അമേരിക്കന്‍ അമ്മായി

ഗൗരി

കേരളത്തില്‍ മാത്രമല്ല, തൊട്ടടുത്ത തമിഴ്നാട്ടിലും അതിനുമപ്പുറം ദേശീയതലത്തിലും വലിയ ചര്‍ച്ചയായിരിക്കുകയാണ് 'ജയ് ഭീം' എന്ന സിനിമ. കേരളത്തിലെ ചര്‍ച്ചകള്‍ക്ക് ഒരു സവിശേഷമുനയുണ്ട്-അതായത് കമ്യൂണിസ്റ്റ് വിരോധത്തിന്‍റെ മുന. അത് ഉയര്‍ത്തിവിടുന്നതാകട്ടെ, ഒരു പ്രത്യേക കോണില്‍ നിന്നാണെന്നതും ശ്രദ്ധിക്കപ്പെടേണ്ട സംഗതിയാണ്! പൊതുവെ പറഞ്ഞാല്‍ സ്വത്വവാദികളില്‍നിന്ന്, ഒപ്പം അതിന്‍റെ സൈദ്ധാന്തിക രൂപമായ പോസ്റ്റ് മോഡേണിസ്റ്റുകളില്‍നിന്ന് (ഉത്തരാധുനികര്‍ - പോമോകള്‍ എന്ന് നവ മാധ്യമ പ്രയോഗം) എല്ലാമാണ് സിപിഐ എം വിരോധ വിഷം ചീറ്റല്‍ തകൃതിയായി നടക്കുന്നത്. ദളിത് സ്വത്വവാദികള്‍, സുഡാപ്പികള്‍, ജമാഅത്തെകള്‍ തുടങ്ങിയവരാണ്-പൊതുവെ പറഞ്ഞാല്‍ മാധ്യമം ഗ്യാങ്!

എന്താ ഓര് പറയണതെന്നല്ലേ? സിനിമയിലെ രാഷ്ട്രീയത്തെ തലതിരിച്ച് കാണിക്കാനാണ് ഓരിക്കെല്ലാം ഏറെ താല്‍പര്യം! തമിഴ്നാട്ടിലെ ഇരുളര്‍ എന്ന ആദിവാസി വിഭാഗം നേരിടുന്ന കണ്ണില്‍ ചോരയില്ലാത്ത ക്രൂരത, ഭരണകൂട അടിച്ചമര്‍ത്തലുകള്‍, അതില്‍ ഒരു പ്രത്യേക കേസ് -രാജാക്കണ്ണെന്ന ചെറുപ്പക്കാരനെ മോഷണക്കുറ്റം ആരോപിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോയി ലോക്കപ്പിലിട്ട് തല്ലിക്കൊന്ന കേസ് - ആണ് സിനിമയിലെ ചര്‍ച്ചാവിഷയം! ഈ കേസില്‍ മാത്രമല്ല, സമാനമായ കേസുകളിലെല്ലാം സിപിഐ എം ദളിത്-ആദിവാസി വിഭാഗങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി ശബ്ദമുയര്‍ത്തുക മാത്രമല്ല, അവര്‍ക്ക് സംരക്ഷണമുറപ്പാക്കാന്‍ ഇടപെടുന്നതായും സിനിമ ദൃശ്യങ്ങളിലൂടെ മനോഹരമായി അവതരിപ്പിക്കുന്നു. ഇതൊക്കെ വെറും തള്ളാണെന്നാണ് മ്മളെ സ്വത്വങ്ങള്, സുഡാപിയാദികള് എല്ലാം ഓരിയിട്ടോണ്ടിരിക്കണത്!

