പാശ്ചാത്യ രാജ്യങ്ങളില്‍ ഒമിക്രോണ്‍ വ്യാപിക്കുമ്പോള്‍

ജി വിജയകുമാര്‍

മേരിക്കയും യൂറോപ്പും വീണ്ടും കോവിഡ് മഹാമാരിയുടെ പിടിയില്‍പെട്ട് നട്ടം തിരിയുന്നതായാണ് പാശ്ചാത്യമാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം അമേരിക്കയില്‍ ഇതിനകം 5.61 കോടി ആളുകള്‍ രോഗബാധിതരാവുകയും 8.26 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തിരിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി പ്രതിദിനം കോവിഡ് ബാധിക്കുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരികയാണ്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടുപ്രകാരം അമേരിക്കയില്‍ 2022 ജനുവരി ഒന്നിന് അവസാനിച്ച ആഴ്ചയില്‍ 5,80,000 പേര്‍ക്ക് കോവിഡ് ബാധിച്ചിരുന്നു. ഇതില്‍ 73 ശതമാനവും കൊറോണ വൈറസിന്‍റെ ഒമിക്രോണ്‍ വകഭേദം മൂലമുള്ളതാണെന്നും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു പ്രകാരം ഡിസംബര്‍ 29ന് അമേരിക്കയില്‍ 4.88 ലക്ഷം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്.

കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 2021 നവംബര്‍ അവസാന ആഴ്ചയില്‍ ദക്ഷിണാഫ്രിക്കയിലും ബോട്സ്വാനയിലുമാണ്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് അതിനുമുന്‍പു തന്നെ യൂറോപ്പില്‍ നെതര്‍ലാന്‍ഡ്സില്‍ ഇതേ വകഭേദം കണ്ടിട്ടുണ്ട്. അമേരിക്കയിലും നവംബറില്‍തന്നെ ഇതേ ജനിതകഘടനയുള്ള കൊറോണ വൈറസ് കണ്ടെത്തിയതായി വാര്‍ത്തയുണ്ട്. എന്തായാലും ഡിസംബര്‍ ഒന്നിനാണ് അമേരിക്കയില്‍ കൊറോണയുടെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടു പ്രകാരം ഡിസംബര്‍ 12ന് അമേരിക്കയിലെ കോവിഡ് ബാധിതരില്‍ 87 ശതമാനത്തെയും ബാധിച്ചത് ഡെല്‍റ്റ വേരിയന്‍റും 12.6 ശതമാനത്തെ ബാധിച്ചത് ഒമിക്രോണ്‍ വേരിയന്‍റുമാണ്. ഡിസംബര്‍ 18 ആയപ്പോള്‍ അമേരിക്കയിലെ മൊത്തം കോവിഡ് രോഗികളില്‍ 26.6 ശതമാനം പേരില്‍ കണ്ടത് ഒമിക്രോണ്‍ വകഭേദമാണെന്ന് സ്ഥിരീകരിച്ചു. ഡിസംബര്‍ 30 ആയപ്പോള്‍ മൊത്തം കോവിഡ് രോഗികളില്‍ 73 ശതമാനവും ഒമിക്രോണ്‍ വകഭേദം മൂലമായി. വീണ്ടും കോവിഡ് തരംഗം ഉയര്‍ന്നുവരുന്നത് വൈറസിന്‍റെ ഈ  പുതിയ വകഭേദത്തിന്‍റെ അതിവേഗ വ്യാപനശേഷി മൂലമാണെന്നതാണ് ഇത് കാണിക്കുന്നത്.

