ഇടതുപക്ഷത്തുറച്ച് നിക്കരാഗ്വ

ആര്യ ജിനദേവന്‍

 ഇന്ന് നവംബര്‍ 7... നമ്മളിന്ന് തിരഞ്ഞെടുപ്പ് നടത്തുകയാണ്; ഈ പോരാട്ടത്തില്‍, ഐതിഹാസികമായ ഈ പോരാട്ടത്തില്‍ നാം തീരുമാനിക്കേണ്ടത് ഏറ്റുമുട്ടലാണോ യുദ്ധമാണോ സമാധാനമാണോ വേണ്ടത് എന്നാണ്. നമ്മള്‍ ഓരോരുത്തരുടെയും രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവും മതപരവുമായ ചിന്തയും എന്തുതന്നെ ആയാലും നമ്മള്‍ സമാധാനത്തിന്‍റെ പക്ഷത്തായിരിക്കുമെന്നുറപ്പാണ്. ഇപ്പോള്‍ നമുക്ക് തിരഞ്ഞെടുക്കാന്‍ പല പാര്‍ടികളുമുണ്ട്. അങ്ങനെ നമ്മള്‍ ഇവിടെ യുദ്ധത്തോട് വിടപറയുകയാണ് - സമാധാനത്തിന് വഴിയൊരുക്കിയിരിക്കുകയുമാണ്."

സ്വന്തം വോട്ടവകാശം വിനിയോഗിച്ച ശേഷം പോളിങ് ബൂത്തില്‍നിന്നും പുറത്തിറങ്ങിയ നിക്കരാഗ്വയുടെ പ്രസിഡന്‍റ് ഡാനിയേല്‍ ഒര്‍ട്ടേഗ പറഞ്ഞ വാക്കുകളാണിത്. 2021 നവംബര്‍ 7നു നടന്ന തിരഞ്ഞെടുപ്പിലും നിക്കരാഗ്വയിലെ ജനങ്ങള്‍ സമാധാനത്തിനൊപ്പം വോട്ടുചെയ്തിരിക്കുന്നു; സാന്‍ഡിനിസ്റ്റ നേതാവ് ഡാനിയേല്‍ ഒര്‍ട്ടേഗ വീണ്ടും പ്രസിഡന്‍റായി വമ്പിച്ച ഭൂരിപക്ഷത്തോടുകൂടി തന്നെതിരഞ്ഞെടുക്കപ്പെട്ടു. 2007ല്‍ സാന്‍ഡിനിസ്റ്റകള്‍ വീണ്ടും അധികാരത്തില്‍ വന്നതുമുതല്‍ നിക്കരാഗ്വന്‍ ജനത കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുന്നതിനുവേണ്ടിയാണ് അവര്‍ വീണ്ടും വീണ്ടും സാന്‍ഡിനിസ്റ്റകള്‍ക്കനുകൂലമായി തങ്ങളുടെ സമ്മതിദാനാവകാശം രേഖപ്പെടുത്തുന്നത്.

