ട്രേഡ് യൂണിയന്‍ ആക്ടിവിസവും കൊളോണിയല്‍ വിരുദ്ധതയും

പി എസ് പൂഴനാട്

"അടിമത്തത്തിലെ സമ്പന്നതയേക്കാള്‍ സ്വാതന്ത്ര്യത്തിലെ 
ദാരിദ്ര്യത്തെയാണ് ഞങ്ങള്‍ ഉറ്റുനോക്കുന്നത് ".

ഒന്ന്


ഫ്രഞ്ച് കൊളോണിയലിസത്തിനെതിരെ അതിതീവ്രമായി പടപൊരുതിയ ആഫ്രിക്കന്‍ വിമോചന പോരാളിയായിരുന്നു അഹമ്മദ് സെക്കൂ ടൂറെ. ട്രേഡ് യൂണിയന്‍ ആക്ടിവിസത്തിന്‍റെ സമരോത്സുകതയിലൂടെയായിരുന്നു പശ്ചിമാഫ്രിക്കയിലെ ഫ്രഞ്ച് അധിനിവേശ കോളനിയായിരുന്ന ഗിനിയയുടെ സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്‍റെ തീച്ചൂളകളിലേക്ക് സെക്കൂ ടൂറെ നടന്നടുക്കുന്നത്. ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടത്തിന്‍റെ എല്ലാ തിട്ടൂരങ്ങളെയും ചവിട്ടിപ്പുറത്താക്കിക്കൊണ്ടായിരുന്നു ഗിനിയയെ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായി പരിവര്‍ത്തിപ്പിക്കാന്‍ സെക്കൂ ടൂറെ നിരന്തരം പണിപ്പെട്ടുകൊണ്ടിരുന്നത്. മാര്‍ക്സിന്‍റെയും ലെനിന്‍റെയും ആശയാവിഷ്കാരങ്ങളിലേക്ക് അദ്ദേഹം കടന്നുകയറിയിരുന്നു. സോവിയറ്റ് സോഷ്യലിസ്റ്റ് ചേരിയുമായി അഗാധമായ ഹൃദയബന്ധവും അദ്ദേഹം കാത്തുസൂക്ഷിച്ചിരുന്നു. പാന്‍ - ആഫ്രിക്കന്‍ വിമോചന പ്രസ്ഥാനങ്ങളുമായും അദ്ദേഹം അഗാധമായി ഐക്യപ്പെട്ടിരുന്നു. എന്നാല്‍ ഫ്രഞ്ച് കൊളോണിയല്‍ ശക്തികളും പാശ്ചാത്യചേരിയും ഗിനിയന്‍ വിമോചന മുന്നേറ്റങ്ങളെ തകര്‍ത്തെറിയാന്‍ നിരന്തരം കരുക്കള്‍ ഒരുക്കിക്കൊണ്ടിരിക്കുകയായിരുന്നു. അതിതീവ്രമായ സമ്മര്‍ദ്ദങ്ങള്‍ക്കും അട്ടിമറിശ്രമങ്ങള്‍ക്കും ഇടയിലും ഗിനിയയെ പുതിയൊരു സ്വപ്നത്തിലേയ്ക്ക് നയിക്കാന്‍ അദ്ദേഹം പടപൊരുതിക്കൊണ്ടിരുന്നു.


