ഐതിഹാസികമായ തേഭാഗ സമരം

പീപ്പിള്‍സ് ഡെമോക്രസി

യുദ്ധാനന്തര കാലത്ത്, 1946 ഒടുവില്‍ തേഭാഗ (അതായത്, ബര്‍ഗദാര്‍മാര്‍ക്ക് - പങ്ക് പാട്ടക്കാര്‍ക്ക് - വിളവിന്‍റെ മൂന്നില്‍ രണ്ട് ഭാഗം) ആവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കണമെന്ന് ബംഗാള്‍ പ്രവിശ്യ കിസാന്‍ സഭ തീരുമാനിച്ചു. അങ്ങനെ, കാബിനറ്റ് മിഷനുമായുള്ള ചര്‍ച്ചകളും മറ്റു രാഷ്ട്രീയ സംഭവവികാസങ്ങളും നടന്നുകൊണ്ടിരിക്കവെ തന്നെ, ബംഗാളില്‍ തേഭാഗ പ്രക്ഷോഭത്തിന്‍റെ വേലിയേറ്റം ഉയര്‍ന്നു പൊങ്ങുകയായിരുന്നു.


ബംഗാളിലെ കൃഷിക്കാര്‍ ഭൂഉടമകളുടെ വിഹിതം കുറയ്ക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തുകയാണുണ്ടായത്. മൊത്തം ഉല്‍പാദനത്തിന്‍റെ മൂന്നിലൊന്ന് ഉടമയ്ക്ക് അഥവാ ജോത്തേദാര്‍ക്ക് നല്‍കണമെന്നും ബര്‍ഗദാര്‍ക്ക് അഥവാ പങ്ക് പാട്ടക്കാര്‍ക്ക് (1885 ലെ ബംഗാള്‍ കുടിയായ്മ നിയമമനുസരിച്ച് ഇവര്‍ കൂടിയാന്മാരല്ല) മൂന്നില്‍ രണ്ട് ഭാഗം സ്വന്തമായി എടുക്കാമെന്നുള്ളതാണ് തേഭാഗ എന്നതിന്‍റെ അര്‍ഥം. ഉല്‍പ്പാദിപ്പിക്കപ്പെടുന്നത് 50 : 50 എന്ന അനുപാതത്തില്‍ ഉടമയും പങ്കു പാട്ടക്കാരനും വീതിക്കുകയെന്നതായിരുന്നു പതിവുരീതി. 


പല പ്രദേശങ്ങളിലും പതിവുരീതിയനുസരിച്ച് കൃഷി ചെയ്യുന്നവര്‍ക്ക് ലഭിക്കേണ്ട ഈ പകുതി ഭാഗം പോലും ഭൂഉടമകള്‍ മറ്റു പല ന്യായങ്ങള്‍ പറഞ്ഞ് വെട്ടിക്കുറച്ചിരുന്നു - ബര്‍ഗദാര്‍ മുന്‍കൂട്ടി വാങ്ങിയിരുന്ന വിള വായ്പക്കുമേല്‍ ചുമത്തിയിരുന്ന കനത്ത കൊള്ളപ്പലിശ, വിതയ്ക്കല്‍ കാലത്തും പിന്നീടും കഷ്ടപ്പാടുള്ള മാസങ്ങളില്‍ ഭക്ഷണത്തിനായി വാങ്ങുന്ന വിളകള്‍ക്ക് ചുമത്തിയിരുന്ന കൊള്ളപ്പലിശ എന്നിങ്ങനെ പല പേരുകളില്‍. അങ്ങനെ വിളവെടുപ്പിനുശേഷം പോലും  ജോത്തേദാരുടെ ദയാദാക്ഷിണ്യത്തില്‍ കഴിയേണ്ടിവരുന്ന പാപ്പരായിരുന്നു പലപ്പോഴും ബര്‍ഗദാര്‍മാര്‍. ചൂഷണാത്മകമായ ഈ സംവിധാനം ബര്‍ഗദാര്‍മാരില്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു; അതേത്തുടര്‍ന്ന് രൂപപ്പെട്ട പ്രക്ഷോഭമാണ് തേഭാഗ പ്രക്ഷോഭം എന്ന പേരില്‍ അറിയപ്പെടുന്നത്. 


