മനുഷ്യജീവന് വിലകല്‍പ്പിക്കാത്ത മുതലാളിത്തം
ജി വിജയകുമാര്‍
"രാജ്യത്ത് നിര്‍മിക്കപ്പെടുന്ന ഓരോ തോക്കും കടലിലിറക്കപ്പെടുന്ന ഓരോ പടക്കപ്പലും വിക്ഷേപിക്കപ്പെടുന്ന ഓരോ റോക്കറ്റും അന്തിമ വിശകലനത്തില്‍, പട്ടിണി കിടക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കാതെ അവരെ കൊള്ളയടിക്കലാണ്; തണുത്ത് വിറങ്ങലിച്ചിരിക്കുന്നവര്ക്ക് വസ്ത്രം നല്‍കാതെ അവരെ കൊള്ളയടിക്കുന്നതിനു തുല്യമാണ്. ആയുധമണിഞ്ഞു നില്ക്കുന്ന ഈ ലോകം ആവശ്യങ്ങള്‍ക്ക് പണം ചെലവഴിക്കുന്നില്ല എന്നതുമാത്രമല്ല പ്രശ്നം. തൊഴിലാളികളുടെ വിയര്‍പ്പും ശാസ്ത്രജ്ഞരുടെ പ്രതിഭയും കുഞ്ഞുങ്ങളുടെ പ്രതീക്ഷകളുമെല്ലാം പാഴാക്കുകയാണ്. ശരിക്കുമുള്ള ഒരര്‍ഥത്തിലും ഇതൊരു ജീവിതരീതിയേയല്ല. ലോകം യുദ്ധത്തിന്റെ കരിനിഴലിലാകുമ്പോള് മനുഷ്യത്വമാണ് കുരിശിലേറ്റപ്പെടുന്നത്...... ഒരു വലിയ ആധുനിക യുദ്ധവിമാനത്തിന്റെ വില കൊണ്ട് മികച്ച സൗകര്യങ്ങളോടെയുള്ള സുസജ്ജമായ രണ്ട് ആശുപത്രികളുണ്ടാക്കാനാകും". ഇതു പറഞ്ഞത് മറ്റാരുമല്ല. 8 വര്‍ഷം അമേരിക്ക ഭരിച്ച (1953-61) പ്രസിഡന്റ് ഡ്വൈറ്റ് ഡി ഐസനോവറാണ്.
ഭരണാധികാരം കയ്യാളിയിരുന്ന ഒരാളുടെ കൂമ്പസാരമോ വൈകി വന്ന വിവേകമോ ആയി ഐസനോവറിന്റെ വാക്കുകളെ കണക്കാക്കാം. മാത്രമല്ല, ഭരണത്തിലിരിക്കുമ്പോഴും ഐസനോവര്‍ക്ക് ഇത്തരം അഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ മൂലധന താല്‍പ്പര്യം യുദ്ധം ആവശ്യപ്പെടുമ്പോള്‍ മറിച്ചൊരു നിലപാട് നടപ്പാക്കാന്‍ ഒരമേരിക്കന്‍ പ്രസിഡന്റിനും കഴിയില്ല. ശീതയുദ്ധം അവസാനിപ്പിച്ച് സമാധാനം സ്ഥാപിക്കാന്‍ ഐസനോവര്‍ ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര് സൂചിപ്പിക്കുന്നുണ്ട്. പക്ഷേ നടപ്പാക്കാനായില്ല. അതിനു ശ്രമിച്ച അടുത്ത പ്രസിഡന്റ് കെന്നഡിക്ക് സ്വന്തം ജീവന് തന്നെ നഷ്ടപ്പെട്ടുവെന്നതാണ് അമേരിക്കയുടെ ചരിത്രം.
അമേരിക്കയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും ആഫ്രോ-അമേരിക്കന്‍ വംശജരുടെ വിമോചന പോരാളിയുമായ മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെ പ്രസിദ്ധമായ റിവര്‍സൈഡ് ചര്‍ച്ച് പ്രസംഗത്തിലെ (1967 ഏപ്രില്‍ 4) ഒരു വാക്യം ഇതിനോട് കൂട്ടിവായിക്കുന്നത് പ്രസക്തമായിരിക്കും: "സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള പരിപാടികള്‍ക്ക് ചെലവഴിക്കുന്നതിനെക്കാള്‍ കൂടുതല്‍ പണം വര്‍ഷംതോറും സൈനികാവശ്യങ്ങള്‍ക്കായി ചെലവഴിക്കുന്നത് നിര്‍ബാധം തുടരുന്ന രാഷ്ട്രം ആത്മീയമായി മരണത്തോട് അടുത്തുകൊണ്ടിരിക്കുന്ന ഒന്നാണ്".
