കാലാവധി നീട്ടല്‍ മോഡി ഗവണ്‍മെന്‍റിന്‍റെ ദുഷ്ടലാക്ക്

ഗിരീഷ് ചേനപ്പാടി

സിബിഐ, എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) എന്നിവയുടെ മേധാവിമാരുടെ നിയമനകാലാവധി നിലവില്‍ രണ്ടുവര്‍ഷമായിരുന്നു. അത് അഞ്ചു വര്‍ഷമായി നീട്ടാന്‍ കേന്ദ്ര സര്‍ക്കാരിന് അനുവാദം നല്‍കുന്ന ഓര്‍ഡിനന്‍സ് മോഡി സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുകയാണ്. ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്കിടയാക്കുന്നതും മേല്‍പ്പറഞ്ഞ അന്വേഷണ ഏജന്‍സികളുടെ സ്വയം ഭരണാവകാശത്തെ അട്ടിമറിക്കുന്നതുമായ ഈ ഓര്‍ഡിനന്‍സ് ഇതിനകം നിരവധി വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. സിബിഐയുടെയും ഇഡിയുടെയും മേധാവിമാരുടെ നിയമന കാലാവധി പൂര്‍ത്തിയാക്കുന്ന തീയതി മുതല്‍ ഓരോ വര്‍ഷത്തേക്ക് എന്ന നിലയില്‍ മൂന്നുതവണ കൂടി നീട്ടി നല്‍കാന്‍ ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാരിനു സാധിക്കും. അതായത് സിബിഐ/ഇഡി ഡയറക്ടറുടെ കാലാവധി 2021 നവംബര്‍ 30ന് പൂര്‍ത്തിയാകുന്നു എന്നിരിക്കട്ടെ ആ ദിവസം മുതല്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടാം. 2022 ലും 2023ലും കൂടി ഓരോ വര്‍ഷത്തേക്കു നീട്ടാം. രണ്ടു വര്‍ഷത്തേക്കാണല്ലോ ഒരാളെ ആ സ്ഥാനത്തേക്കു നിയമിക്കുക. ആ വ്യക്തി കേന്ദ്ര സര്‍ക്കാരിന്‍റെ ഇഷ്ടക്കാരനായാല്‍ അഞ്ചുവര്‍ഷം വരെ തല്‍സ്ഥാനത്തു തുടരാം.

സിബിഐയെയും എന്‍ഫോഴ്സ്മെന്‍റിനെയും മോഡി സര്‍ക്കാര്‍ ദുരുപയോഗം ചെയ്തതിന്‍റെ എണ്ണമറ്റ ഉദാഹരണങ്ങള്‍ നമുക്കു മുന്നിലുണ്ട്. എതിര്‍ രാഷ്ട്രീയക്കാര്‍, വിമര്‍ശനമുയര്‍ത്തുന്ന മാധ്യമങ്ങള്‍, എഴുത്തുകാര്‍, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെയെല്ലാം വേട്ടയാടാന്‍ മോഡി സര്‍ക്കാര്‍ ഈ ഏജന്‍സികളെ നിരന്തരം ഉപയോഗിച്ചുവരികയാണ്. തങ്ങള്‍ക്കു ഭൂരിപക്ഷമില്ലാത്ത സംസ്ഥാനങ്ങളില്‍ നിയമസഭാ സാമാജികരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കുന്നതിനും ഈ ഏജന്‍സികളെ ഉപയോഗപ്പെടുത്തുന്നു എന്ന ആരോപണം ശക്തമാണ്.

പാര്‍ലമെന്‍റിന്‍റെ ശീതകാല സമ്മേളനം നവംബര്‍ 29ന് ആരംഭിക്കാനിരിക്കെ അതിനു രണ്ടാഴ്ച മുന്‍പ് തിരക്കിട്ട് ഗവണ്‍മെന്‍റ് ഇങ്ങനെ ഒരു ഓര്‍ഡിനന്‍സ് ഇറക്കിയതിന്‍റെ ഗുട്ടന്‍സ് എന്താണ്? എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടര്‍ എസ് കെ മിശ്രയുടെ നിയമന കാലാവധി നവംബര്‍ 19ന് അവസാനിക്കേണ്ടതായിരുന്നു. മോഡി സര്‍ക്കാരിന്‍റെ വിനീതവിധേയനായ മിശ്രയെ പെന്‍ഷന്‍ പ്രായം കഴിഞ്ഞും ആ സ്ഥാനത്ത് വീണ്ടും നിയമിച്ചതിലൂടെ മോഡി സര്‍ക്കാര്‍ ഇ ഡിയെ പൂര്‍ണമായും രാഷ്ട്രീയവല്‍ക്കരിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ സാമ്പത്തിക കുറ്റകൃത്യങ്ങളും ക്രമക്കേടുകളും അന്വേഷിക്കുക എന്നതാണ് ഇ ഡിയുടെ പ്രധാന ഉത്തരവാദിത്തം. സ്വതന്ത്രമായും നിഷ്പക്ഷമായും നീതിയുക്തമായും പ്രവര്‍ത്തിക്കേണ്ട ഏജന്‍സിയാണത്. 1956ല്‍ സ്ഥാപിക്കപ്പെട്ട ഈ അന്വേഷണ ഏജന്‍സി സാമ്പത്തികക്രമക്കേടുകള്‍ സംബന്ധിച്ച് നിരവധി അന്വേഷണങ്ങള്‍ നടത്തുകയും പ്രശംസാര്‍ഹമായ കണ്ടെത്തലുകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പലപ്പോഴും രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഈ അന്വേഷണ ഏജന്‍സിയെ ദുരുപയോഗം ചെയ്തിട്ടുണ്ട്. മോഡി സര്‍ക്കാര്‍ അധികാരമേറ്റതോടെ എല്ലാ അതിരുകളും ലംഘിച്ചാണ് സിബിഐയെയും ഇ ഡിയെയും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നത്.