എന്നാല്‍ നിക്കരാഗ്വയിലെ ജനവിധി അംഗീകരിക്കാന്‍ അമേരിക്കന്‍ ഗവണ്‍മെന്‍റ് തയ്യാറല്ല. വോട്ടവകാശമുള്ള പൗരരില്‍ 65.23 ശതമാനം പേര്‍ വോട്ടുരേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ സാന്‍ഡിനിസ്റ്റ വിമോചന മുന്നണിക്ക് 75.92 ശതമാനം വോട്ടാണ് ലഭിച്ചത്. പ്രതിപക്ഷത്തെ കോണ്‍സ്റ്റിറ്റ്യൂഷണല്‍ ലിബറല്‍ പാര്‍ടിക്ക് (സിഎല്‍പി) 14.15 ശതമാനം വോട്ടുമാത്രമാണ് ലഭിച്ചത്. ബാക്കി 9.93 ശതമാനം വോട്ടാണ് മറ്റ് നാല് പാര്‍ടികള്‍ക്കുമായി ലഭിച്ചത്. ഇതിനുതൊട്ടുമുന്‍പ് 2016ലെ തിരഞ്ഞെടുപ്പില്‍ സാന്‍ഡിനിസ്റ്റ മുന്നണിക്ക് 72.44 ശതമാനം വോട്ടു ലഭിച്ചപ്പോള്‍ സിഎല്‍പിക്ക് ലഭിച്ചത് 15.03 ശതമാനം വോട്ടാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ മൊത്തം വോട്ടര്‍മാരില്‍ 68.2 ശതമാനംപേര്‍ വോട്ട് ചെയ്തിരുന്നു. 2011ല്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ജിമ്മി കാര്‍ട്ടറുടെ നേതൃത്വത്തിലുള്ള കാര്‍ട്ടര്‍ സെന്‍ററിന്‍റെയും യൂറോപ്യന്‍ യൂണിയന്‍റെയും ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സിന്‍റെയും മേല്‍നോട്ടത്തിലാണ് നിക്കരാഗ്വയില്‍ തിരഞ്ഞെടുപ്പ് നടന്നത്. അപ്പോഴും ജയിച്ചത് സാന്‍ഡിനിസ്റ്റ മുന്നണിതന്നെ; ജനങ്ങള്‍ ഡാനിയേല്‍ ഒര്‍ട്ടേഗയുടെ പക്ഷത്ത് അണിനിരന്നു.