ഐസനോവറിന്റെയും മാര്ട്ടിന് ലൂഥര്‍ കിങ്ങിന്റെയും വാക്കുകള്‍ ചര്‍ച്ച ചെയ്ത 1960കളെക്കാള്‍ സൈനിക ചെലവുകള്‍ ഭയാനകമായ വിധം വര്‍ധിക്കുകയും സാമൂഹിക ഉന്നമനത്തിനുള്ള ചെലവുകള്‍ ക്രമാതീതമായി കുറയ്ക്കപ്പെടുകയും ചെയ്തിരിക്കുന്നു എന്നതാണ് ഇന്നത്തെ അമേരിക്കയുടെ അവസ്ഥ. കഴിഞ്ഞ നാല് ദശകങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്നതാണത്. ട്രംപിനു കീഴില്‍ അതിനുവേഗത കൂടിയെന്നു മാത്രം.
കോവിഡ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കഴിയുകയും മൊത്തം രോഗികളുടെ എണ്ണം 17 ലക്ഷത്തിലേറെയാവുകയും നൂറുകണക്കിന് ആരോഗ്യപ്രവര്‍ത്തകര്‍ (ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെ) വേണ്ട സുരക്ഷാ ഉപകരണങ്ങളുടെ അഭാവത്തില്‍ മരണപ്പെടുകയും ചെയ്യുമ്പോഴും അമേരിക്കന്‍ ഭരണകൂടം യുദ്ധത്തിന്റെ ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഈ കോവിഡ് കാലത്തുപോലും അമേരിക്കയുടെ വാര്‍ഷിക സൈനിക ചെലവ് വര്‍ധിപ്പിച്ച് 73,200 കോടി ഡോളറാക്കിയിരിക്കുകയാണ്. ഇതിനുപുറമേ ഹോം ലാന്‍ഡ് സെക്യൂരിറ്റി ഇന്റലിജന്‍സ്, നാഷണല്‍ സെക്യൂരിറ്റി എന്നിവയ്ക്കുള്ള ചെലവുകള്‍ വേറെയുമുണ്ട്. അമേരിക്കയുടേതിന് തൊട്ടുതാഴെ സൈനിക ചെലവുള്ള 10 രാജ്യങ്ങളുടെ ആകെ സൈനിക ചെലവിനു തുല്യമായ തുകയാണിത്- ചൈന, ഇന്ത്യ, റഷ്യ, സൗദി-അറേബ്യ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്, ജപ്പാന് ദക്ഷിണകൊറിയ, ബ്രസീല്‍ എന്നിവയാണീ 10 രാജ്യങ്ങള്‍. ആഗോള ജിഡിപിയുടെ 2.2 ശതമാനമാണ് ലോകത്താകെയുള്ള രാജ്യങ്ങളുടെ മൊത്തം സൈനികച്ചെലവ്. എന്നാല്‍ അമേരിക്കയിലാകട്ടെ ജിഡിപിയുടെ 3.4 ശതമാനമാണ് സൈനികച്ചെലവ്. ഭൂഗോളത്തിലുടനീളം കടലിലും കരയിലും അമേരിക്കന്‍ സൈനിക സാന്നിധ്യവും ആയുധകൂമ്പാരവും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നതാണ് ചൈനയെയും റഷ്യയെയും ഉള്‍പ്പെടെ ലോകരാജ്യങ്ങളെ പൊതുവില്‍ സൈനികച്ചെലവ് വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാക്കുന്നത്. രണ്ടരലക്ഷം അമേരിക്കന്‍ സൈനികരാണ് 177 രാജ്യങ്ങളില്‍ താവളമടിച്ചിട്ടുള്ളത്. സ്റ്റോക് ഹോം ഇന്റര്‍നാഷണല്‍ പീസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെയും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസിന്റെയും 2018ലെ റിപ്പോര്‍ട്ടു പ്രകാരമുള്ളതാണ് ഈ വിവരങ്ങള്‍. ഇപ്പോള്‍ ഇതിനുപുറമെ ബഹിരാകാശമേഖലയിലേക്കുകൂടി യുദ്ധ ഭീഷണി വളര്‍ത്താന്‍ ബഹിരാകാശ സൈന്യത്തിന് രൂപം നല്‍കാനുള്ള നീക്കത്തിലുമാണ് ട്രംപ് ഭരണകൂടം.നവംബറിലെ തിരഞ്ഞെടുപ്പില്‍ ട്രംപ് പരാജയപ്പെട്ടാലും അമേരിക്കന്‍ ഭരണകൂടത്തിന്റെ യുദ്ധാസക്തി, ആക്രമണോത്സുകത മാറാനുള്ള വിദൂരസാധ്യതപോലും കാണാനാവില്ല.