എന്നാല്‍ കടലൂരെ ഇരുളര്‍ എന്ന ആദിവാസി വിഭാഗത്തില്‍പെട്ട രാജാക്കണ്ണിന്‍റെയും പാര്‍വതി അമ്മാളിന്‍റെയും കേസില്‍ മാത്രമല്ല, ഇന്നും ജാതി വിവേചനവും (വഴിനടക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കപ്പെടുന്നുണ്ട്) അടിച്ചമര്‍ത്തലുകളും നേരിടുന്ന ആദിവാസി ദളിത് ജനവിഭാഗങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന തമിഴ്നാട്ടിലെ ഏക രാഷ്ട്രീയപ്രസ്ഥാനം സിപിഐ എമ്മാണ്. താരതമ്യേന അവിടെ ദുര്‍ബലമായ സിപിഐ എമ്മാണ് കീഴ്വെണ്‍മണിയിലെയും വാച്ചാത്തിയിലെയും തൂത്തുക്കുടിയിലെയും കോയമ്പത്തൂരിലെയും മധുരയിലെയും മറ്റു നിരവധി പ്രദേശങ്ങളിലെയും ആദിവാസികള്‍ക്കൊപ്പംനിന്ന് തെരുവില്‍ പോരാടുന്നതിനൊപ്പം അവര്‍ക്കായി നിയമ പോരാട്ടങ്ങളും നടത്തുന്നത്. ഇവിടൊന്നും ഒരു സ്വത്വത്തിന്‍റെയും സുഡാപ്പിയുടെയും പൊടിപോലും കാണാനുണ്ടായിരുന്നില്ല. കേരളത്തിന്‍റെ അതിര്‍ത്തി കഴിഞ്ഞാല്‍ എന്തുകൊണ്ടാണ് ആദിവാസികളും ദളിതരും ഉള്‍പ്പെടെയുള്ളവര്‍ അടിച്ചമര്‍ത്തപ്പെടുകയും കൊടിയ പീഡനം നേരിടുകയും ചെയ്യുന്നത്? രണ്ടിടത്തും ജാതികള്‍ക്കും ഉപജാതികള്‍ക്കും വെവ്വേറെ സ്വത്വ സംഘടനകള്‍ ഉണ്ട്. എന്നാല്‍ കേരളത്തില്‍ കമ്യൂണിസ്റ്റുകാര്‍ക്കുള്ള മേധാവിത്വം തമിഴ്നാട്ടിലില്ല എന്നതാണ് അടിസ്ഥാനപരമായ വ്യത്യാസം. 

കമ്യൂണിസ്റ്റുകാര്‍ക്ക്, സിപിഐ എമ്മിന്, വ്യക്തമായ മേധാവിത്വവും ശക്തമായ സ്വാധീനവുമുള്ള കേരളത്തില്‍ തമിഴ്നാട്ടിലെയോ കര്‍ണാടകത്തിലെയോപോലെ ദളിതരും  ആദിവാസികളും അടിച്ചമര്‍ത്തലും ജാതിവിവേചനവും നേരിടുന്നില്ല എന്നതാണ് സത്യം. എന്നാല്‍ തമിഴ്നാട്ടിലോ കര്‍ണാടകത്തിലോ ദളിതര്‍ക്കും ആദിവാസികള്‍ക്കുംവേണ്ടി ശബ്ദമുയര്‍ത്താനോ അവരെ സംരക്ഷിക്കാനോ ഒന്നു തിരിഞ്ഞുനോക്കാന്‍പോലുമോ തയ്യാറാകാത്ത സ്വത്വ-സുഡാപ്പിയാദികള്‍ കേരളത്തില്‍ സിപിഐ എം വിരുദ്ധ വാചാടോപങ്ങളുമായി കഴിയുന്നത് ദളിതര്‍ക്കോ ആദിവാസികള്‍ക്കോ വേണ്ടി അല്ലെന്ന് വ്യക്തമാണല്ലോ. ഈ ദരിദ്ര ജനവിഭാഗങ്ങള്‍ക്കായി പൊരുതുന്ന കമ്യൂണിസ്റ്റുകാരുടെ സ്വാധീനം നുണപ്രചാരണങ്ങളിലൂടെ കേരളത്തിലും ഇല്ലാതാക്കുക മാത്രമാണ് ഇത്തരം  ജനദ്രോഹി സംഘങ്ങളുടെ ലക്ഷ്യം. അതിന്‍റെ ഗുണഫലം ലഭിക്കുന്നതോ? സമൂഹത്തിലെ സമ്പന്നര്‍ക്കും 'മേല്‍' ജാതി പ്രമാണിമാര്‍ക്കുമല്ലാതെ മറ്റാര്‍ക്കുമല്ല. തമിഴ്നാട്ടിലെ ആദിവാസി ജനത നേരിടുന്ന കൊടിയ മര്‍ദനങ്ങളിലേക്കും ചൂഷണത്തിലേക്കും വിരല്‍ചൂണ്ടുക മാത്രമല്ല മറിച്ച് അവര്‍ക്കൊപ്പം നില്‍ക്കുന്നത് കമ്യൂണിസ്റ്റുകാരാണ്, സിപിഐ എമ്മാണ് എന്ന് വിളിച്ചുപറയുകയുമാണ് നടന്‍ സൂര്യ നിര്‍മിച്ച് ജ്ഞാനവേല്‍ സംവിധാനംചെയ്ത ജയ്ഭീം എന്ന സിനിമ നല്‍കുന്ന രാഷ്ട്രീയ സന്ദേശം. 

