സാമ്രാജ്യത്വത്തിനുമേല്‍ കര്‍ഷകരുടെ വിജയം
പ്രഭാത് പട്നായക്
സവിശേഷമായ ചില യുദ്ധങ്ങള്‍ക്ക് അവയുടെ ആസന്നമായ പശ്ചാത്തലത്തിനുമപ്പുറമുള്ള ഒരു പ്രാധാന്യം ഉണ്ടായിരിക്കും; അതിനെക്കുറിച്ച് യോദ്ധാക്കള്പോലും ആ സമയത്ത് പൂര്‍ണമായി ബോധവാന്മാരായിരിക്കില്ല. അത്തരത്തിലൊന്നാണ് പ്ലാസിയുദ്ധം; ഒരു ഭാഗത്തെ ജനറല്‍ മറുവശത്തിനെതിരായി തന്റെ സൈന്യത്തെ മുന്നോട്ടു കൊണ്ടുപോകാതിരിക്കുന്നതിനുവേണ്ടി അവരില്‍നിന്നും കൈക്കൂലി വാങ്ങിയിരുന്നതിനാല്‍ അതൊരു യുദ്ധംപോലുമായില്ല; എന്നിട്ടും അന്നത്തെ ആ ദിവസം പ്ലാസി കാടുകളില്‍ നടന്ന സംഭവങ്ങള്‍ ലോകചരിത്രത്തിലെ മൊത്തത്തിലുള്ള പുതിയൊരു യുഗത്തിനു തുടക്കം കുറിക്കുകയായിരുന്നു.
കര്‍ഷകപ്രസ്ഥാനവും മോഡി ഗവണ്മെന്റും തമ്മിലുള്ള യുദ്ധം ഇതേ ജനുസില്‍പെട്ടതാണ്. ഏറ്റവും സ്പഷ്ടമായ തലത്തില്‍ അതിനെ, സമരംചെയ്യുന്ന കര്‍ഷകര്‍ കാണിച്ച അവിശ്വസനീയമായ മനക്കരുത്തിനുമുന്നില്‍ മോഡി ഗവണ്മെന്റ് കീഴടങ്ങിയതായി കാണാവുന്നതാണ്. മറ്റൊരുതലത്തില്‍ അതിനെ നവലിബറലിസത്തിനേറ്റ തിരിച്ചടിയായി കാണാവുന്നതാണ്; കാരണം, കര്‍ഷക കേന്ദ്രിത കൃഷിയെ കോര്‍പറേറ്റുകളുടെ ആജ്ഞാനുവര്ത്തികളാക്കിക്കൊണ്ട് കാര്‍ഷികമേഖലയില്‍ കോര്‍പറേറ്റ് ആധിപത്യം സ്ഥാപിക്കുക എന്നത് നവലിബറല്‍ അജന്‍ഡയുടെ നിര്‍ണായക ഭാഗമാണ്; അതുതന്നെയാണ് കാര്‍ഷിക നിയമങ്ങള്‍വഴി നടപ്പാക്കാന്‍ തുനിഞ്ഞത്.
ഈ രണ്ട് കാഴ്ചപ്പാടുകളും തീര്‍ച്ചയായും ശരിയാണ്. പക്ഷേ ഈ രണ്ടു തലങ്ങള്‍ക്കുമപ്പുറം മൂന്നാമതൊരു തലം കൂടിയുണ്ട്; കര്‍ഷക വിജയത്തിന് മഹത്തായ പ്രാധാന്യമുണ്ടെന്ന് കാണിക്കുന്ന ആ മൂന്നാം തലത്തെക്കുറിച്ച് പക്ഷേ, കാര്യമായി ആരും പറഞ്ഞുകേട്ടില്ല. വളരെ പ്രാഥമികമായ അര്‍ഥത്തില്‍ സാമ്രാജ്യത്വത്തിനേറ്റ തിരിച്ചടിയാണ് കര്‍ഷകരുടെ വിജയം എന്ന വസ്തുതയുമായി ബന്ധപ്പെട്ടതാണിത്. അതുകൊണ്ടുതന്നെ മോഡി ഗവണ്മെന്റിന്റെ കീഴടങ്ങലിനെ പാശ്ചാത്യ മാധ്യമങ്ങള്‍ ഇത്രയേറെ വിമര്‍ശിക്കുന്നതില്‍ അധികമാരും അത്ഭുതപ്പെടുകയില്ല.
