മനുഷ്യസ്നേഹിയായ കഫീല്‍ ഖാനെ വേട്ടയാടുന്ന ബിജെപി ഭരണം

വി ബി പരമേശ്വരന്‍

ജാപ്പനീസ് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികള്‍ കൂട്ടമരണത്തിലേക്ക് നീങ്ങുക, പ്രാണനുവേണ്ടി പിടയുന്ന ആ കുട്ടികളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനായി ലീവ് റദ്ദാക്കി ഒരു ശിശുരോഗ വിദഗ്ധന്‍ ആശുപത്രിയിലേക്ക് ഓടിയെത്തുക, ഓക്സിജന്‍ കിട്ടാതെ പിടയുന്ന കുട്ടികളെ കണ്ട ആ ഡോക്ടര്‍ സ്വന്തം പണവും സ്വാധീനവും ഉപയോഗിച്ച് അടുത്ത ആശുപത്രിയില്‍ നിന്ന് സ്വന്തം കാറില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ കുട്ടികള്‍ കിടക്കുന്ന ഗോരഖ്പൂരിലെ ബാബ രാഘവ് ദാസ്  ആശുപത്രി വാര്‍ഡില്‍ എത്തിക്കുക, ഡ്യൂട്ടി സമയം പരിഗണിക്കാതെ രാവും പകലും കുട്ടികളെ പരിചരിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കുക, അത്തരമൊരു ഡോക്ടറെ ഏതൊരു പരിഷ്കൃത സമൂഹവും രണ്ടുകൈയും നീട്ടി സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ആദിത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ ഈ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത് ജയിലിലടച്ചുവെന്നു മാത്രമല്ല അദ്ദേഹത്തിനുമേല്‍ ദേശീയ സുരക്ഷാ നിയമം ചാര്‍ത്തുകയും ചെയ്തു. ഇപ്പോള്‍  അദ്ദേഹത്തെ സര്‍വീസില്‍ നിന്നു തന്നെ പിരിച്ചുവിടുകയും ചെയ്തിരിക്കുന്നു.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഏറ്റവും വലിയ നഗരമായ ഗോരഖ്പൂര്‍ നിവാസിയായ ഡോ. കഫീല്‍ ഖാനാണ് ഈ ദുര്യോഗം. മനുഷ്യത്വം മരവിച്ച ഒരു ഭരണസംവിധാനത്തിന് മാത്രമേ ഇത്രയും ക്രൂരമായി പെരുമാറാന്‍ കഴിയൂ. ഒരു മുസ്ലീം നാമധാരിയായതുകൊണ്ടു മാത്രമാണ് ഡോ. കഫീല്‍ ഖാന് ഇത്രയും വലിയ പീഡനം സഹിക്കേണ്ടിവന്നത്. ഗുജറാത്തിനു ശേഷം ഹിന്ദുത്വ പരീക്ഷണശാലയാകാന്‍ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ ബിജെപി ഭരണത്തിന്‍റെ ബാക്കിപത്രമാണിത്.

ന്യൂനപക്ഷ സമുദായത്തെ തുടര്‍ച്ചയായി വേട്ടയാടിയും ദ്രോഹിച്ചും ഹിന്ദു വോട്ട് ബാങ്ക് നേടുക എന്ന തന്ത്രത്തിന്‍റെ ഭാഗം തന്നെയല്ലേ കഫീല്‍ഖാനെതിരെയുള്ള നടപടികള്‍ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല. മൂന്നുമാസത്തിനകം നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന യുപിയില്‍ ആദിത്യനാഥ് സര്‍ക്കാര്‍ സ്വീകരിക്കുന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ ഒന്നാണ് ഈ ന്യൂനപക്ഷ പീഡനം. ഷാംലി ജില്ലയിലെ ഖൈരാനയില്‍ നിന്നും ന്യൂനപക്ഷ സമുദായത്തെ പേടിച്ച് ഹിന്ദുക്കള്‍ കൂട്ടപ്പലായനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉയര്‍ത്തി അത് തടയാന്‍ പൊലിസ് ആംഡ് കോണ്‍സ്റ്റാബുലറി ഓഫീസ് സ്ഥാപിക്കുമെന്നും മുസ്ലീങ്ങളുടെ, ലോകത്തിലെ തന്നെ  പ്രധാന പഠന കേന്ദ്രമായ ഷഹരാന്‍പൂരിലെ ദേവ്ബന്ദില്‍ ഭീകരവിരുദ്ധ സ്ക്വാഡ് കേന്ദ്രം പണിയുമെന്നും മറ്റുമുള്ള മുഖ്യമന്ത്രി ആദിത്യനാഥിന്‍റെ പ്രഖ്യാപനം മസ്ലീങ്ങളെ "നിലയ്ക്കുനിര്‍ത്തു"മെന്ന സന്ദേശം നല്‍കാന്‍ ലക്ഷ്യമിട്ടുള്ളതാണ്.

