ജനങ്ങളോട് ഉത്തരവാദിത്വമില്ലാത്ത പ്രതിപക്ഷം

ജൂണ്‍ ആദ്യത്തെ ആഴ്ച ഇന്ത്യയിലെ കോവിഡ് 19 വ്യാപനത്തില്‍ ഒരു പുതിയ പ്രതിഭാസം ദൃശ്യമാകുന്നു. ഇതേവരെ വന്‍ നഗരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു രോഗവ്യാപനം. അന്യസംസ്ഥാന തൊഴിലാളികള്‍ രോഗബാധിത നഗരങ്ങളില്‍നിന്ന് ആദ്യം കാല്‍നടയായും പിന്നീട് വാഹനങ്ങളിലുമായി സ്വന്തം നാട്ടിലെത്തി തുടങ്ങിയതോടെ ബിഹാര്‍, ഝാര്‍ഖണ്ഡ്, യുപി, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ ഗ്രാമപ്രദേശങ്ങളില്‍ രോഗം പ്രത്യക്ഷപ്പെട്ടു തുടങ്ങി. യുപിയില്‍ ജൂണ്‍ 5നു രോഗബാധ പുതിയ പതനത്തിലെത്തി. മേല്‍പറഞ്ഞ പല സംസ്ഥാനങ്ങളിലും മറ്റും ഗ്രാമപ്രദേശങ്ങളില്‍ ചികിത്സാ സൗകര്യങ്ങളും രോഗവ്യാപന നിയന്ത്രണ സംവിധാനവും പരിമിതമാണ്. അത് കോവിഡ് 19നെ നിയന്ത്രിക്കുന്നതില്‍ രാജ്യത്ത് പുതിയ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു.
കേരളത്തിലും രോഗികളുടെ എണ്ണം ജൂണ്‍ മാസത്തില്‍ പുതിയ പതനത്തില്‍ എത്തിയിരിക്കുന്നു. ഈ വര്‍ധന പ്രത്യക്ഷത്തില്‍ ഉല്‍ക്കണ്ഠാജനകമാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളില്‍ ദിവസേനയുള്ള രോഗിവര്‍ധന അന്യരാജ്യങ്ങളില്‍നിന്നും സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ തിരിച്ചുവന്നുകൊണ്ടിരിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. 


പുറത്തുനിന്നുവരുന്നവരുടെ സംഖ്യ ദിവസേന ഇനിയും വര്‍ധിച്ചുകൊണ്ടിരിക്കും. പ്രതീക്ഷയുടെ പച്ചത്തുരുത്തായി അവര്‍ കേരളത്തെ കാണുന്നതുകൊണ്ടു കൂടിയാണ് ആ വരവ്. അവരില്‍ രോഗബാധിതരാകാന്‍ ഇടയുള്ളവര്‍ ഉണ്ടാകും. അവരാണ് ഇപ്പോള്‍ ദിവസേന രോഗബാധിതരായി കണ്ടെത്തുന്നവരില്‍ മഹാഭൂരിപക്ഷം. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരായി ഇവിടെ 10 ശതമാനത്തോളം പേരെ ഉള്ളൂ. 
ഒരു നിയന്ത്രണവും കൂടാതെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും രാജ്യങ്ങളില്‍നിന്നും മലയാളികളെ തിരിച്ചുകൊണ്ടുവരണം എന്ന് ആര്‍ത്തുവിളിച്ച് ആവശ്യപ്പെടുകയായിരുന്നല്ലോ പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടിക്കാരെല്ലാം. അവരുടെ  നേതൃത്വത്തില്‍ കര്‍ണാടകത്തില്‍നിന്ന് ബസ്സിലും മുംബൈയില്‍നിന്ന് തീവണ്ടിയിലുമായി ഒരു നിയന്ത്രണവും ഇല്ലാതെ ആളുകളെ കൊണ്ടുവരാന്‍ ശ്രമമുണ്ടായി. സര്‍ക്കാര്‍ അതിനെ എതിര്‍ത്തപ്പോള്‍ വ്യാപകമായ ജനപിന്തുണ അതിനു ലഭിച്ചു.