ഭൂമിയിലാകമാനമുള്ള ഭക്ഷ്യ സ്രോതസുകളും അസംസ്കൃതവസ്തുക്കളുടെ സ്രോതസുകളുമാകെ സാമ്രാജ്യത്വത്തിന് കൈക്കലാക്കണം എന്നതുപോലെതന്നെ, ലോകത്താകെയുള്ള ഫോസില്‍ ഇന്ധനങ്ങളുടെ സ്രോതസുകളെല്ലാം സാമ്രാജ്യത്വത്തിന് അതിന്റെ നിയന്ത്രണത്തിലാക്കണം എന്നതുപോലെതന്നെ, അതിന് ലോകത്താകെയുള്ള ഭൂവിനിയോഗം മുഴുവനും അതിന്റെ നിയന്ത്രണത്തിലാക്കണം; ഉഷ്ണമേഖലയിലും അതിനോടടുത്തുമായി പരന്നുകിടക്കുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ഭൂവിനിയോഗത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും; വികസിത മുതലാളിത്തരാജ്യങ്ങള്‍ സ്ഥിതിചെയ്യുന്ന ശീതോഷ്ണ മേഖലയില്‍ വളരാത്ത വിളകള്‍ ഈ മൂന്നാംലോക രാജ്യങ്ങളിലെ ഭൂമിയില്‍ വളരും എന്നതാണതിനു കാരണം.
തങ്ങളുടേതായ ലാഭത്തിനായി ലോകത്താകെയുള്ള ഭൂവിനിയോഗം നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള ഉദാത്തമായ ആയുധം വികസിത ലോകത്തിന് കൊളോണിയലിസം നല്‍കിയിട്ടുണ്ട്. ഈ ആയുധം ഇന്ത്യയില്‍ നിര്ലജ്ജമായവിധം ഉപയോഗിച്ചിരുന്നു. നിശ്ചിത തീയതികളിലായി കര്‍ഷകര്‍ക്ക് (അവര്ക്കാകെയുണ്ടായിരുന്ന ഭൂമിയും നഷ്ടപ്പെട്ടു) കൊളോണിയല്‍ ഗവണ്മെന്റിന്റെ റവന്യു ഡിമാന്റുകള്‍ നിറവേറ്റേണ്ടിവന്നതിനാല്, ഈ ഡിമാന്റുകള്‍ നിറവേറ്റുന്നതിന് അവര്‍ വ്യാപാരികളില്‍നിന്നും മുന്‍കൂര്‍ പണം വാങ്ങുകയും, പകരമായി വ്യാപാരികള്ക്കാവശ്യമായിട്ടുള്ള വിളകള്‍ കൃഷിചെയ്യുകയും മുന്‍കൂട്ടി തീരുമാനിച്ച കരാര്വിലയ്ക്ക് അത് വ്യാപാരികള്‍ക്ക് വില്‍ക്കുകയും ചെയ്തു; അങ്ങനെ വികസിത ലോകത്ത് വമ്പിച്ച ഡിമാന്റുള്ള ഈ വിളകളുടെ ഉത്പാദനത്തെ ഈ വ്യാപാരികള്‍ നിയന്ത്രിച്ചു. മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍, കറുപ്പിന്റെ കാര്യത്തിലെന്നപോലെ ആ വിള കൃഷിചെയ്യുന്നതിനുവേണ്ടി മുന്‍കൂര്‍ പണം വാങ്ങാന്‍ ഈസ്റ്റിന്ത്യാ കമ്പനിയുടെ ഏജന്റുമാര്‍ കര്‍ഷകരെ നിര്‍ബന്ധിച്ചു.