ബിജെപിയും സംഘപരിവാറും  ഉയര്‍ത്തുന്ന ഈ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്‍റെ ഇരയാണ് കഫീല്‍ ഖാന്‍ എന്ന ആരോഗ്യപ്രവര്‍ത്തകനും. ആദിത്യനാഥ് 1998 മുതല്‍ അഞ്ച് തവണ പാര്‍ലമെന്‍റിനെ പ്രതിനിധീകരിച്ച മണ്ഡലമാണ് ഗോരഖ്പൂര്‍. ഇവിടെയാണ് കുട്ടികള്‍ കൂട്ടത്തോടെ മസ്തിഷ്ക ജ്വരം ബാധിച്ച് മരണമടഞ്ഞത്. 2017 ല്‍ മാത്രം 63  കുട്ടികള്‍ വേണ്ടത്ര ചികിത്സ കിട്ടാതെ മരിച്ചു. രോഗബാധിതര്‍ക്ക് മേഖലയില്‍ ആശ്രയിക്കാവുന്ന ഏക ആശുപത്രിയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ്. എന്നാല്‍ 2017 ആഗസ്തില്‍ ആശുപത്രിയില്‍ കടുത്ത ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടു. ഇതിന് പ്രധാന കാരണം ഓക്സിജന്‍ വിതരണം ചെയ്യുന്ന കമ്പനിക്ക് പണം നല്‍കാത്തതായിരുന്നു. പുഷ്പ സെയില്‍സ് എന്ന കമ്പനിയായിരുന്നു ആശുപത്രിക്ക് ഓക്സിജന്‍ നല്‍കിയിരുന്നത്. 68 ലക്ഷം രൂപ കുടിശ്ശികയായപ്പോഴാണ് പുഷ്പ സെയില്‍സ് ഉടമ മനീഷ് ഭണ്ഡാരി ഓക്സിജന്‍ വിതരണം നിര്‍ത്തിയത്. ഈ ഘട്ടത്തിലാണ് കഫീല്‍ഖാന്‍ ഇടപട്ടതും സ്വന്തം നിലയില്‍ 500 ജംബോ ഓക്സിജന്‍ സിലിണ്ടറുകള്‍ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതും. സര്‍ക്കാര്‍ പരാജയപ്പെട്ടിടത്ത് കഫീല്‍ ഖാന്‍ വിജയിച്ചത് കാഷായ വസ്ത്രധാരിയായ മുഖ്യമന്ത്രിക്ക് രൂചിച്ചില്ല. സ്വന്തം തട്ടകത്തില്‍വെച്ചു കിട്ടിയ തിരിച്ചടി ആദിത്യനാഥിനെ വല്ലാതെ പ്രകോപിപ്പിച്ചു. ഈ ഘട്ടത്തില്‍ ആശുപത്രി സന്ദര്‍ശനത്തിന് എത്തിയ മുഖ്യമന്ത്രി മെഡിക്കല്‍ കോളേജില്‍വെച്ച്  കഫീല്‍ ഖാനെ കണ്ടപ്പോള്‍ ആ നീരസം പ്രകടിപ്പിക്കാനും മറന്നില്ല. "ഓ നിങ്ങളാണ് സിലിണ്ടറുകള്‍ സംഘടിപ്പിച്ച കഫീല്‍ഖാന്‍ അല്ലേ. നിങ്ങള്‍ ധരിക്കുന്നുണ്ടാവും സിലിണ്ടറുകള്‍ സംഘടിപ്പിച്ച് വലിയ വീര പരിവേഷം ലഭിച്ചുവെന്ന്. നമുക്ക് കാണാം" എന്ന മുന്നറിയിപ്പായിരുന്നു ആദിത്യനാഥ് ഡോ. ഖാന് അന്ന് നല്‍കിയത്.  

മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ് വൈകാതെ യാഥാര്‍ഥ്യമായി. കുട്ടികളെ ചികിത്സിക്കുന്നതില്‍ വീഴ്ചവരുത്തിയെന്നും അഴിമതി നടത്തിയെന്നും ആരോപിച്ച് കഫീല്‍ഖാനെതിരെ പൊലീസ് കേസെടുക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഒമ്പത് മാസത്തിനുശേഷം 2018 ഏപ്രിലില്‍ മാത്രമാണ് അദ്ദേഹത്തിനു പുറത്തുവരാന്‍ കഴിഞ്ഞത്. ഇതിനിടയില്‍ യുപി സര്‍ക്കാര്‍ ഒരു അന്വേഷണ കമ്മീഷനെയും വെച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറി(സ്റ്റാംപ് ആന്‍റ് രജിസ്ട്രേഷന്‍)ഹിമാംഷു കുമാറിന്‍റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എന്നാല്‍ കഫീല്‍ ഖാന്‍ ചികിത്സയില്‍ അശ്രദ്ധ കാണിച്ചുവെന്നോ അഴിമതി നടത്തിയെന്നോ കണ്ടെത്താന്‍ കമ്മീഷനു കഴിഞ്ഞില്ല. അതിനാല്‍ ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും അവ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. കുട്ടികള്‍ മരിച്ച വാര്‍ഡിലെ ഡ്യൂട്ടിക്കാരനായിരുന്നില്ല കഫീല്‍ ഖാന്‍ എന്നും അതിനാല്‍ ഓക്സിജന്‍ ക്ഷാമത്തിനോ അതിന്‍റെ വിതരണത്തിലെ തകരാറിനോ കഫീല്‍ ഖാന്‍ ഉത്തരവാദിയല്ലെന്നും ഹിമാംഷു കമ്മീഷന്‍ വിധിയെഴുതി. മാത്രമല്ല ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ച കഫീല്‍ ഖാനെ കമ്മീഷന്‍ അഭിനന്ദിക്കുകയും ചെയ്തു.  

