നുണമഴയില്‍ കവിയുന്ന മുല്ലപ്പെരിയാര്‍

അഡ്വ. കെ അനില്‍കുമാര്‍

തിരുവിതാംകൂര്‍ രാജ്യവും ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗമായിരുന്ന മദിരാശിക്കുവേണ്ടി ഇന്ത്യന്‍ കൗണ്‍സിലിന്‍റെ സെക്രട്ടറിയും ചേര്‍ന്ന് 1886ല്‍ ഏര്‍പ്പെട്ട പെരിയാര്‍ നദീജലക്കരാറും, അതിനായി 8000 ഏക്കര്‍ വനഭൂമി പാട്ടത്തിനു നല്‍കി മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിച്ചതും ചരിത്രത്തിന്‍റെ ഭാഗമാണ്. ഇരു സംസ്ഥാനങ്ങളും തമ്മിലും ജനതകള്‍ തമ്മിലും സൗഹാര്‍ദപരമായ ബന്ധങ്ങള്‍ നിലനിന്ന കാലത്തൊന്നും കരാര്‍ ചോദ്യംചെയ്യപ്പെട്ടില്ല. 1979ല്‍ കോണ്‍ഗ്രസ് നിയന്ത്രിച്ചിരുന്ന സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രിയായിരുന്ന സര്‍ക്കാരാണ് മുല്ലപ്പെരിയാര്‍ ഡാം സുരക്ഷിതമല്ലായെന്നും, അടിയന്തിരമായും ദീര്‍ഘകാലത്തേക്കും ഇതിനിടയിലുള്ള മധ്യകാലത്തേക്കുമായി വിവിധ രീതികളില്‍ സുരക്ഷ ശക്തിപ്പെടുത്തുന്ന നിര്‍മാണങ്ങള്‍ നടത്തി കേരളത്തെ രക്ഷിക്കണമെന്നാവശ്യപ്പെട്ടത്. 25-11-1979ലാണ് കേന്ദ്ര ജല കമ്മീഷന്‍ കേരള-തമിഴ്നാട് പ്രതിനിധികളെ കൂട്ടിയിരുത്തി ഡാം സുരക്ഷിതമാക്കാനുള്ള നടപടികള്‍ക്ക് പദ്ധതി തയ്യാറാക്കിയത്. 

കേരളത്തിന്‍റെ ആവശ്യപ്രകാരവും കേന്ദ്ര ജലകമ്മീഷന്‍ നിര്‍ദേശിച്ച രീതിയിലും ഡാം സുരക്ഷിതമാക്കിയിട്ടും, കേരളം ജലനിരപ്പ് 145 അടിയിലേക്കുയര്‍ത്താന്‍ അനുവദിക്കുന്നില്ല എന്ന പരാതിയാണ് തമിഴ്നാട് ഉന്നയിച്ചുകൊണ്ടിരുന്നത്. കേരളമാകട്ടെ ഡാം ദുര്‍ബലമാണെന്ന് തമിഴ്നാട് സമ്മതിച്ചതിനെത്തുടര്‍ന്ന് 136 അടിയായി ജലനിരപ്പ് പരസ്പരം കുറച്ചതില്‍ത്തന്നെ നിലനിര്‍ത്തണമെന്ന് നിര്‍ബന്ധിച്ചു. 1998ല്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ നിയമ പോരാട്ടങ്ങള്‍ക്കും തുടക്കമിട്ടു. ഡാമിന്‍റെ സുരക്ഷ സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ടു നല്‍കാന്‍ ഒരു വിദഗ്ധസമിതിയെ 14-6-2000ല്‍ സുപ്രീംകോടതി നിയോഗിച്ചു. 16-3-2001ല്‍ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ച വിദഗ്ധസമിതി, മുല്ലപ്പെരിയാര്‍ ഡാം, ബേബിഡാം, സ്പില്‍വെ, ഏര്‍ത്തേണ്‍ബണ്ട് എന്നിവ സുരക്ഷിതമാണെന്നും 142 അടിയിലേക്ക് ജലനിരപ്പുയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിക്കണമെന്നും ശുപാര്‍ശനല്‍കി. 27-2-2006ല്‍ സുപ്രീംകോടതി കേസില്‍ അന്തിമ വിധി പുറപ്പെടുവിച്ചു. 