അങ്ങനെ വികസിതലോകം ഭൂവിനിയോഗത്തെ നിയന്ത്രിച്ചു; ഭക്ഷ്യധാന്യ ഉത്പാദനം മാറ്റി പകരം കര്‍ഷകര്‍ അതുവരെ കൃഷിചെയ്തിട്ടില്ലാത്ത നീലം, കറുപ്പ്, പരുത്തി മുതലായവ മണ്ണില്‍ നട്ടുവളര്‍ത്താന്‍ വികസിതലോകം അവരെ നിര്‍ബന്ധിതരാക്കി; കൊളോണിയല്‍ ഭരണാധികാരികള്‍ക്ക് കര്‍ഷകര്‍തന്നെ കൈമാറിയ അതേ റവന്യുവില്നിന്നും എന്തെങ്കിലുമൊക്കെ കര്‍ഷകര്‍ക്ക് നല്കുന്നു എന്നതുകൊണ്ടുതന്നെ വികസിതലോകത്തിന്റെ ഔദാര്യമാണ് കര്‍ഷകര്‍ക്ക് കിട്ടിയിരുന്നത് എന്നതാണ് സത്യം. കോളനി രാജ്യങ്ങള്‍ തങ്ങളുടെ അനുബന്ധ കോളനികളില്‍നിന്നും ഇത്തരം ചരക്കുകള്‍ തങ്ങള്ക്കാവശ്യമുള്ളത്രയും ഊറ്റിയെടുത്തിട്ട് ബാക്കി കച്ചവടം ചെയ്തു; ത്രികക്ഷി വ്യാപാരത്തിലൂടെ കമ്മി നികത്തുന്നതിനുവേണ്ടി ഉള്‍പ്പെടെയായിരുന്നു ഇങ്ങനെ കച്ചവടംചെയ്തത് (അതായത് കറുപ്പ് ഇന്ത്യയില്‍ ബലമായി വളര്‍ത്തിയെടുക്കുക, അത് ചൈനയിലേക്ക് കയറ്റുമതിചയ്യുകയും ഉപഭോഗംചെയ്യുവാന് അവിടുത്തെ ജനതയെ നിര്‍ബന്ധിതരാക്കുകയും ചെയ്യുക, അങ്ങനെ ആ രാജ്യവുമായുള്ള ബ്രിട്ടന്റെ വ്യാപാരക്കമ്മി നികത്തുക). കര്‍ഷകര്‍ നിര്‍ദയം ചൂഷണംചെയ്യപ്പെട്ടു. നീലം കര്‍ഷകരുടെ ദുരിതാവസ്ഥ, 19-ാം നൂറ്റാണ്ടില്‍ ദിനബന്ധുമിത്രയെഴുതിയ നീല്‍ ദര്‍പ്പണ്‍ എന്ന ബംഗാളി നാടകത്തില്‍ വളരെ തീവ്രവും സ്പഷ്ടവുമായി പ്രതിപാദിച്ചിട്ടുണ്ട്; നാടകം കളിക്കുമ്പോള്‍ കാണികളുടെ കൂട്ടത്തിലിരുന്ന ഈശ്വരചന്ദ്ര വിദ്യാസാഗര്‍ എന്ന മഹാനായ സാമൂഹിക പരിഷ്കര്‍ത്താവ് തോട്ടമുടമയുടെ-വ്യാപാരിയുടെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടിരുന്ന അഭിനേതാവിനുനേരെ തന്റെ ചെരുപ്പൂരി എറിയുകപോലുമുണ്ടായി.
കര്‍ഷകര്‍ക്കുമേല്‍ റവന്യു ഡിമാന്റുകള്‍ കര്‍ക്കശമായി അടിച്ചേല്പിക്കുകയും, അവര്‍ക്ക് മുന്‍കൂര്‍ പണം വായ്പ നല്‍കുന്നതിന് വ്യാപാരികളെ തയ്യാറാക്കി നിര്‍ത്തുകയും അതുവഴി ഉല്പാദനരീതിയെ സ്വാധീനിക്കുകയും, കര്‍ഷകര്‍ അടച്ച അതേ നികുതിപ്പണംകൊണ്ട് ആ വിളകള്‍ വാങ്ങുകയും ചെയ്യുന്ന ഈ സംവിധാനം ഇന്ന് വികസിതലോകത്തിന് സ്വായത്തമല്ല; ഭക്ഷ്യധാന്യങ്ങള്‍ക്ക് താങ്ങുവില അനുവദിച്ച രൂപത്തില്‍ സ്വാതന്ത്ര്യാനന്തര ഡിരിജിസ്തെ വാഴ്ചക്കാലത്ത് (സാമൂഹികവും സാമ്പത്തികവുമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുന്ന ഭരണസംവിധാനം) കര്‍ഷക കേന്ദ്രിത കൃഷിക്കു നല്കിയ സംരക്ഷണം, കൃഷിചെയ്യുന്ന ഉല്പന്നത്തിന്റെ മിശ്രിതത്തിന്മേലുള്ള വികസിത ലോകത്തിന്റെ ആധിപത്യത്തെ കര്‍ഷകര്‍ വിസ്മരിക്കുന്നതിന് കാരണമായി.
ഇന്ന് വികസിതലോകത്തിന് ഭക്ഷ്യധാന്യങ്ങള്‍ ആവശ്യമില്ല; എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള, പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള വിലയ്ക്ക് ഗവണ്മെന്റ് ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതുമൂലം കര്‍ഷകരെ ഭക്ഷ്യധാന്യോത്പാദനത്തില്നിന്നും മാറ്റി തങ്ങള്‍ക്കാവശ്യമുള്ള വിളകള്‍ ഉത്പാദിപ്പിക്കുന്നതിലേക്കെത്തിക്കാന് വികസിതലോകത്തിന് സാധിക്കുന്നില്ല. നവലിബറല്‍ അജന്‍ഡ അനിവാര്യമാക്കിതീര്ക്കുന്ന, ധനപരമായ ചെലവുചുരുക്കല്വഴി അധ്വാനിക്കുന്ന ജനങ്ങളുടെ വരുമാനം കുറയ്ക്കുന്നതിലൂടെ ഭക്ഷ്യധാന്യങ്ങള്‍ക്കുള്ള ആഭ്യന്തര ഡിമാന്‍ഡ് കുറയ്ക്കുന്നതും ഈ സാഹചര്യത്തില്‍ സാമ്രാജ്യത്വത്തെ സഹായിക്കുകയില്ല; കാരണം അത് ഭക്ഷ്യധാന്യ ഉല്പാദനത്തെ കുറയ്ക്കുകയോ ഭൂവിനിയോഗത്തിന്റെ രീതിയെ മാറ്റുകയോ ചെയ്യാതെ ഗവണ്മെന്റിന്റെ കൈവശമുള്ള ഭക്ഷ്യധാന്യശേഖരം കുന്നുകൂട്ടുക മാത്രമേ ചെയ്യുകയുള്ളു. അതുകൊണ്ട് സാമ്രാജ്യത്വത്തിന് വേണ്ടതെന്തെന്നാല്‍, താങ്ങുവില സംവിധാനത്തിന്റെ പൂര്‍ണമായ നിരോധനവും, ഒപ്പം കര്‍ഷക ജനതയുടെ കൃഷി-വിള സംബന്ധമായ തീരുമാനങ്ങളില്‍ സ്വാധീനംചെലുത്തുന്നതിനുള്ള ഒരു ബദല്‍ സംവിധാനവുമാണ്.
