വിശക്കുന്ന ഇന്ത്യയും വിശപ്പുരഹിത കേരളവും

പി എസ് ഷംസുദീന്‍

ല്ലാവര്‍ക്കും "നല്ല നാളുകള്‍" എന്ന നരേന്ദ്ര മോഡിയുടെ വായ്ത്താരിയില്‍ വീണുപോയവരെല്ലാം ദുരിതനാളുകള്‍ കഴിച്ചുകൂട്ടേണ്ടിവന്നതിന്‍റെ നേര്‍ചിത്രമാണ് ലോക വിശപ്പു സൂചികയില്‍ 94-ാം സ്ഥാനത്തായിരുന്ന ഇന്ത്യയുടെ 101-ാം സ്ഥാനത്തേക്കുള്ള കയറ്റം. ആളോഹരി വരുമാനത്തില്‍ ഇന്ത്യയേക്കാള്‍ പിന്നോക്കം നില്‍ക്കുന്നതുള്‍പ്പെടെയുള്ള 116 രാജ്യങ്ങളുടെ പട്ടികയിലാണ് 101-ാമതായി ഇന്ത്യ സ്ഥാനം പിടിച്ചിട്ടുള്ളത്. ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള കണക്കുകള്‍ അശാസ്ത്രീയ നിഗമനങ്ങളാണെന്നും യാഥാര്‍ഥ്യത്തോട് പൊരുത്തപ്പെടുന്നതല്ലെന്നുമുള്ള നിഷേധക്കുറിപ്പിറക്കി മുഖം രക്ഷിക്കാനാണ് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്‍റെ ശ്രമം.

യുഎന്‍ഒയുടെ കീഴിലുള്ള ഫുഡ് ആന്‍റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ഓരോ രാജ്യത്തെയും വിശപ്പു സൂചിക പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അതില്‍ പ്രധാനമാണ് അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ പോഷകാഹാരക്കുറവിന്‍റെ തോത്. അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളുടെ ഭാര - ഉയര അനുപാതം ഉയര - പ്രായ അനുപാതം എന്നിവയിലെ പൊരുത്തക്കേട്, ശിശുമരണനിരക്ക് എന്നിവയും വിശപ്പുസൂചികയുടെ മാനദണ്ഡങ്ങളാണ്. എന്നാല്‍ ഗ്ലോബല്‍ ഹംഗര്‍ ഇന്‍ഡക്സ് പോഷകാഹാരക്കുറവിന്‍റെ മാത്രം സൂചികയാണെന്നുള്ള കേന്ദ്ര സര്‍ക്കാര്‍ നിലപാട്, വിശപ്പു സൂചികയെക്കുറിച്ച് തെറ്റിദ്ധണ ഉണ്ടാക്കാനുള്ള ശ്രമമാണെന്നു കാണാം.