പൊലീസ് തല്ലിക്കൊന്ന രാജാക്കണ്ണിന്‍റെ  വിധവ പാര്‍വതിഅമ്മാളിനു - സിനിമയില്‍ സെന്‍ഗെനി വേണ്ടി കേസേറ്റെടുത്ത് നടത്തിയ അഭിഭാഷകന്‍ കെ ചന്ദ്രു (പില്‍ക്കാലത്ത് മദ്രാസ് ഹൈക്കോടതിയില്‍ ജഡ്ജിയായ ചന്ദ്രു)വിന് സിപിഐ എമ്മുമായി ഒരു ബന്ധോമില്ലെന്ന് സ്ഥാപിക്കാനും ഇക്കൂട്ടര്‍ ശ്രമിക്കുന്നുണ്ട്. ആകെപ്പാടെ സുഡാപ്പി സ്വത്വാദികള്‍ എട്ടുകാലി മമ്മൂഞ്ഞിക്കയെയും തോല്‍പിക്കുംവിധമുള്ള തള്ളാണ് തള്ളണത്. എന്തിനെന്നോ? കേരളത്തില്‍ സിപിഐ എമ്മിനുള്ള മേല്‍ക്കൈ-പ്രത്യേകിച്ചും ദളിതരും ആദിവാസികളും ഉള്‍പ്പെടെയുള്ള ദരിദ്രര്‍ക്കിടയില്‍ - ഇല്ലാതാക്കി തമിഴ്നാട്ടിലെയും മറ്റും പോലെ പ്രമാണിവര്‍ഗത്തിന്‍റെ സ്വര്‍ഗരാജ്യമാക്കിമാറ്റാന്‍ അച്ചാരം വാങ്ങിയവരാണവര്‍. അവരാണ് ചാനല്‍ചര്‍ച്ചകളിലും മറ്റും നിഷ്പക്ഷവേഷംകെട്ടിയും ഇടതുമുഖംമൂടിയണിഞ്ഞും സിപിഐ എമ്മിനെതിരെ  പ്രത്യക്ഷപ്പെടുന്നത്. മനോരമാദി മുഖ്യധാരാ പത്രങ്ങളും ഓരോരോ ഉടായിപ്പുകള്‍ തട്ടിവിടുന്നത് ഇതേ ലക്ഷ്യത്തോടെയാണ്.
 
കഴിഞ്ഞദിവസങ്ങളില്‍ മലയാള മാധ്യമങ്ങള്‍ ഒന്നിനുപിറകെ ഒന്നായി എല്‍ഡിഎഫ് ഗവണ്‍മെന്‍റിനെതിരായ അറ്റകൈ പ്രയോഗങ്ങളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. അതിനായി ഒന്നിനുപിറകെ ഒന്നായി നുണക്കഥകള്‍ പടച്ചുവിടുന്നുമുണ്ട്. സിഎജിയെപ്പോലുള്ള ചില ഭരണഘടനാ സ്ഥാപനങ്ങളിലെ ഉന്നതരെ അതിനായി കൂട്ടുപിടിക്കാനും ഇക്കൂട്ടര്‍ക്ക് മടിയില്ല.  കമ്യൂണിസ്റ്റ് നിഗ്രഹത്തിനായി ഇക്കൂട്ടര്‍ മരണക്കിണറില്‍ ഇറങ്ങി കുളിക്കുന്നതാണ് നാം പോയവാരത്തിലും കാണുന്നത്. 