യൂറോപ്പില്‍ ഡിസംബര്‍ 30ന് ലോകാരോഗ്യസംഘടനയുടെ കണക്കനുസരിച്ച് ഫ്രാന്‍സില്‍ 2,06,243 പോസിറ്റീവ് കേസും ബ്രിട്ടനില്‍ 1,89,213 പോസിറ്റീവ് കേസും സ്പെയിനില്‍ 1,61,688 പോസിറ്റീവ് കേസും ഇറ്റലിയില്‍ 1,26,688 പോസിറ്റീവ് കേസുമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. പ്രതിദിന കേസെന്ന നിലയില്‍ ഒന്നും രണ്ടും തരംഗത്തിലുണ്ടായതിനെക്കാള്‍ ഉയര്‍ന്ന തോതിലുള്ള പ്രതിദിന വര്‍ധനവാണുണ്ടായിരിക്കുന്നത്. ജനുവരി 4 വരെ രേഖപ്പെടുത്തപ്പെട്ട കണക്കുപ്രകാരം ഫ്രാന്‍സില്‍ മൊത്തം കോവിഡ് ബാധിച്ചവരുടെ എണ്ണം ഒരു കോടി മൂന്ന് ലക്ഷത്തിലധികമായിരിക്കുന്നു. മരണസംഖ്യയാകട്ടെ 1.24 ലക്ഷം കടന്നിരിക്കുന്നു. ജര്‍മനിയില്‍ മൊത്തം 72.38 ലക്ഷം പേരെ രോഗം ബാധിക്കുകയും 1.13 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ബ്രിട്ടനില്‍ 1.34 കോടി ആളുകളെ രോഗം ബാധിക്കുകയും 1.49 ലക്ഷം ആളുകള്‍ മരണപ്പെടുകയുമുണ്ടായി. റഷ്യയില്‍ 1.04 കോടി ആളുകളെ രോഗം ബാധിക്കുകയും 3.05 ലക്ഷം ആളുകള്‍ മരണപ്പെടുകയും ചെയ്തു. ബ്രിട്ടനില്‍ ജനുവരി 4ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പുതിയ കോവിഡ് കേസുകള്‍ 2,18,724 ആണ്. കഴിഞ്ഞ ഒരാഴ്ചത്തെ കണക്ക് 12,69,878 ആളുകള്‍ക്ക് പോസിറ്റീവായെന്നാണ്. ഇതില്‍ വലിയ സംഖ്യയും ഒമിക്രോണ്‍ വകഭേദത്തിന്‍റെ സംഭാവനയാണ്. അതാണ് ബ്രിട്ടനെ ഒമിക്രോണിന്‍റെ യൂറോപ്പിലെ എപ്പിക്സെന്‍ററായി വിശേഷിപ്പിക്കുന്നത്.

അമേരിക്കയിലെയും യൂറോപ്യന്‍ രാജ്യങ്ങളിലെയും വാക്സിനേഷന്‍ സംബന്ധിച്ച വസ്തുതകളും ഈ പുതിയ കോവിഡ് തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പരിശോധിക്കേണ്ടതുണ്ട്. അമേരിക്കയില്‍ 62 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. പുറമെ ഇപ്പോള്‍ ബൂസ്റ്റര്‍ ഡോസും നല്‍കി വരുന്നു. ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചവര്‍ 80 ശതമാനത്തിലധികമാണ്. ബ്രിട്ടനില്‍ രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചത് ജനസംഖ്യയില്‍ 71 ശതമാനത്തിനാണ്. ഫ്രാന്‍സില്‍ 74 ശതമാനം പേര്‍ക്കും ജര്‍മനിയില്‍ 71 ശതമാനം പേര്‍ക്കും സ്പെയിനില്‍ 81 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ ലഭിച്ചിട്ടുണ്ട്. ഒരു ഡോസെങ്കിലും ലഭിച്ചവര്‍ ഈ രാജ്യങ്ങളിലെല്ലാം 85 ശതമാനത്തോളമുണ്ട്. എന്നിട്ടും എന്തുകൊണ്ട് വീണ്ടും കോവിഡ് വ്യാപനം സുനാമിപോലെ ഈ രാജ്യങ്ങളെയെല്ലാം ബാധിക്കുന്നുവെന്ന ചോദ്യം പ്രസക്തമായുണ്ട്.

ഫ്രാന്‍സിലെ പ്രസിദ്ധമായ പാരീസ് പബ്ലിക് ഹോസ്പിറ്റലിലെ വൈറോളജിസ്റ്റായ പ്രൊഫസര്‍ റെമി സലോമന്‍ പറയുന്നത്, "വൈറസിനെ നിയന്ത്രിക്കാന്‍ വാക്സിനേഷന്‍ അനിവാര്യമാണെന്നതില്‍ സംശയത്തിനവകാശമില്ല; പക്ഷേ അതുമാത്രം പോര എന്നതാണ് സത്യം. വാക്സിനേഷന്‍ ലഭിച്ചവര്‍ ഉള്‍പ്പെടെ എല്ലാവരും മറ്റുള്ളവരുമായുള്ള അകലം പാലിക്കല്‍ തുടരണമെന്നതാണ് നാം വ്യക്തമായും മനസ്സിലാക്കേണ്ടത്" അടച്ചിട്ടമുറികളില്‍ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കുകയും വായുസഞ്ചാരം കൂടുതല്‍ ഉറപ്പാക്കുകയും വേണമെന്നും മാസ്ക് ഒഴിവാക്കരുതെന്നും അപകടസാധ്യതയുള്ള സ്ഥലങ്ങളില്‍പെടുന്നവര്‍ നിര്‍ബന്ധമായും ഉടന്‍ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം തുടര്‍ന്നു പറയുന്നുണ്ട്. അതായത് വാക്സിനെടുത്തു കഴിഞ്ഞാല്‍ എല്ലാമായി എന്ന കരുതേണ്ട എന്ന ശക്തമായ താക്കീതാണ് യൂറോപ്പും അമേരിക്കയും നല്‍കുന്നത്.