നോവല്‍ കൊറോണ വൈറസ് ഉയര്‍ത്തുന്ന ഭീഷണിക്കെതിരെ ലോകമാകെ ഒന്നിച്ചുനില്‍ക്കേണ്ട സ്വന്തം അതിജീവനത്തിനായി മാനവരാശിയുടെയാകെ ഒരുമയും സഹകരണവും ആവശ്യമായ ഈ കാലത്തും അമേരിക്കന്‍ ഭരണകൂടം യുദ്ധവെറി പ്രകടിപ്പിക്കുകയാണ്. ഏഷ്യയില്‍ ചൈനയ്ക്കുചുറ്റും സൈനികവലയം തീര്‍ക്കുന്നതിന് കൂടുതല്‍ സൈനിക കേന്ദ്രീകരണം ലക്ഷ്യമിട്ടുള്ള നീക്കമാണ് അമേരിക്ക ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെയും ഒപ്പം കൂട്ടാനുള്ള നീക്കവും കാണാവുന്നതാണ്. എന്നാല്‍ സൈനികച്ചെലവില്‍ രണ്ടാം സ്ഥാനത്തുള്ള ചൈന അമേരിക്കയെക്കാള്‍ ബഹുദൂരം പിന്നിലാണെന്നതാണ് വസ്തുത. ജിഡിപിയുടെ 1.9 ശതമാനം മാത്രമാണ് ചൈനയുടെ സൈനിക ചെലവ്- ജിഡിപിയുടെ അനുപാതത്തില്‍ ഇത് ഇന്ത്യയുടേതിനെക്കാള്‍ (ഇന്ത്യ ജിഡിപിയുടെ 2.4 ശതമാനം സൈനികാവശ്യത്തിനു ചെലവിടുന്നു) കുറവാണെന്നും കാണണം.
ഇപ്പോള്‍ തന്നെ ജപ്പാനിലും ദക്ഷിണകൊറിയയിലും ഫിലിപ്പെന്‍സിലും ആസ്ട്രേലിയയിലുമെല്ലാമായി തമ്പടിച്ചിട്ടുള്ള പതിനായിരക്കണക്കിന് സൈനികര്‍ക്കും പസഫിക് സമുദ്രമേഖലയില്‍ സദാ റോന്തു ചുറ്റുന്ന കൂറ്റന്‍ പടക്കപ്പലുകള്‍ക്കും ആണവായുധമടക്കമുള്ള യുദ്ധ സജ്ജീകരണങ്ങള്‍ക്കും പുറമെ വീണ്ടും സൈനികകേന്ദ്രീകരണത്തിനാണ് അമേരിക്കന്‍ ഭരണകൂടം കോപ്പുകൂട്ടുന്നത്. എന്നാല്‍ മറുവശത്ത് സ്വന്തം രാജ്യാതിര്‍ത്തിക്ക് പുറത്ത് ചൈനയുടെ സൈനിക സാന്നിധ്യം മറ്റെവിടെയും ഇല്ലെന്നതാണ് വസ്തുത. ദക്ഷിണ ചൈന സമുദ്രത്തിലെ ചില ദ്വീപുകള്‍ക്കുമേല്‍ ജപ്പാന് ഉള്‍പ്പെടെ പൂര്‍വേഷ്യന്‍ രാജ്യങ്ങളുമായുള്ള അവകാശതര്‍ക്കവും ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കവും ഉള്‍പ്പെടെ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനാണ്, അല്ലാതെ സൈനികമായ പരിഹാരത്തിനല്ല, ചൈന ശ്രമിക്കുന്നത്. മറ്റ് അയല്‍രാജ്യങ്ങളുമായുള്ള തര്‍ക്ക പ്രശ്നങ്ങള്‍ക്കെല്ലാം ചര്‍ച്ചകളിലൂടെ ചൈന പരിഹാരം കണ്ടിട്ടുമുണ്ട്.