ഇതേവരെ ഇത്തരത്തില്‍ കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയതുകൊണ്ടാണ് ഇപ്പോഴും കേരളത്തില്‍ രോഗം നിയന്ത്രണവിധേയമായി തുടരുന്നത്. ഇതിനകം വന്നവരേക്കാള്‍ കൂടുതല്‍ പേരെ ഇനിയുള്ള മാസങ്ങളില്‍ പ്രതീക്ഷിക്കേണ്ടതുണ്ട്. പടിപടിയായിട്ടാണ് അവര്‍ വരുന്നത് എന്നതിനാല്‍ ഇപ്പോള്‍ ക്വാറന്‍റൈനിലും ചികിത്സയിലും ഉള്ള പലരും അതിനകം രോഗമുക്തരായി പുറത്തുവരും എന്നതിനാല്‍ സമൂഹവ്യാപനം എന്ന ഉല്‍ക്കണ്ഠക്ക് അവകാശമില്ല. ഇതേവരെ പാലിച്ച നിഷ്ഠകള്‍ അതേപടി പാലിക്കാന്‍ ജനങ്ങളെല്ലാം സന്നദ്ധരാകണം എന്നേയുള്ളൂ. അതില്‍ അയവുവന്നാല്‍ സ്ഥിതിഗതികള്‍ മാറാം. ആ ആശങ്കയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസങ്ങളിലെ മാധ്യമ സമ്മേളനങ്ങളില്‍ തുടര്‍ച്ചയായി പ്രകടിപ്പിക്കുന്നത്.
നമ്മുടേത് കാര്യവിവരമുള്ളവരുടെ ഒരു ജനാധിപത്യ വ്യവസ്ഥയാണ്. അതിന്‍റെ ഭാഗമാണ് അവകാശ - സ്വാതന്ത്ര്യബോധങ്ങള്‍ക്കൊപ്പം ഉത്തരവാദിത്വബോധവും. ആ ബോധത്തിന്‍റെ കൂടി ഫലമായാണ് നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ സമയക്ലിപ്തി ഇല്ലാതെ ആശുപത്രികളിലും മറ്റും സേവനം നടത്തുന്നത്. തദ്ദേശ ഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ജീവനക്കാരും പൊലീസുകാരും അവരില്‍ ഉപരിയായി സന്നദ്ധ പ്രവര്‍ത്തകരും ക്വാറന്‍റൈന്‍ പ്രവര്‍ത്തനത്തിലും മറ്റു സേവനങ്ങളിലും മുഴുകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാരും സംസ്ഥാന സര്‍ക്കാരിനുകീഴിലെ ഉദ്യോഗസ്ഥരും രാപകലില്ലാതെയാണ് ഈ പ്രവര്‍ത്തനങ്ങളിലും അതോടൊപ്പം സംസ്ഥാനത്തിന്‍റെ സാമൂഹ്യ - സാമ്പത്തികാദി പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നത്. കോവിഡ് 19 ബാധ ഉള്ളത് കണക്കിലെടുത്തുകൊണ്ടുതന്നെയാണ് വിദ്യാഭ്യാസം മുതലായി സമൂഹത്തിന്‍റെ ഭാവിയെ കരുതി നിര്‍ബന്ധമായും സമയബന്ധിതമായി നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ സമയോചിതമായി നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടെ മഴക്കാലം തുടങ്ങിയിരിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലും ആ കാലം കേരളത്തെ സംബന്ധിച്ചിടത്തോളം ദുരന്തങ്ങള്‍ സൃഷ്ടിച്ചു. അവ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികളിലും സംസ്ഥാനം ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നു.


സംസ്ഥാനത്ത് കാര്‍ഷിക-വ്യാവസായിക- സേവന പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടത്തിയാല്‍ മാത്രമേ ഏതാണ്ട് മൂന്നുമാസമായി മരവിച്ച ആ മേഖലകളെ ഊര്‍ജ്ജസ്വലവും ജനങ്ങളെ വരുമാനമുള്ളവരും അതുവഴി സംസ്ഥാന സര്‍ക്കാരിന്‍റെ വരുമാനം പൂര്‍വസ്ഥിതിയിലാക്കാനും കഴിയൂ. അതിനുള്ള ഊര്‍ജ്ജിതമായ നീക്കങ്ങളും ഇവിടെ സര്‍ക്കാര്‍ നടത്തിവരികയാണ്. അതിന്‍റെ ഭാഗമായാണ് ആദ്യം ചെറിയ കടകളും ഇപ്പോള്‍ മാളുകള്‍ വരെയും തുറന്നു പ്രവര്‍ത്തിക്കാനും ആരാധനാലയങ്ങള്‍ തുറക്കാനും അനുവദിച്ചത്. എല്ലാവരും സ്വയം നിയന്ത്രിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന താക്കീത് സര്‍ക്കാരിനുവേണ്ടി മുഖ്യമന്ത്രി ആവര്‍ത്തിച്ചു നല്‍കുന്നുമുണ്ട്.


