നെഹ്റൂവിയന്‍ നയങ്ങള്‍: ശക്തിയും ദൗര്‍ബല്യവും

കെ എ വേണുഗോപാലന്‍

1991മുതല്‍ കോണ്‍ഗ്രസ്സും ഇപ്പോള്‍ ബിജെപിയും തുടര്‍ന്നുവരുന്ന  നവലിബറല്‍ സാമ്പത്തിക നയങ്ങളെ എതിര്‍ക്കുന്നവരില്‍ ചിലര്‍ നെഹ്റുവിന്‍റെ കാലത്ത് സോഷ്യലിസ്റ്റ് സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കാനാണ് ശ്രമിച്ചിരുന്നത് എന്നമട്ടില്‍ നെഹ്റൂവിയന്‍ സോഷ്യലിസം എന്ന പദപ്രയോഗം ഇപ്പോള്‍ വ്യാപകമായി നടത്തിവരുന്നുണ്ട്. നെഹ്റുവിന്‍റെ സാമ്പത്തികനയങ്ങളെ കുറിച്ച് എന്തായിരുന്നു സിപിഐ എമ്മിന്‍റെ വിലയിരുത്തല്‍? 

ഒന്നൊന്നര ദശാബ്ദക്കാലം അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് നടന്ന ഉള്‍പാര്‍ടി സമരത്തിനുശേഷം രൂപംകൊണ്ടതാണ് 1964 ല്‍ അംഗീകരിച്ച സിപിഐ എമ്മിന്‍റെ പരിപാടി. നെഹ്റു മുതലാളിത്തേതര വികസന പാതയാണ് സ്വീകരിച്ചിരുന്നത് എന്ന് വിശ്വസിക്കുന്നവര്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിക്കകത്ത് ഉണ്ടായിരുന്നു. എന്നാല്‍ ആ നിലപാട് തള്ളിക്കൊണ്ട് 'മുതലാളിത്ത  വികസനപാത നടപ്പിലാക്കുന്നതിനായി  വിദേശഫിനാന്‍സ് മൂലധന ശക്തികളുമായി കൂടുതല്‍ കൂടുതല്‍ സഹകരിക്കുന്നതും വന്‍കിട ബൂര്‍ഷ്വാസിയാല്‍ നയിക്കപ്പെടുന്നതുമായ ബൂര്‍ഷ്വാ ഭൂപ്രഭു വര്‍ഗത്തിന്‍റെ ഉപകരണമാണ് ഇന്ത്യന്‍ ഭരണകൂടം' എന്ന ഖണ്ഡിതമായ നിലപാടെടുത്ത പാര്‍ടിയാണ് സിപിഐ എം.