ഒരു സാധാരണ കുടുംബത്തില്‍ 1922 ജനുവരി 9 നായിരുന്നു അഹമ്മദ് സെക്കൂ ടൂറെ ജനിക്കുന്നത്. ഒരു തരത്തിലുള്ള പ്രാഥമിക വിദ്യാഭ്യാസവും ലഭിച്ചിട്ടില്ലാത്ത അതീവ ദരിദ്രരായ കര്‍ഷകരായിരുന്നു അഹമ്മദിന്‍റെ മാതാപിതാക്കള്‍. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ അവസാന ഘട്ടങ്ങളില്‍ ഫ്രഞ്ച് കൊളോണിയല്‍ ശക്തികള്‍ ക്കെതിരെ പടപൊരുതി നിന്ന സമോറി ടൂറെ എന്ന പോരാളി അഹമ്മദിന്‍റെ അപ്പൂപ്പനായിരുന്നു. ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യം ഗിനിയയുടെ എല്ലാ മണ്ഡലങ്ങളിലും അത്യഗാധമായി ആഴ്ന്നിറങ്ങിക്കൊണ്ടിരുന്നു. ഗിനിയയിലെ അതിസമൃദ്ധമായ പ്രകൃതിവിഭവങ്ങളെ കുത്തിച്ചോര്‍ത്തിക്കൊണ്ടും ഗിനിയന്‍ ജനതയെ വമ്പന്‍ ചൂഷണത്തിനു വിധേയമാക്കിക്കൊണ്ടുമായിരുന്നു ഗിനിയന്‍ ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യം അരങ്ങുവാണു കൊണ്ടിരുന്നത്.


ചെറുപ്പകാലം തൊട്ടേ ഇസ്ലാം വിശ്വാസത്തിന്‍റെ അടിത്തറയിന്മേലായിരുന്നു അഹമ്മദ് വളര്‍ത്തപ്പെട്ടത്. ഖുറാന്‍ പാഠശാലകളിലും ഫ്രഞ്ച് പ്രാഥമിക വിദ്യാകേന്ദ്രങ്ങളിലും ഒരേസമയം അഹമ്മദ് പഠനം തുടര്‍ന്നു. പതിനാലാമത്തെ വയസ്സില്‍, ഒരു ഫ്രഞ്ച് ടെക്നിക്കല്‍ സ്കൂളില്‍ പഠിക്കുന്ന ഘട്ടത്തിലായിരുന്നു രാഷ്ട്രീയ ആക്ടിവിസത്തിന്‍റെ ചടുലതയിലേയ്ക്ക് അഹമ്മദ് മുങ്ങിത്താഴാന്‍ തുടങ്ങുന്നത്. അവിടെ വെച്ചായിരുന്നു, സ്കൂളിന്‍റെ ശോചനീയാവസ്ഥകള്‍ക്കെതിരെ പൊട്ടിത്തെറിച്ചുക്കൊണ്ടുള്ള ഒരു വിദ്യാര്‍ഥി പ്രക്ഷോഭത്തിന്‍റെ മുന്നണിയിലേയ്ക്ക് അഹമ്മദ് സെക്കൂ ടൂറെ എത്തപ്പെടുന്നത്. ഈ വിദ്യാര്‍ഥി പ്രക്ഷോഭത്തെത്തുടര്‍ന്ന് ഗിനിയന്‍ തലസ്ഥാനമായ കൊണാക്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന ആ സ്കൂളില്‍നിന്നും സെക്കൂ ടൂറെ പുറത്താക്കപ്പെട്ടു. 


1940 ല്‍ നൈജര്‍ ഫ്രാന്‍ക്കോയിസ് എന്ന കമ്പനിയില്‍  ഒരു ഗുമസ്തനായി ജോലിയില്‍ ചേര്‍ന്നു. അതിനെത്തുടര്‍ന്ന് പോസ്റ്റല്‍ സര്‍വീസില്‍ പുതിയൊരു ജോലി ലഭിച്ചു. ഇവിടെവെച്ചായിരുന്നു ട്രേഡ് യൂണിയന്‍ ആക്ടിവിസത്തിന്‍റെ പുതിയ വഴിത്താരകളിലേക്ക് അഹമ്മദ് സെക്കൂ ടൂറെ സഞ്ചരിക്കാനാരംഭിക്കുന്നത്. തൊഴിലാളികളും യൂണിയനുകളും പുതിയൊരു സമരത്തിന്‍റെ രംഗവേദി ഗിനിയയില്‍ തുറക്കുകയായിരുന്നു.