ഇതിനു ഇടയാക്കുന്നത് പ്രതിപക്ഷ പാര്‍ടികളുടെ ഉത്തരവാദിത്വബോധമില്ലാത്ത സമീപനവും പ്രവര്‍ത്തനങ്ങളുമാണ്. അവയ്ക്കു സര്‍ക്കാരിനെ വിമര്‍ശിക്കാനും അതുവഴി തിരുത്താനും അവകാശം മാത്രമല്ല, ഉത്തരവാദിത്വവുമുണ്ട്. എന്നാല്‍, അവസാനം പറഞ്ഞത് അവ നിര്‍വഹിക്കുന്നില്ല. പലപ്പോഴും തിരിച്ചറിയുന്നുപോലുമില്ല. അതിനു തെളിവാണ് നിത്യേന സംഭവിക്കുന്ന പല കാര്യങ്ങളും സ്കൂളുകള്‍ സാധാരണ ജൂണ്‍ 1നു തുറക്കും. കേരളത്തില്‍  രോഗത്തിന്‍റെ സമൂഹവ്യാപനഭീതി ഉള്ളതിനാല്‍ അത് സാധ്യമല്ല. എന്നു തുറക്കാമെന്നുപോലും പറയാനാകാത്തതാണ് സ്ഥിതി. അതിനാല്‍ ജൂണ്‍ 1 മുതല്‍ ഓണ്‍ലൈന്‍ ക്ലാസ് നടത്താന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറെടുപ്പ് നടത്തി. ഏതാണ്ട് 5 ശതമാനം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യമില്ല എന്നുകണ്ട് ബദല്‍ സംവിധാനത്തിനു ഒരുങ്ങി. അതിനിടെ മലപ്പുറം ജില്ലയില്‍ ദേവിക എന്ന ദളിത് സമൂഹത്തില്‍പെട്ട കൊച്ചു മിടുക്കി ഈ സൗകര്യം തനിക്ക് ലഭിക്കില്ല എന്ന ആധിമൂത്ത് ആത്മഹത്യ ചെയ്തതായി വാര്‍ത്തവന്നു. പ്രതിപക്ഷം അതിന്‍റെ പേരില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ തുടങ്ങി. പ്രതിപക്ഷത്തിനു വലിയ സ്വാധീനമുള്ള ആ ജില്ലയില്‍ അവയുടെ നേതൃത്വത്തിലുള്ള തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കുള്ള ഉത്തരവാദിത്വം മറച്ചുവെച്ചുകൊണ്ടായിരുന്നു പ്രതിപക്ഷ വിമര്‍ശനം. ദേവികയുടെ ആത്മഹത്യ നമ്മുടെ സമൂഹം ഇനിയും മറികടക്കേണ്ട ഒരു പിന്നാക്കാവസ്ഥയുടെ നിദര്‍ശനമാണ്. അത് ആ രീതിയില്‍ കാണാന്‍ പ്രതിപക്ഷത്തിനു കഴിഞ്ഞില്ല.


ഇന്ത്യയിലാകെ കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ മദ്യവില്‍പന നിര്‍ത്തിവെച്ചിരുന്നു; ഇവിടെയും അടുത്തയിടെ കേന്ദ്രം മദ്യവില്‍പ്പന അനുവദിച്ച് മറ്റെല്ലാ സംസ്ഥാനങ്ങളിലും അത് നടപ്പാക്കിയശേഷമാണ് കേരളം മദ്യവില്‍പനക്ക് അനുമതി നല്‍കിയത്. എന്നിട്ടും അതിനെ ചൊല്ലി വഴക്കുണ്ടാക്കാനായിരുന്നു പ്രതിപക്ഷ നേതാവ് ശ്രമിച്ചത്. 


