നരേന്ദ്ര മോഡി ദാനംചെയ്ത സ്വാതന്ത്ര്യവും കങ്കണയും

അനില്‍കുമാര്‍ എ വി

ഗാന്ധിയെ
വരയ്ക്കാനെളുപ്പമാണ്
മൂന്നോ നാലോ  
രേഖകള്‍ മതി
ഗാന്ധിയായി വേഷം
കെട്ടാനെളുപ്പമാണ്
കെട്ടിയ വേഷങ്ങള്‍
അഴിച്ചുകളഞ്ഞാല്‍ മതി.
       - കല്‍പ്പറ്റ നാരായണന്‍ 
(ഗാന്ധിമാര്‍ഗം)

പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ത്യയെ എങ്ങോട്ട് നയിക്കും എന്ന ചോദ്യത്തിനുള്ള കൃത്യമായ ഉത്തരങ്ങളിലൊന്ന് ഫ്രഞ്ച് ചിന്തകന്‍ ക്രിസ്റ്റോഫ് ജഫ്രലോട്ടിന്‍റേതാണ്. (രണ്ടു പതിറ്റാണ്ടായി മോഡിയുടെ രാഷ്ട്രീയത്തെയും നയങ്ങളെയും സൂക്ഷ്മമായി വിശകലനം ചെയ്തുവരുന്ന അദ്ദേഹം  ലണ്ടന്‍ കിങ്സ് കോളേജ് ഇന്ത്യന്‍ പൊളിറ്റിക്സ് ആന്‍ഡ് സോഷ്യോളജി വിഭാഗം പ്രൊഫസറാണ്) തിരഞ്ഞെടുക്കപ്പെട്ട നേതാവ് എങ്ങനെ 'ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ'ത്തെ സേച്ഛാധിപത്യത്തിന്‍റെയും അസഹിഷ്ണുതയുടെയും ഇടമാക്കി മാറ്റിയതെന്നാണ് 'മോഡീസ് ഇന്ത്യ: ഹിന്ദു നാഷണലിസം ആന്‍ഡ് ദി റൈസ് ഓഫ് എത്നിക് ഡമോക്രസി'  എന്ന പഠനത്തിലൂടെ ജഫ്രലോട്ട് വിശദീകരിക്കുന്നത്. 21ാം നൂറ്റാണ്ടിലെ രാഷ്ടീയം കൃത്യമായി അടയാളപ്പെടുത്തുന്ന പുസ്തകം ഇന്ത്യ വംശീയ ജനാധിപത്യമായി മാറുകയാണെന്നാണ് പറയുന്നത്. 80 ശതമാനം ഹിന്ദുക്കളുള്ള ഇന്ത്യയില്‍ ഹിന്ദു ഭൂരിപക്ഷവാദം മുന്നോട്ടുവെച്ച് സ്ഥിരമായ രാഷ്ട്രീയ ഭൂരിപക്ഷമായി നിലകൊള്ളാനാണ് ബിജെപിയുടെയും മോഡിയുടെയും ശ്രമം. പത്തുവര്‍ഷ കാലയളവില്‍ ജനപ്രിയത വംശീയ ജനാധിപത്യമായും ഭൂരിപക്ഷവാദമായും മാറുന്നതിന്‍റെ സമഗ്ര ചിത്രം പുസ്തകം അവതരിപ്പിക്കുന്നു.

