പരാജയപ്പെട്ട ഉച്ചകോടിയും ഇന്ത്യയുടെ നിലപാടും

സി പി നാരായണന്‍

ബ്രിട്ടനിലെ ഗ്ലാസ്ഗോവില്‍ ചേര്‍ന്ന കോപ് 26 ഉന്നതതല സമ്മേളനം വലിയൊരു പരാജയമാണെന്നാണ് പൊതുവിലയിരുത്തല്‍. കോപ് എന്നാല്‍ പാര്‍ടികളുടെ സമ്മേളനം. പാര്‍ടികള്‍ എന്തുകൊണ്ട് ഇവിടെ ഉദ്ദേശിക്കുന്നത് പ്രശ്നവുമായി ബന്ധപ്പെട്ട കക്ഷികള്‍ എന്നാണ് - അതായത്, രാജ്യങ്ങള്‍. കാല്‍നൂറ്റാണ്ടിനുമുമ്പ്, കൃത്യമായി പറഞ്ഞാല്‍, 1995ല്‍ ആരംഭിച്ചതാണ് ഇത്. അതിനുമുമ്പ് വിവിധ രാജ്യങ്ങളുടെ ദശവത്സര കാലാവസ്ഥ കണ്‍വെന്‍ഷന്‍ കൂടാറുണ്ടായിരുന്നു. അങ്ങനെ കൂടിയാല്‍ പോര, രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടി സമ്മേളനം വര്‍ഷം തോറും ചേരണം, എന്നാല്‍ മാത്രമേ എത്രയും വേഗം തീരുമാനം ഉണ്ടാകൂ എന്നു തീരുമാനിച്ചതിന്‍റെ അടിസ്ഥാനത്തില്‍ 1995 മുതല്‍ അത് നടന്നുവരികയാണ്. ലോകത്തിന്‍റെ നാനാവന്‍കരകളിലെ രാജ്യങ്ങളില്‍ അത് ചേരാറുണ്ട്. അതിന്‍റെ 26-ാം സമ്മേളനമാണ് ഗ്ലാസ്ഗോയില്‍ ചേര്‍ന്നത്. അവസാനദിവസം തീരുമാനം ആകാതിരുന്നതുകൊണ്ട് പിറ്റേന്നുകൂടി സമ്മേളനം ചേര്‍ന്നു. എന്നിട്ടും സമ്മേളനലക്ഷ്യം കൈവരിക്കപ്പെട്ടില്ല.

 ഭൂലോകത്തിന്‍റെ മൊത്തത്തിലുള്ള താപനില 14 ഡിഗ്രി സെന്‍റിഗ്രേഡ് ആയിരുന്നു. അത്, കഴിഞ്ഞ മൂന്നു നൂറ്റാണ്ടായുള്ള വ്യവസായവല്‍ക്കരണം ഉള്‍പ്പെടെയുള്ള നാനാപ്രവര്‍ത്തനങ്ങള്‍ മൂലം ഇതിനകം 1.5 ഡിഗ്രി വര്‍ധിച്ചിരിക്കുന്നു. ഒരുപക്ഷേ, 1.6 അഥവാ 1.7 ഡിഗ്രി ആയി ഉടന്‍ വര്‍ധിച്ചേക്കാം. ഇതിനകം ഉണ്ടായ ഈ വര്‍ധനയാണ് നമുക്ക് ഇപ്പോള്‍ അനുഭവപ്പെടുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ക്ക് കാരണം എന്ന് കാലാവസ്ഥാ വിദഗ്ധരും മറ്റും ചൂണ്ടിക്കാട്ടുന്നു. ഇതേ തോതില്‍ കല്‍ക്കരി, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ധിക്കുകയും അന്തരീക്ഷ മലിനീകരണത്തിനു ഇടയാക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്താല്‍, പ്രകൃതി നല്‍കുന്ന തിരിച്ചടി ഇപ്പോഴത്തേക്കാള്‍ രൂക്ഷമായിരിക്കുമെന്നു പരിസ്ഥിതി വിദഗ്ധര്‍ തെര്യപ്പെടുത്തുന്നു.

