കെ റെയില്‍ അര്‍ത്ഥശൂന്യമായ വിമര്‍ശനങ്ങള്‍

സി പി നാരായണന്‍

കെ റെയിലിനെക്കുറിച്ചുള്ള ഉല്‍ക്കണ്ഠകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മുഖ്യമന്ത്രി ക്ഷണിക്കപ്പെട്ട സദസ്സിനുമുമ്പില്‍ വിശദീകരണം നല്‍കാന്‍ തുടങ്ങിയതോടെ, പ്രതിപക്ഷത്തിന്, പ്രത്യേകിച്ച് കോണ്‍ഗ്രസ്സിനും ബിജെപിക്കും, എല്ലാ നിയന്ത്രണങ്ങളും കൈവിട്ടുപോയി. പുതിയ റെയില്‍പ്പാതക്കായി ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന്‍റെ അതിര്‍ത്തികളായി നാട്ടിയ കുറ്റികള്‍ പിഴുതെറിയാന്‍ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ ആഹ്വാനം നല്‍കി. അതിനെത്തുടര്‍ന്നു കണ്ണൂരില്‍ ഒരിടത്ത് സര്‍വെക്കുറ്റി പിഴുതെറിഞ്ഞു. ഈ ആഹ്വാനവും അതു നടപ്പാക്കിയതും രണ്ടും ഒരുപോലെ ക്രിമിനല്‍ കുറ്റമാണ്. ജനങ്ങളെ തമങ്ങളുടെ വാദമുഖങ്ങള്‍ വഴി കൂടെ അണിനിരത്താന്‍ കഴിയുകയില്ല എന്നു ബോധ്യപ്പെട്ടതുകൊണ്ടാണോ, സുധാകരന്‍ ഈ രീതി അവലംബിച്ചത്, അതോ എതിര്‍പ്പിന്‍റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ താനാണ് മുന്നില്‍ എന്നു സ്ഥാപിക്കാനാണോ ഇങ്ങനെ പ്രവര്‍ത്തിച്ചത് എന്ന കാര്യത്തില്‍ മാത്രമാണ് സംശയം അവശേഷിക്കുന്നത്. യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ പുതിയ പാത സംസ്ഥാനത്ത് വികസനം കൊണ്ടുവരും എന്നു പ്രസ്താവിച്ചത് കോണ്‍ഗ്രസ് നേതൃത്വത്തിലെ ആശയഭിന്നത തുറന്നുകാട്ടുന്നു.


നിലവിലുള്ള റെയില്‍വേ ഇരട്ടപ്പാത മതിയാകില്ല എന്ന് അതിന്‍റെ പണി തീരുന്നതിനുമുമ്പേ ഒരു ദശകത്തിനുമുമ്പ് റെയില്‍വേ അധികൃതര്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടവര്‍ക്കെല്ലാം വ്യക്തമായിരുന്നു. തിരുവനന്തപുരം-കാസര്‍കോട് ദൂരം 500 - 600 കി.മീ മാത്രമാകയാല്‍ മണിക്കൂറില്‍ 1300 കി.മീ വേഗമുള്ള തീവണ്ടി ഇവിടെ പ്രായോഗികമല്ല. അത് പതിവായി രണ്ടോ മൂന്നോ ഇടങ്ങളിലെ നിര്‍ത്താനാകൂ. അതുകൊണ്ടാണ് യുഡിഎഫ് 10 വര്‍ഷം മുമ്പ് അതിവേഗപ്പാത നിര്‍ദേശിച്ചപ്പോള്‍ എല്‍ഡിഎഫും മറ്റും എതിര്‍ത്തത്; 2016ല്‍ ഭരണത്തിലെത്തിയപ്പോള്‍ അര്‍ധ അതിവേഗപ്പാത മതി എന്നു തീരുമാനിച്ചത്. നിലവിലുള്ള പാതയില്‍ 626 വളവുകള്‍ ഉള്ളതിനാല്‍ പുതിയ പാത പര്യവേഷണത്തിലൂടെ തിരഞ്ഞെടുക്കുകയും ചെയ്തു. കുറഞ്ഞ സമയം കൊണ്ട് പാത പണി പൂര്‍ത്തീകരിച്ചാല്‍ ചെലവ് കുത്തനെ കുറയ്ക്കാന്‍ കഴിയുമെന്നു കണ്ട് അതിനനുസൃതമായി പദ്ധതി തയ്യാറാക്കി. റെയില്‍വേയ്ക്കായി സ്ഥലം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉടമകള്‍ക്കും വാടകക്കാര്‍ക്കും മറ്റും പ്രശ്നമില്ല. അക്കാര്യത്തില്‍ ഉദാരമായ സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്‍റേത് എന്നു കൊച്ചി-മംഗലാപുരം പ്രകൃതിവാതകപൈപ്പ് ഇടുന്ന വേളയില്‍ ജനങ്ങള്‍ക്കു ബോധ്യപ്പെട്ടതാണ്. ഇപ്പോള്‍ ദേശീയ പാതക്ക് സ്ഥലമെടുക്കുന്നതിലും അതാണ് സമീപനം. അതിലും ഉദാരമായാണ് കെ റെയിലിനു സ്ഥലം ഏറ്റെടുക്കുക. വില പൂര്‍ണമായി നല്‍കിയ ശേഷമേ സ്ഥലം ഏറ്റെടുക്കൂ എന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ എല്ലാ സംശയവും തീര്‍ന്നു.