1947 ലെ സ്വാതന്ത്ര്യ ലബ്ധി  ഭിക്ഷയായിരുന്നെന്നും 2014 ലാണ് ഇന്ത്യ യഥാര്‍ഥത്തില്‍ സ്വതന്ത്രമായതെന്നുമുള്ള നടി കങ്കണ റണാവത്തിന്‍റെ പ്രസ്താവന ഫാസിസ്റ്റ് സൗകര്യങ്ങളുടെ നടുവിലെ സാമൂഹ്യ നിരക്ഷരതയാണ്. "ഒരടിക്ക് പകരം വീണ്ടും കവിള്‍ കാണിച്ചാല്‍ ഭിക്ഷ കിട്ടിയേക്കാമെന്നല്ലാതെ സ്വാതന്ത്ര്യം ലഭിക്കില്ലെ"ന്ന പ്രസ്താവന ആരെ ലക്ഷ്യമാക്കിയതെന്ന് വ്യക്തം. വ്യാപക പ്രതിഷേധമുയര്‍ന്നിട്ടും ബന്ധപ്പെട്ടവര്‍ കുറ്റകരമായ മൗനത്തിലാണെന്നത് അതേക്കാള്‍ ഭയാനകം. സ്വാതന്ത്ര്യത്തിന്‍റെ 75 ാം വാര്‍ഷികാചരണത്തോടനുബന്ധിച്ച 'ടൈംസ് നൗ' പരിപാടിയിലായിരുന്നു വിവാദ പരാമര്‍ശം.  മോഡി പ്രധാനമന്ത്രിയായി ചുമതലയേറ്റപ്പോഴാണ് രാജ്യം യഥാര്‍ഥത്തില്‍ സ്വാതന്ത്ര്യം നേടിയത്. 1947ലേത് കേവലം ചാരിറ്റി പ്രവര്‍ത്തനംപോലെയോ ഭിക്ഷയായി ഇട്ടുതന്നതോ ഒക്കെയായിരുന്നുവെന്ന  കങ്കണയുടെ പ്രസ്താവന ബിജെപിക്കുവേണ്ടി മാത്രം വായതുറക്കുന്ന അവസ്ഥയിലേക്ക് അവരെ തരംതാഴ്ത്തിയിരിക്കുന്നു. വംശീയ പരാമര്‍ശങ്ങള്‍ക്കെതിരെ അഭിനേതാക്കളും പാട്ടുകാരുമുള്‍പ്പെടെ പൊതുപ്രവര്‍ത്തകരില്‍നിന്ന് ആഗോളതലത്തില്‍ പ്രതിഷേധമുണ്ടായി. രാജ്യം പത്മശ്രീ പുരസ്കാരം നല്‍കി ആദരിച്ച വ്യക്തിയില്‍നിന്നാണ് ഇത്തരം സമൂഹ്യ നിരുത്തരവാദവും വില കുറഞ്ഞ ആരോപണങ്ങളും  ഉണ്ടാകുന്നത്.

ഇന്ത്യന്‍ സ്വാതന്ത്ര്യത്തെ ഇകഴ്ത്താന്‍പോലും സംഘഭക്തി തലയ്ക്കു പിടിച്ചിരിക്കുകയാണ് കങ്കണയ്ക്ക്. മഹാരാഷ്ട്ര സര്‍ക്കാറിനെതിരായ  പ്രസ്താവനകള്‍ നേരത്തെ വിവാദമായിരുന്നു. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ ഉടന്‍ തിരിച്ചുവാങ്ങണമെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ ആവശ്യപ്പെട്ടു. രാഷ്ട്രപതിയെ ടാഗ്ചെയ്താണ് അക്കാര്യം ട്വീറ്റ് ചെയ്തത്. ഗാന്ധി, നെഹ്റു, പട്ടേല്‍ തുടങ്ങിയ നേതാക്കളെ ഇകഴ്ത്തുന്ന പ്രയോഗം നടത്തിയ  കങ്കണ, രാജ്യത്തിനായി രക്തസാക്ഷിത്വം വരിച്ച ഭഗത് സിങ്, ചന്ദ്രശേഖര്‍ ആസാദ് തുടങ്ങിയ ധീരന്മാരെ അവഹേളിക്കുകയാണ്. വൃത്തിഹീനവും പരിഹാസ്യവുമാണ് ആ  പ്രസ്താവനകള്‍. ഇത്തരം പരാമര്‍ശം നടത്തുംമുമ്പ് കങ്കണ അമിതമായി 'മലാനാക്രീം' ലഹരിപദാര്‍ഥം  ഉപയോഗിച്ചിട്ടുണ്ടാവാമെന്നാണ്  മഹാരാഷ്ട്ര മന്ത്രി നവാബ് മലിക് പ്രതികരിച്ചത്. സ്വാതന്ത്ര്യ സമര സേനാനികളെ നിന്ദിക്കുന്ന പരാമര്‍ശങ്ങള്‍ സ്വബോധത്തോടെ നടത്താനാകില്ല. കങ്കണയ്ക്കെതിരെ  കേസെടുക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ മുംബൈ പൊലിസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് ആം ആദ്മി പാര്‍ടി മുംബൈ പൊലീസില്‍ പരാതിയും  നല്‍കി. പ്രസ്താവനയ്ക്കെതിരെ  രംഗത്തുവന്ന ബിജെപി എം പി വരുണ്‍ ഗാന്ധി, ഇത് ഭ്രാന്താണോ രാജ്യദ്രോഹമാണോയെന്നും ചോദിച്ചു. വിവാദ പരാമര്‍ശത്തില്‍ കൂടുതല്‍ വ്യാഖ്യാനവുമായി വന്നിട്ടും കങ്കണയുടെ സ്ഥിതി പരുങ്ങലിലായി. ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ എല്ലാം വിശദീകരിച്ചിട്ടുണ്ട്. ബ്രിട്ടീഷുകാര്‍ക്കെതിരായ ആദ്യ സംഘടിത പോരാട്ടം 1857ലാണ് നടന്നത്.  1857ല്‍ എന്ത് സംഭവിച്ചുവെന്ന് അറിയാം. എന്നാല്‍, 1947ല്‍ ഏത് യുദ്ധമാണ് നടന്നത്. അത് തന്‍റെ  അറിവിലേക്ക് ആരെങ്കിലും കൊണ്ടുവരികയാണെങ്കില്‍ പത്മശ്രീ തിരിച്ചുനല്‍കാനും മാപ്പുപറയാനും തയാറാണ്. അതിന്  സഹായിക്കണമെന്ന് ഇന്‍സ്റ്റഗ്രാമില്‍ കങ്കണ ആവശ്യപ്പെട്ടു. ഒപ്പം കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത തീവ്രനിലപാടുള്ള നേതാക്കളുടെ പ്രസ്താവനകളും പങ്കുവെച്ചു. ബ്രിട്ടീഷുകാരുടെ തുടര്‍ച്ചയായിരുന്നു കോണ്‍ഗ്രസ് ഭരണമെന്നും ആരോപിക്കുകയുണ്ടായി. സ്വാതന്ത്ര്യസമരത്തെ അപമാനിച്ച് വിവാദ പ്രസ്താവനകള്‍ നടത്തിയ സംഭവത്തില്‍ നടി കങ്കണയ്ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാമ്പയിന്‍ ട്രെന്‍റിങ്ങായി മാറി.രാജ്യദ്രോഹക്കുറ്റം ചുമത്തുകയും പത്മശ്രീ അടക്കമുള്ള പുരസ്കാരങ്ങള്‍ കങ്കണയില്‍നിന്ന് തിരിച്ചെടുക്കുകയുംചെയ്ത് അറസ്റ്റ് ചെയ്യണമെന്നാണ് സോഷ്യല്‍ മീഡിയയിലെ  ഭൂരിഭാഗം ആളുകളുടെയും  ആവശ്യം.തുടരെ വിഡ്ഢിത്തം പുലമ്പുകയും രാഷ്ട്രപിതാവിനെപ്പോലും അപമാനിക്കുകയും ചെയ്ത കങ്കണയ്ക്ക് ഒരു പുരസ്കാരവും നല്‍കരുതെന്നും ട്വിറ്ററിലൂടെ ചിലര്‍ അഭിപ്രായപ്പെട്ടു.