മോഡി ഗവണ്മെന്റിന്റെ "അതി ദേശീയതാ" വാചകമടികള്ക്കുപിന്നില് ഒളിപ്പിച്ചുവച്ചിട്ടുള്ള സാമ്രാജ്യത്വ താല്പര്യങ്ങള് സംരക്ഷിക്കുന്നതിനായി പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ കൃത്യമായും ഇത് നേടുകയെന്ന ലക്ഷ്യത്തോടെ കൊണ്ടുവന്നതാണ്. അവ കാര്‍ഷികമേഖലയുടെ കോര്‍പറേറ്റുവല്‍ക്കരണം ലക്ഷ്യമാക്കിയുള്ളവയാണ്; ഫലത്തില്‍ അവ ഭൂവിനിയോഗത്തില്‍ വികസിത മുതലാളിത്തലോകത്തിന്റെ നിയന്ത്രണം കൊണ്ടുവരുന്നതാണ്; തങ്ങള്‍ക്ക് വന്‍ ലാഭമുണ്ടാക്കാനാകുന്നതെന്ന് കൃത്യമായ കമ്പോള സൂചന ലഭിച്ച വിളകള്‍ കൃഷിചെയ്യാന്‍ കോര്‍പറേറ്റുകള്‍ കര്‍ഷകരെ നിര്‍ബന്ധിതരാക്കും. വികസിത രാജ്യങ്ങളില്‍നിന്നുള്ള ഡിമാന്‍ഡുകള്‍ക്കനുസരിച്ച് മൂന്നാംലോകത്തെ ഭൂവിനിയോഗത്തെ ക്രമീകരിക്കുകയെന്നതാണ് ഇതിനര്‍ഥം. ഈ ലക്ഷ്യംനേടുന്നതിന് സാമ്രാജ്യത്വം ഏതു മാര്‍ഗവും ഉപയോഗിക്കും; കര്‍ഷകര്‍ക്ക് സര്‍ക്കാരിന്റെ വില പിന്തുണ ലഭിക്കാതിരിക്കുന്നത് എത്രത്തോളം നല്ലതാണെന്ന് അക്കാദമിക രംഗത്തെയും മാധ്യമങ്ങളിലെയും സാമ്രാജ്യത്വത്തിന്റെ പെട്ടിപ്പാട്ടുകാരെ ഉപയോഗിച്ച് പ്രചാരണം നടത്തുകയുണ്ടായി. എന്നാല്‍ അവര്‍ക്കതില്‍ വിജയിക്കാനായില്ല.
ഈ മൂന്ന് നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ ശക്തമായ ചെറുത്തുനില്പിനുമുന്നില് ഒടുവില്‍ മോഡി ഗവണ്മെന്റിനു മുട്ടുമടക്കേണ്ടതായി വന്നു. പക്ഷേ കേവലം നിയമങ്ങള്‍ പിന്‍വലിച്ചതുകൊണ്ടുമാത്രം സ്വമേധയാ പൂര്‍വസ്ഥിതി പ്രാപിക്കാനിടയില്ല; അങ്ങനെ ഉണ്ടാകണമെന്നുണ്ടെങ്കില്‍ ഇപ്പോള്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്നതുപോലെ താങ്ങുവിലയെന്നത് കൃത്യമായും നിയമപരമായ അവകാശമാക്കി മാറ്റണം. മൂന്നു നിയമങ്ങള്‍ റദ്ദാക്കിയതിനുശേഷം മുന്‍പത്തെപോലെ നിശ്ചിത സ്ഥലങ്ങളില്‍ മാത്രം ഭക്ഷ്യധാന്യ വിപണികള്‍ നിലവില്‍ വരികയാണെങ്കില്‍പോലും-അതായത് സര്‍ക്കാര്‍ ഏജന്റുമാര്‍ക്ക് കൊടുക്കല്വാങ്ങലുകള്ക്കാകെ മേല്‍നോട്ടം വഹിക്കാന്‍ കഴിയുന്ന മണ്ഡികള്‍ നിലവില്വന്നാല്പോലും കര്‍ഷകര്‍ക്ക് ചെലവായ തുകയെങ്കിലും മിനിമം വിലയായി ലഭിക്കുമെന്ന് ഉറപ്പാക്കാനും ഒരു നിശ്ചിത തുക ലാഭമുണ്ടാക്കാനും കഴിയില്ല; അതിന് താങ്ങുവില സമ്പ്രദായം ഉണ്ടാകണം.