നെഹ്റുവിന്‍റെ കാലത്ത് ആരംഭിച്ച പഞ്ചവത്സര പദ്ധതികളും പൊതുമേഖലയുമാണ് നെഹ്റുവിയന്‍ സോഷ്യലിസത്തിന്‍റെ ദൃഷ്ടാന്തങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.1964 ല്‍ അംഗീകരിച്ച സിപിഐഎം പരിപാടി ഇതിന്‍റെ ഫലമെന്ത് എന്ന് വിശദീകരിക്കുന്നുണ്ട്: "പഞ്ചവത്സര പദ്ധതികളും സ്റ്റേറ്റ് മേഖലാ നിര്‍മ്മാണവും മുഖേന ഭരണകൂടത്തിലെ വന്‍കിട ബൂര്‍ഷ്വാ നേതൃത്വം നടപ്പാക്കുന്ന മുതലാളിത്ത വ്യവസായവല്‍ക്കരണം ഇന്ത്യയില്‍ ചുരുങ്ങിയ വിലയ്ക്ക് കിട്ടുന്ന അധ്വാനശക്തിയും മറ്റ് അസംസ്കൃത വിഭവങ്ങളും നിരന്തരം ചൂഷണം ചെയ്ത് ഇന്ത്യന്‍ വന്‍കിട വ്യവസായികളുടെ വളര്‍ച്ചയ്ക്കും അതോടൊപ്പം വിദേശ കുത്തകകളുടെ കൊള്ള നിലനിര്‍ത്തുന്നതിനും വഴിതെളിക്കുന്നു". ഇതിനര്‍ത്ഥം പൊതുമേഖല കൊണ്ട് യാതൊരു ഗുണവും ഇല്ലെന്നല്ല. ഘന വ്യവസായങ്ങളും പശ്ചാത്തല സൗകര്യങ്ങളും പോലുള്ള കൂറ്റന്‍ പദ്ധതികള്‍ക്ക് ആവശ്യമായ വിഭവങ്ങള്‍ ലഭ്യമാക്കാന്‍ കഴിവുറ്റ നിലയിലായിരുന്നില്ല സ്വകാര്യമേഖല എന്നതിനാല്‍ ഈ രംഗങ്ങളില്‍ പൊതുമേഖല വികസിപ്പിക്കപ്പെട്ടു. ഈ പൊതുമേഖലാ സംരംഭങ്ങള്‍ കെട്ടിപ്പടുത്തത് അങ്ങനെ ഒരളവോളം സമ്പദ്ഘടനയുടെ വ്യവസായവല്‍ക്കരണത്തിനും സാമ്രാജ്യത്വ കൂത്തകകളോടുള്ള പരിപൂര്‍ണമായ ആശ്രിതത്വം തരണം ചെയ്യുന്നതിനും സഹായകമായി. ഭരണകൂട അധികാരം ബൂര്‍ഷ്വാസിയുടെ കൈകളില്‍ നിക്ഷിപ്തമായതുകൊണ്ട് അവികസിത രാജ്യമായ ഇന്ത്യയിലെ സാമ്പത്തിക ആസൂത്രണം മുതലാളിത്ത സാമ്പത്തിക വികസനത്തിന് ഖണ്ഡിതമായ ഗതിവേഗവും ദിശയും പ്രദാനം ചെയ്തു. നെഹ്റു ആവിഷ്കരിച്ച പൊതുമേഖലയേയും ആസൂത്രണത്തെയും അതിന്‍റെ ഫലങ്ങളെയും വൈരുദ്ധ്യാത്മകമായി പരിശോധിക്കുകയാണ് സിപിഐ എം ചെയ്തിട്ടുള്ളത്.

നെഹ്റൂവിയന്‍ നയങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പരിമിതി എന്ത് എന്ന് പരിശോധിച്ചാല്‍ അത് സമഗ്രമായ കാര്‍ഷിക പരിഷ്കരണം നടത്തി ഭൂരിപക്ഷം വരുന്ന ഇന്ത്യക്കാരുടെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ല എന്നതാണ്. അതിനു കാരണം ഇന്ത്യയിലെ ഭരണവര്‍ഗം ഭൂപ്രഭുത്വവുമായി ഉണ്ടാക്കിയ സന്ധിയായിരുന്നു. നെഹ്റുവിന്‍റെ കാലത്ത് ഇറക്കുമതി ബദല്‍ നയങ്ങളില്‍ അധിഷ്ഠിതമായ ഒരു സ്വാശ്രിത ഇന്ത്യ കെട്ടിപ്പടുക്കാന്‍ ആയിരുന്നു ശ്രമം. പക്ഷേ സമഗ്രമായ കാര്‍ഷിക പരിഷ്കാരം നടത്തി ജനങ്ങളുടെ ക്രയശേഷി വര്‍ധിപ്പിക്കാനായില്ല എന്നതുകൊണ്ട് ഉല്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ കെട്ടിക്കിടക്കുന്ന അവസ്ഥയിലെത്തുകയും ആസൂത്രണം പ്രതിസന്ധിയില്‍ ആവുകയും ചെയ്തു. പഞ്ചവല്‍സര പദ്ധതികള്‍ നിര്‍ത്തി വെച്ച് വാര്‍ഷികപദ്ധതികളിലേക്ക് താല്‍ക്കാലികമായെങ്കിലും മാറിയത് അതുകൊണ്ടാണ്. തുടര്‍ന്ന് ഇന്ത്യ കയറ്റുമതി അധിഷ്ഠിത സാമ്പത്തിക നയത്തിലേക്ക് മാറി. അതിന്‍റെ നടത്തിപ്പിന് വിദേശ സാങ്കേതിക വിദ്യയും വിദേശ പണവും ആവശ്യമായിരുന്നു. ഇന്ത്യ വിദേശ രാജ്യങ്ങളില്‍ നിന്ന് കടം വാങ്ങിക്കാന്‍ ആരംഭിച്ചു. അവസാനം കടം കിട്ടുന്നതിന് അന്താരാഷ്ട്ര നാണയനിധിയെ ആശ്രയിച്ചു. അവരാണ് കടം കിട്ടണമെങ്കില്‍ ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് ഘടനാപരമായ പരിഷ്കാരങ്ങള്‍ ആവശ്യമാണെന്നും നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടത്. അത് ഇന്ത്യയിലെ ഭരണാധികാരി വര്‍ഗം അംഗീകരിച്ചു കൊടുത്തു. ഉദാരവല്‍ക്കരണവും സ്വകാര്യവല്‍ക്കരണവും ആഗോളവല്‍ക്കരണവും ഒക്കെ  ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയുടെ അവിഭാജ്യ ഘടകങ്ങളായി മാറിയത് അങ്ങനെയാണ്.

