കയ്യൂക്കുകൊണ്ട് തടയാനാവില്ല ...

എല്‍ഡിഎഫ് സര്‍ക്കാരിനു തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ക്ഷേമവികസന പദ്ധതികള്‍ നടപ്പാക്കുന്നതിനും ദൈനംദിന കാര്യങ്ങള്‍ നടത്തുന്നതിനും-പരമാവധി തടസ്സം സൃഷ്ടിക്കുക എന്നതാണ് പ്രതിപക്ഷം നയമായി സ്വീകരിച്ചിരിക്കുന്നത്. ഈ അടവ് വ്യക്തമാക്കുന്നതാണ് അടുത്ത കാലത്തായി അത് സ്വീകരിക്കുന്ന നടപടികള്‍. എല്‍ഡിഎഫ് സര്‍ക്കാരുകള്‍ മൊത്തത്തില്‍ യുഡിഎഫ് സര്‍ക്കാരുകളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമമായും ജനക്ഷേമകരമായും പ്രവര്‍ത്തിച്ചും പുതിയ വികസനപദ്ധതികള്‍ നടപ്പാക്കിയും ജനങ്ങളുടെ പിന്തുണ നേടാറുണ്ട്. അവയെ അപേക്ഷിച്ച് പിണറായി വിജയന്‍ നയിച്ച 2016-21 കാലത്തെ സര്‍ക്കാര്‍ ഒട്ടനവധി ക്ഷേമ-വികസനപദ്ധതികള്‍ നടപ്പാക്കി. ഏറ്റവും പാവപ്പെട്ടവരെയും പിന്നാക്കവിഭാഗങ്ങളെയും കൈപിടിച്ചുയര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിച്ചു. അവയില്‍ ഏറ്റവും ജനശ്രദ്ധ ആകര്‍ഷിച്ചതാണല്ലൊ സാമൂഹ്യ-ക്ഷേമപെന്‍ഷന്‍ തുക ഉയര്‍ത്തി അര്‍ഹരായവര്‍ക്കു മുഴുവന്‍ സമയബന്ധിതമായി വിതരണം ചെയ്തത്. അതോടൊപ്പം, നടപ്പാക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് യുഡിഎഫ് സര്‍ക്കാര്‍ ഉപേക്ഷിച്ച പ്രകൃതി വാതകപൈപ്പ് ലൈന്‍ പദ്ധതി പുനരാരംഭിച്ചു പൂര്‍ത്തിയാക്കി.
ദേശീയപാതാ നിര്‍മാണം ഇപ്പോള്‍ തകൃതിയായി നടക്കുന്നു. പവര്‍ ഹൈവേ ഏതാണ്ട് 15,000 കോടി രൂപ ചെലവുചെയ്ത് പൂര്‍ത്തിയാക്കി.
ഇത്തരത്തില്‍ 'തൊട്ടതെല്ലാം പൊന്നാക്കുന്ന' പ്രവര്‍ത്തനശൈലിയുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുവനന്തപുരം-കാസര്‍കോട് സില്‍വര്‍ ലൈന്‍ എന്ന ഇരട്ട തീവണ്ടിപ്പാത സമയബന്ധിതമായി നടപ്പാക്കും എന്നു പ്രഖ്യാപിച്ചത് പ്രതിപക്ഷങ്ങളുടെ, വിശേഷിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ, ആത്മവിശ്വാസം തകര്‍ക്കുന്നു. ഇതുമാത്രമല്ല, കേരളത്തിലെ ലക്ഷക്കണക്കിനു വരുന്ന അഭ്യസ്തവിദ്യരുടെ, വിശേഷിച്ച് സ്ത്രീകളുടെ, തൊഴിലില്ലായ്മയ്ക്കു കാര്യമായ ശമനം വരുത്തുന്നതിനു ജ്ഞാനസമൂഹ നിര്‍മിതി പദ്ധതി കൂടി നടപ്പാക്കാന്‍ തുടങ്ങിയാല്‍ പിന്നെ, എല്‍ഡിഎഫ് സര്‍ക്കാരിനെതിരായി ജനം വോട്ടുചെയ്യുമോ? അങ്ങനെയെങ്കില്‍ തങ്ങളുടെ രാഷ്ട്രീയ ഭാവിയെന്ത് എന്നൊക്കെ കോണ്‍ഗ്രസ് നേതാക്കള്‍ ഉല്‍ക്കണ്ഠപ്പെടുന്നത് സ്വാഭാവികം. എല്‍ഡിഎഫ് നടപ്പാക്കുന്നതിനേക്കാള്‍ കൂടുതല്‍ ഫലപ്രദമായും കാര്യക്ഷമമായും കേരളത്തിന്‍റെ ഭരണവും വികസനവും തങ്ങള്‍ നടത്തും എന്നു ജനങ്ങള്‍ക്കു വിശ്വാസം ഉണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിക്കുകയാണ് ജനാധിപത്യ വ്യവസ്ഥയില്‍ കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും സ്വീകരിക്കാവുന്ന ന്യായമായ മാര്‍ഗം. പക്ഷേ, അതല്ലല്ലൊ അവരുടെ രീതി. ഭരണകക്ഷിയില്‍നിന്ന് ആളുകളെ കാലുമാറ്റത്തിലൂടെ അടര്‍ത്തിയെടുത്ത് അതിനെ പരാജയപ്പെടുത്തുകയാണ് കോണ്‍ഗ്രസ്സിനെയും ബിജെപിയെയും പോലുള്ള "ജനാധിപത്യ"കക്ഷികളുടെ പ്രവര്‍ത്തനരീതി. സിപിഐ എമ്മിന്‍റെ അടുത്ത് അത് നടപ്പില്ല എന്ന് 1957ലെ ഇ എം എസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ അനുഭവസിദ്ധമാണല്ലോ.

