയ നിര്‍ദേശിക്കുന്നതിന് യാതൊരുവിധ അവകാശവുമില്ലെന്ന് പറഞ്ഞിരുന്നു. കൂടാതെ മറ്റ് സംസ്ഥാന നിയമസഭകള്‍ അവര്‍ക്ക് ആവശ്യമുണ്ടെന്ന് വിലയിരുത്തി അതിന്‍റെ അടിസ്ഥാനത്തില്‍ പ്രസ്തുത നിയമസഭകള്‍ നിയമം പാസാക്കിയാല്‍ മാത്രമേ ഈ നിയമം അവര്‍ക്ക് ബാധകമാകുകയുള്ളൂവെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവിലുള്ള നിയമം സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങളോട് യാതൊരു വിധത്തിലുള്ള ബഹുമാനവും പുലര്‍ത്തുന്നില്ല.

ദേശീയ ഡാം സുരക്ഷാ കമ്മിറ്റി
ഡാം സുരക്ഷാ നിയമം 2021 ദേശീയതലത്തില്‍ ഒരു ഡാം സുരക്ഷ കമ്മിറ്റി രൂപീകരിക്കുന്നതിന് നിര്‍ദേശിച്ചിരിക്കുകയാണ്.  കൂടാതെ ദേശീയ തലത്തില്‍ ഡാം സുരക്ഷ അതോറിറ്റി രൂപീകരിക്കുന്നതിനും നിര്‍ദേശിച്ചിരിക്കുന്നു. സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള സമിതികള്‍ രൂപീകരിക്കാനും നിര്‍ദേശിച്ചിരിക്കുന്നു. ദേശീയ ഡാം സുരക്ഷാഅതോറിറ്റിയില്‍ സംസ്ഥാനങ്ങളെ പരിഗണിക്കുന്നേയില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഒരു ഉദ്യോഗസ്ഥനാല്‍ നയിക്കപ്പെടുന്ന സ്ഥാപനമായിരിക്കുമത്. ദേശീയ ഡാം സുരക്ഷാ കമ്മിറ്റിയുടെ കാര്യമെടുത്താലും സ്ഥിതി വ്യത്യസ്തമല്ല. ഇത് കുറച്ചുകൂടി കൂടുതല്‍ ആളുകളുള്ള നിലയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകളുടെ അഭിപ്രായങ്ങള്‍ അവിടെ തരിമ്പും പരിഗണിക്കപ്പെടണമെന്നില്ല. ഡാം സുരക്ഷയെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ തയ്യാറാക്കുകയും അതുമായി ബന്ധപ്പെട്ട് കൂടിയാലോചനകളുമൊക്കെ ഈ കമ്മിറ്റിയിലായിരിക്കുമത്രെ നടക്കുക. ഇതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ നോമിനികളായിരിക്കും 13 പേരും. കേവലം 7 അംഗങ്ങള്‍ മാത്രമായിരിക്കും സംസ്ഥാനങ്ങളുടെ പ്രതിനിധികളായുണ്ടാകുക. ഏത് സംസ്ഥാനത്തിന്‍റെ പ്രതിനിധികളായിരിക്കണം കമ്മിറ്റിയില്‍ ഉള്‍പ്പെടേണ്ടതെന്നതും തീരുമാനിക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഇതുകാണിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് അവയുടെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നതിനും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പര്യാപ്തമായ ഘടനയല്ല ദേശീയ ഡാം സുരക്ഷാ കമ്മിറ്റിക്കെന്നാണ്.  

സവിശേഷതകളും ഡാമുകളും 
ഡാം സുരക്ഷാ നിയമത്തില്‍ സവിശേഷമായ രൂപകല്‍പ്പനകളുള്ള ഡാമുകള്‍ സംസ്ഥാന സര്‍ക്കാരുകളുടെ നിയന്ത്രണത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലേക്ക് കൊണ്ടുവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. രാജ്യത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ഏതാണ്ടെല്ലാ ഡാമുകളും ഒരര്‍ത്ഥത്തിലല്ലെങ്കില്‍ മറ്റൊരര്‍ത്ഥത്തില്‍ സവിശേഷതകള്‍ നിറഞ്ഞ രൂപകല്‍പ്പനയായിരിക്കും. ആ വൈവിധ്യം അവയുടെ നിര്‍മ്മാണരീതിയിലാകാം അല്ലെങ്കില്‍ നിര്‍മ്മാണത്തിനുപയോഗിച്ച സാധന സാമഗ്രികളുമായി ബന്ധപ്പെട്ടാകാം, അതുമല്ലെങ്കില്‍ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാകാം. ഏതുതരത്തിലാണെങ്കിലും സവിശേഷതകള്‍ വിവരിക്കാനാകും.  എല്ലാ ഡാമുകളേയും സംസ്ഥാനങ്ങളുടേയും പ്രദേശിക സര്‍ക്കാരുകളുടേയും കീഴില്‍ നിന്നും കേന്ദ്ര സര്‍ക്കാരിന്‍റെ അധീനതയിലേക്കെത്തിക്കുകയെന്നതുമാത്രമാണ് ഇതിലൂടെ മോഡി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കേന്ദ്ര സര്‍ക്കാരിലെ ഉദ്യോഗസ്ഥന്‍മാരുടെ കൈകളിലേക്ക് ഡാമിന്‍റെ അധികാര കൈമാറ്റമല്ല സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യം. സാങ്കേതിക വിദ്യയെ കൂടുതലായി ജനങ്ങള്‍ക്ക് പരിചയപ്പെടുത്തുകയും വികേന്ദ്രീകരണത്തിന്‍റെ സാധ്യതകളെ കൂടുതലായി ഉപയോഗപ്പെടുത്തലുമാണ് പുതിയകാലത്ത് ഡാം സുരക്ഷ ഉറപ്പുവരുത്താനാവശ്യമായ സുപ്രധാന ഘടകം. അതിന് സംസ്ഥാന സര്‍ക്കാരുകളേയും പ്രാദേശിക ഭരണ സംവിധാനങ്ങളേയും കൂടുതലായി ശാക്തീകരിക്കുകയാണ് വേണ്ടത്. അതുതന്നെയാണ് ഡാമിന്‍റെയും ജനങ്ങളുടേയും സുരക്ഷയ്ക്കുള്ള ഏറ്റവും ഉചിതമായ മാര്‍ഗം. അങ്ങനെയല്ലാതെ ഏകപക്ഷീയത അടിച്ചേല്‍പ്പിക്കുന്ന നിയമങ്ങളും സംവിധാനങ്ങളും പ്രയാസകരമായ സാഹചര്യങ്ങളായിരിക്കും സൃഷ്ടിക്കുക. 