എന്നാല്‍ 17 വര്‍ഷം നീണ്ട അമേരിക്കന്‍ അനുകൂല വയലെറ്റ ചമോറൊയെ ഭരണത്തെ 2007ല്‍ വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തി ഡാനിയേല്‍ ഒര്‍ട്ടേഗ അധികാരത്തില്‍ വന്നതുമുതലിങ്ങോട്ട് നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലെയും ജനവിധിയെയാകെ നിരാകരിക്കുകയാണ് അമേരിക്ക. ഭരണത്തിലിരിക്കുന്നത് ബുഷായാലും ഒബാമയായാലും ട്രംപായാലും ബൈഡനായാലും ഇക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. എന്നാല്‍ 63 ലക്ഷം ജനങ്ങളുള്ള നിക്കരാഗ്വയില്‍ സാന്‍ഡിനിസ്റ്റകള്‍ക്ക് 21 ലക്ഷം അംഗങ്ങളുണ്ടെന്ന കാര്യം അമേരിക്കന്‍ ഭരണവര്‍ഗത്തിന്‍റെ പ്രചാരകര്‍ ബോധപൂര്‍വം മറച്ചുവയ്ക്കുകയാണ്. നിക്കരാഗ്വയില്‍ ഒര്‍ട്ടേഗയുടെയും ഭാര്യ റൊസാരിയൊ മുരിയയുടെയും കുടുംബവാഴ്ചയാണ് നടക്കുന്നതെന്നും അത് സ്വേച്ഛാധിപത്യമാണെന്നുമാണ് അമേരിക്കയും കൂട്ടരും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ 1979 വരെ അമേരിക്ക നിക്കരാഗ്വയില്‍ നാല്‍പ്പത് വര്‍ഷത്തിലേറെ താങ്ങിനിര്‍ത്തിയിരുന്നത് സൊമോസ കുടുംബത്തിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തെയായിരുന്നു. അതിന്‍റെ അവശിഷ്ടങ്ങളെ വീണ്ടും കൊണ്ടുവരാനാണ് ഇപ്പോഴും അമേരിക്ക ശ്രമിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയും നടത്തിയതായും സാന്‍ഡിനിസ്റ്റകള്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നതായുമാണ് അമേരിക്കയും കോര്‍പ്പറേറ്റ് മാധ്യമങ്ങളും പ്രചരണം നടത്തുന്നത്. എന്നാല്‍ 2011ല്‍ യൂറോപ്യന്‍ യൂണിയന്‍റെയും ഒഎഎസിന്‍റെയും അമേരിക്കയിലെ കാര്‍ട്ടര്‍ സെന്‍ററിന്‍റെയും മേല്‍നോട്ടത്തിലാണ് അവിടെ തിരഞ്ഞെടുപ്പ് നടപടികളാകെ പൂര്‍ത്തിയാക്കിയത്. ഇതില്‍ ഒരു സംഘടനയും ഒരു വ്യക്തിയും എന്തെങ്കിലുമൊരു ക്രമക്കേട് നടന്നതായി ചൂണ്ടിക്കാണിക്കുകയുണ്ടായില്ല. 2016ല്‍ അമേരിക്കയില്‍ നിന്നുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍നിന്നുള്ള സ്വതന്ത്ര നിരീക്ഷകരും മാധ്യമപ്രവര്‍ത്തകരും രാജ്യത്താകെ തമ്പടിച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും അക്രമം നടന്നതായോ തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടതായോ ഇവരാരുംതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2021 നവംബര്‍ 7ന്‍റെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് 67 മാധ്യമപ്രവര്‍ത്തകര്‍ നിക്കരാഗ്വയില്‍ എത്തിയിരുന്നു. 27 രാജ്യങ്ങളില്‍ നിന്നുള്ള 165 സ്വതന്ത്ര നിരീക്ഷകരും ഈ മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമേ അവിടെ എത്തിയിരുന്നു. അമേരിക്കന്‍ എഴുത്തുകാരനായ റോജര്‍ ഹാരീസ്, ബ്രിട്ടീഷ് മാധ്യമപ്രവര്‍ത്തകനായ ബെന്‍ നോര്‍ട്ടന്‍, കവര്‍ട്ട് ആക്ഷന്‍ മാഗസീനിലെ നാന്‍ മക്കര്‍ഡി, മനുഷ്യാവകാശ പ്രവര്‍ത്തകനായ ഡാനിയല്‍ കൊവാലിക് തുടങ്ങിയ ഒട്ടേറെ പ്രമുഖര്‍ രാജ്യത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നായി തിരഞ്ഞെടുപ്പ് രംഗത്തുനിന്ന് റിപ്പോര്‍ട്ടു ചെയ്തിരുന്നു. ശാന്തമായ അന്തരീക്ഷത്തില്‍ സമാധാനപരമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത് എന്ന് ഇവരെല്ലാം ഒരേ സ്വരത്തില്‍ പറയുന്നു. എന്നാല്‍ ഇവരുടെ മാത്രമല്ല, നിക്കരാഗ്വയില്‍ നിന്നുതന്നെയുള്ള സാധാരണക്കാരുടെയും ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ തിരഞ്ഞെടുപ്പ് കാലത്താകെ മരവിപ്പിച്ചുകൊണ്ട് സത്യം പുറംലോകം അറിയാതിരിക്കാന്‍ അമേരിക്കന്‍ ഭരണകൂടത്തിന്‍റെ താല്‍പ്പര്യാനുസരണം ഫേസ്ബുക്ക് അധികൃതര്‍ നടപടിയെടുത്തു.