ത്രിപുരയില്‍ 101 സമൂഹ മാധ്യമ അക്കൗണ്ടുകള്‍ക്കെതിരെ യുഎപിഎ ചുമത്തിയിരിക്കയാണ് മോഡി സര്‍ക്കാര്‍. നാല് സുപ്രീംകോടതി അഭിഭാഷകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റ കേസും എടുത്തിരിക്കുന്നു. 68 ട്വീറ്റര്‍, 32 ഫേസ്ബുക്ക്, രണ്ട് യുട്യൂബ് അക്കൗണ്ടുകള്‍ തുടങ്ങിയവയ്ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ബംഗ്ലാദേശില്‍ ദീപാവലി വേളയില്‍ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടുവെന്നതിന്‍റെ പേരില്‍ സംസ്ഥാനത്ത് മുസ്ലീങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പള്ളികള്‍ക്കുംനേരെ നടന്ന ആക്രമണങ്ങളെ തുടര്‍ന്നാണ് പീഡന നീക്കങ്ങള്‍. ഒടുവില്‍ എച്ച്ഡബ്ലു ന്യൂസിന്‍റെ രണ്ടു വനിതാ റിപ്പോര്‍ട്ടര്‍മാരെ അറസ്റ്റ് ചെയ്ത് എഫ്ഐആര്‍ ഇട്ടു താമസിച്ച ഹോട്ടലില്‍ വെളുപ്പിന് അഞ്ചരയ്ക്കാണ് എഫ്ഐആര്‍  നല്‍കിയത്.  അറസ്റ്റ് വാറണ്ടും കാണിച്ചില്ല, കാരണമുണ്ട്; രാത്രി സ്ത്രീകളെ അറസ്റ്റുചെയ്യണമെങ്കില്‍ മജിസ്ട്രേറ്റിന്‍റെ അനുവാദവും വനിതാ പൊലീസിന്‍റെ സാന്നിധ്യവും വേണം. സമൂഹ മാധ്യമങ്ങള്‍ നിരോധിക്കണമെന്ന ആര്‍എസ്എസ് താത്ത്വികന്‍  എസ് ഗുരുമൂര്‍ത്തിയുടെ അഭിപ്രായം ഇവിടെയാണ് ചേര്‍ത്തുവെക്കേണ്ടത്. ദേശീയ മാധ്യമദിനത്തോടനുബന്ധിച്ച് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ നടത്തിയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമൂഹ മാധ്യമങ്ങളില്‍ അരാജകത്വമാണ് നിറയെ. സമൂഹത്തിന്‍റെ മുന്നോട്ടുള്ള വഴിയില്‍ അവ തടസ്സമാണ്. സമൂഹ മാധ്യമങ്ങള്‍ നിരോധിക്കേണ്ടി വന്നേക്കാം. ഫേസ്ബുക്കില്ലാതെ നാം നിലനിന്നില്ലേ?മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ അശാന്തി വളര്‍ത്തുന്നതില്‍ സമൂഹ മാധ്യമങ്ങള്‍ക്ക് പങ്കുണ്ട്.നിരോധനം കഠിനമായി തോന്നുമെങ്കിലും അരാജകത്വം ഇല്ലാതാക്കുകയാണ് വേണ്ടത്. നിങ്ങള്‍ക്ക് അരാജകത്വത്തെപ്പോലും വാഴ്ത്താന്‍ കഴിയും. വിപ്ലവങ്ങളിലും കൂട്ടക്കൊലകളിലും ചില നന്മകളുണ്ട്. ത്യാഗങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ട ചിട്ടയുള്ള സമൂഹത്തെ സൃഷ്ടിക്കുന്നത് അങ്ങനെയല്ല.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ പങ്കിനെക്കുറിച്ച് സമഗ്ര ഡോക്യുമെന്‍റേഷന്‍ നടത്തണമെന്നും ഗുരുമൂര്‍ത്തി  പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു. അതേസമയം അദ്ദേഹത്തിന്‍റെ നിലപാടിനെ ചടങ്ങില്‍ പങ്കെടുത്ത പലരും ശക്തമായി  എതിര്‍ത്തു.