മറ്റുവാക്കുകളില്‍ പറഞ്ഞാല്‍, മണ്ഡികള്ക്കുപുറമെയുള്ള മറ്റു സ്ഥലങ്ങളില്‍ ഭക്ഷ്യധാന്യ വിപണനം അനുവദിക്കുകയാണെങ്കില്‍ (അങ്ങനെയായാല്‍ സര്‍ക്കാര്‍ മേല്‍നോട്ടം നടപ്പാക്കാനാവില്ല), ഔപചാരികമായി പിന്നീട് താങ്ങുവില പ്രഖ്യാപിക്കുകയാണെങ്കില്പോലും അത് നിയമപ്രകാരം നടപ്പാക്കാനാവില്ല; മറിച്ചുള്ള പ്രചരണം ശരിയല്ല; സര്‍ക്കാരിന്റെ മേല്‍നോട്ടം നിയമപ്രകാരം നിര്‍ബന്ധിതമാക്കുന്നതിലൂടെ (പുതിയ നിയമങ്ങള്‍ റദ്ദാക്കിയതോടെ അത് നിലവില്‍വരും) താങ്ങുവില സമ്പ്രദായം സ്വമേധയാ നിലവില്വരില്ല. താങ്ങുവില സമ്പ്രദായം പ്രത്യേകമായി നിയമപ്രകാരം കൊണ്ടുവന്നേ കഴിയൂ. ഇതിനായി നിയമനിര്‍മാണം നടത്തണമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്; അങ്ങനെയായാല്‍ ഗവണ്മെന്റിന് അത്തരമൊരു സംവിധാനത്തെ തോന്നുമ്പോള്‍ അടച്ചുപൂട്ടാനാവില്ല.
ബിജെപി ഗവണ്മെന്റിന്റെ കുപ്രസിദ്ധിയാര്‍ജിച്ച കാപട്യം കാരണമാണ് ഇത്തരമൊരു നിയമം അടിയന്തരമായും ആവശ്യമായി മാറുന്നത്. മൂന്ന് കാര്‍ഷിക നിയമങ്ങളെ ഔപചാരികമായി റദ്ദാക്കുമ്പോള്പോലും ഗവണ്മെന്റിന് മറ്റു മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ശ്രമം തുടരാന്‍ കഴിയും.
എന്നാല്‍ ഇത്തരത്തിലുള്ള ഹീനമായ നടപടികളെ തടഞ്ഞുനിര്‍ത്താന്‍ കഴിഞ്ഞതിലൂടെ കര്‍ഷകര്‍ നിര്‍ണായകമായ ഒരു പോരാട്ടത്തില്‍ വിജയംവരിച്ചിരിക്കുകയാണ്; ഉഷ്ണമേഖലയിലുള്ളതും ഉഷ്ണമേഖലയോടടുത്തുള്ളതുമായ രാജ്യത്തെ ഗണ്യമായ ഭൂവിഭാഗം സാമ്രാജ്യത്വത്തിന്റെ നിയന്ത്രണത്തില്പെടുന്നതില്നിന്നും മാറ്റിനിര്‍ത്തുന്നതിനുള്ള പോരാട്ടം. ഈ വിജയത്തിന്റെ രണ്ടു സവിശേഷതകളെക്കുറിച്ച് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.