മറുവശത്ത് നുണപ്രചരണം യഥേഷ്ടം നടക്കുന്നുണ്ടായിരുന്നു. ന്യൂയോര്‍ക്ക് ടൈസും വാഷിങ്ടണ്‍ പോസ്റ്റും പോലെയുള്ള നിരവധി പ്രമുഖ മാധ്യമങ്ങള്‍ നല്‍കിയിരുന്നത് നിക്കരാഗ്വയില്‍ നിന്നുള്ള യഥാര്‍ഥ റിപ്പോര്‍ട്ടുകളല്ല; മറിച്ച് മെക്സിക്കോയില്‍നിന്നോ ക്ലോസ്റ്ററിക്കയില്‍ നിന്നോ അമേരിക്കയിലെ മിയാമിയില്‍ നിന്നോ ലഭിക്കുന്ന കിംവദന്തികളും, അമേരിക്കന്‍ വിദേശവകുപ്പ് തയ്യാറാക്കിക്കൊടുക്കുന്ന റിപ്പോര്‍ട്ടും ആണ് നല്‍കിയിരുന്നത്. റോജര്‍ ഹാരിസ് ഒരുദാഹരണം ചൂണ്ടിക്കാണിക്കുന്നുണ്ട്. ബാലറ്റ് പേപ്പറില്‍ ഒര്‍ട്ടേഗയുടെ പേരല്ലാതെ മറ്റൊരുപേരും ചേര്‍ത്തിട്ടില്ലായെന്ന വ്യാപകമായ പ്രചാരണം കോര്‍പറേറ്റ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും ഒരേപോലെ നടത്തിയിരുന്നു. എന്നാല്‍ ഒര്‍ട്ടേഗയെക്കൂടാതെ 5 സ്ഥാനാര്‍ഥികളുടെ പേരുകൂടി ബാലറ്റ് പേപ്പറില്‍ ചേര്‍ത്തിട്ടുണ്ടെന്ന് അതിന് സാക്ഷ്യം വഹിച്ച റോജര്‍ ഹാരിസും ബെന്‍ നോര്‍ട്ടനും രേഖപ്പെടുത്തുന്നു. മാത്രമല്ല, പ്രതിപക്ഷ സ്ഥാനാര്‍ഥികളില്‍ ഒരാളുടെ പേരാണ് ബാലറ്റില്‍ ഒന്നാം സ്ഥാനത്ത് കാണുന്നതെന്നും റോജര്‍ ഹാരിസ് എഴുതുന്നു.

നാല് പതിറ്റാണ്ടിലേറെ അമേരിക്കയുടെ പിന്തുണയോടെ അധികാരത്തിലിരുന്ന ജനറല്‍ സൊമോസയുടെ സ്വേച്ഛാധിപത്യകുടുംബവാഴ്ചയ്ക്ക് 1979ല്‍ സാന്‍ഡിനിസ്റ്റ ദേശീയ വിമോചന മുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ഗറില്ലാ പോരാട്ടത്തിലൂടെ അവസാനമായി. അന്നുമുതല്‍ നിക്കരാഗ്വയിലെ വിമോചന മുന്നണി സര്‍ക്കാരിനെ ഏതുവിധേനയും അട്ടിമറിക്കാന്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയതാണ് അമേരിക്ക. അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പ്രസിഡന്‍റ് റീഗന്‍റെ കാലത്ത് 1980കളില്‍ റിക്രൂട്ടു ചെയ്ത കോണ്‍ട്രാകള്‍ എന്ന പ്രതിവിപ്ലവ ഗുണ്ടാസംഘങ്ങളെ ഉപയോഗിച്ച് നടത്തിയ അട്ടിമറിയും ആഭ്യന്തരയുദ്ധവും വ്യാപകമായ നുണപ്രചാരണവും അതിന്‍റെ ഭാഗമാണ്. 1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ അമേരിക്കയുടെ സ്വന്തം സ്ഥാനാര്‍ഥി വയലെറ്റ ചമോറൊ വിജയിക്കുന്നതുവരെ അമേരിക്കന്‍ ഭരണാധികാരികള്‍ നിരന്തരം നിക്കരാഗ്വയിലെ ഭരണകൂടത്തെ അട്ടിമറിക്കുന്നതിനായുള്ള നീക്കങ്ങളിലേര്‍പ്പെട്ടിരുന്നു. നിരന്തരമുള്ള നുണപ്രചാരണങ്ങളുടെയും ഭീഷണികളുടെയും പശ്ചാത്തലത്തില്‍ 1990ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഒര്‍ട്ടേഗയെയും സാന്‍ഡിനിസ്റ്റ മുന്നണിയെയും നിക്കരാഗ്വയിലെ ഭരണത്തില്‍നിന്നും താഴെയിറക്കുന്നതില്‍ അമേരിക്ക വിജയിക്കുകയായിരുന്നു.