1940ല്‍ ബംഗാള്‍ ലാന്‍ഡ് റവന്യൂ കമ്മിഷന്‍ ബര്‍ഗദാര്‍മാരുടെ അവകാശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ബംഗാള്‍ ഗവണ്‍മെന്‍റിനു നല്‍കിയിരുന്നു; അത് ജനങ്ങളും ഗവണ്‍മെന്‍റും പോലും അംഗീകരിച്ചിരുന്നു. എന്നാല്‍ ഗവണ്‍മെന്‍റ് ഈ ശുപാര്‍ശകള്‍ നടപ്പാക്കിയിരുന്നില്ല.


ഈ പശ്ചാത്തലത്തില്‍ തേഭാഗ എന്ന ആവശ്യമുയര്‍ത്തിയുള്ള പ്രക്ഷോഭമാരംഭിക്കാനുള്ള കിസാന്‍ സഭയുടെ ആവശ്യം കുറഞ്ഞ കാലത്തിനുള്ളില്‍ ബംഗാളിലെ ദശലക്ഷക്കണക്കായ ബര്‍ഗദാര്‍മാരെ ആകര്‍ഷിച്ചു; ബംഗാളിലെ കൃഷിക്കാരുടെ ഏറ്റവും വലുതും ഏറ്റവും ഉശിരനും വിപുലമായ അടിത്തറയോടു കൂടിയതുമായ വര്‍ഗസമരമായിരുന്നു കമ്യൂണിസ്റ്റുകാരുടെ നേതൃത്വത്തില്‍ കിസാന്‍സഭ നയിച്ച തേഭാഗ പ്രക്ഷോഭം. പ്രവിശ്യാതലത്തിലുള്ള പ്രക്ഷോഭമായിരുന്നു ഇതെങ്കിലും ബര്‍ഗദാര്‍മാരുടെ പ്രതികരണം അഭൂതപൂര്‍വമായിരുന്നു; പ്രത്യേകിച്ചും ബംഗാളിലെ വടക്കന്‍ ജില്ലകളിലെ പോലെ ബര്‍ഗര്‍ദാര്‍മാര്‍ ഏറ്റവുമധികം കേന്ദ്രീകരിച്ചിരുന്നതും ചൂഷണം അതിരൂക്ഷവുമായിരുന്ന പ്രദേശങ്ങളില്‍. ചുരുങ്ങിയത് ബംഗാളിലെ 28 ജില്ലകളില്‍ 15 എണ്ണത്തിലെങ്കിലും ഈ പ്രക്ഷോഭം വ്യാപിക്കുകയുണ്ടായി; പരമദരിദ്രരും ഏറ്റവും കടുത്ത ചൂഷണം നേരിട്ടിരുന്നവരുമായ ചുരുങ്ങിയത് 50 ലക്ഷം കൃഷിക്കാരെങ്കിലും ജോത്തേദാര്‍മാര്‍ക്കും അവരുടെ ഗുണ്ടകള്‍ക്കും പൊലീസിനുമെതിരെ ഔദ്യോഗികവും അനൗദ്യോഗികവുമായ എതിര്‍ പ്രചരണങ്ങളെയെല്ലാം നേരിട്ടുകൊണ്ട് ധീരോദാത്തമായി പൊരുതുകയുണ്ടായി; വ്യാപകമായ വര്‍ഗീയ വിദ്വേഷ പ്രചരണത്തെയും കലാപങ്ങളെയും കൂടി അവര്‍ക്ക് നേരിടേണ്ടതായി വന്നിരുന്നു. പ്രാദേശികമായി പ്രക്ഷോഭം നടത്താനും അതിനു വഴികാട്ടാനും പല സ്ഥലങ്ങളിലും കൃഷിക്കാര്‍ സ്വമേധയാ തന്നെ പ്രാദേശിക പ്രക്ഷോഭ സമിതികള്‍ക്ക് രൂപം നല്‍കിയിരുന്നു.


1946 നവംബര്‍ മുതല്‍ 1947 ഫെബ്രുവരി വരെയുള്ള വിളവെടുപ്പിന്‍റെ കാലഘട്ടത്തിലുടനീളം പ്രക്ഷോഭം നീണ്ടു നിന്നു. ചില പ്രദേശങ്ങളില്‍ അത് 1947 മാര്‍ച്ച് വരെ നീണ്ടു. എല്ലായിടത്തും സമരം ചെയ്തിരുന്ന കൃഷിക്കാര്‍ക്കുനേരെ പൊലീസ് കടുത്ത മര്‍ദനനടപടികള്‍ അഴിച്ചുവിട്ടിരുന്നു - പ്രത്യേകിച്ച് ദിനാജ്പ്പൂര്‍, രംഗപ്പൂര്‍, ജല്‍പായ്ഗുരി എന്നീ വടക്കന്‍ ജില്ലകളിലും 24 പര്‍ഗാനയിലെയും ഖുല്‍നയിലെയും തീരദേശ മേഖലകളിലും മൈമെന്‍ സിങ്ങിന്‍റെ കിഴക്കന്‍ ജില്ലകളിലും ആസാം അതിര്‍ത്തിയിലെ ഗാരോ കുന്നുകളിലുള്ള ഗോത്രവര്‍ഗ പ്രദേശങ്ങളിലും. ജോത്തേദാര്‍മാരും അവരുടെ ഗുണ്ടകളും കൃഷിക്കാരെ തല്ലിച്ചതച്ചിരുന്നു; കൊല്ലുക പോലും ചെയ്തിരുന്നു.


അവസാന മാസങ്ങളില്‍ പ്രത്യേകിച്ചും 1947 ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഒട്ടേറെ പ്രദേശങ്ങളില്‍ സായുധ പൊലീസ് സേന വ്യാപകമായി വെടിവെയ്ക്കുകയുണ്ടായി. ഈ പ്രക്ഷോഭത്തില്‍ മൊത്തത്തില്‍ 70 കൃഷിക്കാരുടെ ജീവന്‍ നഷ്ടപ്പെടുകയുണ്ടായി - അവരില്‍ ഹിന്ദുക്കളും മുസ്ലീങ്ങളും ഗോത്രവര്‍ഗക്കാരുമായ സ്ത്രീ - പുരുഷന്മാരുമുണ്ടായിരുന്നു. അവരില്‍ മിക്കവാറും ആളുകള്‍ പൊലീസ് വെടിവെയ്പിലാണ് കൊല്ലപ്പെട്ടത്; നാലു പേര്‍ മരിച്ചത് ജയിലിനകത്തായിരുന്നു. എങ്ങനെയും അടിച്ചമര്‍ത്തണമെന്ന വാശിയോടു കൂടി സമരത്തിനെതിരെ കടുത്ത മര്‍ദന നടപടികള്‍ കൈക്കൊണ്ടത് മുസ്ലിംലീഗ് മന്ത്രിസഭയായിരുന്നു. ഇടക്കാല ഗവണ്‍മെന്‍റിന്‍റെയും ഭാവി ഭരണഘടനയുടെയും വിഷയങ്ങളിന്മേല്‍ പരസ്പരം വഴക്കടിച്ചിരുന്ന ഹിന്ദു ജോത്തേദാര്‍മാരും മുസ്ലിം ജോത്തേദാര്‍മാരും ഒരേപോലെ മുസ്ലിംലീഗ് ഗവണ്‍മെന്‍റിന്‍റെ ഈ മര്‍ദന നടപടികള്‍ക്ക് സമ്പൂര്‍ണ പിന്തുണ നല്‍കിയിരുന്നു; അവരുടെ വര്‍ഗ സ്വഭാവമാണ് തുറന്നുകാട്ടപ്പെട്ടത്.


എന്നാല്‍ സമരത്തിലേര്‍പ്പെട്ട കൃഷിക്കാര്‍ ഒരവസരത്തിലും കീഴടങ്ങിയില്ല; മറിച്ച് തങ്ങളുടെ ന്യായമായ ആവശ്യങ്ങളില്‍ ഉറച്ചുനിന്ന് ഈ മര്‍ദന നടപടികളെ ധീരോദാത്തമായി നേരിട്ടു. സ്ത്രീ - പുരുഷഭേദമന്യേ കര്‍ഷക ജനസാമാന്യത്തെയാകെ തേഭാഗ പ്രക്ഷോഭം തട്ടിയുണര്‍ത്തി; പ്രത്യേകിച്ചും കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള ദരിദ്ര വിഭാഗങ്ങളായിരുന്നു പലേടങ്ങളിലും ഈ ഉശിരന്‍ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. അസംഖ്യം കര്‍ഷകസ്ത്രീകള്‍ ഈ പ്രക്ഷോഭത്തില്‍ സജീവമായി പങ്കെടുത്തിരുന്നു; അവര്‍ പൊലീസിനെതിരെ വീരോചിതമായി പൊരുതി. സായുധ പൊലീസ് സേനാംഗത്തില്‍ നിന്ന് ഒരു കര്‍ഷക സ്ത്രീ തോക്ക് പിടിച്ചു വാങ്ങിയ സംഭവം ഏറെ പ്രസിദ്ധമായ ഒരുദാഹരണമാണ്.