കേരളത്തില്‍ മാത്രമായി എല്‍ഡിഎഫ് സര്‍ക്കാര്‍ അര്‍ധ അതിവേഗ തീവണ്ടിപ്പാത നിര്‍മിക്കുന്നു എന്ന മട്ടിലാണ് പ്രതിപക്ഷ ആക്ഷേപം. എന്താണ് വസ്തുത? മുംബൈ- അഹമ്മദാബാദ് ഉള്‍പ്പെടെ 15 റൂട്ടുകളില്‍ അതിവേഗപ്പാത നിര്‍മിക്കാന്‍ തീരുമാനിച്ച് നടപടികള്‍ നീക്കുകയാണ്. റെയില്‍വേ ബോര്‍ഡ് തനിച്ചല്ല ഇത് ചെയ്യുന്നത് - സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്നാണ്. തിരുവനന്തപുരം-കാസര്‍കോട് ഉള്‍പ്പെടെ മൂന്നു റൂട്ടുകളില്‍ അര്‍ധ അതിവേഗപ്പാതയും. ഈ വസ്തുത മറച്ചുവച്ച് ഇവിടെ എന്തോ അനാവശ്യം ചെയ്യുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്ന മട്ടിലാണ് പ്രതിപക്ഷ പ്രചരണം.


കേരളത്തിലേക്ക് ഹൈസ്പീഡ് റെയില്‍ ബംഗളൂരു-കോയമ്പത്തൂര്‍-കൊച്ചി റൂട്ടില്‍ സ്ഥാപിക്കുമെന്നു വാര്‍ത്തയുണ്ട്. ഇപ്പോള്‍ പ്രഖ്യാപിച്ച കൂട്ടത്തിലില്ല. അത് പിന്നീട് തിരുവനന്തപുരത്തേക്കു നീട്ടുമത്രെ. എന്നാല്‍ മണിക്കൂറില്‍ 300 കിമീ വേഗത്തിലുള്ള ആ തീവണ്ടി പ്രായോഗികമായി രണ്ടോ മൂന്നോ സ്റ്റോപ്പിലേ നിര്‍ത്താന്‍ കഴിയൂ. മാത്രമല്ല അത് മലബാര്‍ പ്രദേശത്തേക്ക് നീട്ടാന്‍ പദ്ധതിയില്ല. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ റെയില്‍വേ ബോര്‍ഡുമായി ചേര്‍ന്നു കെ റെയില്‍ രൂപീകരിച്ച് തിരു-കാസര്‍കോട് പാത പണിയുന്നത്. വളവുകള്‍ വളരെ കുറഞ്ഞ പുതിയ പാത.

