മൂന്നാം തരംഗത്തിലേക്ക് ഇന്ത്യ

കെ ആര്‍ മായ

കോവിഡ് - 19 മഹാമാരിയുടെ മൂന്നാം തരംഗം തീവ്രവ്യാപനത്തിലേക്ക് കടക്കുമെന്നത് ഉറപ്പായിക്കഴിഞ്ഞു. ഇതെഴുതുമ്പോള്‍ ഇന്ത്യയില്‍ 24 മണിക്കൂറിനുള്ളില്‍ 33,750 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അതില്‍ 1892 കേസുകള്‍ ഒമിക്രോണ്‍ വകഭേദമാണ്. 2020 ജനുവരി മുതല്‍ 2022 ജനുവരി 4 വരെ 3.5 കോടി ആളുകള്‍ക്ക് കോവിഡ് ബാധിച്ചതായും 4.82 ലക്ഷം പേര്‍ മരിച്ചതായുമാണ് ഔദ്യോഗിക കണക്ക്.


ബ്രിട്ടനിലെ കേംബ്രിഡ്ജ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് - 19 ട്രാക്കര്‍ പ്രവചിക്കുന്നത്, ദിവസങ്ങള്‍ക്കുള്ളില്‍ അതിതീവ്രമായി വ്യാപിക്കുകയും എന്നാല്‍ ഹ്രസ്വകാലം മാത്രം ജീവിക്കുകയും ചെയ്യുന്ന, കോവിഡ് -19ന്‍റെ വകഭേദമായ ഒമിക്രോണ്‍ കാട്ടുതീപോലെ ഇന്ത്യയെ ബാധിക്കുമെന്നാണ്. ആ പ്രവചനം ശരിയാണെന്നു തന്നെയാണ് ഇന്ത്യയിലെ മൂന്നാം തരംഗത്തിന്‍റെ തുടക്കത്തിലെ ആദ്യ ആഴ്ചകള്‍തന്നെ വെളിവാക്കുന്നത്. ഒമിക്രോണ്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ 23 സംസ്ഥാനങ്ങളിലാണ് വ്യാപനം ആരംഭിച്ചത്.

ആദ്യ രണ്ടു തരംഗങ്ങളിലേതുപോലെ ഡല്‍ഹിയിലും മഹാരാഷ്ട്രയിലും അതിവേഗം കോവിഡ് -19 വ്യാപിക്കുകയാണ്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ പോസിറ്റീവ് കേസുകളുള്ളത്. അതുകഴിഞ്ഞ് ഡല്‍ഹിയിലും. ഡല്‍ഹിയില്‍ ഒറ്റ ദിവസം മാത്രം 4,099 പുതിയ കേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു. ഇത് തൊട്ടുമുന്‍പത്തെ ദിവസത്തെക്കാള്‍ 28% കൂടുതലാണ്. ഒരു മാസത്തിനുള്ളില്‍ അഞ്ച് മടങ്ങാണ് വര്‍ദ്ധന. ഒമിക്രോണ്‍ വ്യാപനത്തിലും ഡല്‍ഹിയും മഹാരാഷ്ട്രയും തന്നെയാണ് മുന്നില്‍. ഡല്‍ഹിയില്‍ ടെസ്റ്റിങ്ങിനു വിധേയമാക്കിയ സാമ്പിളുകളില്‍ 54% ഒമിക്രോണ്‍ വകഭേദമാണ്. ആന്ധ്രപ്രദേശും കര്‍ണാടകവും പോസിറ്റീവ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളാണ്. കര്‍ണാടകത്തില്‍ കോവിഡ് വ്യാപനത്തിന്‍റെ പ്രഭവകേന്ദ്രമായത് ബാംഗ്ലൂരാണ്. പ്രതിദിന കേസുകള്‍ 2000 കടക്കുകയാണെങ്കില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് അവിടത്തെ ആരോഗ്യമന്ത്രി മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ഗുജറാത്തിലും സ്ഥിതി രൂക്ഷമാണ്. രാജസ്താനിലും ഹരിയാനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. പശ്ചിമബംഗാളും അതിവ്യാപനത്തിലേക്കാണ് നീങ്ങുന്നത്. ആശങ്ക പടര്‍ത്തി ആരോഗ്യ പ്രവര്‍ത്തകരെയും കോവിഡ് ബാധിച്ചിരിക്കുകയാണ്. 100ലേറെ ഡോക്ടര്‍മാരാണ് ബംഗാളില്‍ കോവിഡ് ബാധിതരായത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു. മിക്കവാറും സംസ്ഥാനങ്ങളിലെല്ലാം ഓഫ്ലൈന്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്കു മടങ്ങുകയാണ്. രാജ്യത്തെ പൊതുസ്ഥിതിയാണിത്. ഈ സ്ഥിതി ഉണ്ടാകുമെന്ന മുന്നറിയിപ്പ് നേരത്തെതന്നെ ലഭിച്ചിരുന്നതാണ്; ലോകരാജ്യങ്ങളുടെ അനുഭവവും നമുക്കു മുന്നിലുണ്ട്. എന്നിട്ടും കോവിഡിന്‍റെ രണ്ടു തരംഗങ്ങള്‍ നല്‍കിയ അനുഭവം മുന്നിലുണ്ടായിട്ടും, മോഡി ഗവണ്‍മെന്‍റ് മുന്‍പ് എന്തു നിലപാടാണോ സ്വീകരിച്ചത് അതേ നിലപാടില്‍ത്തന്നെയാണിപ്പോഴും, പാത്രം കൊട്ടലും വിളക്കുതെളിക്കലും പോലുള്ള പ്രഹസനങ്ങളൊഴിച്ചു നിര്‍ത്തിയാല്‍.