അതുകൊണ്ടാണ് ബിജെപിയുടെയും കോണ്‍ഗ്രസിന്‍റെയും സാമ്പത്തികനയങ്ങള്‍ ഒന്നായത്.

നെഹ്റുവിയന്‍ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനപരമായ പരിമിതിയാണ് ആ നയങ്ങളെ തകര്‍ക്കുന്നതിന് ഇടയാക്കിയത്. ഭൂപ്രഭുത്വത്തെ ഇല്ലായ്മചെയ്യാനും സമഗ്രമായ കാര്‍ഷിക പരിഷ്കാരം നടപ്പിലാക്കാനും വര്‍ഗപരമായ പരിമിതികളാല്‍ നെഹ്റുവിനോ കോണ്‍ഗ്രസിനോ കഴിയുമായിരുന്നില്ല. ഇപ്പോഴും അവര്‍ക്ക് അതിന് കഴിയില്ല.

ഇതിനര്‍ത്ഥം നെഹ്റുവിന്‍റെ ക്രിയാത്മക വശങ്ങള്‍ കാണരുതെന്നല്ല. നെഹ്റുവിനെ പിന്തുടര്‍ന്നുവന്ന ഭരണാധികാരികളെ അപേക്ഷിച്ച് മതനിരപേക്ഷതയില്‍ അടിയുറച്ചു നിന്ന ഒരാളായിരുന്നു അദ്ദേഹം. ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും ഫെഡറല്‍ തത്ത്വങ്ങള്‍ സംരക്ഷിക്കുന്നതിലും ഒക്കെ അദ്ദേഹം ഉറച്ച നിലപാട് എടുത്തിട്ടുണ്ട്. അതിലും ചില വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ട്. 1959 ല്‍ നിയമസഭയില്‍ ഭൂരിപക്ഷമുള്ള ജനാധിപത്യപരമായ രീതിയില്‍ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗവണ്‍മെന്‍റിനെ 356-ാം വകുപ്പ് ഉപയോഗിച്ച് പിരിച്ചു വിട്ടുകൊണ്ട് ഇന്ത്യയില്‍ ജനാധിപത്യധ്വംസനത്തിന് തുടക്കം കുറിച്ചത് നെഹ്റു ആണെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഇഎംഎസ് മന്ത്രിസഭയെ അട്ടിമറിക്കുന്നതിനാണ് അദ്ദേഹം നേതൃത്വം കൊടുത്തത്. ഇത് ഒഴികെ താരതമ്യേന മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് ജനാധിപത്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ അദ്ദേഹം സ്വീകരിച്ചത്. മതനിരപേക്ഷത നിലനിര്‍ത്തുന്നതിലും ശാസ്ത്രീയ കാഴ്ചപ്പാട് ശക്തിപ്പെടുത്തുന്നതിലും ഒക്കെ അദ്ദേഹം മുന്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. ജനാധിപത്യം നിഷ്കരുണം കൊലചെയ്യപ്പെടുകയും ഫെഡറല്‍ അധികാരങ്ങള്‍ ഇല്ലായ്മ ചെയ്ത് അധികാര കേന്ദ്രീകരണത്തിനായി നീക്കം നടക്കുകയും ചെയ്യുന്ന, മതനിരപേക്ഷ ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കി മാറ്റിത്തീര്‍ക്കാനുള്ള നീക്കം നടക്കുകയും ചെയ്യുന്ന ഇന്നത്തെ ഇന്ത്യയില്‍ നെഹ്രു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങള്‍ ഇന്നത്തെ കേന്ദ്ര ഭരണകക്ഷിക്ക് അരോചകമാണ്. അതുകൊണ്ടാണ് അവര്‍ നെഹ്റുവിനെ തമസ്കരിക്കുന്നതിനുള്ള ആസൂത്രിത നീക്കം നടത്തുന്നത്.•