അതിനാല്‍ അന്തരീക്ഷ താപനം ഇനിയും വര്‍ധിപ്പിക്കുന്ന ഒരു നടപടിയും ഒരു രാജ്യവും കൈക്കൊള്ളരുത് എന്നാണ് പരിസ്ഥിതി കാലാവസ്ഥാ വിദഗ്ധര്‍ ശക്തിയായി ആവശ്യപ്പെടുന്നത്. അന്തരീക്ഷ താപനം ഇനിയൊട്ടും വര്‍ധിക്കാന്‍ അനുവദിക്കരുത്, പടിപ്പടിയായി കുറയ്ക്കണം. എന്നാണ് അവരുടെ നിര്‍ദേശം. ഇതിനകം വര്‍ധിച്ച 1.5 ഡിഗ്രി സെന്‍റിഗ്രേഡ് തന്നെ കുറയ്ക്കാന്‍ ഓരോ രാജ്യവും വിവിധ നടപടികള്‍ കൈക്കൊള്ളണം എന്നാണ് സിഒപികളില്‍ കൈക്കൊള്ളാറുള്ള തീരുമാനം. പക്ഷേ, ആ തീരുമാനങ്ങള്‍ ഏട്ടിലെ പശുക്കളായിത്തീരുന്നു. ഉദാഹരണത്തിന് 2015ല്‍ പാരിസീല്‍ ചേര്‍ന്ന സിഒപി ഉച്ചകോടിയില്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍ കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കും എന്ന് സമ്മതിച്ചിരുന്നു.

എന്നാല്‍, 2017ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്‍റായപ്പോള്‍, ആ തീരുമാനത്തില്‍ നിന്ന് അമേരിക്ക പിന്‍വാങ്ങുന്നതായി ഏകപക്ഷീയമായി പ്രഖ്യാപിച്ചു. സിഒപി സമ്മേളനങ്ങളെയും അവയുടെ തീരുമാനങ്ങളെയും നിരര്‍ഥകമാക്കുന്നതായിരുന്നു അത്തരം നീക്കങ്ങളും പ്രഖ്യാപനങ്ങളും. കല്‍ക്കരിയാണ് ഇപ്പോള്‍ ഏറ്റവും ചെലവു കുറഞ്ഞ ഇന്ധനം. പക്ഷേ, അത് ഉണ്ടാക്കുന്ന അന്തരീക്ഷമലിനീകരണം അതിരൂക്ഷമാണ്. അത് അന്തരീക്ഷതാപനം വര്‍ധിപ്പിക്കും. കഴിഞ്ഞ 300 വര്‍ഷത്തെ വ്യവസായവല്‍ക്കരണത്തിന്‍റെ ഫലമാണ് ഇപ്പോള്‍ നാം അനുഭവിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയ്ക്ക് ലോകജനസംഖ്യ 200 കോടിയില്‍നിന്നും 800 കോടിയോളമായി വര്‍ധിച്ചിരിക്കുന്നു. ഇവര്‍ക്ക് ആവശ്യമായ ഊര്‍ജം, വീട്, വിവിധ ഉല്‍പ്പന്നങ്ങള്‍, ഐടി-വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ മുതലായവ ഉല്‍പ്പാദിപ്പിച്ച് വന്‍ലാഭം ഉണ്ടാക്കുന്നതിലാണ് ആഗോളകുത്തകകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഇവയ്ക്കായി ഏറ്റവും ചെലവു കുറഞ്ഞതും അതേസമയം മലിനീകരണവും പരിസ്ഥിതിനാശവും സൃഷ്ടിക്കുന്ന സാങ്കേതികവിദ്യകളും വസ്തുക്കളുമാണ് ഉപയോഗിക്കപ്പെടുന്നത്.

മലിനീകരണം ഉണ്ടാക്കാത്ത അസംസ്കൃത വസ്തുക്കളും മറ്റും ഉപയോഗിക്കണമെന്നാണ് ശാസ്ത്രം നിര്‍ദേശിക്കുന്നത്. ലാഭക്കൊതി മൂലം മുതലാളിമാരും അവരുടെ താളത്തിനു തുള്ളുന്ന ഭരണാധികാരികളും അതിനു എതിരു നില്‍ക്കുന്നു. കോപ് ഉച്ചകോടി സമ്മേളനങ്ങള്‍ ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ - വിലപേശല്‍ രംഗമായി മാറുന്നു. ഒരു ട്രംപിനെ അധികാരസ്ഥാനത്തുനിന്നു മാറ്റിയതുകൊണ്ട് തീരുന്ന പ്രശ്നമല്ല അത്.