നിലവില്‍ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 1800 കടന്നു എന്നാണ് ഔദ്യോഗിക കണക്ക്. ഇതിന്‍റെ പത്തുമടങ്ങുവരെ അധികമായിരിക്കാം യഥാര്‍ഥ കണക്ക് എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇപ്പോള്‍ ഇന്ത്യയിലെ മൊത്തം കോവിഡ് കേസുകളുടെ 2 ശതമാനത്തില്‍ താഴെയാണ് ഒമിക്രോണ്‍ കേസുകള്‍. എന്നാല്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തുന്നതിന് ആവശ്യമായ ജിനോം സിക്വന്‍സിങ് പരിശോധനാ സംവിധാനമുള്ള ടെസ്റ്റിങ് സൗകര്യങ്ങളോ ലാബുകളോ മതിയായ എണ്ണം ഇല്ല എന്നതിനാല്‍ത്തന്നെ യഥാര്‍ഥ കണക്ക് തിട്ടപ്പെടുത്താന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത. രണ്ടു പ്രധാന ലാബുകളുള്ളതില്‍ ഒന്ന് ഡല്‍ഹിയിലും മറ്റൊന്ന് മുംബൈയിലുമാണ്. അവിടെ നടത്തപ്പെട്ട പരിശോധനാഫലങ്ങളില്‍ 60 ശതമാനവും ഒമിക്രോണ്‍ വകഭേദമാണ്. ഇതിനു തൊട്ടു മുന്‍പത്തെ ആ്ചയില്‍ ഇത് 37% ആയിരുന്നു. ഇതാണ് സ്ഥിതിയെങ്കില്‍ ഏറെ വൈകാതെ, അമേരിക്കയിലും ബ്രിട്ടനിലുമെന്നപോലെ 90% ഉം ഒമിക്രോണ്‍ വകഭേദമായിരിക്കും ഇന്ത്യയിലും  ഇനി റിപ്പോര്‍ട്ടു ചെയ്യപ്പെടുക.

ഡെല്‍റ്റ വകഭേദത്തേക്കാള്‍ 4-5 മടങ്ങ് വേഗത്തില്‍ പടരുന്നതാണ് ഒമിക്രോണ്‍ എന്നതിനാല്‍ മൂന്നാം തരംഗം ത്വരിതഗതിയിലായാല്‍ ഇന്ത്യയില്‍ നേരത്തെയുണ്ടായ പ്രതിദിനം 4 ലക്ഷം എന്ന തോതിലുള്ള ഡെല്‍റ്റ കേസുകളുമായി താരതമ്യം ചെയ്താല്‍ ഒമിക്രോണ്‍ കേസുകള്‍ പ്രതിദിനം 16 ലക്ഷം മുതല്‍ 20 ലക്ഷം വരെയാകാം. ഇത് ആശുപത്രികിടക്കകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍, മരുന്ന് എന്നീ ഇപ്പോള്‍ പരിമിതമായ, അവശ്യഘടകങ്ങള്‍ വേണ്ടത്ര ഇല്ലാതാകുന്നത്  നമ്മുടെ ആരോഗ്യസംവിധാനത്തെയാകെ അനിയന്ത്രിതമാംവിധം സമ്മര്‍ദ്ദത്തിലാക്കും.