അമേരിക്ക ഉയര്‍ത്തുന്ന സൈനികഭീഷണിയാണ് ചൈനയെ സൈനിക ചെലവില്‍ വര്‍ധന വരുത്താനും സൈന്യത്തെ സദാ ജാഗ്രതയില്‍ നിര്‍ത്താനും നിര്‍ബന്ധിതമാക്കുന്നത്. അമേരിക്ക സദാ സൈനിക ഭീഷണിയും വെല്ലുവിളിയും ഉയര്‍ത്തുന്നത് സൈനികമായ എന്തെങ്കിലും പ്രശ്നത്തിന്മേലല്ല, മറിച്ച് സാമ്പത്തികവും രാഷ്ട്രീയവുമായ പ്രശ്നങ്ങള്‍ കാരണമാണ്. ഇപ്പോള്‍ സാമ്പത്തികരംഗത്ത് ചൈന കൈവരിച്ചുകൊണ്ടിരിക്കുന്ന ദ്രുതഗതിയിലുള്ള മുന്നേറ്റം തങ്ങള്‍ക്ക് ഇന്നുള്ള ആധിപത്യം നഷ്ടപ്പെട്ടേക്കുമെന്നുള്ള അങ്കലാപ്പാണ് അമേരിക്കന്‍ ഭരണകൂടത്തിനുള്ളത്. 2018ലും 2019ലും ചൈനയുമായി വ്യാപാര യുദ്ധത്തിനും അതിലൂടെ ചൈനയെ മുട്ടുകുത്തിക്കാനും തയ്യാറായി. അമേരിക്ക ഒടുവില്‍ 2019 ഡിസംബറില്‍ ചൈനയുമായി ഒത്തുതീര്‍പ്പിന് നിര്‍ബന്ധിതമാവുകയാണുണ്ടായത്. ഡിസംബറില്‍ ഇരുരാജ്യങ്ങളും തമ്മിലുണ്ടായ ധാരണപ്രകാരം ജനുവരി 15ന് കരാര്‍ ഒപ്പിട്ടു. 2020 ഫെബ്രുവരി 15ന് നിലവില്‍ വന്ന കരാര്‍ പ്രകാരം ചൈന അമേരിക്കയില്‍നിന്ന് 20,000 കോടി ഡോളറിന്റെ ചരക്കുകളും സേവനങ്ങളും വാങ്ങുമെന്നും അമേരിക്കന്‍ കയറ്റുമതികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുമെന്നും ഉറപ്പാക്കിയിരിക്കുന്നു. ചൈനയില്‍നിന്നുള്ള 16200 കോടി ഡോളറിന്റെ ഇറക്കുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ 5 ശതമാനം അധികചുങ്കം സസ്പെന്‍ഡ് ചെയ്യാനും വ്യവസ്ഥ ചെയ്തു; പുതുതായി ഏര്‍പ്പെടുത്തിയ ചുങ്കങ്ങളില്‍ ചിലത് കുറയ്ക്കുകയും ചെയ്തു.
എന്നാല്‍ കോവിഡിന്റെ മറവില്‍ അമേരിക്ക മുട്ടാപ്പോക്ക് ന്യായങ്ങള്‍ പറഞ്ഞ് ഈ കരാറില്‍ നിന്നും പിന്നോട്ടു പോകുകയാണിപ്പോള്‍. ചൈനീസ് ചിപ്പ്, സോഫ്റ്റ്വെയര്, ടെലകോം കമ്പനികള്‍ തങ്ങളുടെ കമ്പോളം വികസിപ്പിക്കുന്നതും അവയുടെ സാങ്കേതികശേഷി വര്‍ധിപ്പിക്കുന്നതും തടയുകയാണ് അമേരിക്കയുടെ ലക്ഷ്യം. അങ്ങനെ ലോകത്തെ ഒന്നാമത്തെ സാമ്പത്തികശക്തിയെന്ന തങ്ങളുടെ സ്ഥാനം നിലനിര്‍ത്തുകയും അമേരിക്ക ആസ്ഥാനമായുള്ള കേര്പറേറ്റുകളുടെ കൊള്ളലാഭക്കൊതിക്ക് ഉത്തേജനം നല്‍കുകയുമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാണ്. അതിനവര്‍ സൈനികമായ നടപടികള്‍ക്കും മടിക്കില്ലെന്നതാണ് ചരിത്രം ഓര്‍മിപ്പിക്കുന്നത്. ചൈനയ്ക്കെതിരായി ഇന്ന് അമേരിക്കന്‍ ഭരണാധികാരികളും മാധ്യമങ്ങളും നടത്തിക്കൊണ്ടിരിക്കുന്ന വംശീയവിദ്വേഷപ്രചരണവും അതിന്റെ ഭാഗം തന്നെയാണ്. ഇവിടെയും ചില മാധ്യമങ്ങള്‍ അതേറ്റെടുക്കുന്നതുകാണാം.