വാര്‍ത്തയില്‍ നിറയുന്നു
സവര്‍ക്കറുടെ പേരക്കുട്ടിയും

ഗാന്ധിജിയെ രാഷ്ട്രപിതാവായി കണക്കാനാവില്ലെന്ന ധിക്കാരം ചുഴറ്റിയ സവര്‍ക്കറുടെ ചെറുമകന്‍ രഞ്ജിത് സവര്‍ക്കറുടെ ചിത്രം സഹിതം പത്രങ്ങള്‍  വാര്‍ത്തയാക്കുന്നു. ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ രാജ്യദ്രോഹിയാക്കി ശിക്ഷിക്കുന്ന രാജ്യത്താണ് രാഷ്ട്രപിതാവിനെ പരസ്യമായി അവഹേളിക്കുന്നയാള്‍ക്ക് ആദരം. അങ്ങനെയൊരാള്‍ രാജ്യദ്രോഹിയാവേണ്ടതല്ലേ? ഇല്ല , കാരണം വി ഡി സവര്‍ക്കറുടെ പേരക്കിടാവാണ്. ഗാന്ധിജിയുടെ നിര്‍ദേശ പ്രകാരമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്‍റെ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു രഞ്ജിത്തിന്‍റെ  പ്രതികരണം.1911ലും 1913ലുമാണ് സവര്‍ക്കര്‍ മാപ്പപേക്ഷ നല്‍കിയതെന്നും ഗാന്ധിജി സ്വാതന്ത്ര്യ സമരത്തിന്‍റെ ഭാഗമാകുന്നത് 1915ലുമെന്ന ചരിത്രമാണ് ബിജെപി മാറ്റിയെഴുതാന്‍ ശ്രമിക്കുന്നത്.

ഗുജറാത്ത് വംശഹത്യാ കേസില്‍ നരേന്ദ്ര മോഡിക്ക് ഉള്‍പ്പെടെ ക്ലീന്‍ചിറ്റ് നല്‍കിയവര്‍ക്ക് പിന്നീട് നേട്ടങ്ങളുണ്ടായെന്ന് കപില്‍ സിബല്‍ വ്യക്തമാക്കിയത് ഗൗരവതരമാണ്. എസ്ഐടി തലവനായിരുന്ന ആര്‍ കെ രാഘവന്‍ 2017 ആഗസ്തില്‍ സൈപ്രസ് ഹൈ കമീഷണറും അഹമ്മദാബാദ് കമീഷണറായ പി സി പാണ്ഡെ ഡിജിപിയുമായി. കേസില്‍ ഒരുരീതിയിലുള്ള അന്വേഷണവും എസ്ഐടി നടത്തിയിട്ടില്ല. അവരെ സംബന്ധിച്ച് എസ്ഐടി എന്നാല്‍ സിറ്റ് (ഇരിക്കുക) എന്നാണര്‍ഥം. വസ്തുതാ വിരുദ്ധ നിഗമനങ്ങളിലാണ് എസ്ഐടി എത്തിയത്. അഹമ്മദാബാദ് കമീഷണറുടെ ദുരൂഹപ്രവര്‍ത്തനം അന്വേഷിച്ചില്ല. കലാപവേളയില്‍ ഓഫീസില്‍ ഇരുന്ന അദ്ദേഹത്തിനെതിരെ കേസെടുത്തിരുന്നു. പിന്നീട്  ഡിജിപിയാക്കി. മോഡിക്ക് ഉള്‍പ്പെടെ എസ്ഐടി ക്ലീന്‍ ചിറ്റ് നല്‍കിയതിനെതിരായ കേസില്‍ സിബല്‍ ചൂണ്ടിക്കാട്ടി. വംശഹത്യാ കേസുകളില്‍ വിശ്വഹിന്ദു പരിഷത്തുകാരെ(വിഎച്ച്പി)യാണ് പബ്ലിക് പ്രോസിക്യൂട്ടര്‍മാരാക്കിയത്. കലാപങ്ങളില്‍ വിഎച്ച്പി വലിയ പങ്കുവഹിച്ചതായി തെളിഞ്ഞു. വിഎച്ച്പിക്കാരെയും ബജ്രംഗ്ദളുകാരെയും കൂട്ടുനിന്ന ഉദ്യോഗസ്ഥരെയും പൊലീസുകാരെയും രക്ഷിക്കുകയായിരുന്നു പ്രധാന അജന്‍ഡ. മുന്‍ എംഎല്‍എ മായാബെന്‍ കൊദ്നാനിയെ കുറ്റവിമുക്തയാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനും എസ്ഐടി തയ്യാറായില്ലെന്നും സിബല്‍ വിശദമാക്കി. ഗുജറാത്ത് വംശഹത്യയില്‍ മോഡിയടക്കമുള്ള ഉന്നതരുടെ പങ്ക് സംബന്ധിച്ച് എസ്ഐടി തെളിവുകള്‍ അവഗണിച്ചെന്ന് അഹമ്മദാബാദില്‍നിന്നുള്ള കോണ്‍ഗ്രസ് പാര്‍ലമെന്‍റംഗമായിരുന്ന ഇഹ്സാന്‍ ജഫ്രിയുടെ ഭാര്യ സാകിയ ജഫ്രി സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ ഹിന്ദുത്വ ഭീകരര്‍ വധിച്ചതാണ് ജഫ്രിയെ. നീതിബോധമുള്ള അന്വേഷണ ഉദ്യോഗസ്ഥനോ ധര്‍മബോധമുള്ള ന്യായാധിപനോ ഒരിക്കലും തെളിവുകള്‍ നിരാകരിക്കാനാവില്ലെന്ന് സാകിയയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദം കേള്‍ക്കുന്നതിനിടെ വ്യക്തമാക്കി. വംശഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതര്‍ നല്‍കുന്ന മൊഴി അന്വേഷണം നടത്താതെ എസ്ഐടി അംഗീകരിച്ചു. അതിനെ അന്വേഷണമെന്ന് എങ്ങനെ വിളിക്കും. സുപ്രധാന തെളിവുകള്‍ പരിഗണിച്ചില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ശരിയായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഭാവ്നഗറില്‍ മദ്രസാ വിദ്യാര്‍ഥികളെ അക്രമികളില്‍നിന്നും രക്ഷിച്ചത്. പൊലീസ് ശക്തമായി നിലകൊണ്ടിരുന്നെങ്കില്‍ വംശഹത്യ ഇല്ലാതാക്കാമായിരുന്നുവെന്ന് വ്യക്തമാണ്. കലാപമുണ്ടായപ്പോള്‍ അഹമ്മദാബാദില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചില്ല. സൈന്യത്തെ വിളിക്കുന്നത് മനഃപൂര്‍വം വൈകിപ്പിച്ചു. മുസ്ലീങ്ങളെ പാഠം പഠിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഉന്നതതല ഗൂഢാലോചന നടന്നത്. അവയൊന്നും വേണ്ടവിധം അന്വേഷിച്ചില്ല. ഗോധ്ര ട്രെയിന്‍ ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തുംമുമ്പ് 3,000 ആര്‍എസ്എസുകാരാണ് ഉണ്ടായത്. വംശഹത്യയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടും മോഡി ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയതിനെ ചോദ്യംചെയ്തുമാണ് സാകിയയുടെ ഹര്‍ജി. എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് അത്  പരിഗണിച്ചത്. ദിനേശ് മഹേശ്വരി, സി ടി രവികുമാര്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. സിബല്‍ മോഡിക്കെതിരെ ശക്തമായ തെളിവുകള്‍ നിരത്തിയതിനെ തുടര്‍ന്ന് ക്ലീന്‍ചിറ്റ് വീണ്ടും പരിശോധിക്കാന്‍ കോടതി ഉത്തരവിട്ടു. ഉത്തര്‍പ്രദേശിലെ ലഖീംപുര്‍ ഖേരിയില്‍ കേന്ദ്രമന്ത്രിയുടെ മകന്‍ കര്‍ഷകരെ വാഹനം കയറ്റിക്കൊന്ന കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) അഴിച്ചുപണിയണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചതും കാട്ടുനീതിയെ ചോദ്യംചെയ്യുന്നതാണ്. യുപി സ്വദേശികള്‍ അല്ലാത്ത യുപി കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥരെ എസ്ഐടിയില്‍ ഉള്‍പ്പെടുത്തണം. അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കാന്‍ റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയെ സുപ്രീംകോടതി നിശ്ചയിക്കും. യോഗി സര്‍ക്കാരിനെതിരായ കുറ്റപത്രമാണ് വാസ്തവത്തില്‍ സുപ്രീംകോടതി വിധി. എന്തുമാത്രം പക്ഷപാതപരമായാണ് യോഗി സര്‍ക്കാര്‍ ഭരണം നടത്തുന്നത് എന്നതിലേക്ക് വിരല്‍ചൂണ്ടുകയാണത്. ബിജെപി ഭരണത്തില്‍ നിയമ വ്യവസ്ഥ അട്ടിമറിക്കുന്നതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ലഖീംപുര്‍ ഖേരി സംഭവം.