ഭക്ഷ്യഭദ്രത നിയമം രാജ്യത്തു പാസ്സാക്കിയിട്ടും ജനങ്ങളുടെ സ്വാഭാവിക ഭക്ഷ്യ ഉപഭോഗ രീതി മതിയായ ശാരീരികോര്‍ജം പ്രദാനം ചെയ്യാന്‍ പര്യാപ്തമല്ല. ദാരിദ്ര്യനിര്‍മാര്‍ജനം വളരെ സാവധാനത്തില്‍ മാത്രമാണ് വളരുന്നത്. ഇന്ത്യാ ഗവണ്‍മെന്‍റ് 2011-12നുശേഷം ഉപഭോഗ വിനിമയ സര്‍വേ റിപ്പോര്‍ട്ടു പുറത്തുവിട്ടിട്ടില്ല. നാഷണല്‍ സാമ്പിള്‍ സര്‍വേ തയ്യാറാക്കിയ 2017-18ലെ റിപ്പോര്‍ട്ടു പുറത്തുവിടാതിരിക്കുന്നതുതന്നെ കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ ഖ്യാതിക്കു മങ്ങലേല്‍പിക്കുംവിധം രാജ്യത്തെ ദാരിദ്ര്യത്തിന്‍റെ തോത് ലോകം അറിയുമെന്നുള്ള നാണക്കേടുകൊണ്ടാണ്. തൊഴിലില്ലായ്മ കഴിഞ്ഞ 45 വര്‍ഷത്തെ ഉയര്‍ന്ന സ്ഥിതിയിലാണെന്നാണ് 2017-2018ലെ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ സൂചിപ്പിക്കുന്നത്. തല്‍ഫലമായി ഗ്രാമീണമേഖലയില്‍ ഉപഭോഗ നിരക്ക് എട്ടുശതമാനം താഴേക്ക് വന്നിരിക്കുന്നു. 2019-20ല്‍ ഗ്രാമീണമേഖലയില്‍ 25 മുതല്‍ 30 ശതമാനം വരെ ദാരിദ്ര്യത്തിന്‍റെ തോത് വര്‍ദ്ധിച്ചു. 2006ല്‍ ആഗോള വിശപ്പു സൂചികയില്‍ 37.4 ആയിരുന്നു ഇന്ത്യയുടെ ജനസംഖ്യാനുപാത ദാരിദ്ര്യ നിരക്ക്. ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ ഫലമായി ഗ്രാമീണ മേഖലയിലുണ്ടായ വരുമാന വര്‍ദ്ധന, 2012 ആയപ്പോഴേക്കും ദാരിദ്ര്യത്തിന്‍റെ നിരക്ക് 28.8 ലേക്ക് താഴ്ത്താന്‍ സഹായകമായി. എന്നാല്‍ 2021 ആയപ്പോഴും സ്ഥിതി പഴയതുപോലെ തന്നെ തുടരുന്നു. ഇതിനുകാരണം കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മാത്രമല്ല. വിലക്കയറ്റം കാരണം വിവിധതരം പോഷകാഹാരം ഭൂരിപക്ഷം പേരുടെയും വിദൂര ആഗ്രഹം മാത്രമായി അവശേഷിക്കുന്നു. വരുമാനത്തിലുള്ള ഇടിവ്, പാചകവാതകം, ഭക്ഷ്യ എണ്ണ എന്നിവയുടെ വര്‍ദ്ധിക്കുന്ന വില, ഉത്തരേന്ത്യയിലെ പ്രധാന ഇന്ധനമായ കല്‍ക്കരിയുടെ ക്ഷാമം, ബീഫ് നിരോധനം എന്നിവയെല്ലാം സാധാരണക്കാരന്‍റെ ആരോഗ്യം സംരക്ഷിക്കുന്ന പോഷകാഹാരപ്രദാനമായ ഭക്ഷണരീതിയെ ബാധിക്കുന്നതാണ്. 2019-20ലെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സര്‍വേ 5 പ്രകാരം പോഷകാഹാര കുറവ് ഗ്രാമീണ മേഖലയില്‍ കുട്ടികളെ ക്രമാനുഗതമായി ബാധിക്കുന്നുവെന്നു കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷിതത്വം കീഴ്മേല്‍ മറിഞ്ഞുവെന്നാണ് സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കോണമി റിസര്‍ച്ച് സംഘടന നടത്തിയ പഠനം വെളിപ്പെടുത്തുന്നത്. 60 ശതമാനം പേര്‍ക്കും ലോക്ഡൗണിനുമുമ്പത്തെ അനുപാതത്തിലുള്ള ഭക്ഷണം ലഭ്യമല്ല. ഐസിഡിഎസ്, സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതി എന്നിവയെല്ലാം തടസ്സപ്പെട്ടിരിക്കുന്നു. അധിക ഭക്ഷ്യധാന്യവിഹിതം അനുവദിച്ചുകൊണ്ട് പൊതുവിതരണ ശൃംഖല ശക്തിപ്പെടുത്തിയില്ലെങ്കില്‍ 40 ശതമാനം ജനങ്ങള്‍ ഇതിന്‍റെ തിക്തഫലം അനുഭവിക്കും. 2021ലെ കേന്ദ്ര ബജറ്റില്‍ സ്കൂള്‍ ഉച്ചഭക്ഷണം, ഐസിഡിഎസ് എന്നിവയുടെ കാര്യത്തില്‍ വരുത്തിയ കുറവും കൂടി ചേര്‍ക്കുമ്പോള്‍ ഭക്ഷ്യഭദ്രതയുടെ ഉത്തരവാദിത്വം കേന്ദ്ര സര്‍ക്കാര്‍ കയ്യൊഴിയുന്നുവെന്നാണ് സൂചിപ്പിക്കുന്നത്. കേരളത്തിന് 50000 ടണ്‍ ഭക്ഷ്യധാന്യം അടിയന്തിരമായി അനുവദിക്കണമെന്ന കേരള മുഖ്യമന്ത്രിയുടെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രകൃതിദുരന്ത കാലത്തു നല്‍കിയ ഭക്ഷ്യധാന്യത്തിന്‍റെ വില കേന്ദ്ര സര്‍ക്കാര്‍ തിരികെ പിടിച്ച മുന്‍ അനുഭവങ്ങളുമുണ്ട്.