കേരളത്തില്‍ അടിസ്ഥാനപരമായ വികസനത്തിനു എന്നും ആശയങ്ങള്‍ ആവിഷ്കരിച്ചതും അവ ബോധപൂര്‍വം നടപ്പാക്കിയതും 1957ലെ ഇഎംഎസ് സര്‍ക്കാര്‍ മുതല്‍ക്കുള്ള ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരുകളാണ്. കഴിഞ്ഞ 60 വര്‍ഷങ്ങള്‍ക്കകം അങ്ങനെ വളര്‍ന്നുവന്ന അഭ്യസ്തവിദ്യരില്‍ ഏറെപേരും തൊഴിലില്ലാത്തവരോ കേരളത്തിനുപുറത്ത് തൊഴിലെടുക്കുന്നവരോ ആണ്. പുതിയ തലമുറയെ ഇവിടെ തന്നെ തൊഴിലെടുപ്പിക്കുന്നതിനു നടപ്പാക്കപ്പെടുന്ന സമഗ്രപദ്ധതിയുടെ ഭാഗമാണ് തിരു-കാസര്‍കോട് അര്‍ധ അതിവേഗ തീവണ്ടിപ്പാത. നിര്‍ണായക പ്രാധാന്യമുള്ള അത് വരുന്നതിനെ തടയുക എന്നാല്‍ കേരളത്തിന്‍റെ സമഗ്രവികസനം തടയലാണ്; അതാണ് ഇവിടെ പ്രതിപക്ഷം ചെയ്യുന്നത്. ഇതിനെടുക്കുന്ന വായ്പ ആന്വിറ്റി അടിസ്ഥാനത്തില്‍ തിരിച്ചടയ്ക്കാനുള്ള പദ്ധതി തയ്യാറാക്കിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കെ റെയില്‍ നടപ്പാക്കാന്‍ ഒരുങ്ങുന്നത്. അതിനെ എതിര്‍ക്കുന്നവര്‍ കേരളത്തിന്‍റെ വികസനത്തെയാണ് യഥാര്‍ഥത്തില്‍ എതിര്‍ക്കുന്നത്.

ഇപ്പോള്‍ കേരളത്തില്‍ ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലേടങ്ങളിലായി നടക്കുന്നു. 45 മീറ്ററാണ് വീതി. അതിനു ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തെടുക്കുന്നു; വീടുകളും കടകളും മറ്റും പൊളിച്ചുമാറ്റുന്നു; ഒരേ നിരപ്പില്‍ പാത പണിയാന്‍ ഏറെ മണ്ണ് വേണ്ടിവരുന്നു; ഇതിന്‍റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ചില ചെറിയകുന്നുകള്‍ പൂര്‍ണമായി അപ്രത്യക്ഷമായതായി തദ്ദേശവാസികള്‍ പറയുന്നു. ഏത് നിര്‍മാണത്തിലും കുറച്ചൊക്കെ പരിസ്ഥിതി ആഘാതം ഉണ്ടാകുമെന്നു ചുരുക്കം.

വരാന്‍ പോകുന്ന കെ റെയിലിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ മൂക്കിനു കീഴില്‍ നടക്കുന്ന മേല്‍പറഞ്ഞ പാരിസ്ഥിതികവും സാമൂഹ്യവുമായ ആഘാതങ്ങളെക്കുറിച്ച് ഒരു വിമര്‍ശനവും ഉന്നയിക്കുന്നില്ല. പുതിയ ദേശീയപാത നിലവില്‍ വന്നാല്‍ അതിലൂടെ നിരവധി മോട്ടോര്‍ വാഹനങ്ങള്‍ ഓടും. അവ പെട്രോളും ഡീസലും കത്തിച്ചാലുണ്ടാകാവുന്ന ഹരിതഗൃഹവാതകങ്ങള്‍ പുറത്തുവീടും. അവ അന്തരീക്ഷ മലിനീകരണത്തിനു ഇടയാക്കും. എന്നാല്‍, അതേക്കുറിച്ച് യാതൊരു പരാതിയും വിമര്‍ശനവും കെ റെയിലിനെക്കുറിച്ച് വിമര്‍ശനം ഉന്നയിക്കുന്നവര്‍ക്കില്ല.