രണ്ട്


ഫ്രെഞ്ച് ഗിനിയയിലെ ആദ്യത്തെ ട്രേഡ് യൂണിയന്‍ 1945 ല്‍ പിറവിയെടുത്തു. പോസ്റ്റ് ആന്‍റ് ടെലികമ്യൂണിക്കേഷന്‍സ് വര്‍ക്കേഴ്സ് യൂണിയന്‍ എന്നായിരുന്നു ആ ട്രേഡ് യൂണിയന്‍റെ പേര്. ആദ്യത്തെ ആ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം സ്ഥാപിച്ചതാകട്ടെ അഹമ്മദ് സെക്കൂ ടൂറെ ആയിരുന്നു. അതോടൊപ്പം പശ്ചിമാഫ്രിക്കയിലെ വിവിധ ഫ്രഞ്ച് കോളനി രാജ്യങ്ങളിലെ രാഷ്ട്രീയ പാര്‍ടികളെയും മറ്റു ഗ്രൂപ്പുകളെയും ചേര്‍ത്തുകൊണ്ട് ആഫ്രിക്കന്‍ ഡെമോക്രാറ്റിക് റാലി എന്ന പ്രസ്ഥാനം രൂപീകരിക്കുന്നതിലും സെക്കൂ ടൂറെ നിര്‍ണായകമായ പങ്കുവഹിച്ചു. അതോടൊപ്പം ഗിനിയയിലെ വിവിധ തൊഴിലാളി യൂണിയനുകളുടെ ഫെഡറേഷന്‍റെ (Federation of Worker's Union of Guinea)- രൂപീകരണത്തിലും പങ്കാളിയായി. ട്രേഡ് യൂണിയനുകളുടെ ലോക ഫെഡറേഷനിലും (WFTU) ഗിനിയയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കണ്ണിച്ചേര്‍ക്കപ്പെട്ടു. ക്രമേണ ഗിനിയയിലെ വര്‍ക്കേഴ്സ് യൂണിയന്‍റെ നേതൃസ്ഥാനത്തേയ്ക്ക് സെക്കൂ ടൂറെ ഉയര്‍ന്നുവന്നു. 
ആഫ്രിക്കന്‍ ഡെമോക്രാറ്റിക് റാലിയുടെ ഗിനിയന്‍ വിഭാഗമായിരുന്നു ഡെമോക്രാറ്റിക് പാര്‍ടി ഓഫ് ഗിനിയ. 1952ല്‍ ഈ രാഷ്ട്രീയ പാര്‍ടിയുടെ നേതാവായും സെക്കൂ ടൂറെ മാറിത്തീര്‍ന്നു. ഗിനിയന്‍ ഡെമോക്രാറ്റിക് പാര്‍ടിയും ഗിനിയയിലെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനവും പരസ്പരം കണ്ണി ചേര്‍ക്കപ്പെട്ടു. അങ്ങനെ ഗിനിയയിലെ ഫ്രഞ്ച് കൊളോണിയല്‍ ആധിപത്യത്തിനെതിരെയുള്ള സമരതീക്ഷ്ണമായ പുതിയൊരു ചരിത്രപാത ഉയര്‍ന്നുവന്നു. അങ്ങനെ, ഫ്രഞ്ച് ഗിനിയയെ ആകെ പിടിച്ചുകുലുക്കിക്കൊണ്ടുള്ള തൊഴിലാളികളുടെ പണിമുടക്ക് 1953 ല്‍ ആരംഭിച്ചു. 71 ദിവസങ്ങള്‍ ആ പണിമുടക്ക് നീണ്ടുനിന്നു. പുതിയ തൊഴിലാളി നിയമങ്ങള്‍ (Labour Code)- ആവിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടത്തിനെതിരെ ഗിനിയയിലെ തൊഴിലാളികള്‍ പൊട്ടിത്തെറിച്ചത്. ഇത്രയും ദിവസങ്ങള്‍ നീണ്ടുനിന്ന മറ്റൊരു പണിമുടക്ക് പശ്ചിമേഷ്യയിലെ ഫ്രെഞ്ച് കോളനികളില്‍ അതുവരെ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ടായിരുന്നില്ല. ഈ പണിമുടക്കിന്‍റെ പ്രധാന നേതൃസ്ഥാനത്തുണ്ടായിരുന്നത് അഹമ്മദ് സെക്കൂ ടൂറെയായിരുന്നു. ഇങ്ങനെ ഫ്രെഞ്ച് അധിനിവേശത്തില്‍നിന്നുള്ള ഗിനിയയുടെ വിമോചനത്തിന്‍റെ ഏറ്റവും ആവേശകരമായ പുതിയൊരു പ്രതീകമായി സെക്കൂ ടൂറെ മാറിക്കൊണ്ടിരുന്നു. കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ കടുത്തുകൊണ്ടിരുന്നു.