ചൈന 1980കള്‍ മുതല്‍ ലോകത്തെ ഒരു രാജ്യവുമായും യുദ്ധത്തിനു തുനിഞ്ഞിട്ടില്ല. അമേരിക്കയാകട്ടെ ഇതേകാലത്ത് യുഗോസ്ലാവിയയിലും അഫ്ഗാനിസ്ഥാനിലും ഇറാഖിലും സിറിയയിലും ലിബിയയിലുമെല്ലാം ആക്രമണങ്ങള്‍ നടത്തി, ലക്ഷക്കണക്കിന് ആളുകളെ കൊന്നൊടുക്കി. 2001 മുതല്‍ 2019 വരെയുള്ള കാലത്ത് 5 ലക്ഷം കോടി ഡോളറാണ് അമേരിക്കന്‍ ഭരണകൂടം മറ്റു രാജ്യങ്ങളെ ആക്രമിക്കാനായി മാത്രം ചെലവിട്ടത്.
അമേരിക്ക ചൈനയ്ക്കെതിരെ മാത്രമല്ല, ആക്രമണത്തിന് തയ്യാറെടുക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ മറ്റു രാജ്യങ്ങള്‍ക്കെതിരായ സാമ്പത്തികവും സൈനികവുമായ ഉപരോധവും സൈനികനീക്കങ്ങളും ഉപേക്ഷിക്കണമെന്ന ഐക്യരാഷ്ട്ര സഭയുടെ ആഹ്വാനം ചെക്കൊള്ളാതെയാണ് കോവിഡ് രോഗത്തിന്റെ പിടിയില്‍പ്പെട്ട് ശ്വാസംമുട്ടുന്ന ഇറാനെതിരെ ഉപരോധം ശക്തിപ്പെടുത്താന്‍ അമേരിക്ക ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതുപോലെ വെനസ്വേലയ്ക്ക് അവശ്യം വേണ്ട മരുന്നുകളും ഭക്ഷണസാധനങ്ങളും വാങ്ങുന്നതിനുപോലും തടസ്സം സൃഷ്ടിക്കുകയും കോവിഡ് രോഗപ്രതിരോധത്തില്‍ ബദ്ധശ്രദ്ധ ചെലുത്തുന്ന മദുറൊ ഗവണ്മെന്റിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയുമാണ്. ക്യൂബ, സിറിയ, ഉത്തരകൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരെയും മനുഷ്യത്വരഹിതമായ ഉപരോധ നടപടികളുമായി മുന്നോട്ടുപോവുകയുമാണ് അമേരിക്കന്‍ ഭരണകൂടം.
എന്നാല്‍ 1980കള്‍ മുതല്‍ ചൈന മറ്റൊരു രാജ്യത്തിന്റെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുകയോ ഏതെങ്കിലും രാജ്യത്തെ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന സംഘടനകള്‍ക്ക് പിന്തുണ കൊടുക്കുകയോ ചെയ്തിട്ടില്ലെന്നും എന്നാല്‍ അമേരിക്കയാകട്ടെ ഇതേ കാലയളവില്‍ 72 തവണ വിവിധ രാജ്യങ്ങളില്‍ ഭരണമാറ്റത്തിനായി ഇടപെട്ടിട്ടുണ്ട് എന്നുമാണ് ഇന്ത്യന്‍ വംശജനായ പ്രശസ്ത അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഫരീദ് സക്കറിയ പറയുന്നത്. ഐക്യരാഷ്ട്ര സഭയ്ക്ക് ഫണ്ട് നല്കുന്നതില് രണ്ടാം സ്ഥാനത്തുള്ള ചൈന യുഎന്നിന്റെ സമാധാനദൗത്യങ്ങള്ക്ക് പിന്തുണ നല്കുന്നതില് ഒന്നാം സ്ഥാനത്താണെന്നും ചൈനയുടെ 2500 സമാധാനദൗത്യ സേനാംഗങ്ങള്‍ ലോകത്ത് വിവിധ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലിലെ മറ്റെല്ലാ സ്ഥിരാംഗങ്ങളും കൂടി ഇത്രയും പേരെ സമാധാനദൗത്യങ്ങള്ക്കായി നിയോഗിച്ചിട്ടില്ലെന്നും ഫരീദ് സക്കറിയ എഴുതുന്നു. അമേരിക്ക ജനാധിപത്യത്തെയും മനുഷ്യാവകാശത്തെയും സംബന്ധിച്ച സ്വന്തം കാഴ്ചപ്പാട് (മൂലധനാധിപത്യവും കോര്‍പറേറ്റ് താല്‍പ്പര്യവും) മറ്റു രാജ്യങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ നേരേമറിച്ച് ചൈന തങ്ങളുടെ ആശയങ്ങള്‍ കയറ്റുമതി ചെയ്യാനോ മറ്റുള്ളവര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാനോ ശ്രമിക്കുന്നില്ലെന്നും മറ്റുള്ളവര്‍ ചൈനയുടെ ആശയങ്ങള്‍ അന്വേഷിച്ചുവരട്ടെയെന്നാണ് ചൈനയുടെ സമീപനമെന്നുമാണ് ദീര്‍ഘകാലം അമേരിക്കയുടെ വിദേശകാര്യസെക്രട്ടറിയായിരുന്ന, നൊബേല്‍ സമ്മാന ജേതാവുകൂടിയായ ഹെന്റി കിസിംഗര്‍ പ്രസ്താവിച്ചത്. രണ്ട് വ്യവസ്ഥിതികള്‍ തമ്മിലുള്ള,രണ്ട് പ്രത്യയശാസ്ത്രങ്ങള്‍ തമ്മിലുള്ള, അന്തരമാണ് അമേരിക്കയുടെയും ചൈനയുടെയും നിലപാടുകളിലൂടെ തെളിഞ്ഞുവരുന്നത്.
കോവിഡ് രോഗത്തെ പ്രതിരോധിക്കുന്നതിലും ഈ വേറിട്ട സമീപനം കാണാവുന്നതാണ്. വൈറസ് ബാധമൂലമുള്ള പുതിയൊരു പകര്‍ച്ചവ്യാധി സ്ഥിരീകരിച്ചപ്പോള്‍ തന്നെ ചൈന ലോകാരോഗ്യസംഘടനയെ അറിയിച്ചു. പുറമെ 2020 ജനുവരി 3ന് അമേരിക്കയിലെ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗത്തിന്റെ തലവനെ ചൈനയുടെ പകര്‍ച്ചവ്യാധി പ്രതിരോധവിഭാഗം മേധാവി നേരിട്ടു വിളിച്ച് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തതാണ്. അതപ്പോള്‍ തന്നെ അമേരിക്കയുടെ ആരോഗ്യവകുപ്പിനെയും പ്രസിഡന്റ് ട്രംപിനെയും അറിയിച്ചതായി അമേരിക്കന്‍ സിഡിസി (സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രാള്)ഡയറക്ടര്‍ റോബര്‍ട്ട് റെഡ് ഫീല്‍ഡ് തന്നെ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 20ന് അമേരിക്കയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടും ഫെബ്രുവരിയില്‍ കോവിഡ് ബാധിച്ച് ഒരാള്‍ മരിച്ചിട്ടും അനങ്ങാത്ത അമേരിക്കന്‍ ഭരണകൂടവും പ്രസിഡന്റ് ട്രംപും ഇന്ന് ശവക്കൂനയില്‍ ചവിട്ടിനിന്ന് രാഷ്ട്രീയം കളിക്കുന്നതാണ് നാം കാണുന്നത്. ലോകാരോഗ്യസംഘടനയില്നിന്നോ ചൈനയില്‍നിന്ന് നേരിട്ടോ അറിഞ്ഞ ഉടന്‍ വേണ്ട നടപടിയെടുത്തില്ലെന്നു മാത്രമല്ല 2020 ജനുവരി 30ന് ണഒഛ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ പോലും ട്രംപ് ഭരണകൂടം അനങ്ങിയില്ല. മാര്‍ച്ച് 11ന് കോവിഡ് 19 ഒരു മഹാമാരിയാണെന്ന് ണഒഛ പ്രഖ്യാപിച്ച് പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് രോഗപ്രതിരോധത്തിനുവേണ്ട നടപടികള്‍ എന്തെങ്കിലും സ്വീകരിക്കാന്‍ ട്രംപ് ഭരണകൂടം തുടങ്ങിയത്. അപ്പോഴേക്കും സ്ഥിതി കൈവിട്ട് കഴിഞ്ഞിരുന്നു. അപ്പോള്‍പോലും ഇത് അമേരിക്കയെ ബാധിക്കാത്ത ചൈനീസ് വൈറസാണെന്നാണ് ട്രംപും കൂട്ടരും പരിഹസിച്ചത്. പ്രാര്‍ഥനയും മലമ്പനിയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന, പാര്‍ശ്വഫലങ്ങളുള്ള ഹൈഡ്രോക്സി ക്ലോറോക്വിന് (ഖയ്ന) ഗുളികയും കൊണ്ട് ഇതിനെ ചെറുക്കാനാകുമെന്ന പ്രാകൃതമായ നിലപാടാണ് ട്രംപും കൂട്ടരും സ്വീകരിച്ചത്. ഈ നിലപാടിനെ എതിര്‍ത്ത വിദഗ്ധരെയെല്ലാം തല്‍സ്ഥാനങ്ങളില്‍ നിന്ന് നീക്കം ചെയ്യുകയുമുണ്ടായി. ട്രംപിന്റെ അശാസ്ത്രീയമായ ഈ നിലപാടും രോഗവ്യാപനത്തിനൊപ്പം മരണസംഖ്യ വര്‍ധിച്ചതിനും കാരണമായി. അമേരിക്ക മാത്രമല്ല ബ്രിട്ടനും ഇറ്റലിയും ബ്രസീലും ഉള്‍പ്പെടെ നിരവധി വലതുപക്ഷ ഭരണമുള്ള രാജ്യങ്ങളുടെ അവസ്ഥയും ഏറെക്കുറെ സമാനമാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെയും നിരീക്ഷണത്തിലല്ലാതെയും ഹൈഡ്രോക്സി ക്ലോറോക്വിന് ഗുളിക കഴിച്ചതുമൂലവും നിരവധി പേര് അമേരിക്കയില്‍ മരിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ശാസ്ത്രീയവും ചിട്ടയോടുകൂടിയതുമായ സമീപനം സ്വീകരിച്ച ചൈനയ്ക്ക് സ്വന്തം നാട്ടില്‍ രോഗവ്യാപനം ഒരു പരിധിവിട്ട് പോകാതെയും (82,995) ഇതില്‍ 78,288 ഉം രോഗമുക്തി നേടി) മരണസംഖ്യ ക്രമാതീതമായി ഉയരാതെയും (4,634) നോക്കാന്‍ കഴിഞ്ഞു. മാത്രമല്ല, ഇറ്റലി ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളെയും വെനസ്വേലയെയും നിക്കരാഗ്വയെയും പോലുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ രാജ്യങ്ങളെയും മറ്റും സഹായിക്കാനും കഴിഞ്ഞു. ചൈന മാത്രമല്ല ക്യൂബയും വിയറ്റ്നാമും ലാവോസും കംബോഡിയയും വെനസ്വേലയും നിക്കരാഗ്വയുമെല്ലാം മുതലാളിത്തരാജ്യങ്ങള്‍ പിന്തുടരുന്നതില് നിന്നും വ്യത്യസ്തമായി, ശാസ്ത്രീയവും സഹകരണാധിഷ്ഠിതവുമായ സമീപനം സ്വീകരിച്ച് രോഗവ്യാപനം തടയാനും മരണസംഖ്യ കുറയ്ക്കാനും കഴിഞ്ഞുവെന്നത് ഈ രാജ്യങ്ങള്‍ പിന്തുടരുന്ന പ്രത്യയശാസ്ത്ര സമീപനത്തിന്റെ മേന്മയിലേക്കാണ് വെളിച്ചം വീശുന്നത്.
ലാറ്റിനമേരിക്കയില്‍ രോഗവ്യാപനത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന ബ്രസീലിലെ (4,15,000 രോഗികള്‍, മരണസംഖ്യ 25,697) മരാനോ സംസ്ഥാനത്തിന്റെ വേറിട്ട അനുഭവം ഈ നിഗമനം കൂടുതല്‍ ശരിവയ്ക്കുന്നതാണ്. മരാനോയുടെ ഗവര്‍ണര്‍ കമ്യൂണിസ്റ്റ് പാര്‍ടി ഓഫ് ബ്രസീലിന്റെ നേതാവ് ഫ്ളാവിയൊ ഡിനൊയാണ്. തീര്‍ത്തും പിന്തിരിപ്പന് നിലപാട് സ്വീകരിക്കുന്ന, ഫാസിസ്റ്റ് സ്വേച്ഛാധിപതിയായ ജെയര്‍ ബൊള്സനാരോയ്ക്കുകീഴില് കമ്യൂണിസ്റ്റുകാരനായ ഗവര്‍ണര്‍ ഫ്ളാവിയൊഡിനൊ പ്രതികൂല സാഹചര്യങ്ങളെ നേരിട്ടാണ് സ്വന്തം ജനതയെ സംരക്ഷിക്കുന്നത്. മാസ്കുകളും പിപിഇ കിറ്റുകളും ചികിത്സോപകരണങ്ങളും മരുന്നും ഉള്‍പ്പെടെ ചൈനയില്‍നിന്ന് രഹസ്യമായി മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുംപോലെ എത്തിക്കുകയാണുണ്ടായത്. ചൈനയില്‍ നിന്ന് എത്യോപ്യയില്‍ എത്തിച്ച് അവിടെ നിന്ന് ബ്രസീലില്‍ തുറമുഖത്തിനു പുറത്ത് എത്തിച്ചാണ് മരാനോയിലേക്ക് സാധനങ്ങള്‍ കടത്തികൊണ്ടുപോയത്. സാവോപോളൊയില് ഏഴായിരത്തോളവും റിയൊഡിജനീറൊയില് അയ്യായിരത്തോളവും ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ചപ്പോള്‍ മരാനോയില് മരണസംഖ്യ 853 ആയി കുറയ്ക്കാന്‍ കഴിഞ്ഞു. രോഗബാധയും അവിടെ ഗണ്യമായി കുറവാണ്.