പാരീസില്‍ നടന്ന കോപ് 20 സമ്മേളനത്തീരുമാനത്തില്‍നിന്നു ട്രംപ് അമേരിക്കയെ പിന്‍വലിച്ചതും അവിടെ കല്‍ക്കരി ഉപയോഗം അനിയന്ത്രിതമായി വര്‍ധിച്ചതും ലോക പരിസ്ഥിതി പ്രശ്നത്തെ രൂക്ഷമാക്കി. ആ സാഹചര്യത്തിലാണ് ഗ്ലാഡ്ഗോയില്‍ കോപ് 26 ഉച്ചകോടി സമ്മേളനം വിളിച്ചുകൂട്ടപ്പെട്ടത്. "അവസാനത്തെ ശുഭപ്രതീക്ഷ", "വ്യവസായവല്‍ക്കരണത്തിനു മുമ്പുണ്ടായിരുന്ന നിലയില്‍നിന്ന് ഈ നൂറ്റാണ്ടിലെ താപനില 1.5 ഡിഗ്രി സെന്‍റിഗ്രേഡില്‍ അധികം ഉയരാതിരിക്കുന്നു എന്നു ഉറപ്പുവരുത്താന്‍" എന്നായിരുന്നു കോപ് 26നു മുമ്പ് പ്രചരണം. അത് പരിഗണിച്ച് ഹരിതഗൃഹവാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഇന്ധനങ്ങള്‍ വ്യവസായങ്ങളിലും വാഹനങ്ങളിലും ഉപയോഗിക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും, കഴിയുമെങ്കില്‍ പൂര്‍ണമായി ഒഴിവാക്കുന്നതിനും കോപ് 26 ഉച്ചകോടിയില്‍ വികസിത രാജ്യങ്ങള്‍ തയ്യാറാകുമെന്നും കല്‍ക്കരി തീര്‍ത്തും ഒഴിവാക്കുമെന്നുമായിരുന്നു പൊതുവില്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

അതിനുപുറമെ കുറച്ചുകാലമായി ഉന്നയിക്കപ്പെടുന്ന ആവശ്യമാണ് വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങളെ 2020 മുതല്‍ പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ നല്‍കി സാമ്പത്തികമായി സഹായിക്കണം എന്നത്. കല്‍ക്കരിയും പെട്രോളിയവുംപോലെ താരതമ്യേന വിലകുറഞ്ഞ ഇന്ധനങ്ങള്‍ക്കുപകരം ചെലവേറിയ സൗരോര്‍ജം, കാറ്റില്‍നിന്നുള്ള വൈദ്യുതി, ആണവോര്‍ജം മുതലായവ ബദലായി ഉപയോഗിക്കുന്നതിന്‍െറ വര്‍ധിച്ച ചെലവുതാങ്ങാന്‍ വേണ്ടിയാണിത്. ഓരോ വര്‍ഷവും ഇത്രയിത്ര ശതകോടി ഡോളറിന്‍െറ സഹായം നല്‍കണം എന്ന നിര്‍ദേശം ഇത്തവണയും വികസിതരാജ്യങ്ങള്‍ മുഖവിലയ്ക്കെടുത്തില്ല. സുദീര്‍ഘമായ ചര്‍ച്ചകള്‍ രണ്ടാഴ്ചക്കാലം നടത്തപ്പെട്ടു. അവയില്‍ വിവിധ സര്‍ക്കാരുകളുടെ ഔദ്യോഗിക പ്രതിനിധികളായ മന്ത്രിമാര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കു പുറമെ ലക്ഷക്കണക്കിനു സന്നദ്ധസംഘടനകളുടെയും ശാസ്ത്ര-സാങ്കേതിക വിദ്യാരംഗങ്ങളിലെ പ്രഗത്ഭരുടെയും പ്രതിനിധികളും രണ്ടാഴ്ചക്കാലം ഗ്ലാസ്ഗോയില്‍ സമ്മേളിച്ച് കോടിക്കണക്കിനു ഡോളര്‍ ചെലവഴിച്ചത് മാത്രം മിച്ചം.

ഗ്ലാസ്ഗോവില്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കപ്പെട്ട തീരുമാനങ്ങള്‍ പ്രധാനമായി ഇവയായിരുന്നു.

1) 2050നകം കാര്‍ബണ്‍ പുറത്തുവിടുന്നത് പൂര്‍ണമായും അവസാനിപ്പിക്കുക, 2030നകം താപനില വര്‍ധന 1.5 ഡിഗ്രിയില്‍ ഒതുക്കി നിര്‍ത്തുക, കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കുക മുതലായവ.


2) ദുരന്തങ്ങളുടെ ആവര്‍ത്തനം കുറയ്ക്കാനും സമൂഹ ആവാസവ്യവസ്ഥകളുടെ സുരക്ഷ ഉറപ്പാക്കാനുമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തണം. ഇതിനു ഉപകരിക്കുന്ന വിധം പശ്ചാത്തലസൗകര്യനിര്‍മാണവും ആവാസവ്യവസ്ഥകളുടെ സംരക്ഷണവും ഉപജീവന മാര്‍ഗങ്ങളും ജീവനും നഷ്ടപ്പെടുന്നതും തടയണം.

3) 25 വരെ ഓരോ വര്‍ഷവും 10,000 കോടി ഡോളറിന്‍റെ സഹായം വികസിതരാജ്യങ്ങള്‍ വികസ്വര രാജ്യങ്ങള്‍ക്ക് നല്‍കണം എന്ന പാരീസ്കരാര്‍ തീരുമാനം നടപ്പാക്കാന്‍ ശ്രമിക്കണം.