ഡല്‍റ്റയെക്കാള്‍ രോഗതീവ്രത കുറവാണെങ്കിലും വ്യാപനത്തിന്‍റെ തോത് ദ്രുതഗതിയിലായതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണം കൂടും എന്നതിനാലാണിത്. 100 ഡല്‍റ്റ കേസുകളില്‍ 6 പേരാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നതെങ്കില്‍ 100 ഒമിക്രോണ്‍ കേസുകളില്‍ 3 പേര്‍ മാത്രമേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാന്‍ സാധ്യതയുള്ളൂ. ഒരേകദേശക്കണക്കു നോക്കിയാല്‍ രണ്ടാം തരംഗത്തില്‍ പ്രതിദിനം 4 ലക്ഷം കേസുകളുണ്ടായപ്പോള്‍ 24000 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടു. ഇതേ സ്ഥാനത്ത് 20 ലക്ഷം ഒമിക്രോണ്‍ കേസുകളുണ്ടായാല്‍ 60000 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടും. രണ്ടാം തരംഗത്തില്‍ ഇന്ത്യയുടെ ആരോഗ്യ പശ്ചാത്തല സംവിധാനത്തിന്‍റെ ഉപയോഗം അതിന്‍റെ പരമാവധി കടന്നിരുന്നു. അതുകൊണ്ടുതന്നെ ഈ മൂന്നാംതരംഗത്തില്‍ ഇന്ത്യ വലിയ ആരോഗ്യ പ്രതിസന്ധിയിലകപ്പെട്ടേക്കാം. മഹാമാരിയുടെ രണ്ടു തരംഗങ്ങളില്‍പ്പെട്ടപ്പോഴും ഇന്ത്യയുടെ ആരോഗ്യ സംവിധാനം താറുമാറാക്കുന്നതാണ് നാം കണ്ടത്. ചികിത്സയ്ക്കുവേണ്ട മതിയായ ഓക്സിജന്‍റെയും മരുന്നുകളുടെയും അഭാവം, തകര്‍ന്ന ആരോഗ്യ പശ്ചാത്തല സംവിധാനത്തെ കൂടുതല്‍ തുറന്നു കാട്ടി. അതാണ് കൂട്ടമരണത്തിലേക്കു നയിച്ചത്. ബഹുഭൂരിപക്ഷം പേരും ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ക്കു പുറത്തായതും അവര്‍ക്ക് ചികിത്സ നിഷേധിക്കുന്ന അവസ്ഥ സംജാതമാക്കി. രോഗികളുടെ ബന്ധുക്കള്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കരിഞ്ചന്തയില്‍നിന്നും വാങ്ങാന്‍ ക്യൂ നില്‍ക്കുന്നതിനും അതുപോലും കിട്ടാത്തവര്‍ സോഷ്യല്‍ മീഡിയയിലൂടെ നിലവിളിക്കുന്നതിനും രാജ്യം സാക്ഷ്യംവഹിച്ചു.