അഞ്ചുവര്‍ഷം ഫ്രഞ്ച് ഗിനിയന്‍ പ്രാദേശിക അസംബ്ലിയിലേയ്ക്കും സെക്കൂ ടൂറെ തിരഞ്ഞെടുക്കപ്പെട്ടു. അതിനെത്തുടര്‍ന്ന്, ഫ്രെഞ്ച് കമ്യൂണിസ്റ്റ് പാര്‍ടിയുടെ ട്രേഡ് യൂണിയന്‍ വിഭാഗമായ ജനറല്‍ കോണ്‍ഫെഡറേഷന്‍ ഓഫ് ലേബറിന്‍റെ മൂന്ന് ജനറല്‍ സെക്രട്ടറിമാരില്‍ ഒരാളായും സെക്കൂ ടൂറെ മാറിത്തീര്‍ന്നു. 1957ല്‍ പശ്ചിമാഫ്രിക്കയിലെ ഫ്രഞ്ച് കൊളോണിയല്‍ രാജ്യങ്ങള്‍ക്ക് പൊതുവായുള്ള ഒരു ട്രേഡ് യൂണിയന്‍ സെന്‍ററും  രൂപീകരിക്കപ്പെട്ടു. ഫ്രഞ്ച് ദേശീയ അസംബ്ലിയിലേയ്ക്കുള്ള ഗിനിയയുടെ ഡെപ്യൂട്ടിയായും കൊണാക്രിയിലെ മേയറായും സെക്കൂ ടൂറെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ഇത്തരം സ്ഥാനങ്ങള്‍ ഏറ്റെടുക്കാന്‍ പല ഘട്ടങ്ങളിലും കൊളോണിയല്‍ ഭരണകൂടം സെക്കൂ ടൂറെയെ അനുവദിച്ചിരുന്നില്ല എന്നും കാണേണ്ടതുണ്ട്. 


ഗിനിയയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദാഹം കൂടിക്കൊണ്ടിരുന്നു. ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടത്തില്‍നിന്നുള്ള സമ്പൂര്‍ണ്ണമായ വിമോചനത്തിനുവേണ്ടിയായിരുന്നു ഗിനിയയിലെ ബഹുഭൂരിപക്ഷം മനുഷ്യരും ദാഹിച്ചത്. 1958ല്‍ ഫ്രെഞ്ച് പ്രസിഡന്‍റ് ചാള്‍സ് ഡിഗോള്‍ പുതിയൊരു ഭരണഘടനാ രൂപം മുന്നോട്ടുവെക്കാന്‍ നിര്‍ബന്ധിതനായിത്തീര്‍ന്നു. ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം രണ്ടുതരത്തിലുള്ള വാഗ്ദാനങ്ങളാണ് പുതിയൊരു രൂപത്തില്‍ മുന്നോട്ടുവെച്ചത്. ഒന്നുകില്‍, ഗിനിയയ്ക്ക് ഫ്രഞ്ച് മെട്രോപൊളിറ്റന്‍ നാഗരികതയിലേയ്ക്ക് പൂര്‍ണമായും ഉദ്ഗ്രഥിതമായിത്തീരുക. അല്ലെങ്കില്‍, ഫ്രഞ്ച് സമൂഹത്തിന്‍റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ഒരു സ്വയംഭരണ റിപ്പബ്ലിക്കായി തുടരുക. ഇതില്‍ ഏതെങ്കിലും ഒന്ന് അംഗീകരിച്ചില്ലെങ്കില്‍ ഫ്രഞ്ച് ഭരണകൂടത്തില്‍നിന്നുള്ള ഒരു തരത്തിലുള്ള സാമ്പത്തിക സഹായവും ഗിനിയയ്ക്കുണ്ടായിരിക്കില്ലെന്നും ഫ്രഞ്ച് ജനതയുടെ ഒരു സഹകരണവും ഗിനിയ പ്രതീക്ഷിക്കേണ്ടതില്ലെന്നും ഫ്രഞ്ച് പ്രസിഡന്‍റ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടം മുന്നോട്ടുവെച്ച എല്ലാ വാഗ്ദാനങ്ങളെയും ഗിനിയന്‍ ജനത നിരസിക്കുകയാണുണ്ടായത്. ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലകൊള്ളാനായിരുന്നു അഹമ്മദ് സെക്കൂ ടൂറയുടെ നേതൃത്വത്തില്‍ ഗിനിയന്‍ ജനത വോട്ട് രേഖപ്പെടുത്തിയത്. സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലകൊള്ളാനാണ് ഗിനിയ ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ സ്വാതന്ത്ര്യത്തിന് ആരും പിന്തുണ നല്‍കില്ലെന്ന ഫ്രഞ്ച് കൊളോണിയല്‍ ഭരണകൂടത്തിന്‍റെ എല്ലാ തീട്ടൂരങ്ങളെയും ഗിനിയന്‍ ജനത തള്ളിക്കളഞ്ഞു. അടിമത്തത്തിന്‍കീഴില്‍ സമ്പന്നമായി കഴിയുന്നതിനെക്കാള്‍ സ്വാതന്ത്ര്യത്തിന്‍റെ കീഴില്‍ ദരിദ്രരായി തുടരാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് റഫറണ്ടത്തിലൂടെ ഗിനിയന്‍ ജനത വിളിച്ചു പറഞ്ഞു. അങ്ങനെ 1958 ഒക്ടോബര്‍ 2ന് ഗിനിയ എന്ന ആഫ്രിക്കന്‍ രാജ്യം ഫ്രെഞ്ച് കൊളോണിയല്‍ ആധിപത്യത്തില്‍നിന്നും സമ്പൂര്‍ണമായി വിടുതല്‍ നേടി.