കേന്ദ്ര സര്‍ക്കാര്‍ പണിയുന്ന ഹൈസ്പീഡ് റെയിലുകളുടെ കൂട്ടത്തില്‍ ഒന്ന് ചെന്നൈ-ബംഗളൂരു-കോയമ്പത്തൂര്‍-കൊച്ചി ആണ് എന്നു വാര്‍ത്തയുണ്ട്. പിന്നീട് അത് തിരുവനന്തപുരത്തേക്കു നീട്ടുമെന്നും പറയപ്പെടുന്നു. ഇതിനു രണ്ടു പരിമിതികളുണ്ട്. ഹൈസ്പീഡ് തീവണ്ടി 100 കി.മീ എങ്കിലും ഇടവിട്ട കേന്ദ്രങ്ങളിലേ നിര്‍ത്താന്‍ പ്രായോഗികമായി കഴിയൂ. കേരളത്തിലാണെങ്കില്‍ ജില്ലാ കേന്ദ്രങ്ങള്‍/മറ്റു പ്രധാന പട്ടണങ്ങള്‍ എന്നിവ ഏതാണ്ട് 50 കിമീ അകലത്തിലാണ്. അതിനാല്‍ കേരളത്തില്‍ ഹൈസ്പീഡ് റെയിലിന്‍റെ പ്രയോജനം കുറയും. രണ്ടാമത്, അത് ഇപ്പോള്‍ കൊച്ചി വരെ മാത്രമേയുള്ളൂ. പിന്നീട് എപ്പോഴെങ്കിലുമാണ് തിരുവനന്തപുരത്തേക്കു നീട്ടുക. മലബാര്‍ പ്രദേശത്തേക്ക് ഈ പാത നീട്ടും എന്നോ, നീട്ടുമെങ്കില്‍ എന്നായിരിക്കുമെന്നോ ആരും പറയുന്നില്ല. അങ്ങനെയൊരു പാതയ്ക്ക് തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗപ്പാതയ്ക്കു ബദലാകാന്‍ എങ്ങനെ കഴിയും?

ഒരു രാജ്യത്തിന്‍റെ/സംസ്ഥാനത്തിന്‍റെ വികസനത്തില്‍ അവിടത്തെ പശ്ചാത്തല സൗകര്യവികസനം നിര്‍ണായക പങ്കാണ് വഹിക്കുക. കേരളത്തിന്‍റെ ഭാവി വളര്‍ച്ചയുടെ പരിപ്രേക്ഷ്യത്തില്‍ ജ്ഞാനസമൂഹനിര്‍മിതിക്ക് പ്രമുഖ സ്ഥാനമുണ്ട്. അങ്ങനെയൊന്ന്  ഈ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്തെ ഏറ്റവും പ്രധാന പദ്ധതിയായി വിഭാവനം ചെയ്യുന്നു. സ്വാഭാവികമായി ഇതിനു ആവശ്യം വേണ്ട പശ്ചാത്തല സൗകര്യവികസനം-പ്രത്യേകിച്ച് യാത്രാ സൗകര്യത്തിന്‍റെ - പ്രധാനമാണ്. അതുകൊണ്ടാണ് പത്തുവര്‍ഷമായി സര്‍ക്കാര്‍ ആസൂത്രണം ചെയ്യാന്‍ തുടങ്ങിയ (ആദ്യം അതിവേഗ റെയില്‍പാതയായി വിഭാവനം ചെയ്ത) രണ്ടാം വടക്കു-തെക്കു റെയില്‍വേ നിര്‍മാണം ഇക്കാലത്ത് നടപ്പാക്കുന്നതിനു സംസ്ഥാന സര്‍ക്കാരും ഇന്ത്യന്‍ റെയില്‍വേയും ചേര്‍ന്നുള്ള കെ-റെയില്‍ തീരുമാനിച്ചത്. വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്ന വികസനം ഈ തീരുമാനത്തെ ന്യായീകരിക്കും.

പല കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാക്കുന്ന പദ്ധതികള്‍ ഏറെയും കടലാസില്‍ അവസാനിക്കുകയാണ് പതിവ്. ഈ എല്‍ഡിഎഫ് സര്‍ക്കാര്‍ അതില്‍ നിര്‍ണായകമായ മാറ്റം വരുത്തിയിരിക്കുന്നു. നിരവധി നിര്‍മാണ പദ്ധതികള്‍ സമയബന്ധിതമായി - ചിലവ ബജറ്റിട്ടതിലും കുറഞ്ഞ ചെലവില്‍ പോലും - പൂര്‍ത്തിയാക്കി. അതിനാല്‍ പദ്ധതികള്‍ക്ക് സാധാരണ സംഭവിക്കാറുള്ള ബജറ്റിലിട്ടതിലും ഏറെ കൂടുതല്‍ ചെലവ് ഇവയ്ക്കുണ്ടായില്ല. കെ റെയില്‍പദ്ധതിയും സമയബന്ധിതമായി പൂര്‍ത്തിയാക്കിയാല്‍ അതിന്‍റെ നിര്‍മാണ ചെലവ് കുത്തനെ വര്‍ധിക്കുകയില്ല. സമയബന്ധിതമായി കെ റെയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്നതിനു സംസ്ഥാന സര്‍ക്കാര്‍ ധൃതി കൂട്ടുന്നതിന്‍റെ ഒരു കാരണം അതാണ്.