അതുകൊണ്ടാണ് കെ സുധാകരന്‍ സ്റ്റൈല്‍ ഇടപെടല്‍. കോണ്‍ഗ്രസ്സിനകത്തെ എതിരാളികളെ ആശയപരമായല്ല, കായികമായാണ് ആ സ്റ്റൈലനുസരിച്ച് പരാജയപ്പെടുത്തുക പതിവ് എന്ന എല്ലാവര്‍ക്കും അറിയാം. സില്‍വര്‍ ലൈന്‍ പദ്ധതിയെ പരാജയപ്പെടുത്തുന്നതിനു അതിന്‍റെ പാത നിര്‍ണയിക്കുന്നതിനു സ്ഥാപിച്ച "അടയാളക്കല്ലുകള്‍" പിഴുതെറിയാന്‍ കെപിസിസി പ്രസിഡന്‍റ് ആഹ്വാനംചെയ്തത് ആ അടിസ്ഥാനത്തിലായിരിക്കണം. സില്‍വര്‍ ലൈന്‍ വരുന്നത് ജനങ്ങള്‍ സ്വാഗതം ചെയ്യുന്നെങ്കില്‍, കോണ്‍ഗ്രസ് ഇത്തരത്തില്‍ വഴിമുടക്കു പ്രയോഗങ്ങള്‍ നടത്തിയാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അതിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അങ്ങ് നിര്‍ത്തിവയ്ക്കുമോ? കേരളത്തിന്‍റെ തെക്കുവടക്കുയാത്ര ഇപ്പോള്‍ പല കാരണങ്ങളാല്‍ സുഗമമല്ല. ജനങ്ങള്‍ കൂടുതല്‍ വിദ്യാഭ്യാസവും തൊഴിലും നേടി സാമ്പത്തികമായി പുരോഗമിക്കുന്നതോടെ പൊതുമേഖലയിലെ യാത്രാസൗകര്യം ആനുപാതികമായി വര്‍ധിക്കണം. അത് മുന്നില്‍ കണ്ടുകൊണ്ടാണ് ഒരു ഇരട്ട തീവണ്ടിപ്പാത കൂടി വേണമെന്ന് കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മാറിമാറി വന്ന സര്‍ക്കാരുകള്‍ തിരിച്ചറിഞ്ഞ് പ്രാരംഭ പ്രവര്‍ത്തനം നടത്തിയത്. അതാണ് ഇപ്പോള്‍ സഫലമാകാന്‍ പോകുന്നത്.

ഇത് തടയുന്നതിന്‍റെ അര്‍ഥം സര്‍ക്കാരിന്‍റെ ജനാധിപത്യപരമായ പ്രവര്‍ത്തനം കയ്യൂക്കുകൊണ്ട് തടയലാണ്. ഒരു സര്‍ക്കാരിനും പ്രബുദ്ധമായ ഒരു ജനതയ്ക്കും ഇത്തരം പ്രാകൃതമായ എതിര്‍പ്പിന്‍റെ രീതി അംഗീകരിക്കാനാവില്ല. സംസ്ഥാന സര്‍ക്കാരും ഭരണമുന്നണിയായ എല്‍ഡിഎഫും ഇക്കാര്യത്തില്‍ എന്താണ് ചെയ്യുകയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു കഴിഞ്ഞു. ന്യായവും പ്രായോഗികവുമായ ഭേദഗതി നിര്‍ദേശങ്ങള്‍ സര്‍വാത്മനാ അംഗീകരിക്കാനുള്ള സന്നദ്ധത തിരുവനന്തപുരത്ത് സമൂഹ ജീവിതത്തിന്‍റെ നാനാമേഖലകളെ പ്രതിനിധാനം ചെയ്യുന്നവരുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി. അത്തരത്തിലല്ലാത്ത കയ്യൂക്കിന്‍റെ ഇടപെടലുകളെ തട്ടിമാറ്റി സില്‍വര്‍ലൈന്‍ പദ്ധതി നടത്തിപ്പുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

ഇ.ശ്രീധരനെപ്പോലുള്ള തീവണ്ടിപ്പാതാ നിര്‍മാണ വിദഗ്ധര്‍ ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് സില്‍വര്‍ലൈന്‍ നിര്‍മാണത്തിനു കൂടുതല്‍ തുകയും സമയവും വേണമെന്നു പറയുന്നത്? ഒരു സംഘം വിദഗ്ധര്‍ ആണ് പഠനം നടത്തി 5 വര്‍ഷംകൊണ്ട് ഏതാണ്ട് 64,000 കോടി രൂപ ചെലവില്‍ അത് പണിയാം എന്ന റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. കാലം വൈകുംതോറും ചെലവേറുമെന്നും അവര്‍ പറഞ്ഞിട്ടുണ്ട്. ഏത് പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് മറ്റു ചില വിദഗ്ധര്‍ ഇപ്പോള്‍ ഇങ്ങനെയൊരു തീവണ്ടിപ്പാത ആവശ്യമില്ല എന്നും അത് പണിയാന്‍ ചെലവേറുമെന്നും പറയുന്നത്? ഇത്തരം അഭിപ്രായ പ്രകടനങ്ങളിലൊക്കെ കാണാന്‍ കഴിയുന്നത് കാര്യങ്ങള്‍ ആഴത്തില്‍ പഠിക്കാതെ എതിര്‍ക്കാന്‍വേണ്ടി എതിര്‍ക്കുന്ന 'രാഷ്ട്രീയ' സമീപനമാണ്, വസ്തുനിഷ്ഠമായ വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലുള്ള നിരീക്ഷണങ്ങളല്ല.

സംസ്ഥാനത്ത് എന്തു സംഭവിച്ചാലും അതിനു സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് പ്രതിപക്ഷങ്ങളുടെയും പല മാധ്യമങ്ങളുടെയും അവരെ അനുകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ചില വിദഗ്ധരുടെയും സാധാരണ ശൈലിയായി മാറിയിരിക്കുന്നു. സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ ഒറ്റപ്പെട്ട അനാശാസ്യസംഭവങ്ങള്‍ നടക്കുന്നു. നിയമപരമായി നിരോധിക്കപ്പെട്ട സ്ത്രീധനം ചോദിച്ചു വാങ്ങുന്ന രീതി അഭ്യസ്തവിദ്യരുടെ കുടുംബങ്ങളില്‍പോലും നിലനില്‍ക്കുന്നു. അതുമായി ബന്ധപ്പെട്ട് നവവധുക്കളെ ചില കുടുംബങ്ങളില്‍ വരന്‍റെ അച്ഛനമ്മമാരോ മറ്റു ബന്ധുക്കളോ ശാരീരികമായി പീഡിപ്പിക്കുന്ന അനുഭവങ്ങളും അതുമൂലം വധു ആത്മഹത്യക്കു മുതിരുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്. മദ്യപിച്ചു ചിലര്‍ വീടുകളിലും പൊതുസ്ഥലങ്ങളിലും അനാശാസ്യപെരുമാറ്റം നടത്തുന്ന സംഭവങ്ങളും വിരളമല്ല. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് നടപടി ആവശ്യമാണ്. അവയില്‍ ചിലവയില്‍ ചില പൊലീസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു അനാവശ്യമോ നിയമവിരുദ്ധമോ ആയ പെരുമാറ്റവും പ്രതികരണങ്ങളും ഉണ്ടാകുന്നു. അവര്‍ ചിലരെ ശാരീരികമായി ആക്രമിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

പൊലീസായാലും മറ്റു സര്‍ക്കാര്‍ ഉദ്യോഗസ്ഥരായാലും, നിയമവിരുദ്ധമായും അപമര്യാദയായും പ്രവര്‍ത്തിച്ചാല്‍ തക്കപരിഹാര-തിരുത്തല്‍ നടപടികള്‍ വേണം, സംശയമില്ല. ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യണം. എന്നാല്‍ ഇത്തരം സംഭവങ്ങളുടെ എല്ലാം ഉത്തരവാദിത്തം സര്‍ക്കാരിന്‍റെയോ ബന്ധപ്പെട്ട മന്ത്രിയുടെയോ മേല്‍ ആരോപിക്കുന്ന രീതി ഇവിടെ വ്യാപകമാണ്. ഭരണമുന്നണിയെ, മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തുന്നതിനു ഈ രീതി അവലംബിക്കുന്നത് മനസ്സിലാക്കാം. പക്ഷേ, അതൊക്കെ ചിലര്‍ നിരന്തരം ചെയ്യുന്നത് ചില വ്യക്തികളെയും സര്‍ക്കാരിനെയും തേജോവധം ചെയ്യുന്നത് ലാക്കാക്കിയാണ് എന്ന വസ്തുത ആര്‍ക്കും നിഷേധിക്കാനാവില്ല. പാര്‍ലമെന്‍ററി ജനാധിപത്യവ്യവസ്ഥയില്‍ സര്‍ക്കാരായാലും പ്രതിപക്ഷമായാലും, ഉദ്യോഗസ്ഥരായാലും ജനനേതാക്കളായാലും, മാധ്യമങ്ങളായാലും, അത് പരിക്കേല്‍പ്പിക്കുക വ്യക്തികള്‍ക്കും അതിലേറെ ആ വ്യവസ്ഥയ്ക്കുമാണ്. അത് ജനങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്•