ഈ വിധിപ്രകാരം, 142 അടിവരെ ജലനിരപ്പുയര്‍ത്താന്‍ തമിഴ്നാടിനെ അനുവദിച്ചു. കൂടാതെ നിശ്ചയിക്കപ്പെട്ട ശക്തിപ്പെടുത്തല്‍ നടപടികള്‍ കേന്ദ്ര ജലകമ്മീഷന്‍ നേതൃത്വംനല്‍കി പൂര്‍ത്തിയാക്കുന്നതിനനുസരിച്ച് 152 അടിയിലേക്ക് ഉയര്‍ത്തുന്നത് വിദഗ്ധര്‍ പരിശോധിച്ച് അംഗീകരിക്കുന്നമുറയ്ക്ക് നടപ്പാക്കണമെന്നും വിധിയായി. ഡാം ശക്തിപ്പെടുത്തല്‍ നടപടികള്‍ കേരള സര്‍ക്കാരോ ഉദ്യോഗസ്ഥരോ തടയാന്‍പാടില്ലായെന്ന നിരോധന ഉത്തരവും തമിഴ്നാട് നേടിയെടുത്തു. യുഡിഎഫ് സര്‍ക്കാരിന്‍റെകാലത്ത് സുപ്രീംകോടതിയില്‍ കേസ് നടത്തിവന്നതിന്‍റെ മികവാണോ, തമിഴ്നാടിനായി ഒത്താശചെയ്തതിന്‍റെ ഫലമായിട്ടാണോ ഇത്തരത്തിലൊരു വിധി വന്നതെന്ന് യുഡിഎഫ് നേതാക്കളാണ് വ്യക്തമാക്കേണ്ടത്. ഈ വിധി മറികടക്കാന്‍ 18-3-2006ല്‍ യുഡിഎഫ് കൊണ്ടുവന്ന ഡാം സുരക്ഷാ നിയമഭദഗതിയെ എല്‍ഡിഎഫ് പിന്തുണച്ചതാണ്. എന്നിട്ടെന്തു സംഭവിച്ചു. പിണറായി സര്‍ക്കാര്‍ 2016ല്‍ അധികാരത്തില്‍ വരുന്നതിനും രണ്ടുവര്‍ഷംമുമ്പ് 2014 മെയ് ഏഴിനുതന്നെ സുപ്രീംകോടതിയുടെ രണ്ടാമത്തെ വിധിയും വന്നുകഴിഞ്ഞിരുന്നു. ഈ രണ്ടു വിധികള്‍ക്കും കീഴിലാണ് പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടിവരുന്നതെന്ന യാഥാര്‍ഥ്യം മറച്ചുവച്ച് നുണകളുടെ പെരുമഴയാണ് യുഡിഎഫും മാധ്യമങ്ങളും സൃഷ്ടിക്കുന്നത്. സുപ്രീംകോടതിയില്‍ രണ്ടാമത്തെ കേസ് നടന്നുവരുമ്പോഴാണ് മുല്ലപ്പെരിയാറിന്‍റെ സുരക്ഷ അപകടത്തിലായതിനാല്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായി ജലവിഭവവകുപ്പ് മന്ത്രിയായിരുന്ന പി ജെ ജോസഫ് പെട്ടെന്നൊരു ഉള്‍വിളി വന്നപോലെ പ്രഖ്യാപിച്ചത്. അണക്കെട്ടിന്‍റെ സുരക്ഷ സംബന്ധിച്ച് പഠനറിപ്പോര്‍ട്ടുകളെയാണ് അതിനാധാരമാക്കിയത്. അന്ന് പ്രതിപക്ഷത്തായിരുന്ന എല്‍ഡിഎഫ് മനുഷ്യചങ്ങലയുള്‍പ്പെടെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചു. അതിനുശേഷം ഉണ്ടായ സംഭവവികാസങ്ങള്‍ ചിലര്‍ മറന്നുപോയി. തമിഴ്നാട് സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ 13-ാം വകുപ്പ് പ്രകാരം സുപ്രീംകോടതിയില്‍ നല്‍കിയ കേസ് നടക്കുമ്പോഴായിരുന്നു ഈ വിഷയങ്ങള്‍ ഉയര്‍ന്നത്. സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി നടത്തിയ പഠനത്തിനായി തയ്യാറാക്കിയ രേഖകള്‍, ചിത്രങ്ങള്‍, വീഡിയോ ചിത്രങ്ങള്‍, വിദഗ്ധരുടെ പഠനറിപ്പോര്‍ട്ടുകള്‍ എന്നിവയിലൂടെ, ഡാം സുരക്ഷ സംബന്ധിച്ച് കോടതിയില്‍ തെളിവുനല്‍കി വിജയിക്കാന്‍ തമിഴ്നാടിന് കഴിഞ്ഞു. ഡാം സുരക്ഷിതമാണെന്നും കേരളത്തിന്‍റെ ആശങ്ക അയഥാര്‍ഥമാണെന്നും സുപ്രീംകോടതി വീണ്ടും വിധിച്ചു. ആ വിധി നടത്തിക്കിട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ച വസ്തുത മറച്ചുവച്ചാണ് വ്യാജ വിവാദക്കാര്‍ അരങ്ങുതകര്‍ക്കുന്നത്. കേരള സര്‍ക്കാരിന്‍റെയോ, ഏതെങ്കിലും രാഷ്ട്രീയ പര്‍ടിയുടെയോ എന്നല്ല, ഒരു കൊച്ചുകുട്ടിയുടെ സഹായംപോലും തമിഴ്നാടിനാവശ്യമില്ലാത്തവിധം പഴുതടച്ച ഒരു വിധി അവര്‍ക്കനുകൂലമായി കോടതി നല്‍കിയകാലത്ത് അധികാരക്കസേരകളില്‍ അമര്‍ന്നിരുന്നവര്‍ ഇപ്പോള്‍ "വെള്ളം വാര്‍ന്നൊഴുകിപ്പോയിട്ട് അണക്കെട്ടിനായി നടന്നിട്ടെന്തുകാര്യം" എന്ന് ഓരിയിട്ടുനടക്കുകയാണ്. തമിഴ്നാട് കൊടുത്ത, വിധി തടഞ്ഞ കേസല്ലാതെ മറ്റെന്തു കേസാണ് ഇപ്പോള്‍ സുപ്രീംകോടതിയിലുള്ളത്. 

2014ലെ സുപ്രീംകോടതി വിധി പ്രകാരം കേന്ദ്ര ജല കമ്മീഷന്‍റെ ചെയര്‍മാന്‍ അധ്യക്ഷനായി കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പ്രതിനിധികള്‍ അംഗങ്ങളായ മേല്‍നോട്ട സമിതി നിലനില്‍ക്കുന്നുണ്ട്. വിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി സുപ്രീംകോടതി ഉണ്ടാക്കിയ സംവിധാനമാണത്. നിശ്ചിത ഇടവേളകളില്‍ യോഗംചേര്‍ന്നും, അണക്കെട്ട് നേരില്‍ സന്ദര്‍ശിച്ചും സമിതി പ്രവര്‍ത്തിക്കണമെന്നും വിധിയിലുണ്ട്. അതുസംബന്ധിച്ച് യോഗംചേരുമ്പോള്‍ കേരളവും തമിഴ്നാടും പരസ്പരം ആവശ്യങ്ങള്‍ ഉയര്‍ത്തും. ബേബിഡാം ശക്തിപ്പെടുത്താന്‍ 23 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ തമിഴ്നാട് സര്‍ക്കാര്‍ കേരള വനംവകുപ്പിന് അപേക്ഷ നല്‍കിയത് 2015ലാണ്. അതിന്‍റെ തുടര്‍ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. നിയമതടസ്സങ്ങള്‍ ഉണ്ടെങ്കിലും സുപ്രീംകോടതി വിധി അനുസരിച്ച് പ്രവര്‍ത്തിക്കാമെന്നു മാത്രമേ സര്‍ക്കാര്‍ പ്രതിനിധിക്ക് പറയാനാകൂ. അത്തരം ചര്‍ച്ചകള്‍ എങ്ങനെയാണ് തമിഴ്നാടിനുവേണ്ടിയുള്ള ഗൂഢാലോചനയുടെ ഗണത്തില്‍ വരുന്നത്?