പമ്പയില്‍ ആറ്റില്‍ 2018ലെ പ്രളയകാലത്ത് അടിഞ്ഞുകൂടിയ മണലും ചേറും നിറഞ്ഞുകിടക്കുകയായിരുന്നു. ചേറെടുത്തു മാറ്റേണ്ടത് അവിടെ മഴക്കാലത്ത് വെള്ളം അതിരു കവിഞ്ഞൊഴുകുന്നതും പ്രളയത്തിനു കാരണമാകുന്നതും തടയാന്‍ അവശ്യം വേണ്ടതാണ്. അത് നടത്തിക്കാന്‍ ദുരിതനിവാരണ കമ്മിഷന്‍റെ ജില്ലാ അധ്യക്ഷനായ കലക്ടര്‍ക്ക് അധികാരമുണ്ട്. അതുപ്രകാരം നടപടി കൈക്കൊണ്ടതിനെ അഴിമതിയായി ചിത്രീകരിക്കാന്‍ പ്രതിപക്ഷനേതാവും മലയാള മനോരമയും മറ്റും ശ്രമം നടത്തി. ഹൈക്കോടതി പമ്പയിലെ മണല്‍ വാരി മാറ്റാന്‍ ശബരിമല ദേവസ്വം കമ്മിഷണറുടെ റിപ്പോര്‍ട്ടനുസരിച്ച് അനുവാദം നല്‍കിയിരുന്ന കാര്യം തുടര്‍ന്ന് പുറത്തുവന്നു.


ഇവിടത്തെ പ്രതിപക്ഷത്തിലെ യുഡിഎഫിന്‍റെ ചെയ്തികളാണ് മേല്‍പറഞ്ഞത്. മറ്റൊരു പ്രതിപക്ഷമായ ബിജെപി കേന്ദ്രത്തിലെ മന്ത്രിമാരുടെ നേതൃത്വത്തിലാണ് കേരള സര്‍ക്കാരിനുനേരെ കൊഞ്ഞനംകുത്തുന്നത്. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് റേഞ്ചില്‍ തിരുവിഴാംകുന്നില്‍ വെള്ളിയാറില്‍ ഗര്‍ഭിണിയായ ഒരു പെണ്ണാനക്കുണ്ടായ ദുരന്തം കേരളീയരെയാകെ നാണിപ്പിക്കുന്നതാണ്. ഒരു തോട്ടത്തിലുള്ളവര്‍ കാട്ടുപന്നിയെ ഉന്നംവെച്ച് വെച്ച പടക്കത്തിലെ കൈതച്ചക്ക തിന്നാന്‍ ശ്രമിച്ച ആനയുടെ വായയും നാവും പൊട്ടിത്തെറിച്ചു. അതിന്‍റെ വേദന സഹിക്കാതെ ആ ആന ആറ്റിലെ വെള്ളത്തില്‍ കിടന്നുചരിഞ്ഞു. മലപ്പുറം ജില്ലയിലാണ് ഈ സംഭവം എന്ന് ആരോപിച്ച് മുസ്ലീംവിരുദ്ധ പ്രചരണത്തിനു കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും മുന്‍മന്ത്രി മേനകാഗാന്ധിയും നടത്തിയ പ്രചരണം വര്‍ഗീയതകൊണ്ട് അറപ്പിക്കുന്നതാണ്. മുസ്ലീങ്ങള്‍ക്കെതിരായി ആര്‍എസ്എസ് - ബിജെപി നടത്തുന്ന കള്ളപ്രചരണത്തിന്‍റെ നാറുന്ന ദൃഷ്ടാന്തമാണ് ഇത്.
കേന്ദ്ര വിദേശ സഹമന്ത്രിയാണ് മലയാളിയായ വി മുരളീധരന്‍. വന്ദേ ഭാരത് പദ്ധതിപ്രകാരം വിദേശത്തുനിന്ന് മലയാളികളെ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിമാനങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കുന്നില്ല എന്നാണ് അദ്ദേഹം ആരോപിച്ചത്. കേന്ദ്ര സര്‍ക്കാരോ സ്വകാര്യ ഏജന്‍സികളോ നല്‍കിയ അപേക്ഷകളിലെല്ലാം കേരള സര്‍ക്കാര്‍ അനുമതി അനുവദിച്ച വിവരം വിശദാംശങ്ങളോടെ മുഖ്യമന്ത്രി വിശദീകരിച്ചതോടെ ആ വിമര്‍ശനത്തിന്‍റെ കാറ്റുപോയി. ഇതാദ്യമല്ല മുരളീധരന്‍ കേരള സര്‍ക്കാരിനെതിരെ ഇത്തരം കള്ളത്തരം പ്രചരിപ്പിക്കുന്നത്. ആര്‍എസ്എസ് - ബിജെപിയുടെ ആ രാഷ്ട്രീയക്കളി മന്ത്രിപദത്തിലിരുന്നു നടത്തി കേന്ദ്ര സര്‍ക്കാരിന്‍റെ തന്നെ വില കെടുത്തണമോ എന്ന് അദ്ദേഹവും കേന്ദ്ര സര്‍ക്കാരും ആലോചിക്കട്ടെ. $