പതിനാലാം പഞ്ചവത്സര പദ്ധതിക്കായി മികച്ച ആസൂത്രണം

രഘു

ധികാരത്തിലേറി ആദ്യവര്‍ഷത്തെ (2014) സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ത്തന്നെ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടാനുള്ള ബിജെപി സര്‍ക്കാരിന്‍റെ അജന്‍ഡ പ്രധാനമന്ത്രി നരേന്ദേമോഡി പ്രഖ്യാപിക്കുകയുണ്ടായി. തുടര്‍ന്ന് ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിടുകയും ആ സ്ഥാനത്ത് നിതി ആയോഗ് എന്ന സംവിധാനം കൊണ്ടുവരികയും ചെയ്തു. ഈ നടപടി പാര്‍ലെമെന്‍റിലോ, രാഷ്ട്രീയ കക്ഷികളോടോ ചര്‍ച്ചചെയ്യാതെ ഏകപക്ഷീയമായി നടപ്പിലാക്കുകയായിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കൈയൊഴിഞ്ഞ ആസൂത്രണത്തെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്താരംഭിച്ച പതിമൂന്നാം പഞ്ചവത്സര പദ്ധതി (2017-22) വരുന്ന മാര്‍ച്ച് മാസത്തില്‍ അവസാനിക്കുകയാണ്. അതിന്‍റെ പുരോഗതി പട്ടികയില്‍ കൊടുത്തിരിക്കുന്നു. സാമ്പത്തിക പരിമിതികളും രണ്ട് പ്രളയങ്ങളും കോവിഡ് മഹാമാരി സൃഷ്ടിച്ച വെല്ലുവിളികളും നിലനിന്ന സാഹചര്യത്തിലായിരുന്നു പതിമൂന്നാം പഞ്ചവത്സര പദ്ധതി പൂര്‍ത്തിയാക്കിയത്.   


പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനം, ആദ്യവര്‍ഷത്തെ ആസൂത്രണ പ്രവര്‍ത്തനങ്ങളുടെ സമയക്രമം എന്നീ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനായി ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം പുന:സംഘടിപ്പിച്ച ആസൂത്രണ ബോര്‍ഡിന്‍റെ ആദ്യ യോഗം നവംബര്‍ മാസം അഞ്ചാംതീയതി ചേര്‍ന്നു. പതിമൂന്നാം പഞ്ചവത്സര പദ്ധതിക്കാലയളവില്‍ നേരിട്ട പ്രതിസന്ധികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ത്തന്നെയാണ് പതിനാലാം പദ്ധതിയിലേക്കു കടക്കുന്നതും. ഭൂപരിഷ്കരണം, സേവനരംഗങ്ങള്‍, ലിംഗനീതി തുടങ്ങിയ രംഗങ്ങളില്‍ മുന്‍കാലത്ത് കൈവരിച്ച നേട്ടങ്ങളുടെ അടിത്തറയിലാണ് പതിമൂന്നാം പഞ്ചവത്സര പദ്ധതി നടപ്പിലാക്കിയതും പതിനാലാം പദ്ധതി ആവിഷ്കരിക്കുന്നതും. സാമൂഹിക രംഗത്ത് സംസ്ഥാനം ആര്‍ജ്ജിച്ച നേട്ടങ്ങള്‍ ബലപ്പെടുത്തിക്കൊണ്ട് വികസനത്തിന് കൂടുതല്‍ ആക്കംനല്‍കുന്ന ഉള്ളടക്കമാണ് പതിനാലാം പഞ്ചവത്സര പദ്ധതിയിലുണ്ടാവുക. 

സംസ്ഥാനത്തിന്‍റെ വികസനാനുഭവങ്ങളും പാരമ്പര്യവും മുറുകെപ്പിടിച്ചുകൊണ്ടും പ്രകൃതിദുരന്തങ്ങളുടെയും മഹാമാരിയുടെയും അനുഭവം ഉള്‍ക്കൊണ്ടുമാണ് ആസൂത്രണ ബോര്‍ഡ് പതിനാലാം പഞ്ചവത്സര പദ്ധതി തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പഞ്ചവത്സര പദ്ധതിയുടെ സമീപന രേഖ തയ്യാറാക്കുന്നതിനെയും പദ്ധതി രൂപീകരണത്തെയും സഹായിക്കുന്നതിനായി വ്യത്യസ്ത മേഖലകളിലെ അക്കാദമിക പണ്ഡിതര്‍, ഉദ്യോഗസ്ഥര്‍, വിദ്ഗദ്ധര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരടങ്ങുന്ന വര്‍ക്കിംഗ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ചുവര്‍ഷം ഓരോ മേഖലകളിലും നടപ്പിലാക്കേണ്ടുന്ന പദ്ധതികളെ സംബന്ധിച്ച വര്‍ക്കിംഗ് ഗ്രൂപ്പ് നിര്‍ദ്ദേശത്തെത്തുടര്‍ന്ന് പഞ്ചവത്സര പദ്ധതി സമീപന രേഖയും വിശദമായ പദ്ധതിയും ആസൂത്രണ ബോര്‍ഡ്  തയ്യാറാക്കും. 