11-ാം തീയതിയിലെ മൂന്നാംപേജില്‍ കിടു ഐറ്റം ഇങ്ങനെ മത്തങ്ങായില്‍ കാച്ചിയിരിക്കുന്നു-"മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് ഒടുവില്‍ റദ്ദാക്കി." ഈ പ്രയോഗം കേട്ടാല്‍ തോന്നുക സര്‍ക്കാരിനെന്തോ പ്രത്യേക താല്‍പര്യംമൂലം കാലങ്ങളായി റദ്ദാക്കാന്‍ മടിച്ച ഉത്തരവ് ഒടുവില്‍ റദ്ദാക്കിയെന്നല്ലേ? എന്നാല്‍ സത്യമോ? മരംമുറി ഉത്തരവ് പുറത്തിറങ്ങി മൂന്നാംനാള്‍ അത് റദ്ദാക്കി. ഉത്തരവിനെ സംബന്ധിച്ച വിവരം അറിഞ്ഞയുടന്‍തന്നെ അത് ഗവണ്‍മെന്‍റ് സസ്പെന്‍ഡ് ചെയ്യുകയും ബന്ധപ്പെട്ടവരോട് അന്വേഷിക്കുകയും ചെയ്തു. സര്‍ക്കാര്‍ നിലപാടിന് വിരുദ്ധമായി ഉദ്യോഗസ്ഥര്‍  ഇറക്കിയ ഉത്തരവ് കയ്യോടെ റദ്ദാക്കുകയും ചെയ്തു. അതല്ലേ സത്യം. പക്ഷേ അങ്ങനെ പറഞ്ഞാല്‍ അതിനെ എല്‍ഡിഎഫിനെതിരായ വടിയാക്കാനാവില്ലല്ലോ!

മന്ത്രിമാരോ മന്ത്രിസഭയോ അറിയാതെ ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ എന്ന അഖിലേന്ത്യാ സര്‍വീസുകാരനെ സസ്പെന്‍ഡ് ചെയ്യാനും മന്ത്രിസഭ തീരുമാനിച്ചു. അതാണിപ്പോള്‍ മനോരമാദികളെയും പ്രതിപക്ഷത്തെയും വെട്ടിലാക്കിയത്. അപ്പോ ആരാ ഈ വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസ്? മ്മളെ തിരുവഞ്ചൂരാന്‍ വനം മന്ത്രിയായിരിക്കെ സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി വനംവകുപ്പ് ഭരിച്ച ഐഎഫ്എസുകാരന്‍. അതായത് മ്മളെ തിരുവഞ്ചൂര്‍ - കുഞ്ഞൂഞ്ഞാദികളുടെ സ്വന്തംമച്ച. അതിയാനെക്കൊണ്ട് ഒരുത്തരവ് പടച്ചുണ്ടാക്കീറ്റ് അഞ്ചാറീസം ചര്‍ച്ച നടത്തി പുകമറ സൃഷ്ടിക്കാമെന്ന മോഹമാണ് ഉത്തരവ് റദ്ദാക്കുകയും ബെന്നിച്ചനെ പുറത്തുനിര്‍ത്തുകയും ചെയ്തതോടെ പൊലിഞ്ഞത്. അന്നുതന്നെ മനോരമ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തില്‍ ഈ മോഹഭംഗം കൃത്യമായി നിഴലിക്കുന്നുണ്ട്-"മുല്ലപ്പെരിയാറില്‍ കള്ളക്കളിയോ? മരംമുറി ഉത്തരവ് റദ്ദാക്കിയെങ്കിലും ചോദ്യങ്ങള്‍ ബാക്കിനില്‍ക്കുന്നു"വെന്ന മുഖപ്രസംഗത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കുന്നില്ലയെന്ന മുട്ടന്‍ കള്ളമാണ് മനോരമ അച്ചുനിരത്തുന്നത്. നിയമസഭയില്‍ മുഖ്യമന്ത്രി കൃത്യമായി മറുപടി പറഞ്ഞ വിഷയങ്ങള്‍ മൂടിവെച്ച് ഇമ്മാതിരിയൊരു ഉടായിപ്പ് കാച്ചുന്ന മനോരമ മാധ്യമ മര്യാദയെത്തന്നെയാണ് വെല്ലുവിളിക്കുന്നത്. അല്ലെങ്കില്‍തന്നെ മനോരമയ്ക്കെന്തു മര്യാദ? 12-ാംതീയതി 9-ാംപേജില്‍ "മുല്ലപ്പെരിയാര്‍ മരംമുറി ഉത്തരവ് റദ്ദാക്കല്‍ കോടതിയില്‍ തിരിച്ചടിക്കുമോ? എന്ന പുതിയ ആങ്കിളില്‍ കഥ മുന്നോട്ടു കൊണ്ടുപോകാന്‍ തറ്റുടുത്തിറങ്ങുകയാണ് റബറ് പത്രം!