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിസന്ധികള്‍ക്കിടയിലും സ്വീകരിച്ച കരുതല്‍ നടപടികളാണ് പോഷകാഹാര ലഭ്യത, ഗര്‍ഭിണികളുടെയും ശിശുക്കളുടെയും മരണനിരക്കിലുള്ള കുറവ് എന്നീ കാര്യങ്ങളില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ കേരളം ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതിന്‍റെ കാരണം. ശക്തമായ പൊതുവിതരണ ശൃംഖല, വാടകവീട്ടില്‍ കഴിയുന്നവര്‍ക്കുപോലും റേഷന്‍ കാര്‍ഡ്, കോവിഡ് കാലത്തെ സൗജന്യ ഭക്ഷ്യകിറ്റു വിതരണം, ആയിരം ജനകീയ ഹോട്ടലുകളിലൂടെയുള്ള 20 രൂപാ നിരക്കിലുള്ള ഉച്ചഭക്ഷണം, വര്‍ദ്ധിപ്പിച്ച ക്ഷേമപെന്‍ഷനുകളുടെ വിതരണം, കോവിഡ് കാലത്തും തൊഴില്‍മേഖലകളില്‍ മുടങ്ങാത്ത വേതന വിതരണം തുടങ്ങി കേരള സര്‍ക്കാരിന്‍റെ കരുതലാണ് വിവിധ മേഖലകളില്‍ അന്താരാഷ്ട്ര ഏജന്‍സികളടക്കം നടത്തുന്ന സര്‍വേകളില്‍ കേരളം ഒന്നാമതാകുന്നതിന്‍റെ ചാലകശക്തി.

ലോക ബാങ്കിന്‍റെ സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം ബുള്ളറ്റിന്‍ പ്രസിദ്ധീകരിച്ച കണക്കുപ്രകാരം 185 രാജ്യങ്ങളിലെ ശിശുമരണനിരക്ക് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ നിരക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളം വികസിത രാജ്യങ്ങളായ അമേരിക്കയോടും ചൈനയോടുമൊപ്പമാണ്. അമേരിക്ക 46-ാം റാങ്കിലും ചൈന 61-ാം റാങ്കിലും നില്‍ക്കുമ്പോള്‍ കേരളത്തിന്‍റെ സ്ഥാനം 53-ാം റാങ്കാണ്. മോഡിയും കൂട്ടരും മാതൃകാ സംസ്ഥാനമായി ഉയര്‍ത്തിക്കാണിക്കുന്ന ഉത്തര്‍പ്രദേശ് 176-ാം റാങ്കുമായി സുഡാന്‍റെയും (176), അഫ്ഗാനിസ്താന്‍റെയും (181) ഗണത്തിലാണ്. മധ്യപ്രദേശ് 181-ാം റാങ്കുമായി ആഫ്രിക്കന്‍ രാജ്യങ്ങളായ ടോംഗോ, നൈജീരിയ എന്നിവക്കൊപ്പമാണ്. ഒഡീഷ സംസ്ഥാനം എത്യോപ്യക്കു തുല്യമായ 169-ാം റാങ്കിലാണുള്ളത്. 2014ല്‍ യുഡിഎഫ് ഭരണകാലത്ത് ശിശുമരണനിരക്ക് 1000 : 12 എന്ന അനുപാതത്തിലായിരുന്നത് 2019ല്‍ എല്‍ഡിഎഫ് ഭരണകാലത്ത് 1000 : 6 എന്ന നിലയിലേക്ക് താഴ്ത്തിക്കൊണ്ടുവന്നത് ആരോഗ്യ, ഭക്ഷ്യ രംഗങ്ങളിലെ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കരുതലിന്‍റെ ഫലമാണ്. ഇതില്‍ ഒതുക്കാതെ അതിദരിദ്രരെ കണ്ടെത്തി വരുമാനവും പാര്‍പ്പിടവും ഉള്‍പ്പെടെ പൂര്‍ണ ദാരിദ്ര്യനിര്‍മാര്‍ജനമെന്ന ലക്ഷ്യത്തിലേക്ക് കേരളം ചുവടുവെയ്ക്കുകയാണ്. പ്രകൃതിദുരന്തങ്ങളെയും നിപ്പ, കോവിഡ് മഹാമാരികളെയുമെല്ലാം മറികടന്നാണ് കേരളം ഇന്ത്യക്കു മാതൃകയാകുന്നത്.•