അമേരിക്കന്‍ പിന്തുണയോടെ 1990ല്‍ അധികാരത്തില്‍വന്ന വയലെറ്റ ചമോറൊയുടെ ഭരണം 17 വര്‍ഷം തുടര്‍ന്നു, 2007ല്‍ ഒര്‍ട്ടേഗ വീണ്ടും അധികാരത്തിലെത്തുന്നതുവരെ. പതിനേഴ് വര്‍ഷത്തെ ഈ വലതുപക്ഷ ഭരണത്തെ ഒരു ദുഃസ്വപ്നം പോലെ ഭയത്തോടെയാണ് നിക്കരാഗ്വന്‍ ജനത ഓര്‍മിക്കുന്നത്. നവലിബറല്‍ ചെലവുചുരുക്കലുകളും സ്വകാര്യവത്കരണവും രാജ്യത്താകെ നടപ്പാക്കിയ കാലമായിരുന്നു അത്. 1980കളില്‍ സാന്‍ഡിനിസ്റ്റ ഭരണകാലത്ത് നടപ്പാക്കിയ കുട്ടികള്‍ക്ക് ദിവസവും ഒരു ഗ്ലാസ് പാല്‍ നല്‍കുന്നതിനുള്ള പരിപാടി പോലും ചമോറൊ ഗവണ്‍മെന്‍റ് റദ്ദാക്കി. ഓരോ വര്‍ഷവും ആയിരക്കണക്കിനാളുകളാണ് ഇക്കാലത്ത് തൊഴിലില്ലാത്തവരുടെ പട്ടികയിലേക്ക് എത്തിയത്. വീണ്ടുമൊരിക്കല്‍ക്കൂടി ഇത്തരമൊരുകാലത്തേക്ക് നിക്കരാഗ്വന്‍ ജനതയെ കൊണ്ടുപോകാനാണ് അമേരിക്കന്‍ ഭരണാധികാരികളും നിക്കരാഗ്വയിലെ വലതുപക്ഷവും കോര്‍പറേറ്റ് മാധ്യമങ്ങളും ശ്രമിക്കുന്നത്.

ഒര്‍ട്ടേഗയുടെ ജനപക്ഷ ഭരണത്തെ അട്ടിമറിക്കാന്‍ അമേരിക്ക നിരവധി നീക്കങ്ങള്‍ നടത്തി. അതില്‍ ഒടുവിലത്തേതാണ് 2018 ഏപ്രില്‍ മാസത്തില്‍ നടത്തിയ പരാജയപ്പെട്ട കലാപം. പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് വെടിവെച്ചുവെന്നും രണ്ട് കുട്ടികള്‍ കൊല്ലപ്പെട്ടുവെന്നുമുള്ള നുണപ്രചാരണമാണ് ജനങ്ങളെ തെരുവിലിറക്കാന്‍ പ്രയോഗിച്ചത്. സത്യം തുറന്നു കാണിക്കപ്പെട്ടതോടെ തെറ്റിദ്ധരിക്കപ്പെട്ട ജനങ്ങള്‍ പ്രതിഷേധത്തില്‍നിന്ന് പിന്തിരിഞ്ഞു. എന്നാല്‍ ഇതിനിടയില്‍ നിരവധി പേരുടെ ജീവന്‍ നഷ്ടപ്പെടുകയും ശതകോടിക്കണക്കിനു ഡോളറിന്‍റെ നാശനഷ്ടങ്ങളുണ്ടാവുകയും ചെയ്തു. ഈ കലാപം സംഘടിപ്പിച്ചവര്‍ക്കുവേണ്ട പണം എത്തിച്ചത് അമേരിക്കന്‍ ഏജന്‍സികളായിരുന്നു.