12-ാംതീയതി മറ്റാരു വിഷയംകൂടി ചാണ്ടുകയാണ് മനോരമ, ഒന്നാംപേജില്‍തന്നെ. "സിഎജി കണ്ടെത്തി സര്‍ക്കാര്‍ വീഴ്ചകളുടെ പ്രളയം-പരാജയങ്ങള്‍ എണ്ണിപ്പറഞ്ഞ് സിഎജി റിപ്പോര്‍ട്ട്." കഴിഞ്ഞ ഇരുപതോ മുപ്പതോ വര്‍ഷത്തെ കേസുകെട്ടുകളെല്ലാം തുന്നിച്ചേര്‍ത്ത് ഇപ്പോഴത്തെ, 2016 മുതലുള്ള പിണറായി സര്‍ക്കാരിന്‍റെ തലയില്‍ തീ കോരിയിടാനാണ് സിഎജിയുടെപേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിനെ മനോരമ ഉപയോഗിക്കുന്നത്. മഴമാപിനികള്‍ വേണ്ടത്ര സ്ഥാപിച്ചിട്ടില്ലയെന്നതാണ് ഒരാരോപണം. എന്നാല്‍ മനോരമ റിപ്പോര്‍ട്ടുതന്നെ പറയുന്നത് "32 മഴമാപിനികള്‍ വേണ്ടിയിരുന്ന പെരിയാര്‍ നദീതടത്തില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ 6 മഴമാപിനികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ" എന്നാണ്. അതായത്, കേന്ദ്ര കാലാവസ്ഥാ വകുപ്പാണ് ഇത് സ്ഥാപിക്കുന്നത്. അത് സ്ഥാപിക്കുന്നതില്‍ കേന്ദ്രം കുറവു വരുത്തിയാലും സംസ്ഥാന സര്‍ക്കാരിന്‍റെ പള്ളയ്ക്കിട്ട് കുത്തുകതന്നെ. മഴമാപിനി മഴപെയ്ത് തോര്‍ന്നശേഷമുള്ള കണക്കെടുപ്പിനല്ലാതെ പ്രളയം തടയാന്‍ (ഭാവിയിലെ ആസൂത്രണത്തിന് സഹായകമാകുമെന്നത് മറക്കുന്നില്ല) പറ്റുന്നതെങ്ങനെ എന്ന് സിഎജി പറയുന്നില്ല. അതാണ് മനോരമ ലൈന്‍. അതിന് ചുക്കാന്‍പിടിക്കയാണ് സിഎജിയിലെ ചില ബ്യൂറോക്രാറ്റുകള്‍. പ്രളയമുണ്ടായത് അതിതീവ്ര മഴയെക്കാള്‍ ഉപരി ഡാം മാനേജ്മെന്‍റിലെ അപാകതയാണെന്ന് പഴയ കോങ്കി വക്കീല്‍ തട്ടിക്കൂട്ടിയ അമിക്കസ്ക്യൂറി റിപ്പോര്‍ട്ടിനെപിടിച്ച് സിഎജിയിലെ കണക്കപ്പിള്ളമാര്‍ പറയുന്നതാണ് ജോറായിരിക്കണത്. ഇതൊക്കെ എങ്ങനെയാ സിഎജിയുടെ പരിധിയില്‍ വരണതെന്ന സംശയം അപ്പോഴും ബാക്കിനില്‍ക്കും. മാത്രമല്ല, അങ്ങനെയൊരു കണക്കെടുപ്പ് വേണമെന്നുണ്ടെങ്കില്‍ അമിക്കസ്ക്യൂറിയെയാണോ ആശ്രയിക്കേണ്ടത് അതോ ശാസ്ത്ര-സാങ്കേതിക മേഖലയില്‍ വൈദഗ്ധ്യമുള്ളവരെയാണോയെന്ന സംശയവും ബാക്കിയാകുന്നു. പക്ഷേല് അങ്ങനെയായാല്‍ മ്മളെ കണക്കപ്പിള്ളമാര്‍ക്ക് രാഷ്ട്രീയം കളിക്കാനാവില്ലല്ലോ!