മാത്രമല്ല, വാക്സിനുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കപ്പെടേണ്ട മറ്റൊരു പ്രധാന സംഗതി ലോകാരോഗ്യസംഘടന തുടക്കംമുതല്‍ തന്നെ ചൂണ്ടിക്കാണിക്കുന്നതാണ്. അതായത്, ഒരാള്‍ അഥവാ ഒരു പ്രദേശത്തെ ആളുകള്‍ വാക്സിന്‍ എടുത്തു കഴിഞ്ഞതുകൊണ്ടു മാത്രം അയാളോ ആ പ്രദേശത്തുള്ളവരോ രക്ഷപ്പെടുന്നില്ല എന്നും നമുക്ക് ചുറ്റുപാടുമുള്ളവരെല്ലാം, അതായത് ലോകത്താകെ എല്ലാവര്‍ക്കും വാക്സിന്‍ ലഭിച്ചാലേ പൂര്‍ണമായും വാക്സിനേഷന്‍ നടത്തപ്പെട്ട രാജ്യങ്ങളിലുള്ളവര്‍ക്കുപോലും രക്ഷപ്പെടാന്‍ കഴിയൂവെന്നുമുള്ള ലോകാരോഗ്യസംഘടനയുടെ താക്കീത് പ്രസക്തമാകുന്നുവെന്നര്‍ഥം.

അവിടെയാണ് വാക്സിന്‍ ലഭ്യതയിലെ അസമത്വത്തിന്‍റെ പ്രശ്നം പരിശോധിക്കപ്പെടേണ്ടത്. യുഎഇയില്‍ 91 ശതമാനം ആളുകള്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 7.72 ലക്ഷം ആളുകള്‍ക്ക് മൊത്തം കോവിഡ് രോഗബാധയുണ്ടാവുകയും 2170 പേര്‍ മരണപ്പെടുകയും ചെയ്ത യുഎഇയില്‍ ഇപ്പോള്‍ ജനുവരി 4ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് 2581 പുതിയ പോസിറ്റീവ് കേസുകളാണ്. കേരളത്തിലേക്ക് ഇപ്പോള്‍ വരുന്ന ഒമിക്രോണ്‍ വകഭേദത്തില്‍പെട്ട കോവിഡ് രോഗികളില്‍ ഏറെയും യുഎഇയില്‍ നിന്നും ബ്രിട്ടനില്‍ നിന്നുമാണെന്നതുംകൂടി കണക്കിലെടുക്കുമ്പോള്‍ യുഎഇയിലെ വാക്സിന്‍ ലഭ്യത എത്രത്തോളമുണ്ടെങ്കിലും അവിടേക്ക് നിരന്തരം ഒട്ടേറെ ആളുകള്‍ വന്നുപോകുന്ന ആഫ്രിക്കന്‍ രാജ്യങ്ങളിലെ വാക്സിന്‍ ലഭ്യതകൂടി പരിശോധിക്കപ്പെടേണ്ടതാണ്.

ഉഗാണ്ടയില്‍ 3.2 ശതമാനം പേര്‍ക്കും ഗിനി ബിസ്സാവുവില്‍ 1.2 ശതമാനം ആളുകള്‍ക്കും കെനിയയില്‍ 8 ശതമാനത്തിനും എത്യോപ്യയില്‍ 1.2 ശതമാനത്തിനും സുഡാനില്‍ 2.9 ശതമാനത്തിനും ടാന്‍സാനിയയില്‍ 2.2 ശതമാനത്തിനും മാത്രമാണ് വാക്സിന്‍ ലഭിച്ചിട്ടുള്ളത്. അപ്പോള്‍ ലോകാരോഗ്യ സംഘടന മുന്‍കൂട്ടി പറഞ്ഞതുപോലെ യുഎഇയിലെ 91 ശതമാനത്തിനും യൂറോപ്യന്‍ രാജ്യങ്ങളില്‍ 70 ശതമാനത്തിനും അമേരിക്കയില്‍ 62 ശതമാനത്തിനും പൂര്‍ണമായും വാക്സിനേഷന്‍ ലഭിച്ചതുകൊണ്ട് എന്തുപ്രയോജനം എന്ന വലിയ ചോദ്യം ഉയരുന്നു. അതിന്‍റെ ഉത്തരം വാക്സിന്‍ ലഭ്യതയിലല്ല കാണേണ്ടത് മറിച്ച് ലോകത്തുതന്നെ വലിയൊരു വിഭാഗത്തിന് വാക്സിന്‍ ലഭിച്ചിട്ടില്ല എന്നതിലാണ് തേടേണ്ടത്.