ബേബിഡാമിനു മുന്നിലുള്ള പതിനഞ്ചുമരങ്ങള്‍ മുറിക്കാന്‍ ബന്നിച്ചന്‍ തോമസ് എന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കിയ അനുമതിയാണ് കേരള സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ മാധ്യമ പിന്തുണയോടെ പ്രതിപക്ഷം ദുരുപയോഗിച്ചത്. യുഡിഎഫ് മന്ത്രിസഭയിലെ ഒരാളുടെ ആഫീസില്‍ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി തസ്തികയില്‍ അഞ്ചുകൊല്ലം മന്ത്രിയെ "സേവിച്ച" വൈദഗ്ധ്യം അദ്ദേഹത്തിനുണ്ട്. മറ്റൊരു സംസ്ഥാനത്തിന് തന്‍റെ ഉത്തരവ് അയച്ചുകൊടുക്കേണ്ട എന്ത് ബാധ്യതയാണ് അദ്ദേഹത്തിനുള്ളത്? സ്വന്തം വകുപ്പിലെ മന്ത്രിയെ അറിയിക്കാതെ, അനുവാദംതേടാതെ ഇറക്കിയ ഉത്തരവ് മിന്നല്‍വേഗത്തില്‍ കേരളത്തിന്‍റെ അതിര്‍ത്തികടന്നപ്പോള്‍ വസ്തുത അന്വേഷിക്കാനല്ല, മുഖ്യമന്ത്രിയെ വേട്ടയാടാനാണ് മാധ്യമങ്ങള്‍ മത്സരിച്ചത്. സര്‍ക്കാര്‍ ഉടന്‍തന്നെ ഇടപെട്ട് ഉത്തരവ് മരവിപ്പിക്കുകയും അന്വേഷണം നടത്തി അത് റദ്ദാക്കുകയും ചെയ്തു. തെറ്റായ ഉത്തരവിറക്കിയ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ്ചെയ്തപ്പോള്‍, അയാളെ വിശുദ്ധനാക്കാനായി നെട്ടോട്ടം നടത്തുന്നവരെയാണ് പിന്നീടു കാണാനായത്. എങ്ങനെ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും ആക്ഷേപിക്കാമെന്നതിന്‍റെ തുടരന്വേഷണവുമായിട്ടാണ് വിവാദകുതുകികളുടെ സൈന്യം മുന്നോട്ടുപോകുന്നത്. 

സുപ്രീംകോടതി വിധിയില്‍തന്നെ പുതിയ അണക്കെട്ടുവേണമെന്ന കേരളത്തിന്‍റെ ആവശ്യം ചര്‍ച്ചചെയ്തിട്ടുണ്ട്. അതിന് 1886ലെ കരാറിന്‍റെ തുടര്‍ച്ചയായി തമിഴ്നാടുമായി പുതിയ ധാരണകള്‍ വേണം. അണക്കെട്ടിന്‍റെ സ്ഥാനം കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാതെ നിശ്ചയിക്കാനാവില്ല. പരിഃസ്ഥിതി ആഘാത പഠനം കേരളം ആരംഭിച്ചത് കേന്ദ്രം അനുവദിച്ചിട്ടാണ്. അതിന്‍റെ തുടര്‍ച്ചയായി പുതിയ അണക്കെട്ടിന്‍റെ രൂപരേഖ തയ്യാറാക്കി തമിഴ്നാടുമായി ചര്‍ച്ച ആരംഭിക്കണം. തമിഴ്നാടിന് അനുകൂലമായിട്ടുള്ള സുപ്രീംകോടതിവിധിയിലെ 211-ാം ഖണ്ഡിക നോക്കുക. "പുതിയ ഡാം നിര്‍മിച്ച് പ്രവര്‍ത്തനക്ഷമമാക്കി തമിഴ്നാട് അംഗീകരിക്കുന്നതുവരെ നിലവിലുള്ള മുല്ലപ്പെരിയാര്‍ ഡാം പൊളിച്ചുനീക്കാനോ ഉപയോഗിക്കുന്നതില്‍നിന്ന് തമിഴ്നാടിനെ തടയാനോ ആവില്ല". ഇത്രയും വ്യക്തമായ ഒരു വിധി കേരളത്തിന് ദോഷകരമായും തമിഴ്നാടിനനുകൂലമായും ലഭ്യമാക്കിയതില്‍ യുഡിഎഫാണ് എക്കാലത്തും പ്രതിസ്ഥാനത്തുള്ളത്. അത് മറച്ചുവച്ച് പുതിയ ഏതോ നിയമയുദ്ധം സുപ്രീംകോടതിയില്‍ നടക്കുന്നതായി ആര് വിശദീകരിക്കാന്‍ ശ്രമിച്ചാലും അത് സത്യത്തോട് പൊരുത്തപ്പെടുന്നതല്ല. 

2018ലെ പ്രളയ ദുരന്തവും തുടര്‍ന്ന് കാലാവസ്ഥാ വ്യതിയാനംമൂലം അടിക്കടി കേരളത്തില്‍ സംഭവിക്കുന്ന അതിതീവ്ര മഴയ്ക്കും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുകളും വലിയ ആശങ്കയാണ് ജനങ്ങളിലുണ്ടാക്കുന്നത്. മുല്ലപ്പെരിയാര്‍ എത്രയേറെ ശക്തിപ്പെടുത്തിയാലും അതിന് നിശ്ചിതകാലത്തിനപ്പുറം നിലനില്‍ക്കാനാകില്ല എന്ന യാഥാര്‍ഥ്യം തമിഴ്നാട് ഉള്‍ക്കൊള്ളണം. കേന്ദ്ര ഇടപെടല്‍ അതിനായി ശക്തമാക്കണം. കേരള ജനതയുടെ സുരക്ഷയ്ക്കായി നാം നല്‍കേണ്ടിവരുന്ന വിലയാണ് പുതിയ അണക്കെട്ട്. അതു നിര്‍മിക്കാന്‍ കേരളത്തിലേയും തമിഴ്നാട്ടിലേയും എല്ലാ രാഷ്ട്രീയ കക്ഷികളും സമവായത്തിലെത്തണം. അതിന് യാഥാര്‍ഥ്യബോധത്തോടെ കോടതിവിധികളെ കാണാനാകണം. തീവ്രമഴയുടെ പശ്ചാത്തലത്തില്‍ ജലനിരപ്പില്‍ വരുത്തേണ്ട വ്യതിയാനങ്ങളാണ് 'റൂള്‍കെര്‍വ്" എന്ന് സാങ്കേതികമായി പറയുന്ന വിഷയത്തിലുള്ളത്. പുതിയ അണക്കെട്ടു നിര്‍മാണവുമായി ആ കേസിന് യാതൊരു ബന്ധവുമില്ല. ബേബിഡാം ഉള്‍പ്പെടെ ശക്തിപ്പെടുത്താന്‍ തമിഴ്നാടിന് സഹായകരമായ വിധിയുണ്ടെങ്കിലും അതല്ല, പുതിയ അണക്കെട്ട് എന്ന ശാശ്വത പരിഹാരത്തിലേക്ക് തമിഴ്നാടിനെ എത്തിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ ഒത്തുകളിയുടെയോ, വിട്ടുവീഴ്ചയുടെയോ  പ്രശ്നമില്ല. മുഖ്യമന്ത്രി അത് പല തവണ വ്യക്തമാക്കുക മാത്രമല്ല, തെറ്റായ ഉത്തരവിട്ട ഉദ്യോഗസ്ഥനെ അച്ചടക്ക നടപടിയിലൂടെ തിരുത്തുകയും ചെയ്തു. മന്ത്രിസഭയുടെ തീരുമാനംതന്നെയാണ് കേരളത്തിന്‍റെ നയം. അത് കാണാതെ കണ്ണടയ്ക്കുന്നവര്‍ സ്വയം സൃഷ്ടിക്കുന്ന ഇരുട്ടില്‍ ജീവിക്കുകയേ മാര്‍ഗമുള്ളു.•