നിലവിലുള്ള മംഗലാപുരം-തിരുവനന്തപുരം പാതയില്‍ 626 വളവുകളുണ്ട്. അതിനാല്‍ അതിനൊപ്പം രണ്ടു പാത കൂടി പണിതാലും ഇപ്പോഴത്തെ പാളങ്ങളിലെ തിരക്കു കുറയ്ക്കുന്നതിനുമപ്പുറം വേഗം കാര്യമായി കൂട്ടാനാവില്ല. മാത്രമല്ല, ഇതിനു സില്‍വര്‍ ലൈനിനേക്കാള്‍ 43 കിമീ നീളം കൂടുതലാണ്. അതിനാല്‍ നിര്‍മാണ ചെലവ് കൂടുകയും ചെയ്യും. ഇവിടങ്ങളില്‍ പുതിയ പാതയ്ക്കായി സ്ഥലം എടുക്കുമ്പോള്‍ കൂടുതല്‍ വീടുകള്‍, ഓഫീസുകള്‍, കടകള്‍ മുതലായവ ഒഴിപ്പിക്കേണ്ടിവരും.

കൂടുതല്‍ വണ്ടികള്‍ ഓടിക്കാനോ ഉള്ളവയുടെ വേഗം കൂട്ടാനോ നിലവിലെ ഇരട്ടപ്പാതയില്‍ കഴിയുന്നില്ല. ഇത് ജനങ്ങളുടെ യാത്രാക്ലേശം വര്‍ധിപ്പിക്കുന്നു. ജ്ഞാന സമൂഹ നിര്‍മിതിയുടെ ഭാഗമായി പുതിയ ഒട്ടേറെ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു അടിസ്ഥാനപരമായി വേണ്ടത് കൂടുതല്‍ യാത്രാസൗകര്യമാണ്. അത് കണക്കിലെടുത്തുകൊണ്ടാണ് റെ റെയിലിന്‍റെ കാസര്‍കോട്-തിരുവനന്തപുരം പാത സമയബന്ധിതമായി നിര്‍മിക്കാന്‍ തീരുമാനിച്ചത്. നിര്‍മാണം വൈകുംതോറും ചെലവും വര്‍ധിക്കും. അത് ഒഴിവാക്കാനാണ് കെ റെയില്‍ നിര്‍മാണം സമയബന്ധിതമാകുന്നത്.

ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ കാലത്ത് നിരവധി പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കി. കോവിഡ് മഹാമാരി മൂലമുണ്ടായ സ്തംഭനാവസ്ഥ കെ ഫോണ്‍ മുതലായ പ്രഖ്യാപിച്ച പല പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു തടസ്സമായി. എങ്കിലും, പദ്ധതി പൂര്‍ത്തീകരണത്തില്‍, അതിന്‍റെ ഭാഗമായി ജനജീവിതം മെച്ചപ്പെട്ടതാക്കുന്നതില്‍ മുമ്പൊരു സര്‍ക്കാരിന്‍റെയും കാലത്ത് കൈവരിക്കാതിരുന്ന പുരോഗതിയാണ് 2016-21 കാലത്ത് ഉണ്ടായത്. എല്‍ഡിഎഫിനെ തുടര്‍ന്നു അധികാരത്തിലേറ്റുന്ന ജനവിധി ഉണ്ടാകാന്‍ ഒരു പ്രധാന കാരണം അതാണ്. സ്വാഭാവികമായി പ്രതിപക്ഷ പാര്‍ടികള്‍ കെ റെയില്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിനെ എതിര്‍ക്കുന്നു. അത് പൂര്‍ത്തിയാക്കുന്നത് വീണ്ടും ജനവിധി എല്‍ഡിഎഫിനു അനുകൂലമാകാന്‍ കാരണമാകുമോ എന്ന ആശങ്ക പ്രതിപക്ഷങ്ങള്‍ക്കുണ്ട്.