ഒന്നാമത്തേത് ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ച് ഒറ്റപ്പെടുത്തി ജനകീയ പ്രക്ഷോഭത്തിനുള്ള സാധ്യതയെ വലിയതോതില്‍ നിയന്ത്രിക്കുകയാണ് നവലിബറലിസം എന്ന വസ്തുതയുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ഇത്തരം പ്രക്ഷോഭങ്ങള്‍ക്ക് ശ്രദ്ധേയമായ സാമൂഹിക പിന്തുണ കെട്ടിപ്പടുക്കുന്നതിനെയും അത് തടയുകയാണ്. ഈ കാലഘട്ടത്തിലാകെ ബഹുജനങ്ങള്‍ സുദീര്‍ഘമായ പണിമുടക്കുകളും ഘെരാവൊകളും പോലെയുള്ള പ്രത്യക്ഷ പ്രക്ഷോഭത്തിലൂടെ മാത്രമല്ല, മറിച്ച് ലാറ്റിനമേരിക്കയിലെപോലെ രാഷ്ട്രീയാധികാരം പിടിച്ചെടുക്കുന്നതിന് ബദല്‍ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തുകൊണ്ട് പരോക്ഷമായ രാഷ്ട്രീയ മാര്‍ഗങ്ങളിലൂടെയും നവലിബറല്‍ നടപടികളെ പൊതുവെ എതിര്‍ത്തുകൊണ്ടിരിക്കുകയാണ്. നവലിബറലിസത്തോട് എതിര്‍പ്പുള്ള ഗവണ്മെന്റുകള് അധികാരത്തിലെത്തുമ്പോള്‍, വിദേശനാണയ പ്രതിസന്ധിമുതല് സാമ്രാജ്യത്വം അടിച്ചേല്പിക്കുന്ന ഉപരോധംവരെയുള്ള ഒട്ടേറെ തടസങ്ങളെ നേരിടേണ്ടതായി വരുന്നു. ഈ തടസങ്ങള്‍മൂലം ഇത്തരം പല ഗവണ്മെന്റുകളും നവലിബറല്‍ നയങ്ങള്‍ നടപ്പാക്കാന്‍ തയ്യാറാകുന്നുപോലുമുണ്ട്.
ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭം ഒരു വ്യത്യസ്തത രേഖപ്പെടുത്തുന്നത്. ആസന്നമായ തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്കെതിരെ പ്രവര്‍ത്തിച്ചുകൊണ്ട് രാഷ്ട്രീയ വെല്ലുവിളി ഉയര്‍ത്തുമ്പോള്‍തന്നെ അത് പ്രത്യക്ഷ പ്രക്ഷോഭത്തെയും ആശ്രയിക്കുന്നു. നവലിബറലിസത്തിനെതിരെയുള്ള അപൂര്‍വങ്ങളില്‍ അപൂര്‍വമായ നടപടിയാണിത്.
രണ്ടാമത്തേത് കര്‍ഷകര്‍ നടത്തിയ പ്രത്യക്ഷ പ്രക്ഷോഭത്തിന്റെ ദൈര്‍ഘ്യമാണ്. ഒരു വര്‍ഷം മുഴുവന്‍ അവര്‍ ഡല്‍ഹിയില്‍ തമ്പടിച്ചു. അവര്‍ക്കെങ്ങനെയാണ് ഈ മഹത്തായ നേട്ടം കൈവരിക്കാനായത് എന്ന കാര്യം ഭാവിയിലെ ഗവേഷകര്‍ കൃത്യമായി വെളിച്ചത്തു കൊണ്ടുവരികതന്നെ ചെയ്യും. എന്നാല്‍ ഈ സാഹസിക കൃത്യം ആഘോഷിക്കപ്പെടേണ്ടതുതന്നെയാണ് •