ലോകമാകെയുള്ള വാക്സിന്‍ ലഭ്യത 49.8 ശതമാനത്തിനു മാത്രമാണ്- 388 കോടി ആളുകള്‍ക്ക്. ലോകത്ത് ഏറ്റവുമധികം വാക്സിന്‍ (കോവിഡിനു മാത്രമല്ല, പല രോഗങ്ങള്‍ക്കുമുള്ളവ) ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇന്ത്യയിലാകട്ടെ ആഗോള ശരാശരിയിലും താഴെയാണ് വാക്സിനേഷന്‍ നടന്നിട്ടുള്ളത്- 44.3 ശതമാനം പേര്‍ക്കു മാത്രം! യൂറോപ്പില്‍ പോലും പല ദരിദ്രരാജ്യങ്ങളിലും 50 ശതമാനത്തിലും കുറവാണ് വാക്സിനേഷന്‍. ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും നിരവധി ദരിദ്രരാജ്യങ്ങളുടെ അവസ്ഥയും ഇതാണ്. അപ്പോള്‍ എല്ലാ രാജ്യങ്ങളിലെയും എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യത ഉറപ്പാക്കിയാല്‍ മാത്രമേ കോവിഡ് മഹാമാരിയില്‍ നിന്നും ലോകത്തിനു രക്ഷപ്പെടാന്‍ കഴിയൂ.

അങ്ങനെയാകുമ്പോള്‍ പല വികസിത രാജ്യങ്ങളിലും വ്യക്തിസ്വാതന്ത്ര്യത്തിന്‍റെ പേരില്‍ വാക്സിനെടുക്കാതെ (വാക്സിന്‍ ലഭ്യമായിട്ടും) നില്‍ക്കുന്നവര്‍, വിശ്വാസത്തിന്‍റെ പേരില്‍ വാക്സിന്‍ എടുക്കാത്തവര്‍ എന്നിവരെല്ലാം യഥാര്‍ഥത്തില്‍ രോഗം വരാതിരിക്കണമെന്ന മറ്റുള്ളവരുടെ വ്യക്തിസ്വാതന്ത്ര്യത്തിനു നേരെ വെല്ലുവിളി ഉയര്‍ത്തുന്നവരാണെന്നതും കാണണം. മറ്റൊരാളിന്‍റെ സ്വാതന്ത്ര്യത്തിനെന്നു മാത്രമല്ല, നിലനില്‍പ്പിനുപോലും ഹാനികരമാവുന്ന വ്യക്തി സ്വാതന്ത്ര്യവാദത്തെയും നിരാകരിക്കേണ്ടതാണ്, ലോകത്തിന്‍റെ രക്ഷയ്ക്ക്!

മറ്റൊരു കാര്യം നിലവിലുള്ള വാക്സിനുകള്‍ ഒന്നാം തരംഗത്തിലെ വൈറസിനെ നേരിടാന്‍ ലക്ഷ്യമാക്കി തയ്യാറാക്കിയതാണ്. അത് ഡെല്‍റ്റാ വൈറസിനെതിരെയും 70 ശതമാനത്തിലേറെ ഫലപ്രദമായിരുന്നു. എന്നാല്‍ അതേ വാക്സിന്‍ ഒമിക്രോണ്‍ വകഭേദത്തിനെതിരെയും ഫലപ്രദമാണോ എന്നതും ഇനിയും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല, എങ്കിലും വാക്സിന്‍ ലഭിച്ചവര്‍ക്ക് ഒമിക്രോണിലും അപകടസാധ്യത കുറയുമെന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. വാക്സിന്‍ അസമത്വം പരിഹരിക്കപ്പെടാതെ തുടര്‍ന്നാലുണ്ടാകുന്ന മറ്റൊരു വിപത്ത് ഇനിയും പുതിയ വൈറസ് വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയാണ്.