അലക്സാണ്ടറും
ചന്ദ്രഗുപ്ത മൗര്യനും

അലക്സാണ്ടറുടെയും ചന്ദ്രഗുപ്ത മൗര്യന്‍റെയും  കാലമേതെന്ന് തിട്ടമില്ലാത്തത്ര നിരക്ഷരനായ  ഉത്തര്‍പ്രദേശ്  മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ബിജെപിക്ക് ആഭരണമാണെങ്കിലും രാജ്യത്തിന് അയാള്‍ ഭൂഷണമല്ല. അലക്സാണ്ടറെ ചന്ദ്രഗുപ്ത മൗര്യന്‍ തോല്‍പ്പിച്ചിട്ടും 'മഹാന്‍' എന്ന വിശേഷണമുണ്ടായില്ലെന്ന് യോഗി ലഖ്നൗവില്‍ ബിജെപി ഒബിസി മോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടന്ന 'സമാജിക് പ്രതിനിധി സമ്മേളന്‍' പരിപാടിയില്‍ പറഞ്ഞു. "അശോക ചക്രവര്‍ത്തിയെയോ ചന്ദ്രഗുപ്ത മൗര്യനെയോ ചരിത്രം മഹാനെന്ന് വിശേഷിപ്പിച്ചില്ല. എന്നാല്‍ ചന്ദ്രഗുപ്ത മൗര്യന്‍ തോല്‍പ്പിച്ച അലക്സാണ്ടറെ മഹാനെന്ന് വിശേഷിപ്പിച്ചു. ഇത്തരം വിഷയങ്ങളില്‍ പ്രധാനപ്പെട്ട ചരിത്രകാരന്മാരെല്ലാം നിശബ്ദരാണ്. എന്നാല്‍ ഇന്ത്യക്കാര്‍ സത്യാവസ്ഥ തിരിച്ചറിയുമ്പോള്‍ രാജ്യത്ത് മാറ്റമുണ്ടാകും" -ڊ യോഗി പറഞ്ഞു. മാസിഡോണിയന്‍ ചക്രവര്‍ത്തിയായ അലക്സാണ്ടര്‍ പടയോട്ടത്തിന്‍റെ ഭാഗമായി ഇന്ത്യയിലുമെത്തിയിരുന്നു. ബിസി 323ല്‍ അദ്ദേഹം അന്ത്യശ്വാസംവലിച്ചു. അതിനു  ശേഷമാണ് ചന്ദ്രഗുപ്ത മൗര്യന്‍റെ അധികാരോഹണം എന്നതാണ് വസ്തുത. ചന്ദ്രഗുപ്ത മൗര്യന്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയെ  കീഴടക്കിയെന്ന് യോഗി പറഞ്ഞത് നവംബര്‍ 14നാണ്. ഹിന്ദു ദേശീയതയെ പൊലിപ്പിക്കാന്‍ ചരിത്രം വളച്ചൊടിക്കുക എന്നത് വര്‍ഷങ്ങളായുള്ള  സംഘപരിവാര്‍ തന്ത്രമാണ്.•