അന്വേഷണ വിവിരം പുറത്തുവന്ന ഘട്ടത്തില്‍ത്തന്നെ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ് മൃത്യുഞ്ജയകുമാര്‍ പറഞ്ഞത് കഫീല്‍ ഖാന്‍ സ്വകാര്യ പ്രാക്ടീസ് നടത്തിയിരുന്നുവെന്ന ആരോപണം ഹിമാംഷു കമ്മീഷന്‍ നിരാകരിച്ചിരുന്നില്ല എന്നാണ്. അതായത് കഫീല്‍ ഖാനെ വിടാന്‍ ഭാവമില്ലെന്നര്‍ഥം. തുടര്‍ന്നാണ് മറ്റൊരു അന്വേഷണ കമ്മീഷനെ വെക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ തയ്യാറായത്. 2020 സെപ്തംബര്‍ 20 നായിരുന്നു ഈ രണ്ടാം അന്വേഷണകമ്മീന്‍ തെളിവെടുപ്പ് ആരംഭിച്ചത്. എന്നാല്‍ അത് അധികം മുന്നോട്ടു പോയില്ല. ഈ അന്വേഷണകമ്മീഷന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഈ വര്‍ഷം ആഗസ്ത് ആറിന് അലഹബാദ് ഹൈക്കോടതിയെ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു.  ഹൈക്കോടതി ഈ അന്വേഷണം സെപ്തംബര്‍ 15 ന് സ്റ്റേ ചെയ്യുകയും ചെയ്തു. (ഇതിനിടയില്‍ തന്നെ യുപി സര്‍ക്കാര്‍ അദ്ദേഹത്തെ രണ്ടാമതും സസ്പെന്‍റ് ചെയ്തിരുന്നു. ബഹ്റായിച്ച് മെഡിക്കല്‍ കോളേജില്‍ ബലമായി കടന്ന് രോഗിയെ ചികിത്സിച്ചുവെന്ന കുറ്റത്തിനായിരുന്നു 2019 ജൂലായ് 31 ന് വീണ്ടും സസ്പെന്‍ഷന്‍. സര്‍ക്കാരിന്‍റെ നയങ്ങളെ വിമര്‍ശിച്ചുവെന്ന കുറ്റവും ആരോപിക്കപ്പെട്ടു. കഫീല്‍ ഖാന്‍റെ കൂടെ സസ്പെന്‍ഷനിലായ മറ്റ് ഏഴുപേരെയും സര്‍വീസില്‍ തിരച്ചെടുത്തിട്ടും എന്തുകൊണ്ട് ഖാനെ മാത്രം തിരിച്ചെടുക്കുന്നില്ല എന്ന ചോദ്യവും അലഹബാദ് ഹൈക്കോടതി ഉയര്‍ത്തുകയുണ്ടായി. കോടതി നിരീക്ഷണത്തോട് ഒരു ബഹുമാനവും സര്‍ക്കാരിനില്ലെന്ന് വ്യക്തമാക്കുന്നതാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടുകൊണ്ടുള്ള നടപടി. കുട്ടികള്‍ മരിക്കാനിടയായതില്‍ കഫീല്‍ ഖാന്‍ കുറ്റക്കാരനാണെന്ന് ആരോപിച്ചാണ് അദ്ദേഹത്തെ സര്‍വീസില്‍ നിന്നും ഡിസ്മിസ് ചെയ്തിരിക്കുന്നതെന്നാണ് യുപി പ്രിന്‍സിപ്പിള്‍ സെക്രട്ടറി (മെഡിക്കല്‍ എഡ്യൂക്കേഷന്‍) അലോക് വര്‍മ പറഞ്ഞത്.

ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജ് കേസുമായി കഫീല്‍ ഖാനെ വേട്ടയാടുമ്പോള്‍ തന്നെ സമാന്തരമായി മറ്റൊരു കേസും അദ്ദേഹത്തിനെതിരെ ചുമത്തപ്പെടുകയുണ്ടായി. അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ 2019 ഡിസംബര്‍ 13 ന് നടത്തിയ ഒരു പ്രസംഗത്തിന്‍റെ പേരില്‍ ഡോ. ഖാനെതിരെ കേസെടുക്കാനും ദേശീയ സുരക്ഷാ നിയമം(എന്‍എസ്എ) ചുമത്താനും തയ്യാറായി.  പൗരാവകാശ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രസംഗം ആയുധമാക്കിയായിരുന്നു ഈ നടപടി. പ്രസംഗത്തിനിടെ "ഞങ്ങളെ(മുസ്ലീങ്ങളെ) ദൂരേക്ക് വലിച്ചെറിയാന്‍ നിങ്ങള്‍ക്ക് കഴിയില്ല. ഞങ്ങള്‍ 25 കോടിയുണ്ട്" എന്ന പരാമര്‍ശമാണ് എന്‍എസ്എ ചുമത്താന്‍ യുപി സര്‍ക്കാര്‍ ആയുധമാക്കിയത്.  പ്രസംഗം നടത്തി രണ്ടു ദിവസത്തിന് ശേഷം അലിഗഢ് കാമ്പസില്‍ എത്തിയ യുപി പൊലീസ് ഹോസ്റ്റലില്‍ കയറി കണ്ണീര്‍വാതക പ്രയോഗം നടത്തുകയും വന്‍ ആക്രമണം നടത്തുകയും ചെയ്തു. കഫീല്‍ഖാനെ ക്ഷണിച്ചുവരുത്തി പ്രസംഗിപ്പിച്ചതിലുള്ള അരിശമാണ് പൊലീസ് ഇതുവഴി പ്രകടിപ്പിച്ചത്. നാല്‍പ്പത് ദിവസത്തിനുശേഷമാണ്  യുപി പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്ക്ക് ഫോഴ്സ്  മുംബൈയില്‍വെച്ച് കഫീല്‍ ഖാനെ അറസ്റ്റുചെയ്യുന്നത്. അലിഗഢ് കോടതി അദ്ദേഹത്തിന് 2020 ഫെബ്രുവരി 10 ന് ജാമ്യം അനുവദിച്ചെങ്കിലും പല തൊടുന്യായങ്ങളും നിരത്തി ഡോ. ഖാന്‍ പുറത്തിറങ്ങുന്നത് ബോധപൂര്‍വം വൈകിപ്പിച്ചു. ഇതിനിടയിലാണ് ഫെബ്രുവരി 14 ന് കഫീല്‍ ഖാനെതിരെ  ദേശീയ സുരക്ഷാ നിയമം ചുമത്തുന്നത്.  സെപ്തംബറില്‍ അലഹബാദ് ഹൈക്കോടതിയിലെ സിംഗിള്‍ ബെഞ്ച് ജഡ്ജി ഗൗതം ചൗധരി കഫീല്‍ ഖാനെതിരെയുള്ള ദേശീയ സുരക്ഷാ നിയമത്തിന്‍റെ പ്രയോഗം റദ്ദാക്കുകയും അദ്ദേഹത്തിന്‍റെ മോചനത്തിന് വഴി തുറക്കുകയും ചെയ്തു.