ഏറെ കൊട്ടിഘോഷിച്ച് നടത്തപ്പെട്ട വാക്സിനേഷന്‍ പരിപാടിയും എങ്ങുമെത്തിയിട്ടില്ല. മറ്റു  രാജ്യങ്ങള്‍ ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതില്‍ വ്യാപൃതമാകുമ്പോള്‍ ഇന്ത്യയില്‍ ഒരു ഡോസ് വാക്സിനേഷന്‍ പോലും പൂര്‍ത്തിയാക്കാനായിട്ടില്ല. 64.2% പേര്‍ മാത്രമാണ് ഇന്ത്യയില്‍ ഒരു ഡോസ് വാക്സിനെങ്കിലും സ്വീകരിച്ചവര്‍. 2021 മാര്‍ച്ച് 1 മുതലാണ് ഇവിടെ വാക്സിനേഷന്‍ ആരംഭിച്ചത്. അതും കോവിഡ് മുന്നണിപ്പോരാളികള്‍ക്കു മാത്രം. അപ്പോഴേക്കും വലിയൊരു ശതമാനം പേരെയും രണ്ടാം തരംഗം വിഴുങ്ങിക്കഴിഞ്ഞിരുന്നു. 2021 ഡിസംബറോടെ ഇന്ത്യയില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്ന് സെപ്തംബര്‍ 17ന് തന്‍റെ ജന്മദിനത്തില്‍ വാക്സിനേഷന്‍ മഹാമഹം നടത്തി വാചകമടിച്ച പ്രധാനമന്ത്രിക്ക് ഇപ്പോള്‍ അതേക്കുറിച്ച് മിണ്ടാട്ടമില്ല. എപ്പിഡെമിയോളജിസ്റ്റും ഹെല്‍ത്ത് സിസ്റ്റം സ്പെഷ്യലിസ്റ്റുമായ ഡോ. ചന്ദ്രകാന്ത് ലാഹരിയ പറയുന്നത് നിലവിലെ സാഹചര്യത്തില്‍ ഈ നിശ്ചിതഘട്ടത്തിനുള്ളില്‍ 100% വാക്സിനേഷന്‍ എന്നത് യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ല എന്നാണ്. സെപ്തംബറില്‍ രണ്ടു ഡോസുമുള്‍പ്പെടെ പ്രതിമാസ ശരാശരി പ്രതിദിനം 81 ലക്ഷം എന്ന കണക്കില്‍ ആയിരുന്നു. ആ നില തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ ലക്ഷ്യത്തോടടുത്തേനെ. എന്നാല്‍ തൊട്ടടുത്ത മാസം ഇത് 54 ലക്ഷമായി കുറയുകയാണുണ്ടായത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാകട്ടെ 100% വാക്സിനേഷന്‍ ലക്ഷ്യം എന്ന് ഒരിക്കല്‍പോലും പരാമര്‍ശിച്ചിട്ടേയില്ല. അതില്‍ നിന്നുതന്നെ വാക്സിനേഷനോടുള്ള മോഡി ഗവണ്‍മെന്‍റിന്‍റെ ആത്മാര്‍ത്ഥതയില്ലാത്ത സമീപനം വ്യക്തമാണ്.

ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാ ഏജന്‍സി വാക്സിനേഷന്‍ സംബന്ധിച്ച് രണ്ടുപഠനങ്ങള്‍ നടത്തുകയുണ്ടായി. ബൂസ്റ്റര്‍ ഡോസുകള്‍ ഒമിക്രോണിനെതിരായ വാക്സിന്‍ ഫലപ്രാപ്തി 88% വര്‍ദ്ധിപ്പിക്കുന്നതായും വാക്സിന്‍ എടുക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ മൂന്നു ഡോസ് വാക്സിന്‍ എടുത്തവര്‍ ആശുപത്രിയില്‍ പ്രവേശിക്കാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നതായും - 68% - പഠനത്തില്‍ പറയുന്നു. ഒമിക്രോണ്‍ ക്രമേണ ഡല്‍റ്റ വകഭേദത്തിന്‍റെ അസ്തിത്വം ഇല്ലാതാക്കുമെന്നും പഠനം പറയുന്നു. വാക്സിനേഷനിലൂടെയും ഡല്‍റ്റ വകഭേദത്തിലൂടെയും പ്രതിരോധശേഷി കൈവരിച്ചവര്‍ക്ക് എത്രത്തോളം ഒമിക്രോണ്‍ വകഭേദത്തെ പ്രതിരോധിക്കാന്‍ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും മൂന്നാം തരംഗത്തിലെ പോസിറ്റീവു കേസുകളുടെ എണ്ണത്തിലെ വര്‍ദ്ധന. എന്തായാലും ഇന്ത്യയില്‍ ആളുകളില്‍ വൈറസ് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതു സംബന്ധിച്ച് ഇനിയും വ്യക്തത കൈവന്നിട്ടില്ലാത്തതിനാല്‍ നിലവിലെ ആരോഗ്യ സംവിധാനങ്ങള്‍ വെച്ച് പ്രതിരോധവും പ്രയാസകരമാവും എന്നതില്‍ സംശയമില്ല. ഒമിക്രോണ്‍ വകഭേദം ആദ്യം പടര്‍ന്നതായി കരുതപ്പെടുന്ന ദക്ഷിണാഫ്രിക്കയിലെ ഗൗട്ടെങ്ങ് പ്രവിശ്യയില്‍ ദ്രുതവ്യാപനം നടന്നെങ്കിലും രോഗബാധിതര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന സാഹചര്യം കുറവാണ് എന്ന അനുഭവത്തിന്‍റെ അടിസ്ഥാനത്തില്‍ ഇവിടെയും അതുതന്നെ ആവര്‍ത്തിക്കും എന്നു കരുതാനുമാവില്ല. ഡല്‍റ്റാ വകഭേദം പോലെ ഒമിക്രോണ്‍ വ്യാപനം ദീര്‍ഘനാള്‍ നീണ്ടുനില്‍ക്കുകയില്ല എന്ന, മറ്റു രാജ്യങ്ങളില്‍നിന്നുമുള്ള അനുഭവത്തിന്‍റെ കൂടി വെളിച്ചത്തില്‍ ഒമിക്രോണ്‍ തരംഗം വേഗം അവസാനിക്കുമെന്നുള്ള പ്രതീക്ഷ മാത്രമേ നമുക്കു വെച്ചു പുലര്‍ത്താനാകൂ ♦