ഇതും വിജയിക്കാതായതോടെ അമേരിക്ക ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന സാമ്പത്തിക ഉപരോധം കൂടുതല്‍ കര്‍ക്കശമാക്കുകയാണുണ്ടായത്. 2018ല്‍ കൊണ്ടുവന്ന നിക്കാ നിയമം (ചകഇഅ അരേ) നിക്കരാഗ്വയ്ക്കുമേല്‍ സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിക്കാനുള്ളതായിരുന്നു. ഇപ്പോള്‍ റെനാസെര്‍ (ഞഋചഅഇഋഞ) എന്ന പുതിയൊരു നിയമം നിക്കരാഗ്വയിലെ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് അമേരിക്കന്‍ കോണ്‍ഗ്രസ് അംഗീകരിക്കുകയും നവംബര്‍ 10ന് ബൈഡന്‍ ഒപ്പിടുകയുമുണ്ടായി. ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്മാരും ഒന്നിച്ചാണ്, നിക്കരാഗ്വ എന്ന രാജ്യത്ത് ഇടപെടുന്നതിന് അമേരിക്കന്‍ ഗവണ്‍മെന്‍റിനെ പിന്തുണയ്ക്കുന്ന ഈ നിയമം പാസാക്കിയത്. അമേരിക്കന്‍ ഭരണവൃത്തങ്ങളില്‍ നിന്ന് നിരന്തരം മുഴങ്ങുന്നത്, "നിങ്ങള്‍ സാന്‍ഡിനിസ്റ്റകള്‍ക്ക് വോട്ടുചെയ്താല്‍ ഞങ്ങള്‍ നിങ്ങളുടെ ജീവിതം നരകതുല്യമാക്കുമെന്ന മുദ്രാവാക്യമാണ്." അമേരിക്കയുടെ പിന്‍ബലത്തില്‍ നിക്കരാഗ്വയുടെ അയല്‍രാജ്യമായ കോസ്റ്ററിക്കയുടെ പ്രസിഡന്‍റ് കാര്‍ലോസ് അല്‍വാരഡൊ ക്വെസേദ പോലും നവംബര്‍ 7ന്‍റെ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ നിക്കരാഗ്വയോട് ആഹ്വാനം ചെയ്യുകയുണ്ടായി.

സാമ്രാജ്യത്വശക്തികളുടെയും അവയുടെ കൂട്ടുകക്ഷികളുടെയും കുത്തിത്തിരിപ്പുകളെല്ലാമുണ്ടായിട്ടും നിക്കരാഗ്വയിലെ ജനങ്ങള്‍ എന്തുകൊണ്ടാണ് സാന്‍ഡിനിസ്റ്റകള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നത്? എന്തുകൊണ്ടാണ് അമേരിക്ക നിക്കരാഗ്വയെപോലെ ചെറിയൊരു രാജ്യത്തെ ഇടതുപക്ഷ ഭരണത്തെ ഇത്രയേറെ ഭയക്കുന്നത്?