 പൊതുസേവനങ്ങള്‍, സാമൂഹ്യക്ഷേമം, സാമൂഹ്യനീതി, ലിംഗനീതി എന്നിവയില്‍ ഊന്നിയുള്ള പുരോഗതി ലക്ഷ്യംവയ്ക്കുന്നതാവും പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതുസമീപനം. സംസ്ഥാനത്തിന്‍റെ സമസ്തമേഖലകളിലെയും അതിവേഗ വളര്‍ച്ചയ്ക്കായി മാനവ വിഭവശേഷി ഉപയോഗപ്പെടുത്തിയും എല്ലാ മേഖലകളിലും ശാസ്ത്ര, സാങ്കേതികവിദ്യ, ആധുനിക വൈദഗ്ദ്ധ്യം എന്നിവ പ്രയോഗിച്ചും തൊഴില്‍ദായകവും ഉല്പാദനക്ഷമവുമായ സമ്പദ്ഘടന കെട്ടിപ്പടുക്കാനായിരിക്കും പതിനാലാം പദ്ധതി ലക്ഷ്യമിടുന്നത്. ഉന്നതവിദ്യാഭ്യാസരംഗം ആധുനികവല്‍ക്കരിക്കാനും യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാനും ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ അതിദാരിദ്ര്യം ഇല്ലാതാക്കല്‍, മാലിന്യ നിര്‍മാര്‍ജനം, പ്രാദേശിക സര്‍ക്കാരുകളെ ശക്തിപ്പെടുത്തല്‍ എന്നിവയും പദ്ധതിയുടെ കേന്ദ്രബിന്ദുവില്‍പ്പെടുന്നു. 'പുരോഗതിയില്‍ ആരെയും ഒഴിവാക്കരുത്' എന്നത് പതിനാലാം പഞ്ചവത്സര പദ്ധതിയുടെ പൊതു സമീപനത്തിന്‍റെ കാതലാണ്. 


പൊതുസേവനരംഗങ്ങള്‍ ശക്തിപ്പെടുത്തി ഉല്പാദനശക്തികളുടെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കാനും ലക്ഷ്യംവെയ്ക്കുന്നു. പ്രാദേശിക സര്‍ക്കാരുകളുടെയും സഹകരണ സംഘങ്ങളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണം ഉറപ്പുവരുത്തിക്കൊണ്ടാവും കൃഷി, കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍, വ്യവസായങ്ങള്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളുടെ വളര്‍ച്ചയ്ക്ക് പദ്ധതികള്‍ ആസൂത്രണം ചെയ്യുക. സ്ത്രീകളുടെ സുരക്ഷ, തൊഴില്‍, സ്വാതന്ത്ര്യം എന്നിവയ്ക്ക് പ്രാധാന്യം നല്‍കുന്ന പരിപാടികള്‍ പതിനാലാം പദ്ധതിയുടെ പൊതുസമീപനത്തിന്‍റെ ഭാഗമാണ്. കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന ആശങ്കകള്‍ കണക്കിലെടുത്ത് നിര്‍മ്മിതികള്‍ അതിജീവനക്ഷമതയുള്ളതാവണമെന്നും ദുരന്തനിവാരണം വികസന പ്രക്രിയയുടെ തന്നെ ഭാഗമാകണമെന്നും പതിനാലാം പദ്ധതി വിവക്ഷിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനം, കോവിഡ് മഹാമാരി എന്നിങ്ങനെയുള്ള വെല്ലുവിളികള്‍  നിലനില്‍ക്കുന്ന കാലത്ത് ആസൂത്രണ പ്രക്രിയ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. വിഭവ പരിമിതികള്‍ക്കിടയിലും സാമൂഹിക നേട്ടങ്ങള്‍ സംരക്ഷിച്ചുകൊണ്ടും കോവിഡാനന്തര വീണ്ടെടുക്കല്‍ ശ്രമങ്ങളില്‍ ഊന്നിക്കൊണ്ടും സാമ്പത്തിക വളര്‍ച്ച കൈവരിക്കാനുള്ള ഒരു പദ്ധതി തയ്യാറാക്കാനാണ് ആസൂത്രണ ബോര്‍ഡ് ശ്രമിക്കുന്നത് •