എന്നാല്‍, പ്രതിപക്ഷത്തിന്‍റെ കൂടെ പ്രത്യക്ഷമായി അണിനിരക്കാത്ത ചില വ്യക്തികളും സംഘടനകളും എന്തുകൊണ്ടാണ് ഈ പദ്ധതിയെ എതിര്‍ക്കുന്നത്? ഈ പദ്ധതി ഇപ്പോള്‍ ആവശ്യമില്ല എന്നതുപോലുള്ള യുക്തി സഹമല്ലാത്ത വാദങ്ങള്‍ അവര്‍ ഉന്നയിക്കുന്നത് എന്തുകൊണ്ടാണ്? അവര്‍ ഉന്നയിക്കുന്ന ഒരു വാദം ഈ പദ്ധതി സര്‍ക്കാരിന്‍റെ കടം ഭീമമായി വര്‍ധിപ്പിക്കും എന്നാണ്. വാര്‍ഷികമായി (ആ ന്വിറ്റി മാതൃകയില്‍) തിരിച്ചടവു നടത്തുന്ന രീതിയിലാണ് ഈ പദ്ധതിക്ക് സര്‍ക്കാര്‍ വായ്പ എടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. സര്‍ക്കാരിനു പ്രതിവര്‍ഷം ലഭിക്കുന്ന പെട്രോളിയം നികുതിയുടെ ഒരംശം വീതം തിരിച്ചടച്ചുകൊണ്ടാണ് കിഫ്ബി വിവിധ പദ്ധതികള്‍ക്കായി എടുത്ത കടം തവണകളായി തിരിച്ചടയ്ക്കുന്നത്. അത് കൃത്യമായി നടക്കുന്നുണ്ട്. അതേ മാതൃകയില്‍ ഈ കടവും തിരിച്ചടയ്ക്കും. അതിനാല്‍ ഒരു കടക്കെണിയും ഇത് ഉണ്ടാക്കില്ല.

ഇത് സര്‍ക്കാരിന്‍റെ കടക്കണക്കില്‍ വരില്ല. ഇതിനു കേന്ദ്ര സര്‍ക്കാര്‍ തന്നെ മാതൃക കാണിക്കുന്നുണ്ട്. ദേശീയപാതാ വികസനത്തിനായി അതിന്‍റെ ചുമതലയുള്ള അതോറിറ്റി എടുക്കുന്ന കടം പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ തവണകളായി അടച്ചുതീര്‍ക്കുകയാണ്. ലക്ഷക്കണക്കിനു കോടി രൂപയാണ് വിവിധ പശ്ചാത്തല വികസനപദ്ധതികള്‍ക്കായി എന്‍എച്ച്എഐ പോലുള്ള സ്ഥാപനങ്ങള്‍ വര്‍ഷംതോറും കടം എടുക്കുന്നത്. ആ തുകകളൊന്നും കേന്ദ്ര സര്‍ക്കാരിന്‍റെ കടത്തില്‍ വരുന്നില്ല. അതേ മാതൃക കേരളത്തിനു ബാധകമാണല്ലൊ. യുഡിഎഫ് സര്‍ക്കാര്‍ ചെയ്തിരുന്നതുപോലെ ശമ്പളം ആദിയായ നിത്യനിദാന ചെലവുകള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ കടമെടുക്കാറില്ല. കര്‍ശനമായ സാമ്പത്തിക അച്ചടക്കം പാലിക്കുന്നുമുണ്ട്.

അപ്പോള്‍ കെ റെയിലിനെ ചൊല്ലി പ്രതിപക്ഷങ്ങളും പ്രതിപക്ഷ അനുകൂല മാധ്യമങ്ങളും ചില വ്യക്തികളും ഉന്നയിക്കുന്ന വിമര്‍ശനങ്ങളില്‍ കഴമ്പുള്ള ഒരു വാദവും കാണുന്നില്ല. നമ്മുടെ രാജ്യം പിന്തുടരുന്നത് നവ ഉദാരവല്‍ക്കരണ നയമാണ്. അതിനുള്ളില്‍ നിന്നേ എല്‍ഡിഎഫ് സര്‍ക്കാരിനും പ്രവര്‍ത്തിക്കാന്‍ കഴിയൂ. അങ്ങനെ ചെയ്യുമ്പോള്‍ തന്നെ പാവപ്പെട്ടവരുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ട പദ്ധതികള്‍ക്കൊപ്പം ഭൂരിപക്ഷം വരുന്ന ഇടത്തരക്കാരുടെ ഭാവി സുരക്ഷിതത്വവും കൂടി ലാക്കാക്കിയാണ് ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് •