സമാനമായ ഒരനുഭവം ഫിലിപ്പീന്‍സില്‍ നിന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നുണ്ട്. ഫിലിപ്പീന്‍സിലെ റോഡ്രിഗൊ ദുത്തേര്‍ത്തെയുടെ വലതുപക്ഷ സ്വേച്ഛാധിപത്യ വാഴ്ചയില്‍ കോവിഡ് രോഗവ്യാപനവും മരണവും അനിയന്ത്രിതമായി വര്‍ധിച്ചുവരുമ്പോള്‍ ഫിലിപ്പീന്‍സ് കമ്യൂണിസ്റ്റ് പാര്‍ടിയുടെ നിയന്ത്രണത്തിലുള്ള പ്രവിശ്യകളില്‍ വ്യത്യസ്തമായ ചരിത്രമാണ് റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. വ്യവസ്ഥാ മാറ്റം ഒരു സമൂഹത്തിന്റെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നതിന്റെ സാക്ഷ്യമാണ് ഇപ്പോള്‍ റഷ്യ നല്‍കുന്നത്. സോവിയറ്റ് കാലഘട്ടത്തില്‍ നിലനിന്നിരുന്ന മികച്ച പൊതുരോഗ്യസംവിധാനം തകര്‍ക്കപ്പെട്ടതിന്റെ ദുരന്തമാണ് ഇന്ന് റഷ്യയില്‍ കോവിഡ് വ്യാപനവും മരണസംഖ്യയും വര്‍ധിക്കുന്നതില്‍ കാണാന്‍ കഴിയുന്നത്.
കേരളവും വിയറ്റ്നാമും കോവിഡ് രോഗത്തെ നേരിട്ട മാതൃകയെ സംബന്ധിച്ച 'ദ ഇക്കണോമിസ്റ്റ്' വാരികയുടെ റിപ്പോര്‍ട്ടില്‍ ഈ രണ്ട് ഭൂവിഭാഗങ്ങളെയും ബന്ധപ്പെടുത്തുന്ന പ്രത്യയശാസ്ത്രധാര കമ്യൂണിസമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. മനുഷ്യജീവന് ലാഭത്തെക്കാള്‍ മുന്‍ഗണന നല്കുന്ന വ്യവസ്ഥയും മനുഷ്യനേക്കാള്‍ ലാഭത്തിന് മുന്‍ഗണന നല്കുന്ന വ്യവസ്ഥയും തമ്മിലുള്ള അന്തരമാണ് ഈ കോവിഡ് കാലം നമുക്ക് കാണിച്ചുതന്നുകൊണ്ടിരിക്കുന്നത്. ദക്ഷിണകൊറിയയുടെയോ ന്യൂസിലാന്‍ഡിന്റെയോ വേറിട്ട ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ഈ പൊതുതത്വത്തെ നിരാകരിക്കാനാവില്ല. സാമൂഹിക ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ രോഗങ്ങള്‍ വരുന്നതിലും ഇല്ലാതാകുന്നതിലും ഒരു ഘടകമാകുന്നുണ്ടെന്ന് നിരീക്ഷിച്ച ജീവശാസ്ത്രജ്ഞനായ റിച്ചാര്‍ഡ് ലെവിന്‍സ് എത്രമാത്രം ശരിയാണെന്നതിനും നാമിന്ന് സാക്ഷ്യം വഹിക്കുകയാണ്.$