12ന് 9-ാം പേജില്‍ മനോരമ "സര്‍ക്കാരിനോട് സിഎജി. ഈ കടം കെണിയാകും എന്ന ഒരു കിടു സാധനം വച്ചുകാച്ചുന്നുണ്ട്. അതിന്‍റെ ഉപശീര്‍ഷകമാണ് ബഹു ജോര്‍: "നിയമസഭ വിലക്കിയിട്ടും പിന്നോട്ടില്ല: കിഫ്ബിക്കെതിരെ വീണ്ടും സിഎജി. കടമെടുപ്പ് നിയമസഭ അറിഞ്ഞെന്ന് കിഫ്ബി. അതുപോരെന്ന് സിഎജി." 1999ല്‍ സംസ്ഥാന നിയമസഭ അംഗീകരിച്ച ഒരു നിയമംമൂലം നിലവില്‍വന്ന കിഫ്ബി എന്ന സ്പെഷ്യല്‍ പര്‍പ്പസ് വെഹിക്കിളിന് ബജറ്റിനുപുറത്ത് കടമെടുക്കാനും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിക്കാനും അധികാരമുണ്ട്. അതില്‍ ക്രമക്കേടോ അഴിമതിയോ കണ്ടാല്‍ സിഎജിക്ക് ചൂണ്ടിക്കാണിക്കാം. ഇവിടെ അതൊന്നും കാണാത്തതുകൊണ്ട് നേരെ അപ്പച്ചന്‍റെ നെഞ്ചത്തുകേറി നെരങ്ങയാണ് സുനില്‍രാജനെന്ന സിഎജിയിലെ കണക്കപ്പിള്ള. കടമെടുക്കുന്നതിന് കിഫ്ബിക്ക് നിയമസഭയുടെയും പോരെങ്കില്‍ റിസര്‍വ്ബാങ്കിന്‍റെയും (മസാലബോണ്ടിന്) അനുമതി പോര, അതിന് ഈ വിദ്വാന്‍റെ സ്പെഷല്‍ പെര്‍മിഷന്‍കൂടി വേണമത്രെ! കഴിഞ്ഞ അഞ്ചുവര്‍ഷത്തിലേറെയായി കേന്ദ്രസര്‍ക്കാര്‍ സര്‍വ ധനാഗമ മാര്‍ഗങ്ങളും  കൊട്ടിയടച്ചിട്ടും കേരളത്തില്‍ നടക്കുന്ന കണ്ണഞ്ചിപ്പിക്കുന്ന വികസന പ്രവര്‍ത്തനങ്ങളാണ് കോങ്കി-സങ്കി പ്രമാണിമാരെ വെകിളിപിടിപ്പിക്കുന്നത്. അവരുടെ വായ്ക്കോടാലിയായി പ്രവര്‍ത്തിക്കുകയാണ് സിഎജിയിലെ സുനില്‍രാജന്‍മാര്‍. അതാണല്ലോ അതിയാന്‍ കേരളത്തീന്ന് സ്ഥലം വിട്ടിട്ടും വിടാതെ കിഫ്ബീല് തൂങ്ങി സ്പെഷലും സാദായുമായി നിക്കണത്? 