സ്ത്രീ സമൂഹത്തെ 
കയ്യൊഴിഞ്ഞ്
മോഡി ഗവണ്‍മെന്‍റ്

കോവിഡ് മഹാമാരി, പുരുഷാധിപത്യം പ്രബലമായ ഇന്ത്യയിലെ ലിംഗവിവേചനത്തെ ഒന്നുകൂടി വെളിവാക്കി. കോവിഡ് മഹാമാരിയുടെ ആഘാതം കൂടുതലായും നേരിടേണ്ടിവന്നത് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ്. ഗൃഹനാഥന്മാര്‍ ഏക വരുമാന സ്രോതസ്സായിട്ടുള്ള കുടുംബങ്ങളില്‍ അത്തരക്കാരുടെ മരണംമൂലം കുടുംബഭാരം സ്ത്രീകള്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെട്ടു. അച്ഛനും അമ്മയും നഷ്ടപ്പെട്ട കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് പഠനമുപേക്ഷിച്ച് തൊഴിലിനു പോകേണ്ടതായി വന്നു. ഒരു കുടിയേറ്റത്തൊഴിലാളിയായ, സുഖമില്ലാത്ത അച്ഛനെ മകള്‍ സൈക്കിളിലിരുത്തി 1300 കി. മീ. താണ്ടി സ്വന്തം വീട്ടിലെത്തിച്ചത് ലോക്ഡൗണിന്‍റെ കാലത്താണ്. പഠനം ഓണ്‍ലൈന്‍ ആയപ്പോള്‍ ഐ ഫോണ്‍ ഉപയോഗിക്കാന്‍ സാമ്പത്തിക ശേഷിയോ സ്വാതന്ത്ര്യമോ ഇല്ലാത്ത പെണ്‍കുട്ടികള്‍ക്കും വിദ്യാഭ്യാസം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതെയായി. ഇന്ത്യയുടെ ആദ്യത്തെ പാന്‍ഡമിക്ക് ജന്‍ഡര്‍ ബജറ്റിലെ (2021-22) വിഹിതം മുന്‍ ജന്‍ഡര്‍ ബജറ്റിനേക്കാള്‍ 26 ശതമാനം കുറച്ചുകൊണ്ടാണ് മോഡി ഗവണ്‍മെന്‍റ് ഇന്ത്യയിലെ ജനസംഖ്യയിലെ പകുതിയോളം വരുന്ന സ്ത്രീ സമൂഹത്തെ വെല്ലുവിളിച്ചത്. ഇത് മൊത്തം ചെലവിന്‍റെ 4.4 ശതമാനവും ജിഡിപിയുടെ 0.7 ശതമാനവും മാത്രമാണ്. ഏറെയും ദരിദ്രരായ സ്ത്രീകള്‍ക്ക് ഏക  ആശ്രയമായ തൊഴിലുറപ്പു പദ്ധതിക്കുള്ള വകയിരുത്തലില്‍ വെട്ടിക്കുറവു വരുത്തുക മാത്രമല്ല, ചെയ്ത ജോലിക്കുള്ള വേതനത്തില്‍ കുടിശ്ശിക വരുത്തുകയും ചെയ്തു. ലോക്ഡൗണ്‍മൂലമുണ്ടായ പിരിച്ചുവിടല്‍, വേതനം വെട്ടിക്കുറയ്ക്കല്‍, തൊഴില്‍ നഷ്ടം എന്നിവയ്ക്കെല്ലാം കൂടുതലായും വിധേയമാക്കപ്പെട്ടത് സ്ത്രീകളാണ്. ഇതുകൂടാതെയാണ്, സാമൂഹ്യവും സാമ്പത്തികവുമായ ഒരു വീണ്ടെടുപ്പിനു സാധ്യമാകാത്തവിധം മോഡി ഗവണ്‍മെന്‍റ് ജന്‍ഡര്‍ ബജറ്റിലെ വെട്ടിക്കുറവിലൂടെ ഇന്ത്യയിലെ സ്ത്രീ സമൂഹത്തെയാകെ കൈവെടിഞ്ഞത് •