ജനാധിപത്യ നിഷേധം
ഡാം സുരക്ഷാ അതോറിറ്റി, ഡാം സുരക്ഷാ കമ്മിറ്റി എന്നിവയെക്കുറിച്ചെല്ലാം നിയമത്തില്‍ വിശദീകരിക്കുന്നുണ്ട്. ദേശീയ ഡാം സുരക്ഷാ അതോറിറ്റിയെ ഡാമൂകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള അവസാനവാക്കായി നിയമത്തില്‍ വ്യവസ്ഥചെയ്തിരിക്കുന്നു. സംസ്ഥാനങ്ങള്‍ തമ്മിലായാലും വിവിധ സംഘടനകള്‍ തമ്മിലായാലും തര്‍ക്കങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനുള്ള അധികാരമാണവര്‍ക്ക് നല്‍കിയിരിക്കുന്നത്. ഇതില്‍ സംസ്ഥാനങ്ങള്‍ക്കകത്തെ ഡാമുകളുടെ ഉടമസ്ഥാവകാശമുള്‍പ്പെടെയുള്ള വിഷയങ്ങളും ഉള്‍പ്പെടുന്നു. കൂടാതെ അപകടകരമായ മറ്റൊരു വ്യവസ്ഥകൂടി ബില്ലില്‍ ഉള്‍ചേര്‍ത്തിരിക്കുന്നുണ്ട്, അതുപ്രകാരം പാര്‍ലമെന്‍റിന്‍റെ അനുമതിയില്ലാതെതന്നെ കേവലം നോട്ടിഫിക്കേഷനിലൂടെ ഷെഡ്യൂളില്‍ മാറ്റം വരുത്തുന്നതിന് സര്‍ക്കാരിന് കഴിയുമെന്നതാണ്. പാര്‍ലമെന്‍റ് പാസാക്കുന്ന നിയമത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന വ്യവസ്ഥകളില്‍ മാറ്റം വരുത്തലുകള്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നോട്ടിഫിക്കേഷനിലൂടെ സാധിക്കുമെന്നത് പാര്‍ലമെന്‍ററി ജനാധിപത്യത്തെത്തന്നെ അവഹേളിക്കലാണ്. ഇത് സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ക്കുമുകളില്‍ കൈയേറ്റം നടത്തുന്നതിന് കേന്ദ്രസര്‍ക്കാരിന് വീണ്ടും അവസരമൊരുക്കും. അതിനൊപ്പം ജനാധിപത്യാവകാശാധികാരങ്ങള്‍ കവരുന്നതിന് ഉദ്യോഗസ്ഥവൃന്ദത്തിനും അവസമൊരുക്കും. 

ഭരണഘടനാനുസൃതമായി സ്ഥാപിതമാകുന്ന ഒരു സ്ഥാപനത്തിന്‍റെ ഘടനയില്‍ മാറ്റം വരുത്താന്‍ ഉദ്യോഗസ്ഥ ഉത്തരവുകളിലൂടെ സാധിക്കുമെന്നത് തെറ്റായ കീഴ്വഴക്കങ്ങള്‍ക്ക് കാരണമാകും. ഇത് ജനാധിപത്യ സംവിധാനത്തെ സ്നേഹിക്കുന്നവര്‍ക്കൊരിക്കലും സ്വീകാര്യമാകില്ല. ഭാവിയില്‍ അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ എത്രമാത്രം അപകടകരമായിരിക്കുമെന്നത് കണക്കുകൂട്ടാനാകുന്നതിനും അപ്പുറത്തായിരിക്കും. പാര്‍ലമെന്‍റ് ഒരു ഭരണഘടനാ സ്ഥാപനം രൂപപ്പെടുത്തുമ്പോള്‍ അതെപ്പോഴും ദീര്‍ഘവീക്ഷണത്തോടുകൂടിയുള്ളതായിരിക്കണം. അത് ഭരണഘടനാമൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതാകണം. അതുവഴി വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയും ഫെഡറലിസത്തെയും ജനാധിപത്യത്തെയും കൂടുതല്‍ ശക്തിപ്പെടുത്തുന്നതുമാകണം. എന്നാല്‍ ഡാം സുരക്ഷാ നിയമം 2021 അതിനെല്ലാം എതിരായ നിലയിലാണ് തയ്യാറാക്കപ്പെട്ടിട്ടുള്ളത്. 
                                    (തുടരും)