നാം പരിഗണിക്കേണ്ട മറ്റൊരു പ്രധാന കാര്യം ലോകത്ത് ആദ്യം കൊറോണ വൈറസ് ഔദ്യോഗികമായി സ്ഥിരീകരിച്ച ചൈനയില്‍ ഇപ്പോള്‍ രോഗത്തിന്‍റെ സ്ഥിതിയും അവര്‍ ഇത് കൈകാര്യം ചെയ്ത വേറിട്ട രീതിയുമാണ്. 144 കോടി ജനസംഖ്യയുള്ള ചൈനയില്‍ 1.03 ലക്ഷം പേരെയാണ് ജനുവരി 4 വരെ കോവിഡ് ബാധിച്ചത്; 4636 ആളുകള്‍ ഈ രോഗം ബാധിച്ച് മരണപ്പെടുകയും ചെയ്തു. 119 കോടി ആളുകള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 135 കോടി ആളുകള്‍ക്ക് ഒരു ഡോസ്  വാക്സിനും നല്‍കി. അതായത് മൊത്തം ജനസംഖ്യയില്‍ (18 കഴിഞ്ഞവരുടെ മാത്രം കണക്കല്ല ഇത്. അമേരിക്കയുടെയും യൂറോപ്പിന്‍റെയും ഇന്ത്യയുടെമെല്ലാം കണക്കില്‍ മൊത്തം ജനസംഖ്യയുടെ സ്ഥിതിയല്ല പറയുന്നത്, മറിച്ച് വാക്സിന്‍ നല്‍കാന്‍  തീരുമാനിച്ച പ്രായപരിധിയിലുള്ളവരില്‍ എത്ര ശതമാനം എന്നാണ്) 83 ശതമാനം പേര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. 5 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും വാക്സിന്‍ നല്‍കുകയാണ് ചൈനയില്‍. തദ്ദേശീയമായി വികസിപ്പിച്ച രണ്ടു വാക്സിനുകളാണ് ചൈന അതിനായി ഉപയോഗിച്ചത്. വാക്സിനുകള്‍ക്ക് ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചയുടന്‍ തന്നെ ആഫ്രിക്കയിലെയും ഏഷ്യയിലെയും ലാറ്റിനമേരിക്കയിലെയും രാജ്യങ്ങള്‍ക്കു ചൈന വാക്സിന്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുകയാണ്. വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ചൈനീസ് വാക്സിന്‍ നല്‍കുന്നുണ്ട്. ദരിദ്രരാജ്യങ്ങള്‍ക്ക് ചൈന സൗജന്യമായും കുറഞ്ഞ വിലയ്ക്കും വാക്സിന്‍ എത്തിച്ചുകൊടുക്കുന്നുമുണ്ട്.

ഇപ്പോള്‍ ചൈനയില്‍ പുതിയ കൊറോണ കേസുകള്‍ ഉണ്ടാകുന്നുണ്ടോ? അതിനെ അവര്‍ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും നോക്കേണ്ടതുണ്ട്. ഇപ്പോഴും വൈറസ് ബാധ ഉണ്ടാകുന്നുണ്ട്. ഡിസംബര്‍ 12ന് സിന്‍ജിയാങ് പ്രവിശ്യയില്‍ 138 പേര്‍ക്ക് ഡെല്‍റ്റ വകഭേദം മൂലമുള്ള വൈറസ് ബാധയാണ് ഏറ്റവും ഒടുവില്‍ വലിയ എണ്ണം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത്. ഒമിക്രോണ്‍ വകഭേദം ചൈനയില്‍ ഇതേവരെ കണ്ടെത്തിയിട്ടില്ല എന്താണ് സൗത്ത് ചൈന മോണിങ് പോസ്റ്റ് പത്രം ഡിസംബര്‍ 30ന് റിപ്പോര്‍ട്ടു ചെയ്യുന്നത്. 2020 ഏപ്രില്‍ മാസത്തിനു ശേഷം, അതായത് ഒന്നാം തരംഗത്തിനുശേഷം 2021 ഡിസംബര്‍ 15 വരെ കഷ്ടിച്ച് 10,000 പേര്‍ക്കാണ് കോവിഡ് 19 രോഗം വന്നിട്ടുള്ളത്; മരണപ്പെട്ടത് മൂന്നുപേരും. "15 ദിവസം കൊണ്ട് രോഗനിയന്ത്രണം" എന്ന പേരില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്, "ഒന്നാം തരംഗത്തിനു ശേഷം, 2020 ഏപ്രിലിനു ശേഷം, ചൈനയിലെ നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ ഗതിയിലായിരിക്കുന്നു. റസ്റ്റോറന്‍റുകളും ബാറുകളും തിയേറ്ററുകളുമെല്ലാം സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്" എന്നാണ്.