മോഡിയുടെയും അമിത്ഷായുടെയും വിശ്വസ്തനായ എസ് കെ മിശ്ര ഇ ഡി ഡയറക്ടറായി നിയമിക്കപ്പെട്ടത് 2018ലാണ്. 2020 നവംബര്‍ 19ന് കാലാവധി പൂര്‍ത്തിയാക്കിയ മിശ്രയ്ക്ക് ഒരു വര്‍ഷം മോഡി സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കി. അത് വിനീത് നാരായണനും ഇന്ത്യാ ഗവണ്‍മെന്‍റും തമ്മിലുള്ള കേസില്‍ 1997ല്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിയുടെ സത്തയ്ക്ക് എതിരായിരുന്നു. അസാധാരണ സാഹചര്യത്തില്‍ മാത്രമേ അന്വേഷണ ഏജന്‍സികളുടെ ഡയറക്ടര്‍മാരുടെ കാലാവധി നീട്ടാന്‍ പാടുള്ളൂ എന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. എസ് കെ മിശ്രയുടെ നിയമനം ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിക്കപ്പെട്ട കേസിലും ഇക്കാര്യം സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിച്ചിരുന്നു. മിശ്രയുടെ കാലാവധി മേലില്‍ വര്‍ധിപ്പിക്കരുത് എന്നു മുന്നറിയിപ്പ് നല്‍കുകയുംചെയ്തു.

എന്നാല്‍ സുപ്രീംകോടതി വിധിയെ അപ്പാടേ നിരാകരിച്ചുകൊണ്ടാണ് മോഡി സര്‍ക്കാര്‍ ഈ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റില്‍ സമര്‍ഥരായ ഉദ്യോഗസ്ഥരില്ലാത്തതുകൊണ്ടോ പ്രമാദമായ  ഏതെങ്കിലും കേസിന്‍റെ തുടര്‍ അന്വേഷണത്തിനു വേണ്ടിയോ അല്ല മിശ്രയെ നിയമിച്ചത് എന്നു വ്യക്തം. തങ്ങളുടെ രാഷ്ട്രീയ അജന്‍ഡ നടപ്പിലാക്കാന്‍ ഇതിനേക്കാള്‍ പറ്റിയ ആള്‍ ഇല്ല എന്ന ബിജെപി നേതൃത്വത്തിന്‍റെ ബോധ്യം മാത്രമാണ് മിശ്രയ്ക്ക് തുണയായത്.
സിബിഐ, ഇന്‍റലിജന്‍സ് ബ്യൂറോ, ഇ ഡി എന്നീ അന്വേഷണ ഏജന്‍സികളുടെ ഡയറക്ടര്‍മാരുടെ കാലാവധി രണ്ടുവര്‍ഷമായി നിജപ്പെടുത്തണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ 2005ല്‍ ഇവരുടെ കാലാവധി രണ്ടു വര്‍ഷമായി നിജപ്പെടുത്തപ്പെട്ടു. ആ കാലാവധി തീരുംമുന്‍പ് അവരെ തല്‍സ്ഥാനത്തുനിന്ന് സര്‍ക്കാര്‍ നീക്കം ചെയ്യാന്‍ പാടില്ലെന്നും നിശ്ചയിക്കപ്പെട്ടു. ഈ അന്വേഷണ ഏജന്‍സികള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനായിരുന്നു അത്.

കീഴ്വഴക്കങ്ങളെയും സുപ്രീംകോടതി ഉത്തരവിന്‍റെ സത്തയെയും പാടേ അവഗണിച്ചുകൊണ്ട് ഓര്‍ഡിനന്‍സിലൂടെ ഇ ഡി മേധാവിയുടെ കാലാവധി നീട്ടിയത് തികച്ചും ജനാധിപത്യവിരുദ്ധമാണ്. രാജ്യത്തെ ഉന്നത അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യാനും ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുമുള്ള ദുഷ്ടലാക്കാണ് ഇതിലൂടെ മോഡി സര്‍ക്കാര്‍ പ്രകടിപ്പിച്ചത്. അതുകൊണ്ടുതന്നെ മോഡി സര്‍ക്കാരിന്‍റെ ഫാസിസ്റ്റു സമീപനത്തിന്‍റെ മറ്റൊരു വിളംബരമായി ഇതുമാറുന്നു.•