എന്നാല്, മനോരമ മറച്ചുപിടിക്കണത്, സിഎജി റിപ്പോര്‍ട്ടെന്നുപറഞ്ഞ് പ്രചരിപ്പിക്കണത്, സംസ്ഥാന സര്‍ക്കാരിനോടുള്ള സിഎജിയുടെ ചോദ്യാവലിയാണ്. അതിനു മറുപടിയും ഉരുളയ്ക്കുപ്പേരിപോലെ സര്‍ക്കാര്‍ കൊടുത്തിട്ടുണ്ട്. അതും കൂടങ്ങ് എന്തേ മനോരമ കൊടുക്കണില്ല. മോഡീടെ വേലക്കാരന്‍റെ റോളുകളിക്കണ സുനില്‍രാജ് എജി ചെയ്യേണ്ട ജോലിയല്ല ചെയ്യണത്. അതിയാനെ അതോര്‍മിപ്പിക്കുകയാണ് മാധ്യമ ധര്‍മം.

16-ാം തീയതി മനോരമയുടെ ഒന്നാംപേജിലെ ഒരൈറ്റം നോക്കാം. "ആര്‍എസ്എസ് നേതാവിനെ ഭാര്യയുടെ മുന്നില്‍ വെട്ടിക്കൊലപ്പെടുത്തി. രാഷ്ട്രീയ കൊലപാതകമെന്ന് പൊലീസ്, എസ്ഡിപിഐ എന്ന് ആര്‍എസ്എസ്. ശബരിമല നടതുറന്ന സംഭവത്തിന്‍റെ താഴെയായി രണ്ട്കോളത്തിലാണ് മനോരമ ഇത് അവതരിപ്പിക്കുന്നത്. എന്നാല്‍ എസ്ഡിപിഐക്കാരാണ് കൊലപാതകം നടത്തിയതെന്നുപറയാന്‍ മനോരമയ്ക്ക് ഉറപ്പില്ല. അതേസമയം സിപിഐ എമ്മിന്‍റെ ഒരനുഭാവിയെയെങ്കിലും ഇതുമായി കൊളുത്തിയിടാന്‍ പറ്റുമായിരുന്നെങ്കില്‍ മനോരമയ്ക്ക് ഈ സംശയമുണ്ടാകില്ലായിരുന്നു. അങ്ങനെയെങ്കില്‍ അവര്‍ ഇത് അന്നത്തെ ലീഡ് റിപ്പോര്‍ട്ടുമാക്കുമായിരുന്നു. മനോരമ ചാനല്‍ പക്ഷേ 15നും 16നും നടത്തിയ അന്തി ചര്‍ച്ചയില്‍ ആ വിഷമം തീര്‍ക്കുന്നു. കൊന്നത് സുഡാപികളാണെങ്കിലും പ്രതി സിപിഐ എമ്മാണെന്ന  ദിശയിലാണ് ചര്‍ച്ചയുടെ ഒരു പോക്ക്! എങ്ങനുണ്ട്?

15-ാം തീയതി  മനോരമ നല്‍കുന്ന മുഖപ്രസംഗം ഒന്നു വേറിട്ടതുതന്നെയാണ്. "ഷി ചിന്‍പിങ് എന്ന അനിഷേധ്യത. വ്യക്തി കേന്ദ്രീകൃത അധികാരം ചൈന വീണ്ടും ഉറപ്പിക്കുന്നു"എന്നാണ് തലക്കെട്ട്. ഇന്ത്യയിലെ ദേശീയ വാര്‍ത്തകള്‍ മുഖപ്രസംഗത്തിന് വിഷയമാക്കേണ്ടേയെന്ന് ചോദിച്ചാല്‍ മ്മളിപ്പോള്‍ മ്മളെ അടുത്തുള്ള കേരളത്തിലെ കാര്യങ്ങള്‍ നോക്കാം; പിന്നെ മതി കേന്ദ്രം എന്നു പറയുന്ന മനോരമയ്ക്ക് കേരളത്തീന്നുനേരെ ചാടാന്‍ തോന്നണത് ചൈനയിലേക്കാണ്. എന്താ ആ ചാട്ടത്തിനുപിന്നില്‍? ചൈനയില്‍ ഭരണംനടത്തുന്നത് കമ്യൂണിസ്റ്റു പാര്‍ടിയാണ്. കേരളത്തില്‍ കമ്യൂണിസ്റ്റു പാര്‍ടിയുടെ നേതൃത്വത്തിലുള്ള മുന്നണി ഭരണം. അതന്നെയാണ് ഈ ചാട്ടത്തിന് ഓരെ പ്രേരിപ്പിക്കുന്നത്. കമ്യൂണിസ്റ്റുകാര് അധികാരത്തില്‍വന്നാല്‍ സൈനേഡടിച്ച് ചത്തുകളയുമെന്ന് പ്രതിജ്ഞയെടുത്ത കാര്‍ണോരുടെ കൊച്ചുമക്കള്‍ക്ക് ഇതല്ലേ കരണീയമായിട്ടുള്ളൂ.

