സിനിമ എന്ന കലാരൂപമാണോ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ടിയുടെ മുഖ്യശത്രു?

അശോകന്‍ ചരുവില്‍

ന്ത്യയിലെ മുഖ്യ പ്രതിപക്ഷപാര്‍ടിയാണത്രെ കോണ്‍ഗ്രസ്. രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ സ്വാഭാവികമായും വലിയ ഉത്തരവാദിത്തം അവര്‍ക്കുണ്ട്. എന്നാല്‍ ആ ജോലിയിലൊന്നും അവര്‍ക്ക് താല്‍പ്പര്യമില്ല. അവരെ ഇപ്പോള്‍ കൊടിയും വടിയും കലാപവുമായി കാണാനാവുന്നത് സിനിമാ ഷൂട്ടിംഗ് സൈറ്റുകള്‍ക്കും തിയേറ്ററുകള്‍ക്കും മുന്നിലാണ്. ഷൂട്ടിംഗ് തടസ്സപ്പെടുത്തുക. സിനിമാപ്രദര്‍ശനം തടയുക എന്നതാണ് പ്രധാന പരിപാടി. സിനിമാ പോസ്റ്ററുകള്‍ കീറുന്നു. കട്ടൗട്ടുകള്‍ തകര്‍ക്കുന്നു. സിനിമാതാരങ്ങളേയും സംവിധായകരേയും അസഭ്യം പറയുന്നു. സിനിമാ കലാകാരന്മാര്‍ അങ്ങേയറ്റം ആശങ്കയിലാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു പുതിയ രൂപം കൈവരിച്ചിരിക്കുന്നു. ('സെമി കാഡര്‍' എന്നാണത്രെ അവര്‍ അതിനിട്ടിരിക്കുന്ന പേര്.) അവരുടെ പുതിയ കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍ എന്ന ആള്‍രൂപത്തിന് ഗുണ്ടായിസമല്ലാതെ വേറെന്തെങ്കിലും നിശ്ചയമുണ്ടെന്നു തോന്നുന്നില്ല. കേട്ടാല്‍ ചെവി പൊത്തുന്ന അസഭ്യം കൊണ്ടാണ് അദ്ദേഹം ജോജു എന്ന പ്രശസ്ത നടനെ ആക്ഷേപിച്ചത്. നടന്‍ മദ്യപിച്ചിരുന്നു എന്നു പറയാനും വനിതാ വളണ്ടിയര്‍മാരെ അപമാനിച്ചു എന്ന് ആരോപിക്കാനും കെ.പി.സി.സി.പ്രസിഡന്‍റിന് ഒരു ആലോചനയും അന്വേഷണവും വേണ്ടിവന്നില്ല. ഗതാഗതം തടസ്സപ്പെടുത്തിയതിനെ ചോദ്യം ചെയ്തതിന് എറണാകുളത്തെ മുന്‍ മേയര്‍ ഉള്‍പ്പടെയുള്ളവര്‍ ചേര്‍ന്ന് ജോജുവിന്‍റെ വാഹനം അടിച്ചു തകര്‍ത്തു. ഈ അക്രമത്തെ കോണ്‍ഗ്രസ്സ് നേതൃത്വം ഒന്നാകെ പിന്തുണച്ചു എന്നതാണ് ഏറ്റവും അത്ഭുതകരമായ സംഗതി. ഇപ്പോള്‍ കെ സുധാകരന്‍റെ അനുയായികള്‍ ജോജുവിനെതിരെ മാത്രമല്ല; മുഴുവന്‍ സിനിമാ കലാകാരന്മാര്‍ക്കെതിരായും ഭീഷണിയും അസഭ്യവും തുടരുകയാണ്.

കോവിഡ് മഹാമാരി അഴിഞ്ഞാടിയ കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ മറ്റെല്ലാ ജീവിതരംഗവും എന്ന പോലെ സിനിമയും നിശ്ചലമായിരുന്നു. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് ആ വ്യവസായ മേഖലയില്‍ ഉണ്ടായത്. അഭിനേതാക്കള്‍, സംവിധായകര്‍ കൂടാതെ ആയിരക്കണക്കിന് മനുഷ്യരാണ് ആ മേഖലയുമായി ബന്ധപ്പെട്ടു ജീവിച്ചിരുന്നത്. അതില്‍ ബഹുഭൂരിപക്ഷം പേരും പട്ടിണിയിലായി. കോവിഡ് നിയന്ത്രണങ്ങളില്‍ അയവു വരുത്തി സിനിമാ നിര്‍മ്മാണവും പ്രദര്‍ശനവും ആരംഭിച്ചിട്ട് നാളുകള്‍ മാത്രമേ പിന്നിട്ടിട്ടുള്ളു. അതിനിടക്കാണ് കലാകാരന്മാരുടെ കഞ്ഞിയില്‍ മണ്ണിട്ടു കൊണ്ടുള്ള കോണ്‍ഗ്രസ്സ് നീക്കങ്ങള്‍. 