1946 - 47ലെ തേഭാഗ സമരത്തിന്‍റെ ശക്തമായ സ്വാധീനം കൃഷിക്കാരില്‍ ത്യാഗമനോഭാവവും പോരാട്ടവീര്യവും നിറച്ചതിനു പുറമേ തങ്ങള്‍ സഖാക്കളാണെന്ന ചിന്തയും സൃഷ്ടിക്കപ്പെട്ടു. സംഘടിതമായ വര്‍ഗസമരം കൂടാതെ ഒന്നും നേടാനാവില്ലെന്നും കര്‍ഷകത്തൊഴിലാളികളും ബര്‍ഗദാര്‍മാര്‍ ഉള്‍പ്പെടെയുള്ള ദരിദ്രകൃഷിക്കാരും സമരത്തില്‍ ഒന്നിച്ചു നില്‍ക്കണമെന്നും ഇതവരെ പഠിപ്പിച്ചു; ഇതിലൂടെ ഐക്യദാര്‍ഢ്യത്തിന്‍റെയും ആത്മാഭിമാനത്തിന്‍റെയും ആശയം അവരില്‍ രൂഢമൂലമായി; വര്‍ഗസമരത്തില്‍ കര്‍ഷക സ്ത്രീകള്‍ക്ക് വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കാനുണ്ടെന്നും അവര്‍ തിരിച്ചറിഞ്ഞു; വര്‍ഗ സമരത്തില്‍ ചൂഷകവര്‍ഗങ്ങള്‍ എപ്പോഴും വഞ്ചനാപരമായ നിലപാടിലായിരിക്കുമെന്നും വേണ്ടത്ര തയ്യാറെടുപ്പോടെയും മികച്ച രാഷ്ട്രീയ ധാരണയോടെയും പ്രക്ഷോഭത്തെ മുന്നോട്ടു കൊണ്ടുപോകണമെന്നും അവര്‍ മനസ്സിലാക്കി.


ഇതൊക്കെയാണെങ്കിലും നേതൃത്വത്തിന് ചില പിശകുകള്‍ സംഭവിച്ചു; പൊലീസിന്‍റെയും ജോത്തേദാര്‍മാരുടെയും ആക്രമണത്തെ ചെറുത്തുനില്‍ക്കാന്‍ ഒരു വളണ്ടിയര്‍ സംഘടന ഉണ്ടാക്കുന്നതിന് ആവശ്യമായ തയ്യാറെടുപ്പ് നടത്തിയിരുന്നില്ല; വന്‍തോതില്‍ പൊലീസ് അടിച്ചമര്‍ത്തല്‍ നടപടികള്‍ ആരംഭിക്കുന്നതുവരെ വേണ്ടത്ര തൊഴിലാളിവര്‍ഗ പിന്തുണ ഉറപ്പാക്കിയില്ല; പ്രക്ഷോഭത്തിനുപിന്നില്‍ നഗരങ്ങളിലെ ഇടത്തരക്കാരെ അണിനിരത്താന്‍ ആവശ്യമായ ശ്രമമൊന്നും നടത്തിയില്ല. ബര്‍ഗദാര്‍മാര്‍ക്ക് മൂന്നില്‍ രണ്ട് ഭാഗം നേടിയെടുക്കുന്ന കാര്യത്തില്‍ വന്‍കിട - ചെറുകിട ജോത്തേദാര്‍മാര്‍ തമ്മില്‍ ഒരു വേര്‍തിരിവും വരുത്തിയില്ല; തല്‍ഫലമായി മൊത്തം ജോത്തേദാര്‍  വര്‍ഗത്തിനുമെതിരായ സമരം നടത്തേണ്ടതായി വന്നു; അങ്ങനെ മഹാഭൂരിപക്ഷം വരുന്ന ചെറുകിട ജോത്തേദാര്‍മാരെയും വന്‍കിടക്കാര്‍ക്ക് തങ്ങള്‍ക്കൊപ്പം ഈ കടന്നാക്രമണങ്ങളെ പിന്തുണയ്ക്കുന്നവരാക്കി മാറ്റാന്‍ കഴിഞ്ഞു. എന്നാല്‍ ഈ പിശകുകള്‍ ഈ പ്രക്ഷോഭത്തിന്‍റെ പ്രാധാന്യത്തെയോ പ്രകടിപ്പിക്കപ്പെട്ട ധീരോദാത്തതയെയോ ഇല്ലാതാക്കുന്നില്ല.