ചൈനയില്‍ ജനാധിപത്യമില്ലത്രെ! 142 കോടി ജനങ്ങളെ പട്ടിണിയില്‍നിന്നും ദാരിദ്ര്യത്തില്‍നിന്നും മോചിപ്പിച്ചു ചൈനയിലെ ഭരണം എന്ന് യുഎന്‍ റിപ്പോര്‍ട്ടുചെയ്യുമ്പോള്‍ അതിലും വലിയ ജനാധിപത്യവും മനുഷ്യാവകാശവും വേറെവിടെയാണുള്ളത് ഹേ? ഇന്ത്യയിലോ? അതോ അങ്ങ് അമ്മേരിക്കേലോ? നാലുനേരം മൂക്കുമുട്ടെ തിന്ന് കൊഞ്ചം വാട്ടര്‍ബെറീസും അകത്താക്കി സുഖസുഷുപ്തിയില്‍ കഴിയുന്ന പ്രമാണിവര്‍ഗത്തിന് പട്ടിണിക്കാരില്ലാത്ത ഒരു രാജ്യത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അത് സഹിക്കൂല്ല. തങ്ങള്‍ സമൃദ്ധിയില്‍ കഴിയുമ്പോള്‍ സുഖംവരണമെങ്കില്‍ ചുറ്റും പട്ടിണിക്കാരുടെ സങ്കടക്കടല്‍ വേണമല്ലോ. അതാണ് മനോരമേടെ ജനാധിപത്യം. ആ പൈത്യം വേണ്ടെടേയ് എന്നാണ് ചൈനക്കാര് പറയണത്.

ആലിബാബ കമ്പനിയുടെ ജാക്മായെ മൂക്കുകയറിട്ടതിലും മനോരമയ്ക്ക് വല്ലാത്തൊരു അസ്ക്കിതയുണ്ട്. ഷി സ്വേച്ഛാധിപതിയാവുകയാണത്രെ! അപ്പം ഇത്രേം കാലം നിങ്ങള്‍ പറഞ്ഞോണ്ടിരുന്നതും അതന്നെയല്ലേ! ട്രംപ് പറഞ്ഞതാണല്ലേ മനോരമേടെം ഉള്ളിലിരുപ്പ്. ഇപ്പം അറ്റുവീഴുമെന്ന് കരുതി മുട്ടനാടിന്‍റെ പിന്നാലെ കൂടിയ ചെന്നായയുടെ അവസ്ഥയിലായി ചൈനയില്‍ ഗോര്‍ബച്ചേവുമാരും യെല്‍സിന്‍മാരും ഉദയംചെയ്യണത് കാത്തിരുന്ന അമേരിക്കയും. മനോരമയും മനോജ്ഞമായ അത്തരമൊരു പകല്‍ക്കിനാവിലായിരുന്നൂന്ന് തോന്നണ്! കരുത്താര്‍ജിക്കുന്ന ചൈന ഇന്ത്യയ്ക്ക് ഭീഷണിയാണെന്നാണ് മനോരമ മോഡിയണ്ണനെ ഉപദേശിക്കണത്. അതോണ്ട് ബൈഡന്‍റെ കൂടാരത്തില്‍ ശേവുകക്കാരനായി കൂടിക്കൊള്ളാനാണ് മോഡിയോട് മനോരമ പറയാതെ പറയണത്. വിക്ടോറിയ 'മഹാറാണീ'ടെ പാദത്തിങ്കല്‍ സവിനയം സമര്‍പ്പിച്ചുകൊണ്ട് കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള തുടങ്ങിയ പത്രം ഇങ്ങനല്ലേ എഴുതൂ.•