രണ്ടു കോടി ജനസംഖ്യയുള്ള ചോങ്കിങ്,ചൈനയിലെ പ്രധാനപ്പെട്ട നഗരങ്ങളിലൊന്നാണ്. ആദ്യ തരംഗത്തിന് ശേഷം 2021 നവംബറില്‍ ഒരു ചെറുപ്പക്കാരന്‍ കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇത് കണ്ടെത്തിയ ഉടന്‍ തന്നെ അയാള്‍ ജോലി ചെയ്തിരുന്ന കമ്പനിയുടെ ഹെഡ് ക്വാര്‍ട്ടേഴ്സ് അടച്ചുപൂട്ടി. അയാള്‍ രോഗ സ്ഥിരീകരണത്തിനു തൊട്ടുമുന്‍പ് ബന്ധപ്പെട്ടവരെയെല്ലാം (പ്രൈമറി, സെക്കന്‍ഡറി കോണ്ടാക്ടുകളെയെല്ലാം) ക്വാറന്‍റൈനിലാക്കി. രോഗം ബാധിച്ചവരായി കണ്ട ആളുകളുള്ള പ്രദേശങ്ങളാകെ അടച്ചു. അവിടേയ്ക്ക് ആളുകളെ കടത്തിവിടുന്നതും അവിടെ നിന്ന് ആളുകളെ പുറത്തേക്ക് വിടുന്നതും കര്‍ശനമായി വിലക്കി. അടച്ചിടപ്പെട്ട പ്രദേശത്തുള്ളവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളും ആരോഗ്യപ്രവര്‍ത്തകര്‍ യഥാസമയം എത്തിച്ചുകൊടുക്കുന്നു. അടച്ചിടപ്പെട്ട പ്രദേശത്തുള്ളവരെയാകെ ടെസ്റ്റിങ് നടത്തുന്നു. രോഗം സ്ഥിരീകരിച്ചവരെ ഉടന്‍ തന്നെ പ്രത്യേകം മാറ്റി പാര്‍പ്പിക്കുന്നു. രണ്ടാഴ്ചത്തെ ക്വാറന്‍റൈനു ശേഷം പരിശോധനയില്‍ പുതിയ കേസുകള്‍ ഇല്ലെന്നു വ്യക്തമാകുന്നതോടെ ആ പ്രദേശത്തിനുമേല്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ അയവു വരുത്തുന്നു; പുതിയ കേസുകള്‍ ഇല്ലെന്ന് ഉറപ്പുവരുന്നതുവരെ ശക്തമായ നിരീക്ഷണം തുടരുന്നു. 50 ലക്ഷത്തിനകത്ത് ജനസംഖ്യയുള്ള നഗരങ്ങളില്‍ രണ്ട് ദിവസംകൊണ്ട് മൊത്തമാളുകളെയും ടെസ്റ്റ് നടത്തുകയും ജനസംഖ്യ ഒരു പ്രദേശത്ത് 50 ലക്ഷത്തിലധികമാണെങ്കില്‍ അഞ്ച് ദിവസത്തിനുള്ളില്‍ ടെസ്റ്റു നടത്തുകയും ചെയ്യുന്ന രീതിയാണ് ചൈന അവലംബിക്കുന്നത്.