രാജ്യത്തിന്‍റെ മറ്റു ഭാഗങ്ങളിലെ കര്‍ഷക പ്രക്ഷോഭങ്ങളില്‍നിന്നും വേറിട്ടതായിരുന്നു തേഭാഗ സമരം. മറ്റെല്ലാ പ്രവിശ്യകളിലും കര്‍ഷകപ്രസ്ഥാനം ചില പ്രദേശങ്ങളില്‍ മാത്രം ഒതുങ്ങിനിന്നിരുന്നു; അതേസമയം ബംഗാളില്‍ പ്രക്ഷോഭം പ്രവിശ്യയിലാകെ പടര്‍ന്നു പിടിക്കുകയുണ്ടായി. ഉദാഹരണത്തിന് കേരളത്തില്‍ ഭൂപ്രഭുത്വത്തിനെതിരായ കൃഷിക്കാരുടെ പ്രക്ഷോഭം പഴയ മലബാര്‍ ജില്ലയില്‍ ഒതുങ്ങിനിന്നു; പ്രത്യേകിച്ചും വടക്കേയറ്റത്ത്. അതേപോലെതന്നെ ആന്ധ്രയില്‍ കര്‍ഷക പ്രക്ഷോഭം (തെലങ്കാന സമരം ഒഴികെ) പൊതുവില്‍ കൃഷ്ണ, ഗുണ്ടൂര്‍, ഗോദാവരി ജില്ലകളില്‍ ഒതുങ്ങി. മഹാരാഷ്ട്രയിലാകട്ടെ, കര്‍ഷക പ്രക്ഷോഭം തികച്ചും വര്‍ളി കൃഷിക്കാരുള്ള ഒന്നോ രണ്ടോ താലൂക്കുകളില്‍ മാത്രമായിരുന്നു.


ഏറ്റവും പ്രധാനപ്പെട്ട കാര്യം, അടിച്ചമര്‍ത്തപ്പെട്ട കൃഷിക്കാരുടെ വര്‍ഗ പ്രക്ഷോഭമായ തേഭാഗ പ്രക്ഷോഭം നടന്നത് 1946ല്‍ കല്‍ക്കത്തയില്‍ വര്‍ഗീയ കൂട്ടക്കൊല നടന്നതിനു തൊട്ടുപിന്നാലെയാണെന്നതാണ്; ഈ വര്‍ഗീയ കൂട്ടക്കൊലകള്‍ അടിക്കടി ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയുമായിരുന്നു - കല്‍ക്കത്തയില്‍ ഒക്ടോബറിലെ ലഹള, 1946ല്‍ കിഴക്കന്‍ ജില്ലകളിലൊന്നായ നവഖാലിയില്‍ എന്നിങ്ങനെ. തേഭാഗ പ്രക്ഷോഭം നടന്ന മുഖ്യ പ്രദേശം ഏതെങ്കിലും ഒരു പ്രത്യേക സമുദായത്തില്‍പെടുന്ന കൃഷിക്കാര്‍ മാത്രം പാര്‍പ്പുറപ്പിച്ചിരുന്നതല്ല; ഹിന്ദു സമുദായവും മുസ്ലിം സമുദായവും ഒരേ പോലെ ഇവിടെ താമസിച്ചിരുന്നു. അതിനു പുറമേ ഒരു വിഭാഗം ഗോത്രവര്‍ഗ കൃഷിക്കാരായിരുന്നു. പ്രക്ഷോഭത്തിന്‍റെ ശ്രദ്ധേയമായ ഒരു ഘടകം വര്‍ഗസമരത്തെ അധിഷ്ഠിതമാക്കി അത് ഹിന്ദു-മുസ്ലിം ഐക്യത്തിന്‍റെ തീപ്പന്തം ജ്വലിപ്പിച്ചുവെന്നതാണ്; അത് നവഖാലി ഉള്‍പ്പെടെ ബംഗാളിന്‍റെ വലിയ ഭാഗങ്ങളിലെ എല്ലാ സമുദായങ്ങളിലുംപെട്ട ദശലക്ഷക്കണക്കിനു കൃഷിക്കാരെ പ്രക്ഷോഭത്തിന്‍റെ വലയത്തിലേക്ക് കൊണ്ടുവരികയും അവരെയാകെ ആവേശഭരിതരാക്കുകയും ചെയ്തു.