ഏറ്റവും ജനകീയമായ കലാരൂപമാണ് സിനിമ. അതുകൊണ്ടു തന്നെ സമൂഹത്തിന്‍റെ ജനാധിപത്യപ്രക്രിയയില്‍ അത് വലിയ പങ്ക് നിര്‍വഹിക്കുന്നു. ഒരോ ചരിത്രഘട്ടത്തിലും മനുഷ്യന്‍റെ വിമോചനസമരങ്ങളില്‍ സിനിമ കൂടെ നിന്നിട്ടുണ്ട്. പത്തൊമ്പതും ഇരുപതും നൂറ്റാണ്ടുകളിലെ സാമ്രാജ്യത്വ അധിനിവേശങ്ങളേയും ലോകയുദ്ധങ്ങള്‍ക്കിടയ്ക്ക് രൂപപ്പെട്ട ഫാസിസത്തേയും നാസിസത്തേയും സിനിമ മാനവരാശിയുടെ ഓര്‍മയ്ക്കുവേണ്ടി വെള്ളിവെളിച്ചത്തില്‍ അടയാളപ്പെടുത്തി. ചാര്‍ലി ചാപ്ലിന്‍റെ 'ദ ഗ്രേറ്റ് ഡിക്റ്റേറ്റര്‍' നമുക്കിന്ന് ഇന്ത്യയിലെ ഭരണാധികാരികളിലൂടെയല്ലാതെ കാണാനാവില്ല.

മതരാഷ്ട്രവാദികള്‍ക്കും ഫാസിസ്റ്റുകള്‍ക്കും എക്കാലത്തും സിനിമയെ ഭയമായിരുന്നു. ഭരണകൂടത്തിന്‍റെ സിനിമയോടുള്ള ഭയമാണ് 'സെന്‍സറിംഗ്' എന്ന കത്രികപ്രയോഗത്തിലൂടെ വെളിപ്പെടുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധി ഈ കത്രികപ്രയോഗം പത്രമാസികകള്‍ക്കുമേല്‍ കൂടി നടപ്പാക്കി. പത്രമാപ്പീസുകളില്‍ എഡിറ്റര്‍മാര്‍ക്കു പുറമേ സെന്‍സര്‍മാര്‍ എന്ന പേരില്‍ കുറേ പൊലീസുകാര്‍ കയറിയിരുന്നു. നാടകാവതരണം നടക്കുന്ന ഓഡിറ്റോറിയങ്ങളില്‍ യൂണിഫോമിട്ടവരും അല്ലാത്തവരുമായ ചാരന്മാരുടെ വലിയ സാന്നിധ്യം ഉണ്ടായിരുന്നു. നിരവധി സിനിമാ പ്രവര്‍ത്തകര്‍ അന്ന് തടവിലായിരുന്നു. അക്കാലത്താണ് ഇന്ത്യന്‍ സിനിമയിലെ മികച്ച നടിയും ആക്ടിവിസ്റ്റുമായിരുന്ന സ്നേഹലതാ റെഡ്ഡിയെ വിചാരണയില്ലാതെ തടവിലിട്ട് മര്‍ദിച്ച് അവശയാക്കിയത്. ബാംഗ്ലൂര്‍ ജയിലില്‍ നിന്ന് മോചിതയായി അഞ്ചാം നാള്‍ അവര്‍ മരിച്ചു.