സാന്‍സിനിസ്റ്റ ഭരണത്തില്‍ ദാരിദ്ര്യം ഗണ്യമായി കുറയുകയും സാര്‍വത്രികമായ ആരോഗ്യപരിരക്ഷ, മെച്ചപ്പെട്ട വിദ്യാഭ്യാസം എന്നിവ ഉറപ്പാക്കുകയും ചെയ്തിരിക്കുന്നു എന്നതാണ് നിക്കരാഗ്വയിലെ ജനങ്ങളെ വീണ്ടും വീണ്ടും സാന്‍ഡിനിസ്റ്റകള്‍ക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുന്ന ഘടകം. 2007ല്‍ അന്‍പത് ശതമാനത്തിലേറെ ജനങ്ങളാണ് ദാരിദ്ര്യത്തില്‍ കഴിഞ്ഞിരുന്നത്. ഇന്നത് ഇരുപത് ശതമാനത്തോളമായി കുറഞ്ഞിരിക്കുന്നു. 80 ശതമാനത്തോളം കുട്ടികള്‍ക്കും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ കഴിയുന്നു. സാക്ഷരതാനിരക്ക് 85 ശതമാനത്തോളമാണ്. കോവിഡ് മഹാമാരിയെ നിയന്ത്രിക്കുന്നതിലും മാതൃകാപരമായ നടപടികളാണ് സാന്‍ഡിനിസ്റ്റ ഭരണം കാഴ്ചവച്ചത്. ഇതെല്ലാം ഉപേക്ഷിച്ച് സൊമോസ വാഴ്ചയിലെപോലെ നിക്കരാഗ്വന്‍ ജനത അടിമതുല്യ ജീവിതം നയിക്കണമെന്നാണ് അമേരിക്കന്‍ ഗവണ്‍മെന്‍റ് ആഗ്രഹിക്കുന്നത്.

അമേരിക്ക അട്ടിമറിക്കാന്‍ നോക്കുന്നത് നിക്കരാഗ്വയെ മാത്രമല്ല, ക്യൂബയെയും വെനസ്വേലയെയും സോഷ്യലിസം ലക്ഷ്യമായി പ്രഖ്യാപിച്ചിട്ടുള്ള രാജ്യങ്ങളെയാകെയുമാണ്. ഉത്തരകൊറിയക്കും ചൈനയ്ക്കും നേരെ അമേരിക്ക നടത്തുന്ന പടയൊരുക്കത്തിനുപിന്നിലും സോഷ്യലിസ്റ്റ് വ്യവസ്ഥയോടുള്ള അമേരിക്കന്‍ ഭരണവര്‍ഗത്തിന്‍റെ എതിര്‍പ്പാണ്. താരതമ്യേന പിന്നോക്കാവസ്ഥയിലായിരുന്ന ദരിദ്രരാജ്യങ്ങള്‍ക്ക് പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ കഴിയുമെങ്കില്‍, ഒരാളും പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ കഴിയുന്നുവെങ്കില്‍, സൗജന്യ വിദ്യാഭ്യാസവും സാര്‍വത്രിക ആരോഗ്യപരിചരണവും ഉറപ്പാക്കാനാകുമെങ്കില്‍, ഭവന രഹിതരില്ലാത്ത അവസ്ഥ ഉണ്ടാക്കാനാകുമെങ്കില്‍, ജനങ്ങളുടെയാകെ പങ്കാളിത്തത്തോടെ ജനജീവിതം മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നുണ്ടെങ്കില്‍, എന്തുകൊണ്ട് അമേരിക്കയെപോലുള്ള വികസിത മുതലാളിത്ത രാജ്യങ്ങളില്‍ ഇതിനൊന്നും കഴിയുന്നില്ല എന്ന അടിസ്ഥാന മനുഷ്യാവകാശ പ്രശ്നം അവിടങ്ങളിലെല്ലാം ഉയര്‍ന്നുവരുമെന്നുറപ്പാണ്. അതുകൊണ്ടാണ് അമേരിക്ക ഇത്തരം ഭരണങ്ങളെ ഭയക്കുന്നതും അട്ടിമറിക്കാന്‍ നിരന്തരശ്രമങ്ങള്‍ നടത്തുന്നതും. അതിനെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ടുള്ള നിക്കരാഗ്വയിലെ സാന്‍ഡിനിസ്റ്റ വിജയം ലാറ്റിനമേരിക്കയുടെ നിറം ചുവപ്പുതന്നെ എന്നാവര്‍ത്തിക്കുന്നതാണ്. •