ധീരയായ ബോള്‍ഷെവിക് വിപ്ലവകാരി

കെ ആര്‍ മായ

"പിഴവുകള്‍ സംഭവിച്ചേക്കാം
എങ്കിലും ജീവിതത്തിന്‍റെ 
പുസ്തകത്തില്‍
ഞങ്ങള്‍ നിങ്ങളുടെ കഥയെഴുതും
സ്ത്രീത്തൊഴിലാളികളേ
സധൈര്യം മാര്‍ച്ചുചെയ്യൂ
സ്വാതന്ത്ര്യത്തിന്‍റെ തീപ്പന്തത്താല്‍
നിങ്ങളുടെ പാത പ്രകാശമാനമാകട്ടെ"
                         (ഇല്യ വൊളോഡിന്‍സ്കി, 1913ലെ അന്താരാഷ്ട്ര വനിതാദിനത്തിന് സമര്‍പ്പിച്ച കവിതയില്‍ നിന്ന്)

ലെനിന്‍റെ സിദ്ധാന്തം അസാമാന്യ മേധാശക്തിയോടെ, അത്യുജ്വലമായി പ്രവൃത്തിപഥത്തിലെത്തിച്ച ഒരു വിപ്ലവകാരി എന്ന നിലയില്‍ കമ്യൂണിസ്റ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട പേരാണ് കോണ്‍കോര്‍ഡിയ സമൊയ്ലോവ. അടിസ്ഥാന തൊഴിലാളിവര്‍ഗത്തെയാകെ, പ്രത്യേകിച്ച് സ്ത്രീ തൊഴിലാളികളെയൊന്നാകെ വിപ്ലവ പോരാട്ടത്തിലേക്ക് നയിക്കുകയും അതിലൂടെ ലെനിന്‍റെ ആശയങ്ങളെ പ്രയോഗപഥത്തിലെത്തിക്കുകയും ചെയ്ത സമൊയ്ലോവ, 1876ല്‍ റഷ്യയിലെ കിഴക്കന്‍ സൈബീരിയന്‍ നഗരമായ ഇര്‍കുട്സില്‍ ജനിച്ചു. പിതാവ് നിക്കൊളായ് ഗ്രമോവ് ഒരു ഓര്‍ത്തഡോക്സ് വൈദികനായിരുന്നു. അക്കാലം അതായത് 1917ലെ റഷ്യന്‍ വിപ്ലവത്തിനു മുമ്പുവരെ സാറിസ്റ്റ് സാമ്രാജ്യത്വത്തിന്‍കീഴില്‍ റഷ്യയിലെ തൊഴിലാളികളെപ്പോലെതന്നെ സ്ത്രീകളുടെയാകെ അവസ്ഥ പരിതാപകരമായിരുന്നു. മനുഷ്യനെന്ന നിലയിലുള്ള അവകാശങ്ങളോ സമൂഹത്തില്‍നിന്നും മനുഷ്യത്വപരമായ സമീപനമോ സ്ത്രീക്ക് ലഭിച്ചിരുന്നില്ല. സാറിസ്റ്റ് വാഴ്ചയിന്‍കീഴില്‍, അതായത് അവരുടെ നിയമമനുസരിച്ചുതന്നെ പുരുഷന് സ്ത്രീയെ ശാരീരികമായി ഉപദ്രവിക്കാം; തങ്ങളുടെ ഇഷ്ടമനുസരിച്ച് എന്തും ചെയ്യാം. ചര്‍ച്ചും മതവും അതിനെ പിന്തുണച്ചു.

12-14 വയസ്സുള്ളപ്പോഴേ പെണ്‍കുട്ടികള്‍ ഫാക്ടറിയില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരായി. ഒരു ദിവസത്തിന്‍റെ മുക്കാല്‍പങ്കും-18 മണിക്കൂര്‍വരെ എല്ലുമുറിയെ പണിയെടുക്കണം. ഒന്നാം ലോക യുദ്ധത്തോടെ സ്ത്രീകള്‍ക്ക് കുറച്ചു സ്വാതന്ത്ര്യം കൈവന്നതായി അവകാശപ്പെടാമെങ്കിലും, അക്കാലത്ത് ഭര്‍ത്താക്കന്മാര്‍ യുദ്ധത്തിനായി റിക്രൂട്ട്ചെയ്യപ്പെട്ടതിനാല്‍ പകരം കുടുംബത്തിന്‍റെ ചുമതല വഹിക്കാന്‍ നിര്‍ബന്ധിതരായതിലൂടെ ലഭിച്ച 'സ്വാതന്ത്ര്യ'മായിരുന്നു അത്. 

സമൊയ്ലോവ എന്ന വിപ്ലവകാരിയെ രൂപപ്പെടുത്തിയത് ഈയൊരു പശ്ചാത്തലമായിരുന്നു. മാതാപിതാക്കളുടെ കടുത്ത എതിര്‍പ്പിനെ മറികടന്ന് 1896ല്‍ സമൊയ്ലോവയും സഹോദരിയും ഉപരിപഠനത്തിനായി സെന്‍റ്പീറ്റേഴ്സ്ബര്‍ഗിലേക്കുപോയി. അവിടെവെച്ചാണ് സമെയ്ലോവയുടെ വിപ്ലവജീവിതത്തിന് തുടക്കമായത്. യുവ വിപ്ലവകാരികളുടെ സര്‍ക്കിളുമായി അടുത്തു. സാറിസ്റ്റ് ഏകാധിപത്യത്തിനെതിരെ സമരംനടത്തിയ വിപ്ലവകാരികളായ വിദ്യാര്‍ഥികളെയും സാറിസ്റ്റ് ഭരണകൂടം തങ്ങള്‍ക്കെതിരായ ശത്രുഗണത്തോടു ചേര്‍ത്തു. സാറിസ്റ്റ്വാഴ്ചയുടെ കുടിലതകള്‍ക്കെതിരെ പൊരുതുന്ന 'രാജ്യദ്രോഹി'യായ വിദ്യാര്‍ഥിയായി സമൊയ്ലോവ പെട്ടെന്നു മാറി. 

1896ലെ സെന്‍റ്പീറ്റേഴ്സ്ബര്‍ഗ് കത്തിയുയരുന്ന സമരങ്ങളുടെ, ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ വിമോചനത്തിന്‍റെ പുതിയ ആകാശത്തിനായുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ ഭൂമികയായി മാറിയിരുന്നു. അങ്ങനെ സാറിസ്റ്റ് ഭരണകൂടം ഒരു പുതിയ ശത്രുവിനെക്കൂടി കണ്ടെത്തി-വിപ്ലവകാരികളായ വിദ്യാര്‍ഥികളുടെ അലയടങ്ങാത്ത ആവേശമായിരുന്നു അത്. 

സമൊയ്ലോവയുടെ രാഷ്ട്രീയ ജീവിതത്തിന്‍റെ ഗതിമാറ്റിയത് 1897ല്‍ നടന്ന ഒരു ദാരുണ സംഭവമായിരുന്നു. സഹപാഠിയായിരുന്ന വെട്രോവ എന്ന പെണ്‍കുട്ടി രാഷ്ട്രീയത്തടവിലിരിക്കെ, ജയിലില്‍വെച്ച് മണ്ണെണ്ണവിളക്കിലെ മണ്ണെണ്ണ വസ്ത്രത്തിലൊഴിച്ച് തീകൊളുത്തി ആത്മഹത്യചെയ്തത് സമൊയ്ലോവയെ ഞെട്ടിച്ചു (വെട്രോവയെ ജയിലധികൃതരുടെ ഒത്താശയോടെ കത്തിച്ചതാണ് എന്ന അഭ്യൂഹം പരന്നിരുന്നു). ഈ സംഭവത്തെത്തുടര്‍ന്ന് എല്ലാ സര്‍വകലാശാലകളിലെയും മുള്ളുവന്‍ വിദ്യാര്‍ഥികളെയും സംഘടിപ്പിച്ച് വമ്പിച്ച പ്രതിഷേധം നടത്താന്‍ ഒരുകൂട്ടം വിദ്യാര്‍ഥികള്‍ തീരുമാനിച്ചു. അതിനായി ചേര്‍ന്ന ഒരു യോഗത്തില്‍ ഒരു പെണ്‍കുട്ടി, പ്രകടനം നടത്തുന്നതിനെതിരെ സംസാരിച്ചു. അപ്പോള്‍, അതുവരെ അത്രകണ്ട് അറിയപ്പെടാതിരുന്ന മറ്റൊരു പെണ്‍കുട്ടി വേദിയിലേക്ക് ഇരച്ചുകയറി ആവേശത്തോടെ ഉച്ചത്തില്‍ സംസാരിക്കാന്‍ തുടങ്ങി. അത് സമൊയ്ലോവ ആയിരുന്നു. ആ പ്രസംഗം അവിടെ കൂടിയിരുന്നവരുടെയെല്ലാം ഉള്ളുലയ്ക്കുകയും അതോടൊപ്പം ഉള്ളുണര്‍ത്തുകയും ചെയ്തു. തുടര്‍ന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രകടനത്തെ അനുകൂലിച്ചു.

അപ്രതീക്ഷിതമായ ആ സംഭവം സമൊയ്ലോവയുടെ പോരാട്ട ജീവിതത്തിന് തുടക്കം കുറിയ്ക്കുകയായിരുന്നു. 

1901ല്‍ സാറിസ്റ്റ് ഭരണകൂടത്തിനെതിരെ ഒരു അട്ടിമറി ശ്രമം നടന്നു. അതിനുപിന്നില്‍ പ്രവര്‍ത്തിച്ച വിദ്യാര്‍ഥികള്‍ സൈന്യത്തില്‍ ചേരുന്നതിന് ഗവണ്‍മെന്‍റ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു. ഈ നടപടിയ്ക്കെതിരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ രോഷം അണപൊട്ടി. പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. അതിന്‍റെ മുന്‍നിരയില്‍തന്നെ സമൊയ്ലോവ ഉണ്ടായിരുന്നു. പ്രക്ഷോഭം നീണ്ടു. സെന്‍റ്പീറ്റേഴ്സ്ബര്‍ഗിനെ പോരാട്ടഭൂമിയാക്കി മാറ്റിയ പ്രക്ഷോഭം തുടരണമോ എന്നതു സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ വിളിച്ച യോഗത്തിനിടെ പൊലീസ് സമൊയ്ലോവയുള്‍പ്പെടെയുള്ള വിദ്യാര്‍ഥികളെ അറസ്റ്റുചെയ്തു. അവളുടെ താമസസ്ഥലം റെയ്ഡുചെയ്തു. ക്രാവിന്‍സ്കിയുടെ നിരോധിക്കപ്പെട്ട നോവലായ ആന്‍ഡ്രോ ക്രൂഷ്ചേവ്, ചെര്‍ണിഷേവ്സ്കിയുടെ "നാം എന്തുചെയ്യണം?" എന്നീ നോവലുകളും സ്വയരക്ഷയ്ക്കായി കയ്യില്‍ കരുതാറുണ്ടായിരുന്ന ഒരു റിവോള്‍വറും സമൊയ്ലോവയുടെ മുറിയില്‍നിന്നും പിടിച്ചെടുത്തു. ആ പുസ്തകങ്ങള്‍ ഒരു വിദ്യാര്‍ഥിയില്‍നിന്നും കടംവാങ്ങിയതായിരുന്നു. റിവോള്‍വറാകട്ടെ സൈബീരിയയില്‍നിന്നും പോരുമ്പോള്‍ കൂടെ കൊണ്ടുവന്നതായിരുന്നു. തുടര്‍ന്ന് സമൊയ്ലോവയെ ജയിലിലടച്ചു. മൂന്നുമാസങ്ങള്‍ക്കുശേഷംസമൊയ്ലോവയ്ക്കെതിരായ കുറ്റങ്ങള്‍ തള്ളപ്പെട്ടു. പക്ഷേ അപ്പോഴേക്കും യൂണിവേഴ്സിറ്റിയില്‍നിന്നും അവളെ പുറത്താക്കിയിരുന്നു. 

മൂന്നുമാസത്തെ ജയില്‍ജീവിതം സാറിസ്റ്റ്വാഴ്ചയുടെ ഭീകരത അനുഭവത്തിലൂടെ സമൊയ്ലോവയ്ക്ക് നേരിട്ടു മനസ്സിലാക്കാനുള്ള അവസരമായി. തടസ്സപ്പെട്ട വിദ്യാഭ്യാസം തുടരാനും കൂടുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവിടം വിടേണ്ടത് അനിവാര്യമായി. 1902 ഒക്ടോബറില്‍ അവര്‍ സമൊയ്ലോവ സെന്‍റ്പീറ്റേഴ്സ്ബര്‍ഗ് വിട്ടു.

പിന്നീട് പാരീസിലേക്കാണ് പോയത്. റഷ്യന്‍ സര്‍വകലാശാലയില്‍ സമ്പ്രദായികമല്ലാത്ത മറ്റ് പഠനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ പാരീസില്‍ ഫ്രീ റഷ്യന്‍ സ്കൂള്‍  ഓഫ് സോഷ്യല്‍ സയന്‍സസ് എന്ന സ്കൂള്‍ (പ്രത്യേക വിഷയപഠന പദ്ധതി) ഉണ്ടായിരുന്നു. വ്യവസ്ഥാപിതമായ പഠനത്തിനപ്പുറമുള്ള അറിവിനായി ദാഹിച്ച് റഷ്യയില്‍നിന്നും യുവജനങ്ങളും വിദ്യാര്‍ഥികളുും അവിടേക്ക് ഒഴുകിയെത്തിയിരുന്നു. എന്നാല്‍ ലിബറലുകളായ പ്രൊഫസര്‍മാരാണ് അവിടെ ക്ലാസുകളെടുത്തിരുന്നത്.  ഈ ഘട്ടത്തിലാണ് ലെനിന്‍ തുടങ്ങിവെച്ച ഇസ്ക്ര (തീപ്പൊരി) ദിനപത്രം പ്രസിദ്ധീകരണമാരംഭിച്ചത്. ഫ്രീ റഷ്യന്‍ സ്കൂളിലെ ലിബറലുകളായ പ്രൊഫസര്‍മാരുടെ സ്വാധീനവലയത്തില്‍നിന്നും യുവനിരയെ ബൗദ്ധികമായി സ്വതന്ത്രരാക്കുന്നതിനായി ലെനിനും സഹപ്രവര്‍ത്തകരും അതേ സ്കൂളില്‍ പ്രഭാഷണങ്ങളും പരിപാടികളും സംഘടിപ്പിച്ചു. റഷ്യയിലെ സോഷ്യല്‍ ഡെമോക്രാറ്റിക് വര്‍ക്കേഴ്സ് സര്‍ക്കിളുകളില്‍ പ്രവര്‍ത്തിക്കുന്നതിനുവേണ്ടി പരിശീലനം നല്‍കുന്നതിനായി ഹ്രസ്വകാല കോഴ്സുകളും ഇതിനൊപ്പം അവര്‍ തുടങ്ങി. സമൊയ്ലോവ ഈ കോഴ്സുകളില്‍ സജീവമായി. ലെനിന്‍റെതന്നെ മാര്‍ഗനിര്‍ദേശപ്രകാരം മാര്‍ക്സിസ്റ്റ് പഠന സ്കൂള്‍വഴി സൈദ്ധാന്തിക പഠനത്തിലേര്‍പ്പെട്ടു. സമൊയ്ലോവയുടെ ബൗദ്ധിക വിപ്ലവ ജീവിതം അവിടെനിന്നും തുടങ്ങുകയായിരുന്നു.

1903ലെ, റഷ്യന്‍ സോഷ്യല്‍ ഡെമോക്രാറ്റിക് ലേബര്‍പാര്‍ടിയുടെ (ആര്‍എസ്ഡിഎല്‍പി) രണ്ടാം കോണ്‍ഗ്രസിനുമുമ്പായിരുന്നു സമൊയ്ലോവ പാരീസില്‍ എത്തിയത്. ത്വേറില്‍ നടന്ന ആ കോണ്‍ഗ്രസിനുമുമ്പ് ആര്‍എസ്ഡിഎല്‍പിയുടെ കമ്മറ്റി ഓഫീസ് പൊലീസ് റെയ്ഡുചെയ്തു. അതിലെ ഭൂരിപക്ഷം അംഗങ്ങളെയും അറസ്റ്റുചെയ്തു. അങ്ങനെ ദുര്‍ബലമായിപ്പോയ പാര്‍ടി സംഘടനയെ ശക്തിപ്പെടുത്താനുള്ള ചുമതല സമൊയ്ലോവയില്‍ ഏല്‍പിക്കപ്പെട്ടു. അതിനിടയ്ക്ക് കമ്മിറ്റി അംഗമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ത്വേര്‍കമ്മിറ്റിയുടെ അംഗമെന്ന നിലയില്‍ കമ്മിറ്റിയുടെ തന്ത്രപരവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. ഉരുക്കുപോലെ ഉറച്ച പാര്‍ടി സംഘടനയെക്കൂടാതെ, തൊഴിലാളിവര്‍ഗത്തിന്‍റെ വിജയം അസാധ്യമാണെന്ന യാഥാര്‍ഥ്യം സമൊയ്ലോവ തിരിച്ചറിഞ്ഞ കാലംകൂടിയായിരുന്നു. അത് അതിനാധാരമായ പ്രധാനപ്പെട്ട ചില സംഭവവികാസങ്ങളുമുണ്ടായി. 

1903ലെ രണ്ടാം കോണ്‍ഗ്രസില്‍ ആര്‍എസ്ഡിഎല്‍പി രണ്ടായി പിളര്‍ന്നു-ബോള്‍ഷെവിക്കുകളും മെന്‍ഷെവിക്കുകളും. ആര്‍എസ്ഡിഎല്‍പിയുടെ ത്വേര്‍കമ്മിറ്റിയും സംഘടനയൊന്നാകെയും ലെനിനെ പിന്തുടര്‍ന്ന് ബോള്‍ഷെവിക് പക്ഷത്തുനിന്നു. ശരിയായ പാത ഇതാണെന്ന് തിരിച്ചറിഞ്ഞ് സമൊയ്ലോവ ഇതിനൊപ്പംനിന്നു. ഇതിനിടയ്ക്കുതന്നെ സമൊയ്ലോവ നതാഷ എന്ന പേര്‍ സ്വീകരിച്ച് ഒളിപ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. വേനല്‍ക്കാല പ്രവര്‍ത്തനങ്ങള്‍ക്കായുള്ള തയാറെടുപ്പിനായി സമൊയ്ലോവ ത്വേര്‍ വിട്ടു. തുടര്‍ന്ന് റഷ്യയിലെ എക്കടെറിനോസ്ലാവില്‍ ഒളിപ്രവര്‍ത്തനം തുടങ്ങി. അവിടെ പടിഞ്ഞാറന്‍ ടെക്സ്റ്റൈല്‍ മേഖലയും തെക്കന്‍ മൈനിങ് മേഖലയും കൊടിയ തൊഴിലാളി ചൂഷണത്തിന്‍റെ ഇടങ്ങളായിരുന്നു. തുച്ഛമായ കൂലിക്ക് 14-16 മണിക്കൂര്‍വരെ തൊഴിലാളികള്‍ക്ക് എല്ലുമുറിയെ പണിയെടുക്കേണ്ടിവന്നു. എന്നാല്‍ സമൊയ്ലോവയുടെ വരവ്, റഷ്യന്‍ തൊഴിലാളിവര്‍ഗ ചരിത്രത്തില്‍ ഇടംനേടുംവിധം അവിടം വലിയ മാറ്റത്തിന്‍റെ വേദിയായി. "ഏകാധിപത്യം തുലയട്ടെ", "എട്ടുമണിക്കൂര്‍ ജോലി" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി തൊഴിലാളികളെ ചെങ്കൊടിക്കുകീഴില്‍ അണിനിരത്തി. സാറിന്‍റെ പൊലീസും സൈന്യവും ആ പ്രക്ഷോഭത്തെ ചോരയില്‍ മുക്കി. ശരിക്കും സമൊയ്ലോവയ്ക്ക് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനൊപ്പം തെക്കന്‍ പ്രദേശത്തെ മെന്‍ഷെവിക്കുകള്‍ക്കെതിരെകൂടി പോരാടേണ്ടതുണ്ടായിരുന്നു. നഗരജില്ലകള്‍ മെന്‍ഷെവിക്കുകളെക്കൊണ്ട് നിറഞ്ഞിരുന്നു. അക്കാലത്തെ, സമൊയ്ലോവയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് സഹപ്രവര്‍ത്തകനും സഖാവുമായ എഗോറോവ് ഇങ്ങനെ പറഞ്ഞു: "എനിക്കായിരുന്നു സംഘടനാ പ്രവര്‍ത്തനം. സമൊയ്ലോവ പട്ടണത്തിലെ പ്രചാരണങ്ങളുടെയും പരസ്പരമുള്ള കൂടിച്ചേരലുകളുടെയും നേതൃത്വം ഏറ്റെടുത്തു. ഞാന്‍ ക്ഷീണിതനായി കുനിഞ്ഞിരിക്കുമ്പോള്‍ അവര്‍ എന്നെ ഉണര്‍ത്തി എന്‍റെ കടമ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കും. അവളാകട്ടെ മെന്‍ഷെവിക്കുകളെ തൊഴിലാളി സംഘടനയിലേക്ക് കൊണ്ടുവരുന്നതിന് തന്ത്രപരമായ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം ഏര്‍പ്പെട്ടു. അങ്ങനെ ഫാക്ടറി ജില്ലകളില്‍ സ്വാധീനം നേടുന്നതില്‍ ഞങ്ങള്‍ വിജയം കണ്ടു.  തന്‍റെ എല്ലാ ഊര്‍ജവും തൊഴിലാളി സര്‍ക്കിളുകളിലെ പ്രവര്‍ത്തനങ്ങള്‍ക്കായി സമൊയ്ലോവ വിനിയോഗിച്ചു."

അങ്ങനെ ഒരിക്കല്‍ ഫാക്ടറികളില്‍ വിതരണംചെയ്യാന്‍ കൊണ്ടുവന്ന ലഘുലേഖകള്‍ ഒരു പൊലീസ് നിരീക്ഷകന്‍ മോഷണവസ്തുവാണെന്ന് സംശയിക്കുകയും തുടര്‍ന്ന് അവരുടെ വീട് റെയ്ഡ്ചെയ്യുകയും ചെയ്തു. എക്കാറ്ററിനോസ്ലോവില്‍ സ്വന്തം പാസ്പോര്‍ടില്‍തന്നെയാണ് സമൊയ്ലോവ താമസിച്ചിരുന്നതെങ്കിലും പൊലീസ് വകുപ്പിന്‍റെ സര്‍ക്കുലറില്‍നിന്നും ത്വേര്‍ കേസില്‍ സമൊയ്ലോവയ്ക്കു പങ്കുള്ളത് പൊലീസുദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞു. അവരുടെ സംശയത്തിന്‍റെ നിഴലിലായിരുന്നു താനെന്നത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും വൈകിപ്പോയിരുന്നു. അവള്‍ അറസ്റ്റുചെയ്യപ്പെട്ടു; അവിടെനിന്നും നേരെ ത്വേറിലേക്ക് കൊണ്ടുപോയി. സമൊയ്ലോവ അറസ്റ്റിലായത്, സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. 14 മാസത്തിനുശേഷം സമൊയ്ലോവ ജയില്‍മോചിതയായി. 

കടന്നുപോയ 14 മാസത്തിനിടയ്ക്ക് രാജ്യം വിപ്ലവത്തീച്ചൂളയായി മാറിക്കഴിഞ്ഞിരുന്നു. മൂന്നാം പാര്‍ടി കോണ്‍ഗ്രസിന്‍റെ പ്രമേയങ്ങളെപ്പറ്റി പഠിക്കാനും ചര്‍ച്ചചെയ്യാനും ചേര്‍ന്ന ഒഡേസകമ്മിറ്റിയിലെ ബോള്‍ഷെവിക്കുകളെ കൂട്ടത്തോടെ അറസ്റ്റുചെയ്ത് ജയിലിലടച്ചു. അങ്ങനെ ആര്‍എസ്ഡിഎല്‍പി നേതൃത്വം വീണ്ടും ദുര്‍ബലമായി. സമൊയ്ലോവയ്ക്കാകട്ടെ, പൊലീസ് നിരീക്ഷണത്തിലായതിനാല്‍, എങ്ങോട്ടു തിരിഞ്ഞാലും അത് പൊലീസിനെ അറിയിക്കണമെന്നതിനാല്‍ ഒളിപ്രവര്‍ത്തനത്തിലേര്‍പ്പെടാന്‍ കഴിഞ്ഞുമില്ല. 

മെയ് 1ന് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചു. ജൂണ്‍ ആദ്യമായപ്പോഴേക്ക് തൊഴിലാളി പ്രതിനിധികളെ അറസ്റ്റുചെയ്തു. അവരുടെ മോചനത്തിനായി ജനങ്ങളും തെരുവിലിറങ്ങി. അതൊരു ഊര്‍ജപ്രവാഹമായിരുന്നു. ജൂണ്‍ 13ന് ഹാന്‍ ഫാക്ടറിയില്‍ സമാധാനപരമായി സമരം നടത്തുകയായിരുന്ന തൊഴിലാളികളെയും ജനക്കൂട്ടത്തെയും സാറിസ്റ്റനുകൂലികളായ കൊസാക്കുകള്‍ ആക്രമിച്ചു. അത് രക്തച്ചൊരിച്ചിലില്‍ അവസാനിച്ചു. പ്രസിദ്ധമായ ജൂണ്‍ ദിനങ്ങള്‍ അങ്ങനെയാണ് ആരംഭിച്ചത്. 

ഇതേസമയം സമൊയ്ലോവ ഒഡേസയില്‍ തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. ശരിയായ ബോള്‍ഷെവിക് തന്ത്രങ്ങള്‍ പഠിക്കാന്‍ മോസ്കോയിലേക്ക് പോകാന്‍ അവര്‍ തീരുമാനിച്ചു. ഒഡേസ വിടാനുള്ള തീരുമാനം സമൊയ്ലോവയെ വേദനിപ്പിച്ചെങ്കിലും അത് അനിവാര്യമായിരുന്നു. അതിനുള്ള വിശദീകരണം നല്‍കുന്ന ഒരു കത്ത് പോസ്റ്റുചെയ്യവെ സമൊയ്ലോവ അറസ്റ്റിലായി. ആ കത്ത് സാറിസ്റ്റ് ഏജന്‍റുമാരുടെ കയ്യിലെത്തി. തുടര്‍ന്ന് സമൊയ്ലോവയെ വടക്കന്‍ റഷ്യയിലെ വോളോഗ്ഡയിലേക്ക് നാടുകടത്തി. 
                                                                                                                                                                                                              (തുടരും)