ഇതിനിടെ കഫീല്‍ ഖാന്‍റെ കുടുംബാംഗങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. ഇളയ സഹോദരന്‍ കാഷിഫ് ജമീലിനെ ഗൊരഖ്പൂരില്‍ അജ്ഞാതര്‍ വെടിവെച്ചു. മൂന്നു വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറിയെങ്കിലും വിദഗ്ധ ചികിത്സ ലഭിച്ചതിനാല്‍ അദ്ദേഹം രക്ഷപ്പെട്ടു. എന്നാല്‍ കഫീല്‍ ഖാന്‍റെ അമ്മാവനും ബിസിനസ്സുകാരനുമായ  ഡോ. നുസ്റത്തുള്ള വാര്‍സി വെടിയേറ്റ് മരിച്ചുവീണു. ഗോരഖ്പൂരില്‍വെച്ചു തന്നെയായിരുന്നു ഈ കൊലപാതകം നടന്നത്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കാനുള്ള ശ്രമം നടന്നുവരികയാണെന്ന കഫീല്‍ ഖാന്‍റെ പരാമര്‍ശം വസ്തുതയാണെന്ന് തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഇത് രണ്ടും.

എന്നാല്‍ ഇത്തരം ഭീഷണിപ്പെടുത്തലുകള്‍ കൊണ്ടൊന്നും കീഴടങ്ങില്ല എന്ന സന്ദേശമാണ് കഫീല്‍ ഖാനും കുടുംബവും നല്‍കുന്നത്.സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെ നിയമപോരാട്ടം തുടരുമെന്നാണ് കഫീല്‍ ഖാന്‍ അറിയിച്ചിട്ടുള്ളത്. ഇന്ത്യയില്‍ ജനിച്ചുവീണ പൗരന് ഭയരഹിതമായി രാജ്യത്ത് ജീവിക്കാനുള്ള അവകാശമാണ് ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാര്‍ നിഷേധിക്കുന്നത്. ഇത് കേവലം കഫീല്‍ ഖാന്‍റെ സമരം മാത്രമല്ല. ആനന്ദ് തെല്‍തുംബ്ഡെയുടെയും വരവരറാവുവിന്‍റെയും ഉള്‍പ്പെടെ മോഡി സര്‍ക്കാരിനെ ചോദ്യം  ചെയ്തതിന്‍റെ പേരില്‍ മാത്രം ജയിലിലടയ്ക്കപ്പെട്ടു പീഡിപ്പിക്കപ്പെട്ട പതിനായിരങ്ങളുടെ സമരമാണ്. അതിനിയും തുടരുക തന്നെ ചെയ്യും, സ്റ്റാന്‍ സ്വാമിമാര്‍ ഇനിയും ഉണ്ടാകരുത് എന്ന ദൃഢനിശ്ചയത്തോടെ. •