ഫ്രഞ്ച് കൊളോണിയല്‍ ശക്തികളുടെ എല്ലാ വാഗ്ദാനങ്ങളെയും സമ്പൂര്‍ണമായി തള്ളിക്കളഞ്ഞുകൊണ്ട് സ്വാതന്ത്ര്യത്തിന്‍റെ പുതിയൊരു ആകാശത്തിലേയ്ക്ക് പറന്നുയരാന്‍ ആരംഭിച്ച ആദ്യത്തെ ആഫ്രിക്കന്‍ രാജ്യമായിരുന്നു ഗിനിയ. അതുകൊണ്ടുതന്നെ ഫ്രഞ്ച് കൊളോണിയലിസ്റ്റുകളും ഗിനിയയിലെ ഫ്രഞ്ച് കുടിയേറ്റക്കാരും അതിഭീകരമായിട്ടായിരുന്നു ഗിനിയയോട് പെരുമാറിയത്. രണ്ടുമാസക്കാലയളവിനുള്ളില്‍ തന്നെ ഫ്രഞ്ച് അധിനിവേശ ശക്തികള്‍ ഗിനിയ വിട്ടുപോകാന്‍ നിര്‍ബന്ധിതമായിത്തീര്‍ന്നു. അങ്ങനെ ഗിനിയയില്‍നിന്നും വിട്ടുപോയ ഫ്രഞ്ച് - അധിനിവേശക്കാരാകട്ടെ അവര്‍ക്ക് ഗിനിയയില്‍ ഉണ്ടായിരുന്നതും അവര്‍ ഗിനിയയില്‍ സൃഷ്ടിച്ചതെന്ന് സ്വയം അവകാശപ്പെട്ടതുമായ എല്ലാറ്റിനെയും ഒന്നുകില്‍ തിരികെ എടുത്തുകൊണ്ടുപോകുകയോ അല്ലെങ്കില്‍ തല്ലിത്തകര്‍ക്കുകയോ ചെയ്തിട്ടാണ് അവര്‍ അവിടം വിട്ടുപോയത്. ബള്‍ബുകള്‍പോലും അവര്‍ ഊരിക്കൊണ്ടുപോയിരുന്നു. അധികം വന്ന മരുന്നുല്‍പ്പന്നങ്ങളെപ്പോലും മുഴുവനായും അവര്‍ തീയിട്ട് നശിപ്പിച്ചുകളഞ്ഞിരുന്നു. ഇങ്ങനെ അതിക്രൂരമായും പ്രതികാരവാഞ്ഛയോടുമായിരുന്നു ഫ്രഞ്ച് കൊളോണിയല്‍ ശക്തികള്‍ സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ ഗിനിയയോട് പെരുമാറിയത്.


മൂന്ന്


ഗിനിയ സ്വതന്ത്രമായതിനെത്തുടര്‍ന്ന് അഹമ്മദ് സെക്കൂ ടൂറെ ഗിനിയയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. തന്‍റെ ട്രേഡ് യൂണിയന്‍ അനുഭവത്തെയും സമര ശരികളെയും വിളക്കിച്ചേര്‍ത്ത ുകൊണ്ട് പുതിയൊരു ഗിനിയയെ പടുത്തുയര്‍ത്തുകയായിരുന്നു സെക്കൂ ടൂറെയുടെ ലക്ഷ്യം. തുടര്‍ന്നുള്ള ഇരുപത്തിനാലുവര്‍ഷക്കാലം അദ്ദേഹം അതിനു വേണ്ടി അടരാടുകയായിരുന്നു.


ദേശസാല്‍ക്കരണത്തിന്‍റെയും ഭൂപരിഷ്കരണത്തിന്‍റെയും പുതിയൊരു തലത്തിലേയ്ക്ക് ഗിനിയ ആനയിക്കപ്പെട്ടു. ഗിനിയയില്‍ പ്രവര്‍ത്തിച്ചിരുന്ന എല്ലാ വൈദേശിക കമ്പനികളും ദേശസാത്കരിക്കപ്പെട്ടു. കേന്ദ്രീകൃതമായ സാമ്പത്തികാസൂത്രണം നടപ്പിലാക്കപ്പെട്ടു. ഇങ്ങനെ ഭരണപരമായ പുതിയ നടപടികള്‍ മുന്നേറുമ്പോള്‍ തന്നെ ഗിനി യയ്ക്കുള്ളിലെ അറുപിന്തിരിപ്പന്‍ ശക്തികള്‍ മുന്‍ കൊളോണിയല്‍ ശക്തികളുടെ സഹായത്തോടെ എല്ലാ പുരോഗമനാത്മകമായ നടപടിക്രമങ്ങളെയും അട്ടിമറിക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്തു. ഗിനി ബസുവിലെ പോര്‍ട്ടുഗീസ് അധിനിവേശശക്തികളുമായി ചേര്‍ന്ന് സെക്കൂ ടൂറെയെ ഭരണത്തില്‍നിന്നും പുറത്താക്കാനുള്ള അട്ടിമറിശ്രമങ്ങളും ഗിനിയയില്‍ അരങ്ങേറി. എന്നാല്‍ എല്ലാ പ്രതിവിപ്ലവശക്തികളെയും ഏറ്റവും ശക്തിയായി തന്നെ നേരിട്ടുകൊണ്ടായിരുന്നു ഗിനിയയിലെ ഭരണകൂടം മുന്നേറിക്കൊണ്ടിരുന്നത്.


ആഫ്രിക്കയിലെ വിമോചന പ്രസ്ഥാനങ്ങള്‍ക്ക് സെക്കൂ ടൂറെ ആശയപരമായും പ്രായോഗികമായും ശക്തിപകര്‍ന്നുകൊണ്ടിരുന്നു. ഘാനയുടെ വിമോചനപോരാളിയും ഭരണാധികാരിയുമായിരുന്ന ക്വാമി എന്‍ക്രൂമയുടെ അടുത്ത സുഹൃത്തും അഭ്യുദയകാംക്ഷിയുമായിരുന്നു സെക്കൂ ടൂറെ. ഘാനയിലെ ഭരണക്രമത്തെ പ്രതിവിപ്ലവശക്തികള്‍ അട്ടിമറിച്ചതിനെത്തുടര്‍ന്ന് ക്വാമി എന്‍ക്രൂമ അഭയം തേടിയത് ഗിനിയയിലായിരുന്നു. അമേരിക്കന്‍ മനുഷ്യാവകാശ പോരാളിയും പൗരാവകാശ പ്രവര്‍ത്തകനുമായിരുന്ന മാല്‍ക്കം എക്സിനോടും വലിയ അടുപ്പമായിരുന്നു സെക്കൂ ടൂറെയ്ക്കുണ്ടായിരുന്നത്. ഗിനിയന്‍ വിമോചന മുന്നേറ്റങ്ങള്‍ക്കും കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങള്‍ക്കും നല്‍കിയ വലിയ സംഭാവനകളെ മാനിച്ചുകൊണ്ട് 1961ല്‍ സോവിയറ്റ് യൂണിയനില്‍നിന്നും ലെനിന്‍ സമാധാന സമ്മാനം ലഭിച്ചതും സെക്കൂ ടൂറെയ്ക്കായിരുന്നു. 


വര്‍ഷങ്ങള്‍ കഴിയുന്തോറും സാമ്രാജ്യത്വ കൊളോണിയല്‍ ശക്തികള്‍ നിരന്തരമെന്നോണം ഗിനിയയെ സമ്മര്‍ദ്ദത്തിലാഴ്ത്തിക്കൊണ്ടിരുന്നു. അവസാനഘട്ടങ്ങളില്‍ ആദ്യഘട്ടങ്ങളിലെ സമരോത്സുകതയില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് സെക്കൂ ടൂറെ നിര്‍ബന്ധിതനായിത്തീര്‍ന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ നിന്നുള്ള കമ്പനികള്‍ ഗിനിയയിലെ ഇരുമ്പയിരിന്‍റെയും ബോക്സൈറ്റ് ധാതുക്കളുടേയും പാടശേഖരങ്ങളിലേയ്ക്ക് കടന്നുകയറാന്‍ ആരംഭിച്ചിരുന്നു. 1984ല്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് സെക്കൂ ടൂറെ മരണത്തിനുകീഴടങ്ങി. പിന്നീടങ്ങോട്ട് പട്ടാള അട്ടിമറികളുടെയും അരാജകത്വത്തിന്‍റെയും ഭീകര ഗര്‍ത്തങ്ങളിലേയ്ക്ക് ഗിനിയ കൂപ്പുകുത്താന്‍ തുടങ്ങി.