കോവിഡ് മൂലമുള്ള രോഗവ്യാപനമോ മരണമോ പാടെ ഒളിച്ചുവയ്ക്കാന്‍ ചൈനയ്ക്കെന്നല്ല ഒരു രാജ്യത്തിനും കഴിയില്ല. കാരണം ചൈനയില്‍, പ്രത്യേകിച്ചും ബെയ്ജിങ് ഉള്‍പ്പെടെ പ്രധാന നഗരങ്ങളിലെല്ലാം പാശ്ചാത്യമാധ്യമങ്ങളുടെയെല്ലാം പ്രതിനിധികളുണ്ട്. അതുമാത്രമല്ല; ലക്ഷക്കണക്കിന് വിദേശ പൗരര്‍ (പാശ്ചാത്യരും ഇന്ത്യക്കാരുള്‍പ്പെടെ പൗരസ്ത്യരുമെല്ലാം) ചൈനയില്‍ സ്ഥിരവാസവുമുണ്ട്. ന്യൂയോര്‍ക്ക് ടൈംസ് പത്രം ചൈനയാകെ പരതിനടന്ന ശേഷം "ചലമൃഉമശഹ്യ ഠലെേെ, ടഹലലുശിഴ ശി രഹമൈ ൃീീാെ: ഘശളല ശി ഇീ്ശറ ്വലൃീ രവശിമ" എന്ന ഒരു റിപ്പോര്‍ട്ട് 2021 നവംബര്‍ ആദ്യ ആഴ്ചയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിയാന്‍ വാങ്, ജോയി ഡോങ് എന്നീ ലേഖകര്‍ ഹോങ്കോങ്ങില്‍ നിന്നും ബെയ്ജിങ്ങില്‍ നിന്നുമാണ് ആ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്നാല്‍ ബെയ്ജിങ്ങിലോ ഷാങ്ങ്ഹായിലൊ ഗ്വാങ്ഷാവിലോ പോലെ രണ്ടുകോടിയിലേറെ ജനങ്ങള്‍ അധിവസിക്കുന്ന പ്രദേശങ്ങളിലൊന്നും കോവിഡ് ബാധയോ അതുമൂലമുള്ള പ്രയാസങ്ങളോ കണ്ടെത്താനായില്ല. വുഹാന്‍ നഗരത്തില്‍തന്നെ 2020 ആദ്യപകുതിയോടെ പൂര്‍ണമായും വൈറസ് ബാധയെ നിയന്ത്രിക്കാന്‍ കഴിഞ്ഞുവെന്നതും ഇവര്‍ക്ക് നിഷേധിക്കാനാവുന്നില്ല. അതുകൊണ്ട് മ്യാന്‍മര്‍ അതിര്‍ത്തിയിലുള്ള റൂയ്ലി എന്ന 1.75 ലക്ഷം ജനസംഖ്യയുള്ള ഉള്‍നാടന്‍ പട്ടണത്തിലെ സ്ഥിതിയാണ് അവതരിപ്പിക്കുന്നത്. അവിടത്തെ പ്രത്യേകതയാകട്ടെ മ്യാന്‍മറില്‍ നിന്ന് കള്ളക്കടത്ത് സാധനങ്ങള്‍ വരുന്ന പ്രദേശമാണെന്നതാണ്. കള്ളക്കടത്ത് സാധനങ്ങള്‍ക്കൊപ്പം വൈറസും കടന്നുവരുന്നുണ്ട്. അത് നിയന്ത്രിക്കുന്നതിനുള്ള കര്‍ക്കശമായ നടപടികളാണ് ആ റിപ്പോര്‍ട്ടില്‍ ഭീകരമായ സംഭവമായി വിശദീകരിക്കുന്നത്.

എന്നാല്‍ 2020 ഏപ്രിലിനുശേഷം ഇതേവരെ ചൈനയില്‍ ഒരു ദിവസത്തെ ഏറ്റവും വലിയ രോഗസ്ഥിരീകരണം 200ല്‍ താഴെ മാത്രമാണ്. 50,000ത്തില്‍ അധികമാളുകളെ ക്വാറന്‍റൈനില്‍ ആക്കേണ്ടതായും വന്നിട്ടില്ല.

ചൈനയിലേക്ക് വിദേശങ്ങളില്‍ നിന്ന് വിമാനത്തില്‍ കയറണമെങ്കില്‍ അടുത്തുതന്നെ ആര്‍ടിപിസിആര്‍ ടെസ്റ്റ് നെഗറ്റീവ് ആയിരിക്കണം. അതുകഴിഞ്ഞ് ചൈനയില്‍ വിമാനമിറങ്ങിയാല്‍ അവിടെ വീണ്ടും ടെസ്റ്റ് ചെയ്യുന്നു; എന്നിട്ട് എയര്‍പോര്‍ട്ടില്‍ നിന്ന് നേരെ ക്വാറന്‍റൈന്‍ ഹോട്ടലിലേക്ക് മാറ്റുന്നു; അവിടെ രണ്ടോ മൂന്നോ ആഴ്ചക്കാലം മുറിക്കകത്തുതന്നെ കഴിയണം. അവര്‍ക്കാവശ്യമുള്ളവ അതിനകത്ത് ലഭ്യമാക്കും; ഭക്ഷണവും മറ്റും വിതരണം ചെയ്യുന്നവര്‍ പൂര്‍ണമായും പ്രൊട്ടക്ടീവ് സംവിധാനത്തോടു കൂടിയാണ് എത്തുന്നത്. ക്വാറന്‍റൈനില്‍ കഴിയുന്നവരെ സ്ഥിരമായി ടെസ്റ്റ് ചെയ്യുന്നുമുണ്ട്. അങ്ങനെ വിദേശങ്ങളില്‍ നിന്ന് വരുന്നവരിലൂടെ രോഗവ്യാപനമുണ്ടാകാതിരിക്കാന്‍ കര്‍ശനമായ നടപടികളാണ് ചൈന സ്വീകരിക്കുന്നത്.