രാജ്യത്ത് ബി.ജെ.പി.അധികാരത്തിലെത്തിയ ശേഷം സിനിമയടക്കം എല്ലാ കലാരൂപങ്ങളും വലിയ ഭീഷണിയെ അഭിമുഖീകരിക്കുന്നു. എല്ലാ ഫാസിസ്റ്റുകളേയും പോലെ നരേന്ദ്രമോഡിയും സിനിമയെ ഭയപ്പെടുകയാണ്. കര്‍ഷകരടക്കമുള്ള ജനങ്ങളെയൊന്നാകെ നരകത്തീയിലേക്ക് വലിച്ചെറിഞ്ഞ് അകത്തു കയറി ഇരിക്കുന്നവര്‍ക്ക് ഭയപ്പെടാതെ നിവര്‍ത്തിയില്ലല്ലോ. സിനിമയെ തകര്‍ക്കാനായിരുന്നു നീക്കം. ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും സെന്‍സര്‍ ബോര്‍ഡുകളിലും മന്ദബുദ്ധികളായ കുറെ മതഭ്രാന്തന്മാരെ കുടിയിരുത്തി. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിട്ടുകൊണ്ട് സെന്‍സര്‍ നിയമങ്ങള്‍ കടുപ്പിച്ചു. ഭരണകൂടത്തിന്‍റെ ഇത്തരം ഔദ്യോഗിക നീക്കങ്ങള്‍ക്കു പുറമേ അനൗദ്യോഗികസേനയും രംഗത്തുണ്ട്. ജനാധിപത്യവും മതേതരത്വവും ഉദ്ഘോഷിക്കുന്ന സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കുകയില്ല എന്ന ആര്‍.എസ്.എസ്. ഭീഷണി പലതവണ നമ്മള്‍ കേട്ടു. സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി' എന്ന ചിത്രത്തിന്‍റെ നിര്‍മ്മാണഘട്ടത്തില്‍ തന്നെ അവര്‍ ഇടപെട്ടു. തിരക്കഥ മാറ്റിയെഴുതണം എന്നാവശ്യപ്പെട്ടു. വിജയ് നായകനായ 'മെര്‍സല്‍' എന്ന സിനിമക്കെതിരായ ബിജെപി നീക്കത്തെ തമിഴ് ജനത ചെറുത്തുതോല്‍പ്പിച്ചത് സ്മരണീയമാണ്. ഇവിടെ ഈ കേരളത്തില്‍ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമലിനെ ആക്രമിക്കുവാന്‍ അവര്‍ ശ്രമിച്ചു.  എന്തിന്, ലോകപ്രശസ്ത ചലച്ചിത്രകാരനായ നമ്മുടെ അടൂര്‍ ഗോപാലകൃഷ്ണന്‍ പോലും ആര്‍.എസ്.എസ്. ഭീഷണിയുടെ നിഴലിലാണ്.

ബി.ജെ.പി.യെ അനുകരിക്കുക എന്ന നയമാണ് കുറേ കാലമായി കേരളത്തിലെ കോണ്‍ഗ്രസ് ചെയ്തു കൊണ്ടിരിക്കുന്നത്. അതില്‍ അത്ഭുതമില്ല. മൂലധന സാമ്രാജ്യത്വത്തെ പിന്തുണയ്ക്കുന്നവരും ഒരേ സാമ്പത്തിക സാമൂഹിക നയങ്ങള്‍ പിന്തുടരുന്നവരുമായ കക്ഷികളാണ് ഇവ രണ്ടും. ജനാധിപത്യവും മതേതരത്വവും സാമൂഹ്യനീതിയും ഇരുവര്‍ക്കും അരോചകമാണ്. ശബരിമല തീര്‍ത്ഥാടനം തടസ്സപ്പെടുത്തിക്കൊണ്ട് ആര്‍.എസ്.എസ്. സന്നിധാനത്ത് കലാപമുണ്ടാക്കിയപ്പോള്‍ അവരുടെ വാലായിപ്പോകാന്‍ കോണ്‍ഗ്രസ്സിന് ഒരു മടിയും ഉണ്ടായില്ല. ബി.ജെ.പി.യിലേക്ക് കാലെടുത്തു വെച്ചു നില്‍ക്കുന്ന ഒരാള്‍ പ്രസിഡണ്ടായതോടെ കേരളത്തിലെ കോണ്‍ഗ്രസ്സ് ഒരു തെരുവുഗുണ്ടാസംഘമായി മാറിയിരിക്കുന്നു. ബിജെപി ഏത് കോണ്‍ഗ്രസ്സ് ഏത് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥയാണ്. അടിയന്തരാവസ്ഥയുടെ ഭൂതാവേശമാണ് ഇന്ന് കോണ്‍ഗ്രസ്സിനെ ബാധിച്ചിരിക്കുന്നത്.

ബി.ജെ.പി.യും കോണ്‍ഗ്രസും ഉയര്‍ത്തുന്ന ഭീഷണിയില്‍ നിന്നും മലയാള സിനിമയെ രക്ഷിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. സിനിമയ്ക്ക് സംരക്ഷണം കൊടുക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. കാരണം ആത്യന്തികമായി സിനിമ ജനങ്ങളുടെ ശബ്ദമാണ്; ആത്മാവിഷ്കാരമാണ്. •