ദുരിതത്തില്‍നിന്നും ദുരിതത്തിലേക്ക്

സി പി നാരായണന്‍

നരേന്ദ്രമോഡി മന്ത്രിസഭയുടെ രണ്ടാമൂഴം 2019 മെയ് 31നു മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതുമുതല്‍ക്കായിരുന്നു. ഈ മെയ് 30നു രാജ്യത്തെ പൗരര്‍ക്കെല്ലാമായി അയച്ച കത്തിലൂടെ പ്രധാനമന്ത്രി മോഡി വരച്ചുകാണിക്കാന്‍ ശ്രമിച്ചത് ഇന്നാട്ടിലെ പട്ടിണിപ്പാവങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള ജനസാമാന്യത്തിനു ഒരു വര്‍ഷംകൊണ്ട് എന്തു ചെയ്തു എന്നായിരുന്നില്ല. ആര്‍എസ്എസ് എത്രയോ കാലമായി സ്വപ്നം കണ്ടതും പ്രചരിപ്പിച്ചതുമായ രീതിയില്‍ ഇന്ത്യയുടെ മതനിരപേക്ഷ ഐക്യം തകര്‍ക്കാനായി ജമ്മു-കാശ്മീരിനു നല്‍കിവന്ന പരിരക്ഷകള്‍ റദ്ദാക്കല്‍, ഇന്ത്യന്‍ പൗരത്വ നിയമഭേദഗതി, പുതുതായി ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാനുള്ള നീക്കം മുതലായവ ആയിരുന്നു. അതോടൊപ്പം ഭരണഘടന പൗരര്‍ക്ക് ഉറപ്പു നല്‍കുന്ന സ്വാതന്ത്ര്യങ്ങളും മൗലികാവകാശങ്ങളും നിഷേധിക്കാന്‍ കരിനിയമങ്ങള്‍ ഉപയോഗിച്ച് കള്ളക്കേസുകള്‍ പാര്‍ശ്വവല്‍കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ നേരെ തുടര്‍ച്ചയായി ചുമത്തി. മോഡിയുടെ ഏറ്റവും അടുത്ത സുഹൃത്തായി കരുതപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് പ്രസിഡണ്ടായ അമേരിക്കയില്‍ നിന്നുവരെ ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നുവന്നു.


ട്രംപിന്‍റെ കീഴില്‍ അമേരിക്കയില്‍ എന്ന പോലെ മോഡിയുടെ കീഴില്‍ ഇന്ത്യയിലും കടുത്ത വിഭാഗീയതയും അമിതാധികാര പ്രവണതകളും പ്രോത്സാഹിപ്പിക്കപ്പെടുകയും വളര്‍ന്നുവരികയുമാണ്. ഭരണഘടനാപരമായി അത് തടയേണ്ട ജുഡീഷ്യറിയും ബഹുജനങ്ങളെ അണിനിരത്തി എതിര്‍ക്കേണ്ട നാലാമത് എസ്റ്റേറ്റായ മാധ്യമങ്ങളും ഇതൊന്നും കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുകയും അതിനെതിരെ മിണ്ടാതിരിക്കുകയുമാണ്; അതുവഴി ഈ ദുഷ്പ്രവണതകളെ ഫലത്തില്‍ പ്രോത്സാഹിപ്പിക്കുകയും പിന്താങ്ങുകയുമാണ്.


മോഡിവാഴ്ചയ്ക്കുകീഴില്‍ ജനങ്ങളുടെ സ്ഥിതിയെന്ത് എന്നു മനസ്സിലാക്കാന്‍ മാര്‍ച്ച് 25 മുതല്‍ കോവിഡിനെ നേരിടാനെന്ന പേരില്‍ അത് രാജ്യത്ത് ഏര്‍പ്പെടുത്തിയ അടച്ചിടല്‍ കാലത്ത് എന്തു സംഭവിച്ചു എന്നു നോക്കിയാല്‍ മതി. സര്‍ക്കാര്‍ എല്ലാ സാമ്പത്തിക പ്രവര്‍ത്തനങ്ങളും അനിശ്ചിതമായി മരവിപ്പിക്കുമ്പോള്‍ സമൂഹത്തിലെ ഏറ്റവും പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുന്നു എന്നു നോക്കേണ്ട ബാധ്യത അതിനു ഉണ്ടായിരുന്നു. ഇന്ത്യയിലെ 135 കോടി ജനങ്ങളില്‍ 10 ശതമാനമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ പോയി തൊഴിലെടുത്ത് ജീവിക്കുന്നവരാണ്. അവരിലെ അന്യസംസ്ഥാന തൊഴിലാളികളാണ് രാജ്യത്തെ അസംഘടിത ഉല്‍പാദന - സേവന മേഖലകളില്‍ തൊഴിലെടുക്കുന്ന 8 - 10 കോടി പേര്‍. അവര്‍ക്ക് പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ തൊഴിലും കൂലിയും പാര്‍പ്പിടവും ഇല്ലാതായി. ഒന്നുകില്‍ അവര്‍ക്ക് നാട്ടിലേക്ക് തിരിച്ചുപോകാനായി ഏതാനും ദിവസത്തെയെങ്കിലും സമയം കൊടുത്തുവേണമായിരുന്നു അടച്ചിടല്‍. അത് ചെയ്തില്ല. ജോലി ചെയ്യുന്നിടത്ത് അവരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടായുമില്ല. അവരെയും കുടുംബത്തെയും തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യവസ്തുക്കളും മറ്റത്യാവശ്യ ചെലവിനു ചെറിയ തുകയും സര്‍ക്കാര്‍ വിതരണം ചെയ്യണമായിരുന്നു.


അതൊന്നും ചെയ്തില്ല. തുടര്‍ന്ന് പട്ടിണികിടന്നു തമ്പോറായ അന്യസംസ്ഥാന തൊഴിലാളികള്‍ 700ഉം 1000ഉം 1500ഉം കി. മീ. കാല്‍നടയായി കുഞ്ഞു കുട്ടികള്‍ ഉള്‍പ്പെടെയുള്ള കുടുംബവുമായി വിദൂര സംസ്ഥാനങ്ങളിലേക്ക് തിരിച്ചുപോകുകയാണ്. നാമെല്ലാം ചരിത്ര പുസ്തകത്തില്‍ പഠിച്ച "തുഗ്ലക്കിന്‍റെ പരിഷ്കാര"ത്തെ കടത്തിവെട്ടുന്നതാണ് കൊറോണയെ നേരിടാന്‍ രാജ്യം അടച്ചിടുന്നതിന്‍റെ പേരില്‍ മോഡിവാഴ്ച നടപ്പാക്കിയ പരിഷ്കാരം. ഇത് അതിശയോക്തിയല്ല. പച്ചപ്പരമാര്‍ഥം മാത്രം. അന്യ സംസ്ഥാന തൊഴിലാളികള്‍ വഴിയില്‍ കിടന്നും തീവണ്ടിയില്‍ ജലപാനം ലഭിക്കാതെയും മരിച്ചുവീണതു മാത്രമല്ല അതിന്‍റെ ഫലം. ഇതിനകം മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ്, രാജസ്താന്‍, ഡല്‍ഹി, പഞ്ചാബ്, തമിഴ്നാട് മുതലായ കോവിഡ് ബാധ മൂര്‍ഛിച്ച സംസ്ഥാനങ്ങളില്‍നിന്ന് അവരില്‍ പലരും ആ പകര്‍ച്ചവ്യാധി സ്വന്തം നാട്ടിലേക്ക് എത്തിക്കുന്ന എന്ന വാര്‍ത്തയും വരുന്നു.


കോവിഡ് 19 ബാധയെ കൈകാര്യം ചെയ്യുന്നതില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ച പ്രമുഖ രാഷ്ട്രങ്ങളില്‍ ഒന്നായി മോഡി ഭരിക്കുന്ന ഇന്ത്യ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടാനുള്ള എല്ലാ സാധ്യതയും ഒത്തുവന്നിരിക്കുകയാണ്. സര്‍ക്കാരിന്‍റെ ധാന്യ അറകള്‍ വഴിഞ്ഞൊഴുകുമ്പോഴാണ് രാജ്യത്ത് പലേടങ്ങളിലും പട്ടിണിമരണങ്ങള്‍ക്കുള്ള സാധ്യത തെളിയുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതുപോലൊരു വറുതിക്കാലം രാജ്യത്തുണ്ടായിട്ടില്ല. അത് ഇന്നു ഭരിക്കുന്നവരുടെ സൃഷ്ടിയാണെന്ന് പറയുന്നില്ല. പക്ഷെ, ആ വറുതിക്ക് ഒരു കാരണമായ കോവിഡ് 19 പോലൊരു വ്യാപകമായ പകര്‍ച്ചവ്യാധിയെ തടയുന്നതിലും അതിനു ഇരയായവരിലും ഏറെ ജനങ്ങളില്‍ കടുത്ത ദാരിദ്ര്യവും പട്ടിണി മരണങ്ങളും പടര്‍ന്നുപിടിക്കുന്നതിലും ഉള്ള ഉത്തരവാദിത്വത്തില്‍നിന്ന് മോഡി സര്‍ക്കാരിനു ഒഴിഞ്ഞു മാറാനാവില്ല.


ഈ രാജ്യത്തിന്‍റെ ഏറ്റവും വലിയ സമ്പത്ത് ഇവിടത്തെ ജനങ്ങളാണ്, അവരില്‍ മഹാഭൂരിപക്ഷം വരുന്ന യുവാക്കളാണ്  എന്നു മോഡി അവകാശപ്പെടാറുണ്ട്. ശരിയാണ്. അവരുടെ ആരോഗ്യം നിലനിര്‍ത്തുന്നതിനു ഏറ്റവും പ്രധാനമായി ഇന്നു വേണ്ടത് ഭക്ഷണമാണ്. അത് നല്‍കാനുള്ള ധാന്യങ്ങളും മറ്റും സര്‍ക്കാരിന്‍റെ പക്കലുണ്ട്. അത് സൗജന്യമായി അടുത്ത ഏതാനും മാസക്കാലം വിതരണം ചെയ്യണം. മോഡിയെ പോലുള്ളവര്‍ ഉദ്ധരിക്കാറുള്ള മുനിമാരും മറ്റും പറയാറുള്ളത് "ശരീരമാദ്യം ഖലുധര്‍മസാധനം" എന്നാണല്ലോ. എന്നാല്‍, എത്രയോ സാമ്പത്തിക - സാമൂഹ്യ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിച്ചിട്ടും മോഡി സര്‍ക്കാര്‍  പാവപ്പെട്ടവര്‍ക്ക് സൗജന്യധാന്യ വിതരണത്തിനു  ഇപ്പോഴും തയ്യാറല്ല.


മോഡി സര്‍ക്കാരിന്‍റെ കഴിഞ്ഞ ഒരു വര്‍ഷം സാമ്പത്തികമായും സാമൂഹ്യമായും സാംസ്കാരികമായും തകര്‍ച്ചയുടെ കാലമാണ് ഇന്ത്യക്ക്. ആഭ്യന്തരോല്‍പാദനത്തിന്‍റെ ഒരു സൂചികയായ ജിഡിപിയുടെ വളര്‍ച്ച ലോകത്തെ ഏറ്റവും ഉയര്‍ന്നതാണ് തന്‍റെ ഭരണത്തിന്‍കീഴില്‍ ഇന്ത്യയുടേത് എന്നു മോഡി അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍, കഴിഞ്ഞ വര്‍ഷം വ്യവസായോല്‍പാദനം മാസങ്ങള്‍ കഴിയുംതോറും ഇടിയുകയായിരുന്നു. 2020 ജനുവരി - മാര്‍ച്ച് മാസക്കാലത്ത് ജിഡിപി വളര്‍ച്ച 3.1 ശതമാനമായി ഇടിഞ്ഞു. കെട്ടിട നിര്‍മാണം മാര്‍ച്ചിലെ അടച്ചിലിനു എത്രയോ മുമ്പു തന്നെ സ്തംഭിച്ചു. കാരണം ലോകത്താകെ തന്നെ സാമ്പത്തിക പ്രവര്‍ത്തനം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തളരുകയായിരുന്നു. കഴിഞ്ഞ വര്‍ഷം അതിനു പ്രധാന കാരണം അമേരിക്കയുടെ പ്രസിഡണ്ട് ട്രംപ് ചൈനയുമായി വ്യാപാര യുദ്ധത്തില്‍ ഏര്‍പ്പെട്ടതായിരുന്നു. അതിനെ നേരിടാന്‍ ചൈന, ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളുമായുള്ള വ്യാപാരം വര്‍ധിപ്പിക്കാന്‍ പല നടപടികളും കൈക്കൊണ്ടു. എന്നാല്‍ മോഡി സര്‍ക്കാര്‍, അമേരിക്കയുടെ ട്രംപ്, ബ്രസീലിലെ ബോള്‍സനാരൊ എന്നീ ഫാസിസ്റ്റ് മനഃസ്ഥിതിയുള്ള പ്രസിഡണ്ടുമാരുമായി ചങ്ങാത്തം വളര്‍ത്താനാണ് കൂടുതല്‍ ശ്രമിച്ചത്. അതും ഇന്ത്യയുടെ കച്ചവടം തളരാന്‍ കാരണമായി.


രാജ്യത്തെ കൃഷിക്കാര്‍ ഓരോരുത്തര്‍ക്കും പ്രതിവര്‍ഷം 6000 രൂപ മോഡി സര്‍ക്കാര്‍ കൊടുക്കുന്നുണ്ട്. അതോടെ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു എന്നാണ് മോഡി സര്‍ക്കാരും ബിജെപിയും അവകാശപ്പെടുന്നത്. കൃഷിക്കാര്‍ക്ക് വേണ്ടത് കാര്‍ഷികോല്‍പന്നങ്ങളുടെ താങ്ങുവില ഉല്‍പാദനച്ചെലവിന്‍റെ ഒന്നര ഇരട്ടിയായി വര്‍ധിപ്പിക്കുകയാണ്. മുമ്പ് മോഡി സര്‍ക്കാര്‍ അത് വാഗ്ദാനം ചെയ്തിരുന്നു. അതുവഴി കൃഷിക്കാര്‍ക്ക് ലഭിക്കുന്നതിന്‍റെ ഒരംശം മാത്രമാണ് മോഡി സര്‍ക്കാര്‍ നല്‍കുന്ന 6000 രൂപ. യഥാര്‍ഥത്തില്‍ മോഡി സര്‍ക്കാര്‍ ഈ "വാഗ്ദാനപാലനം" വഴി കൃഷിക്കാരെ വഞ്ചിക്കുകയാണ്.


നരേന്ദ്രമോഡി സര്‍ക്കാരിന്‍റെ ആദ്യത്തെ പ്രധാന സാമ്പത്തിക പരിഷ്കാരമായിരുന്നു 2016 നവംബറില്‍ നടപ്പാക്കിയ നോട്ടുകള്‍ റദ്ദാക്കല്‍. ആ നടപടി വഴി ഇന്ത്യയിലെ ലക്ഷക്കണക്കിനു സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങളാണ് തകര്‍ന്നത്. കോടിക്കണക്കിനു തൊഴിലാളികള്‍ക്ക് പണി നഷ്ടപ്പെട്ടു. ആ മേഖലയെ പുനരുദ്ധരിക്കാന്‍ അതിനുശേഷം മോഡി സര്‍ക്കാര്‍ കാര്യമായൊന്നും തന്നെ ചെയ്തില്ല. ഇപ്പോള്‍ അവര്‍ക്കായി ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പ്രഖ്യാപിച്ച പാക്കേജ് ആ വ്യവസായങ്ങളില്‍ വലിയൊരു വിഭാഗത്തിനു ഗുണം ചെയ്യില്ല എന്ന് ആ മേഖലയിലെ വ്യവസായ സംഘടനയുടെ നേതാക്കള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരല്ല ധനസഹായം നല്‍കുക. ബാങ്കുകള്‍ വായ്പ നല്‍കും. അതാണ് ധനസഹായം. പക്ഷെ, പല പൊതുമേഖലാ ബാങ്കുകളും കിട്ടാക്കട ബാധ്യതകള്‍ പേടിച്ച് കടം നല്‍കാന്‍ തയ്യാറല്ല. അതുകൊണ്ടു തന്നെ അവ റിസര്‍വ് ബാങ്കില്‍നിന്നു അവയ്ക്കു ലഭിച്ച വായ്പയില്‍ ഒരുഭാഗം തിരിച്ചടച്ച് സര്‍ക്കാര്‍ പറയുന്ന കൃഷിക്കാര്‍, വ്യവസായികള്‍, ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ മുതലായവര്‍ക്ക് വായ്പ നിഷേധിക്കുകയാണ്. മോഡി സര്‍ക്കാര്‍ തന്നെ മുന്‍കയ്യെടുത്ത് പൊതുമേഖലാ ബാങ്കുകളെകൊണ്ട് ഉദാരമായി വായ്പ കൊടുപ്പിച്ചാലേ 20 ലക്ഷം കോടി രൂപയുടെ പാക്കേജ് കൊണ്ട് എന്തെങ്കിലും പ്രയോജനം ജനങ്ങള്‍ക്കും രാജ്യത്തിനും ഉണ്ടാകൂ.


കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ വന്‍ പണക്കാരോട് വലിയ വിധേയത്വം കാണിച്ചു. പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തവരല്ല, ബിജെപിക്കും ആര്‍എസ്എസിനും ഉദാരമായി കോടിക്കണക്കിനു രൂപ സംഭാവന ചെയ്തവരോടാണ് മോഡിക്കും കൂട്ടര്‍ക്കും വിധേയത്വം. അവര്‍ക്കായി 2019 ജൂലൈ ബജറ്റില്‍ സ്വത്തുനികുതി 20 ശതമാനമായി കുറച്ചതിലൂടെ 1.45 ലക്ഷം കോടി രൂപയുടെ ഇളവ് നല്‍കി. പിന്നീട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ജിഡിപി വളര്‍ച്ച ഇടിയുന്നത് തടയാന്‍ എന്ന പേരില്‍ അവര്‍ക്ക് 70000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ വീണ്ടും നല്‍കി. മൊത്തം 2.15 ലക്ഷം കോടിരൂപ. അതോടെ മോഡി സര്‍ക്കാര്‍ കൃതകൃത്യരായി.


തൊഴിലാളികള്‍ക്ക് നഷ്ടപ്പെടുന്നത് സ്വാതന്ത്ര്യസമരകാലത്തും ശേഷവും ട്രേഡ് യൂണിയനുകള്‍ സമരം ചെയ്ത് നേടിയ എട്ടുമണിക്കൂര്‍ ജോലി, മിനിമം കൂലി തുടങ്ങിയ നിരവധി ആനുകൂല്യങ്ങളാണ്. ഏറ്റവും വലിയ നഷ്ടം തൊഴിലാളികളില്‍ 70 ശതമാനത്തിലേറെ പേര്‍ക്കും തൊഴില്‍നിയമങ്ങളുടെ സുരക്ഷിതത്വം പോലും മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേദഗതികളിലൂടെ നഷ്ടപ്പെട്ടതാണ്. തൊഴിലാളികളുടെ അവകാശങ്ങള്‍ എടുത്തുകളയാന്‍ കൊണ്ടുവന്ന നിയമഭേദഗതി പാര്‍ലമെന്‍റിനു പാസാക്കാനായില്ല. അവ പാസായാല്‍ എല്ലാ തൊഴിലാളികള്‍ക്കും മിക്ക അവകാശങ്ങളും നഷ്ടപ്പെടും. അതിനാല്‍ ഇപ്പോള്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകള്‍ മുന്‍കയ്യെടുത്ത് തൊഴിലാളികളുടെ അവകാശങ്ങള്‍ വ്യവസായ വികസനത്തിനു എന്ന പേരില്‍ മരവിപ്പിക്കാന്‍ ഒരുമ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ മിക്ക ട്രേഡ് യൂണിയന്‍ സംഘടനകളും പ്രതിഷേധിച്ചിട്ടുണ്ട്. കോവിഡ് 19 ബാധമൂലം പ്രത്യക്ഷസമരത്തിനു കഴിയാത്തതുകൊണ്ട് അവ ആദ്യഘട്ടത്തില്‍ പ്രതിഷേധം പ്രതീകാത്മക സമരങ്ങളില്‍ ഒതുക്കിയിരിക്കുകയാണ്.


ഇതെല്ലാം കാണിക്കുന്നത് മോഡി സര്‍ക്കാരിന്‍റെ ഒരു വര്‍ഷത്തെ ഭരണം ഇന്ത്യയിലെ ഒരു ശതമാനം വരുന്ന വന്‍ പണക്കാര്‍ക്കു മാത്രമാണ് പ്രയോജനപ്പെടുന്നത് എന്നാണ്. മഹാത്മാഗാന്ധി ഉള്‍പ്പെടെയുള്ള സ്വാതന്ത്ര്യസമരനേതാക്കള്‍ കെട്ടിപ്പടുത്ത മതനിരപേക്ഷ ഇന്ത്യയെ വര്‍ഗീയമായി ചേരിതിരിച്ച് ഭിന്നിപ്പിക്കുകയാണ് മോഡി സര്‍ക്കാര്‍. 99 ശതമാനം ആളുകളെ സംബന്ധിച്ചിടത്തോളം മോഡി വാഴ്ച പേക്കിനാവായി മാറിയിരിക്കുകയാണ്. രണ്ടുമാസത്തിലേറെക്കാലം കോവിഡ് 19നെ നേരിടാനെന്ന പേരില്‍ അടച്ചിട്ട ഇന്ത്യയെ തുറന്നു പ്രവര്‍ത്തിപ്പിക്കുമ്പോള്‍ ജനസാമാന്യത്തിനു നല്‍കേണ്ട ആശ്വാസം, വ്യാപാര വ്യവസായശാലകളും കൃഷി ഇടങ്ങളും യാത്രാ സൗകര്യങ്ങളും ചലനക്ഷമമാക്കാന്‍ നല്‍കേണ്ട സഹായം - ഒന്നും മോഡി സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് എന്ന കിലുക്കാംപെട്ടി കിലുക്കിയാല്‍ എല്ലാ പ്രശ്നങ്ങളും തീര്‍ന്നു എന്ന കാഴ്ചപ്പാടാണ് നരേന്ദ്രമോഡി മന്ത്രിസഭക്കുള്ളത്.


വിമര്‍ശനം മോഡി സര്‍ക്കാരിനും ഭരണകക്ഷിക്കും എതിരായി രൂക്ഷമാകാതിരിക്കാന്‍ സംഘപരിവാരത്തെക്കൊണ്ട് നിത്യവും അസംബന്ധ പ്രലപനങ്ങള്‍ ചെയ്യിക്കുന്നുമുണ്ട്. മാര്‍ച്ച് 24നു രാത്രി പ്രധാനമന്ത്രി മോഡി, രാജ്യം കോവിഡ് 19നെ നേരിടാനായി അടച്ചിടുന്നു എന്നു പ്രഖ്യാപിച്ചപ്പോള്‍ ഫലപ്രദമായ നടപടികളുടെ തുടക്കമാണ് എന്നു പലരും പ്രതീക്ഷിച്ചു. മോഡിയുടെ രീതി അങ്ങനെയല്ല. പ്രഖ്യാപനങ്ങള്‍ മാത്രമാണ്. തുടര്‍ പ്രവര്‍ത്തനങ്ങളില്ല. നോട്ട് റദ്ദാക്കല്‍, ജിഎസ്ടി, കോവിഡ് 19 പാക്കേജ്- എല്ലാറ്റിലും കാണാവുന്ന രീതിശാസ്ത്രമാണ് അത്. അവയെല്ലാം ഉണ്ടയില്ലാ വെടികളായി എന്നു ജനങ്ങള്‍ അനുഭവത്തില്‍നിന്ന് അറിയുന്നു.