എന്നാല്‍ വിമാനത്തില്‍ നിന്നു മറ്റുവിധത്തില്‍ രോഗപ്പകര്‍ച്ചയുണ്ടായ ഒരു സംഭവം റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത് നോക്കാം. 2021 ജൂലൈ 10ന് മോസ്കോയില്‍ നിന്ന് ഹാന്‍ജിങ്ങിലേക്കുള്ള വിമാനത്തിലെ ഒരാള്‍ക്ക് രോഗബാധയുണ്ടായിരുന്നു. അയാളെ ക്വാറെന്‍റൈനിലേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ വിമാനത്തിന്‍റെ കാബിന്‍ ശുചീകരണത്തിനെത്തിയ എയര്‍പോര്‍ട്ട് ജീവനക്കാര്‍ക്ക് രോഗബാധയുണ്ടായി. ഇതേ തൊഴിലാളികള്‍തന്നെ ഡൊമസ്റ്റിക് എയര്‍ലൈന്‍സുകളിലും ശുചീകരണം നടത്തിയിരുന്നു. അങ്ങനെ ഡൊമസ്റ്റിക് ടെര്‍മിനലുകളിലും വൈറസ് ബാധയുണ്ടായി; അന്താരാഷ്ട്ര സര്‍വീസുകളിലെ യാത്രക്കാരുമായുള്ള കോണ്ടാക്ടാണ് ഇതിനു കാരണമായത്. ഇവരെ പതിവായി ടെസ്റ്റ് ചെയ്യാറുണ്ട്. പത്തുദിവസം കഴിഞ്ഞപ്പോള്‍ ജൂലൈ 21ന് പ്രാദേശികമായ രോഗവ്യാപനം ഉണ്ടായതായി കണ്ടെത്തി; എയര്‍പോര്‍ട്ടിനു പുറത്തേക്കും രോഗപ്പകര്‍ച്ച ഇവരിലൂടെ സംഭവിച്ചു. ആഗസ്ത് മധ്യത്തോടുകൂടി നൂറോളം കേസുകള്‍ ഉണ്ടായി; ഒരു ഡസനോളം പ്രവിശ്യകളിലായാണ് ഇത് പ്രത്യക്ഷമായത്. അത് കൂടുതല്‍ വ്യാപിക്കാതെ കര്‍ശനമായ നടപടികളിലൂടെ തടഞ്ഞുവെന്നു മാത്രമല്ല, തുടര്‍ന്ന് ഇത്തരം സംഭവങ്ങളുണ്ടാകാതെ ജാഗ്രത പാലിക്കാന്‍ വേണ്ട നടപടികളും ചൈനീസ് ഗവണ്‍മെന്‍റ്സ്വീകരിച്ചു.

ചൈനയില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ കര്‍ശനമായ നിയന്ത്രണത്തിലും ഇടപെടലോടുകൂടിയുമാണ് കോവിഡ് പ്രതിരോധം നടപ്പാക്കുന്നത്. കേവലം സംസ്ഥാനങ്ങളുടെ ബാധ്യതയായല്ല അത് നിര്‍വഹിക്കുന്നത്. തുടക്കത്തില്‍ വുഹാനില്‍ രോഗവ്യാപനമുണ്ടായപ്പോള്‍ രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍നിന്നുള്ള വിദഗ്ധരെയും ആരോഗ്യപ്രവര്‍ത്തകരെയും അവിടേക്ക് കേന്ദ്രീകരിച്ചാണ് ആഴ്ചകള്‍ക്കുള്ളില്‍ നിയന്ത്രണവിധേയമാക്കിയത്. സിങ്കപ്പൂര്‍, ന്യൂസിലന്‍ഡ് തുടങ്ങിയ ചൈനയുടെ മാതൃക സ്വീകരിച്ച രാജ്യങ്ങളിലും രോഗനിയന്ത്രണം സാധ്യമായി എന്നതും ശ്രദ്ധേയമാണ്.

അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള പാശ്ചാത്യരാജ്യങ്ങളിലും ഇന്ത്യയെപോലെയുള്ള രാജ്യങ്ങളിലും കോവിഡ് ബാധ നിയന്ത്രണാതീതമായി തുടരുന്നതും ചൈനയിലും കൊറിയ പോലുള്ള രാജ്യങ്ങളിലും, വൈറസിനെ നിയന്ത്രിക്കാനാകുന്നതും രണ്ട് വ്യവസ്ഥിതികള്‍ തമ്മിലുള്ള വ്യത്യാസമായി കാണാവുന്നതാണ്- എന്തിലും ലാഭത്തില്‍ മാത്രം കണ്ണുനട്ടിരിക്കുന്ന മുതലാളിത്തവും മനുഷ്യ ജീവന് പ്രാധാന്യം നല്‍കുന്ന സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം•