കര്‍ഷകപ്രക്ഷോഭം: ഭാവിപോരാട്ടങ്ങള്‍ക്ക് മാതൃക
സാജന് എവുജിന്‍
പരിപൂര്‍ണമായ ഐക്യം തുടക്കം മുതല്‍ അവസാനം വരെ കാത്തുസൂക്ഷിക്കാന്‍ കഴിഞ്ഞുവെന്നതാണ് കര്‍ഷകസമരത്തിന്റെ ഏറ്റവും വലിയ വിജയം. ഇത്രയും ദീര്‍ഘവും വിപുലവുമായ പ്രക്ഷോഭത്തില്‍ അഭിപ്രായ ഭിന്നതകളും വിയോജിപ്പും പരസ്യമായ പൊട്ടിത്തെറിയിലേയ്ക്ക് നീങ്ങാന്‍ സാധ്യത ഏറെയായിരുന്നു. 500ല്‍പരം സംഘടനകളുടെ പൊതുവേദിയായ സംയുക്ത കിസാന്‍ മോര്‍ച്ച രാജ്യത്തിന്റെ വൈവിധ്യത്തിന്റെ നേര്ച്ഛേദമായിരുന്നു. നാനാത്വത്തില്‍ ഏകത്വം എന്ന ആശയം അതിന്റെ കൃത്യമായ അര്‍ഥത്തില്‍ പരിപാലിക്കാന്‍ കിസാന്‍ മോര്‍ച്ചയ്ക്ക് സാധിച്ചു. സമരം ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിതരായ കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ച കരട് നിര്‍ദേശങ്ങളോട് പ്രതികരിക്കുന്നതിലും കിസാന്‍ മോര്‍ച്ച ഐക്യത്തിന്റെ കരുത്ത് പ്രദര്‍ശിപ്പിച്ചു.
കര്‍ഷകസമരത്തെ തുടര്‍ന്ന് രാഷ്ട്രീയ ഒറ്റപ്പെടല്‍ നേരിട്ടപ്പോഴാണ് ബിജെപിയും കേന്ദ്രസര്‍ക്കാരും ഒത്തുതീര്‍പ്പിനു സന്നദ്ധരായത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ആദ്യം നടക്കേണ്ട നിയമസഭ തിരഞ്ഞെടുപ്പുകളുടെ പ്രചാരണത്തിനു തുടക്കം കുറിച്ച ബിജെപി ജനവികാരം എതിരാണെന്ന് തിരിച്ചറിഞ്ഞു. കഴിഞ്ഞ ഒക്ടോബര്‍ 30നു വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതിരഞ്ഞെടുപ്പുകളിലെ ഫലവും ബിജെപിയുടെ പിടിവാശിക്ക് ഇളക്കം തട്ടാന്‍ കാരണമായി. ഭാരതീയ കിസാന്‍ യൂണിയന്(ബികെയു) നേതാവ് യുദ്ധ്വീര്‍ സിങ് വഴി ആഭ്യന്തരമന്ത്രി അമിത് ഷായാണ് കിസാന്‍ മോര്‍ച്ച നേതൃത്വത്തെ സമീപിച്ചത്. ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ തയ്യാറാണെന്നും തുടര്‍ന്നുള്ള ആശയവിനിമയം സുഗമമാക്കാന്‍ കിസാന്‍ മോര്‍ച്ച ഉപസമിതി രൂപീകരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ഇതേതുടര്‍ന്ന് കിസാന്‍ മോര്‍ച്ച യോഗം ചേര്‍ന്ന് അഖിലേന്ത്യ കിസാന്‍സഭ അധ്യക്ഷന്‍ ഡോ. അശോക് ധാവ്ളെ, ബല്‍ബീര്‍ സിങ് റജേവല്, ഗുര്‍ണാം സിങ് ചദൂനി, ശിവ്കുമാര്‍ കാക്ക, യുദ്ധ്വീര്‍ സിങ് എന്നിവര്‍ അടങ്ങിയ ഉപസമിതിക്ക് രൂപം നല്കി.
കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതിനു പിന്നാലെ കര്‍ഷകര്‍ ആറ് ആവശ്യങ്ങളാണ് മുന്നോട്ടുവച്ചത്. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഹിമാചല്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്, ചണ്ഡീഗഡ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ക്കും സമരത്തിനു പിന്തുണ നല്കിയവര്ക്കും എതിരായി എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുക, സമരത്തിനിടെ ജീവന് നഷ്ടമായ 708 കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുകയും ഇവര്‍ക്ക് സ്മാരകം നിര്‍മിക്കാന്‍ ഭൂമി അനുവദിക്കുകയും ചെയ്യുക, ലഖിംപുര്‍ ഖേരി കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍നിന്ന് പുറത്താക്കുക, മിനിമം താങ്ങുവില നിയമപരമാക്കുക, വൈദ്യുതി മേഖല സ്വകാര്യവല്‍ക്കരണ ബില്‍, തലസ്ഥാന നഗര മലിനീകരണ നിയമത്തിലെ കര്‍ഷകദ്രോഹ വ്യവസ്ഥകള്‍ എന്നിവ പിന്‍വലിക്കുക തുടങ്ങിയവയായിരുന്നു ഈ ആവശ്യങ്ങള്‍. ഇവയില്‍ ഭൂരിപക്ഷവും അതേപടി അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായെങ്കിലും ചില കാര്യങ്ങളില്‍ അവ്യക്തത തുടര്‍ന്നു. ഇതേപ്പറ്റി ഉപസമിതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം തേടി. ഇതിനുള്ള മറുപടിയായി പുതുക്കിയ കരട് നിര്‍ദേശങ്ങള്‍ കേന്ദ്രം നല്കി. പുതുക്കിയ കരട് കിസാന്‍ മോര്‍ച്ച ഉപസമിതി വീണ്ടും പരിശോധിച്ചു. തുടര്‍ന്ന് സിംഘുവില്‍ വിപുലീകൃത യോഗം ചേര്‍ന്ന് കരട് സ്വീകാര്യമാണെന്ന തീരുമാനത്തിലെത്തി. നിര്‍ദേശങ്ങള്‍ സ്വീകാര്യമാണെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച കേന്ദ്രത്തെ അറിയിച്ചു. ഇത്രയും ജനാധിപത്യപരമായും സുതാര്യതയോടുമാണ് കിസാന്‍ മോര്‍ച്ചയുടെ അഭിപ്രായ രൂപീകരണ പ്രക്രിയ.
സമരത്തെക്കുറിച്ച് ബിജെപി നേതാക്കളും കേന്ദ്രസര്‍ക്കാരും ഉന്നയിച്ച ആക്ഷേപങ്ങളും മറ്റു ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്ന ആശങ്കകളും അപ്പാടെ ദുരീകരിക്കുന്നതാണ് ഈ ജനാധിപത്യ പ്രക്രിയ. പ്രക്ഷോഭകര്‍ ആരുടെയും കളിപ്പാവകളല്ല. സ്വന്തം ജീവിതാനുഭവങ്ങളില്‍നിന്നാണ് കര്‍ഷകര്‍ നീണ്ട സമരത്തിനു പ്രേരിതരായത്. കിസാന്‍ മോര്‍ച്ചയിലെ ഓരോ അംഗ സംഘടനയ്ക്കും അഭിപ്രായം രേഖപ്പെടുത്താന്‍ അവസരമുണ്ട്. നിക്ഷിപ്ത താല്പര്യങ്ങള്ക്ക് ഇവിടെ സ്ഥാനമില്ല. കേന്ദ്രസര്‍ക്കാരിന്റെ അജന്‍ഡയെക്കുറിച്ച് കര്‍ഷകര്‍ക്ക് വ്യക്തമായ ധാരണയുണ്ട്. ഇതെല്ലാം രാജ്യത്തെ ബോധ്യപ്പെടുത്തുന്നതിലും കര്‍ഷകസമരം വിജയം കണ്ടു.
അതേസമയം രാഷ്ട്രീയ തിരിച്ചടിയെ തുടര്‍ന്ന് പിന്മാറ്റത്തിനു വഴങ്ങിയ കേന്ദ്രസര്‍ക്കാര്‍ പുതിയ അവസരങ്ങള്‍ കാത്തിരിക്കുകയാണെന്ന് ഉറപ്പാണ്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കാന്‍ കൊണ്ടുവന്ന ബില്ലിന്റെ ഘടന ഇതിനു തെളിവാണ്. മൂന്ന് പേജ് ബില്ലില്‍ രണ്ട് പേജും കാര്‍ഷികനിയമങ്ങളെ ന്യായീകരിക്കുന്നു. മുന്‍കാല സര്‍ക്കാരുകളും ഇതേ നിയമങ്ങള്‍ നടപ്പാക്കാന്‍ ആഗ്രഹിച്ചിരുന്നെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന്റെ ഗുണഫലങ്ങള്‍ കര്‍ഷകരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. നിയമങ്ങള്‍ നടപ്പാക്കുന്നത് സുപ്രീംകോടതി തടയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമങ്ങള്‍ പിന്‍വലിക്കുന്നതെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. കാര്‍ഷികവായ്പകള്‍ നല്കാന് എസ്ബിഐയും അദാനി ക്യാപിറ്റലും തമ്മില്‍ കരാര്‍ ഒപ്പിട്ടതും സര്‍ക്കാരിന്റെ മുന്‍ഗണനകള്‍ വ്യക്തമാക്കുന്നു. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിച്ചതില്‍ കോര്‍പറേറ്റുകള്‍ ക്ഷുഭിതരാണ്. 'ഹിന്ദുസ്ഥാന്‍ ടൈംസ്', 'ടൈംസ് ഓഫ് ഇന്ത്യ' പോലുള്ള പത്രങ്ങള്‍ സര്‍ക്കാരിനെതിരെ മുഖപ്രസംഗങ്ങളില്‍ രോഷം പ്രകടിപ്പിക്കുകയും ചെയ്തു. കോര്‍പറേറ്റുകളെ പ്രീതിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് എസ്ബിഐയെ അദാനിയുടെ തൊഴുത്തില്‍ കെട്ടിയ വിചിത്രമായ നടപടി. ഗ്രാമീണ മേഖലയില്‍ എസ്ബിഐയുടെ സാന്നിധ്യം ശക്തിപ്പെടുത്താനാണത്രേ ഈ വിചിത്ര കരാര്‍. എസ്ബിഐക്ക് രാജ്യമെമ്പാടുമായി 25,000ഓളം ശാഖയുണ്ട്. 48 ലക്ഷം കോടി രൂപയാണ് ആസ്തി. 2017ല്‍ സ്ഥാപിതമായ അദാനി ക്യാപിറ്റലിനു ആറ് സംസ്ഥാനത്തായി 63 ശാഖ മാത്രമാണ്. മൊത്തം ആസ്തി 1,292 കോടി രൂപയും.
കാര്‍ഷികവിപണിയില്‍ ആധിപത്യം ലക്ഷ്യമിട്ട് അദാനി ഗ്രൂപ്പ് കഴിഞ്ഞ വര്‍ഷങ്ങളില്‍ പുതിയ കമ്പനികള്‍ തുടങ്ങിയിരുന്നു. കരാര്‍കൃഷി അടക്കം പ്രോത്സാഹിപ്പിക്കാനുള്ള കാര്‍ഷികനിയമങ്ങള്‍ വന്നത് ഇതിനു പിന്നാലെയാണ്. കൃഷിയുടെ കമ്പനിവല്‍ക്കരണമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ചൂണ്ടിക്കാട്ടി കര്‍ഷകര്‍ സമരരംഗത്തിറങ്ങിയത് ഈ സാഹചര്യത്തിലാണ്. കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കേണ്ടിവന്നെങ്കിലും കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് മറ്റു രീതികളില്‍ ഒത്താശചെയ്തുകൊടുക്കുകയാണ്. കര്‍ഷകര്‍ക്ക് വായ്പ നല്കാന് എസ്ബിഐ അദാനി ക്യാപിറ്റല്‍ പോലുള്ള ഇടനിലക്കാരെ നിയോഗിക്കുന്നത് ഇതിന്റെ ഭാഗമാണ്. കാര്‍ഷികമേഖലയില്‍ വായ്പകള്‍ നല്കാന് കൂടുതല്‍ ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങളെ കണ്ടെത്തുമെന്ന് എസ്ബിഐ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ മാത്രമല്ല ഇതര ജനവിഭാഗങ്ങളും ഐക്യപ്രക്ഷോഭങ്ങള്ക്ക് രംഗത്തുവന്നാലേ രാജ്യത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ; അങ്ങനെയല്ലെങ്കില്‍ രാജ്യത്തെ മുഴുവനായും കോര്‍പറേറ്റുകള്‍ വിഴുങ്ങും. ഇതിനെതിരായ ഭാവിപോരാട്ടങ്ങള്ക്കുള്ള മാതൃകയാണ് കര്‍ഷകപ്രക്ഷോഭം •