ബംഗാളിലും ബീഹാറിലും വര്‍ഗീയ ലഹളകളെ ചെറുക്കുന്നതില്‍ തേഭാഗ പ്രക്ഷോഭവും കിസാന്‍ സഭയും അനുപമമായ പങ്കുവഹിച്ചു. ബംഗാളിലെ നവഖാലി - തിപ്പേര ജില്ലകളിലെ കിസാന്‍സഭയ്ക്ക് ഗണ്യമായ സ്വാധീനമുണ്ടായിരുന്ന പ്രദേശങ്ങളില്‍ വര്‍ഗീയ ലഹള പൊട്ടിപ്പുറപ്പെട്ടില്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതുണ്ട്. അത്തരം പ്രദേശങ്ങളില്‍ കിസാന്‍ സഭയും തേഭാഗ പ്രസ്ഥാനത്തിന്‍റെ പ്രവര്‍ത്തകരും ലഹള ബാധിതമായ അയല്‍പ്രദേശങ്ങളില്‍നിന്നുള്ള അഭയാര്‍ഥികള്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ സംഘടിപ്പിച്ചു. അതേപോലെ ബിഹാറിലെ മോങ്ഗീര്‍ ജില്ലയിലെ മോഘ്പൂറില്‍ ലഹളബാധിത പ്രദേശങ്ങളിലെ ജനങ്ങളെ സംരക്ഷിക്കുന്നതിനും വര്‍ഗീയ ലഹളകളിലെ ഇരകള്‍ക്ക് ആശ്വാസമേകാനും കമ്യൂണിസ്റ്റ് പാര്‍ടിയും കിസാന്‍സഭയും മറ്റു ബഹുജനസംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ഗ്രാമപ്രദേശങ്ങളിലും നഗരപ്രദേശങ്ങളിലും ഒരുപോലെ കമ്യൂണിസ്റ്റ് പാര്‍ടി ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്‍റെ മുന്‍നിരയില്‍ തന്നെ ഉണ്ടായിരുന്നു.


ലഹളകള്‍ അവസാനിപ്പിക്കുന്നതിനും വ്യത്യസ്ത സമുദായങ്ങള്‍ക്കിടയില്‍ ഐക്യം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ഒരേയൊരു മാര്‍ഗം ബ്രിട്ടീഷ് ഭരണാധികാരികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമരം അഴിച്ചുവിടുന്നതും മുതലാളിമാര്‍ക്കും ഭൂപ്രഭുക്കള്‍ക്കുമെതിരായി, തൊഴിലാളികളുടെയും കൃഷിക്കാരുടെയും ആവശ്യങ്ങളും ദുരിതങ്ങളും മുന്‍നിര്‍ത്തി അവരുടെ സമരങ്ങള്‍ സംഘടിപ്പിക്കുന്നതുമാണെന്നും കമ്യൂണിസ്റ്റ് പാര്‍ടി കണക്കാക്കി. കമ്യൂണിസ്റ്റ് പാര്‍ടിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശരിയും വ്യക്തവുമെന്ന് കരുതിയ പ്രക്ഷോഭം നടത്താന്‍ വേണ്ടത്ര കരുത്തില്ലാതിരുന്നതിനാല്‍  ഇന്ത്യന്‍ രാഷ്ട്രീയം പ്രതിസന്ധികളില്‍നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങി; ബ്രിട്ടീഷ് ഭരണാധികാരികളുടെയും കോണ്‍ഗ്രസ്-ലീഗ് നേതാക്കളുടെയും അരങ്ങായിരുന്നു അന്ന് ഇന്ത്യന്‍ രാഷ്ട്രീയം. $