ഇതിന്‍റെ ഭാഗമായി 2030 ആകുമ്പോഴേക്ക് കാര്‍ബണ്‍ പുറത്തുവിടല്‍ 45 ശതമാനം കണ്ട് കുറയ്ക്കണം, ഹരിതഗൃഹവാതകം പുറത്തുവിടുന്നത് നിരന്തരം വന്‍തോതില്‍ കുറയ്ക്കണം, 2050 ആകുമ്പോഴേക്ക് അത് പൂര്‍ണമായി നിലയ്ക്കണം എന്നൊക്കെയായിരുന്നു ധാരണ. ഇതിന്‍റെ ഭാഗമായി ഫോസില്‍ ഇന്ധനം കത്തിക്കുന്നത് ക്രമേണ അവസാനിപ്പിക്കണം എന്ന വ്യവസ്ഥയെ, കുറയ്ക്കണം എന്നാക്കി ദുര്‍ബലപ്പെടുത്തി; പ്രതിവര്‍ഷം 10,000 കോടി ഡോളര്‍ വികസ്വരരാജ്യങ്ങള്‍ക്ക് കാലാവസ്ഥാദുരന്ത ഫലങ്ങള്‍ തുടച്ചുമാറ്റാന്‍ വികസിതരാജ്യങ്ങള്‍ നല്‍കണമെന്ന വ്യവസ്ഥ ചര്‍ച്ച ചെയ്യാന്‍ പോലും അവ തയ്യാറാകാത്ത സ്ഥിതിയാണ് ഗ്ലാസ്ഗോവില്‍ ഉണ്ടായത്.

അപ്പോള്‍ അവിടെ ഇത്രയും രാജ്യത്തലവന്മാരും മറ്റും യോഗം കൂടിയിട്ട് ഒരു തീരുമാനവും ഫലപ്രദമായി ഉണ്ടായില്ല എന്നല്ല, ഉണ്ടായത് ഇത്രയുമാണ്. 

1)     2030നകം വനനശീകരണം അവസാനിപ്പിക്കുക, വനവല്‍ക്കരണം ത്വരിതപ്പെടുത്തുക.

2)    മീഥേന്‍ എന്ന ഹരിതഗൃഹവാതകം 2030 ആകുമ്പോഴേക്ക് 30 ശതമാനം സ്വമേധയാ കുറയ്ക്കും.

3)    2040 ഓടെ പെട്രോള്‍-ഡീസല്‍ കാറുകളുടെ നിര്‍മാണം അവസാനിപ്പിച്ച് വൈദ്യുതി വാഹനങ്ങളിലേക്ക് പൂര്‍ണമായി മാറാന്‍ 30 രാജ്യങ്ങളും 6 കാര്‍ നിര്‍മാണകമ്പനികളും സമ്മതിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ത്യക്കുവേണ്ടി പല പ്രഖ്യാപനം ഗ്ലാസ്ഗോവില്‍ നടത്തി. 2030നകം പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ ഹരിതഗൃഹവാതകം പുറത്തുവിടുന്നത് പകുതിയാക്കുക, 2070 ആകുമ്പോഴേക്ക് ഇത്തരം വസ്തുക്കളെല്ലാംതന്നെ അന്തരീക്ഷത്തിലേക്ക് വിടുന്നത് പൂര്‍ണമായും ഇല്ലാതാക്കുക മുതലായവ ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. ഒരു വികസിത രാജ്യം പോലും അങ്ങനെ ചെയ്യാതിരിക്കേ മോഡി എന്തിനു അങ്ങനെ പ്രഖ്യാപിച്ചു എന്നത് ഒരു പ്രഹേളികയാണ്. അതേ സമയം 2030 ആകുമ്പോഴേക്ക് കല്‍ക്കരി ഉപയോഗം അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന ലോകരാഷ്ട്ര പ്രഖ്യാപനത്തെ, കുറയ്ക്കാന്‍ ശ്രമിക്കും എന്നാക്കി ഭേദഗതി ചെയ്ത് ഇന്ത്യ ദുഷ്പേര് ഉണ്ടാക്കി. ഇന്ത്യന്‍ സംഘം അവിടെ വച്ച് അങ്ങനെ അവസാനഘട്ടത്തില്‍ നിര്‍ബന്ധിച്ചത്. മോഡിയുടെ പ്രഖ്യാപനം പോലെ തന്നെ അനവസരത്തിലുള്ളതും വിവേകരഹിതവുമായ ഒന്നാണ്. അതാണ് ഇപ്പോള്‍ ഇന്ത്യയുടെ ബാലന്‍സ് ഷീറ്റ്, ഗ്ലാസ്ഗോവില്‍. •